ഒളിവിൽ കഴിയേണ്ടവളല്ല ഞാൻ...സെക്സ് റാക്കറ്റിലകപ്പെട്ട ബംഗ്ളാ എഴുത്തുകാരി പറയുന്നു
text_fieldsപീഡിപ്പിക്കപ്പെട്ട ബംഗ്ളാദേശുകാരിയായും നിഴൽ എന്നർഥം വരുന്ന സായയായും ഇവിടെത്തന്നെ ഉണ്ടായിട്ടും നമ്മുടെ കൺവെട്ടത്ത് വരാതെ മറഞ്ഞുനിന്ന അവൾ ഇനിയും ഒളിച്ചിരിക്കാൻ തയ്യാറല്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. അയേഷ സിദ്ദിഖ- അതാണവളുടെ പേര്. ബംഗ്ളാദേശിലെ കച്ചുവയില്‍ ഒരു പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച, മൂന്നുമക്കളുടെ അമ്മയായ മുപ്പത്തിയഞ്ചുകാരി ധീരമായ തീരുമാനമെടുത്തിരിക്കുന്നു, തന്നോട് മറ്റുള്ളവർ ചെയ്ത തെറ്റിന്‍റെ പേരില്‍ മുഖം മറച്ചിരിക്കേണ്ടവളല്ല താനെന്ന്.
കോഴിക്കോട് നിന്ന് തിരികെ സ്വന്തം നാട്ടില്‍ ചെന്നിറങ്ങിയപ്പോള്‍ മുതല്‍ അനുഭവിക്കുന്നത് നിന്ദകൾ മാത്രമാണ്. 'ഞാന്‍ തിരിച്ചെത്തിയതില്‍ പിന്നെ എന്‍റെ അമ്മയും മൂന്നുമക്കളുമല്ലാതെ മറ്റാരും എന്നോട് ശരിക്ക് സംസാരിച്ചിട്ടില്ല. ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ പിറകില്‍ നിന്ന് സംസാരിക്കുന്നു. അയല്‍ക്കാര്‍ അവരുടെ കുട്ടികളെ എന്‍റെ കുട്ടികളുടെ കൂടെ കളിക്കാന്‍ വിടുന്നില്ല.'' ബംഗ്ലാദേശ് ഓണ്‍ലൈന്‍ പത്രമായ ദ ഡെയ്‌ലി സ്റ്റാറിനോട് അനുഭവങ്ങള്‍ വിവരിക്കുയായിരുന്നു അവൾ.
നമ്മുടെ നാട്ടിൽ വെച്ച് അവൾ ബീഡനം ഏറ്റുവാങ്ങിയതോർത്ത് കുറ്റബോധത്തില്‍ തലകുനിച്ചപ്പോഴും അവളുടെ മുഖം വ്യക്തമായിരുന്നില്ല. സായ എന്ന് നാം നൽകിയ പേര് വലിച്ചെറിഞ്ഞുകൊണ്ട് അവൾ ധൈര്യത്തോടെ വിളിച്ചു പറയുന്നു. എനിക്ക് നിഴലായ് ഒതുങ്ങണ്ട. വെളിച്ചത്തിന്‍റെ രുചിയറിയണം.
'നിങ്ങള്‍ എന്നോട് എങ്ങനെ വേണമെങ്കിലും പെരുമാറിക്കൊള്ളൂ. ഞാന്‍ എല്ലാവരേയും സ്‌നേഹിക്കും. എല്ലാവരോടും പറയാന്‍ ഞാൻ ആഗ്രഹിക്കുന്നത് ഒരേയൊരു കാര്യമാണ്. കഷ്ടപ്പാടുകള്‍ അനുഭവിക്കുന്ന, എന്നെപ്പോലെ അപമാനിക്കപ്പെട്ട എന്‍റെ രാജ്യത്തെ സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക. ആരേയും ആശ്രയിക്കാതെ രണ്ടുകാലുകളിൽ നിൽക്കാൻ സ്ത്രീകളെ പ്രാപ്തരാക്കുക'
പന്ത്രണ്ടുവയസ്സുള്ളപ്പോഴാണ് അയേഷ വിവാഹിതയാകുന്നത്. എട്ടാംക്ലാസ് പോലും പൂര്‍ത്തിയാക്കാനാകാതെ. 2007 മുതൽ തയ്യല്‍ പഠിച്ചു. കുട്ടികളുടെ വസ്ത്രങ്ങള്‍ തുന്നി വില്‍പന നടത്തുന്ന ചെറിയ ബിസിനസ് സ്വന്തം വീട്ടില്‍ ആരംഭിച്ചു. സ്വന്തം കാലിൽ നിൽക്കാനുള്ള അവളുടെ എളിയ ശ്രമമായിരുന്നു അത്. മൂന്ന് മക്കളുടെ വിദ്യാഭ്യാസത്തിനായിരുന്നു ആ വരുമാനം അവള്‍ നീക്കിവെച്ചത്. ഭർത്താവിന്‍റെ വരുമാനം കൊണ്ടുമാത്രം എല്ലാം നടത്തിക്കൊണ്ടുപോകാനാകുമായിരുന്നില്ല.
ഇതിനിടയിലെല്ലാം കവിതകളെഴുതാനും ചിത്രം വരക്കാനും സമയം കണ്ടെത്തിയിരുന്നു അയേഷ. മാഗസിനുകളിലും മറ്റും കവിതകൾ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. സാധാരണക്കാരനായിരുന്ന ഭര്‍ത്താവിന് ഇതൊന്നും ഇഷടമായില്ല. എങ്കിലും ഇത്തരം സർഗാത്മക പ്രവർത്തനങ്ങളിൽ നിന്ന് അയാൾ ഒരിക്കലും അവളെ തടഞ്ഞതുമില്ല.
തലവേദന ചികിത്സക്കായി ഭർത്താവുമൊരുമിച്ച് ഇന്ത്യയിലേക്ക് വരാനിരിക്കുകയായിരുന്നു അയേഷ. എന്നാൽ രണ്ടുപേരും തമ്മിൽ വഴക്കിട്ടതോടെ അവൾ തനിയെ യാത്ര ചെയ്യാൻ തീരുമാനമെടുത്തു. ബംഗ്ളാദേശ് അതിർത്തി കടന്നപ്പോഴേക്കും അവൾ മാനസികമായി തളർന്നു. ഒറ്റപ്പെടൽ, കുഞ്ഞുങ്ങളെയോർത്തുള്ള വിഷമം എല്ലാം കൊണ്ട് റോഡിൽ തളർന്നിരുന്ന അവളെ ഒരു അപരിചിതൻ സമാധാനിപ്പിച്ചു. ഇന്ത്യയിൽ നല്ല ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞു. അയാൾ ഏർപ്പാടിക്കിയ മറ്റൊരാൾക്കൊപ്പമാണ് അയേഷ ബോഗ റെയിൽവെ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടത്. ഡം ഡം കഴിഞ്ഞപ്പോൾ സഹയാത്രികൻ സിഗരറ്റ് പുക മുഖത്തൂതി എന്ന് മാത്രമേ അവൾക്കോർമ്മയുള്ളൂ. പിന്നീട് ബോധം വീഴുമ്പോൾ ഒരു ടോയ് ലെറ്റിൽ പൂട്ടിയിടപ്പെട്ട നിലയിലായിരുന്നു അവൾ.
പാസ്പോർട്ടും ബാഗും മറ്റ് യാത്രാരേഖകളും നഷ്ടപ്പെട്ടിരിക്കുന്നു. മൂന്ന് ദിവസം ടോയ് ലെറ്റ് പൈപ്പിലെ വെള്ളം മാത്രം കുടിച്ച് ജീവിച്ചു. നാലാം ദിവസം ദമ്പതികൾ വന്ന് വാതിൽ തുറന്നു. ഫ്ളാറ്റിൽ ലൈംഗിംക വൃത്തി ചെയ്യണമെന്നായിരുന്നു അവരുടെ ആവശ്യം. അവളുടെ നഗ്നചിത്രങ്ങള്‍ ഇന്‍റര്‍നെറ്റിലിടുമെന്നും മക്കളെ വിവരമറിയിക്കുമെന്നും അവര്‍ ഭീഷണിപ്പെടുത്തി. പട്ടിണി, ബന്ധനം, ഭീഷണി എന്നിവക്ക് മുന്നിൽ അധികം ദിവസങ്ങൾ പിടിച്ചുനിൽക്കാൻ അവൾക്കായില്ല. അവരുടെ ആവശ്യത്തിന് കീഴടങ്ങിയതോടെയാണ് ടോയ് ലെറ്റിൽ നിന്ന് മോചിപ്പിക്കപ്പെട്ടത്.
ഒരു ദിവസം എല്ലാവരും ഉറങ്ങിക്കിടക്കുമ്പോള്‍ ഫ്ളാറ്റിൽ നിന്ന് അവൾ രക്ഷപ്പെട്ടു. ഒരു നഴ്‌സിന്‍റെ സഹായത്തോടെ ആദ്യം പോലീസ് സ്‌റ്റേഷനിലേക്കും പിന്നീട് മഹിളാമന്ദിരത്തിലേക്കും നിര്‍ഭയയിലേക്കും എല്ലാം അവളുടെ ജീവിതം പറിച്ച് നടപ്പെട്ടു. വിവരമറിഞ്ഞ് ഇന്ത്യയിലെത്തിയ ഭർത്താവ് പക്ഷെ അവളെ തിരികെ കൊണ്ടുപോയില്ല. ആ നാളുകളിലാണ് കേരളത്തിലെ ആംസ് ഓഫ് ജോയ് പ്രവർത്തകരെ പരിചയപ്പെടുന്നത്. അവരും നിര്‍ഭയയിലെ അന്തേവാസികളും അവളെ വീണ്ടും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നു.
അയേഷായുടെ കവിതകൾ വിവർത്തനം ചെയ്ത് പുസ്തകമായി മാറി. 'ഞാന്‍ എന്ന മുറിവി'ന് നല്ല സ്വീകരണമാണ് മലയാളികൾ നൽകിയത്. കോഴിക്കോട് നഗരത്തിൽ അവളുടെ ചിത്രങ്ങളുടെ പ്രദർശനം നടന്നു. കവയത്രിയും ചിത്രകാരിയുമായി വാർത്തകളിൽ ഇടം പിടിച്ചപ്പോഴും സ്വന്തം മുഖം പുറത്ത് കാണിക്കാൻ അവൾക്ക് അനുവാദമില്ലായിരുന്നു. എപ്പോഴും ഇരയായി, മുഖമില്ലാത്തവളായി നിഴലായി ഒതുങ്ങുകയായിരുന്നു അവൾ. എല്ലായ്പ്പോഴും കൂട്ടബലാത്സംഗത്തിനിരയായ ബംഗ്ലാദേശി യുവതി എന്നത് മാത്രമായി അവളുടെ വ്യക്തിത്വം.
ആംസ് ജോയ് പ്രവർത്തകരുടെ പരിശ്രമ ഫലമായി ചേർന്ന് നാട്ടിലെത്തിച്ച അയേഷ സ്വന്തം മുഖം ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനുള്ള കരുത്ത് നേടിയെടുത്തിയിരിക്കുകയാണ്. തുടർന്നുള്ള ജീവിതത്തിലും ഈ കരുത്തായിരിക്കട്ടെ അവളുടെ കൂട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.