ഒരേയൊരു സാക്ഷി ആ തസ്ബീഹ് മാല (അവസാന ഭാഗം)
text_fieldsപ്രമുഖ ഹൃദയ ശസ്ത്രക്രിയ വിദഗ്ധെൻറ സെമിനാർ പറഞ്ഞ സമയവും പിന്നിട്ടു മുന്നോട്ട് നീങ്ങിയിട്ടും ആരും അസ്വസ്ഥത കാണിക്കുന്നില്ല എന്നും താൻ മാത്രം ആണ് ഇടക്കിടക്ക് വാച്ചിൽ സമയം നോക്കി ഇരിക്കുന്നത് എന്നും സഫ്‌ന ചിന്തിച്ച അതേ ടൈമിൽ ആണ് ഫോൺ മറന്ന് പോയ കാര്യം ഷാഹിദിന് ഓർമ്മ വരുന്നത്. മൊബൈൽ എടുത്തില്ല എന്ന നിരാശയും സമയം പോയതിെൻറ ദേഷ്യവും എല്ലാം കൂടി ഷാഹിദ് തീർത്തത് കാറിെൻറ ആക്സിലേറ്ററിനോടായിരുന്നു, കാറിെൻറ ബ്രേക്ക് പാഡ് താൻ റിലാക്സ് മൂഡിൽ ആയതിെൻറ സന്തോഷം സ്വയം പങ്ക് വെച്ചു കൊണ്ടിരുന്നു. സ്പീഡ് 100നു മുകളിലേക്ക് കയറുന്നത് വിൻഡോ തുറന്നു വെക്കാത്തതിനാൽ ഷാഹിദ് അറിയുന്നുണ്ടായിരുന്നില്ല. ഹൈവേയിലെ ഒരു ജംഗ്‌ഷൻ കഴിഞ്ഞ് വളവിൽ ഇട റോഡിൽ നിന്ന് ഒരു മത്സ്യ വിൽപ്പനക്കാരെൻറ എം.ഐ.റ്റി പൊടുന്നനെ വന്നതും കാറിൽ തട്ടിയോ എന്ന് സംശയിച്ചിട്ടും സ്പീഡ് കുറയ്ക്കാതെ ചവിട്ടി വിട്ടതും ഒരു സ്വപ്നമായിരുന്നോ യാഥാർഥ്യമായിരുന്നോ എന്നുള്ള ചിന്ത സഫ്നയെ കാണാനുള്ള വെമ്പലിൽ ഷാഹിദിനെ അലട്ടിയതേയില്ല എന്നതാണ് ശരി.
4.40 pm ആയിട്ടും ഷാഹിദ് വിളിക്കാത്തത് എന്താണ് എന്ന കാര്യത്തെ കുറിച്ച് സഫ്ന അല്പം പോലും ടെൻഷൻ അടിക്കാതിരുന്നത് സെമിനാർ നടക്കുന്നത് കൊണ്ട് മാത്രമായിരുന്നില്ല. ഷാഹിദിെൻറ 4p.m എന്നത് ‘മാന്നാർ മത്തായി സ്പീക്കിംഗ്’ സിനിമയിലെ ‘‘പുറപ്പെട്ടൂ, പുറപ്പെട്ടൂ, അര മണിക്കൂർ മുേമ്പ പുറപ്പെട്ടു’ പോലെ ആകുമെന്നുറപ്പുള്ളത് കൊണ്ടുകൂടിയായിരുന്നു. സത്യത്തിൽ ഷാഹിദ് വിളിക്കാൻ വരുമെന്ന കാര്യം പോലും മനസ്സിൽ നിന്ന് മാഞ്ഞു പോകുന്ന വിധം , കീറി മുറിക്കപ്പെടുന്ന ഹൃദയങ്ങളും ശസ്ത്രക്രിയകളും ഓപറേഷൻ തീയറ്ററിലെ വിവിധ അനുഭവങ്ങളും അറിവുകളും നിറഞ്ഞ സീനിയർ ഡോക്ടറുടെ ആ ക്ലാസ്സ് അത്രയും ആഴത്തിൽ അവളിൽ പതിഞ്ഞിരുന്നത് കൊണ്ടുമാകാം. അല്ലെങ്കിലും ഈ ഓർമകളൊക്കെ ചില സമയത്ത് മനപൂർവം മറന്നിടുന്നത് നല്ലതാണ്. സഫ്നക്ക് ഒരു താൽപര്യവുമില്ലായിരുന്നു ഷാഹിദിെൻറ പ്രൊേപാസൽ വീട്ടിൽ വന്നപ്പോൾ. തെൻറ കരിയർ അല്ലാതെ മറ്റൊന്നും ചിന്തിക്കാവുന്ന സ്ഥിതിയേ അല്ലായിരുന്നു ഒരു നാലാം വർഷ മെഡിക്കോക്ക് അപ്പോൾ.
പെട്ടെന്ന് ഒരു ദിവസം തട്ടിക്കൂട്ടി നടന്ന പെണ്ണുകാണൽ മുതൽ വാക്കാൽ പറഞ്ഞുറപ്പിച്ച കല്യാണം വരെയുള്ള ഇക്കഴിഞ്ഞ മാസങ്ങൾ ഒരു സ്വപ്നം പോലെ തോന്നുന്നു. ആഗ്രഹിക്കുന്നത് കിട്ടിയാലത് വിജയവും കിട്ടുന്നത് ആഗ്രഹിക്കുന്നത് സന്തോഷവുമാണെന്ന് ഷാഹിദ് ഒരിക്കൽ പറഞ്ഞപ്പോ ആഗ്രഹിക്കാത്തത് കിട്ടിയാൽ അതെന്തായിരിക്കും എന്നായിരുന്നു സഫ്ന തിരിച്ചടിച്ചത്. അഞ്ചു മണി കഴിഞ്ഞ് അഞ്ചുമിനിട്ട് പിന്നിട്ടപ്പോൾ സെമിനാർ അവസാനിക്കുകയും കനത്ത മഴ തുടങ്ങുകയും ചെയ്തു. റിങ് ചെയ്ത് തീരാറായപ്പോഴാണ് ഷാഹിദിെൻറ ഫോൺ കണക്ട് ആയത്. ‘ഇതാണോ നാല് മണി.? എടാ പൊട്ടാ ഇതാണോന്ന്’ സഫ്ന തുടങ്ങിയതും മറുവശത്ത് ഒരു കുട്ടി പാട്ടുപാടുന്ന ശബ്ദമാണ് കേൾക്കുന്നതെന്നും താൻ കൂടുതൽ അബദ്ധമൊന്നും വിളമ്പിയില്ലല്ലോ എന്ന ജാള്യത്തിൽ അവൾ ഫോൺ കട്ട് ചെയ്തതും എല്ലാം കൂടി പത്ത് സെക്കൻറ് സമയമേ വേണ്ടിവന്നുള്ളൂ. ‘അവൻ വരാമെന്ന് പറഞ്ഞിട്ട് പറ്റിച്ചു’ അത്ര മാത്രമേ ആ നേരത്ത് സഫ്ന ചിന്തിച്ചുള്ളൂ.
‘‘സഫ്നാ, നീയും അശ്വതിയും പിന്നെ വേറെയാരാ ഇന്ന് ഹോസ്റ്റലിലുണ്ടാവ്ക? ’’ സെമിനാർ കഴിഞ്ഞ് ഇറങ്ങാൻ നേരമാണ് "തല" യുടെ ചോദ്യം സഫ്നയെ തേടി പിടിച്ചെത്തിയത്. (തല= H.O.D- department head). നാളെ ഞായറാഴ്ച ആയതുകൊണ്ട് മിക്കവരും വീട്ടിൽ പോകുമെന്ന് അറിയുന്നതുകൊണ്ടാണ് ഗൈനക്കോളജി വിഭാഗം ഭരിക്കുന്ന ഡോ. എൽസ തെരേസ, ഹോസ്റ്റലിൽ ആരൊക്കെ ഉണ്ടാകുമെന്ന് പ്രത്യേകം എടുത്തുചോദിച്ചത്. ‘‘എമർജൻസിയിൽ ഒരു പേഷ്യൻറ് അഡ്മിറ്റ് ആണ്. നിങ്ങൾക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഉണ്ടാകില്ല. ആളു വെൻറിലേറ്ററിലാണ്, ആക്സിഡൻറ് കേസാണ്. മറ്റു ഡോക്ടേഴ്സ് ഉണ്ടാകും, കുറച്ചുനേരം എന്തേലും ഹെൽപ് വേണ്ടി വന്നാൽ നിങ്ങളൊന്ന് ഐ.സി.യുവിലേക്ക് വരേണ്ടി വരും, കുഴപ്പമില്ലല്ലോ’’. ‘‘ഇനി കുഴപ്പം ഉണ്ടേൽ തന്നെ പറയാൻ പറ്റുമോ, എം.ബി.ബി.എസ് നാലും അഞ്ചും വർഷക്കാരായവർ ഇതൊക്കെ അതിജീവിച്ചേ മതിയാകൂ’’ സഫ്നയുടെ ആത്മഗതത്തിനിടയിൽ പുറത്ത് ശക്തി പ്രാപിച്ച മഴക്ക് കൂട്ടായി ഒരു കനത്ത മിന്നലും ഭീകര ഇടിവെട്ടും ആ അക്കാദമിക് ബ്ലോക്കിനെ വിറപ്പിച്ചു.
"ഡീ, നീ ഹോസ്റ്റലിലേക്ക് ആണേൽ ഞാനും ഉണ്ട് ’’. പോയിട്ട് തിരിച്ചുവരേണ്ടി വരും, എന്നാലും സാരല്യ. ഒരു ഹോസ്റ്റൽ ഇൻ മേറ്റ്സ് കുട ചൂടി പോകുന്നത് കണ്ടപ്പോ സഫ്ന പിന്നെ ഒന്നും നോക്കിയില്ല. മഴ ഉടനെയൊന്നും തോരുന്ന ലക്ഷണമില്ല, ഒപ്പം കനത്ത ഇടിയും മിന്നലുമുണ്ട് അകമ്പടിയായി. സമയത്തിന് വരാതെ ഷാഹിദ് പറ്റിച്ചു എന്ന വിചാരം കൊണ്ടാണോ ഇടിമിന്നലിനെ പേടി ആയതിനാലാണോ എന്നറിയില്ല, അവള് ഫോൺ എയർ െപ്ലയ്ൻ മോഡിലാക്കി വെച്ചു. പെൺകുട്ടികളുടെ ഹോസ്റ്റൽ ക്യാമ്പസിനകത്ത് തന്നെയാണെങ്കിലും അക്കാദമിക് ബ്ലോക്കിൽ നിന്ന് കുറച്ചു നടക്കാനുണ്ട്. മഴ ശക്തി പ്രാപിച്ച് തനി സ്വരൂപം കാണിക്കാൻ തുടങ്ങിയിരുന്നു അപ്പോഴേക്കും. അഞ്ചര മണി ആയപ്പോൾ തന്നെ മഴ ഇരുട്ട് മെഡിക്കൽ കോളജ് ക്യാമ്പസിെൻറ അക്കാദമിക് ഇടനാഴികളെ മനം മടുപ്പിക്കുന്ന നിഗൂഢതയാൽ വലയം ചെയ്യുന്നതാക്കി മാറ്റിയിരുന്നു.
തൊട്ടപ്പുറത്തെ ബ്ലോക്കിലെ മോർച്ചറിയിൽ വിറങ്ങലിച്ചു കിടക്കുന്ന അനാഥ മൃതദേഹങ്ങളിലൊന്ന് ഫ്രീസറിനെ വെല്ലുന്ന മഴത്തണുപ്പിൽ നിന്നും രക്ഷപ്പെട്ട് തീ കായാൻ പുറത്തേക്കിറങ്ങി ഓടുന്ന സ്വപ്നം കണ്ടത് സഫ്ന, ഷാഹിദിനോട് ഇതുവരെ പറയാത്തത് താനൊരു ധീര വനിതയെന്ന ഇമേജ് തകർന്നു തരിപ്പണമായി പോയേക്കുമോ എന്നത് കൊണ്ട് മാത്രമായിരുന്നില്ല, മരിച്ചവരുടെ കഥകൾ കേൾക്കാനോ, മരണമടഞ്ഞ വീടൊന്ന് സന്ദർശിക്കാനോ, എന്തിന് ഹൊറർ സിനിമ പോലും ഒറ്റക്ക് കാണാൻ പറ്റാത്ത ഷാഹിദിനെ കുറിച്ച് അവൾക്ക് കരുതൽ ഉള്ളതു കൊണ്ട് കൂടിയായിരുന്നു. പ്ലസ്ടുവിന് പഠിക്കുന്ന കാലത്ത് ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ വരുേമ്പാ ഒരു പള്ളിയുടെ സെമിത്തേരി എത്തിയപ്പോ കൃത്യമായി ടയർ പഞ്ചർ ആയതും ആ പ്രദേശത്ത് പെട്ടെന്ന് ഒരു കാറ്റ് രൂപപ്പെട്ടതും സൈക്കിൾ അവിടെ ഉപേക്ഷിച്ച് കുഞ്ഞുഷാഹിദ് ഓടിയതുമായ ആ സംഭവം അവൻ ആദ്യം പറഞ്ഞപ്പോ സഫ്ന കുറേ ചിരിക്കുകയും കളിയാക്കുകയും ചെയ്തിരുന്നു. അന്ന് വീട്ടുമുറ്റത്ത് ഒാടിയണച്ചുവന്ന ഷാഹിദ് പേടിച്ചുവിറച്ച് എന്തൊക്കെയോ അബോധാവസ്ഥയിൽ പറയുന്നുണ്ടായിരുന്നു എന്നൊക്കെയാണ് ഉമ്മച്ചി പിന്നീട് അതേക്കുറിച്ച് അവന് പറഞ്ഞുകൊടുത്തത്. പിന്നീട് ആലോചിച്ചപ്പോ അങ്ങനെ ഒരു സംഭവം ഒരാളുടെ ജീവിതത്തിലൂടെ കടന്നു പോയിട്ടുണ്ടെങ്കിൽ മാത്രമേ അത്തരം അനുഭവത്തെക്കുറിച്ച് നമുക്ക് ബോധ്യമാകൂ എന്ന് സഫ്നക്ക് മനസ്സിലായി. പിന്നീട് ഷാഹിദിെൻറ കാര്യത്തിൽ ഒരു ‘കരുതൽ’ സഫ്ന പാലിച്ചിരുന്നു. പേടിപ്പെടുത്തുന്നതൊന്നും തമാശക്ക് പോലും പറയാതിരിക്കാൻ അവൾ ശ്രമിച്ചിരുന്നു.
‘‘ചേട്ടാ, മെഡിക്കൽ കോളേജ് ഭാഗത്തേക്ക് ആണേൽ എന്നെ കൂടി കൊണ്ട് പോകുമോ? ’’ കനത്ത ട്രാഫിക്ക് ഒരുവിധം മാറി വണ്ടി എടുക്കാൻ തുടങ്ങുേമ്പാഴാണ് കണ്ടാൽ ഒരു 15 വയസ് പ്രായം തോന്നിക്കുന്ന സ്കൂൾ യൂണിഫോമിട്ട പയ്യൻ ദയനീയത കലർന്ന മുഖഭാവത്തിൽ ഷാഹിദിനോട് ചോദിക്കുന്നത്. സാധാരണ ഗതിയിൽ ഒരു പരിചയവും ഇല്ലാത്ത ഒരാളെയും വണ്ടിയിൽ കയറ്റാത്ത ആളാണ് ഷാഹിദ്. ‘‘ വാ, കേറിക്കോ ’’. എന്നു പറയാനാണ് ആ സമയത്ത് അവനു തോന്നിയത്. ‘ഥാങ്സ് ഇക്ക’. വണ്ടിയിൽ കേറും മുമ്പ് ചേട്ടാ എന്ന് വിളിച്ചവൻ ഇപ്പോ ഇക്ക എന്ന് വിളിച്ചതിനു പിന്നിൽ വലിയ ബ്രില്യൻറ്സ് ഒന്നും ആലോചിക്കേണ്ടതില്ല. കാറിൽ ഷാഹിദിെൻറ ഉമ്മ ഹജ്ജിനു പോയി വന്നപ്പോ കൊണ്ടു വന്ന ഒരു വിശേഷപ്പെട്ട തിളക്കമുള്ള തസ്ബീഹ് മാല (പ്രാർഥനകൾ ഉരുവിടുേമ്പാൾ എണ്ണം പിടിക്കാൻ ൈകയിൽ കരുതുന്ന ഒരു തരം മാല) ഉണ്ടായിരുന്നത് ആ പയ്യെൻറ കണ്ണിലുടക്കി കാണണം. ലോക്കറ്റിൽ അറബിക് സ്യൂക്തവും ഉള്ള ആ മാല ഷാഹിദ് അറിയാതെയാണ് അവെൻറ ഉമ്മ കാറിനകത്തെ റിയർ വ്യൂ മിററിനകത്ത് രണ്ട് വർഷം മുമ്പ് കൊരുത്തിട്ടത്.
‘‘എെൻറ പൊന്നുമ്മാ, ഈ പോളോ കാറേയ് തനി ജർമ്മൻകാരനാ, അയ്നെ ഒരു മതേതര ജീവിയായി ഞാൻ കൊണ്ടു നടക്ക്വാരുന്നു ഇതുവരെ, വലിയ ചതിയായിപ്പോയി’’. ഉപ്പാനെ ആശുപത്രിയിൽ കാണിക്കാൻ പോയ ഒരു യാത്രയിൽ ആദ്യമായി മാല ശ്രദ്ധയിൽപെട്ട ഷാഹിദ് ശബ്ദം കുറച്ച് മനോഗതം പോലെ പറഞ്ഞതിപ്രകാരമായിരുന്നു. ഇരുവരുടെയും മുഖത്തെ ദയനീയത കണ്ടപ്പോഴാണ് അവര് കേൾക്കാൻ പാകത്തിന് ശബ്ദത്തിലാണ് താൻ പറഞ്ഞതെന്ന് ഷാഹിദിന് ബോധ്യം വന്നത്. ‘‘ഉമ്മച്ചി, ഞാൻ ഒരു തമാശക്ക് പറഞ്ഞതാ, ഈ മാല നമ്മളീ കാർ ഉപയോഗിക്കുന്ന കാലത്തോളം ദാ, ദിങ്ങനെ ഇവടെത്തന്നെ ഉണ്ടാകും’’ കള്ളച്ചിരിയോടെയാണ് പറഞ്ഞതെങ്കിലും പിന്നീട് ആ മാല കാറിന് ഒരു അലങ്കാരമായി തുടരുകയാണുണ്ടായത്. ഓരോ തസ്ബി മാലക്കും ഓരോ നിയോഗമുണ്ടാകും, അതിൽ കോർത്തിട്ടിരിക്കുന്ന മണി മുത്തുകൾക്കെല്ലാം നാവുണ്ടായിരുന്നെങ്കിൽ 1001 രാവുകളിലുമധികം കഥകൾ പുറത്ത് വന്നേനെ. ഉരുവിടുന്ന ഓരോ പ്രാർത്ഥനാ മന്ത്രവും അതിലെ മുത്തുകളിൽ വിരലോടിച്ച് കടന്നു പോകുമ്പോ, എന്തെന്ത് പ്രതീക്ഷകളും ആഗ്രഹങ്ങളും സ്വപ്നങ്ങളും കഥകളുമായിരിക്കും പിറവി എടുക്കുന്നുണ്ടാവുക, അതൊരു ആശ്വാസവും തണലുമായി കരുതുന്ന എത്രയോ പേരുണ്ടാകും, അതിനെ വലിച്ചെറിഞ്ഞ് കളയേണ്ടതില്ല എന്നാണ് ഇതേക്കുറിച്ച് അറിഞ്ഞപ്പോൾ സഫ്നയും അവനോട് പറഞ്ഞത്.
‘‘ഡീ, അയ്നത് വണ്ടിയിൽ രണ്ടു വർഷമായി കിടപ്പുണ്ട്, മൂന്ന് മാസം മുമ്പ് മാത്രം പരിചയപ്പെട്ട നിെൻറ ഉപദേശം ഇല്ലേലും ഞാനിനിയത് കളയാൻ പോണില്ല കേട്ടോഡീ കുട്ടി ഡോക്ടറേ’’. ‘‘അല്ല, മ്മക്ക് പോണ്ടേ, ഇക്ക വണ്ടിയെടുക്ക്’’. നിമിഷങ്ങൾക്കു മുമ്പ് കാറിൽ ലിഫ്റ്റ് ചോദിച്ചു കേറിയ ചെക്കെൻറ ‘അഹങ്കാരം’ നിറഞ്ഞ ഡയലോഗ് ഓർമകളിൽ നിന്ന് ഷാഹിദിനെ തൽക്കാലത്തേക്ക് മോചിപ്പിച്ചു. പെയ്തു തുടങ്ങിയ മഴച്ചാറ്റലുകളെ കീറി മുറിച്ച് ഷാഹിദ് കാർ മുന്നോട്ടെടുത്തു. പെട്ടന്നാണ് ആ പയ്യെൻറ ഫോൺ റിങ് ചെയ്തത്. ‘‘ആ ഉമ്മാ, ഞാൻ പെട്ടന്ന് വരാം, ഉപ്പാക്ക് എന്താ പറ്റിയേ, ഉമ്മാ.. ഉമ്മ എന്താ മിണ്ടാത്തേ?. ഹലോ, അലോ ’’. മറുഭാഗത്തു നിന്ന് ഉയർന്നത് വാക്കുകളായിരുന്നില്ല, പെയ്യാൻ മടിച്ചു നിന്ന ശേഷം പൊടുന്നനെ ആർത്തലച്ചു വിതുമ്പുന്ന ഒരു മഴ പോലെ, കരച്ചിലിെൻറ ശബ്ദമായിരുന്നു. ‘നീ വേഗമൊന്ന് വാ മാനൂ’ എന്ന് മാത്രം പറഞ്ഞ് ആ ഫോൺ കട്ട് ആയി. ‘ഇക്കാ, വണ്ടി ഒന്ന് വേഗത്തിൽ വിടാമോ’ എന്നത് അവെൻറ നോട്ടം കൊണ്ടുതന്നെ മനസിലാക്കിയ ഷാഹിദ് ‘നീ പേടിക്കണ്ട, ഞാനും മെഡിക്കൽ കോളജിൽക്ക് തന്നാ പോണത്, ഇനി പത്തുകിലോമീറ്ററിൽ താഴെയല്ലേ ഉള്ളൂ’’.
‘ഇങ്ങളെ പടച്ചോനാ കാണിച്ചുതന്നത്, കുറേ നേരമായി നോക്കി നിന്നിട്ടും ആ ഭാഗത്തേക്ക് ഒറ്റ ബസും വന്നില്ല, ഓട്ടോ വിളിച്ചു പോകാൻ േൻറൽ പൈസയും ഇല്ല’. െൻറ പേര് മനാഫ്, പ്ലസ്ടുവിന് പഠിക്യാണ്, ഉപ്പാന്ന് പറഞ്ഞാൽ എനിക്ക് ജീവനാണ് ഇക്കാ, ഞാനൊറ്റ മോനാണ്, വെളുപ്പിന് എണീറ്റ് മാർക്കറ്റിൽ പോയി മീൻ എടുത്ത് ആകെയുള്ള പഴയ സ്കൂട്ടറിൽ നാട്ടിലെമ്പാടും കറങ്ങി വിറ്റു തീർന്ന് ഉപ്പ വരുേമ്പാ ഉച്ചയാകും’. ഷാഹിദ് ഒന്നും ചോദിച്ചതേയില്ല, മനാഫ് എന്ന മാനു നിർത്താതെ സംസാരിച്ചുകൊണ്ടേയിരിക്കുകയാണ്. ഷാഹിദ് കാറിലെ മ്യൂസിക് സിസ്റ്റം മ്യൂട്ട് ചെയ്തുവെച്ച് അവൻ പറയുന്നത് ശ്രദ്ധിക്കുന്ന മട്ടിൽ ഇടക്കിടക്ക് അവനെ നോക്കി കൊണ്ടാണ് ഡ്രൈവ് ചെയ്യുന്നത്. കണ്ടാൽ 15 വയസിൽ താഴെ മാത്രം തോന്നുന്ന മാനുവിന് 18 വയസായെന്ന് കൂടി പറഞ്ഞപ്പോ ഷാഹിദിന് താനറിയാതെ ഒരു വിറയൽ അനുഭവപ്പെട്ടു. ഏക മകൻ, പ്രിയപ്പെട്ട ഉപ്പക്ക് എന്തുപറ്റിയെന്ന് പോലുമറിയാതെ തനിക്കൊപ്പം വണ്ടിയിൽ ലക്ഷ്യത്തിലെത്താനായി നെടുവീർപ്പുകളോടെ കൂടെയുണ്ടെന്ന ബോധ്യം വന്നപ്പോഴാണ് തനിക്ക് തെൻറ ഉപ്പയും ജീവനാണെന്ന് ഷാഹിദ് ചിന്തിച്ചത്. കനത്ത ശമ്പളമുള്ള യു.എസിലെ മൾട്ടി കമ്പനിയിലെ ജോലി പോലും താൻ ഒരിക്കൽ വേണ്ടന്ന് വെച്ച കഥ മാനുവിനോട് പറയണമെന്ന് തോന്നിയിട്ടും സാഹചര്യം അതല്ല എന്ന പക്വതയാൽ ഷാഹിദ് മൗനം പാലിച്ചു. കാറിെൻറ ലൈറ്റ് ഓൺ ആക്കി മഴ നിറഞ്ഞൊഴുകുന്ന റോഡിനെ കീറിമുറിച്ച് കാർ മെഡിക്കൽ കോളജിനു മുമ്പിലെത്തി. ‘അപ്പോ ശരീ, ട്ടോ, കാണാം’ ഒരിക്കൽ കൂടി നന്ദി പറഞ്ഞ് കാറിൽ നിന്നിറങ്ങി ഓടുന്നതിനിടയിൽ ‘ഇക്കാ, കാറിെൻറ സൈഡ് ആകെ ചളുങ്ങീട്ടുണ്ടല്ലോ, നോക്കണേ’ എന്നു കൂടി പറഞ്ഞിരുന്നു മാനു.
‘‘നിെൻറ ഫോൺ എന്താ ഓഫാണോ ? എമർജൻസി ഡിപ്പാർട്ട്മെൻറിൽ നിന്ന് കോൾ വന്നു. വേഗം െചല്ലാൻ പറഞ്ഞു’’ ക്ലാസ്മേറ്റ്സ് കൂടിയായ അശ്വതി വാതിലിൽ വന്ന് മുട്ടിയപ്പോൾ സഫ്ന നേരിയ മയക്കത്തിെൻറ ആലസ്യം പുറത്തുകാട്ടാതെ ഫോണും കോട്ടുമെടുത്ത് ഇറങ്ങിക്കഴിഞ്ഞിരുന്നു. മാനുവും സഫ്നയും ഏതാണ്ട് മുന്നേ പുറകെയാണ് ഐ.സി.യുവിന് മുന്നിലെത്തിയത്. കരഞ്ഞു തളർന്ന് വെറും നിലത്ത് പടിഞ്ഞിരിക്കുന്ന ഉമ്മയെ മാനു കണ്ടെത്തിയ അതേ സമയത്ത് തന്നെയാണ് തീയറ്ററിൽ നിന്നും പുറത്തേക്ക് എമർജൻസി വിഭാഗത്തിലെ സീനിയർ ഡോക്ടറെന്ന് തോന്നിക്കുന്ന ഒരാൾ ‘സുലൈമാെൻറ കൂടെയാരെങ്കിലുമുണ്ടോ’ എന്ന് തിരക്കിയത്. ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ ആ ഉമ്മയെയും മോനെയും ഒഴിഞ്ഞ ഒരു കോർണറിലേക്ക് മാറ്റി നിർത്തി ഡോക്ടർ. ‘സോറീ,ട്ടോ, ഞങ്ങൾ കഴിവിെൻറ പരമാവധി നോക്കി, ഇവിടെ എത്തിക്കുേമ്പാ തന്നെ ബ്ലഡ് ഒരുപാട് പോയിരുന്നു’.
ഹോസ്റ്റലിൽ പോയി അന്വേഷിച്ചതിൽ നിന്നും സഫ്ന ഐ.സി.യു ഡിപാർട്മെൻറിലുണ്ടെന്ന് മനസിലാക്കി ഷാഹിദ് നടന്നു നീങ്ങവേ കരഞ്ഞുകലങ്ങിയ കണ്ണുകളുമായി ഒരുമ്മയും മകനും പ്രിയപ്പെട്ട ഉപ്പയുടെ വിറങ്ങലിച്ച ശരീരവുമായി പോകുന്ന സ്ട്രക്ചറിനെ അനുഗമിക്കുകയായിരുന്നു അപ്പോൾ. മാനു ഷാഹിദിനെ കണ്ടതേയില്ല, കണ്ണ് നിറഞ്ഞു തുളുമ്പിയിരുന്നതിനാൽ അവൻ ഒന്നും തന്നെ കാണുന്നുണ്ടായിരുന്നില്ല, വെള്ളത്തുണിയാൽ മൂടപ്പെട്ടതിനാൽ മാനുവിെൻറ ഉപ്പയും ഷാഹിദിനെ തിരിച്ചറിഞ്ഞില്ല. കണ്ണീരും മൃതദേഹവും ആംബുലൻസിെൻറ നീല ബീക്കൺ ലൈറ്റും മഴ നിറഞ്ഞ ആ സന്ധ്യയെ കൂടുതൽ കൂടുതൽ ഇരുട്ടു നിറഞ്ഞതും, ബഹളങ്ങൾക്കിടയിലും ഭയാനകത നിറഞ്ഞ നിശബ്ദതയാൽ വലയം ചെയ്യുന്നതുമാക്കി തീർത്തു കഴിഞ്ഞിരുന്നു.
എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന ഷാഹിദിനരികിേലക്ക് അപ്പോേഴക്കും സഫ്ന എത്തിയിരുന്നു. ആകാശത്തു നിന്ന് മേഘങ്ങൾ കണ്ണീർപൊഴിച്ചിടുന്ന കവിതയുടെ ഭാവമല്ലായിരുന്നു അന്നേരം പെയ്തുകൊണ്ടിരുന്ന ആ മഴക്കുണ്ടായിരുന്നത്. മുകളിലിരുന്ന് എല്ലാം കാണുന്ന പടച്ചവനൊപ്പം എല്ലാത്തിനും സാക്ഷിയായി ആ കറുത്തിരുണ്ട ആകാശവും മഴത്തുള്ളികളും ഒന്നടങ്കം ഷാഹിദിനെ മാത്രം കൂടുതൽ നനക്കാൻ മത്സരിച്ച് ശ്രമിക്കുന്നതുപോലെ. സഫ്നയുടെ കുടക്കീഴിെൻറ കരുതലിൽ നിന്നും കാറിനകത്തേക്ക് കയറുേമ്പാൾ എല്ലാത്തിനും സാക്ഷിയായ ആ തസ്ബീഹ് മാല സ്വയം പ്രാർഥിക്കുകയായിരുന്നു, എന്താണ് പ്രാർഥിച്ചതെന്നത് മാത്രം നിഗൂഢമായി തുടരുകയാണ്. ആ കാറിലാകട്ടെ പ്രണയമായിരുന്നില്ല, നിശബ്ദതയുടെ മടുപ്പ് മാത്രമാണ് അന്നേരം നിറഞ്ഞുനിന്നിരുന്നത്.
(അവസാനിച്ചു)
അവസാനിച്ചത് വെറുമൊരു കഥ മാത്രമല്ല, ചിലരുടെ സ്വപ്നങ്ങൾ കൂടിയായിരുന്നു. ഇതൊരു അനുഭവമാകാം, കഥയാകാം, ഫാൻറസിയോ അൽപം ഭാവന കലർന്ന യാഥാർഥ്യമോ ആകാം, എന്തായാലും ഒരാൾക്ക് മറ്റൊരാൾ എത്ര പ്രിയപ്പെട്ടതാണോ അതു പോലെ തന്നെയാണ് മറ്റുള്ളവർക്കും അവരവരുടെ വേണ്ടപ്പെട്ടവർ. കേവലമൊരു മറവി ഒരാളുടെ ജീവിതത്തെ എവിടെവരെ കൊണ്ടുചെന്നെത്തിക്കുമെന്നത് മുൻകൂട്ടി പറയാൻ പറ്റില്ല. മറവിക്കൊപ്പം അമിതവേഗതയും കൂടിച്ചേരുേമ്പാൾ ലക്ഷ്യം തെറ്റുന്ന കാത്തിരിപ്പുകൾ കൂടിയുണ്ടാകും എന്നത് മറക്കാതിരിക്കുക......
ആദ്യ ഭാഗം ഇവിടെ വായിക്കാം: https://www.madhyamam.com/mdmnews/700799
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.