മകൾ: കലർപ്പില്ലാത്ത സ്നേഹത്തിൻെറ കൊലുസിളക്കം
text_fieldsവാശി പിടിച്ച് വാങ്ങിയ ക്രയോൺസും ചോക്കുകളും മുറുകെ പിടിച്ച് സൈക്കിളിൻെറ മുൻ സീറ്റിൽ തന്നെ സ്ഥാനമുറപ്പിച്ചപ്പോൾ ആ കള്ള ചിരി ഒന്നു കാണേണ്ടതു തന്നെയാണ്, കുഞ്ഞരിപല്ലുകൾ കൊഞ്ചി ചിലക്കുമ്പോൾ ആ ഉണ്ടക്കണ്ണിൻെറ തിളക്കം....ചുവന്നു തുടുത്ത ആ കുഞ്ഞി കവിളിൽ അങ്ങിങ്ങ് മായാതെ വർണ്ണങ്ങൾ തളം കെട്ടിക്കിടക്കുന്നുണ്ട്,...
" രണ്ടോസം കഴിഞ്ഞ് വാട്ടർ പെയിൻറ് വാങ്ങി തര്യോ ഇപ്പാ.... ഇന്നലെ അമ്മൂസ് ക്ലാസിൽ കൊണ്ടു വന്നീനി, എന്താ ഭംഗി കാണാൻ ! അവൾക്കെന്നും ഓരോന്നുണ്ടാവും, എന്താ പെണ്ണിൻെറ പവറ് ! ഒക്കെ ഓളെ ഏട്ടൻ വാങ്ങിച്ചൊടുക്കുന്നതാ..." ആയിശൂട്ടി കലപില കൂട്ടികൊണ്ടിരുന്നു.
"ആയിശൂട്ടി.... മോളേ.... ഇെജ്ജവിടാ... നല്ല മഴക്കാറുണ്ട്, ഇമ്മച്ചിനെ വിളിച്ചെ...." ഓർമ്മകൾ തിരമാലകൾ പോലെ അയാളുടെ മനസ്സിനെ തഴുകി ഉണർത്തി.
തലേന്ന് രാത്രി തുടങ്ങിയ മഴയാണ്. നിർത്താതെ പെയ്തു കൊണ്ടിരിക്കുകയാണ്! ജനവാതിലിൽ താളം പിടിക്കുന്ന മഴത്തുള്ളികൾ ആശുപത്രി വരാന്തയെ നിശബ്ദമാക്കി..." ആമിനയുടെ ആരെങ്കിലും..." സിസ്റ്റർ ഉറക്കെ വിളിച്ചു, ''ഞാൻ ... ഞാൻ..." വിളറി വെളുത്ത മുഖം ആകാംക്ഷയോടെ ചാടി പിടഞ്ഞെണീറ്റു... ആഴ്ച്ചകളായി രാവും പകലും ഇവിടെയാണ്... വിവാഹം കഴിഞ്ഞ് നാലു വർഷമായി, ഒരു കുഞ്ഞിനായ് നേരാത്ത നേർച്ചകളില്ല... '' അല്ല ബഷീറെ, സാധാരണ ആൺകുഞ്ഞിനു വേണ്ടി നേർച്ചകൾ നേരുന്നത് കണ്ടീണ്ട് ഇത് പ്പോം നേരെ തിരിച്ച് ’’ അബ്ദു ചോദിച്ചു. ഞാൻ പറഞ്ഞു " മക്കൾ ഏതുണ്ടാവുന്നു എന്നത് നമ്മുടെ കയ്യിലല്ലല്ലോ, ഒക്കെ അള്ളാൻറടുക്കലല്ലേ, എങ്കിലും മകൾ എന്നത് ഏതൊരു പിതാവിൻെറയും സൗഭാഗ്യമല്ലെ, കലർപ്പില്ലാത്ത സ്നേഹത്തിൻെറ കൊലുസിളക്കം ".....
ഞാനൊരു ഉപ്പച്ചിയാവാൻ പോകുന്നു എന്നറിഞ്ഞപ്പോൾ ഉണ്ടായ സന്തോഷം അടക്കാനാവുന്നതിലുമപ്പുറമായിരുന്നു. പിന്നീടങ്ങോട്ട് കരുതലിൻെറയും കാത്തിരിപ്പിൻെറയും ഒമ്പതു മാസങ്ങൾ... ഓരോ നിമിഷവും ആമിനയോടൊപ്പം തന്നെ. "ഉപ്പച്ചിൻെറ പിന്നാലെ നടക്കുന്ന ഒരു ചുന്ദരികുട്ടി " മനസ് മന്ത്രിച്ചു... കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളും കൊണ്ട് ഒരുക്കിവെച്ചിരിക്കുന്ന വീട്, നിൻെറ കിളി കൊഞ്ചൽ കൊണ്ട് മുഖരിതമാകാൻ കാത്തിരിക്കുകയാണ്. നിനക്കിഷ്ടമുള്ള നിറങ്ങൾ നിനക്ക് തിരഞ്ഞെടുക്കാം നിൻെറ ചിന്തകളെ നിനക്ക് വർണ്ണങ്ങളാക്കാം, അനുഭവിച്ചറിയേണ്ട സ്വാതന്ത്രത്തെ നിനക്കായ് ഞാൻ തുറന്നു തരാം, നീയൊരു പെണ്ണാണ് - മകളാണ്- ഭാര്യയാണ് - അമ്മയാണ് മറിച്ച് ആശ്രിതയല്ല. അതിജീവനത്തിൻെറ ചുവടുകൾ താണ്ടേണ്ടവളാണ്. ഇഷ്ടമുള്ളതൊക്കെ പഠിക്കുകയും സഹജീവികളെ സ്നേഹിക്കുകയും ലോകത്തെ പ്രണയിക്കുകയും ചെയ്യാം. നിനക്കു ചുറ്റുമുള്ള വേട്ടക്കാരെ തിരിച്ചറിയുകയും നീ ഒരു ഇരയാകാതെ നിലനിൽക്കുകയും നിലനിൽപ്പിക്കാൻ പ്രാപ്തയാവുകയും വേണം.....
ലേബർ റൂമിനു പുറത്ത് ഓരോ നിമിഷവും വിനാഴികകളെ പോലെ തോന്നി...ഒരു കുഞ്ഞു തുണിയിൽ മുറുക്കി പിടിച്ച കൈകൾ ഉയർത്തി ചുവന്നു വിടർന്ന കവിളിൽ ചേർന്നു കിടക്കുന്നു. ഇതൾ വിരിഞ്ഞ പോലുള്ള ആ ചുണ്ടിൽചുവപ്പു വർണ്ണം തൂകിയിട്ടുണ്ട്.... ഉമ്മച്ചിയുടെ കൈയിൽ നിന്നു ഞാൻ ഏറ്റുവാങ്ങി. സന്തോഷം കൊണ്ട് മനസ് ഈറണണിഞ്ഞു, കണ്ണുനീർ കാഴ്ച്ചയെ മറച്ചു.. ആ കുഞ്ഞു നെറ്റിയിൽ ഞാൻ ആദ്യമായി ചുംബിച്ചു ." ഇൻെറ മോളൂട്ടി... അൽഹംദുലില്ലാഹ്....നിന്നെ ആയുഷ്ക്കാലം മുഴുവനും ഗർഭം ചുമക്കാൻ നിൻെറ കൂടെ ഒരു പിതാവു കൂടി ഇന്ന് ജന്മമെടുത്തിരിക്കുന്നു. നീ തളരുമ്പോൾ താങ്ങാവാനും കരയുമ്പോൾ കണ്ണീരൊപ്പാനും നിനക്കൊരുറച്ച വിശ്വാസമാകാനും... മനസ്സങ്ങനെ ചിന്തകളിൽ മേഞ്ഞുനടന്ന് പെട്ടെന്ന് ഞെട്ടി ഉണർന്നപ്പോൾ ആയിശൂട്ടി ചിത്രം വരക്കുകയാണ്. അവൾ നൽകിയ വർണ്ണം മഴയോടൊപ്പം ഒരു തലോടലായി ഭൂമിയെ തഴുകി ഉണർത്തി. ചില്ലകൾ കാറ്റിനു മറുപടിയായി ഇലകൾ പൊഴിച്ചു നൽകി...
അവൾ ജീവൻ തരുന്ന മാതാവും,
സ്നേഹം തരുന്ന സഹോദരിയും ,
പ്രണയം തരുന്ന പ്രണയിനിയും,
പാതിയായ് വരുന്ന ഭാര്യയും,
പ്രാണനായ് വരുന്ന മകളുമല്ലെ......
അവൾ അബലയും ഭരിക്കപ്പെടേണ്ടവളുമാണെന്നുമൊക്കെയുള്ള മുൻധാരണകൾ മാറ്റി വെച്ച് ആത്മാർത്ഥതയോടെ അവളെ ചേർത്തു പിടിക്കൂ, ജീവിതത്തിൽ പല രൂപത്തിലും അവളൊരു അത്ഭുതമാണെന്ന് തിരിച്ചറിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.