പോരാളിയുടെ ചോദ്യങ്ങള്‍
text_fieldsമോര്‍ച്ചറിയുടെ തണുപ്പില്‍ കാലില്‍ ചുറ്റിയ ടാഗിലെ വെറുമൊരു നമ്പറായി സ്വന്തം മകനെ കാണേണ്ടിവന്ന ‘ഹസാര്‍ ചൗരാസിര്‍ മാ’യിലെ സുജാത വാസ്തവത്തില്‍ മഹാശ്വേത ദേവി തന്നെയായിരുന്നു. പ്രതീക്ഷകളോടെ, പോരാടി നേടിയ സ്വാതന്ത്ര്യം അറുകൊല ചെയ്യപ്പെട്ടപ്പോള്‍ നെഞ്ചുപൊട്ടി നിലവിളിച്ച അനേകം അമ്മമാരില്‍ ഒരാള്‍. വസന്തം ഇടിമുഴക്കങ്ങള്‍ തീര്‍ത്ത എഴുപതുകളില്‍ ഭരണകൂടത്താല്‍ കൊല്ലപ്പെട്ട മക്കള്‍ക്കായി നിലവിളിക്കുന്ന അമ്മമാരെ മുന്നില്‍നിര്‍ത്തി മഹാശ്വേത ദേവി ഉയര്‍ത്തിയ ചോദ്യങ്ങളായിരുന്നു ‘ഹസാര്‍ ചൗരാസിര്‍ മാ’ (1084ന്‍െറ അമ്മ) എന്ന നോവലിന്‍െറ ഇതിവൃത്തം. ആ ചോദ്യങ്ങള്‍ക്ക് ഇന്നും ഉത്തരം കണ്ടത്തൊനായിട്ടില്ല.
സ്വാതന്ത്ര്യത്തിനായി മനുഷ്യജീവനുകള്‍ അന്തമില്ലാതെ ബലിയര്‍പ്പിച്ച ബംഗാളില്‍ നന്ദിഗ്രാം സംഭവിക്കുമ്പോള്‍ മഹാശ്വേത ദേവി പോരാളിയായത് അതേ ചോദ്യങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചുകൊണ്ടായിരുന്നു. എഴുത്തും ജീവിതവും രണ്ടായി ഗണിക്കാതെ എഴുതിയതിനൊത്ത് ജീവിച്ച അപൂര്‍വം ചിലരില്‍ ഒന്നാമത്തെ പേരുകാരിയാണ് മഹാശ്വേത ദേവി. അനീതി കണ്ടിടത്തൊക്കെ അവര്‍ അതുകൊണ്ടുതന്നെ അവശതകള്‍ മറന്ന് ഓടിയത്തെി.
ബ്രോതി എന്ന ചെറുപ്പക്കാരന്‍െറ മരണത്തിന് കാരണമന്വേഷിച്ചിറങ്ങുന്ന സുജാതയിലൂടെ നക്സലിസത്തിന്‍െറ കാലത്തില്‍ അപ്രത്യക്ഷരായ നൂറുകണക്കിന് ചെറുപ്പക്കാരുടെ അമ്മയാവുകയായിരുന്നു മഹാശ്വേത. 1996ല്‍ രാഷ്ട്രം ജ്ഞാനപീഠം നല്‍കി ആ വേദനയെ അംഗീകരിച്ചു. പത്മവിഭൂഷണും മഗ്സസെ അവാര്‍ഡും സാഹിത്യ അക്കാദമി പുരസ്കാരവും ഒക്കെ അവരുടെ വീടിന്‍െറ പടികയറിച്ചെന്നു. ആരണ്യര്‍ അധികാര്‍, ഝാന്‍സി റാണി, അഗ്നി ഗര്‍ഭ, രുദാലി, സിദ്ദു കന്‍ഹൂര്‍ ദാകെയ് തുടങ്ങിയ നോവലുകള്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി നിരന്തരം സമൂഹത്തോട് കലഹിച്ചുകൊണ്ടിരുന്നു.
1998ല്‍ ഗോവിന്ദ് നിഹലാനി ‘ഹസാര്‍ ചൗരസി കാ മാ’ എന്ന പേരില്‍ മഹാശ്വേതയുടെ നോവല്‍ ഹിന്ദി ചലച്ചിത്രമാക്കി. ജയാ ബച്ചനായിരുന്നു സുജാതയെ അവതരിപ്പിച്ചത്. 1993ല്‍ കല്‍പന ലാജ്മി ‘രുദാലി’ എന്ന നോവല്‍ സിനിമയാക്കി. രാജസ്ഥാനിലെ സവര്‍ണരായ തമ്പുരാക്കന്മാര്‍ മരിക്കുമ്പോള്‍ അവര്‍ക്കുവേണ്ടി കൂലിക്ക് കരയാന്‍ നിയോഗിക്കപ്പെട്ട സ്ത്രീകളുടെ കഥയായിരുന്നു രുദാലി. ഭൂപന്‍ ഹസാരിക സംഗീതം നല്‍കിയ ഈ ചിത്രത്തിലെ പാട്ടുകള്‍ മലയാളികള്‍ക്കുപോലും പരിചിതം. ഇറ്റാലിയന്‍ സംവിധായകന്‍ ഇറ്റാലോ സ്പിനെല്ലി മഹാശ്വേതയുടെ ‘ചോളി കേ പീച്ചേ’ എന്ന ചെറുകഥ ‘ഗംഗോര്‍’ എന്ന പേരില്‍ ചലച്ചിത്രമാക്കി. സംഘര്‍ഷ് (1968), മാതി മായ് (2006) എന്നിവ മഹാശ്വേതയുടെ കൃതികളെ ആധാരമാക്കിയെടുത്ത സിനിമകളാണ്.
ബിഹാര്‍, ഒഡിഷ തുടങ്ങിയ ബംഗാളിന്‍െറ അതിര്‍ത്തി സംസ്ഥാനങ്ങളുടെ ഉള്‍നാടുകളിലേക്ക് അവരുടെ നാട്ടുചരിത്രങ്ങള്‍ തേടി മഹാശ്വേത ഏറെ അലഞ്ഞിട്ടുണ്ട്. അവിടെ നിന്നു കണ്ടെടുത്ത നിസ്സഹായ ജനങ്ങളെ തന്‍െറ കൃതികളിലൂടെ ലോകത്തിനു മുന്നില്‍ തുറന്നുകാട്ടി.
‘അഗ്നിഗര്‍ഭ’ എന്ന നോവല്‍ ആദിവാസി നക്സലൈറ്റുകളെക്കുറിച്ചുള്ള നാല് ചെറുകഥകളുടെ സമാഹാരമായിരുന്നു. ബംഗാളിലെ നക്സല്‍ പ്രസ്ഥാനത്തിലെ അതുവരെ ആരും പറയാത്ത കഥകളായിരുന്നു ‘ബിഷെകുഷ്’. ചരിത്ര നോവലായ ‘ആരണ്യര്‍ അധികാര്‍’ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ബിര്‍സ മുണ്ട എന്ന ആദിവാസി നേതാവിന്‍െറ കഥയാണ് പറഞ്ഞത്. ‘ചോട്ടീ മുണ്ട ഒ തര്‍ തീര്‍’, ‘സുഭഗ ബസന്ത’ സിദ്ദു കന്‍ഹര്‍ ദാക്കെയ് എന്നിവ മറ്റു പ്രമുഖ കൃതികള്‍.
കയറിച്ചെന്നിടത്തൊക്കെ മഹാശ്വേത അംഗീകരിക്കപ്പെട്ടത് എഴുതിവെച്ച വാക്കുകളുടെ നേര്‍പതിപ്പായി അവര്‍ നിന്നു ജ്വലിച്ചതുകൊണ്ടായിരുന്നു. ആദിവാസികളുടെ സമരത്തിന് അവര്‍ നല്‍കിയ ആവേശം ചെറുതായിരുന്നില്ല. നന്ദിഗ്രാമിലെയും സിംഗൂരിലെയും കര്‍ഷകരുടെ ഭൂമി കൈയേറി ബുദ്ധദേവ് സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്കായി വിടുപണി ചെയ്തപ്പോള്‍ മഹാശ്വേത ദേവിയുടെ വിശ്വരൂപം ലോകം കണ്ടു. ആ പ്രഹരമായിരുന്നു മൂന്നു പതിറ്റാണ്ടിലേറെ അരക്കിട്ടുറപ്പിച്ച ബംഗാളിലെ കമ്യൂണിസ്റ്റ് ഭരണത്തിന്‍െറ അടിക്കല്ലിളക്കിയത്.
വിഭജനത്തിനു മുമ്പുള്ള ബംഗാളിലെ ധാക്കയില്‍ 1926ല്‍ ജനിച്ച മഹാശ്വേതക്ക് എഴുത്തിന്‍െറ ലോകം ചെറുപ്പത്തിലേ പരിചിതമായിരുന്നു. പ്രശസ്ത കവിയും നോവലിസ്റ്റുമായ പിതാവ് മനീഷ് ഘട്ടക്. എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ മാതാവ് ധരിത്രീ ദേവി. ലോകമറിയുന്ന ചലച്ചിത്ര സംവിധായകന്‍ കൂടിയായ ഇളയച്ഛന്‍ ഋത്വിക് ഘട്ടക്. ഇവര്‍ക്കിടയില്‍ നിന്ന് ബംഗാളി സാഹിത്യത്തിലെ പുതുവഴി വെട്ടിത്തുറന്നുകൊണ്ടായിരുന്നു മഹാശ്വേതയുടെ കടന്നുവരവ്. എഴുപതുകളുടെ ഇന്ത്യന്‍ രാഷ്ട്രീയവും അവരുടെ എഴുത്തിനെ കടഞ്ഞെടുത്തു. ശാന്തിനികേതന്‍ സര്‍വകലാശാലയിലെ പഠനവും അവരെ പാകപ്പെടുത്തുന്നതില്‍ പങ്കുവഹിച്ചു.
പ്രമുഖ നാടകകാരനും ഇന്ത്യന്‍ പീപ്ള്‍സ് തിയറ്റര്‍ അസോസിയേഷന്‍െറ (ഇപ്റ്റ) സ്ഥാപകനുമായ ബിജോന്‍ ഭട്ടാചാര്യയായിരുന്നു മഹാശ്വേതയെ വിവാഹം കഴിച്ചത്. മകന്‍ നബാരുണ്‍ ഭട്ടാചാര്യ ബംഗാളിലെ അറിയപ്പെടുന്ന നോവലിസ്റ്റും കവിയും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായിരുന്നു. 2014ല്‍ നബാരുണ്‍ 66ാമത്തെ വയസ്സില്‍ നിര്യാതനായി.
നിരവധി സിനിമകള്‍ക്ക് കഥയേകിയ മഹാശ്വേത ദേവിയെ പിന്തുടര്‍ന്ന് മലയാളി സംവിധായകന്‍ ജോഷി ജോസഫ് സംവിധാനം ചെയ്ത ഡോക്യുമെന്‍ററി ‘ജേണിയിങ് വിത്ത് മഹാശ്വേത’യില്‍ തന്‍െറ മരണത്തെക്കുറിച്ചും അതിനു ശേഷമുള്ള കാര്യങ്ങളെക്കുറിച്ചും അവര്‍ പറയുന്നുണ്ട്. ‘മരണം യുക്തിഭദ്രമായ ഒരു അനിവാര്യതയാണ്. പക്ഷേ, ചിതയിലും ചിതാഭസ്മത്തിലുമൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. മരണത്തിനുശേഷം പുരുലിയയില്‍ സംസ്കരിക്കപ്പെടണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍, അവിടത്തെ പഴയ മനസ്സുള്ള ഹിന്ദുക്കള്‍ അതിന് അനുവദിക്കില്ല. ഗുജറാത്തിലെ തേജ്ഗഡിലാണ് പിന്നെ സംസ്കരിക്കാന്‍ അനുയോജ്യമായ ഇടം. എന്നെ അവിടെ അടക്കം ചെയ്യണം. എന്നിട്ട് അതിനു മുകളില്‍ ഒരു മഹുവ മരത്തിന്‍െറ തൈ നടുക.’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.