Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightഅസുന്ദരകാണ്ഡം

അസുന്ദരകാണ്ഡം

text_fields
bookmark_border
അസുന്ദരകാണ്ഡം
cancel

കുഞ്ഞുണ്ണി ആദ്യം ചൊല്ലിയ വരികള്‍ കളിക്കുടുക്കയിലെയോ മിന്നാമിന്നിയിലേതോ അല്ല. രാമായണത്തിലെയാണ്.
'കഥയമമ കഥയമമ കഥകളതിസാദരം
കാകുല്‍സ്ഥലീലകള്‍ കേട്ടാല്‍ മതിവരാ' എന്ന് അവന്‍റെ അമ്മാവന്‍ അവന്  സുന്ദരകാണ്ഡത്തുടക്കം ചൊല്ലിക്കൊടുക്കുമ്പോള്‍ അവന്  കഷ്ടിച്ച് ഒരു വയസ്. പക്ഷേ ഇത്തവണ 'അമ്മൂമ്മ-കുഞ്ഞുണ്ണീ സംവാദ'ത്തെ ത്തുടര്‍ന്ന് സുന്ദരകാണ്ഡംവായന , തമ്മിത്തല്ലുകാണ്ഡമായി അസുന്ദരമായി അവസാനിക്കേണ്ടതായിരുന്നു എന്‍റെ വീട്ടില്‍..

വളരെ പണ്ടുതൊട്ടെതന്നെ, അതും ആരും നിര്‍ബന്ധിക്കാതെ   ഇടക്കൊക്കെ രാമായണം  വായിക്കാനിരിക്കാറുള്ള  കുട്ടിയാണ് കുഞ്ഞുണ്ണി . 'ഇഷ്ടദേവതാവന്ദനം'  യു.കെ.ജി പ്രായത്തിലേതന്നെ നല്ല ഉച്ചാരണശുദ്ധിയോടെ ചൊല്ലുമായിരുന്നു അവന്‍..

അവന്‍റെ അമ്മ എന്ന ഞാന്‍,  കുട്ടിക്കാലത്തിന്‍റെ ഒരു പടവിലിരുന്നും  രാമായണത്തിന്‍റെ നാലു പേജുകള്‍ക്കപ്പുറം വായിച്ചിട്ടില്ല. 'ശ്രീരാമ രാമ' എന്ന് അനവധി നിരവധി തവണ പറയുന്ന ഏര്‍പ്പാട് എനിക്കത്ര പിടുത്തമല്ലായിരുന്നു. താരതമ്യേന ലളിതമായ ബാലകാണ്ഡത്തിലെ വാക്കുകളില്‍പ്പോലും തട്ടിത്തടഞ്ഞുവീഴാറായിരുന്നു എന്‍റെ പതിവ്. കടിച്ചാല്‍ പൊട്ടാത്ത വാക്കുകളോട് തീരെ പ്രിയം തോന്നിയിരുന്നുമില്ല.

ഇരുട്ടത്തും തിളങ്ങുന്ന ഉരുണ്ടകണ്ണുകളില്‍ നിറയുന്ന ഭാവപൂര്‍ണ്ണിമയിലൂടെ കഥ, കഥയായി പറഞ്ഞുതരാന്‍ വീട്ടില്‍ എനിക്കന്ന്  മുത്തച്ഛനുണ്ടായിരുന്നു .  അലസമായി മുത്തച്ഛന്‍റെ മുറിയിലെ ചാരുകട്ടിലില്‍ പതിഞ്ഞുകിടക്കുകയേ വേണ്ടൂ, കഥയുടെ ഒഴുക്കാണ് പിന്നെ ചുറ്റിലും. മെനക്കെട്ട് വായിച്ച് പുരാണകഥകള്‍ മനസ്സിലാക്കേണ്ട യാതൊരാവശ്യവും എനിക്ക് അനുഭവപ്പെട്ടില്ല. അതുകൊണ്ടുകൂടിയാവും ഒന്നു വെറുതേ തൊട്ടുനോക്കി, പിന്നെയൊന്ന് മറിച്ചുനോക്കി എപ്പോഴും ഞാന്‍ രാമായണത്തെ ഉപേക്ഷിച്ചുപോന്നു.

കഥകളോടുള്ള ഇഷ്ടം കൊണ്ടും പലപല പുസ്തകങ്ങളില്‍നിന്ന് വായിച്ച് രാമായണകഥകളൊക്കെ മന:പാഠമായതു കൊണ്ടും   കുഞ്ഞുണ്ണി പലപ്പോഴും രാമായണപ്രിയനായി.  അവന്‍റെ അമ്മ അസുഖം വന്ന് നട്ടം തിരിയുമ്പോള്‍ ആരും പറയാതെ അവന്‍ രാമായണം വായിക്കാനിരുന്നു . 'ഞാന്‍ കുട്ടിയല്ലേ അമ്മൂമ്മേ, എനിക്കിത്രയൊക്കെയല്ലേ  അമ്മക്കുവേണ്ടി ചെയ്യാനാവൂ' എന്നവന്‍ വലിയ കണ്ണില്‍ കണ്ണീരു നിറച്ച് മെല്ലെ ചോദിച്ചു. അവന്‍ രാമായണം കൈയിലെടുത്തപ്പോഴൊക്കെ, സമുദ്രലംഘനത്തിന് വേണ്ടുന്ന പാഠങ്ങള്‍ അവന് പറഞ്ഞുകൊടുത്ത് രാമായണം അവനെ കൈയിലെടുത്തു എന്ന് എനിക്കുതോന്നി..

ഇത്തവണ കര്‍ക്കിടകത്തിനും മുന്നേ അമ്മൂമ്മയുടെ നിര്‍ദ്ദേശപ്രകാരം കുഞ്ഞുണ്ണി  രാമായണം വായന തുടങ്ങി, അതും സുന്ദരകാണ്ഡം .. സുന്ദരകാണ്ഡം  വായിച്ചുതീര്‍ത്തിട്ട് മതി ബാക്കി കാണ്ഡങ്ങള്‍ വായിക്കുന്നത് എന്ന് കുഞ്ഞുണ്ണിയമ്മൂമ്മ ചട്ടം കെട്ടിയതിനു പിന്നിലെ സംഭവവികാസങ്ങളിങ്ങനെ -
സുന്ദരകാണ്ഡം വായിച്ചാല്‍ കുട്ടികളുടെ   മലയാളഭാഷ സുന്ദരമാവുമെന്ന് കുഞ്ഞുണ്ണിയുടെ അമ്മൂമ്മയ്ക്ക് പണ്ടേക്കുപണ്ടേതന്നെ അറിയാം. സര്‍വ്വശിക്ഷാ അഭിയാനും കൊച്ചി എഫ്.എമ്മും ചേര്‍ന്ന് ചങ്ങമ്പുഴപ്പാര്‍ക്കില്‍ മദ്ധ്യവേനലവവധിക്കാലത്ത് കുട്ടികള്‍ക്കായി സംഘടിപ്പിച്ച ക്യാമ്പില്‍ ശ്രീ സി രാധാകൃഷ്ണന്‍ നടത്തിയ പ്രസംഗത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ റേഡിയോയില്‍ നിന്നു കേട്ടതോടെയാണ് കുഞ്ഞുണ്ണിയുടെ അമ്മൂമ്മ, സുന്ദരകാണ്ഡത്തിന്‍റെ തീവ്രവക്താവായി മാറിയത്. സി രാധാകൃഷ്ണന്‍റെ വീട്ടില്‍ എല്ലാവരും എന്നും രാമായണം ചൊല്ലുമായിരുന്നുവെന്നും പുസ്തകം കൈയിലെടുക്കാതെ ഓര്‍മ്മയില്‍ നിന്നു ചൊല്ലലായിരുന്നു  ആ വീട്ടിലുള്ളവരുടെ പതിവ് എന്നും  എത്രയോ രീതികളില്‍  എന്തിന് തിരുവാതിരപ്പാട്ടിന്‍റെ ഈണത്തില്‍പ്പോലും രാമായണം ചൊല്ലാന്‍ കഴിവുള്ളവരായിരുന്നു അവരെല്ലാം എന്നും    സുന്ദരകാണ്ഡത്തിന്‍റെ കൂടി സംഭാവനയാണ് സി രാധാകൃഷ്ണന്റെ മനസ്സില്‍ വേരുറച്ച സുന്ദരമലയാളം എന്നും ഉരുവിട്ടുനടന്നു അമ്മ.
 
എന്തുകൊണ്ടോ, പതിവുള്ള ന്യായാന്യായാവതരണത്തിനൊന്നും മുതിരാതെ കുഞ്ഞുണ്ണി, അമ്മൂമ്മയുടെ അനുസരണക്കുട്ടിയായി  സുന്ദരകാണ്ഡക്കാരനായി .'സമുദ്രലംഘന'ത്തിലെ ആദ്യഭാഗം വായിച്ച് അവന്‍ വയറുപൊത്തിപ്പിടിച്ച് ചിരിച്ചു.
 'മമ ജനകസദൃശനഹമതി ചപലമംബരേ
മാനേന പോകുന്നിതാശരേശാലയേ
അജതനയതനയശരസമമധികസാഹസാ-
ലദൈ്യവ പശ്യാമി രാമപത്‌നീമഹം'
ഞാന്‍ അവനൊപ്പമിരുന്നു ചിരിക്കാനും തെറ്റുതിരുത്താനും. പഠനമടുപ്പില്‍ നിന്ന് എങ്ങനെയും പുറത്തുചാടണമെന്നു തോന്നിയപ്പോഴൊക്കെ   'എനിക്ക് ചിരിക്കണമെന്നു തോന്നുന്നു, ഞാന്‍ സുന്ദരകാണ്ഡം വായിക്കാന്‍ പോവുകയാണ്' എന്നു പറഞ്ഞ് അവന്‍ രാമായണത്തിലേക്ക് ഹനുമാനെപ്പോലെ എടുത്തുചാടി. വായന മുന്നോട്ടു പോകെ, സെറ്റിയില്‍ നിന്ന് നിലത്തേക്ക് കളിയായരുണ്ടുവീണ് നിലത്തുകിടന്നുരുണ്ട് ചിരിച്ചുമറിഞ്ഞു അവന്‍. ഇടക്ക് രാമായണത്താളിലൊക്കെ ചിരിതൂവി അവന്‍, എഴുത്തച്ഛനോട് ചോദിച്ചു, വാലും പൊക്കിപ്പിടിച്ച്, ലങ്ക ലക്ഷ്യമാക്കി  ഹനുമാന്‍  ചാടി എന്നു പറയുന്നതിനു പകരം ഇത്ര വളച്ചുകെട്ടി, കൈ പിന്നിലൂടെടുത്ത് മൂക്കേത്തൊടുന്നമാതിരി   ഓരോന്ന്, അതും ചറുപറായെന്നു പറയേണ്ടകാര്യമുണ്ടോ?

സീതയുടെ അടുത്ത് തൊഴുകൈയോടെ ഇരിക്കുന്ന ഹനുമാനെ കണ്ണടയില്ലാതെ നോക്കിയപ്പോള്‍ അത് അണ്ണാരക്കണ്ണനാണെന്നാണ് എനിക്ക് തോന്നിയത്. അതോടെ ചിരി കടുത്തു. മദനന്‍റെ വരകളുടെ സൗന്ദര്യത്തിലേക്ക് വീണ്  വരികളില്‍നിന്നെന്‍റെ ശ്രദ്ധ മാറിപ്പോയി.. ദിവസങ്ങള്‍ പോകെ, വരികളിലെ അക്ഷരയിളക്കങ്ങളില്‍ കുരുങ്ങി കുഞ്ഞുണ്ണി ഘോരമായി വീഴാന്‍ തുടങ്ങി. പ്രശംസ കിട്ടാതെയും തിരുത്തുകള്‍ മാത്രം ഏറ്റുവാങ്ങിയും അവന്‍റെ മുഖം മങ്ങാന്‍ തുടങ്ങി. മലയാളം ക്‌ളാസില്‍ പര്യായം, വിപരീതം ഒക്കെ ചോദിക്കുമ്പോള്‍ കുഞ്ഞുണ്ണിയുടെ 'നാവിന്മേല്‍ ഏണാങ്കാനന നൃത്തം ചെയ്യാന്‍' പോകുന്നതിനെക്കുറിച്ച് പറഞ്ഞ് അമ്മൂമ്മ അവനെ പ്രലോഭിപ്പിച്ചു. ഇത്തവണ പരീക്ഷക്ക്, അരിയുടെ നാനാര്‍ത്ഥങ്ങളായി ഒരു ധാന്യം, കള്ളന്‍ എന്നെഴുതിയതിന്‍റെ  ക്ഷീണമുണ്ട് കുഞ്ഞുണ്ണിക്ക്.  അരി എന്നു കേട്ടാലേ ശത്രു എന്നോര്‍മ്മ വരും രാമായണമൊക്കെ വായിച്ചാല്‍ എന്ന് ഞാനും അമ്മയെ പിന്താങ്ങി. അവന്‍റെ അമ്മ ഇതേ പ്രായത്തില്‍  തലമുടിയുടെ പര്യായമായി കേശം, പാശം എന്നെഴുതി വച്ചതും അവന്റെ അമ്മാവന്‍ ആങ്ങളയുടെ എതിര്‍ലിംഗം പെങ്ങള എന്നും ഇരുട്ടിന്‍റെ വിപരീതമായി ഇരുട്ടല്ലാത്തത് എന്നും എഴുതി വച്ച മഹാവീരജീവികളാണ് എന്ന് അമ്മൂമ്മ അവന് പറഞ്ഞുകൊടുത്തിട്ടുണ്ട്. രാമായണമൊന്നും കൈ കൊണ്ട് തൊടാത്തതിന്‍റെ തിക്തഫലമായി ഞാനതിനെയല്ലാം  അതിശയോക്തി കലര്‍ത്തി പറഞ്ഞുകേള്‍പ്പിച്ച് കുഞ്ഞുണ്ണിയെ രാമായണം ട്രാക്കില്‍ സുന്ദരമായി പിടിച്ചിരുത്തി.
ലങ്കാലക്ഷ്മീമോക്ഷത്തില്‍,
'ഉടല്‍ കടുകിനൊടു സമമിടത്തുകാല്‍ മുമ്പില്‍വ-
ച്ചുള്ളില്‍ കടപ്പാന്‍ തുടങ്ങും ദശാന്തരേ' എന്ന വരിയെത്തിയപ്പോള്‍ കുഞ്ഞുണ്ണി ചോദിച്ചു, അതെന്താ ഇടത്തുകാല്‍ വച്ചത്? വലത്തുകാല്‍ അല്ലേ വെക്കേണ്ടത് ?

വലതുകാലോ ഇടതുകാലോ നല്ലകാര്യത്തിന് വെക്കേണ്ടത് എന്നതിനെക്കുറിച്ച് പലരും പലതും പറയാറുണ്ട് എന്ന് അമ്മുമ്മ പ്രസ്താവിക്കുന്നതിനിടെ  കുഞ്ഞുണ്ണി, 'പോളണ്ടിനെക്കുറിച്ച് ഇനി നീ ഒരക്ഷരം മിണ്ടിപ്പോകരുത് എന്നു പറയുന്ന സിനിമയില്ലേ അമ്മേ, അതിന്‍റെ പേരെന്താ,  'സന്ദേശം' അല്ലേ ' എന്നൊക്കെ പറയാന്‍ തുടങ്ങി... ഇവനിതെന്തുപറ്റി രാമായണത്തില്‍നിന്ന് സന്ദേശം-സിനിമേലേക്ക്  പുറപ്പാട് നടത്താന്‍ എന്ന് എനിക്ക് ഒരുപിടിയും കിട്ടിയില്ല. രാമായണത്തിനെടേലാണോടാ സിനിമാപ്പൂട്ടുകച്ചോടം, പോളണ്ടും അയോധ്യയും തമ്മിലെന്താണെടോ ബന്ധം എന്ന് ചോദിച്ച് ഞാന്‍ കണ്ണുരുട്ടിയത് ചെലവായില്ല. രാമയണത്തിലെ ഇടതുകാവെപ്പില്‍ നിന്ന് സന്ദേശത്തില്‍  'നിക്കുനിക്ക്, രണ്ടുപേരും വലതുകാല്‍ വച്ച് കയറിക്കോ' എന്നു  കളിയാക്കി പറയുന്നരംഗം സന്ദര്‍ശിക്കാന്‍ പോകുന്ന കുഞ്ഞുണ്ണിയെ, അമര്‍ത്തിപ്പിടിച്ച ചിരിയോടെ ഞാന്‍ നോക്കിയിരുന്നു ..

രാജന്‍ചാക്യാരുടെ കൂത്ത് കാണാന്‍ ചെന്ന എന്നെയും കുഞ്ഞുണ്ണിയെയും നോക്കി ഒരു മൂന്നുവര്‍ഷം മുമ്പ്, ചാക്യാര്‍  'ഹല്ലാ ,ഇതാര്, വരിക,ഇരിക്യാ ,ലങ്കാലക്ഷ്മിയാണ്, കണ്ടിട്ട് മനസ്സിലായില്ലേ എന്നു സദസ്സിനോടു പറഞ്ഞ കാര്യം പറഞ്ഞ് ഞാനും നടത്തി പൂട്ടുകച്ചോടം. പക്ഷേ അതും ഏറ്റില്ല.'ദേ ഹനുമാന്‍ വന്നിരിക്കണു  എന്നല്ലേ അങ്ങേര് പറഞ്ഞത്, കഷ്ടയായിപ്പോയി, അങ്ങനെ പറയാമായിരുന്നു ചാക്യാര്‍ക്ക്' എന്ന് എന്‍റെ ആത്മാഭിമാനത്തിന്‍റെ നേര്‍ക്ക് അവനൊരു ഒളിയമ്പെയ്തു .എന്നിട്ട് രാമായണം അടച്ചുവച്ച് 'വള്ളീം തെറ്റി പുള്ളീം തെറ്റി' എന്ന സിനിമയിലെ കുഞ്ചാക്കോ ബോബന്‍വേഷം പാടിയാടി ..
 'ചാടീ ഹനുമാന്‍ രാവണന്റെ മതില്‍മേല്‍
എന്താടാ രാവണാ സീതേ കക്കാന്‍ കാരണം
നിന്നോടാരു പറഞ്ഞിട്ടോ
നിന്റെ  മനസ്സില് തോന്നീട്ടോ
എന്നോടാരും ചൊല്ലീട്ടല്ല
എന്‍റെ മനസ്സില് തോന്നീട്ട് '
മറ്റൊരു ദിവസം, അമ്മൂമ്മക്കൊപ്പമായിരുന്നു അവന്‍റെ വായന. വായന ഇടക്കുവച്ചുനിര്‍ത്തി കുഞ്ഞുണ്ണി 'ഹും,  ഇങ്ങനെ പോയാല്‍'   എന്നു പിറുപിറുത്തുകൊണ്ട് എന്നെത്തേടി വന്നു. സംഭവം അസുന്ദരമായെന്ന് എനിക്കു മനസ്സിലായി.  'ഇന്നലെ ഞാനോരോന്നു പറഞ്ഞപ്പോഴൊക്കെ അമ്മ ചിരിച്ചില്ലേ, പക്ഷേ ഈ അമ്മൂമ്മ എന്നെ   വഴക്കുപറഞ്ഞോണ്ടിരിക്കുവാ..' കുഞ്ഞുണ്ണിക്ക് സങ്കടവും ദേഷ്യവും വരുന്നുണ്ട്..
 
ആരുടെ വക്കാലെത്തെടുക്കണമെന്നു നിശ്ചയമില്ലാതെ ഞാന്‍ കേസില്‍ തലയിട്ടു. 'ഉപവനവുമമൃതസമസലിലയുത'  എന്ന വരി കുഞ്ഞുണ്ണിക്ക് തീരെ പിടിച്ചില്ല. എടോ, എന്തിനാടോ താന്‍ ഇങ്ങനെയൊക്കെ എഴുതുന്നത് , കാര്യം നേരേ ചൊവ്വേ പറഞ്ഞാല്‍പ്പോരേ എന്നു കുഞ്ഞുണ്ണി എഴുത്തുകാരനെ കുറേ ചീത്ത പറഞ്ഞു എന്ന് അമ്മ . എഴുത്തച്ഛനെ എടോ , പോടോ എന്ന് വിളിച്ചത് അമ്മക്ക് തീരെ സഹിച്ചില്ല.

നാവു കൊണ്ട് കുറേ ഗോഷ്ടിയും കാണിച്ചു, ഇയാളിതെന്താ നാവിനെ ഭാരോദ്വഹനം പഠിപ്പിക്കാനാണോ ഭാവം , ഇതു കഴിയുമ്പോള്‍ ഈസിയായിട്ട് ഒരു ഇരുപതുകിലോയെങ്കിലും പൊക്കാന്‍ പറ്റും നാവുകൊണ്ട് എന്നൊക്കെ അവന്‍ പറഞ്ഞത് അമ്മ  വളരെ വികാരഭരിതയായി റിപ്പോര്‍ട്ട് ചെയ്തു .
സ്ഥിരം തര്‍ക്കോവ്‌സ്‌ക്കിയായ കുഞ്ഞുണ്ണിയുണ്ടോ   വിട്ടുകൊടുക്കുന്നു! രാമന് സുഗ്രീവനെയും ഹനുമാനെയുമൊക്കെ എടോ, താന്‍ എന്നൊക്കെ വിളിക്കാമെങ്കില് എനിക്കെന്താ എഴുത്തച്ഛനെ എടോ എന്ന് വിളിച്ചൂടേ എന്ന് അവന്‍  കലിതുള്ളി ചോദിച്ചു എന്നും അമ്മ. ആരും എടോ,താന്‍ എന്നൊന്നും   രാമനെ  വിളിക്കാറില്ല, തനിക്കുചുറ്റുമുള്ള തന്നേക്കാള്‍ ചെറിയവരെമാത്രമേ  രാമന്‍  , 'താന്‍' എന്നു വിളിക്കുന്നുള്ളൂ  എന്ന  രാമഭാഗം ചേര്‍ന്നുള്ളള  അമ്മയുടെ വിശദീകരണം കൂടുതല്‍ കുഴപ്പങ്ങളിലേക്കാണ് വഴി വെട്ടുന്നതെന്നു ഞാന്‍ പേടിച്ചു . ആരാണ് ചെറിയവന്‍, ആരാണ് വലിയവന്‍, ഞാന്‍ വലുത് വലുത് എന്ന ഭാവം രാമനെന്നല്ല ആര്‍ക്കും കൊള്ളില്ല ,നമ്മള്‍ വലുതാണെന്ന് നമ്മളല്ല, ചുറ്റുമുള്ളവരാണ് പറയേണ്ടത് എന്നൊരു  കത്തിക്കയറല്‍ കുഞ്ഞുണ്ണിയില്‍ നിന്ന് പ്രതീക്ഷിച്ചാണ് ഞാന്‍ പേടിച്ചത്.. എന്തോ അത്രവരെ   പോയില്ല ധാര്‍മ്മികരോഷക്കാരന്‍ തര്‍ക്കോവ്‌സക്കി . ഏതായാലും  അമ്മൂമ്മ-കുഞ്ഞുണ്ണി സംവാദത്തിനൊടുവില്‍ അമ്മൂമ്മ പിണങ്ങി അടുക്കളയിലേക്കും കുഞ്ഞുണ്ണി പിണങ്ങി എന്റെയടുത്തേക്കും പോന്നു.

ഒരു ദിവസം ഉത്തരകാണ്ഡത്തെക്കുറിച്ച് അച്ഛനോട്  അമ്മ എന്തോ ചിലത് പറയുന്നതിനിടയിലേക്ക് തലനീട്ടി കുഞ്ഞുണ്ണി ചോദിച്ചു, ചോദ്യകാണ്ഡമില്ലാതെങ്ങെനെയാ  ഉത്തരകാണ്ഡമുണ്ടാകുന്നത് ?
സുന്ദരകാണ്ഡം വായന ഇപ്പോഴും നടക്കുന്നുണ്ട്. 'എനിക്ക് ജ്ഞാനപ്പാനയാണ് ഇഷ്ടം'  എന്നു പറഞ്ഞ് ഇടയ്ക്ക് കുഞ്ഞുണ്ണി, എഴുത്തച്ഛനില്‍നിന്ന് പൂന്താനത്തിലേക്ക് കയറിപ്പോകുന്നത് കാണാം. ആരും ഒന്നും എതിര്‍ക്കാറില്ല.
സുന്ദരകാണ്ഡം ,തമ്മിത്തല്ലുകാണ്ഡമായി അസുന്ദരകാണ്ഡമായി തീരല്ലേ എന്നേയുള്ളൂ ഇപ്പോഴമ്മക്കും വിചാരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:priya a.s
Next Story