കടൽ പാടിയ പാട്ടുകൾ
text_fieldsപത്തേമാരികൾ പൊന്നാനി തുറമുഖത്തുനിന്ന് അപ്രത്യക്ഷമാകുന്നത് 1970കളിലാണ്. ഒരു തെ ാഴിൽ മേഖലയുടെ മാത്രം അന്ത്യമായിരുന്നില്ല അത്. പത്തേമാരികൾ രൂപപ്പെടുത്തിയ പാട്ടും ക വിതയും ഗസലും ഖവാലിയുമെല്ലാം എന്നെന്നേക്കുമായി മാഞ്ഞുപോയി. പൊന്നാനി തീരത്തുനിന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് അപ്രത്യക്ഷമായ ആ സംഗീത പാരമ്പര്യത്തിലേക്കുള്ള യാത്രയാണ് ഇൗ ലേഖനം.
ഒരു ജനതയിൽനിന്ന് അവരുടെ പാട്ടുകൾ കണ്ടെടുക്കുന്നു
നീലാകാശവും നീലക്കടലുമല്ലാതെ കണ്ണിലൊന്നും പതിയാത്ത നാളുകളാണ് അവരുടെ പത്തേമാരിയോർമകളിൽ അധികവും. കടലിനും കരക്കുമായി ജീവിതം പകുത്തു നൽകിയവരായിരുന്നു അവർ. കരയായിരിക്കും അതിലെ ചെറിയ പങ്കിന്നുടമ.
അറ്റം കാണാതെ കിടക്കുന്ന കടലിലേക്ക് കണ്ണ് നട്ട്, കരയെയും ഉടപ്പിറപ്പുകളെയും കിനാവിലേക്ക് വിളിച്ചുവരുത്തി, രാവും പകലും അവർ ശ്വസിച്ച് തീർക്കും. മരണത്തിനും ജീവിതത്തിനുമിടയിലെ നേർത്തവരയിലൂടെയാകും അവരുടെ കടൽസഞ്ചാരങ്ങൾ ഒാരോന്നും. കാറ്റും കോളും അവരുടെ ഉള്ളുലക്കാത്ത യാത്രകളില്ല. ഒാരോ യാത്രയിലും ഒരാളെയെങ്കിലും നഷ്ടപ്പെടും.
വടക്കുനിന്ന് വരുന്ന ഒരു പ്രത്യേക തരം കാറ്റുണ്ട്. വിശ്വസിക്കാൻ കൊള്ളില്ല ആ കാറ്റിനെ. എപ്പോൾ വേണമെങ്കിലും വഴി മാറി വീശാം. ദിശ മാറിയാൽ പായ മാറ്റിക്കെട്ടണം. അല്ലെങ്കിൽ മഹാ ദുരന്തമാകും ഫലം.
രാത്രി കാറ്റിെൻറ ഗതി മാറുമെന്നതിനാൽ പത്തേമാരിയിലെ ഖലാസികൾ (തൊഴിലാളികൾ) ഉറങ്ങാതിരിക്കും. ഉറക്കമകറ്റാൻ പലവഴികളുണ്ട് അവർക്ക്. അതിലൊന്നാണ് സംഗീതം. കേട്ട ഹിന്ദി പാട്ടുകളോ മാപ്പിളപ്പാട്ടുകേളാ നാടൻപാട്ടുകളോ അവർ കൂട്ടമായി ചൊല്ലും. പാടിയ പാട്ടുകൾ പിന്നെയും പിന്നെയും പാടി മടുത്തപ്പോൾ അവർ മറ്റൊരു ഉപായം കണ്ടെത്തി. സ്വന്തം ജീവിതത്തിൽനിന്ന് പാട്ടുണ്ടാക്കാൻ തുടങ്ങി. അവരുടെ ദുരിതങ്ങളും വ്യഥകളും പ്രണയവും പ്രണയ നൈരാശ്യവും സമരവും പോരാട്ടവും പ്രതിരോധവും ആശയും ആഗ്രഹങ്ങളും എല്ലാം പാട്ടായി അവരോടൊപ്പം ഒഴുകി. കാലാവസ്ഥ പ്രതികൂലമായാല്‍ രണ്ടോ മൂന്നോ ദിവസം പത്തേമാരി കടലില്‍ ചുറ്റിത്തിരിയും. അപ്പോള്‍ കടലിെൻറ വിജനതയില്‍ പത്തേമാരികളില്നിന്ന് ഹാര്‍മോണിയത്തിലൂടെ പ്രണയവും വിരഹവും ശ്രുതിയിട്ട സംഗീതം ഓളങ്ങളിലേക്ക് ഒഴുകിപ്പരക്കും. നേരം പുലരുേവാളം ഇത് തുടരും. മാസങ്ങളോളം കുടുംബങ്ങളെ വിട്ടകന്നു കഴിയുന്നതിെൻറ വിരഹ വേദനകള്‍ മാഞ്ഞ് പോകാന്‍ അവരെ സഹായിച്ചത് ഈ സംഗീതമായിരുന്നു. പതിയെ ഒരു പാട്ട് പ്രസ്ഥാനം തന്നെ അന്നാട്ടിൽ രൂപപ്പെട്ടു. ‘കടൽപാട്ട് പ്രസ്ഥാനം’. പാട്ടു കെട്ടിയവരോ പാടിയവരോ ഇൗണമിട്ടവരോ ഇങ്ങനെയൊരു പ്രസ്ഥാനത്തെ കുറിച്ച് ആലോചിച്ചിട്ടു പോലുമുണ്ടാകില്ല.
വരികളും താളവും ഇൗണവും അവർ പോലുമറിയാതെ രൂപപ്പെടുകയായിരുന്നു. പതിയെപ്പതിയെ, പാട്ടുകളുടെ വലിയ സമാഹാരംതന്നെ ആ നാട്ടിൽ രൂപപ്പെടുകയുണ്ടായി. മാപ്പിളപ്പാട്ടിെൻറയും ഹിന്ദുസ്ഥാനി സംഗീതത്തിെൻറയും അംശങ്ങളും താള വ്യവസ്ഥകളും അവർ അതിലേക്ക് ഉൾേചർത്തു. ബോംബെയിലേക്കായിരുന്നു പൊന്നാനിയിൽനിന്ന് ചരക്കുമായുള്ള പത്തേമാരി യാത്രകളധികവും. മരവും അരിയും ഉപ്പും സുഗന്ധവ്യഞ്ജനങ്ങളും മാത്രമായിരുന്നില്ല അവരുടെ കൊടുക്കൽ വാങ്ങലുകളിൽ ഉണ്ടായിരുന്നത്. പാട്ടും പാട്ടുപകരണങ്ങളും ഖവാലിയും ഗസലും കഥയും കവിതയും സിനിമയും എല്ലാം ബോംബെയിൽനിന്ന് കൊണ്ടുവന്നു. ഹിന്ദി സിനിമകളും പാട്ടുകളും സിനിമ റിലീസായി ഒന്നും രണ്ടും വർഷം കഴിഞ്ഞാണ് കേരളത്തിലെ തിയറ്ററുകളിൽ എത്തിയിരുന്നത്. എന്നാൽ, പൊന്നാനിയിൽ കഥ വ്യത്യസ്തമായിരുന്നു. ബോംബെയിൽനിന്ന് മടങ്ങിവരുന്ന പത്തേമാരികൾ പുതിയ പാട്ടുകളും സിനിമാകഥകളും കൂടി കൊണ്ടുവന്നിരുന്നു.
ചരക്കിറക്കി ബോംബെയിൽനിന്ന് മടങ്ങുംവരെ അവിടത്തെ ദർഗകളിലായിരുന്നു അവരുടെ രാവും പകലും. ഇന്നത്തെ പോലെ തന്നെ പല നാടുകളിൽനിന്നുള്ള ഖവാലി സംഘങ്ങളുടെ സംഗമസ്ഥലമായിരുന്നു ഹാജി അലി ദർഗ ഉൾപ്പെടെയുള്ള ബോംബെയിലെ ദർഗകൾ. അവിടെ തിരമുറിയാതെ പെയ്തൊഴിയുന്ന ഖവാലികൾ അവർ ഹൃദയത്തോട് ചേർത്തു. അതേ രാഗത്തിൽ സ്വന്തം ഭാഷയിൽ പാട്ടുകൾ കെട്ടി. ബോംബെയിലെ ദർഗകളിൽ മലയാളത്തിൽ ഖവാലി അവതരിപ്പിച്ചിരുന്ന പാട്ടുകാർ വരെ പൊന്നാനിയിൽനിന്നുണ്ടായി. വടക്കേ ഇന്ത്യയില്‍നിന്നും കൊച്ചി, കോഴിക്കോട് നിന്നും സംഗീതജ്ഞന്മാരായ ഉസ്താദുമാരും ഖവാലി^ഗസലുകാരും പൊന്നാനിയിൽ വന്ന് താമസിച്ചിരുന്നുവത്രെ.
പാെട്ടാഴുകിയ പത്തേമാരിക്കാലം
...........................................
സാമൂതിരിയും പോർചുഗീസുകാരും തമ്മിലുള്ള നിരന്തര സംഘർഷങ്ങൾ നടന്ന കാലത്ത്, സാമൂതിരിയുടെ പ്രധാന ശക്തി കുഞ്ഞാലി മരക്കാർമാരുടെ നാവികസേന ആയിരുന്നു. പൊന്നാനി അഴീക്കൽ പ്രദേശത്താണ് അന്ന് മരക്കാർമാർ തമ്പടിച്ചിരുന്നത്. പിന്നീടവർ പൊന്നാനിയിൽനിന്ന് പലായനം ചെയ്തു. എന്നാൽ, ചരിത്രത്തിലെ എല്ലാ പലായനങ്ങളെയും പോലെ അതും പൂർണമായിരുന്നില്ല. അവരിലെ പലരും ഇവിടെത്തന്നെ തുടർന്നു. കടൽ വഴിയുള്ള ചരക്ക് കൈമാറ്റമാണ് അവർ തൊഴിലാക്കിയത്. സമീപ പ്രദേശങ്ങളിലേക്കും തീരങ്ങളിലേക്കും ചരക്കുനീക്കം വ്യാപിച്ചതോടെ മലബാറിലെ പ്രധാന വ്യാപാരകേന്ദ്രമായി പൊന്നാനി മാറി.
നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഈ തുറമുഖത്ത് വൻതോതിലുള്ള കയറ്റിറക്കുമതി നടന്നിരുന്നു. പൊന്നാനി തുറമുഖത്ത് അറബികളും ബ്രിട്ടീഷുകാരുമുൾപ്പെടെ മറ്റ് യൂറോപ്യരും മലഞ്ചരക്കു വ്യാപാരത്തിൽ ഏർപ്പെട്ടിരുന്നു. അരി, പഞ്ചസാര, ഉപ്പ്, സുഗന്ധ വ്യഞ്ജനങ്ങൾ, മത്സ്യം, മരത്തടികൾ, കയർ, കൊപ്ര, ഓട്, മരച്ചീനി എന്നിവയായിരുന്നു പ്രധാനമായും കൈമാറിയിരുന്നത്. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകൾക്ക് ഏറെ ആശ്രയിക്കാവുന്നതും കിഴക്ക് കോയമ്പത്തൂർ വരെയുള്ള പ്രദേശങ്ങൾക്ക് ഏറ്റവും അടുത്തുള്ളതുമായ തുറമുഖം പൊന്നാനിയായിരുന്നു. 100 മുതൽ 200 ടൺ ഭാരമുള്ള നൂറിലേറെ പത്തേമാരികൾ പൊന്നാനി തുറമുഖത്തുണ്ടായിരുന്നു.
മലപ്പുറം ജില്ലയുടെ ഇതര തീരപ്രദേശങ്ങളിലെല്ലാം മത്സ്യബന്ധനമാണ് മുഖ്യതൊഴിൽ. എന്നാൽ, പൊന്നാനി അഴീക്കൽ ഗ്രാമത്തിലെ എല്ലാ ആണുങ്ങളും പത്തേമാരി പണിക്കാരായിരുന്നു. ഭാഷ, വസ്ത്രധാരണം, സംസ്കാരം, ആചാരങ്ങൾ എന്നിവയിലെല്ലാം ഇൗ പ്രദേശത്തുകാർ വേറിട്ട് നിന്നിരുന്നു. 1970കളുടെ അവസാനംവരെ കാറ്റിനെ മാത്രം ആശ്രയിച്ചാണ് പത്തേമാരികൾ സഞ്ചരിച്ചിരുന്നത്. പിന്നീട് യന്ത്രം കടന്നുവന്നു. കാറ്റ് അനുകൂലമാണെങ്കില്‍ രണ്ടുമുതൽ അഞ്ചുദിവസം കൊണ്ട് വരെ ബോംബെയിൽ എത്തിയ അനുഭവം ഇവിടത്തുകാർക്കുണ്ട്. കാലാവസ്ഥ എതിരായാൽ ചിലപ്പോൾ ഒരുമാസമെടുക്കും. 15 ദിവസത്തിനുള്ള ഭക്ഷണവുമായാണ് പത്തേമാരി യാത്ര. കണക്ക് പിഴച്ചാൽ, വഴിയിൽ കാണുന്ന മറ്റ് പത്തേമാരികളിൽനിന്ന് വാങ്ങും. ചില പത്തേമാരികള്‍ കൊടുങ്കാറ്റില്‍ പാറിപ്പോവുകയും അപ്രത്യക്ഷമാവുകയും ചെയ്തിട്ടുണ്ട്. ഏത് യാത്രയിലും ഒരാളെങ്കിലും മരണത്തിന് കീഴടങ്ങും. അങ്ങനെ എത്രയോ പേർ. തിരിച്ചുവരുമെന്ന് ഒരുറപ്പുമില്ലാതെയാണ് ഒാരോ യാത്രയും.
ഈ തുറമുഖത്ത് 1970കളുടെ പകുതിവരെ പത്തേമാരികൾ വന്നടുക്കുകയും ചരക്കുകളുടെ കയറ്റിറക്ക് നടക്കുകയും ചെയ്തിരുന്നു. പിന്നീട്, റോഡ്, റെയിൽ, വ്യോമ ഗതാഗതം ശക്തിപ്പെട്ടതോടെ പത്തേമാരികൾ തുറമുഖത്ത് പണിയില്ലാതെ കിടന്നു. പതിയെ പലതും അപ്രത്യക്ഷമായി. അതിനെ ആശ്രയിച്ച് കഴിഞ്ഞവർ മറ്റു തൊഴിലുകൾ അന്വേഷിച്ചുപോയി. മിക്കവാറും പേർ പതിയ മത്സ്യബന്ധനത്തിലേക്ക് മാറി. അതോടെ തികച്ചും വ്യത്യസ്തമായ ഒരു സംസ്കാരത്തിലേക്ക് അവർ പറിച്ചുനടപ്പെട്ടു. പലരും ഗൾഫിെൻറ പച്ചപ്പ് തേടിപ്പോയി. 1970 കളുടെ അവസാനത്തോടെ പത്തേമാരികൾ പൊന്നാനി തുറമുഖത്തുനിന്ന് പൂർണമായും അപ്രത്യക്ഷമായി. നൂറ്റാണ്ടുകളുടെ പഴക്കമുള്ള സമ്പന്നമായ ഒരു സംസ്കാരം കൂടിയാണ് അതോടൊപ്പം മൺമറഞ്ഞത്. പത്തേമാരികൾക്കൊപ്പം കലയും പാട്ടും കവിതയും ഗസലും ഖവാലിയുമെല്ലാം മാഞ്ഞുപോയി.പാട്ടും പൊന്നാനിയും
...............
സമ്പന്നമായ സാഹിത്യ, സാംസ്കാരിക പാരമ്പര്യമുള്ള മണ്ണാണ് പൊന്നാനിയുടെത്. മാപ്പിള കലാ-സാഹിത്യത്തിെൻറയും സംഗീതത്തിെൻറയും ഈറ്റില്ലമായിരുന്നു പൊന്നാനി. പൊന്നാനി മുന്നോട്ടുവെച്ച, വൈവിധ്യങ്ങൾ നിറഞ്ഞ സാഹിത്യധാരയെ കുറിച്ച് നിരവധി പഠനങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കേരളത്തിലെ ആദ്യ ചരിത്രകൃതിയായും ലോക വൈജ്ഞാനിക സാഹിത്യത്തിലെ വിശിഷ്ട ഗ്രന്ഥങ്ങളിലൊന്നായും വിലയിരുത്തപ്പെട്ട ശൈഖ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമെൻറ തുഹ്ഫത്തുൽ മുജാഹിദീൻ മുതൽ അക്ഷരാഭ്യാസം പോലുമില്ലാത്ത പൊള്ള മൊയ്തീൻകാക്ക കെട്ടിപ്പാടിയ പാട്ടുകൾ വരെ നീളുന്ന പല തലങ്ങളും മാനങ്ങളുമുള്ള അതിവിശാല സാഹിത്യ ചരിത്രമാണത്.
പൊന്നാനിക്കാരൻ തന്നെയായ എഴുത്തുകാരൻ കോടമ്പിയേ റഹ്മാന് മാപ്പിള സാഹിത്യത്തിെൻറ വലിയ കേന്ദ്രമായി ‘ചെറിയമക്കയിലെ മുപ്പത് രാവുകള്‍’ എന്ന ലേഖനത്തിൽ പൊന്നാനിയെ അവതരിപ്പിക്കുന്നുണ്ട്.
സാഹിത്യചരിത്രത്തെ കുറിച്ചാണ് മേൽ കുറിപ്പുകൾ എങ്കിൽ പൊന്നാനിയുടെ പ്രാദേശിക ചരിത്രകാരൻ ആയ ടി.വി. അബ്ദുറഹ്മാൻ കുട്ടി പൊന്നാനിയുടെ സംഗീതപാരമ്പര്യത്തെ കുറിച്ച് വിശദമായി എഴുതുന്നുണ്ട്.
‘‘സംഗീതത്തിെൻറയും പാട്ടിെൻറയും തനിമയും സ്വരമാധുര്യവും സംരക്ഷിച്ചു പോന്നിരുന്ന അപൂർവം പ്രദേശങ്ങളിൽ ഒന്നായിരുന്നു പൊന്നാനി. പകലന്തിയോളം പാടുപെട്ട് പണിയെടുക്കുന്ന തൊഴിലാളികളും ബീഡിതെറുപ്പുകാരും വ്യാവസായികളും എല്ലാം അന്തിമയങ്ങിയാൽ സംഗീതവേദികളിൽ സജീവമായിരുന്നു. രണ്ടാം നമ്പർ പാലത്തിന് സമീപവും ജെ.എം റോഡിലും കച്ചത്തെരുവിലും ചാണയിലും കോരവളവിലും ചന്തപ്പടിയിലും തൃക്കാവിലും ജിം റോഡിനും ആവിക്കുളത്തിനും സമീപമുള്ള തട്ടിൻമുകളും ഇടുങ്ങിയ പീടികമുറികളും വീടുകളുടെ കോലായകളുമായിരുന്നു ഇവരുടെ സേങ്കതം.
ഹാർമോണിയം, തബല, വയലിൻ, ഗിറ്റാർ, ഫ്ലൂട്ട്, മദ്ദളം, ച്ചൗട്ട് ഹാർമോണിയം തുടങ്ങിയ വാദ്യോപകരണങ്ങൾ ഇവിടെ ഉണ്ടായിരുന്നു. ചന്ദ്രതാരാ കലാസമിതി, ടൗൺ മ്യൂസിക് ക്ലബ്, നൗജവാൻ, പീപ്പിൾസ് മ്യൂസിക് ക്ലബ്, ജനകീയ കലാസമിതി, വസന്ത് ബഹാർ... തുടങ്ങി ധാരാളം കലാസമിതികൾ ഇവിടെ സജീവമായി നിലകൊണ്ടു. സംഗീതസംവിധായകൻ ബാബുരാജും കോഴിക്കോട് അബ്ദുൽ ഖാദറും മുതൽ പല ഹിന്ദുസ്താനി സംഗീതജ്ഞരും ഇവിടെ സ്ഥിരം സന്ദർശകരായിരുന്നു.’’
ഒരു ജനതയിൽനിന്ന് കടൽപാട്ടുകൾ കണ്ടെടുക്കുന്നു
.........................................................
മലയാളത്തിലെ നാട്ടു സംഗീതത്തിെൻറ ഭിന്നവഴികളെ കുറിച്ച അക്കാദമികവും അല്ലാത്തതുമായ അന്വേഷണങ്ങൾ ധാരാളം നടന്നിട്ടുണ്ട്. മലയാളിയുടെ സ്വത്വത്തെയും സാംസ്കാരികതയെയും രൂപപ്പെടുത്തുന്നതിലും വികസിപ്പിക്കുന്നതിലും ഒരോ പ്രദേശത്തിെൻറയും തനത് വാമൊഴിസംഗീത ധാരക്ക് അനിഷേധ്യ പങ്കുണ്ട്. കേരളത്തിൽ പ്രചാരത്തിലുള്ള വിവിധ ഫോക്ക് സംഗീത ശാഖകളെ കുറിച്ച അന്വേഷണങ്ങളിൽ പൊതുവായി നിരീക്ഷിപ്പെട്ട വസ്തുതയാണ് ഇത്. ഒരു ജനതയുടെ, അവർ ജീവിച്ച കാലത്തിെൻറ മുഖ്യ ബോധന മാധ്യമത്തിലും ജീവൽഭാഷയിലുമാകും അവ സൃഷ്ടിക്കപ്പെട്ടിരിക്കുക എന്നതാണ് അതിെൻറ കാരണം. അതുകൊണ്ട് തന്നെ അവയുടെ വീണ്ടെടുപ്പ്, കണ്ടെത്തൽ, വായന, പുനർവായന എന്നിവക്കെല്ലാം നമ്മുടെ സാഹിത്യ വ്യവഹാരത്തിൽ സവിശേഷമായ സ്ഥാനമുണ്ട്.
മലബാറിെൻറ ഫോക്ക് പാരമ്പര്യത്തെ കുറിച്ച അന്വേഷണങ്ങളിൽ മുഖ്യമായും കടന്നുവരുന്ന ഒന്നാണ് മാപ്പിളപ്പാട്ട്. കേരളത്തിലെ ഏറ്റവും ജനകീയവും ശാസ്ത്രീയവുമായ നാടൻപാട്ട് ശാഖയായി ആണ് മാപ്പിളപ്പാട്ട് വിലയിരുത്തപ്പെടാറുള്ളത്. മാപ്പിളപ്പാട്ടിനെ മാറ്റിനിർത്തി കേരളത്തിലെ, വിശേഷിച്ചും മലബാറിെൻറ ചരിത്രം രേഖപ്പെടുത്താൻ സാധിക്കുകയുമില്ല. മലബാറിലെ മാപ്പിളമാരുടെ സാമൂഹികതയുമായി അത്രമേൽ ബന്ധപ്പെട്ടിരിക്കുന്നു ഇൗ സാഹിത്യ ശാഖ. അറബി^മലയാളം ഭാഷയിൽ പിറവികൊണ്ട മാപ്പിളപ്പാട്ട് കൃതികള്‍ മലയാള ഭാഷാ രൂപവത്കരണത്തിൽ ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്.
‘‘വിശുദ്ധന്മാരെ പ്രകീർത്തിക്കുന്ന മാലപ്പാട്ടുകൾ, വിശുദ്ധ യുദ്ധങ്ങൾ വിവരിക്കുന്ന പടപ്പാട്ടുകൾ. ധാർമിക നിർദേശങ്ങൾ അടങ്ങിയ ഉറുദികൾ, സ്തുതി പ്രധാനങ്ങളായ വിരുത്തങ്ങൾ, കഥകളും യുദ്ധ ചരിതങ്ങളുമടങ്ങുന്ന കിസ്സകൾ, േപ്രമത്തെയും വീരത്തെയും അടിസ്ഥാനമാക്കിയുള്ള കെസ്സുകൾ, പ്രണയവും വിരഹവും ആവാഹിക്കുന്ന കത്തുപാട്ടുകൾ, സ്ത്രീ സൗന്ദര്യവും രതിയും വർണിക്കുന്ന കല്യാണപ്പാട്ടുകൾ തുടങ്ങി പല അവാന്തര വിഭാഗങ്ങൾ ഈ പദ്യ ശാഖക്കുണ്ട്.’’5
പൊന്നാനിയിലെ പത്തേമാരിക്കാലം രൂപപ്പെടുത്തിയ കടൽപാട്ടുകളെ കണ്ടെടുക്കാനും രേഖപ്പെടുത്താനും ഒറ്റപ്പെട്ട ശ്രമങ്ങൾ നടന്നിരുന്നു. പൊന്നാനിയിലെ സീബേർഡ്സ് എന്ന സാംസ്കാരിക സംഘടന 1990കളിൽ അതിന് ശ്രമം നടത്തിയിരുന്നു. ഏതാനും പാട്ടുകൾ ഇങ്ങനെ കണ്ടെത്തുകയും ചെയ്തു. എന്നാൽ, അവ അക്കാദമിക് സമൂഹത്തിന് പ്രയോജനപ്പെടുംവിധം പ്രസിദ്ധീകരിക്കപ്പെടുകയോ സാഹിത്യ പരിശോധനക്ക് വിധേയമാക്കുകയോ ഉണ്ടായില്ല. അന്നത്തെ അന്വേഷണത്തിന് മുൻകൈയെടുത്തത് പൊന്നാനി സ്വദേശിയായ കെ.എ. ഉമ്മർകുട്ടിയാണ്. കണ്ണൂർ ഗവ. എൻജിനീയറിങ് കോളജിൽനിന്ന് മുഖ്യ ലൈബ്രേറിയനായി വിരമിച്ച ഉമ്മർകുട്ടി, സ്വന്തം ജനതയുടെ രേഖപ്പെടുത്താതെ പോയ കടൽപാട്ടു ചരിത്രത്തെ കുറിച്ചുള്ള അന്വേഷണത്തിനാണ് തെൻറ വിശ്രമകാലം വിനിയോഗിക്കുന്നത്.
‘‘പൊന്നാനിക്ക് സമ്പന്നമായ സംഗീതപാരമ്പര്യം ഉണ്ട്. സംഗീതം എന്നത് അനുഷ്ഠാനം പോലെ ആണ് ഈ നാടിന്. പ്രശസ്തരും അപ്രശസ്തരുമായ ധാരാളം സംഗീതജ്ഞർ ഇവിടെനിന്ന് പിറവി കൊണ്ടിട്ടുണ്ട്. അന്നത്തെ കൂട്ടായ്മകളിലെല്ലാം പാട്ട് ഒരു നിർബന്ധ ചേരുവയാണ്. നിക്കാഹ്പോലെ കല്യാണചടങ്ങിൽ പാട്ട് ഒരു അനിവാര്യതയായിരുന്നു. ഒരു കല്യാണത്തിൽ തന്നെ രണ്ടും മൂന്നും പാട്ടുസംഘങ്ങൾ വന്ന് പാടിയിരുന്നു. ഉറൂസ്, റാത്തീബ് പോലുള്ള പല സംഗീതബന്ധിത അനുഷ്ഠാനങ്ങൾ സജീവമായി നിലനിന്ന പ്രദേശമായിരുന്നു ഇത്. പത്തേമാരി തൊഴിലാളികളുടെ ജീവിതമായിരുന്നു മിക്ക കടൽപാട്ടുകളുടെയും പ്രമേയം.
പ്രതിപാദ്യത്തിൽ വഞ്ചിപ്പാട്ടിനോട് അസാധാരണമായ സാമ്യം ഇതിൽ കണ്ടെടുക്കാം. തെൻറ ദാരിദ്ര്യത്തെ അർഥഗർഭമായി വെളിപ്പെടുത്തുന്ന രീതിയിലാണ് രാമപുരത്തു വാരിയർ കുചേലവൃത്തം വഞ്ചിപ്പാട്ട് രചിച്ചത്. കടൽപാട്ടുകളിൽ മിക്കതിെൻറയും ഇതിവൃത്തം ഇങ്ങനെയുള്ള സങ്കടം പറച്ചിൽ ആയിരുന്നു. മാപ്പിളപ്പാട്ടിനോട് വളരെ അടുത്ത് നിൽക്കുന്ന ഭാഷയും പ്രയോഗവുമാണ് ഇതിൽ കാണാൻ കഴിയുക. മാപ്പിളപ്പാട്ടിനെ പോലെ ഒരേ കവിതയിൽ വിവിധ ഭാഷയിലെ വാക്കുകൾ ഉപയോഗിക്കുന്ന രീതിയും കടൽപാട്ടുകളിൽ കാണാം. റസാഖ് ഹാജി, പൊള്ള മൊയ്തീൻകാക്ക, ഇ.കെ. അബൂബക്കർ, പൊന്നാനി അസീസ് തുടങ്ങിയ ഹിറ്റ് പാട്ടുകാർ ഇവിടെയുണ്ടായിരുന്നു. ചിട്ടയിൽ പാെട്ടഴുതി നന്നായി അവതരിപ്പിക്കാൻ ശേഷിയുള്ളവരായിരുന്നു അവർ. ജീവിതത്തിലെ ഒാരോ നിമിഷങ്ങളെയും അവർ പാട്ടിലേക്ക് പകർത്തി. കടലിലെ ദുരിതങ്ങളും കരയിലെ വേദനകളും എല്ലാം അവരുടെ പാട്ടുകളിൽ വന്നുനിറഞ്ഞു. നിമിഷ കവികളായിരുന്നു മൂവരും.
ബദർനൂർ പത്തേമാരിയുടെ സ്രാങ്കും ഉടമയുമായിരുന്ന കണ്ണിയാത്താനകത്ത് അബൂബക്കർ (ഒൗക്കർ സ്രാങ്ക്) ആയിരുന്നു എെൻറ പിതാവ്. എെൻറ കുട്ടിക്കാലം പത്തേമാരികളുമായി അത്രമേൽ ബന്ധപ്പെട്ടതായിരുന്നു. ഞങ്ങളുടെ ജീവിതവും സ്വപ്നവുമെല്ലാം പത്തേമാരിയായിരുന്നു. യുവാവ് ആയപ്പോഴേക്കും പത്തേമാരികളുമായി ബന്ധപ്പെട്ട തൊഴിൽമേഖല തകർന്നു. ഒപ്പം സമ്പന്നമായ സംഗീതപാരമ്പര്യവും നാശോന്മുഖമായി. പാട്ട് മനസ്സിൽ സൂക്ഷിക്കുകയും പാടുകയും ചെയ്തിരുന്ന നിരവധി ആളുകൾ മൺമറഞ്ഞു തുടങ്ങി. ഇവ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു പോകുമെന്ന ആശങ്ക ശക്തമായി.
അങ്ങനെയാണ് ഈ പാട്ടുകൾ കണ്ടെടുക്കണമെന്നും രേഖപ്പെടുത്തണമെന്നുമുള്ള ആഗ്രഹം ഉണ്ടാകുന്നത്. സീ ബേർഡ്സ് എന്ന ഇവിടത്തെ ഒരു സംഘടന ഒരു കടൽ അനുഭവങ്ങളെ കുറിച്ച ഒരു പരിപാടി സംഘടിപ്പിച്ചു. അതിനുവേണ്ടിയാണ് കടൽപാട്ടുകൾ തേടി പോയത്. പഴയ തലമുറയിൽ പലരെയും കണ്ടപ്പോൾ ആശയക്കുഴപ്പത്തിലാവുകയാണ് ചെയ്തത്. പല പാട്ടുകളുടെയും യഥാർഥ വരികൾക്ക് പകരം പാരഡി വരികളാണ് ആളുകളുടെ ഓർമയിലുള്ളത്. ഒരേ പാട്ട് തന്നെ പലരും പല രൂപത്തിൽ പാടുന്നു. ഇത്തരം പാട്ടുകൾ പാടിയിരുന്ന പൊന്നാനിയിലെ പ്രമുഖ ഗായകൻ അസീസ്ക്ക പാട്ടിലെ തെറ്റ് കുറേ തിരുത്തിത്തന്നു. അഞ്ചോ ആറോ ആളുകളിൽനിന്നാകും ഒരു പാട്ട് മുഴുവൻ കിട്ടുക.
പിന്നീടാണ് മനസ്സിലായത് സ്ത്രീകൾക്കാണ് ഈ പാട്ടുകൾ കൂടുതൽ ഓർമയുള്ളത് എന്ന്. കടലിൽനിന്ന് രചിക്കപ്പെടുന്ന പാട്ടുകൾ സ്ത്രീകളിലൂടെയാണ് ജനകീയമാവുക. അഴീക്കലിലെ വയസ്സായ സ്ത്രീകളെ കണ്ടപ്പോഴാണ് ശരിയായ വരികൾ കിട്ടിയത്. അവരുടെ ഓർമകൾ കൃത്യമാണ്. അഴീക്കൽ പ്രദേശത്തെ വയസ്സായ നിരവധി സ്ത്രീകളുടെ ഓർമകളിൽനിന്നാണ് ഈ പാട്ടുകളുടെ യഥാർഥ വരികൾ കണ്ടെടുക്കുന്നത്. പിന്നീട് എല്ലാവർക്കും ലഭ്യമാകുന്ന തരത്തിൽ പ്രസിദ്ധീകരിക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും ഔദ്യോഗികജീവിതത്തിലെ തിരക്കുകൾ കാരണം സാധിച്ചില്ല -കെ.കെ. ഉമ്മർകുട്ടി പറയുന്നു.
വഞ്ചി സമരവും പാട്ടുകളും
................................
‘‘മലപ്പുറം ജില്ലയിൽ പൊന്നാനിയിൽ മാത്രമായിരുന്നു പത്തേമാരികൾ ഉണ്ടായിരുന്നത്. കോഴിക്കോട്, വളപട്ടണം, പഴയങ്ങാടി, തലശ്ശേരി എന്നിവിടങ്ങളിലെ തുറമുഖങ്ങളിലും പത്തേമാരികൾ വഴിയുള്ള ചരക്കുനീക്കം ഉണ്ടായിരുന്നു. ബോംബെയിലേക്കാണ് ചരക്കുമായുള്ള മിക്കവാറും യാത്രകൾ. ഒരുതവണ ബോംബേയിലേക്കുള്ള യാത്രക്കും മടങ്ങിവരവിനും ഒരു വലി എന്ന് പറയും. ഒരു വലിയിലെ ചരക്കിന് ടണിന് 100 രൂപ കിട്ടിയാൽ, കസ്റ്റംസ് ചെലവുകൾ കഴിച്ചാണ് വീതം വെക്കുക. ബാക്കിയുള്ളതിെൻറ പകുതിയും വഞ്ചി മുതലാളിക്കായിരുന്നു. ബാക്കിയുള്ളതിെൻറ രണ്ട് ഓഹരി സ്രാങ്കിനും ഒരു ഓഹരി ഖലാസിമാർക്കും.
വർഷത്തിൽ ഒരിക്കലായിരുന്നു അന്ന് വരുമാനം വീതം വെച്ചിരുന്നത്. ഒാരോ വലിക്കും വരുമാനം വീതം വെക്കണം എന്നായിരുന്നു തൊഴിലാളികളുടെ ആവശ്യം. കഠിനമായി ജോലി ചെയ്തിട്ടും മതിയായ പ്രതിഫലം ലഭിക്കാത്തത് തുടർന്നപ്പോഴാണ് മലബാറിലെമ്പാടുമുള്ള പത്തേമാരി തൊഴിലാളികൾ സമരത്തിനിറങ്ങിയത്. വഞ്ചി മുതലാളിമാരുടെ പലതരം ചൂഷണങ്ങൾക്ക് എതിരായിരുന്നു 1950–60 കാലഘട്ടങ്ങളിൽ നടന്ന സമരങ്ങൾ.
ഡോ. അൽവാരിസ്, അഡ്വ. പി.കെ. ശങ്കരൻകുട്ടി, എസ്.കെ. ഖാദർ ഹാജി, പി.കെ. ശേഖരൻ, മാഞ്ചിനാഥ് റാവു തുടങ്ങി വിവിധ യൂനിയനുകളുടെ സംസ്ഥാന^ദേശീയ നേതാക്കൾ അന്ന് സമരത്തിന് പൊന്നാനിയിൽ വന്നിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ പോർട്ട് കാർഗോ വർക്കേഴ്സ് യൂനിയൻ ആയിരുന്നു അന്നത്തെ പ്രബല യൂനിയൻ. പത്തേമാരി, കാർഗോ തൊഴിലാളികൾ മൊത്തത്തിൽ സമരത്തിലായിരുന്നു. തൊഴിൽ ബഹിഷ്കരിച്ചുകൊണ്ടുള്ള സമരം കത്തിപ്പടർന്നു.
പൊന്നാനിയിൽ ഇ.കെ. ഇമ്പിച്ചിബാവയും ഇ.കെ. അബൂബക്കറും ഒക്കെ സമരത്തിെൻറ മുൻനിരയിൽ ഉണ്ടായിരുന്നു. അക്കാലത്ത് പാട്ട് തന്നെ ആയിരുന്നു പ്രധാന സമരായുധം. ഈ പാട്ടുകൾ സമരസദസ്സുകളിലും കല്യാണ വേദികളിലും ഒക്കെ ആവർത്തിച്ചു പാടപ്പെട്ടു. ഇമ്പിച്ചിബാവയും ഇ.കെ. അബൂബക്കറും എല്ലാം പാട്ടുകാർ കൂടിയായിരുന്നു. ജനങ്ങളെ സംഘടിപ്പിക്കുന്നതിലും അവരിൽ സമരാവേശം നിറക്കുന്നതിലും ഈ പാട്ടുകൾ വലിയ പങ്കുവഹിച്ചിട്ടുണ്ട്. സമര സദസ്സുകൾ പാട്ടുകൾ കൊണ്ടാണ് തുടങ്ങുക’’ ദീർഘകാലം സ്രാങ്കായും ഖലാസിയായും പത്തേമാരിയിൽ തൊഴിലെടുത്ത സ്രാങ്ക് ഖാദർ അക്കാലം ഓർത്തെടുത്തു.
ഒൽച്ചിക്കയും ഒൗക്കർ സഖാവും
.......................
മനുഷ്യെൻറ ആദ്യ സമരായുധം കലയും സംഗീതവുമാണെന്ന് പറയാറുണ്ട്. പത്തേമാരി തൊഴിലാളികളുടെയും അക്കാലത്തെ പ്രധാന സമരായുധം പാട്ടായിരുന്നു. എത്രയോ സമരപ്പാട്ടുകളുടെ അവതരണത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട് ഇൗ നാട്. പാടിയും പോരാടിയും പൊന്നാനിയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വളര്‍ത്തിയ സ്രാങ്കുമാരിൽ പ്രധാനിയാണ് ഇ.കെ അബൂബക്കര്‍ എന്ന ഒൗക്കർ സഖാവ്. പ്രമുഖ സി.പി.എം നേതാവും മന്ത്രിയുമായിരുന്ന ഇ.കെ. ഇമ്പിച്ചിബാവയുടെ സഹോദരനായിരുന്ന അദ്ദേഹം പൊന്നാനി നഗരസഭയുടെ പ്രഥമ ചെയർമാൻ ആയി പിന്നീട്. 1937ല്‍ അബൂബക്കര്‍ ബാപ്പ അബ്ദുല്ലയോടൊപ്പം കോഴിക്കോട് ‘പിയേഴ്സ് ലസ്ലി’ കാർഗോ കമ്പനിയില്‍ ജോലിക്ക് ചേര്‍ന്നു. 20ാം വയസ്സില്‍ സ്രാങ്കായി.
അബൂബക്കറിെൻറ ജീവിതവും മറ്റേതു അഴീക്കല്‍ യുവാക്കളുടെയും പോലെ കടല്‍ പകുത്തെടുത്തു. 16 കൊല്ലം കോഴിക്കോട്ട് കപ്പലില്‍ ജോലി ചെയ്താണ് പൊന്നാനിയിലെത്തിയത്. ബാബുരാജിെൻറ ഹാര്‍മോണിയം വായനക്കാരനായിരുന്നു അദ്ദേഹം. ഒരേസമയം ആ നാട്ടുകാരുടെ പ്രിയ പാട്ടുകാരനും നേതാവുമായിരുന്നു അദ്ദേഹം. പത്തേമാരി, കാർേഗാ തൊളിലാളികളെ സംഘടിപ്പിക്കുന്നതിലും അവരിൽ സമരാവേശം നിറക്കുന്നതിലും യൂനിയൻ പ്രവർത്തനങ്ങളിലും നായകത്വം വഹിച്ചിരുന്നു അദ്ദേഹം. കമ്യൂണിസവും ഖവാലിയും ഒരേ പൂവിൽ വിരിഞ്ഞാല്‍ അതാണ് അബൂബക്കര്‍ എന്ന സ്രാങ്ക്.
സംഗീതത്തെയും പാട്ടുപെട്ടിയെയും കുറിച്ച ഇപ്പോഴത്തെ പൊന്നാനിക്കാരുടെ ഒാർമകളിലേക്ക് ആദ്യം എത്തുന്ന രണ്ട് പേരുകളാണ് ഒൗൽച്ചിക്കയുടെതും ഒൗക്കർ സഖാവിെൻറതും. ഗാനരചയിതാവും ഗായകനുമായ പൊന്നാനി അബ്ദുൽ അസീസ് ആണ് ഒൗൽച്ചിക്ക എന്ന വിളിപ്പേരിൽ അറിയപ്പെട്ടത്. 1923ൽ ജനിച്ച അദ്ദേഹം 17ാം വയസ്സ് മുതൽ ബീഡി തെറുപ്പുകാരനായി ജോലി നോക്കി. ഒരാളുടെ കൂലിക്ക് തെറുപ്പുകാർക്കിടയിൽ പാടാനായി അദ്ദേഹത്തെ ചുമതലപ്പെടുത്തിയിരുന്നുവത്രെ. തുടർന്ന് നിരവധി വേദികളിൽ അദ്ദേഹത്തിെൻറ സ്വരമാധുര്യം എത്തി. മലബാറിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ പരിപാടികളിൽ അദ്ദേഹത്തിെൻറ പാട്ടുകൾ സ്ഥിരമായിരുന്നു. ഇ.എം.എസ്, എ.കെ.ജി തുടങ്ങി നേതാക്കളുടെ പ്രസംഗപരിപാടികളിലും അദ്ദേഹത്തിെൻറ ഗാനമേള ഉണ്ടായിരുന്നു. പൂരം, ചന്ദനക്കുടം നേർച്ച, ഉറൂസ്, കല്യാണ സദസ്സുകൾ, തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ എന്നിവയിലെല്ലാം അദ്ദേഹത്തിെൻറ സാന്നിധ്യം സജീവമായിരുന്നു. 2002ൽ ആണ് അദ്ദേഹം വിടപറയുന്നത്.
പൊള്ള മൊയ്തീൻകാക്കയും റസാഖ് ഹാജിയും
...........................................
അക്കാലത്തെ ഏറ്റവും പ്രധാന പാട്ടുകാരൻ ആയിരുന്നു പൊള്ള മൊയ്തീൻ കാക്ക. പാട്ട് രചിക്കുകയും പാടുകയും ചെയ്തിരുന്ന അദ്ദേഹത്തിന് എഴുത്തും വായനയും ഒട്ടും അറിയില്ലായിരുന്നു. ‘‘പൊള്ള മൊയ്തീൻ കാക്ക പൊന്നാനിക്കാരൻ തന്നെയാണ്. പൊന്നാനിയും കോഴിക്കോടും ആയിരുന്നു അദ്ദേഹത്തിെൻറ സ്ഥിരം താവളം. ആദ്യം വഞ്ചിത്തൊഴിലാളി ആയിരുന്നു. അദ്ദേഹത്തിെൻറ ജ്യേഷ്ഠന് സ്വന്തമായി വഞ്ചി ഉണ്ടായിരുന്നു. വയസ്സായതിൽ പിന്നെ അദ്ദേഹം വഞ്ചിയിൽ പോകാതെയായി. കോഴിക്കോട് കടപ്പുറത്ത് ആശുപത്രിയുടെ അടുത്താണ് അദ്ദേഹത്തെ കൂടുതലും കാണാറ്. പിന്നെ പൊന്നാനിയിലും. എപ്പോഴും തമാശ പറയുന്ന ഒരാളായിരുന്നു. കണ്ടാൽ തന്നെ ചിരി വരുന്ന ഒരു കോലം. വെള്ളക്കുപ്പായവും വെള്ള തുണിയും ഒരു തലേ കെട്ടും കാണും. എഴുത്തും വായനയും ഒന്നുമറിയില്ല അദ്ദേഹത്തിന്. നിമിഷ കവിയായിരുന്നു അയാൾ. മൊയ്തീൻകാക്ക കെട്ടിയ പാട്ടുകൾ ഒക്കെ അന്ന് ഞങ്ങൾ വഞ്ചിത്തൊഴിലാളികൾക്കിടയിൽ പ്രസിദ്ധമായിരുന്നു.
മറ്റൊരു പാട്ടുകാരനാണ് റസാഖ് ഹാജി. തൈലം വിറ്റു നടന്നിരുന്ന ആളാണ്. പൊന്നാനി ആശുപത്രിയുടെ തെക്ക് ഭാഗത്ത് ഒരു പ്രസ് ഉണ്ടായിരുന്നു. അവിടെ ആയിരുന്നു അദ്ദേഹത്തിെൻറ വീട്. തൈല കുപ്പികളുള്ള ബാഗും തൂക്കി പിടിച്ചാകും അദ്ദേഹം നടക്കുക. റസാഖ് ഹജ്ജിന് പോയിരുന്നു. വലിയ സാഹസികനായിരുന്നു അയാൾ. പത്ത് രൂപ സമ്പ്യാദ്യവുമായി ഹജ്ജിന് പോയി വന്ന ആളാണ് അദ്ദേഹം. ഫത്തഹുസ്സമദാൻ എന്ന പത്തേമാരിയിലാണ് അദ്ദേഹം തിരിച്ചുവന്നത്. ആ യാത്രയെ കുറിച്ച് അദ്ദേഹമെഴുതിയ പാട്ട് അന്നത്തെ കോൽക്കളിക്കാർ സ്ഥിരമായി പാടിയിരുന്നു. 1970 കളിലാണ് രണ്ട് പേരും മരിക്കുന്നത്. അന്ന് അഞ്ചാറ് കോൽക്കളി സംഘങ്ങൾ പൊന്നാനിയിൽ തന്നെ ഉണ്ടായിരുന്നു. അന്നത്തെ കല്യാണങ്ങൾക്ക് ‘പരിശ’ക്കളിയും കോൽക്കളിയും സർവസാധാരണമായിരുന്നു. ദലിത് സമുദായാംഗങ്ങളാണ് അത് അവതരിപ്പിച്ചിരുന്നത്. ഒമ്പത് മാസം കടലിൽ ആയിരുന്നു. മൂന്ന് മാസം കടലിൽ കാറ്റും കോളും കൂടുതൽ ആയതിനാൽ എല്ലാവരും ഇവിടെയുണ്ടാകും. ആ സമയത്ത് പ്രത്യേക ജോലിയൊന്നും ഉണ്ടാകില്ല. കുറെ ക്ലബുകൾ ഉണ്ടായിരുന്നു അന്ന്. പെട്ടിയും തബലയും എല്ലാ ക്ലബിലും ഉണ്ടാകും. പത്തേമാരിയിൽ ഒരുപാട് നല്ല പാട്ടുകാർ ഉണ്ടായിരുന്നു. സിദ്ദീഖ്, അബ്ദുറഹ്മാൻ, മുഹമ്മദ്, പൊള്ള മൊയ്തീൻകാക്കയുടെ മകൻ ഖവാലി അബ്ദുല്ല കുട്ടി, മൊയ്തീകുട്ടി കാക്ക, ഹംസാക്ക, പരീക്ക, സുലൈമാനിക്ക തുടങ്ങി ധാരാളം പാട്ടുകാർ ഇവിടെ ഉണ്ടായിരുന്നു’’ -ഖാദർ അക്കാലം ഓർത്തു.
‘‘പെണ്ണുങ്ങളുടെ കൈമുട്ടിപ്പാട്ടാണ് കല്യാണ ചടങ്ങുകളിലെ ഒഴിച്ചുകൂടാൻ പറ്റാത്ത മറ്റൊന്ന്. പൊന്നാനിക്കാർക്ക് പുറമെ പരപ്പനങ്ങാടി, കൂട്ടായി ഭാഗത്തുള്ള സംഘങ്ങളൊക്കെ കല്യാണത്തിന് വന്ന് പാടിയിരുന്നു. ഹലീമ, കുഞ്ഞയിശു, പാത്തുമ്മു തുടങ്ങിയവർ ഒക്കെ ആയിരുന്നു പ്രധാന കല്യാണപ്പാട്ടുകാർ. ആ കാലത്ത് തന്നെ ഒരു ഗാനമേളക്ക് 20 രൂപ പ്രതിഫലം നൽകിയിരുന്നു. രണ്ട് രൂപ മുൻകൂറായി നൽകിയിരുന്നു. ബാക്കി കല്യാണത്തിെൻറ അന്നാണ് നൽകുക. അവർക്ക് പണം നൽകുന്നത് തന്നെ ഒരു ചടങ്ങായിരുന്നു. കുഴിത്താളമായിരിക്കും അവരുടെ അടുത്തുള്ള സംഗീത ഉപകരണം. ഏഴ് പേരുള്ളതാണ് ഒരു ട്രൂപ്പ്. നടുവിൽ ഒരു കോളാമ്പിയുണ്ടാകും. ബദർ പാട്ടും മാലപ്പാട്ടുകളുമെല്ലാം അവർ പാടിയിരുന്നു. കടലിൽനിന്ന് രൂപപ്പെട്ട പല പാട്ടുകളും ഇവർ കല്യാണ സദസ്സുകളിൽ പാടിയിരുന്നു. ഇങ്ങനെ വാമൊഴിയായി പാടിപ്പോന്ന പല പാട്ടുകളും പിന്നീട് പി. ഭാസ്കരൻ അടക്കമുള്ളവർ സിനിമയിലേക്ക് പകർത്തി’’ -ഉമ്മർ കുട്ടി പറഞ്ഞു.
കടൽപാട്ടുകളിലൂടെ...
പൊന്നാനി അഴീക്കലിലെ പഴയ തലമുറയുടെ ഒാർമകളിൽനിന്ന് കണ്ടെടുത്ത ഏഴ് കടൽപാട്ടുകളാണ് ഇവിടെ രേഖപ്പെടുത്തുന്നത്.
മഞ്ചിത്തൊഴിലാളികൾ ശറഫഞ്ചും പ്രധാനികൾ
മൊഞ്ചായുള്ള ജീവിതം മൊഞ്ചായുള്ള ജീവിതം
തഞ്ചത്തിൽ പൂർവികർ വഞ്ചിച്ചബർകൾ
കെഞ്ചി മുതലാളിമാരെ കൊഞ്ചിഅന്നാളുകൾ
വഞ്ചനയിൽ ഒന്നൊഴിവാക്കിയ പോർട്ട്
കാർവർക്കൂട്സ് യൂനിയൻ പതാക, യൂനിയൻ പതാക.
വഞ്ചിത്തൊഴിലാളർ വസിക്കുന്ന നാട്
കഞ്ചക തുറമുഖമാം കോഴിക്കോട്
വെയ്റ്റ് ചെയ്യും പൊന്നാനിയും കാസർകോടും
പി.സി വർക്കേഴ്സ് സ്ഥാപിച്ച നാട്
പുഞ്ചിരിതൂകിയ പൂഞ്ചോലകാട്
പ്രവർത്തികർക്കുള്ള അലങ്കാരനാട്
പൂഞ്ചോല തൂകിയ പൂഞ്ചോലക്കാട്
ചെൻചുടൽകാട്ടിയ പോർട്ട്വർക്കേഴ്സുകാർക്കുള്ള
യൂനിയൻ പതാകയിതാ ജൂണിന് പതാകയിതാ
മുതലാളി സ്രാങ്ക് ഖിലാസി ഇവർ മൂന്നും
മര്യാദ ജീവിതം കൈക്കൊള്ളുവാനും
മുരടിട്ട പി.സി വർക്കേഴ്സ് പറയുന്നു
മൂടി തുറന്ന് പാടിയ ഞാനും
സ്തുതി ഇ.കെ പാടിയ പോർട്ട് വർക്കേഴ്സ്
കാർ യൂനിയൻ പതാകയിതാ. യൂനിയൻ പതാക
റസാഖ് ഹാജി രചിച്ച് ചിട്ടപ്പെടുത്തിയ ഇൗ ഗാനം ഇപ്പോഴും പൊന്നാനി തീരത്തെ ഹിറ്റ് പാട്ടുകളിൽ ഒന്നാണ്. അവസാന കാലം വരെ ഇ.കെ. അബൂബക്കർ ഇത് പാടിനടന്നിരുന്നു. ഇൗ പാട്ടിനെ ജനകീയമാക്കിയത് ഇ.കെ ആയിരുന്നു. അദ്ദേഹത്തെ ഇൗ കവിതയുടെ അവസാന വരികളിൽ പരാമർശിക്കുന്നുമുണ്ട്. 1950-60 കാലത്ത് പൊന്നാനിയിൽ നടന്ന വഞ്ചിസമരത്തിെൻറ പശ്ചാത്തലത്തിൽ എഴുതപ്പെട്ടതാണ് ഇൗ പാട്ട്.
ആദ്യ വരിയിലെ ‘മഞ്ചി’ എന്നാൽ, പത്തേമാരി എന്നർഥം. പത്തേമാരികൾക്ക് വഞ്ചി എന്നും പറയും. പി.സി വർക്കേഴ്സ് യൂനിയൻ ആയിരുന്നു പത്തേമാരി തൊഴിലാളികൾക്കിടയിലെ പ്രബല യൂനിയൻ. ആ യൂനിയനെ കുറിച്ചും സ്വന്തം നാടിനെ കുറിച്ചുമുള്ള വർണനകളും അവരുടെ തൊഴിൽ അന്തരീക്ഷത്തെ കുറിച്ചുമാണ് ഇൗ കവിതയിൽ പറയുന്നത്. വഞ്ചി സമരത്തിെൻറ പശ്ചാത്തലത്തിൽ റസാഖ് ഹാജി തന്നെ എഴുതിയ മറ്റൊരു കവിത ഇങ്ങനെയാണ്.
വഞ്ചിത്തൊഴിലാളികളെ ജയഭേത് പതാകാ
കരിഞ്ചന്തക്കാരെ ഒാട്ടുവാൻ ഇനിമേൽ പതാക
ജോലി വിയർപാവുംജനം കൂലിശരിയായി വാങ്ങാൻ
കൂലിശരിയായി വാങ്ങാൻ
മേലിലിതാ ഇൗ ചെെങ്കാടി പതാകാ.
കടലോട് യുദ്ധം ചെയ്തൂടികിൻ മരണപ്പെടുവാൻ എളുപ്പം
മരണപ്പെടുവാൻ എളുപ്പം
അടരാടിടും തൊഴിലാളികളെ ജലഭേരി പതാകാ
കരിഞ്ചന്തക്കാരെ ഒാട്ടുവാൻ ഇനിമേൽ പതാകമരണപ്പെെട്ടാഴിവോളം ആണ് മാർക്കിസക്കൊടിനീളം
സാക്ഷാൽ മാർക്കിസക്കൊടിനീളം
വഞ്ചിത്തൊഴിലാൾ െഎക്യം വേണം എന്നാലെ സൗഭാഗ്യം
വഞ്ചിയും മുതലാളിമാരുടെ നിർഭാഗ്യം
പിസി വർക്കേഴ്സിൽ കണ്ട ചെറുസൗഭാഗ്യം
മരണപെെട്ടാഴിവോളം....
കേരളത്തിെൻറ തണൽ കൈവന്നു ഇതിനുമുമ്പ്
കിട്ടാനുള്ളത് കിട്ടി സഹനക്കടിയിൽ
പരിപൂർണ സംഭരിക്കും പഴിയിൽ
ചോപ്പെന്ന കുട്ടിതത്ത ചിങ്കാരപാട്ടുകൾ
കേട്ടാൽ ചോപ്പോട് എതിർക്കുവാൻ വരേണ്ട പൊന്നിഷ്ടാ...
മരണപ്പെെട്ടാഴിവോളം....
വരൂ വരൂ വഞ്ചിത്തൊഴിലാളികളെ അവകാശങ്ങൾ നോടാൻ
പിസി വർക്കേഴ്സിെൻറ തണലിൽ അവകാശങ്ങൾ നേടാനായി
വരൂ വരൂ...
ജീവിതസാധനം വാണംപോലെ വിലകയറുന്നു
ജീവിത ജോലി സുരക്ഷിതമാക്കാൻ നമ്മുടെ നാടിൻ െഎക്യം വേണം
നല്ലവരായ തൊഴിലാളികളെ പിസി വർക്കേഴ്സിൽ അണിഅണിയായി
വരൂ വരൂ.....
പൈശാചികമാം വഞ്ചനവേലയെ എതിർക്കുക നാം അണിഅണിയായി
പരസ്യമായ ചൂഷണചരിതം ചെറുത്ത് നിൽക്കാൻ നാം അണി അണിയായി
പരമാർഥങ്ങൾ നാമറിയാതെ ഇഞ്ചി ഇഞ്ചായി നശിച്ചിടലായി
വരൂ വരൂ...
പത്തേമാരി മുതലാളിമാരിൽനിന്നും സ്രാങ്കുമാരിൽനിന്നും തൊഴിലാളികൾ (ഖലാസികൾ) നേരിടുന്ന ചൂഷണങ്ങളും പ്രയാസങ്ങളുമാണ് ഇതിെൻറ ഉള്ളടക്കം. നീതിനിഷേധത്തിനെതിരെ സമരത്തിന് ജനങ്ങളെ ആഹ്വാനം ചെയ്യുകയാണ് ഇൗ കവിത. മാർക്സിസ്റ്റ് ആശയങ്ങളെ കുറിച്ച പരാമർശങ്ങളും ഇതിൽ കാണാം. അന്നത്തെ സമരവേദികളിൽ ഇൗ പാട്ട് ഒഴിച്ചുകൂടാൻ ആവാത്തതായിരുന്നു. അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ നമ്മുടെ ജോലി സുരക്ഷിതമാക്കാൻ നാടിെൻറ െഎക്യം വേണം എന്നാണ് ഇൗ കവിത പറയുന്നത്.
കേേട്ടാളിം സോദരെ കൂട്ടർ പൊന്നാനി
സ്രാങ്കൻമാർ ചെയ്യും അന്യായമേ
ബന്ധുകുടുംബങ്ങളെ തോൽപിക്കുവാൻ
സ്വത്തുണ്ടാക്കാനഹങ്കാരമേ
(കേേട്ടാളീ)
സാരങ്ങൾ അധ്വാനഭാരങ്ങൾ ചേർക്കുന്നു.
സാരമല്ലാത്ത മരങ്ങളും പേറുന്നു.
തൊഴിലാളി എേട്ടാളം തപ്പിട്ട് കോരുന്നു.
സ്രാങ്കൻമാർ മെത്തയിൽ ആനന്ദം കൊള്ളുന്നു.
വെള്ളം വറ്റുന്നില്ല. കണ്ടാലും സ്രാങ്ക് എണീക്കുന്നില്ല.
സ്രാങ്ക് പറഞ്ഞു മലപ്പക്ക് പോണെന്ന്
സാരമിൽ തൊഴിലാളി തെമ്മതിളകുന്നു.
സങ്കടത്താലെ കരക്കവൻ പോകുന്നു.
നാലുപേരും കൂടി ചൂറ്റി നടക്കുന്നു.
കണ്ടല്ലോ ഇൗർച്ചപ്പൊടി അതുടൻ
കൊണ്ടല്ലോ സംഘം കൂടി.
സാരം പറയുവാൻ ഘേര സമുദ്രത്തിൽ
സാധുക്കൾ മുങ്ങി മഞ്ചിൻറടിവാരത്തിൽ
വിട്ടല്ലോ ഇൗർച്ചപ്പൊടി അതുടൻ
ചെന്നങ്ങ് ഒാട്ടമൂടി
അന്ന് സുഖമായി ഉൗണു കഴിഞ്ഞ്
സന്ധ്യക്ക് പാവങ്ങൾ ഒന്ന് ചരിഞ്ഞ്
സുബഹിക്ക് തെങ്ങരക്കാറ്റു അണഞ്ഞ്
സ്രാങ്കിനെ നാട്ടിവിടി കൂട്ടമായ്
ആലാത്തി വേഗം പിടീ.
സാരം പറയുവാൻ സംഗതി ഏറെയുണ്ട്
സമ്പാദ്യം സ്രാങ്കിെൻറ തല്ലു ഏറെ കൊണ്ട്
വാർത്താ ചുരുക്കിടുന്നു. ഞാനാദുഃഖം മറന്നിടുന്നു.
സമാന ആശയമുള്ള മറ്റൊരു കവിത ആണിത്. ഇൗ പാട്ടിെൻറ രചയിതാവ് ആരെന്ന് കൃത്യമായി അറിയില്ലെങ്കിലും ഇതിലെ വരികൾ ക്രമപ്പെടുത്തിയതും ചിട്ടപ്പെടുത്തിയതും പൊള്ള മൊയ്തീൻ കാക്കയാണ്. ഒരാളോ ഒരു കൂട്ടം ആളുകളോ ആകാം ഇതിെൻറ യഥാർഥ രചയിതാക്കൾ. മാപ്പിളപ്പാട്ടിൽ കത്തുപാട്ടും അതിെൻറ ആലാപന ശൈലിയും വരുന്നതിന് മുേമ്പ, അതേ ശൈലയിൽ പാടപ്പെട്ട പാട്ടാണ് ഇതെന്ന് കെ.എ. ഉമ്മർകുട്ടി പറയുന്നു. പത്തേമാരിയുടെ മേധാവിയാണ് സ്രാങ്ക്. അയാൾക്ക് കീഴിലാണ് തൊഴിലാളികൾ. പത്തേമാരി യാത്രക്കിടെ, സ്രാങ്കുമാർ ഖലാസിമാരോട് ചെയ്യുന്ന അനീതികളെ കുറിച്ചാണ് ‘‘കേേട്ടാളിം സോദരെ കൂട്ടർ പൊന്നാനി സ്രാങ്കൻമാർ അന്യായമേ’’ എന്ന് തുടങ്ങുന്ന പാട്ട്.
കടൽപാട്ടിലെ സർക്കീട്ട് കഥകൾ
സഞ്ചാര സാഹിത്യം എന്ന നിലയിൽ മാപ്പിളപ്പാട്ടിൽ യാത്രവിവരണം അടങ്ങിയ ധാരാളം പാട്ടുകൾ ഉണ്ട്. പുലിക്കോട്ടിൽ ഹൈദറിെൻറ െഷാർണൂർ യാത്ര, കോലാർ യാത്ര, തിരൂർ യാത്ര എന്നിവ വളരെ ജനകീയമായി മാറുകയുണ്ടായി. അല്ലു സാഹിബിെൻറ ശ്രീരംഗം യാത്ര, കെ. മുഹമ്മദ് കുട്ടിയുടെ കോലാർ യാത്ര, ഒറ്റകത്ത് ആറ്റക്കോയ തങ്ങളുടെ ഭദ്രവതി സർക്കീട്ട്, പി.ടി. ബീരാൻകുട്ടി മൗലവിയുടെ ഹജ്ജ് യാത്ര എന്നിവയെല്ലാം സഞ്ചാര സാഹിത്യം എന്ന ഗണത്തിൽ ഉൾപ്പെടുത്താവുന്ന മാപ്പിളപ്പാട്ടുകളാണ്.
ചുറ്റിയടിക്കുക എന്നർഥത്തിൽ മലബാറിൽ പ്രയോഗിക്കപ്പെടുന്ന വാക്കാണ് സർക്കീട്ട് എന്നത്. ദീർഘയാത്രകളായിരുന്നില്ല അതിൽ പലതും. സഞ്ചാര സൗകര്യം പരിമിതമായിരുന്ന കാലത്തെ ചെറുയാത്രകൾ പോലും അവർക്ക് അതി സാഹസികമായിരുന്നു. പൊള്ള മൊയ്തീൻകാക്കയും റസാഖ് ഹാജിയുമെല്ലാം ഇങ്ങനെ സർക്കീട്ട് നടത്തുന്നവരായിരുന്നു. അങ്ങനെ യാത്രയെ കുറിച്ചും കണ്ട കാഴ്ചകളെ കുറിച്ചും ധാരാളം അവർ എഴുതി. സർക്കീട്ട് പാട്ടുകളുടെ ഗണത്തിൽ പെടുത്താവുന്ന പൊള്ള മൊയ്തീൻകാക്കയുടെ രണ്ട് രചനകൾ ചുവടെ.
ആദിയായവൻ ഏകനാൽ പൊന്നാനിയിൽ നിന്നാണേ
ആശയാലെനിക്ക് കൊച്ചി പോകണ മെന്നാണേ
പൂതി മുൻകാലത്തതുണ്ട് പോയിടാൻ സാദിക്കകണ്ട്
മാതിരി ചിലരെയും കണ്ട് മട്ടവും ചോദിക്കലുണ്ട്
തഞ്ചമേറിയേ ഞാനും മഞ്ചികേറിയേ
ചെന്ന് ചാവക്കാടിറങ്ങി ഉൗണതും കഴിഞ്ഞേ
പയ്യകാവോടെട്ടു മണി കമ്പനിയിലുദിച്ചെ
അപ്പോ ഇരഞ്ച് പേർ വന്നെനേയും വിളിച്ചു
ഉണ്ണി നിങ്ങളെ നാടെവിടെ
ഉടൻ പറഞ്ഞു ഞാനണ്ടേതാട്
വന്നിരുന്നവെനെൻറ കൂടെ കിസ്സ ഒാമാതിരിതരം
മോരെ ചോടെ കമ്പനീ തെറ്റി ഒടുവിൽ
ഞങ്ങളിരുത്തീ ചുറ്റിയതിനെല്ലനേരം
ഉണ്ട് ഫാഹിദോരെ
പൂരിതപ്പെട്ടുള്ള മഞ്ചലാൽ ഉൗതകേട്ടു ഞാനേ
മുട്ടി വേഗം മഞ്ചിൽ കയറി മൂന്ന് പേരല്ലാതെ
മറ്റുകാരെ കണ്ടു കൂടയും മറ്റുകര ഞാൻ കണ്ടപാടെ
കണ്ടു തനാതുരുത്തീ നാമം വിണ്ടയിടത്തുതുത്തീ
ഇടതുരുത്തിയിൽ ഇറങ്ങി ചായകുടിച്ചു
മഞ്ഞാനകമേ ഹിതംപോൽ ചായ
കുടിക്കാൻ തക്ക ഇടമില്ലാതെ ഉഴഞ്ഞേ
പതി കല്ലിക്കോെട്ട മെയ്തീൻകോയ
അറിയാൻ കുറിത്തെ അവർക്കും മറ്റു
സ്നേഹിതർക്കും സലാമിത്തീട്ടിയച്ചേ
പൊന്നാനിക്കാരനായ പൊള്ള മൊയ്തീൻകാക്കക്ക് കൊച്ചി കാണാനുള്ള മോഹവും അത് സാധിച്ചതിലുള്ള സന്തോഷവും പങ്കുവെക്കുകയാണ് ഇൗ കവിതയിലൂടെ. വഞ്ചിയിലാണ് അദ്ദേഹം കൊച്ചിയിലേക്ക് പുറപ്പെടുന്നത്. കൊച്ചി കാണാൻ താൻ ഒരു പാട് കാലമായി മോഹിക്കുന്നു. കൊച്ചി കണ്ട പലേരാടും ആ നാടിനെ കുറിച്ച് ഞാൻ ചോദിക്കാറുണ്ട്. കൊച്ചിയിലേക്കുള്ള യാത്രയെ കുറിച്ചാണ് ഇൗ രചന എങ്കിൽ കൊച്ചിയിലെ കാഴ്ചകളിലേക്കാണ് അടുത്ത കവിത.
ആദി ബസ്മല -സ്തുതി ഹംദും സലാവത്തും
ആരംഭം തങ്ങളിൽ കുറെ നബിക്കൊരുമ്മ
വീണ്ടും അബൂദാബും സബൂകർക്കും അടങ്കൽകുമേ
ഒാതി ഞാൻ കുറിക്കുന്നെ ഹബീബായ മെയ്തീൻ ഞാൻ
ഒാമന എതൈ മൊയ്തീൻ സ്രാങ്കുളത്ത്
കണ്ട വിമാനത്തിെൻറതർപ്പങ്ങൾ
പറയവാൻ മെട്ട
ചെല്ലുന്നതിെൻറാരാത്ഭുതങ്ങൾ കേൾക്ക
ശറഫഞ്ച് ശറഫോടിമ്പമേകവർക്ക്
വല്ലതൊരു തിരിയുന്ന പങ്കതൻ മുന്നിലെ
വല്ലാത്തൊരു ഡ്രൈവറുണ്ടതിൽ തന്നിലെ
തെല്ലിന് മീതെ ചിറകുണ്ടതിൽ താനെ
തേയുസ്സനമാതാ നബിെൻറ പൊന്നുമോനെ
വല്ലാത്ത ചക്രമുന്ന തുണ്ടൻ അടിയിലെ
വരാ കോടവും വഴിപോക്കിന്നതും ശറഫിലെ
ശറഫഞ്ചിനെ പറഞ്ഞാൽ ഒടുക്കമതില്ലെ
ശരിയായ സംഗതി പിന്നെയും കുറേ ചൊല്ലി
നഗരത്തിലുണ്ടതി സാരമേ പട്ടാളം
നിറത്തോക്ക് കുന്തം പാറമേ കെട്ടാളോ
പരക്കേ പടിച്ച് കവാത്തും മറ്റും ജോറ്
ചിലതൊക്കെ കണ്ടുഞാൻ ചിന്തയിൽ പറയവേ
ഹൈറാനിയത്താൽ ഹൈയ്മിട്ടും ഞാനേ
അത് ദേശവും അതിൽ ചുറ്റിയും ഞാനടന്നാനേ
മൈതാനി വിട്ടതാ പോണ് കുഞ്ഞിക്കോയ
മക്കാനിയിലെത്തി ചേർന്ന് ഞങ്ങൾ ചായ
ഹബീബും അവീബും എൻ അകിബില് സുമ്മ
ഒാതി മൊയ്തീൻ അല്ലാമും സലാമാ
കൊച്ചിയിൽ വിമാനം ഇറങ്ങിയ കാലത്ത് അത് കാണാൻ പോയ കഥ വിവരിക്കുകയാണ് പൊള്ള മൊയ്തീൻകാക്ക. ദൈവത്തിന് നന്ദി അവർപ്പിച്ചുകൊണ്ടും പ്രവാചകനോടുള്ള സ്നേഹം പ്രകടിപ്പിച്ചുമാണ് ഇൗ കവിത തുടങ്ങുന്നത്. പ്രണയത്തെയും പ്രണയ നൈരാശ്യത്തെയും കുറിച്ചാണെങ്കിൽ പോലും ദൈവത്തെയും പ്രവാചകനെയും സ്മരിച്ചു തുടങ്ങുക എന്നത് മാപ്പിളപ്പാട്ടുകളിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ട ശൈലിയാണ്. ഇതിന് ശേഷമാണ് വിമാനത്തിെൻറ പങ്കയെയും ചക്രത്തെയും കുറിച്ച് മൊയ്തീൻകാക്ക വിവരണം നടത്തുന്നത്. വിമാനം കണ്ട ശേഷം കൊച്ചി നഗരത്തിലൂെട നടന്ന അദ്ദേഹം അവിടെ തോക്കും കുന്തവും പിടിച്ച പട്ടാളത്തെ കണ്ട കാര്യവും ഇതിൽ കുറിക്കുന്നു. എല്ലാം ചുറ്റി കണ്ട ശേഷം അവസാനം മക്കാനിയിൽ പോയി ഒരു ചായ കുടിച്ച കഥ കൂടി പറഞ്ഞാണ് അദ്ദേഹം തെൻറ യാത്രാ വിവരണം അവസാനിപ്പിക്കുന്നത്. മാപ്പിളപ്പാട്ട് കവികൾ പലരും തങ്ങളുടെ രചനകളിൽ പേരും എഴുതിയ കാലവും ഒക്കെ ചേർക്കാറുണ്ട്. ഇൗ കവിതയിൽ തെൻറ പേര് മൊയ്തീൻകാക്ക പരാമശർശിക്കുന്നുണ്ട്.
ഫത്താഹിം ഖുദ്റത്തിൽ വിതാനെൻ പൂകൾ തേട്ടം
ഫത്തഹുൽ സമദാനന്ന പത്തേമാരിതൻ ഒാട്ടം
ആനന്ദ മൈലാട്ടം ^ആനന്ദ മൈലാട്ടം (പത്താഹിം
മെത്തേ പതി പൊന്നാനിയിലേക്കുപ്പ് കയറ്റിയേ
എത്താനിതാ റബ്ബോട് ദുഅാ ഞങ്ങൾ ചാർത്തിയേ
സുത്തൻ നിധിയും സ്രാങ്ക് അസൈനാരുട്ടി തേട്ടം
തയ്യാറു മഹാദേവശക്തി ഉൾകിലാസികൾഹയ്യായവെൻറ ഉദവിയെ തേടുന്നു പാപികൾ
ഒയ്യാതെ മെച്ചമായ കാറ്റ് കിട്ടുവാൻ തേട്ടം
കീർത്തി മികന്ത ഏഴ് പായ്നിറച്ച് റീഹ്കൾ
കേമിച്ച് വിതയപ്പെടുത്തുവാൻ ഉരൈ ഞങ്ങൾ
പ്രാർഥിച്ചിടും നീ നിറവേറ്റി തരുതേട്ടം.
ഫത്തഹുസമ്മാൻ എന്ന പത്തേമാരിയുടെ ഒാട്ടം
പൊള്ള മൊയ്തീൻകാക്കയുടെ സമകാലികൻ ആയിരുന്നു റസാഖ് ഹാജി. പാട്ട് രചിക്കുന്നതിന് പുറമെ, നേരത്തെ കേട്ട് പോന്നിരുന്ന പാട്ടുകളെ ക്രമപ്പെടുത്താനും അദ്ദേഹം മിടുക്ക് കാട്ടിയിരുന്നുവത്രെ. അദ്ദേഹം പത്തേമാരിയിൽ ഹജ്ജിന് പോയി മടങ്ങിവരുന്നതിനെ സംബന്ധിച്ചാണ് ഇൗ കവിത. ഫത്തഹുൽ സമദാൻ എന്ന പത്തേമാരിയിൽ ആയിരുന്നു അദ്ദേഹത്തിെൻറ യാത്ര. യാത്രക്ക് അനുകൂലമായ കാറ്റ് കിട്ടുവാനും അപകടത്തിൽ പെടാതിരിക്കുവാനും ദൈവത്തോട് പ്രാർഥിക്കുകയാണ് ഇൗ പാട്ടിലൂടെ. ആ നിലക്ക് ഇതൊരു പ്രാർഥനാ ഗീതമാണ്.
അറിവീനിമ്പിറാഹീമിെൻറ സ്ഥലത്ത്
കാദൻമാർ പാർക്കും വഴകടവത്ത്
നാണവും മാനവുമില്ലാത്ത മുള്ളാ
മാതൂറാനുമ്പാവ എന്നുള്ള കള്ളാഞാനത്തമെന്ന നടിപ്പും നടിച്ച്
ആർക്കും ഞാനുണ്ടെന്ന് മീശ വലിച്ച്
വശികെട്ട കാര്യസഭ കൂടിയിരുന്നു
ബദറിൽ തമീമും മൗലുദുമുതിർന്നു
പോരിശമൗലൂദും കഴിഞ്ഞേ പിന്നേ
പലപല ഒചീനം വെച്ചഹരിരുന്നേഇരുന്നതിലുണ്ടൊരു ഇറച്ചിയും ചാറും
അതിശയമായൊരു കാച്ചിയ മോരും
ഒരുവിധം നല്ലൊരു നീണ്ടൊരു ചാറും
ചാറ്റിനായ് ഗുണമുള്ള വായ്ക ചമ്മന്തി
തർക്കങ്ങൾ ഇവർകുല്ലം ഇതിന് വേണ്ടി
എരപ്പിന് ഏമംകാട്ടിയിട്ടിറച്ചി വാരി
അതു കണ്ടിട്ടിസറാബിൻ മകനും ചാടി
ചാടിയുട മൂസയെളുന്തേ,
‘‘ചായീണ തച്ചത് നമ്മക്ക് ചോദിക്ക വേണമെടോ’’
അല്ലങ്കിലോമന മീശകളെല്ലാം പറിച്ച് കരിച്ചിടലാം’’
‘‘പറിപ്പാമോനേ,
നീയിവിടെ നിക്ക്
കൂനൻ പരീകുട്ടീനെ,
ബാപ്പാ കുല ചെയ്യെട്ട’അപ്പോൾ ഏറിവന്തുള്ള കൂറയോടവ^
നീറ ചീറിടലായ്
മുക്കോരണിയെല്ലാം ഒരുങ്ങീടലായ്
മുന്തീ കടപ്പുറത്തെണീ ചേരലായ്
ചാടിയടിച്ചപ്പോൾ ഒടീയൻ കുട്ടി
പാണ്ടീ മൊയ്തീെൻറ തലയും പൊട്ടി
പൊട്ടീ അത് മുള്ളം പൗറ് കണ്ട്
തട്ത്താൻ അവൻ പോയിെട്ടടുത്താൻ തണ്ട്എടുത്തതാൻ തണ്ടെടുത്തതും
രണ്ട് കൊടുത്തതും നല്ല തരത്തിലായ്
വെടിക്കാരൻ ഹൈദ്രസ് ബയി കൊടുത്തല്ലോ ചെണ്ട പൊരുതുവാൻ
കത്തും കൊണ്ടു പുറപ്പെട്ടുചെറിയനമ്മതും കുറേ ജനങ്ങളും
തെരക്കിനടന്നവനെത്തിയേ
കത്തുകൊടുത്തല്ലോ ചെണ്ട പൊരുതുവാൻ.
ഭൂേലാകത്ത് വെച്ചുള്ള പലേ കഷ്ടം
ങ്ങളായ പുലിക്കുട്ടികൾ
ചൊത്തി ചുണ്ടൻ മക്കിെൻറ പക്കറു
കറുത്ത ഒൗളയും വരവായ്
പൊന്നാനിയിലെ തന്നെ രണ്ട് പ്രദേശത്തുകാർ തമ്മിൽ നടന്ന ഒരു സംഘർഷത്തിെൻറ പശ്ചാത്തലത്തിൽ എഴുതപ്പെട്ടതാണ് ഇൗ കവിത. പൊള്ള മൊയ്തീൻകാക്കയാണ് രചയിതാവ്. സംഘർഷത്തിെൻറ തീവ്രത വിവരിക്കാൻ തക്ക ഭാഷയിലാണ് ഇതിെൻറ രചന. കലാപത്തിൽ പെങ്കടുത്ത ഇരു പക്ഷത്തെയും ആളുകളെ പേരെടുത്ത് പരാമർശിക്കുന്നുണ്ട് ഇതിൽ. സംഘർഷത്തിൽ ആളുകൾക്ക് പരിക്ക് പറ്റിയതും മറ്റും ഇതിൽ വായിക്കാം
കടലും മാപ്പിളപ്പാട്ടും
കടലും കപ്പലും കപ്പൽ യാത്രയും വഞ്ചി യാത്രയുമൊക്കെ മാപ്പിളപ്പാട്ടിൽ തന്നെ ധാരാളം വന്നിട്ടുണ്ട്. മലബാറിലെ മാപ്പിള ജീവിതത്തിന് കടലുമായും കടൽ യാത്രകളുമായും അത്രമേൽ ബന്ധമുണ്ടായിരുന്നതാകാം അതിന് കാരണം. പൗരാണികവും ആധുനികവുമായ മാപ്പിളപ്പാട്ട് കാവ്യങ്ങളിലൊക്കെ തന്നെയും കടലും കടൽ യാത്രയും വിഷയമായി വന്നിട്ടുണ്ട്.
മാപ്പിളപ്പാട്ടിലെ ഏറ്റവും പഴക്കം ചെന്ന, രേഖപ്പെടുത്തപ്പെട്ട കൃതികളിലൊന്നാണ് മഹാകവി കുഞ്ഞായിൻ മുസ്ലിയാരുടെ കപ്പപ്പാട്ട്. മനുഷ്യ ശരീരത്തെ ഒരു പായക്കപ്പലിനോട് ഉപമിച്ചാണ് അദ്ദേഹം ഈ കാവ്യം രചിച്ചിരിക്കുന്നത്. പായക്കപ്പലിെൻറ ആകൃതി, ഉപകരണങ്ങൾ, കടൽ യാത്ര, തീരമണിയൽ, കടൽ ദുരന്തങ്ങൾ തുടങ്ങിയ എല്ലാത്തിനെയും മനുഷ്യ ജീവിതവുമായി ബന്ധപ്പെടുത്തുകയാണ് ഈ കൃതി. കവിയുടെ സൂഫി സർഗചേദന തന്നെയാണ് ഈ കാവ്യത്തിെൻറ മൊത്തം ഉള്ളടക്കം. കപ്പലോട്ടങ്ങളുടെ ഒരു ഇമേജറി ആണു അതില്‍ ഉപയോഗിച്ചിട്ടുള്ളത്. ലോകം കടലും ശരീരം കപ്പലും ആത്മാവ് കപ്പിത്താനുമാണ് എന്ന് കപ്പപ്പാട്ട് സങ്കൽപിക്കുന്നു. ആ അർഥത്തിൽ വിശാലമായ ദാർശനികത മുന്നോട്ട് വെക്കുക കൂടിയാണ് ഈ കൃതി. അറബി മലയാള സാഹിത്യത്തിലെ ആദ്യ ദാർശനിക കാവ്യവും സിമ്പോളിക് കാവ്യവുമായി കപ്പപ്പാട്ടിനെ നിരീക്ഷിച്ചവരുണ്ട്.
6
സി.ഇ 1738–1786 കാലഘട്ടത്തിലാണ് മാപ്പിളമഹാ കവി കുഞ്ഞായിൻ മുസ്ലിയാർ ജീവിച്ചിരുന്നത്. തലശ്ശേരിയിൽ ജീവിക്കുകയും പൊന്നാനിയിൽ പഠിക്കുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം. ശൈഖ് നൂറുദ്ദീൻ മഖ്മൂദിെൻറ ദർസിൽ (പള്ളികൾ കേന്ദ്രീകരിച്ചുള്ള മതപാഠശാല) വിദ്യാർഥിയായിരിക്കെയാണ് അദ്ദേഹം കപ്പപ്പാട്ട് രചിക്കുന്നത്. പൊന്നാനിയുടെ സാമൂഹിക ജീവിതത്തിെൻറ ആണിക്കല്ലായിരുന്നു പായക്കപ്പലും വഞ്ചികളും പത്തേമാരികളും. അറബികൾ ഉൾപ്പെടെ വിദേശ നാടുകളിൽ നിന്നുള്ള കച്ചവടക്കാരും സഞ്ചാരികളും ഈ നാടിലേക്ക് നിരന്തരം കടൽയാത്രകളിലൂടെ കടന്നുവന്നു. മലബാറിലെ ഏറ്റവും വലിയ തുറമുഖമായി പൊന്നാനി പിന്നീട് വികസിക്കുകയും ചെയ്തു. വിവിധ ഉൽപന്നങ്ങളുടെ കയറ്റുമതി–ഇറക്കുമതി കേന്ദ്രമായി ഇവിടം മാറി. ജനങ്ങളുടെ ജീവൽ മാർഗം കപ്പലും കടൽ യാത്രകളും ആയത് കൊണ്ട് തന്നെയാവണം കുഞ്ഞായിൻമുസ്ലിയാർ ജീവിതത്തിെൻറ രൂപകമായി കപ്പലിനെ തിരഞ്ഞെടുത്തത്. വായനക്കാരുമായി ഏറ്റവും ശക്തമായി സംവദിക്കാൻ അതു വഴി സാധിക്കും എന്ന് കവി തിരിച്ചറിഞ്ഞിരിക്കണം.
മാപ്പിളകവികളിൽ ഉന്നത സ്ഥാനീയനായ മഹാകവി മോയിൻകുട്ടി വൈദ്യരും (1852–1892) കപ്പൽ യാത്രയെ കുറിച്ച് എഴുതിയിട്ടുണ്ട്. വൈദ്യരുടെ സമാകാലികൻ ആയിരുന്ന മാപ്പള കവി ചേറ്റുവായ് പരീക്കുട്ടിയും (1848–1886) വഞ്ചി, കടൽ യാത്രകൾ പ്രമേയമാക്കി കവിതകൾ രചിച്ചിട്ടുണ്ട്. രോഗബാധിതനായി മരണം മുന്നിൽ കണ്ട് പൊന്നാനിയിൽ നിന്ന് ചേറ്റുവായിലേക്ക് മടങ്ങവെ വഞ്ചിയിൽ വെച്ചാണ് അദ്ദേഹം വിടവാങ്ങൽ ഗാനം രചിക്കുന്നത്.7 20ാം നൂറ്റാണ്ടിൽ ജീവിച്ച് മരിച്ച മാപ്പിളകവി പി.ടി. ബീരാൻകുട്ടി മൗലവിയുടെ ഹജ്ജ് യാത്രാ കാവ്യത്തിലും കപ്പൽ യാത്രയെ കുറിച്ച് പരാമർശമുണ്ട്. പ്രസിദ്ധനായ മറ്റൊരു മാപ്പിളകവി പുലിക്കോട്ടിൽ ഹൈദർ മക്കയിലേക്ക് അയച്ച കത്തിനുള്ള മറുപടിയായാണ് തെൻറ ഹജ്ജ് യാത്ര കാവ്യം ബീരാൻകുട്ടി മൗലവി എഴുതുന്നത്. കടൽയാത്രയിൽ നേരിട്ട അനുഭവങ്ങളാണ് ഈ കവിതയിൽ പറയുന്നത്. 8
‘‘നോട്ടം പശ്ചിമ തീരം മഴകളാൽ
നേട്ടം ചെയ്തിടും കാറ്റും കോളും കുറേ
നൊന്തും കപ്പലിൻ ഉന്തും രംഗമെ
ചിത്രമതെത്രയും മിത്രരെ പത്രമിൽ
വർണിക്കൽ കുടുങ്ങും
വിധം ശബ്ദം കർണത്തിൽ മുഴങ്ങും...’’
കടൽപാട്ടുകൾ മാപ്പിളപ്പാട്ടോ?
മാപ്പിളപ്പാട്ടിെൻറ ശാഖകളായി ഗണിക്കപ്പെടുന്നവയിലൊന്നും പെടാത്ത ഒരു വിഭാഗമായി വേണം പൊന്നാനിയിലെ പത്തേമാരിക്കാലം രൂപപ്പെടുത്തിയ കടൽപാട്ടുകളെ വിലയിരുത്താൻ. മാപ്പിളപ്പാട്ടിെൻറ ഇശൽ (ഈണത്തിലെ താളക്രമം), പ്രാസ നിയമങ്ങൾ (കമ്പി, കഴുത്ത്, വാൽകമ്പി, വാലുമ്മൽ കമ്പി) എന്നിവ അടക്കമുള്ള ഉപദാനങ്ങൾ പാലിച്ചാണോ കടൽപാട്ടുകൾ രചിക്കപ്പെട്ടത് എന്ന് പറയേണ്ടത് ഈ വിഷയത്തിൽ അവഗാഹവും കൈതഴക്കവുമുള്ളവരാണ്. എങ്കിൽ തന്നെയും മാപ്പിളപ്പാട്ടിെൻറ ഇശലുകളിലാണ് ഇവ പാടിപ്പോന്നിരുന്നത് എന്ന് പൊന്നാനിയിലെ പഴമക്കാർ പറയുന്നു. പഴയ വഞ്ചിത്തൊഴിലാളികളിൽ പലരുടെയും മനസ്സിൽ ഈ ഈണങ്ങൾ നിലനിൽക്കുന്നുണ്ട്. കത്തുപാട്ടിെൻറയും പടപ്പാട്ടിെൻറയും ഒക്കെ ശൈലിയിൽ ആണ് അവർ ഇത് ആലപിക്കുന്നത്. മാപ്പിളപ്പാട്ടിെൻറ ഇശൽ-പ്രാസ നിയമങ്ങൾ ഇൗ രചനകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഇൗ പാട്ടുകൾ പരിശോധിച്ച മാപ്പിളപ്പാട്ട് നിരൂപകൻ അഷ്റഫ് കൊണ്ടോട്ടി പറയുന്നു.
‘‘മാപ്പിളപ്പാട്ടിൽ സംഗീതത്തിനാണ് മുൻതൂക്കം. ഒരു പാട്ട് മാപ്പിളപ്പാട്ടാണോ എന്ന് തീരുമാനിക്കാനുള്ള ഉപാധികളിൽ പ്രധാനം അത് പാടിക്കേൾക്കുക എന്നതാണ്’’.9 സങ്കരഭാഷയിലാണ് പഴയകാല മാപ്പിളപ്പാട്ടുകളിൽ മിക്കതും രചിക്കപ്പെട്ടത്. മലയാളവും അറബിയും തമിഴും സംസ്കൃതവും പേർഷ്യനും ഒക്കെ അതിൽ കടന്നുവന്നു. ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്ന പല കടൽപാട്ടുകളിലും ഈ സങ്കരഭാഷാ സാന്നിധ്യം കണ്ടെടുക്കാനാകും. മലയാളഭാഷയിൽ തമിഴ് ചുവയുള്ള പ്രയോഗങ്ങൾക്ക് പുറമെ ഹിന്ദുസ്ഥാനി പദങ്ങളുടെ സാന്നിധ്യവും ഇതിൽ കാണാം. മാപ്പിളപ്പാട്ടിൽ പതിവായി ഉപയോഗിക്കപ്പെടുന്ന പദങ്ങൾ തന്നെയാണ് ഇവയിൽ മിക്കതും.
മാപ്പിളപ്പാട്ടിൽ വൈവിധ്യമാർന്ന വിഷയങ്ങളിൽ പാട്ടുകൾ പിറന്നിട്ടുണ്ട്. കാളപൂട്ടിനെ കുറിച്ചും വെള്ളപ്പൊക്കത്തെ കുറിച്ചും നായാട്ടിനെ കുറിച്ചുമെല്ലാം പാട്ടുകൾ രചിക്കപ്പെട്ടിട്ടുണ്ട്. കടൽപാട്ടുകളിലും ഈ വിഷയ വൈവിധ്യം കാണാം.
കേരള നിയമസഭ ഏർപ്പെടുത്തിയ ആർ. ശങ്കരനാരായണൻ തമ്പി അച്ചടി മാധ്യമ പുരസ്കാരത്തിന് അർഹമായ ലേഖനം.മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം1030 ൽ പ്രസിദ്ധീകരിച്ചത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.