വീട്ടിലിരിക്കേണ്ടത് ഗൾഫുകാർ മാത്രമല്ല, നിങ്ങളും കൂടിയാണ്
text_fieldsശനിയാഴ്ചയിലെ സലാല- കൊച്ചിൻ വിമാനം പറന്നിറങ്ങിയത് വൈകിട്ട് ആറര മണിക്കാണ്. ആ വിമാനത്തിലെ ഏറ്റവും അവസാനം ഇറങ്ങിയ യാത്രക്കാരൻ ഒരു പക്ഷേ ഞാനാകും. വിമാനം ലാൻഡ് ചെയ്യും മുേമ്പ തന്നെ ആളുകൾ ബാഗേജ് എടുത്ത് പുറത്തേക്ക് ഓടാൻ തയ്യാറായി നിൽക്കുന്നത് എന്തിനാണ് എന്നുള്ള വിമർശനം പണ്ടേ ഉള്ളിലുള്ളത് കൊണ്ടാണ് ഏറ്റവും അവസാനം ഇറങ്ങിയാൽ മതി എന്ന് തീരുമാനിച്ചത്.
ആരോഗ്യ വകുപ്പിെൻറ സ്ക്രീനിങിന് വേണ്ടിയുള്ള നീണ്ട വരി കണ്ടപ്പോൾ ആ തീരുമാനം തെറ്റായോ എന്ന് ചിന്തിച്ചു. ഞങ്ങളുടെ വിമാനം ലാൻഡ് ചെയ്ത അതേ സമയത്ത് വേറെയും വിമാനങ്ങൾ വന്നുചേർന്നിട്ടുണ്ട്. വിമാനത്തിൽ നിന്നു കിട്ടിയ ഫോം പൂരിപ്പിച്ച് കയ്യിൽ പിടിച്ചിരുന്നു. സമയലാഭത്തിനായിരുന്നുവേണ്ടിയായിരുന്നു അത്.
പക്ഷെ നീണ്ട വരി എല്ലാ പ്രതീക്ഷകളും തെറ്റിച്ചു. 3 വിമാനത്തിലെ യാത്രക്കാർ ഒരുമിച്ചു സ്‌ക്രീനിങിനും എമിഗ്രേഷനും വേണ്ടി കാത്തു നിൽക്കുന്നത് അത്രയും ദുസ്സഹമായിരുന്നു. പക്ഷേ പിന്മാറിയില്ല, നാം കാരണം സഹജീവികൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന ചിന്തയിൽ നിന്നാണ് അതെല്ലാം സഹിച്ചത്.
മൂന്നിടങ്ങളിലെ കൃത്യമായ അന്വേഷങ്ങളും പരിശോധനകളും ചെറു കൗൺസിലിങ്ങുകളും കഴിഞ്ഞു എയർപോർട്ടിൽ നിന്ന് തന്നെയുള്ള പ്രീപെയ്ഡ് ടാക്സിയിൽ കയറുമ്പോൾ സമയം 9.30 മണിയായിരുന്നു. കേരളാ പോലീസും ആരോഗ്യ വകുപ്പ് വളണ്ടിയർമാരും അക്ഷീണം പണിയെടുത്താണ് ഓരോ യാത്രക്കാരനെയും എയർപോർട്ടിന് വെളിയിലേക്ക് എത്തിക്കുന്നത്. 14 ദിവസം വീടിനു പുറത്തിറങ്ങില്ല എന്ന സത്യവാങ്മൂലം ഒപ്പിട്ടു വാങ്ങി ഒരെണ്ണം നമ്മുടെ കയ്യിലും തന്ന് പുറത്തേക്കുള്ള വഴി തുറക്കുമ്പോൾ നാടിെൻറ സുരക്ഷക്കായി സർക്കാർ നൽകുന്ന ശ്രദ്ധയോർത്ത് അഭിമാനം തോന്നി.
പ്രവാസിയുമായി പോകുന്നതിെൻറ ഭീതിയും ആശങ്കയും ടാക്സി ഡ്രൈവറുടെ ഇരിപ്പിലും വാക്കുകളിലും പ്രകടമായിരുന്നു.! കാറിൽ നിന്നിറങ്ങി വീട്ടിലേക്ക് നടക്കുമ്പോൾ വഴിക്ക് ഇരുവശമുള്ള ബന്ധുക്കളുടെയും അയൽവാസികളുടെയും വീട്ടിലെ ജനവാതിലുകൾക്കുള്ളിൽ ഭീതിതമായ ഒരുപാട് കണ്ണുകൾ ഞാൻ കണ്ടു. സാധാരണ നാട്ടിലെത്തുേമ്പാൾ അടുത്തേക്ക് വരുന്നവരാണ് പലരും.
ചെറിയ മകൾക്ക് ആറു മാസം പ്രായമുള്ളപ്പോഴാണ് പ്രവാസത്തിലേക്ക് തിരിച്ചത്. എന്നും വീഡിയോ കാൾ ചെയ്യുന്നതിനാലുള പരിചയം കാരണം അപരിചിതത്വം അവൾക്കില്ലായിരുന്നു. എങ്കിലും അവളുടെ വാപ്പച്ചി വിളി ഉള്ളുപൊള്ളിച്ചു. ‘‘വാപ്പീടെ മമ്മായീന്ന്’’ വിളിച്ചു വാരിയെടുത്തു മുത്തം നൽകാൻ കൈകളും ചുണ്ടുകളും തരിച്ചിട്ടും അടക്കി നിന്നത് അത്രമേൽ കരുതൽ സ്വയം എടുത്തേ മതിയാവൂ എന്ന നിശ്ചയമുള്ളത് കൊണ്ട് മാത്രമായിരുന്നു.
രണ്ട് മുറികൾ മാത്രമുള്ള വീട്ടിൽ സെൽഫ് ക്വാറൈൻറെൻറ കടുപ്പത്തിെൻറ ആഴം അറിയാവുന്നത് കൊണ്ട് തന്നെ പ്രിയപ്പെട്ടവളോടും മക്കളോടും അവളുടെ വീട്ടിലേക്ക് പോകാൻ പറയുമ്പോൾ അവളുടെ കണ്ണുകൾ ഉള്ളിലെ വിതുമ്പൽ മറക്കാൻ വല്ലാതെ പ്രയാസപ്പെടുന്ന പോലെ തോന്നി.
ഇത്രയും എഴുതാൻ കാരണം ഗൾഫിൽ നിന്ന് വരുന്നവർ മുഴുവൻ കൊറോണയും കൊണ്ടാണ് വരുന്നത് എന്നും നാട്ടിലുള്ളവർക്ക് ഉത്സവങ്ങളും പെരുന്നാളുകളും കൊണ്ടാടിയാലും ഇതൊന്നും പകരില്ല എന്നുമുള്ള ചിലരുടെ മനോഭാവം നേരിൽ മനസ്സിലാക്കിയതുകൊണ്ടാണ്.
അയൽപക്കങ്ങളിലെ പ്രിയപ്പെട്ട സി.സി.ടി.വി ശ്രംഖലകളേ,അപവാദങ്ങൾ ഉണ്ട് എന്നത് നേര് തന്നെയാണ്. എങ്കിലും കുടുംബത്തിെൻറയും സമൂഹത്തിെൻറയും സുരക്ഷക്ക് വേണ്ടി ഇങ്ങനെ സ്വയം മുറിയിലേക്ക് ചുരുങ്ങിയവരെ ക്രിമിനലുകളെപ്പോലെ നിങ്ങൾകാണാതിരിക്കണം.
ഗൾഫിൽ നിന്നും വർണക്കടലാസിൽ പൊതിഞ്ഞു കൊണ്ടുവരുന്നതാണ് ഈ കൊറോണ എന്നുള്ള മൂഢബോധം നിങ്ങൾ ദൂരെ കളയണം.
വീട്ടിലിരിക്കേണ്ടത് ഗൾഫുകാർ മാത്രമല്ല, നിങ്ങളോടും കൂടിയാണെന്ന ബോധ്യം മനസ്സിലാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.