മാപ്പ് പറഞ്ഞിട്ടും ആണ്ടാൾ വിവാദം അവസാനിപ്പിക്കാതെ ഹിന്ദു സംഘടനകൾ
text_fieldsകവിയും ഗാനരചയിതാവുമായ വൈരമുത്തു ഹിന്ദു ദേവതയായ ആണ്ടാളിനെ മോശമായി ചിത്രീകരിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് തമിഴ് പത്രം ‘ദിനമണി’യുടെ പത്രാധിപര്‍ കെ വൈദ്യനാഥന്‍ മാപ്പു പറഞ്ഞെങ്കിലും വിവാദം കെട്ടടങ്ങുന്നില്ല. പുരോഹിതരോടൊപ്പം ക്ഷേത്രത്തിലെത്തിയ വൈദ്യനാഥന്‍ ആണ്ടാള്‍ പ്രതിമക്ക് മുന്നില്‍ നിന്നാണ് മാപ്പ് പറഞ്ഞത്. എന്നാൽ വൈരമുത്തു നേരിട്ടെത്തി മാപ്പ് പറയണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
വെരമുത്തുവിനെ അറസ്റ്റ്ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദുമുന്നണി പ്രവര്‍ത്തക ശ്രീവില്ലിപുത്തൂരില്‍ രണ്ടു ദിവസം മുമ്പ് പ്രകടനം നടത്തിയിരുന്നു. അദ്ദേഹത്തിന്‍റെ രചനകള്‍ കത്തിച്ചും പ്രതിഷേധിക്കുന്നുണ്ട്. വൈരമുത്തു മാപ്പ് പറയാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് മുഖ്യപുരോഹിതന്‍റെ നിലപാട്.
ഒരു പ്രഭാഷണത്തിൽ ആണ്ടാൾ ശ്രീരംഗം ക്ഷേത്രത്തിൽ ജീവിച്ച് മരിച്ച ദേവദാസിയായിരുന്നു എന്ന് പരാമർശിച്ചതാണ് ഹിന്ദു സംഘടനകളെ പ്രകോപിപ്പിച്ചത്. ഈ പ്രസംഗം ദിനമണി പത്രം പ്രസിദ്ധീകരിച്ചിരുന്നു. പരാമർശത്തിനെതിരെയുള്ള പരാതിയെ തുടർന്ന് ചെന്നൈ, വിരുതുനഗര്‍ തുടങ്ങിയ ജില്ലകളില്‍ വൈരമുത്തുവിനെതിരെ കേസെടുത്തിട്ടുണ്ട്. സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, മതചിഹ്നങ്ങളെ അപകീര്‍ത്തിപ്പെടുത്തല്‍, ആരാധനാവസ്തുക്കളെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
ആണ്ടാളിനെ ബഹുമാനിക്കുന്ന താന്‍ അവരെ പ്രകീര്‍ത്തിച്ചുമാത്രമാണ് സംസാരിച്ചതെന്നും ദേവദാസി പരാമര്‍ശം ഒരു ഗവേഷണ പ്രബന്ധത്തില്‍നിന്നുള്ള ഉദ്ധരണി മാത്രമാണെന്നും വിശദമാക്കി വൈരമുത്തു ഖേദം പ്രകടിപ്പിച്ചു. ദിനമണി പത്രം മാപ്പുചോദിച്ചു. ഇതുകൊണ്ടൊന്നും പ്രതിഷേധം അവസാനിക്കാത്ത സാഹചര്യത്തിലാണ് ദിനമണി പത്രത്തിന്‍റെ എഡിറ്റർ വൈദ്യനാഥൻ ക്ഷേത്രത്തിലെത്തി മാപ്പ് ചോദിച്ചത്. ക്ഷേത്രത്തില്‍ വെച്ച് ബി.ജെ.പി നേതാവും രാജ്യസഭാംഗവുമായ എല്‍.ഗണേഷിനെ ഫോണില്‍ വിളിക്കുകയും ചെയ്തു.
സിനിമക്കാരും എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരുമടങ്ങിയ വലിയൊരു വിഭാഗം വൈരമുത്തുവിനെ അനുകൂലിക്കുന്നുണ്ട്. സംവിധായകന്‍ ഭാരതിരാജയും നാംതമിഴര്‍ കക്ഷി നേതാവ് സീമാനും വൈരമുത്തുവിനോടൊപ്പം നില്‍ക്കണമെന്ന് ആവശ്യപ്പെടുന്നു. ക്ഷേത്രഭാരവാഹികളോടൊപ്പം ചേർന്ന് ബി.ജെ.പി സംഭവം രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുകയാണെന്ന വിമർശനവും ഉയരുന്നുണ്ട്.
വിവാദത്തില്‍ മദ്രാസ് ഹൈക്കോടതി വൈരമുത്തുവിനെതിരെയുള്ള ക്രിമിനല്‍ നടപടികള്‍ക്ക് താത്കാലിക സ്റ്റേ അനുവദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.