Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightമഹാശ്വേതാ ദേവി...

മഹാശ്വേതാ ദേവി അന്തരിച്ചു

text_fields
bookmark_border
മഹാശ്വേതാ ദേവി അന്തരിച്ചു
cancel

കൊല്‍ക്കത്ത: പിന്നാക്ക-അധ$സ്ഥിത ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച വിശ്രുത ബംഗാളി എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും പോരാട്ടനായികയുമായ മഹാശ്വേത ദേവി അന്തരിച്ചു. 91 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അവശതകളാല്‍ മേയ് 22 മുതല്‍ ദക്ഷിണ കൊല്‍ക്കത്തയിലെ ബെല്ളെ വ്യൂ ക്ളിനിക്കില്‍ ചികിത്സയിലായിരുന്നു. വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതിനൊപ്പം ഹൃദയസ്തംഭനവുമുണ്ടായതാണ് മരണകാരണമെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഉച്ചകഴിഞ്ഞ് 3.16നായിരുന്നു അന്ത്യം.

പ്രായത്തിന്‍െറ അവശതകള്‍ക്കിടയിലും അണയാത്ത നീതിബോധത്തിന്‍െറ പ്രതീകമായിരുന്നു മഹാശ്വേത. അരനൂറ്റാണ്ടിലേറെ സാഹിത്യസപര്യയില്‍ സജീവമായിരുന്നു. അവസാന കാലത്ത് എഴുത്തിനേക്കാള്‍ സാമൂഹികപ്രവര്‍ത്തനത്തിലും സമരഭൂമികകളിലുമായിരുന്നു അവരുടെ സാന്നിധ്യം. നന്ദിഗ്രാം മുതല്‍ കേരളത്തിലെ മൂലമ്പിള്ളിയില്‍ വരെ അനീതിയും അക്രമവും അടിച്ചമര്‍ത്തലും അരങ്ങേറിയ ഇടങ്ങളിലെല്ലാം പിന്തുണയുമായി അവരത്തെി. എല്ലായിടത്തും അവരുടെ സാന്നിധ്യം പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നു.

സത്യസന്ധമായ പൗരബോധത്തിലധിഷ്ഠിതമായിരുന്നു മഹാശ്വേതയുടെ നിലപാടുകള്‍. ഇത്  രാഷ്ട്രീയത്തിനതീതമായി അധികാരിവര്‍ഗത്തോട് കലഹിക്കാനും അവര്‍ക്ക് പ്രേരണയായി. പിന്നാക്ക ആദിവാസി വിഭാഗങ്ങളുടെ ജീവിതത്തിലേക്ക് കടന്നുചെന്ന് അവരിലൊരാളായി നിലയുറപ്പിച്ചുകൊണ്ടായിരുന്നു മഹാശ്വേതയുടെ ജീവിതം. ആ അനുഭവങ്ങളുടെ ആവിഷ്കാരം അവരുടെ എഴുത്തിനെ വായനക്കാരന് തീക്ഷ്ണാനുഭവമാക്കി. പുരാതന സംസ്കൃതികളുടെ വിമോചനത്വരയും അന്യാദൃശമായ രീതിയില്‍ അനാവരണം ചെയ്യാന്‍ മഹാശ്വേതക്ക് കഴിഞ്ഞു. 2006ല്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ നടന്ന സിംഗൂര്‍ സമരത്തിന് മഹാശ്വേത എല്ലാ പിന്തുണയും നല്‍കി. ആദ്യകാലത്ത് ഇടതുപക്ഷ സഹയാത്രികയായിരുന്നെങ്കിലും 10 വര്‍ഷമായി സി.പി.എമ്മിന്‍െറ കടുത്ത വിമര്‍ശകയായിരുന്നു.

1926ല്‍ ബംഗ്ളാദേശിലെ ധാക്കയില്‍ പ്രശസ്ത എഴുത്തുകാരായ മനീഷ് ചന്ദ്ര ഘട്ടക്കിന്‍െറയും ധരിത്രി ദേവിയുടെയും മകളായാണ് മഹാശ്വേതയുടെ ജനനം. ഇന്ത്യാ വിഭജനത്തിനു പിന്നാലെ ഇവര്‍ പശ്ചിമ ബംഗാളിലേക്ക് കുടിയേറി. വിശ്വഭാരതി യൂനിവേഴ്സിറ്റിയില്‍ ഇംഗ്ളീഷ് ബിരുദപഠനത്തിനു ചേര്‍ന്ന അവര്‍ പിന്നീട് കല്‍ക്കത്ത യൂനിവേഴ്സിറ്റിയില്‍ ചേര്‍ന്ന് ബിരുദാനന്തരബിരുദവും നേടി. ബംഗാളി നവസിനിമയുടെ നായകരിലൊരാളായ സംവിധായകന്‍ ഋത്വിക് ഘട്ടക് മഹാശ്വേതയുടെ ഇളയച്ഛനായിരുന്നു. 1948ല്‍ പ്രശസ്ത ബംഗാളി നടനും നാടകകൃത്തുമായ ബിജോണ്‍ ഭട്ടാചാര്യയെ വിവാഹം ചെയ്തു. 1962ല്‍ വിവാഹമോചനം നേടി. നബാരുണ്‍ ഭട്ടാചാര്യ ഏകമകനായിരുന്നു. 2014ല്‍ മകന്‍െറ മരണം മഹാശ്വേതയെ ഏറെ തളര്‍ത്തിയ സംഭവങ്ങളിലൊന്നാണ്.

അമ്മയെപ്പോലത്തെന്നെ എഴുത്തില്‍ വ്യക്തിമുദ്ര പതിപ്പിക്കുകയും ബംഗാളില്‍ ഏറെ ആരാധകരെ നേടുകയും ചെയ്തിരുന്നു നബാരുണ്‍. 1956ലാണ് മഹാശ്വേതയുടെ ആദ്യ പുസ്തകം ‘ഝാന്‍സി റാണി’ പുറത്തിറങ്ങുന്നത്. 1984ല്‍ അധ്യാപക ജോലിയില്‍നിന്ന് വിരമിച്ചു. തുടര്‍ന്ന് മുഴുവന്‍ സമയവും എഴുത്തിലും സാമൂഹികപ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടു. നിരവധി പുരസ്കാരങ്ങള്‍ അവരെ തേടിയത്തെി. 1997ല്‍ മഗ്സസെ, 1996ല്‍ ജ്ഞാനപീഠം, 2006ല്‍ പത്മവിഭൂഷണ്‍, 1986ല്‍ പത്മശ്രീ, 1979ല്‍ സാഹിത്യ അക്കാദമി എന്നിവ ഇതില്‍ ചിലതാണ്.

അരണ്യേര്‍ അധികാര്‍, ഘരെഫേര, സ്വഹ, ദൗലത്തി, അഗ്നിഗര്‍ഭ, ശ്രേഷ്ഠകല്‍പ തുടങ്ങി നൂറിലേറെ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. നാല് കൃതികള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.  ‘ഹസാര്‍ ചൗരസിര്‍ മാ’യാണ് മഹാശ്വേതയുടെ ഏറ്റവും പ്രസിദ്ധ രചനയായി വിലയിരുത്തപ്പെടുന്നത്. ഗോവിന്ദ് നിഹലാനി സംവിധാനം ചെയ്ത് ജയ ബച്ചന്‍ അഭിനയിച്ച ചിത്രം ബോളിവുഡിലെ പ്രശസ്ത സിനിമകളിലൊന്നാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mahasweta Deviwriter
Next Story