മതവും ജീവിതവും തുറന്നു പറയുന്ന സാനിയയുടെ ആത്മകഥ
text_fieldsആറുവര്‍ഷം മുമ്പ് ടെന്നിസ് ജീവിതം മതിയാക്കാന്‍ താന്‍ തീരുമാനിച്ചിരുന്നെന്ന് ഇന്ത്യന്‍ ടെന്നിസ് ലോകത്തിന്‍റെ റാണി സാനിയ മിര്‍സ. എന്നാല്‍, അന്ന് അങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ തന്‍റെ ജീവിതത്തിലെ ഏറ്റവും കനത്ത നഷ്‌ടമാകുമായിരുന്നു അതെന്നും സാനിയ പറഞ്ഞു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിതാ ടെന്നീസ് താരവും ലോക ഡബിൾസ് ഒന്നാം നമ്പറുമായ സാനിയ മിർസയുടെ ആത്മകഥയുടെ പ്രകാശന വേളയിലാണ് ഇങ്ങനെ പറഞ്ഞത്. ബോളിവുഡ് താരം ഷാരൂഖ് ഖാനാണ് ഹൈദരാബാദ് പുസ്തകം പ്രകാശനം ചെയ്തത്. ഹാർപ്പർ കോളിൻസ് പുറത്തിറക്കുന്ന ഏസ് അഗൈൻസ്റ്റ് ഓഡ്‌സ് എന്ന പുസ്തകം രചിച്ചത് സാനിയയും പിതാവ് ഇമ്രാൻ മിർസയും ചേർന്നാണ്.
2010ല്‍ കാല്‍മുട്ടിന് പരിക്കേറ്റപ്പോള്‍ കളി മതിയാക്കാന്‍ തീരുമാനിച്ചിരുന്നു. അന്ന് അങ്ങനെ തീരുമാനിച്ചിരുന്നെങ്കില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയിലുണ്ടായ അവിശ്വസനീയ നേട്ടങ്ങള്‍ സംഭവിക്കുമായിരുന്നില്ല. വിംബിൾണ്‍ ഉള്‍പ്പെടെ 14 കിരീടങ്ങളാണ് സാനിയ രണ്ടു വര്‍ഷത്തിനുള്ളില്‍ നേടിയത്. തന്‍റെ മതവിശ്വാസവും ജീവിതവും പുസ്തകത്തില്‍ തുറന്നുപറയുന്നുണ്ട്. റിയോയില്‍ നടക്കുന്ന ഒളിമ്ബിക്സില്‍ രാജ്യത്തിനായി മെഡല്‍ നേടുകയാണ് ലക്ഷ്യമെന്ന് സാനിയ പറഞ്ഞു.
'അധികം കൂട്ടുകാരില്ലാത്ത ഒരാളാണ് ഞാന്‍. എന്നാലും ഒത്തിരി സംസാരിക്കുന്ന, അടുപ്പക്കാരോട് അടുത്തിടപഴകുന്ന ഒരാള്‍ തന്നെയാണ്...' ജീവിതം മറ്റുള്ളവരോട് പറയാനിരുന്നപ്പോള്‍ വാക്കുകള്‍ വീര്‍പ്പുമുട്ടിയതായി പ്രകാശനചടങ്ങില്‍ സാനിയ പറഞ്ഞു. മതത്തിന്‍െറയും രാജ്യസ്നേഹത്തിന്‍െറയും പേരിലും വിവാഹത്തിന്‍െറ പേരിലും താന്‍ വിവാദങ്ങളാല്‍ വേട്ടയാടപ്പെട്ട കാലത്തെക്കുറിച്ചും സംഘര്‍ഷത്തെക്കുറിച്ചും എല്ലാ വിവാദങ്ങളുടെയും മുനയൊടിച്ച് വിജയിയായതും പുസ്തകത്തില്‍ സാനിയ പങ്കുവെക്കുന്നു.
അന്താരാഷ്ട്ര ശ്രദ്ധ നേടിയ കായികതാരം എന്ന നിലയിലേക്കുള്ള സാനിയയുടെ വളർച്ചയും ആ വഴിയിലെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും സന്തോഷങ്ങളും വിജയങ്ങളും പ്രതിപാദിക്കുന്നതാണ് പുസ്തകം. “അടുത്ത തലമുറയിലെ ടെന്നീസ് താരങ്ങൾക്ക് ഒരു വഴികാട്ടിയാകും ഈ പുസ്തകം. ഇതിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഒരാളെങ്കിലും ഭാവിയിൽ ഒരു ഗ്രാൻഡ് സ്ലാം നേടിയാൽ അതെനിക്ക് സംതൃപ്തിയേകും ” സാനിയ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.