ഷേക്‌സ്‌പിയര്‍ സ്ത്രീയായിരുന്നോ?
text_fieldsലോകമെങ്ങും ആരാധകരുള്ള മഹാസാഹിത്യകാരൻ വില്യം ഷേക്‌സ്‌പിയറുടെ കൃതികള്‍ യഥാർഥത്തിൽ എഴുതിയിരുന്നത് ഒരു വനിതയായിരുന്നുവെന്ന വാദവുമായി ഗവേഷകന്‍ രംഗത്തെത്തി. ഷേക്‌സ്‌പിയറെക്കുറിച്ച് ഗവേഷണം നടത്തുന്ന ജോണ്‍ ഹഡ്‌സണ്‍ ആണ് "ഷേക്‌സ്‌പിയേഴ്‌സ് ഡാര്‍ക് ലേഡി" എന്ന പുസ്‌തകത്തിലൂടെ ഇക്കാര്യം പറയുന്നത്. നൂറ്റാണ്ടുകളായി ഇക്കാര്യത്തിൽ പല തരത്തിലുള്ള വാദങ്ങളും പ്രതിവാദങ്ങളും ഉണ്ടായിട്ടുണ്ട്. ഇതിനിടയിലാണ് ഷേക്സ്പിയറിനെക്കുറിച്ച് ഗവേഷണം നടത്തുന്നയാൾ തന്നെ ഷേക്സ്പിയർ വനിതയായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകളുമായി മുന്നോട്ടുവന്നിരിക്കുന്നത്.
അമേലിയ ബസ്സാനോ എന്ന ജൂതസ്ത്രീ ആയിരുന്നു ഈ കൃതികൾ എഴുതിയിരുന്നത് എന്നാണ് ഹഡ്സന്‍റെ വാദം. 1569 ല്‍ ജൂത കുടുംബത്തിലാണത്രേ അമേലിയ ജനിച്ചത്. മൊറോക്കോയിലായിരുന്നു പൂര്‍വികര്‍. അന്നത്തെ ഇംഗ്ലണ്ടില്‍ സ്ത്രീകൾ പുരുഷന്മാരുടെ പേരിൽ എഴുതുന്നത് സാധാരണമായിരുന്നു. സ്ത്രീകളായ എഴുത്തുകാർക്ക് അംഗീകാരം ലഭിക്കാത്തതിനാലാണ് പുരുഷനാമങ്ങളിൽ ഇവർക്ക് എഴുതേണ്ടിവന്നത്. അമേലിയ കണ്ടെത്തിയ പേരായിരുന്നു ഷേക്സ്പിയർ എന്നത്. ഇറ്റലിയില്‍നിന്നാണ് അമേലിയയുടെ പൂര്‍വികര്‍ ഇംഗ്ലണ്ടിലെത്തിയത്.
ഷേക്സ്പിയർ കൃതികളിൽ ജൂതന്മാരെ കുറിച്ച് വളരെ വിശദമായിത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല ഇറ്റലിയുടെ ഭൂമിശാസ്ത്രവും പല കൃതികളിലും വിശദമായിത്തന്നെ പ്രതിപാദിക്കുന്നതും തന്‍റെ വാദത്തെ സാധൂകരിക്കുന്നുണ്ടെന്നാണ് ഹഡ്സന്‍റെ കണ്ടെത്തൽ.
ജീവിച്ചിരുന്നപ്പോൾ അത്രയൊന്നും പ്രസിദ്ധനല്ലാത്ത ഷേക്സ്പിയർ 38 നാടകങ്ങളും 154 ഗീതകങ്ങളും കാവ്യങ്ങളും എഴുതി. മരണശേഷം ഇദ്ദേഹത്തിന്‍റെ പ്രശസ്തി പതിൻമടങ്ങായി വർധിച്ചു. ഇദ്ദേഹത്തിന്‍റെ കൃതികൾ എല്ലാം തന്നെ ലോകത്തിലെ പ്രധാന ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല ലോകത്ത് ഏറ്റവും കൂടുതൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളതും ഇപ്പോഴും അവതരിക്കപ്പെടുന്നതും ഇദ്ദേഹത്തിന്‍റെ നാടകങ്ങളാണ്. കിങ് ലിയർ, ഹാംലെറ്റ്, മാക്ബെത്ത് തുടങ്ങിയ നാടകങ്ങൾ ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും മികച്ച ദുരന്തനാടകങ്ങളായാണ് കണക്കാക്കപ്പെടുന്നത്.
നാടക രചനാശാസ്ത്രത്തിലും നരവംശ ശാസ്ത്രത്തിലും സോഷ്യോളജിയിലും പ്രമുഖ സ്ഥാപനങ്ങളിൽ നിന്നും ഡോക്ടറേറ്റുകൾ എടുത്തയാളാണ് ഹഡ്സൺ. ഷേക്സ്പിയറിനെക്കുറിച്ചും അദ്ദേഹത്തിന്‍റെ രചനകളെക്കുറിച്ചും നിരവധി പഠനങ്ങൾ ഇദ്ദേഹത്തിന്‍റെതായി പുറത്തുവന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.