Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightകുടിയേറിപ്പോയവരും...

കുടിയേറിപ്പോയവരും കുടിയിറങ്ങി വന്നവരും

text_fields
bookmark_border
കുടിയേറിപ്പോയവരും കുടിയിറങ്ങി വന്നവരും
cancel

ആദ്യമായി ഒരു മലയാളി കേരളം വിട്ടു പുറംദേശത്തേക്ക് പോയത് എന്നാവും എന്ന് വളരെ കൌതുകത്തോടെ ഞാനെപ്പോഴും ആലോചിക്കാറുണ്ട്. കുടിയേറ്റം ഒരു ലോകപ്രതിഭാസമായി മാറിയ ഈ നൂറ്റാണ്ടിലോ കഴിഞ്ഞ നൂറ്റാണ്ടിലോ ഒന്നും ആയിരിക്കില്ല അത്. അതിനും ഒക്കെ സഹസ്രാബ്ദങ്ങൾക്കും മുൻപേ കേരളം കേരളമോ മലയാളി മലയാളിയോ ആവുന്നതിനും മുൻപേ, ഒരുപക്ഷേ സംഘകാലത്തു നമ്മുടെ പ്രകൃതി വിഭവങ്ങൾ തേടി മുസിരീസിലോ കൊല്ലത്തോ എത്തിയ യവനന്മാരുടെയോ അറബികളുടെയോ ചൈനക്കാരുടെയോ കപ്പലുകളിൽ കയറിപ്പോയ ഒരുവനോ അടിമയായി വില്ക്കപ്പെട്ട് അവർക്കൊപ്പം പോകാൻ വിധിക്കപ്പെട്ട ഒരുവനോ ആയിരുന്നിരിക്കാം അത്. അതിനും ശേഷം എത്രയോ പേർ ലോകത്തിന്റെ ഏതൊക്കെയോ മൂലകളിലേക്ക് ചേക്കേറിപ്പോയിരിക്കാം. അടിമയായി, സഞ്ചാരിയായി, തൊഴിലാളിയായി ഒക്കെ. ഒരിക്കലും അവസാനിക്കുന്ന ഒരു ചരിത്രമായിരുന്നില്ല അത്. കാലങ്ങളായി അത് തുടർന്നുകൊണ്ടേയിരിക്കുന്നു. മാതൃദേശത്തിന്റെ ഒരു അടയാളരേഖകളും അവശേഷിപ്പിക്കാതെ അവരൊക്കെയും ചെന്നു ചേർന്ന ഇടങ്ങളിൽ ലയിച്ച് അവരിൽ ഒരാളായി മാറിപ്പോയിരിക്കണം. നമ്മളോട് കഥ പറയുവാനായി അവരാരും പിന്നെ തിരിച്ചു വന്നതേയില്ല. ലോകത്തിലെ എല്ലാ മനുഷ്യരുടെയും ആദിമ പിതാക്കന്മാരിലേക്കുള്ള ഒരു തലമുറക്കോവേണി സൃഷ്ടിച്ചെടിക്കാൻ കഴിയുമായിരുന്നെങ്കിൽ ആ മനുഷ്യർ എത്തിപ്പെട്ട ദേശങ്ങൾ ഏതൊക്കെ നമുക്ക് തെളിഞ്ഞുകിട്ടുമായിരുന്നു. അതിലൂടെ അവർ സഞ്ചരിച്ച പാതകളും അവരുടെ ജീവിതങ്ങളും നമുക്ക് മനസിലാവുമായിരുന്നു.

അതേപോലെ തന്നെ പൗരാണിക കാലം മുതലേ കേരളം  അന്യദേശങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരുടെ ഒരു സ്വപ്നഭൂമികൂടിയായിരുന്നു എന്നും നാം പലപ്പോഴും മറന്നുപോകുന്നു. പഴയ കാലത്തെ ഒരു മെട്രോ നഗരമായിരുന്നു കേരളം എന്നു വേണമെങ്കിൽ സങ്കല്പിക്കാവുന്നതാണ്. അനേകം ജാതി ജനതകൾ വന്നുപാർത്ത ഒരിടം.  റോമ സാമ്രാജ്യകാലത്ത് ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് ചിതറിപ്പോയവരിൽ ചില ജൂതന്മാർ മുതൽ ഇന്ന് ഈ ആധുനിക കാലത്ത് ബംഗാളിന്റെയും ആസ്സാമിന്റെയും ഒറീസയുടെയും ഉൾഗ്രാമങ്ങളിൽ നിന്നും തൊഴിൽതേടി എത്തുന്നവർ വരെ നീളുന്ന ഒരു വലിയ ജനവിഭാഗം അതിലുണ്ട്. അതിൽ  കുടിയേറ്റക്കാരും അധിനിവേശക്കാരും അഭയാർത്ഥികളും  കച്ചവടക്കാരും തൊഴിലന്വേഷകരും ഉണ്ടായിരുന്നു. വന്നവരൊക്കെയും കേരളത്തിന്റെയും നമ്മുടെ സംസ്‌കാരത്തിന്റെയും ഭാഗമായി മാറുകയും ചെയ്തു. അവരിൽ ജൂതന്മാരൊഴികെ മറ്റാരും ഈ ദേശം ഉപേക്ഷിച്ചു പോയതുമില്ല. അങ്ങനെയാണ് കേരളം ഒരു സങ്കരവർഗ്ഗഭൂമിയായി മാറുന്നത്. അതുകൊണ്ടുതന്നെയാവണം നമുക്ക് ഒരു തമിഴനിലോ പഞ്ചാബിയിലോ പട്ടാണിയിലോ അറബിയിലോ കാണുന്നതരം സുദൃഡവും വ്യതിരിക്തവുമായ ഒരു ഗോത്രപാരമ്പര്യമോ ഗോത്രബോധമോ ഇല്ലാത്തതും. ഒരു ഗ്രാമത്തിലെ വേണ്ട ഒരു കുടുംബത്തിലെ തന്നെ കുറച്ചുപേരെ നരവംശപരമായ മാതൃകാപരിശോധനയ്ക്ക് വിധേയമാക്കിയാൽ അവരുടെ മുഖത്തു നിന്ന് ഒരു കൊക്കേഷ്യനെയോ മംഗോളിയനെയോ നീഗ്രോയിഡിനെയോ കണ്ടെത്താൻ നമുക്ക് കഴിയും. ഇനിയും കുറേക്കൂടി സൂക്ഷ്മായി പരിശോധിച്ചാൽ മലയാളിയുടെ മുഖങ്ങളിൽ ജൂതനും സിറിയനും അറബിയും ചൈനക്കാരനും ആര്യനും ദ്രാവിഡനും ഒക്കെ മയങ്ങിക്കിടക്കുന്നത് ദർശിക്കാൻ സാധിക്കും. ഈ സങ്കരത്വമാണ് മലയാളിയുടെ ഗോത്രബോധത്തെ നേർപ്പിച്ചു കളഞ്ഞത്.

ഭാഷയുടെ അടിസ്ഥാനത്തിൽ രൂപീകൃതമായ ഒരു സംസ്ഥാനം എന്ന നിലയിൽ പരിശോധിക്കുമ്പോൾ പഴയ ചെന്തമിഴിൽ നിന്നും ഇന്നത്തെ മലയാളം രൂപപ്പെട്ടു വരുന്നതിൽ യൂറോപ്യൻ അധിനിവേശം പ്രത്യേകിച്ച് മിഷണറിമാർ  വഹിച്ച പങ്ക്! നാം തിരിച്ചറിയേണ്ടതുണ്ട്. അച്ചടി മുതൽ നിഘണ്ടു വരെ സമ്മാനിച്ചുകൊണ്ട് ഒരു പുതിയ ഭാഷയ്ക്കും അതിലൂടെ പരുവപ്പെടുന്ന സംസ്‌കാരത്തിനും അവർ അടിത്തറ പാകി.   പോർച്ചുഗീസ്, ഡച്ച്, ഫ്രഞ്ച് ബ്രിട്ടീഷ് അധിനിവേശങ്ങൾ സമ്മാനിച്ചതാണ് നമ്മുടെ ഭാഷയിലെ ഒട്ടേറെ വാക്കുകൾ. അതിനും മുൻപേയുള്ള ചൈനീസ്, അറബ് ബന്ധവും നമുക്ക് വാക്കുകളും ഭക്ഷണവും പാത്രങ്ങളും വരെ സമ്മാനിച്ചിട്ടുണ്ട്. അതുകൂടാതെ തമിഴ്,  സംസ്‌കൃതം, ഹിന്ദി, തെലുങ്ക്!, കന്നട, കൊങ്കിണി എന്നീ ഭാരതീയ ഭാഷകളിൽ നിന്നും പേർഷ്യൻ, ഉർദു, തുർക്കി, സുറിയാനി, ഹീബ്രു തുടങ്ങിയ വൈദേശിക ഭാഷകളിൽ നിന്നും നാം ധാരാളം പദങ്ങൾ കടം കൊണ്ടിട്ടുണ്ട്. അങ്ങനെയെങ്കിൽ, നമ്മുടെ ദേശത്തിന്റെ ചരിത്രം എന്നത് എങ്ങോട്ടൊക്കെയോ കുടിയേറിപ്പോയവരുടെയും എവിടൊന്നൊക്കെയോ കുടിയിറങ്ങി വന്നവരുടേതുമാണെന്ന് നമുക്ക് മനസിലാവുന്നു. അതിൽ കഴിഞ് നൂറ്റാണ്ടിന്റെ ആദ്യപകുതി മുതലുള്ള ചരിത്രമേ നമുക്ക് അല്പമെങ്കിലും അറിയൂ എന്നതാണ് സത്യം. വാസ്ഗോ ഡി ഗാമയ്ക്ക് ശേഷമുള്ളവരുടെ ഇറങ്ങി വരവിനെക്കുറിച്ചേ നമ്മുടെ കയ്യിൽ രേഖകൾ ഉള്ളൂ.

മലബാർ കുടിയേറ്റം നമുക്കറിയാം. ആസാം പണിക്കാരെക്കുറിച്ച് നാം വായിച്ചിട്ടുണ്ട്. പിന്നെ ശ്രീലങ്കയിലേക്ക് പോയവർ, കരിബിയൻ തോട്ടങ്ങളിലേക്ക് ആട്ടിത്തെളിച്ചു കൊണ്ടുപോകപ്പെട്ടവർ. പിന്നെ മലേഷ്യയിലേക്ക്, റങ്കൂണിലേക്ക്, കറാച്ചിയിലേക്ക്, സിംഗപ്പൂരിലേക്ക് തൊഴിൽ തേടിപ്പോയ ഭാഗ്യാന്വേഷകർ. അവിടെയും ആ യാത്ര അവസാനിക്കുന്നില്ല. എത്യോപ്യ, ഉഗാണ്ട, സാൻസിബാർ, നൈജീരിയ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് വരെ ജോലി തേടി പോയവർ. രണ്ടാം ലോകമഹായുദ്ധാനന്തരം ഫ്രാൻസ്, ഇറ്റലി, ജർമ്മനി, ബ്രിട്ടൺ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുടിയേറിയവർ. പിന്നെയാണ് എണ്ണയുടെയും പേർഷ്യയുടെയും കഥ നാം കേൾക്കാൻ തുടങ്ങുന്നത്. ഇറാൻ, ഇറാക്ക്, ലിബിയ, ജോർദാൻ, യമൻ ഒടുവിൽ ഗൾഫ് നാടുകളും. ഇതിനു സമാന്തരമായിട്ട് അറുപതുകളിലും എഴുപതുകളിലും ആയിരിക്കണം അമേരിക്ക എന്ന സ്വപ്നം നമ്മുടെ സിരകളിൽ കൂടുവെക്കുന്നതും അങ്ങോട്ടുള്ള യാത്രകൾ വ്യാപകമാകുന്നതും. ചെന്നു ചേർന്ന ഇടങ്ങളിലൊക്കെയും മലയാളി നേരിട്ട പ്രശ്‌നങ്ങൾ സമാനമായിരുന്നു. എന്നാൽ ഏതു സാഹചര്യത്തെയും നേരിടാം. എന്തിനെയും അതിജീവിക്കാം എന്ന ആത്മവിശ്വാസം മാത്രമായിരുന്നു അവന്റെ കൈമുതൽ.

മലബാറൻ കാടുകളിലേക്കും അമേരിക്കൻ നഗരത്തിലേക്കും പോയവന്റെ അവസ്ഥകളെ താരതമ്യം ചെയ്യുകയല്ലെങ്കിലും അതിജീവനത്തിന്റെ കാര്യം വരുമ്പോൾ ഈ ജീവിതങ്ങൾ എവിടെയൊക്കെയോ കൂട്ടിമുട്ടുന്നതു നമുക്ക് കാണാൻ കഴിയും.  ആ കരുത്താണ് അവനെ ഇപ്പോഴും മൂല്യമുള്ള വസ്തുവായി നിലനിറുത്തുന്നതും. ഇതൊക്കെയും നാം ചരിത്രപുസ്തകങ്ങളിൽ നിന്നു വായിച്ചെടുക്കുന്ന വളരെ ഉപരിപ്ലവമായി വസ്തുതകൾ മാത്രമാണ്. അതിനപ്പുറത്ത് അവരുടെ അനുഭവങ്ങൾ പറയപ്പെടാതെയും പങ്കുവെക്കപ്പെടാതെയും മനുഷ്യസ്പർശമേല്ക്കാത്ത ഉൾക്കാടുകൾ പോലെ അജ്ഞാതമായി കിടക്കുകയാണ്. അവർ നടന്നുപോയ പാതകൾ, അതിലെ കഠിനതരമായ അനുഭവങ്ങൾ, അവർ എത്തിച്ചേർന്ന് ഇടങ്ങൾ, അവർ കണ്ടുമുട്ടിയവർ, അവരുടെ അതിജീവനങ്ങൾ, മത്സരങ്ങൾ, പോരാട്ടങ്ങൾ, കണ്ണീരുകൾ, സ്വപ്നങ്ങൾ, നൊമ്പരങ്ങൾ, ഏകാന്തത, ഒറ്റപ്പെടൽ അങ്ങനെ അങ്ങനെ പറയപ്പെടാനായി കിടക്കുന്ന എന്തെല്ലാം അവസ്ഥകൾ. അവരുടെ കഥകൾ കേൾക്കാൻ ഒരുകാലത്തും നാം സജ്ജരല്ലായിരുന്നു എന്നു തോന്നുന്നു. അവരെ നാം മരിച്ചവരെപ്പോലെ അന്യരായി കണ്ടു. വല്ലപ്പോഴും വിരുന്നിനെത്തുന്നവരോട് എന്നാണ് തിരിച്ചു പോകുന്നത് എന്നു ചോദിച്ച് അവർ ഇവിടേക്കുള്ളവരല്ല എന്ന് ഓർമിപ്പിച്ചു.

എന്നാൽ മലയാളിയുടെ ജീവചരിത്രം എന്നെങ്കിലും പൂർത്തിയാവണമെങ്കിൽ ഈ ദേശം വിട്ട് പോയവരുടെ കഥകൾ കൂടെ കൂട്ടിവായിച്ചേ മതിയാവൂ. അവരുടെ കാഴ്ചകൾകൂടി പങ്കുവച്ചേ മതിയാവൂ. അല്ലെങ്കിൽ അതിനു അപുർണ്ണതയോടെ പാതിവഴിയിൽ നിന്നു പോകാനായിരിക്കും വിധി. പൂർണ്ണത ഒരിക്കലും സാധ്യമല്ലെന്ന അറിവ് ഉണ്ടായിരിക്കെ തന്നെ അതിനുള്ള ശ്രമം പലഭാഗങ്ങളിൽ നിന്നും ഉണ്ടായി വരുന്നുണ്ട്. അതിനു ഉദാഹരണമാണ് അടുത്ത കാലത്തായി ഗൾഫ് നാടുകളിലേക്ക് ചേക്കേറിയവരിൽ നിന്ന് ഉണ്ടാവുന്ന നോവലുകളും കവിതകളും ആത്മഭാഷണങ്ങളും ഒക്കെ. മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി അവ പരക്കെ വായിക്കപ്പെടുന്നുമുണ്ട്. സാഹിത്യലോകത്തിനും വായനാലോകത്തിനും ഉണ്ടായ ഒരു തിരിച്ചറിവിന്റെ ഭാഗമാണത്. ഒരിക്കലും അടയാളപ്പെടാതെ തമസ്‌കരിച്ചു കിടന്നുപോയ ജനവിഭാഗങ്ങളിലേക്ക് ചെന്നുചേരേണ്ട സാഹിത്യാന്വേഷണത്തെക്കുറിച്ചുള്ള തിരിച്ചറിവായിരുന്നു അത്. പുതിയ കാലം അങ്ങനെ ചിലത് ആവശ്യപ്പെടുന്നുണ്ട്.  മനുഷ്യന്റെ യഥാർത്ഥ ജീവിതം അടയാളപ്പെടുത്തുന്നത് ചരിത്രപുസ്തകങ്ങളിൽ അല്ല സാഹിത്യഗ്രന്ഥങ്ങളിലാണ് എന്നതുകൊണ്ടാണ് മനുഷ്യനെക്കുറിച്ചുള്ള യഥാർത്ഥ അന്വേഷണങ്ങൾ ഒക്കെ അവസാനം സാഹിത്യത്തിൽ ചെന്നു നില്ക്കുന്നത്. നിർഭാഗ്യവശാൽ കേരളത്തിൽ നിന്നുള്ള കുടിയേറ്റങ്ങളെ അധികമൊന്നും അടയാളപ്പെടുത്തുവാൻ സാഹിത്യത്തിനു കഴിഞ്ഞിട്ടില്ല എന്ന പരാധീനത ഒരു ദുഖസത്യമായി നമ്മുടെ മുന്നിൽ തെളിഞ്ഞു നില്ക്കുന്നുണ്ട്.

കേരളം അറുപതാണ്ട് പൂർത്തിയാക്കുന്ന ഈ വേളയിൽ കുടിയേറിപ്പോയവരും കുടിയിറങ്ങി വന്നവരും ചേർന്ന് സൃഷ്ടിച്ച ഒരു കേരളമാണ് നിലനില്ക്കുന്നത് എന്നും നമ്മുടെ ഭാഷ, വേഷം, ആഹാരം, സംസ്‌കാരം, സാഹിത്യം, വാസ്തുശാസ്ത്രം, രാഷ്ട്രീയം ഒക്കെ രൂപപ്പെട്ടത് ഈ വരുത്തുപോക്കിന്റെ ബാക്കി പത്രമായിട്ടാണ് എന്നും നമുക്ക് മനസിലാവുന്നുണ്ട്. അതിനെ ഒരു അറുപതാണ്ടിന്റെ പരിധിയിൽ ഒതുക്കി നിറുത്തുവാനായില്ല. നൂറ്റാണ്ടുകൾക്കപ്പുറത്തേക്ക് നീണ്ടുചെല്ലുന്ന ബന്ധങ്ങൾ അതിനുണ്ട്. എന്നുപറഞ്ഞാൽ 1956 ജനുവരി 26നു രൂപം കൊണ്ട ഒന്നായി നമുക്ക് കേരളത്തെ കാണാനാവില്ല. ആ ഒരു തീയതിയിൽ നിന്നുകൊണ്ട് നമുക്ക് ചരിത്രം പറഞ്ഞു തുടങ്ങാനുമാവില്ല. എങ്കിലും ഇക്കാലയളവിൽ നമ്മുടെ വരുത്തുപോക്കുകൾ ഈ ദേശത്തിനു എന്തു സമ്മാനിച്ചു അത് എങ്ങനെയൊക്കെ നമ്മുടെ ജീവിതങ്ങളെ സ്വാധീനിച്ചു എന്നൊരന്വേഷണമാണ് ഈ പുസ്തകത്തിലൂടെ ലക്ഷ്യമാക്കുന്നത്. ഇത് സമ്പൂർണ്ണവും സമഗ്രവുമായ ഒരു അന്വേഷണ പുസ്തകമല്ല. നിശ്ചയമായും കൂടുതൽ ആഴത്തിലുള്ള തുടർച്ചകളും അനുബന്ധങ്ങളും ഇതിനു ഉണ്ടാവേണ്ടതുണ്ട്. അതിലേക്കുള്ള ഒരു വഴി തുറക്കൽ മാത്രമായി ഇതിനെ കാണുക.

(കുടിയേറ്റം പ്രവാസത്തിന്‍റെ മലയാള വഴികൾ എന്ന പുസ്തകത്തിന്‍റെ ആദ്യ അധ്യായം)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pravasambenyaminkudiyettam
News Summary - Benyamin's book
Next Story