കുമാരനാശാൻ കൃതികൾ സൃഷ്‌ടിച്ച കാവ്യ വിപ്ലവം!
text_fields''സ്നേഹമാണഖിലസാരമൂഴിയില്‍
സ്നേഹസാരമിഹ സത്യമേകമാം
മോഹനം ഭുവനസംഗമിങ്ങതില്‍
സ്നേഹമൂലമമലേ! വെടിഞ്ഞു ഞാന്‍''
കുമാരനാശാൻെറ നളിനിയിലെ പ്രശസ്തമായ ഈ വരികൾ വിദ്യാഭ്യാസകാലം മുതൽ നാം ശ്രവിക്കുന്നതും നമ്മുവെ നാവിൽ തത്തിക്കളിക്കുന്നതുമാണ്. വിശ്വപ്രേമത്തിൻെറ അത്യുദാത്തമായ സങ്കൽപത്തെയാണ് അദ്ദേഹം കുറിച്ചിടുന്നത്. മഹാകാവ്യം എഴുതാതെ തന്നെ മഹാകവിയായ പ്രതിഭയായിരുന്നു കുമാരനാശാൻ. അദ്ദേഹത്തിൻെറ 146ാം ജൻമ വാർഷികമാണ് ഏപ്രിൽ 12ന്.
പുത്തൻ കടവത്ത് നാരായണൻെറയും കൊച്ചുപെണ്ണ് എന്ന കാളി അമ്മയുടേയും രണ്ടാമത്തെ മകനായി 1873 ഏപ്രിൽ 12ന് തിരുവനന്തപുരത്തെ കായിക്കരയിൽ തൊമ്മൻവിളാകം കുടുംബത്തിലാണ് കുമാരനാശാൻെറ ജനനം. നെടുങ്ങണ്ടയിലെ കുടിപ്പള്ളിക്കൂടത്തിൽ നിന്ന് വിദ്യാഭ്യാസം ആരംഭിച്ചു. പിന്നീട് ഉടയാൻ കുഴിയിൽ കൊച്ചുരാമൻ വൈദ്യരുടെ ശിക്ഷണത്തിൽ സംസ്കൃതപഠനം തുടങ്ങിയെങ്കിലും അധികകാലം തുടരാനായില്ല. കായിക്കരയിൽ ചക്കൻവിളകം പ്രൈമറി സ്കൂൾ ആരംഭിച്ചപ്പോൾ അദ്ദേഹം അവിടെ രണ്ടാം ക്ലാസ്സിൽ ചേർന്ന് പഠനം തുടർന്നു. സ്കൂളിൻറെ പ്രധാന അധ്യാപകൻ വിരമിച്ചപ്പോൾ യാത്രയയപ്പ് ചടങ്ങിൽ ചൊല്ലാൻ എഴുതിയ കവിതയിലൂടെയാണ് കുമാരൻ കവിതയെഴുത്തിലുള്ള പ്രാവീണ്യം പ്രകടമാക്കിയത്.
1887ൽ തൻെറ പതിനാലാം വയസ്സിൽ നാലാം ക്ലാസ് വിജയിച്ച കുമാരന് അതേ സ്കൂളിൽ അധ്യാപകനായി ജോലി ലഭിച്ചു. എന്നാൽ അധികകാലം അധ്യാപനം തുടർന്നില്ല. പിന്നീടദ്ദേഹം വ്യാപാരശാലയിൽ കണക്കെഴുത്തുകാരനായും മറ്റും ജോലികൾ നോക്കി. എഴുതുന്നവ പത്രങ്ങൾക്കയച്ചു കൊടുക്കുകയും അതിൽ പലതും പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. കെ.എൻ കുമാരൻ, കുമാരു, കായിക്കര കെ.എൻ കുമാരൻ തുടങ്ങി വിവിധ തൂലികാനാമങ്ങളിലായിരുന്നു രചനകൾ വന്നത്. അങ്ങനെ പതിയെ പതിയെ കുമാരൻ എന്ന കവി മുളപൊട്ടി വളർന്ന് പന്തലിക്കാൻ തുടങ്ങി.
'കോട്ടാറൻ കസവിട്ട മുണ്ട്' എന്നു തുടങ്ങുന്ന ഓണ വർണ്ണനയാണ് കുമാരനാശാേൻറതായി പ്രസിദ്ധീകരിക്കപ്പെട്ട ആദ്യകവിത. നാട്ടിലെ ഓണാഘോഷത്തെക്കുറിച്ച് 'ഉഷ കല്യാണം' എന്നൊരു നാടകവും അദ്ദേഹം അക്കാലത്ത് എഴുതിയിരുന്നു. സംസ്കൃതപണ്ഡിതനായ മണമ്പൂർ വാഴാംകോട്ട് ഗോവിന്ദനാശാൻ നെടുങ്കണ്ടയിൽ എത്തുകയും വിജ്ഞാന സന്ദായിനി എന്നപേരിൽ പാഠശാല ആരംഭിക്കുകയും ചെയ്തപ്പോൾ കുമാരനാശാൻ അവിടെ വിദ്യാർഥിയായി. വള്ളി വിവാഹം(അമ്മാനപ്പാട്ട്), സുബ്രഹ്മണ്യ ശതകം (സ്തോത്രം), ഉഷാ കല്യാണം (നാടകം) എന്നിവ ഇക്കാലത്താണ് രചിച്ചത്. ഏകദേശം ഇരുപത് വയസ്സ് പ്രായമായപ്പോൾ കുമാരൻ വക്കം സുബ്രഹ്മണ്യക്ഷേത്രത്തിൽ അന്തേവാസിയാവുകയും മതഗ്രന്ഥ പാരായണത്തിലും, യോഗാസനത്തിലും ധ്യാനത്തിലും മുഴുകുകയും ചെയ്തു. അക്കാലത്ത് അദ്ദേഹം ക്ഷേത്രപരിസരത്ത് ഒരു സംസ്കൃതപാഠശാല ആരംഭിച്ച് സംസ്കൃതം പഠിപ്പിച്ചു തുടങ്ങിയതോടെയാണ് കുമാരൻ 'കുമാരനാശാൻ' ആയത്.
1891ൽ കുമാരനാശാനും ശ്രീനാരായണഗുരുവും തമ്മിൽ നടന്ന കൂടിക്കാഴ്ച ആശാൻറെ ജീവിതത്തിലെ പ്രധാന വഴിത്തിരിവായിരുന്നു. കുമാരനിലെ പ്രതിഭയെ മനസിലാക്കിയ ഗുരു അദ്ദേഹത്തെ അരുവിപ്പുറത്തേക്ക് ക്ഷണിച്ചു. അങ്ങനെ കുമാരനാശാൻ ശ്രീനാരായണ ഗുരുവിൻറെ ശിക്ഷ്യനായി. അങ്ങനെയിരിക്കെ ഉപരിപഠനത്തിനായി ഗുരു ബാംഗ്ലൂരിലേക്കയച്ച കുമാരനാശാൻ ഡോക്ടർ പൽപുവിനെ പരിചയപ്പെട്ടു.
അബ്രാഹ്മണർക്ക് പ്രവേശനം ലഭിക്കാൻ ബുദ്ധിമുട്ടായിരുന്നിട്ട്കൂടി ഡോ.പൽപുവിൻെറ സ്വാധീനത്തിൽ ബാംഗ്ലൂർ ശ്രീ ചാമരാജേന്ദ്ര സംസ്കൃതകോളേജിൽ പഠിക്കാനുള്ള അവസരം കുമാരനാശാന് ലഭിച്ചു. ന്യായശാസ്ത്രമായിരുന്നു ഇവിടെ അദ്ദേഹത്തിൻെറ ഐച്ഛിക വിഷയം. ആശാൻ പിന്നീട് ബംഗാളി ഭാഷയിലും ഇംഗ്ലീഷിലും അവഗാഹം നേടി. അരുവിപ്പുറത്ത് തിരിച്ചെത്തിയ ആശാൻ പിന്നീട് ഗുരുവിൻറെ പ്രവർത്തനങ്ങളിൽ സഹായിയായി. ശ്രീനാരായണ ഗുരുവിൻറെ സ്വാധീനം ആശാനെ വേദാന്തിയാക്കി. മൃത്യുഞ്ജയവും വിചിത്ര വിജയവും ആശാൻ അക്കാലത്ത് എഴുതിയ രണ്ട് നാടകങ്ങളാണ്.
1903 മെയ് 15ന് ശ്രീനാരായണ ധർമ്മപരിപാലനയോഗം സ്ഥാപിതമായി. കുമാരനാശാനായിരുന്നു സംഘടനയുടെ ജനറൽ സെക്രട്ടറി. ശ്രീനാരായണഗുരു അധ്യക്ഷനും ഡോ.പൽപ്പു ഉപാധ്യക്ഷനുമായി. എസ്.എൻ.ഡി.പി യോഗത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല കുമാരനാശാൻറെ സാമൂഹിക രാഷ്ട്രീയ ജീവിതം.
1918ല്‍ തൻെറ നാൽപ്പത്തഞ്ചാം വയസ്സിലാണ് ആശാൻ വിവാഹിതനായത്. തിരുവനന്തപുരം കുന്നുകുഴി കമലാലയം ബംഗ്ലാവിൽ കെ. ഭാനുമതിയമ്മയായിരുന്നു ഭാര്യ. ആറുവർഷമെ ഇവർ ഒരുമിച്ചു ജീവിച്ചിട്ടുള്ളൂ. ഇവർക്ക് സുധാകരന്‍, പ്രഭാകരന്‍ എന്നീ രണ്ട് പുത്രന്‍മാരുണ്ടായി.
''ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര
ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ! നീ
ശ്രീ ഭൂവിലസ്ഥിര-അസംശയം-ഇന്നു നിൻെറ-
യാഭൂതിയെങ്ങു പുനരിങ്ങു കിടപ്പിതോർത്താൽ''
ആശാൻെറ 'വീണ പൂവ്' എന്ന ഖണ്ഡകാവ്യത്തിെൽ വരികളാണിത്. ഒരു പൂ വിരിയുന്നത് മുതൽ കൊഴിഞ്ഞു പോകുന്നത് വരെയുള്ള സമയത്തെ കുറിച്ചുകൊണ്ട് മനുഷ്യജീവിതത്തിൻെറ നേർചിത്രമാണ് അദ്ദേഹം വീണ പൂവിലൂടെ പകർന്ന് തരുന്നത്. 1907ൽ മിതവാദി പത്രത്തിലും തുടർന്ന് ഭാഷാപോഷിണിയിലും പ്രസിദ്ധീകരിച്ചുവന്ന ഈ കൃതിയിൽ 41 ശ്ലോകങ്ങളാണുള്ളത്.
''പഴകിയ തരുവല്ലി മാറ്റിടാം
പുഴയൊഴുകുംവഴി വേറെയാക്കിടാം
കഴിയുമവ മനസ്വിമാർ മനസ്സൊഴിവത
ശക്യമൊരാളിലൂന്നിയാൽ''
1914ൽ ആശാൻ രചിച്ച ലീല എന്ന കൃതിയിലെ വരികളാണിത്. ദിവ്യ പ്രണയത്തിൻെറ ഉദാത്ത ഭാവത്തെ ഉയർത്തി പിടിക്കുന്ന കൃതിയാണ് ലീല. മാംസ നിബന്ധമല്ലാത്ത പ്രണയത്തിൻെറ വിശുദ്ധതയാണ് ലീലയിൽ അദ്ദേഹം പറഞ്ഞുവെക്കുന്നത്. "ദേഹം വെടിഞ്ഞാല്‍ തീരുന്നില്ലീ പ്രണയജടിലം ദേഹിതന്‍ ദേഹബന്ധം'' എന്ന വരികളിൽ തന്നെ പ്രണയം ശരീരത്തിലല്ല ആത്മാംശത്തിൻെറ ഭാഗമാണെന്ന വലിയ സന്ദേശമാണ് കുമാരനാശാൻ നൽകുന്നത്. മരണത്തിൽ അവസാനിക്കുന്നതല്ല സ്നേഹമെന്ന സത്യമെന്ന് കുമാരനാശാനെന്ന സ്നേഹഗായകൻ അടിവരയിടുന്നു.
ജാതി വ്യവസ്ഥക്കെതിരെയും ആശാൻെറ തൂലിക പടവെട്ടിയിട്ടുണ്ട്. ജാതീയത കൊടുമ്പിരികൊണ്ട കാലഘട്ടത്തിൽ അവക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിക്കുകയും താക്കീത് നൽകുകയുമാണ് ആശാൻെറ 'ദുരവസ്ഥ'.
''തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ
ദൃഷ്ടിയിൽപ്പെട്ടാലും ദോഷമുള്ളോർ
കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ
യൊട്ടല്ല ഹോ ജാതിക്കോമരങ്ങൾ''
ദിവ്യ പ്രണയവും മനുഷ്യ ജീവിതവുമാക്കെ വിഷയമാക്കിയ ആശാൻെറ പോരാട്ട വീര്യമാണ് പിൽക്കാല കവിതകളിൽ കണ്ടത്. സാമൂഹിക പരിഷ്കർത്താവായ കവിയായി ആശാൻ മാറുകയായിരുന്നു.
''മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ
മറ്റുമതുകളീ നിങ്ങളേ താൻ
കാലം വൈകിപ്പോയി, കേവലമാചാര-
നൂലുകളെല്ലാം പഴകിപ്പോയി,
കെട്ടിനിറുത്താൻ കഴിയാതെ ദുർബ്ബല-
പ്പെട്ട ചരടിൽ ജനത നിൽക്കാം.
മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ
മറ്റുമതുകളീ നിങ്ങളേ താൻ..''
അനാചാരങ്ങൾക്കെതിരെ ആശാൻ എഴുതിയ വരികൾ ഇന്നും പല കാര്യങ്ങളിലും പ്രസക്തമാെണന്ന് നിസ്സംശയം പറയാം. അനാചാരങ്ങളുടെയും ജാതീയയുടെ പേരിലുള്ള അതിക്രമങ്ങളിലും പൊറുതി മുട്ടിയ കാലത്തോട് കലഹിച്ച കവി സ്വാതന്ത്ര്യത്തിൻെറ പ്രാധാന്യത്തേയും സമൂഹത്തെ ബോധവാനാക്കി.
"സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്കു
മൃതിയെക്കാള്‍ ഭയാനകം"
മണിമാല എന്ന കവിതാ സമാഹാരത്തിലെ ഒരു ഉദ്‌ബോധനം എന്ന കവിതയിലെ വരികളാണിത്. സ്വാതന്ത്ര്യത്തിനു വേണ്ടി ഉദ്ഘോഷിക്കുവാൻ ഈ വരികളേക്കാൾ ശ്രേഷ്ഠമായത് കണ്ടെത്താൻ പ്രയാസകരമായിരിക്കും. കവിയെന്ന നിലയിൽ മദ്രാസ് സർവകലാശാലയുടെ കീർത്തിമുദ്ര ലഭിച്ച വ്യക്തിയാണ് കുമാരനാശൻ. കുമാരനാശാനൊപ്പം വള്ളത്തോളും ബഹുമതിക്ക് അർഹനായി. കൂടാതെ 1922ല്‍ കേരളത്തിലെ മഹാകവി എന്ന നിലയില്‍ അദ്ദേഹം ഇംഗ്ലണ്ടിലെ വെയിൽസ് രാജകുമാരനില്‍ നിന്ന് പട്ടും വളയും സമ്മാനമായി സ്വീകരിച്ചു.
വീണപൂവ് (1907), ഒരു സിംഹപ്രസവം(1908),നളിനി(1911), ലീല (1914), ബാലരാമായണം (1916), ഗ്രാമവൃക്ഷത്തിലെ കുയിൽ(1918), പ്രരോദനം(1919), ചിന്താവിഷ്ടയായ സീത(1919), ദുരവസ്ഥ(1922), ചണ്ഡാലഭിക്ഷുകി(1922), കരുണ(1923) എന്നിവ അദ്ദേഹത്തിൻെറ പ്രധാന കൃതികളാണ്. കുട്ടിയും തള്ളയും, കൊച്ചുകിളി, പൂക്കാലം, മിന്നാമിനുങ്ങ്, അമ്പിളി, കർഷകൻറെ കരച്ചിൽ എന്നിവ അദ്ദേഹത്തിൻെറ ലഘുകാവ്യങ്ങളിൽ ചിലതാണ്.
1924 ജനുവരി 16ന് ഒരു പരിപാടിയിൽ പങ്കെടുത്ത് കൊല്ലത്തുനിന്ന് ആലപ്പുഴയ്ക്കുള്ള യാത്രയ്ക്കിടയിൽ അദ്ദേഹം സഞ്ചരിച്ച റെഡിമർ എന്ന ബോട്ട് പല്ലനയാറ്റിൽ മുങ്ങി 51ാം വയസ്സിൽ അദ്ദേഹം ലോകത്തോട് വിട പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.