നമ്മളും നമ്മുടെ ഇടങ്ങളും
text_fieldsവ്യവസ്ഥിതിയുടെ ചൈനീസ് മഞ്ഞകളിൽ കുരുങ്ങി ഉടൽ നഷ്ടപ്പെട്ട വെറും ശിരസ്സുകളായി മാറുന്ന സമൂഹത്തിെൻറ മുഴുവൻ ദൈന്യതയും മനോഹരമായ ഫ്രെയിമുകളായി വായനക്കാരെൻറ മുന്നിൽ തെളിയുകയാണ് ചൈനീസ് മഞ്ഞയിൽ. കശാപ്പുകാരൻ ചന്ദ്രു, പട്ടം വിൽപനക്കാരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന കഥയാണ് ചൈനീസ് മഞ്ഞ. ഇരയും വേട്ടക്കാരനും എന്ന സ്ഥിരം പറച്ചിലിനപ്പുറത്തേക്ക്; മാർദവമില്ലായ്മയുടെ, മറ്റുള്ളവരിൽ അറപ്പും ഭയവും ഉണ്ടാക്കുന്ന ശീലങ്ങളുടെയൊക്കെ ഉടമയായി ഒരാൾ മാറുമ്പോൾ ആരോ പറഞ്ഞ വാക്കുകൾ കാതിൽ മുഴങ്ങുന്നു: ‘‘ഞാൻ ഇടക്കെങ്കിലും വേട്ടക്കാരനെയും ഓർമിക്കുന്നു.’’ അയാളെ ഇത്തരത്തിൽ നിർമിച്ചെടുത്ത സമൂഹത്തിന്, മറ്റെന്തൊക്കെയോ കാരണങ്ങൾക്ക്, ഒരു നിമിഷമെങ്കിലും എന്നോ മരിച്ചുകഴിഞ്ഞ അയാളിലെ മനുഷ്യനുവേണ്ടി ഒരു തുള്ളി കണ്ണീർ നൽകുകയെന്നത് അധികമാകുന്നില്ല.
വിശാലമായ വഴിയിടങ്ങളിലേക്ക് നടന്നുതുടങ്ങുമ്പോഴും ചില പിൻവിളികളാൽ അടയാളപ്പെടുന്ന സ്ത്രീയുടെ ഇടം എന്നൊന്ന് വ്യക്തമായി പറയുകയാണ് ‘രണ്ടാമത്തെ കാരണം’. സമകാലിക രാഷ്ട്രീയത്തിെൻറ അപകടകരമായ വഴിതിരിയലിനെക്കുറിച്ച്, മാനവികതക്കപ്പുറം, ജാതീയമായ ജീർണതകളിൽനിന്നു പുറത്തുകടക്കാനാകാതെ കുഴങ്ങുന്ന മനുഷ്യനെക്കുറിച്ച് ചിന്തിപ്പിക്കുന്നതാണ് എലീശൻ. രക്തബന്ധങ്ങൾക്കപ്പുറം ഉള്ളിൽ തെളിയിക്കാൻ കഴിയുന്ന കരുതലിെൻറ മെഴുതിരിവെട്ടങ്ങളെ ഓർമിപ്പിക്കുന്ന ‘സ്മേര ജീവൻ’. അരികുവത്കരിക്കപ്പെടുന്ന ജീവിതങ്ങളുടെ ഇരുട്ട് നൊമ്പരമായി ചുട്ടുപൊള്ളിക്കുന്ന ‘കാറ്റാടി മൂപ്പൻ’. ഉപേക്ഷിക്കപ്പെടലിെൻറ വേദനയെയും ദൃഢത കൈമോശം വരുന്ന, അരികുകളിൽനിന്ന് ക്രോപ്പ് ചെയ്തു മാറ്റപ്പെടുന്ന ബന്ധങ്ങളുടെ നിരർഥകതയെയുംകുറിച്ചുള്ള നേർക്കാഴ്ചയാകുന്നു ‘പാസ്പോർട്ട് സൈസ് ഫോട്ടോ’.
വിശാലമായ ആകാശത്തിലേക്കു പറന്നുപോകുന്നവർ തിരികെ വരില്ലെന്ന അറിവിലും പാറിപ്പറക്കലിെൻറ സന്തോഷം കണ്ടുകൊണ്ട് ഒറ്റയാകലിെൻറ കണ്ണീർ കൈപ്പത്തി നീർത്തി തുടച്ചുമാറ്റി ചിരിക്കുന്നവരെപ്പറ്റിയുള്ള ‘ബ്ലൂ ടിക്ക്’ . ഏകാന്തതയുടെ ഇരുട്ടിൽ ഒരു കീറ് വെളിച്ചംപോലും മനുഷ്യൻ ആർത്തിയോടെ നെഞ്ചോടു ചേർക്കുന്നു എങ്കിലും സ്ത്രീക്ക് സ്വതന്ത്രയാകാൻ ഒരു പുരുഷെൻറയും തണൽ ആവശ്യമില്ല എന്ന ഉറപ്പുള്ള പറച്ചിൽ ‘അച്ചുവിെൻറ അമ്മ’. ആരോ എഴുതിയ തിരക്കഥയിൽ തിരുത്തൽ വരുത്താനാകാതെ നിസ്സഹായരായ മനുഷ്യരുടെ ചിതറിയ ചിത്രങ്ങളാണ് ‘ഒറ്റമരങ്ങൾ’, ‘തീരം’ എന്നിവയിൽ. എഴുത്തിൽ നമ്മളൊക്കെത്തന്നെയാണ്. നമ്മുടെ ഇടങ്ങളൊക്കെത്തന്നെയാണ്.
ഋജുവായ ആഖ്യാനരീതി, ഭ്രമാത്മകമായ സാഹിത്യ സ്വഭാവം എന്നിവയുടെ സ്വാഭാവികമായ ഇടകലരൽ കഥകൾക്ക് വായനയുടെ മറ്റൊരു തലംകൂടി നൽകുന്നു. പ്രകൃതിയിലും മനുഷ്യനിലും നിഗൂഢമായിരിക്കുന്ന എന്തിനെയോ ഒക്കെ ഈ എഴുത്ത് പ്രകാശിപ്പിക്കുന്നു. ഭൂതകാലത്തിെൻറ സ്വാംശീകരണം എന്നതിലുപരി വർത്തമാനകാലത്തിലേക്കും ഭാവികാലത്തിലേക്കും തിരിച്ചുവെക്കപ്പെടുന്ന ദർപ്പണം കൂടിയാകുമ്പോൾ കല അതിെൻറ സാമാന്യ രൂപത്തിൽനിന്ന് ഉയർത്തപ്പെടുന്നു. വിരസമാക്കാതെ ഒതുക്കിപ്പറയലിെൻറ കൈയടക്കം, ലളിതമായ കഥപറച്ചിൽ രീതി ഇവയൊക്കെക്കൊണ്ടുതന്നെ മുമ്പ് കടന്നുവന്നിട്ടുള്ള വിഷയങ്ങൾപോലും ആവർത്തനം അനുഭവിപ്പിക്കാത്ത പുതിയ കഥകളായി വായനക്കാരന് ഹൃദയത്തോട് ചേർത്തുവെക്കാൻ കഴിയുന്നു. മൂർച്ചയുള്ളതാണീ കഥകൾ. നിസ്സഹായതയുടെ പുറമ്പോക്കുകളിൽനിന്ന് നമുക്കുമേൽ പതിക്കുന്ന തീക്ഷ്ണമായ നോട്ടങ്ങൾ നേരിടാനാകാതെ ശിരസ്സ് കുനിക്കേണ്ടിവരുന്ന, ഊക്കുള്ള വാക്കുകൾ ചേർത്തുവെച്ച 10 കഥകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.