വായിച്ചുതീർക്കാൻ മാത്രം ഒരു ജന്മംകൂടി
text_fieldsപഴയകാലത്തെ അധ്യാപകരുടെ മക്കളിൽ മിക്കവാറും പേർ അനുഭവിച്ചിരുന്ന മൂകവും ഏകാന്തവുമായിരുന്ന കുട്ടിക്കാലമായിരുന്നു എന്റേതും. പേരുകൾ മറന്നുപോയ നൂറായിരം കാട്ടുചെടികളും വയലും തോടും പുഴയും കുന്നും കാടും മലയുമൊക്കെയായി പരന്നുകിടന്നിരുന്ന കുറ്റ്യാട്ടൂർ എന്ന എെൻറ ജന്മദേശവും സമാനമായതും ഭയപ്പെടുത്തുന്നതുമായ ഒരു വിജനത കാത്തുവെച്ചിരുന്നു. അച്ഛന് പാർട്ടിപത്രം വായിച്ചുകൊടുക്കാനായി അമ്മ നേരേത്തതന്നെ പഠിപ്പിച്ചെടുത്ത അക്ഷരങ്ങളായിരുന്നു ആകെയുള്ള കൂട്ട്. ആറാം വയസ്സിൽ തന്നെ പുസ്തകവായനയിലേക്ക് കൈപിടിച്ചുനടത്തിയത് ഇൗ ചങ്ങാത്തമായിരുന്നു. മൂകനടനം തുടരുന്ന പ്രകൃതിയും നിഗൂഢതകൾ നിറച്ചുവെച്ച നാടും ബാല്യത്തെ വല്ലാതെ പേടിപ്പെടുത്തുമ്പോൾ പുസ്തകങ്ങളിലൂടെ പുതിയൊരു ലോകത്തെ അറിയാനുള്ള ധിറുതിയായിരുന്നു എെൻറയുള്ളിൽ. ആറാംവയസ്സിൽതന്നെ വീടിനടുത്തുള്ള ചോല എന്ന വായനശാലയിൽ ആകെയുണ്ടായിരുന്ന 350 പുസ്തകങ്ങളും ഒരൊറ്റ കൊല്ലം കൊണ്ട് ഞാൻ വായിച്ചുതീർത്തു.
എട്ടാം വയസ്സിലാണ് മുട്ടത്തുവർക്കിയുടെ ‘ഇണപ്രാവുകൾ’ വായിക്കുന്നത്. പ്രകൃതിയുടെയും ദേശത്തിെൻറയും സംസ്കാരത്തി െൻറയും നേർചിത്രങ്ങൾ അക്ഷരങ്ങളിലൂടെ അതേപടി വരച്ചുകാട്ടുന്ന നോവൽ അത്യാഹ്ലാദത്തോടെയാണ് വായിച്ചുതീർത്തത്. ഗ്രാമീണജീവിതത്തിെൻറ ചൂടും ചൂരും നിറഞ്ഞ അനുഭവങ്ങളും ഒപ്പം രസകരമായ മുഹൂർത്തങ്ങളും മുട്ടത്തുവർക്കി അക്ഷരങ്ങളിലൂടെ എഴുതിവെക്കുമ്പോൾ അത് വായിക്കുന്നവരിലും പടരും ആ കാറ്റിെൻറ ശീതളിമയും സുഖവും, അതാണ് മുട്ടത്തുവർക്കി മാജിക്! വായന ലഹരിയായിത്തുടങ്ങിയതോടെ, ജീവിതത്തിലെ ഏറ്റവും വലിയ ദൗത്യം വായന തന്നെയാണെന്ന് 12ാം വയസ്സിൽതന്നെ എനിക്ക് ഉറപ്പിക്കാൻ കഴിഞ്ഞിരുന്നു. കാരണം എനിക്ക് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല.
നാട്ടിലെ വായനശാലയിൽ വായിക്കാൻ ഒന്നുമില്ലാതായതോടെ പുസ്തകങ്ങൾ തേടി അഞ്ച് കിലോമീറ്റർ അപ്പുറത്തെ ഗ്രാമത്തിലേക്കുള്ള യാത്രക്കുള്ളതായിരുന്നു പിന്നീടുള്ള എല്ലാ ഞായറാഴ്ചകളും. സുഹൃത്ത് വി.പി. ഗോപാലനുമുണ്ടാകും ഒപ്പം. പാവന്നൂർമൊട്ടയിലെ വായനശാലയിൽ നിന്ന് രണ്ടുപേരും 10 വീതം പുസ്തകങ്ങളെടുക്കും. അടുത്തയാഴ്ചയാകുമ്പോഴേക്കും ഇരുപത് പുസ്തകങ്ങളും രണ്ടുപേരും ആർത്തിയോടെ വായിച്ചുതീർക്കും. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് എം.ടിയുടെ ‘നാലുകെട്ട്’ വായിക്കുന്നത്. കോവൂരിലെ തറവാട്ടുവീട്ടിൽ വിരുന്നിനുവന്ന ബന്ധുവിെൻറ ൈകയിലാണ് പുസ്തകം ആദ്യമായി കാണുന്നത്.
രണ്ടുപകലും രാത്രിയും കഴിഞ്ഞാൽ ബന്ധു തിരികെപോകും. അത്രയും സമയം കൊണ്ട് അതുവായിച്ചുതീർക്കാനായില്ലെങ്കിൽ നഷ്ടമായിരിക്കും. പുസ്തകം കൈക്കലാക്കി നേരെ വാരച്ചാലിലെ സ്വന്തം വീട്ടിലേക്ക് ഒരോട്ടമായിരുന്നു. തട്ടിൻപുറത്തെ തന്നേക്കാൾ ഉയരമുള്ള കൂറ്റൻമേശമേൽ വലിഞ്ഞുകയറി താളുകൾ മറിച്ചുതുടങ്ങി; “ വളരും വളർന്ന് വലിയ ആളാവും. കൈകൾക്ക് നല്ല കരുത്തുണ്ടാകും.” ആദ്യവരി വായിച്ചപ്പോൾതന്നെ തോന്നി, ഇതു എെൻറ ആത്മകഥയാണെന്ന്. പതിയെപ്പതിയെ അക്ഷരങ്ങൾക്ക് ജീവൻ വെക്കുകയായിരുന്നു അപ്പുണ്ണിയിലൂടെ. അവനവനെ മാറ്റിനിർത്തി ഒരു വരി പോലും വായിക്കാനാവില്ല എന്ന ആനന്ദവും ആധിയും ഒരേസമയം പ്രകടമാകുന്ന വരികൾ. വായന പുരോഗമിക്കവെ എെൻറ ഗ്രാമമായ കുറ്റ്യാട്ടൂർ പതിയെ അപ്പുണ്ണിയുടെ കൂടല്ലൂരായി മാറുന്നു. ഭൂപ്രകൃതിയും മനുഷ്യരും വേഷവും എന്തിന് ഭാഷ വരെയും കൂടല്ലൂരും കുറ്റ്യാട്ടൂരും ഒരുപോലെ. ഇരുട്ടിന് കനംവെച്ചതോടെ അമ്മയുടെ ആക്രോശത്തെതുടർന്ന് വാരാച്ചാലിലെ കണ്ണൻ നമ്പ്യാരുടെ കടയിൽ മണ്ണെണ്ണ വാങ്ങാൻ പോയ ഞാൻ എത്തിച്ചേർന്നത് യൂസുപ്പിെൻറ കടയിൽ വെളിച്ചെണ്ണ വാങ്ങാനെത്തിയ അപ്പുണ്ണിയായിട്ടായിരുന്നു.
അച്ഛെൻറ പറ്റുകണക്കിൽ മണ്ണെണ്ണ വാങ്ങി മടങ്ങുമ്പോൾ അപ്പുണ്ണിയുടെ അനാഥത്വവും ദുരിതവും അതേ അളവിൽ തനിക്കില്ലല്ലോ എന്നോർത്ത് പലതവണ ഖേദിച്ചു. മാത്രമല്ല, എന്നെത്തന്നെ ഭയപ്പെടുത്തിയും അത്ഭുതപ്പെടുത്തിയും മറ്റൊരു ചിന്ത കൂടി മനസ്സിൽ നിറഞ്ഞു; അപ്പുണ്ണിയെ പോലെ എനിക്കും അച്ഛനില്ലായിരുന്നെങ്കിൽ!
സമപ്രായക്കാരോടൊത്ത് കളിച്ചതായി ഓർക്കുന്നില്ല, ദിവസം 12 മണിക്കൂർ വരെ വായിച്ചത് ഇന്നും പച്ചപിടിച്ചപോലെ ഓർമയുണ്ട്. അച്ഛൻ മരിച്ചദിവസം ശവസംസ്കാരം കഴിഞ്ഞ് ആളുകളെല്ലാം മടങ്ങിയപ്പോൾ ആനന്ദിെൻറ ‘അഭയാർഥികളാ’യിരുന്നു എനിക്ക് കൂട്ട്. കസാൻദ്സാക്കിസിെൻറ ‘സെൻറ് ഫ്രാൻസിസ് ഓഫ് അസീസി’ വായിക്കാൻവേണ്ടിമാത്രം അവശേഷിക്കുന്ന കാഷ്വൽ ലീവ് മുഴുവനായും എടുക്കാൻ ഒരുമടിയും തോന്നിയിരുന്നില്ല. ഒരാൾ വായിക്കുമ്പോൾ അയാൾ മാത്രമല്ല മാറുന്നത്, ചുറ്റുമുള്ള ലോകവും മാറുന്നുണ്ട്. സ്വയം തിരിച്ചറിയാനുള്ള ആത്മബോധത്തിെൻറ വാതിലുകളാണ് വായന തുറന്നിടുന്നത്. ഞാൻ ഒരാൾ എഴുതിയില്ലെങ്കിൽ എനിക്കോ ലോകത്തിനോ ഒന്നും സംഭവിക്കാൻ പോകുന്നില്ല. എന്നാൽ, പുസ്തകം വായിക്കാത്ത എന്നെക്കുറിച്ച് ചിന്തിക്കാൻ പോലും എനിക്കാകില്ല. മനുഷ്യജീവിതത്തിൽ ഒരു വ്യക്തിക്ക് ആർജിക്കാൻ കഴിയുന്ന അനുഭവങ്ങൾക്ക് പരിധിയുണ്ട്. എന്നാൽ, അതിനെ മറികടക്കാൻ വായനക്ക് കഴിവുണ്ട്. ദസ്തയേവ്സ്കിയുടെ ഒരു നോവൽ പോലും വായിക്കാത്ത ഒരാൾ മനുഷ്യനെന്ന നിലയിൽ അപൂർണനാണെന്നാണ് വിശ്വാസം.
(വെളിച്ചത്തിൽ നിന്ന്; തയാറാക്കിയത്: നാഷിഫ് അലിമിയാൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.