Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightRachanachevron_rightനിലം പൂത്തു മലർന്ന...

നിലം പൂത്തു മലർന്ന നാൾ- തമിഴല്ല, മലയാളമാണ്

text_fields
bookmark_border
നിലം പൂത്തു മലർന്ന നാൾ- തമിഴല്ല, മലയാളമാണ്
cancel

"തമിഴിനാണ് മലയാളത്തേക്കാൾ ഭംഗി എന്ന് വിശ്വസിക്കുന്നവർ ധാരാളമുണ്ട്. ഞാൻ അവരുടെ കൂടെയല്ല. എല്ലാ ഭാഷകളും ഒരേ പോലെ ഭംഗിയുള്ളവ." എന്ന കെ എം നരേന്ദ്രന്റെ ഈ പോസ്റ്റ് കണ്ടപ്പോൾ സ്വന്തം ചില അനുഭവങ്ങൾ ഓർത്തു. 'സംസ്കൃതമാകുന്ന ഹിമാലയത്തിൽനിന്നുദ്ഭവിച്ച് തമിഴാകുന്ന കാളിന്ദിയോടു കലർന്നതാണ് കേരളഭാഷയാകുന്ന ഗംഗ' എന്നായിരുന്നു മലയാളത്തെപ്പറ്റിയുള്ള പരമ്പരാഗതമായ ധാരണ. പിന്നീട് മലയാളം തമിഴിന്റെ സഹോദരിയാണെന്നും മകളാണെന്നും മൂലദ്രാവിഡഭാഷ എന്ന ഒരേ അമ്മയുടെ മക്കളാണെന്നുമൊക്കെ പല വാദങ്ങളുണ്ടായി. ഈ വാദങ്ങളിലൊക്കെയുള്ള അമ്മ, സഹോദരി തുടങ്ങിയ രൂപകങ്ങൾ എത്രത്തോളം വൈകാരികമായ ഒരു സംഗതിയാണു ഭാഷ എന്നു നന്നായി സൂചിപ്പിക്കുന്നുണ്ട്. 'മാതൃഭാഷ' എന്ന സങ്കല്പനത്തിലും ഇതു വ്യക്തമാണ്.

മലയാളം തമിഴിന്റെ ഗോത്രത്തിൽപ്പെട്ട ഭാഷയാണെന്നു സമ്മതിക്കുന്നവർ പോലും വിചാരിക്കുന്നത്, തമിഴിനോടു സംസ്കൃതം കലർന്നപ്പോഴാണ് മലയാളമായത് എന്നാണ്. സംസ്കൃതത്തിന്റെ സഹായമില്ലാതെ മലയാളത്തിനു നിലനില്പില്ല എന്നുവരെ വാദങ്ങളുണ്ടായി. ചില പ്രസിദ്ധചരിത്രകാരന്മാർ വരെ ഇങ്ങനെയൊരു ധാരണ പങ്കിടുന്നതുകണ്ടപ്പോൾ വലിയ വിയോജിപ്പു തോന്നി.ഏകദേശം പതിനേഴു നൂറ്റാണ്ടിനു മുമ്പുള്ള കേരളത്തെ സങ്കല്പിച്ചു 'നിലം പൂത്തു മലർന്ന നാൾ' എന്ന നോവൽ എഴുതിയപ്പോൾ ഇക്കാര്യങ്ങളും മനസ്സിലുണ്ടായിരുന്നു. സംസ്കൃതമോ തമിഴോ അല്ല അതിലെ ഭാഷ; മലയാളമാണ്. സംഘകാലം എന്ന പഴന്തമിഴ്ക്കാലം മുതൽ പല കാലങ്ങളിൽ മലയാളകൃതികളിൽ വന്നിട്ടുള്ള വാക്കുകൾ മാത്രമാണ് ആ നോവലിലുള്ളത്. സംസ്കൃതത്തിൽനിന്നു മലയാളത്തിലേക്കു വന്ന ഇരുപതോളം അക്ഷരങ്ങൾതന്നെ പൂർണമായും ഒഴിവാക്കുകയും ചെയ്തു. സംസ്കൃതത്തിന്റെയോ തമിഴിന്റെയോ സഹായമില്ലാതെ ഒറ്റയ്ക്കു നില്ക്കാനും ഏതു വികാരങ്ങളും വിചാരങ്ങളും പ്രകടിപ്പിക്കാനും സാധിക്കുന്ന ഭാഷയാണു മലയാളം എന്ന് ആ നോവലെഴുതിയതിന്റെ അനുഭവത്തിൽ ഞാൻ ആവർത്തിക്കട്ടെ. വായനക്കാരുടെ ഭാഗത്തുനിന്ന് വളരെ സ്നേഹത്തോടെയുള്ള പ്രതികരണങ്ങളാണുണ്ടായത് എന്നു നന്ദിയോടെ ഓർക്കുകയും ചെയ്യുന്നു.

പക്ഷേ നോവൽ വന്ന കാലത്തുതന്നെയുണ്ടായ മറ്റു ചില അഭിപ്രായങ്ങളും കാണേണ്ടിവന്നു. ഇതു മലയാളമല്ല, തമിഴുതന്നെയാണെന്നാണു ചിലർ പറഞ്ഞത്. നോവൽ തമിഴിലേക്കു വിവർത്തനം ചെയ്തപ്പോൾ 'ഇതു വിവർത്തനം ചെയ്യാൻ വളരെ എളുപ്പമായിരിക്കും' എന്ന മട്ടിലുള്ള കുത്തുവാക്കുകളും കേട്ടു. നോവലിന്റെ വിവർത്തനം തമിഴിൽ സ്വീകരിക്കപ്പെട്ടു എന്ന വാർത്തയോട്, 'ശരിയാണ്, കേരളത്തെക്കാൾ തമിഴ്നാടിനോടാണല്ലൊ അതിനു ബന്ധം' എന്നായി അഭിപ്രായപ്രകടനങ്ങൾ. കൂട്ടുകാരേ, ഞാൻ ആവർത്തിക്കുന്നു; മലയാളമാണ് ആ നോവലിലുള്ളത്. ഓരോ കാലത്ത് കേരളത്തിൽ ഉപയോഗിച്ചിരുന്ന, പല സാംസ്കാരിക കാരണങ്ങൾ കൊണ്ട് നാംതന്നെ വേണ്ടെന്നുവയ്ക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്ത മലയാളം. ഇതേ അഭിപ്രായം ഇനിയും ആവർത്തിക്കുന്നവർ പഴയ മലയാളകൃതികൾ ഒന്നു വായിച്ചു നോക്കാൻ മാത്രം അപേക്ഷ. തമിഴും സംസ്കൃതവും പോലെ, ഈ രണ്ടു ഭാഷയുടെയും സഹായമില്ലാതെയും നിലനില്ക്കാനാവുന്ന ഭാഷയാണു മലയാളം. ഭാഷാമൗലികവാദമല്ല ഇത്; മലയാളത്തെ ഒരു സാമന്തഭാഷയായി കാണുന്നതിനോടുള്ള മറുപടി മാത്രമാണ്. തമിഴ്നാട്ടിൽ ഈ നോവലിന് പ്രചാരം ലഭിച്ചെങ്കിൽ, അതിനു കാരണം പണ്ടുകാലം മുതല്ക്ക് കേരളത്തിലുള്ള സംഘകാലസംസ്കാരത്തിന്റെ അവശേഷിപ്പുകളും നിക്ഷേപങ്ങളും അവർ തിരിച്ചറിയുന്നതുകൊണ്ടാണ്.

(നോവലിന്റെ വായനാനുഭവത്തിൽ ഇടപെടുകയല്ല, അതിലുപയോഗിച്ച ഭാഷയെക്കുറിച്ചു ചിലതു വ്യക്തമാക്കുക മാത്രമാണു ചെയ്യുന്നത് എന്നു പ്രത്യേകം പറയട്ടെ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manoj kuroorliterature newsmalayalam newsnilam poothu malarna naal
News Summary - Nilam poothu malarna naal-Literature news
Next Story