ജീവിത വിജയത്തിെൻറ ധാർമിക പാഠങ്ങൾ
text_fieldsപരന്ന വായനയിലൂടെ ലഭിക്കുന്ന അറിവുകള്‍ ഉൽകൃഷ്ട ചിന്തകള്‍ ചേര്‍ത്ത് വായനക്കാര്‍ക്ക് ലളിതമായി വിവരിച്ചുകൊടുക്കുകയെന്ന ദൗത്യമാണ് തെൻറ പുസ്തകങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും ഫാ. ഫ്രാന്‍സിസ് കാരയ്ക്കാട്ട് ചെയ്യുന്നത്. ഇതുവരെയായി രചിച്ച 27 പുസ്തകങ്ങള്‍ നിരവധി മഹാന്മാരുടെ ജീവിതങ്ങളില്‍ നിന്നുള്ള പ്രചോദന കഥകളാല്‍ സമ്പന്നമാണ്.
യുവതലമുറക്ക് ജീവിതവിജയം നേടാനുതകുന്ന എളുപ്പവഴികളും മാര്‍ഗനിര്‍ദേശങ്ങളും ഇവയില്‍ നിറഞ്ഞുനില്ക്കുന്നു. അതോടൊപ്പം പണവും സമ്പത്തും സ്വന്തമാക്കലല്ല ജീവിതവിജയത്തിെൻറ അടിസ്ഥാനമെന്നും അത് ധാര്‍മിക-സാമൂഹിക ബോധവും സത്യസന്ധതയും വഴി മറ്റുള്ളവരുടെ ജീവിതങ്ങളിലേക്ക് പ്രകാശമെത്തിക്കുമ്പോള് ലഭിക്കുന്ന അനുഭൂതിയാണെന്നും അടിവരയിട്ട് പറയുന്നു ഡോണ്‍ബോസ്കോ സലേഷ്യന്‍ സഭാംഗമായ ഡോ. ഫ്രാന്‍സിസ്.
വൈവിധ്യമാര്‍ന്ന വിഷയങ്ങളാണ് പുസ്തകങ്ങളുടെ ഉള്ളടക്കമെങ്കിലും മൂല്യങ്ങളുടെയും ധാര്‍മികതയുടെയും പ്രസക്തി ഊന്നിപ്പറയുന്നവയാണെല്ലാം. മനഃശാന്തിയും സംതൃപ്തിയും തിരിച്ചറിവും നേടാനുള്ള മാര്‍ഗങ്ങളും സ്വഭാവ രൂപവത്കരണ പാഠങ്ങളും വിശദീകരിക്കുന്ന പുസ്തകങ്ങള്‍ ഒരുവട്ടം വായിച്ചുകഴിയുമ്പോള്‍ തന്നെ വായനക്കാരില്‍ പോസിറ്റിവ് ഊര്‍ജം നിറയും.
കണ്ണൂര്‍ സര്‍വകലാശാലക്കു കീഴിലെ അങ്ങാടിക്കടവ് ഡോണ്‍ബോസ്കോ ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പലും ജേണലിസം വകുപ്പ് മേധാവിയുമായ ഫാ. ഫ്രാന്സിസിെൻറ ആറു പുസ്തകങ്ങളാണ് ഈയിടെ ഒറ്റയടിക്ക് പ്രസിദ്ധീകരിച്ചത്. പ്രശസ്തരും അല്ലാത്തവരുമായ നിരവധി പേരുടെ ജീവിതത്തിലെ പ്രസക്തമായ ഏടുകള്‍ കോര്‍ത്തിണക്കിയുള്ള രചനാ രീതി ഒറ്റയിരിപ്പില്‍ ഒരു കഥ വായിച്ചുപോകുന്ന പോലെ വായന അനായാസമാക്കും.
റോള്‍ മോഡലാകേണ്ട ഒട്ടനവധി പേര് വായനക്കാര്‍ക്ക് മുന്നിലെത്തും. സാമൂഹിക സൃഷ്ടിയിലെ അവിഭാജ്യ ഘടകങ്ങളായ കുടുംബം, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, മാധ്യമപ്രവർത്തകര്‍, ആത്മീയനേതൃത്വം തുടങ്ങിയവരെയെല്ലാം ഡോണ്‍ബോസ്കോ കുടുംബ മാഗസിെൻറ ചീഫ് എഡിറ്റര്‍ കൂടിയായ ഫാദറിെൻറ രചനകള്‍ ലക്ഷ്യമിടുന്നു.
മാതാപിതാക്കള്‍ മക്കള്‍ക്ക് അവരുടെ ശൈശവത്തിലും ബാല്യത്തിലും കൗമാരത്തിലും നല്കുന്ന സ്നേഹത്തിലും കരുതലിലുമാണ് കുടുംബത്തിെൻറ ഭദ്രതയെന്ന ആമുഖത്തോടെയാണ് ‘മക്കളുടെ സുസ്ഥിതിയും സുരക്ഷിതത്വവും’ എന്ന പുസ്തകം നിങ്ങള്‍ക്ക് മുമ്പിലെത്തുക. ‘മൂല്യാധിഷ്ഠിത ജീവിത ദര്‍ശനം’ എന്നതാണ് മറ്റൊരു പുസ്തകം. നമുക്ക് മനുഷ്യരാകാം എന്ന ഇതിലെ ആദ്യ അധ്യായത്തിെൻറ തലക്കെട്ട് തന്നെ ഉള്ളടക്കത്തിലേക്ക് വെളിച്ചം വീശുന്നുണ്ട്.
‘ആത്മീയതയുടെ റോള്‍ മോഡലുകള്‍’ എന്ന പുസ്തകം മഹാന്മാരുടെ വിജയത്തിന് അടിസ്ഥാനം ഈശ്വര വിശ്വാസവും കാരുണ്യബോധവുമാണെന്ന് എടുത്തുപറയുന്നു. മനുഷ്യര്‍ക്കിടയില്‍ സമാധാനവും സ്നേഹവും സൗഹാര്‍ദവും സാഹോദര്യവും സുസ്ഥിരമാക്കാനുള്ള സ്രോതസ്സാണ് മതം.
ദാമ്പത്യത്തിെൻറ പവിത്രത തിരിച്ചറിഞ്ഞവര്‍ക്കാണ് ‘ദാമ്പത്യത്തിലെ സമകാലിക വെല്ലുവിളികള്‍’ എന്ന പുസ്തകം സമര്‍പ്പിക്കുന്നത്. അതിതീവ്ര പ്രണയങ്ങളുടെ ഉദാഹരണങ്ങളില്‍ തുടങ്ങി ഒമ്പത് അധ്യായങ്ങളിലായി വിന്യസിച്ച പുസ്തകം ദാമ്പത്യത്തെക്കുറിച്ചുള്ള സംശുദ്ധമായ കാഴ്ചപ്പാട് ലളിതമായി വിവരിക്കുന്നു. നിരവധി പ്രമുഖരുടെ അനുഭവകഥകളിലൂടെയും ആത്മഹത്യയുടെയും പീഡനങ്ങളുടെയും സ്ഥിതിവിവരക്കണക്കുകളിലൂടെയും സ്നേഹിക്കുമ്പോഴും സ്നേഹിക്കപ്പെടുമ്പോഴുമാണ് ജീവിതത്തിന് അര്‍ഥവും സന്തോഷവുമുണ്ടാകുന്നതെന്ന് സമര്‍ഥിക്കാന്‍ പുസ്തകത്തിന് സാധിക്കുന്നുണ്ട്.
ബൗദ്ധിക-സാങ്കേതിക പ്രാവീണ്യത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയും ധാര്‍മിക പ്രബുദ്ധതയും ഉറപ്പാക്കുന്ന വിദ്യാഭ്യാസ രീതിയാണ് നമുക്ക് വേണ്ടതെന്ന് വ്യക്തമാക്കുന്നാണ് ‘മാറിയ വിദ്യാര്‍ഥിയും മാറേണ്ട അധ്യാപകരുമെന്ന’ പുസ്തകം. നമ്മുടെ വിദ്യാലയങ്ങളില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ലഹരി വസ്തുക്കളും അക്രമവാസനയും തലമുറകളെ തന്നെ തളര്‍ത്തുന്ന വസ്തുത അധ്യാപകന് കൂടിയായ എഴുത്തുകാരന് വിശദീകരിക്കുന്നു.
‘മാധ്യമങ്ങള്‍ ചെയ്യുന്നതും നാം ചെയ്യേണ്ടതും’ എന്ന പുസ്തകം സെന്സേഷനലിസത്തിെൻറ പിറകെപോകുന്ന മാധ്യമങ്ങളുടെ അപചയം തുറന്നുകാണിക്കുന്നു. വായനയുടെ വിശുദ്ധവഴികളിലേക്ക് നയിക്കുന്നു എന്നതാണ് ഫാ. ഫ്രാന്‍സിസ് കാരയ്ക്കാട്ടിെൻറ രചനകളെ പുതിയ കാലത്ത് പ്രസക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.