രാമൻ തൊഗാഡിയ ആയപ്പോഴാണ് രാമായണത്തിന്‍റെ മാറ്റ് കുറഞ്ഞത്
text_fieldsകാവ്യബോധമില്ലാത്ത മതാന്ധർ രാമയാണമെടുത്ത് അരാഷ്ട്രീയ ദുർവ്യാഖ്യാനങ്ങൾ ചമച്ചു തുടങ്ങിയപ്പോഴാണ് രാമായണത്തിന്‍റെ മാറ്റ് കുറഞ്ഞതെന്ന് ശാരദക്കുട്ടി. മനുഷ്യനെ ഹിന്ദുവാക്കാൻ വേണ്ടിയല്ല, കവിയാക്കാനായിരുന്നു കുട്ടിക്കാലത്ത് രാമായണം വായിപ്പിച്ചിരുന്നത്. പാരായണ സാധ്യതകൾ കൊണ്ട് രാമായണം അമ്പരപ്പിച്ചിട്ടേയുള്ളു. രാമായണത്തിന്‍റെ വ്യത്യസ്ത വിമർശനാത്മക വായനകൾ പിന്നീട് വന്നു. ആശാന്റെ ചിന്താവിഷ്ടയായ സീതയും കുട്ടിക്കൃഷ്ണമാരാരുടെ വാൽമീകിയുടെ രാമനും സുകുമാർ അഴീക്കോടിന്റെ ആശാന്റെ സീതാകാവ്യവും സി.എൻ ശ്രീകണ്ഠൻ നായരുടെ നാടകത്രയവും സാറാ ജോസഫിന്റെ തായ് കുലവും അശോകയും ഊരുകാവലും വിജയലക്ഷ്മിയുടെ കൗസല്യയും മറ്റു പല കവിതകളുമൊന്നും ഇതൊന്നും രാമായണത്തിന്റെ മാറ്റു കുറച്ചില്ല. അതിനു സാധ്യമായ രാഷ്ട്രീയ വായനകൾ നിരവധിയായിരുന്നു.
ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
മനുഷ്യനെ ഹിന്ദുവാക്കാൻ വേണ്ടിയായിരുന്നില്ല കുട്ടിക്കാലത്ത് വിളക്കത്ത് രാമായണം വായിപ്പിച്ചിരുന്നത്. കവിയാക്കാനായിരുന്നു. വന്ദേ വാല്മീകി കോകിലം എന്ന് കവിയെയാണ് പ്രാർഥിച്ചത്. കാവ്യാനുശീലന മാസമായിരുന്നു കർക്കിടക മാസം. ഭാരതീ പദാവലി തോന്നേണം കാലേ കാലേ എന്നതായിരുന്നു ഏറ്റവും വലിയ പ്രാർഥന. വാക്കിനു മുട്ടുണ്ടാകരുത്.
രാമായണത്തിന്റെ വ്യത്യസ്ത വിമർശനാത്മക വായനകൾ പിന്നീട് വന്നു. ആശാന്റെ ചിന്താവിഷ്ടയായ സീതയും കുട്ടിക്കൃഷ്ണമാരാരുടെ വാൽമീകിയുടെ രാമനും സുകുമാർ അഴീക്കോടിന്റെ ആശാന്റെ സീതാകാവ്യവും സി എൻ ശ്രീകണ്ഠൻ നായരുടെ നാടകത്രയവും സാറാ ജോസഫിന്റെ തായ് കുലവും അശോകയും ഊരുകാവലും വിജയലക്ഷ്മിയുടെ കൗസല്യയും മറ്റു പല കവിതകളും.. ഇതൊന്നും രാമായണത്തിന്റെ മാറ്റു കുറച്ചില്ല. അതിനു സാധ്യമായ രാഷ്ട്രീയ വായനകൾ നിരവധിയായിരുന്നു. അതിന്റെ പാരായണ സാധ്യതകൾ കൊണ്ട് രാമായണം അമ്പരപ്പിച്ചിട്ടേയുള്ളു.
അതിന്റെ മാറ്റു കുറഞ്ഞത്, പ്രതീകാർഥങ്ങൾ മനസ്സിലാകാത്ത, കാവ്യബോധമില്ലാത്ത മതാന്ധർ അതെടുത്ത് അരാഷട്രീയ ദുർവ്യാഖ്യാനങ്ങൾ ചമച്ചു തുടങ്ങിയപ്പോഴാണ്. രാമൻ മറ്റൊരു തൊഗാഡിയ ആയപ്പോഴാണ്.
വ്യത്യസ്തമായ രാമായണ വായനകൾ വരട്ടെ. വ്യാഖ്യാനങ്ങളുണ്ടാകട്ടെ. പ്രഭാഷണങ്ങളുണ്ടാകട്ടെ. ആദികവി മേയാതെ വിട്ട ഒരു പാടിടങ്ങൾ ഇനിയും ശേഷിക്കുന്നുണ്ട് രാമായണത്തിൽ. മതകീയാന്ധ്യങ്ങളിൽ നിന്ന് രാമായണം മുക്തമാകട്ടെ. പുതിയ ഒരു കാവ്യാനുശീലന സംസ്കാരത്തിലേക്ക് രാമായണത്തിന് ശാപമോക്ഷം കിട്ടുമെങ്കിൽ സന്തോഷമേയുള്ളു. അതാകട്ടെ ആത്യന്തിക ലക്ഷ്യം. കുട്ടികളെ കോമാളി വേഷം കെട്ടിക്കുന്ന ശോഭായാത്രക്ക് വികലാനുകരണമൊരുക്കിയതു പോലെ ഒരു വൈകൃതം ആകാതിരിക്കട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.