വാനമ്പാടിക്കായി ഒരു വനിതാദിനം
text_fieldsആഗോളതലത്തിൽ വനിതാദിനമായി ആചരിക്കുന്ന ദിനമാണ് മാർച്ച് എട്ട്. എന്നാൽ ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന സരോജിനി നായിഡുവിന്‍റെ ചരമദിനമായ മാർച്ച് രണ്ട് ആണ് ഇന്ത്യ വനിതാദിനമായി ആചരിക്കുന്നത്. സ്വാതന്ത്ര്യ സമര സേനാനി, കവയിത്രി, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ അദ്ധ്യക്ഷയാവുന്ന ആദ്യ വനിത, ഒരു ഇന്ത്യൻ സംസ്ഥാനത്തിന്‍റെ ഗവർണറാവുന്ന ആദ്യ നിത എന്നീ നിലകളിൽ തിളങ്ങിയ വ്യക്തിത്വമായിരുന്നു സരോജിനി നായിഡുവിന്‍റെത്.
സ്ത്രീകൾക്ക് വോട്ടവകാശം അനുവദിച്ചു കിട്ടണമെന്ന നിവേദനം 1917-ൽ മൊണ്ടേഗുവിന് സമർപ്പിച്ച പ്രതിനിധി സംഘത്തെ നയിച്ചത് സരോജിനിയായിരുന്നു. ദണ്ഡിയാത്രയിൽ പുരുഷന്മാരെ മാത്രം ഉൾപ്പെടുത്താനാണ് ഗാന്ധിജി ആദ്യം തീരുമാനിച്ചതെങ്കിലും സ്ത്രീപക്ഷവാദിയായ സരോജിനിയുടെ ശക്തമായ ഇടപെടൽ മൂലമായിരുന്നു സ്ത്രീകളെക്കൂടി ഉൾപ്പെടുത്തുവാൻ ഗാന്ധിജി തയ്യാറായത്. ഉപ്പ് സത്യാഗ്രഹത്തിന്‍റെ ഭാഗമായി സൂററ്റ് ജില്ലയിലെ ദർശനയിലുള്ള ഉപ്പ് പണ്ടകശാല സമാധാനപരമായി കൈവശപ്പെടുത്തുവാൻ ഗാന്ധിജി നിശ്ചയിച്ചെങ്കിലും മാർച്ചിന് മുൻപ് അദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ടു. തുടർന്ന് സമരത്തിന് നേതൃത്വം നല്കിയത് നായിഡുവാണ്.
1879 ഫെബ്രുവരി 13-നാണ് സരോജിനി നായിഡു ജനിച്ചത്. മദ്രാസ്, ലണ്ടൻ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം നടത്തിയ സരോജിനി പഠനകാലത്ത് കവിതാരചനയിൽ മികവ് പ്രകടിപ്പിച്ചിരുന്നു. മെട്രിക്കുലേഷൻ ഒന്നാം റാങ്കോടെ പാസായ ഇവർ വിവിധ സർവകലാശാലകളിൽ നിന്ന് ഡോക്ടറേറ്റ് ബിരുദം നേടി. 1898-ൽ, മിശ്രവിവാഹം അസാധാരണമായിരുന്ന കാലത്ത്, അബ്രാഹ്മണനായ ഗോവിന്ദ രാജമോർ നായിഡുവിനെ വിവാഹം കഴിച്ചു. ഗാന്ധിജി, ഗോഖലെ എന്നിവരുടെ സ്വാധീനംമൂലം ദേശീയ പ്രസ്ഥാനത്തിൽ ആകൃഷ്ടയായ ശ്രീമതി നായിഡു ജീവിതാന്ത്യം വരെ പൊതുരംഗത്ത് സജീവമായിരുന്നു.
1924-ൽ കാൺപൂരിൽ കൂടിയ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ വാർഷിക സമ്മേളനമാണ് ശ്രീമതി നായിഡുവിന് അധ്യക്ഷ പദവി നൽകിയത്. സ്വാതന്ത്ര്യാനന്തരം യു.പി. സംസ്ഥാനത്തിന്റെ ഗവർണറായി നായിഡു നിയമിക്കപ്പെട്ടു. ദേശീയ പ്രസ്ഥാനത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച സരോജിനി സ്ത്രീ വിമോചനം, സാമൂഹിക പരിഷ്കരണം, സാഹിത്യം എന്നീ മേഖലകളിലും സജീവമായിരുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വനിതാഗവർണറായിരുന്നു ഇവർ.
സരോജിനിയുടെ പദ്യഗദ്യസാഹിത്യരംഗത്തെ സംഭാവനകൾ മാനിച്ച്, ഗാന്ധിജി 'ഭാരതകോകിലം' എന്ന പേരും നൽകി ആദരിച്ചിട്ടുണ്ട്. ദി ഇന്ത്യൻ ലേഡീസ് മാഗസിനിലാണ് ഇവരുടെ ആദ്യകാല കവിതകളേറെയും പ്രസിദ്ധീകരിക്കപ്പെട്ടത്. 1905-ൽ ആദ്യ കവിതാ സമാഹാരമായ ദ് ഗോൾഡൻ ത്രെഷോൾഡ് പ്രസിദ്ധപ്പെടുത്തി. ബേഡ് ഒഫ് ദ് ടൈം, ഒടിഞ്ഞചിറക്, പുലരിയുടെ തൂവലുകൾ എന്നിവയാണ് പ്രസിദ്ധ കവിതാസമാഹാരങ്ങൾ. ഇന്ത്യൻ ഇംഗ്ലീഷ് കാവ്യലോകത്തെ മികച്ച രചനകൾക്കുടമയായ ഇവരുടെ കവിതകളുടെ സമ്പൂർണ സമാഹാരമാണ് രാജകീയമുരളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.