Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightനാട്ടുമൊഴിയുടെ കഥാകാരൻ

നാട്ടുമൊഴിയുടെ കഥാകാരൻ

text_fields
bookmark_border
നാട്ടുമൊഴിയുടെ കഥാകാരൻ
cancel

നാട്ടുമൊഴിയുടെ വേറിട്ട ഭാഷയില്‍ കഥ പറഞ്ഞ അക്ബര്‍ കക്കട്ടിൽ, പി. അബ്ദുള്ളയുടെയും സി.കെ കുഞ്ഞാമിനയുടെയും മകനായി കോഴിക്കോട് ജില്ലയിലെ കക്കട്ടിലിൽ 1954 ജൂലൈ 7ന്‌ ജനിച്ചു. കക്കട്ടിൽ പാറയിൽ എൽ.പി സ്കൂൾ, വട്ടോളി സംസ്കൃതം സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ഫാറൂഖ് കോളജ്, മടപ്പള്ളി ഗവ. കോളജ് എന്നിവിടങ്ങളിൽ നിന്ന് പ്രീഡിഗ്രി പാസായ അദ്ദേഹം മടപ്പള്ളി ഗവ. കോളേജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദമെടുത്തു.

ഒന്നാം വർഷം തൃശൂർ കേരളവർമ കോളേജിലും രണ്ടാം വർഷം തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലും പഠിച്ച അക്ബർ കക്കട്ടിൽ മലയാളത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. തലശ്ശേരി ഗവ. ട്രെയിനിങ് കോളജിൽ നിന്ന് വിദ്യാഭ്യാസത്തിൽ ബിരുദം നേടി. ഇതിനിടെ, മടപ്പള്ളി ഗവ. കോളജിലും തലശേരി ഗവ. ട്രെയിനിങ് കോളജിലും യൂണിയൻ ചെയർമാനായും കാലിക്കറ്റ് സർവകലാശാലാ യൂണിയൻ എക്സിക്യൂട്ടീവ് അംഗമായും പ്രവർത്തിച്ചു.

പഠനത്തിന് ശേഷം വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം അധ്യാപകനായി അക്ബർ കക്കട്ടിൽ ജോലിയിൽ പ്രവേശിച്ചു. ഇതിനിടെ കൂത്താളി ഹൈസ്കൂളിലും കുറ്റ്യാടി ഗവ. ഹൈസ്കൂളിലും കോട്ടയം ജില്ലാ നവോദയ വിദ്യാലയത്തിലും ജോലി ചെയ്തിട്ടുണ്ട്. ദീർഘകാലം വട്ടോളി സ്കൂൾ അധ്യാപകനായിരുന്നു. ഇവിടെ നിന്നാണ് വിരമിച്ചത്.

ഹൈസ്കൂൾ വിദ്യാർഥിയായിരിക്കെ എഴുത്താരംഭിച്ച അദ്ദേഹം മാതൃഭൂമി ആഴ്ചപതിപ്പിലെ ബാലപംക്തിയിലൂടെ ശ്രദ്ധിക്കപ്പെട്ടു. വിദ്യാർഥിയായിരിക്കുമ്പോൾ സംസ്കൃത പഠനത്തിന് കേരള സർക്കാരിന്‍റെ മെരിറ്റ് സ്കോളർഷിപ്പ്, മലയാള മനോരമ പ്രൈസ്, കോഴിക്കോട് സർവകലാശാല യൂണിയൻ പ്രൈസ് എന്നിവ നേടിയിട്ടുണ്ട്. ആധുനികതയുടെ സ്വാധീനത്തിൽ നിന്നകന്ന് വേറിട്ട വഴി തുറന്ന എഴുത്തുകാരുടെ മുൻനിരയിലാണ് മലയാള സാഹിത്യത്തിൽ അക്ബര്‍ കക്കട്ടിലിന്‍റെ സ്ഥാനം.

‘മരണത്തേക്കാൾ ഭീകരമാണ് രോഗങ്ങൾ’ എന്ന ആശയം ആവിഷ്കരിക്കുന്ന നോവലാണ് അദ്ദേഹത്തിന്‍റെ ‘മൃത്യുയോഗം’. ഇതിന് എസ്.കെ പൊറ്റക്കാട്ട് അവാർഡ് ലഭിച്ചു. മഹാഭാരതത്തിലെ ഒരു ഉപാഖ്യാനത്തെ അവലംബിച്ച് ഇന്ത്യൻ ഭാഷകളിൽ ആദ്യം എഴുതിയതാണ് അക്ബർ കക്കട്ടിലിന്‍റെ ‘സ്ത്രൈണം’ എന്ന നോവൽ. ‘ആറാംകാലം’ എന്ന കഥ കാലിക്കറ്റ് സർവകലാശാലയിലും മൈസൂർ യൂണിവേഴ്സിറ്റിയിലും ഡിഗ്രിക്ക് പാഠപുസ്തകമായി. ചില രചനകൾ സംസ്ഥാന സിലബസിലും ഉൾപ്പെടുത്തിയിരുന്നു.

27 ചെറുകഥാ സമാഹാരങ്ങൾ കൂടാതെ മൃത്യുയോഗം, സ്ത്രൈണം, ഹരിതാഭകൾക്കപ്പുറം, വടക്കുനിന്നൊരു കുടുംബവൃത്താന്തം (നോവൽ), അക്ബർ കക്കട്ടിലിന്‍റെ നാല് നോവലുകൾ (നോവൽ സമാഹാരം), രണ്ടും രണ്ട്, മൂന്നും മൂന്ന്, ഒരു വിവാഹിതന്‍റെ ചില സ്വകാര്യ നിമിഷങ്ങൾ, ധർമ്മ സങ്കടങ്ങളുടെ രാജാവ്, പതിനൊന്ന് നോവലറ്റുകൾ, ജിയാദ് ഗോൾഡ് പൂവിടുമ്പോൾ, കീർത്തന (ലഘു നോവൽ), പ്രാർഥനയും പെരുന്നാളും, സ്കൂൾ ഡയറി, അനുഭവം ഓർമ്മ യാത്ര, പുനത്തിലും ഞാനും പിന്നെ കാവ്യാമാധവനും, ആ പെൺകുട്ടി ഇപ്പോൾ എവിടെ?, നക്ഷത്രങ്ങളുടെ ചിരി (ഉപന്യാസം), നമ്മുടെ എം.ടി (ജീവിതരേഖ), സർഗ്ഗസമീക്ഷ (മുഖാമുഖം) എന്നിവ രചിച്ചിട്ടുണ്ട്.

അദ്ധ്യയനയാത്ര (സ്മൃതിചിത്രങ്ങൾ), കുഞ്ഞിമൂസ വിവാഹിതനാവുന്നു (നാടകം), വരൂ അടൂരിലേയ്ക്ക് പോകാം, ഇങ്ങനെയും ഒരു സിനിമാക്കാലം (സിനിമ), നോക്കൂ, അയാൾ നിങ്ങളിൽ തന്നെയുണ്ട് (ബാലപംക്തി കുറിപ്പ്), പാഠം മുപ്പത് (സർവീസ് സ്റ്റോറി), കക്കട്ടിൽ യാത്രയിലാണ് (യാത്ര) എന്നിവയാണ് മറ്റ് രചനകൾ. ചെറുകഥകളിലൂടെ മലയാളത്തില്‍ തന്‍റേതായ സ്ഥാനം ഉറപ്പിച്ച സാഹിത്യകാരനാണ് അക്ബർ കക്കട്ടിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:akbar kakkattil
Next Story