Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightബേല്‍പഹാഡിയിലെ...

ബേല്‍പഹാഡിയിലെ നാണയത്തുട്ടുകള്‍ കേരളത്തിലേക്ക്

text_fields
bookmark_border
ബേല്‍പഹാഡിയിലെ നാണയത്തുട്ടുകള്‍ കേരളത്തിലേക്ക്
cancel

രണ്ടായിരത്തിമുന്നൂറില്‍പ്പരം കിലോമീറ്ററുകള്‍ക്കപ്പുറത്തുള്ള കേരളത്തിലെ പ്രളയദുരന്തത്തെപ്പറ്റി തത്സമയം അറിയാന്‍ ബംഗാളിലെ ബേല്‍പഹാഡിയിലുള്ള ഗ്രാമീണര്‍ക്ക് വേണ്ടത്ര ടെലിവിഷനോ മലയാളം ചാനലുകളോ മൊബൈല്‍ ഫോണുകളോ ഒന്നുമില്ല. എന്നിട്ടും പേമാരിയും വെള്ളപ്പൊക്കവും തകര്‍ത്തു തരിപ്പണമാക്കിയ
കേരളത്തെക്കുറിച്ച് അവര്‍ എങ്ങനെയോ കേട്ടറിഞ്ഞു. അറിഞ്ഞ വാര്‍ത്തകളും ആരോ എത്തിച്ചുകൊടുത്ത ദുരന്തക്കാഴ്ചകളും അവരുടെ മനസ്സിനെയും ഹൃദയത്തെയും പിടിച്ചുലച്ചു. ബംഗാളിലെ ജാര്‍ഗ്രാം ജില്ലയിലെ അക്ഷരാഭ്യാസമോ മികച്ച പള്ളിക്കൂടങ്ങളോ സര്‍ക്കാര്‍ ജോലിയോ ഒന്നുമില്ലാത്ത ബേല്‍പഹാഡി ആദിവാസി മേഖലകളിലെ മുതിര്‍ന്നവരും കുട്ടികളും കൊല്‍ക്കത്തയിലുള്ള അറിയാവുന്ന മലയാളികളെ വിളിച്ചു പറഞ്ഞു. "ആരെങ്കിലും ഒന്നുവരൂ.. ഞങ്ങള്‍ കുറച്ച് പണം സമാഹരിച്ചിട്ടുണ്ട്. കേരളത്തിലെ ദുരിതമനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് ഞങ്ങളത് നല്‍കാം."

അകലെ കിടക്കുന്ന കേരളവും അവരുടെ നാട് പോലൊരു അവികസിത ദേശമായിരിക്കുമെന്നാണ് ബേല്‍പഹാഡിയിലെ കുട്ടികളും അവരുടെ രക്ഷിതാക്കളും വിചാരിച്ചിട്ടുണ്ടാവുക. കേരളത്തിലെ ഒലിച്ചുപോയ വീടും തകര്‍ന്ന വഴികളും വെള്ളപ്പൊക്കം വിഴുങ്ങിയ തീരങ്ങളും ഗ്രാമങ്ങളും, ഇനിയും വഴിയും വൈദ്യുതിയും കുടിവെള്ളവും നേരേചൊവ്വേ കടന്നുചെന്നിട്ടില്ലാത്ത അവരുടെ വനമേഖല പോലെയായിരിക്കുമെന്നാവാം അവരുടെ ധാരണ. അത്ര പരിമിതമാണ് അവരുടെ ജീവിതസാഹചര്യങ്ങള്‍. വിവരമറിഞ്ഞ് കൊല്‍ക്കത്ത കൈരളി സമാജത്തിന്റെ പ്രതിനിധികളായ ടി. കെ ഗോപാലന്‍, ടി. അജയ്കുമാര്‍, പി. വി വേണുഗോപാല്‍, ശ്രീകുമാര്‍ വി, ജയകുമാര്‍, എം. സി കരുണാകരന്‍ തുടങ്ങിയവരെത്തുമ്പോള്‍ തങ്ങള്‍ സമാഹരിച്ച പണവുമായി കാത്തുനില്‍ക്കുകയായിരുന്നു ചിരുഗൊഡാ വിദ്യാ ചര്‍ച്ചാ കേന്ദ്രയിലെ ആദിവാസിക്കുട്ടികള്‍. അവരുടെ കൈയില്‍ ചെറിയ കുടുക്കകളാണ് ഉണ്ടായിരുന്നത്. തകരത്തിന്റെ പാത്രങ്ങളിലും പ്ലാസ്റ്റിക് പാത്രങ്ങളിലുമായി ഏതോ കാര്യസാധ്യത്തിനായി സംഭരിച്ചു വച്ചിരുന്ന ചില്ലറ നാണയങ്ങളാണ് കേരളത്തിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് കൊടുക്കാനായി കുട്ടികള്‍ മടിയില്ലാതെ എടുത്തുനീട്ടിയത്. അത് കുഞ്ഞുമനസ്സുകളിലെ സഹാനുഭൂതിയുടേയും സഹജീവിസ്‌നേഹത്തിന്റെയും കറകളഞ്ഞ കാഴ്ചയായി മാറി. അത് കൈമാറുമ്പോള്‍ അവര്‍ക്കറിയുമായിരുന്നില്ല എത്രയോ ആയിരം കോടി രൂപ കിട്ടിയാലും നേരെയാവാത്ത വിധത്തിലാണ് കേരളത്തിന്റെ സമ്പദ് സാമൂഹ്യഘടന തകര്‍ന്നുപോയതെന്ന്. അവര്‍ എഴുതി
വച്ചിരുന്നു. "കേരളാര്‍ ബൊന്യ ബിദ്ദൊസ്ഥ ഒ ദുര്‍ഗ്ഗൊതോ മാനുഷേര്‍ പാഷെ ആഷും, ഷാഹൊജ്ജ്യേര്‍ ഹാത് ബഡായി." പ്രളയബാധിതരും കഷ്ടതകള്‍ അനുഭവിക്കുന്നവരുമായ കേരളത്തിലെ മനുഷ്യരുടെ കൂടെ നില്‍ക്കിന്‍, അവര്‍ക്കായി സഹായത്തിന്റെ കൈ നീട്ടാം എന്നാണ് അവര്‍ ബംഗാളിയിലെഴുതിയതിന്റെ മലയാളം.
കുട്ടികള്‍ നീട്ടിയ കൊച്ചു കൊച്ചു സംഭാവനക്കുടുക്കകള്‍ കൈയിലേറ്റു വാങ്ങുമ്പോള്‍ ഹൃദയം പിളരുന്ന അനുഭവമാണ് ഉണ്ടായിരുന്നതെന്ന് കൊല്‍ക്കത്ത കൈരളി സമാജം ട്രസ്റ്റി ടി. കെ ഗോപാലന്‍ പറഞ്ഞു. എണ്ണിത്തിട്ടപ്പെടുത്തിയപ്പോള്‍ അതിലുണ്ടായിരുന്നത് മൂവായിരത്തി എണ്ണൂറ്റി ഒന്‍പത് രൂപയാണ്. അവരെ സംബന്ധിച്ച് അത് വളരെ വലിയ തുകയാണെന്നതാണ് യാഥാര്‍ത്ഥ്യം.

ഒഡിഷയോട് ചേര്‍ന്നു കിടക്കുന്ന വനമേഖലയാണ് ബംഗാളിലെ ജാര്‍ഗ്രാം ജില്ല ഉള്‍പ്പെടുന്ന പ്രദേശങ്ങളിലെ ഗ്രാമങ്ങള്‍. ജാര്‍ഗ്രാമില്‍നിന്നും 52 കിലോമീറ്റര്‍ ദൂരമുണ്ട് ബേല്‍പഹാഡിയിലേക്ക്. അടിസ്ഥാനസൗകര്യങ്ങളും വികസനങ്ങളും കടന്നുവന്നിട്ടില്ലാത്ത അപരിഷ്‌കൃതദേശങ്ങളാണിത്. ഏതാനും സന്നദ്ധപ്രവര്‍ത്തകരും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം സിദ്ധിച്ചിട്ടുള്ള കുറച്ച് യുവതീയുവാക്കളും ചേര്‍ന്ന് നടത്തുന്ന പ്രാഥമിക വിദ്യാലയങ്ങളാണ് ഈ കുട്ടികള്‍ക്ക് അക്ഷരത്തിന്റെ വെളിച്ചം പകര്‍ന്നു നല്‍കുന്നത്. ഇരുപത് മുതല്‍ മുപ്പത് വരെ കി.മീറ്റര്‍ ദൂരത്തിലായി കിടക്കുന്ന അയല്‍ഗ്രാമങ്ങളിലെ സ്‌കൂളുകളിലെ അധ്യയനവും പ്രവര്‍ത്തനരീതികളും ഗ്രാമത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയാണ് ഇത്തരം പ്രാഥമിക വിദ്യാലയങ്ങളുടെ ദൗത്യം. കൊല്‍ക്കത്ത കൈരളി സമാജം നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കേട്ടറിഞ്ഞിട്ടാണ്
ബേല്‍പഹാഡിയിലെ ഗ്രാമീണരില്‍ ചിലര്‍ ഞങ്ങളെ ബന്ധപ്പെട്ടത്. അവര്‍ സമാഹരിച്ച പണം കേരളത്തിലെത്തിക്കാന്‍ കഴിയുമോ എന്നായിരുന്നു അവര്‍ക്കറിയേണ്ടിയിരുന്നത്. അത് ഏറ്റുവാങ്ങുന്നതിനായിട്ടാണ് ഞങ്ങളില്‍ ചിലര്‍ അവിടേക്ക് പോയത്. ഏതാണ്ട് ഇരുന്നൂറ്റമ്പത് കിലോമീറ്ററിലധികം ദൂരമുണ്ട് കൊല്‍ക്കത്തയില്‍ നിന്നും ബേല്‍പഹാഡിയിലേക്ക്. അവിടെ ചെന്നപ്പോഴാണ് അവരെ സഹായിക്കേണ്ട അവസ്ഥയിലാണ് ആ പാവങ്ങള്‍ കഴിയുന്നതെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നത്. ഭക്ഷണമോ വസ്ത്രമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ തീരെയില്ലാത്ത അപരിഷ്‌കൃത ഗ്രാമങ്ങളാണ് ചുറ്റിനും. ടി. കെ ഗോപാലന്‍ പറഞ്ഞു.
മൊങ്കല്‍ബൊനി ആദിബാശി വിദ്യാ ചര്‍ച്ച കേന്ദ്ര, ഖൊരി ഡൂന്‍ഗ്രി വിദ്യാ ചര്‍ച്ച കേന്ദ്ര, ജൊങ്കല്‍മൊഹല്‍ വിദ്യാ ചര്‍ച്ച കേന്ദ്ര, ബോര്‍ദ ജൊങ്കല്‍മൊഹല്‍ വിദ്യാ ചര്‍ച്ച കേന്ദ്ര തുടങ്ങിയ പ്രാഥമിക വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും സമാഹരിച്ച നാണയങ്ങളും ചെറിയ സംഖ്യകളുമാണ് ചിരുഗൊഡാ വിദ്യാ ചര്‍ച്ച കേന്ദ്രത്തിലെത്തിച്ചിരുന്നത്. പ്രദേശവാസികളും ഗ്രാമീണരും കുട്ടികളുമുള്‍പ്പെടെ അമ്പതോളം ആളുകള്‍ കാത്തുനിന്നിരുന്നു. കുട്ടികള്‍ക്ക് കൊടുക്കുവാന്‍ പോഷാകാഹാരങ്ങളും ബിസ്‌കറ്റുകളും മറ്റ് സമ്മാനങ്ങളുമായിട്ടാണ് കൊല്‍ക്കത്ത കൈരളി സമാജം പ്രവര്‍ത്തകര്‍ ഗ്രാമത്തിലെത്തിയത്. അത് ദുരന്തനിവാരണ പ്രവര്‍ത്തനത്തിനിടയിലും കൈവിടാത്ത മാനവസ്‌നേഹത്തിന്റെ സാന്ത്വനനാദമായി. കേരളത്തിലെ ജനതയുടെ സാമ്പത്തികസുരക്ഷിതത്വത്തിനുമുന്നില്‍ ഈ കുരുന്നുകളുടെ സംഭാവന തുച്ഛമായിരിക്കാം. പക്ഷേ ഇന്നത്തെ തകര്‍ന്നടിഞ്ഞ കേരളത്തിന്റെ സാമ്പത്തിക സാഹചര്യത്തില്‍ നവകേരളം കെട്ടിപ്പടുക്കുന്നതിന് ബംഗാളിലെ

ആദിവാസിക്കുട്ടികളുടെ സ്വപ്‌നത്തിനും വലിയ പങ്ക്നിര്‍വ്വഹിക്കാനുണ്ട്.ആഗസ്റ്റ് 15 മുതല്‍ കേരളത്തില്‍ രൂക്ഷമായ മഴയും വെള്ളപ്പൊക്കവും സംസ്ഥാനത്തിന് വരുത്തിവച്ച ദുരിതങ്ങളെപ്പറ്റി കേട്ടതുമുതല്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവാസി സംഘടനകള്‍ ഒരുങ്ങിത്തുടങ്ങിയിരുന്നു. ഏണ്ണായിരത്തോളം മലയാളികള്‍ മാത്രമുള്ള കൊല്‍ക്കത്തയിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ അതുകൊണ്ടുതന്നെ ഫലപ്രദമാവുകയില്ലെന്ന് തിരിച്ചറിഞ്ഞാണ് കൊല്‍ക്കത്ത കൈരളി സമാജം പ്രവര്‍ത്തകര്‍ പ്രവര്‍ത്തനങ്ങളെ വിപൂലീകരിച്ചത്. അതിനായി വിവിധകേന്ദ്രങ്ങളെ തമ്മില്‍ സംയോജിപ്പിച്ചു. കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ ഹൈസ്‌കൂള്‍, ഭാരതീയ വിദ്യാഭവന്‍, ആന്ധ്രാ അസോസിയേഷന്‍, ലേക്ക് ഗാര്‍ഡന്‍സില്‍ പ്രവര്‍ത്തിക്കുന്ന കൈരളി സമാജം ഓഫീസ് എന്നിവിടങ്ങളില്‍ തുറന്ന കളക്ഷന്‍ സെന്ററുകളിലേക്ക് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും സഹായങ്ങളെത്തി. അവയെ
ക്രോഡീകരിക്കുകയും തരം തിരിച്ച് പെട്ടികളിലാക്കി കേരളത്തിലേക്ക് അയക്കുകയുമാണ് സമാജം പ്രവര്‍ത്തകര്‍ ചെയ്തത്. ഗാര്‍ഡന്‍ ഹൈസ്‌കൂള്‍ ഐസര്‍ കൊല്‍ക്കത്ത കാമ്പസ്, ഭാരതീയ വിദ്യാഭവന്‍ സാള്‍ട്ട് ലേക്ക്, ആന്ധ്രാ അസോസിയേഷന്‍ ആന്‍ഡ് ആന്ധ്രാ അസോസിയേഷന്‍ സ്‌കൂള്‍, ബിര്‍ല ഹൈസ്‌കൂള്‍ അലുംമ്‌നി, ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍ സ്‌കൂള്‍, ഹെറിട്ടേജ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജി, ഇന്ത്യന്‍ ഇന്‌സ്റ്റിട്യൂട്ട് ഓഫസയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്, ഇന്ത്യന്‍ പ്ലൂറലിസം ഫൗണ്ടേഷന്‍, കിഡ്‌സീ സ്‌കൂള്‍ കസബ, ലക്ഷ്മിപഥ് സിംഘാനിയ അക്കാദമി, നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് ക്രൈം കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍, പര്‍പ്പിള്‍ ഫൗണ്ടേഷന്‍, സ്പന്ദന്‍ സംഗീത് ശിക്ഷാലയ, സൗത്ത് സിറ്റി ഇന്റര്‍നാഷണല്‍ സ്‌കൂള്‍, നാദിയ ഡിസ്ട്രിക് റൈസ് മില്‍സ് ഓണേഴ്‌സ് അസോസിയേഷന്‍, സ്വയംഭര്‍, ട്രാവല്‍ ഏജന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, ഉപ്കാര്‍ തുടങ്ങിയ സ്ഥാപനങ്ങളും സഹായങ്ങള്‍ നല്കി. കൂടാതെ കൈരളി സമാജം അംഗങ്ങള്‍, വ്യക്തികള്‍ തുടങ്ങിയവയില്‍ നിന്നും ലഭിച്ച ധനസഹായമായ 2 ലക്ഷം രൂപ വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയിലുള്ള ദി സുല്‍ത്താന്‍ ബത്തേരി ബാര്‍ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ നല്‍കിവരുന്ന ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കി. കൂടാതെ ഒരു
ലക്ഷം രൂപ വേള്‍ഡ് മലയാളി ഫെഡറേഷന്റെ കോഴിക്കോട് ഘടകത്തിനും കൈരളി സമാജം കൈമാറി. ഡാര്‍ജലിംഗ് ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്നും സമാഹരിച്ചവ ഉള്‍പ്പെടെ 160 പാക്കറ്റുകള്‍ നിറയെ അവശ്യവസ്തുക്കള്‍ കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്റെ സഹായത്തോടെ കൊച്ചിയിലേക്ക് കപ്പല്‍ മാര്‍ഗ്ഗം അയച്ചു. അവശ്യമരുന്നുകളും മറ്റും ഉള്‍പ്പെടുന്ന 800 കിലോ വരുന്ന 25 പാക്കറ്റുകള്‍ കൊല്‍ക്കത്ത പൊലീസിന്റെ സഹായത്തോടെ തിരുവനന്തപുരത്തേക്ക് വിമാനമാര്‍ഗ്ഗവും അയച്ചു.

മലയാളിയും ബംഗാള്‍ ഗവണ്‍മെന്റ് സെക്രട്ടറിയും മൈനോറിറ്റീസ് ഡവലപ്പ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ഡോ. പി. ബി സലീമിന്റെയുംറെയില്‍വേയുടേയും സഹായത്തോടെ 7 വാഗണുകളിലായി അരിയും വസ്ത്രങ്ങളും ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും അയച്ചു. ഇങ്ങനെ അയച്ചവയില്‍ ഒരു വാഗണ്‍ സാധനങ്ങള്‍ മുഴുവനായും നാദിയ ഡിസ്ട്രിക് റൈസ് മില്‍സ് ഓണേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ കൊല്‍ക്കത്ത കൈരളി സമാജം സമാഹരിച്ചവയായിരുന്നു. ഇവയെല്ലാം ഇതിനകം കേരളത്തിലെത്തിക്കഴിഞ്ഞു. കേരളം നേരിട്ട ദുരന്തത്തിന് വലിയ കൈത്താങ്ങാകുവാന്‍ തന്നാലാവും വിധം സഹകരിക്കുകയായിരുന്നു കൊല്‍ക്കത്തയിലെ പ്രവാസി സംഘടനകളില്‍ പ്രധാനപ്പെട്ട കൊല്‍ക്കത്ത കൈരളി സമാജം.

മുഖ്യകളക്ഷന്‍ സെന്ററായി പ്രവര്‍ത്തിച്ച ഗാര്‍ഡന്‍ ഹൈസ്‌കൂളിലെ അമ്പതോളം ജോലിക്കാര്‍ ഏഴ് ദിവസത്തോളം രാവും പകലും ജോലി ചെയ്തിട്ടാണ് കേരളത്തിലേക്കുള്ള ട്രക്കുകള്‍ അയക്കുവാന്‍ സാധിച്ചത്. മൈസൂര്‍ വഴി വയനാട്ടിലെത്തുന്ന വിധത്തിലാണ് അരിയും മറ്റും ഉള്‍പ്പെടുന്ന 16 ടണ്‍ സാധനങ്ങള്‍ ട്രക്കില്‍ അയച്ചിട്ടുള്ളത്. പലപ്പോഴായി 60 ടണ്ണോളം സാധനങ്ങള്‍ കേരളത്തിലേക്ക് അയക്കുവാന്‍ സാധിച്ചിട്ടുണ്ട്. ഹൗറ മുനിസിപ്പല്‍ കമ്മീഷണറുംമലയാളിയുമായ ശ്രീ ബിജിന്‍ കൃഷ്ണ ഐ. എ. എസ് ആണ് ട്രക്കുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തത്. കൊല്‍ക്കത്ത കൈരളി സമാജത്തിലെ ശ്രീകുമാര്‍ വി. അറിയിച്ചു. കൊല്‍ക്കത്ത കൈരളി സമാജം പ്രസിഡന്റ് പി. വി വേണുഗോപാല്‍, സെക്രട്ടറി ടി. അജയ്കുമാര്‍, എം. സി കരുണാകരന്‍, ജയകുമാര്‍, ശ്രീകുമാര്‍ വി., ഷെമീം,തുടങ്ങിയവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ കൈരളി സമാജത്തിന്റെ ഭാരവാഹികളും പ്രവര്‍ത്തകരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:literature newsmalayalam newsflood reliefbelpahadikolkotha malayalai samajam
News Summary - flood relief from kolkotha belpahadi- Literature news
Next Story