തറവാടിത്തം, സ്വാശ്രയത്വം, മഹത്ത്വം.. ഇതെന്താ ഒരു വ്യവസ്ഥയുമില്ലേ..?
text_fieldsഭാഷയിലെ ചില പ്രയോഗങ്ങള്‍ കണ്ടാല്‍ ഒരു വ്യവസ്ഥയുമില്ലെന്ന് തോന്നിപ്പോകും. വ്യത്യസ്തരീതിയില്‍ എഴുതാറുള്ള പ്രയോഗങ്ങളിലൊന്നാണ് ത്തം, ത്വം, ത്ത്വം, എന്നിവ. ഇതിന് എന്തെങ്കിലും വ്യവസ്ഥയുണ്ടോ? അതുപോലുള്ളത്, അതിന്‍െറ അവസ്ഥ, ഭാവം, സ്ഥിതി എന്നീ അര്‍ഥങ്ങളാണ് ഈ ത്തം,ത്ത്വം,ത്വം പ്രയോഗങ്ങള്‍കൊണ്ട് സിദ്ധിക്കുന്നത്. നാമങ്ങളില്‍നിന്ന് മറ്റു നാമരൂപങ്ങളുണ്ടാക്കാന്‍ വേണ്ടിയാണ് മിക്കപ്പോഴും ഇത് ചേര്‍ക്കുന്നത്. വിഡ്ഢി എന്ന വാക്കിനോട് ത്തം ചേര്‍ന്നാണ് വിഡ്ഢിയുടെ ഭാവം എന്ന അര്‍ഥത്തിലുള്ള വിഡ്ഢിത്തം എന്ന വാക്കുണ്ടാകുന്നത്.
ത്തം, ത്വം എന്നിങ്ങനെ രണ്ടു പ്രത്യയങ്ങളാണുള്ളത്. ത്തം ഭാഷാപ്രത്യയവും ത്വം സംസ്കൃതപ്രത്യയവുമാണ്. ത്ത്വം എന്നത് സംസ്കൃത സന്ധിയില്‍ ഇരട്ടിച്ചുണ്ടാകുന്ന രൂപമാണ്. ആധുനിക മലയാളഭാഷയില്‍ സംസ്കൃതത്തില്‍നിന്ന് സ്വീകരിച്ച ധാരാളം പദങ്ങളുണ്ടല്ളോ. അതോടൊപ്പം, തനി ദ്രാവിഡപദങ്ങളുമുണ്ട്. വ്യാകരണകാര്യത്തില്‍ 99 ശതമാനവും മലയാളം ദ്രാവിഡഭാഷാനിയമങ്ങളാണ് പിന്തുടരുന്നതും. സംസ്കൃതവും മലയാളവും ചേര്‍ത്തെഴുതുന്ന മണിപ്രവാളം എന്നൊരു സമ്പ്രദായമുണ്ടായിരുന്നു. അക്കാലത്ത് സംസ്കൃവിഭക്തി ചേര്‍ന്ന രൂപങ്ങള്‍ അങ്ങനെ തന്നെ പ്രയോഗിക്കുന്ന ശീലമുണ്ടായിരുന്നു. ഏതാണ്ട് അതുപോലെയാണ് മലയാളത്തില്‍ കാണുന്ന ത്വം ചേര്‍ന്ന രൂപങ്ങള്‍.
തറവാടിത്തം, തണ്ടു തപ്പിത്തം, മുതലാളിത്തം, താന്തോന്നിത്തം, തെമ്മാടിത്തം തുടങ്ങിയ പദങ്ങളില്‍ കാണുന്ന ത്തം തനി ദ്രാവിഡമായ പ്രത്യയമാണ്. തനിമലയാള വാക്കുകളിലാണ് ഇങ്ങനെ ത്തം ചേരുക. പരത്വം, ദ്വിത്വം, ത്രിത്വം, നാനാത്വം, നിഷ്ക്രിയത്വം, പരത്വം, മനഷ്യത്വം, ബഹുഭാര്യത്വം, മൂഢത്വം തുടങ്ങിയ വാക്കുകളില്‍ കാണുന്ന ത്വം സംസ്കൃതപ്രത്യയമാണ്. സ്ഥിതി, അവസ്ഥ എന്നൊക്കെയാണ് ഇതിന്‍െറഅര്‍ഥം. പരത്വം എന്ന വാക്ക് പര+ത്വം =പരത്വം ആണ്. വേറൊന്ന് എന്ന അവസ്ഥ എന്നാണ് അര്‍ത്ഥം.
തത്ത്വം, താത്ത്വികം, തത്ത്വജ്ഞാനി, തത്ത്വമസി, മഹത്ത്വം, ബുദ്ധിമത്ത്വം, ബൃഹത്ത്വം തുടങ്ങിയ വാക്കുകളില്‍ കാണുന്ന ത്ത്വം എങ്ങനെയുണ്ടാവുന്നതാണെന്നു നോക്കാം. തത്+ത്വം ആണ് തത്ത്വം ആകുന്നത്. മഹത്+ത്വം ആണ് മഹത്ത്വം. ബൃഹത്+ത്വം ബൃഹത്ത്വവും ആകുന്നു. ത്ത്വം വരുന്ന പ്രയോഗങ്ങള്‍ താരതമ്യേന കുറവാണ്.
ഭാഷാപദങ്ങളാണെങ്കില്‍ ത്തം, സംസ്കൃതരൂപങ്ങളാണെങ്കില്‍ ത്വം, പ്രകൃതിയില്‍ത്തന്നെ ‘ത്’ ഉള്ള സംസ്കൃതരൂപങ്ങളാണെങ്കില്‍ ത്ത്വം എന്നാണ് വ്യവസ്ഥ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.