ആരാണ് ഗോപാൽകൃഷ്ണ ഗാന്ധി?
text_fields2014ൽ വമ്പിച്ച ഭൂരിപക്ഷത്തോടെ ബി.ജെ.പി സർക്കാർ അധികാരത്തിലേറിയപ്പോൾ ഗോപാലകൃഷ്ണ ഗാന്ധി മോദിക്ക് ഒരു തുറന്ന കത്തെഴുതി.-- "ഇന്ത്യയിലെ ന്യൂനപക്ഷം വെറും ഇന്ത്യയുടെ ഭാഗം മാത്രമല്ല, ഇന്ത്യയുടെ സത്തയാണവർ. ഒരു കയറിനെ ചാരമാക്കാൻ ആർക്കും കഴിയും. എന്നാൽ ആ ചാരത്തിൽ നിന്നും ഒരു ഇഴയെ മാത്രമായി വേർതിരിച്ചെടുക്കാൻ ആർക്കും കഴിയില്ല. ഇന്ത്യയുടെ ബഹുസ്വരതയെക്കുറിച്ച് ഇത്ര ചെറിയ ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാൻ മറ്റാരും ശ്രമിച്ചിട്ടുണ്ടാവില്ല.
പറഞ്ഞുവന്നത് രാഷ്ട്പതി സ്ഥാനത്തേക്ക പ്രതിപക്ഷത്തിന്‍റെ സ്ഥാനാർഥിയായ ഗോപാലകൃഷ്ണ ഗാന്ധിയെക്കുറിച്ചാണ്. അത്രയൊന്നും പരിചിതമല്ലാത്ത ഈ പേര് പെട്ടെന്ന് പത്രങ്ങളുടെ തലക്കെട്ടുകൾ കവരുന്നതോടെ ആർക്കും സംശയം തോന്നാം, ആരാണ് ഈ ഗോപാലകൃഷ്ണ ഗാന്ധിയെന്ന്. അത്ര പ്രശസ്തനല്ലാത്ത ഈ ഗാന്ധി രാഷ്ട്രപതി സ്ഥാനത്തേക്കുള്ള സ്ഥാനാർഥിയായി പെട്ടെന്ന് അവതരിച്ചത് എവിടെ നിന്നാണ്? മറ്റൊരു ഗാന്ധി കുടുംബം ഇന്ത്യൻ രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുമ്പോൾ ആ പേരിന്‍റെ യഥാർഥ അവകാശിയായി ഗാന്ധിയുടെ ചെറുമകൻ തന്നെ രംഗത്തെത്തുന്നു എന്നതും തെല്ല് അദ്ഭുതത്തോടെയാണ് ജനം വീക്ഷിക്കുന്നത്.
പശ്ചിമ ബംഗാൾ മുൻ ഗവർണറും െഎ.എ.എസുകാരനും നയതന്ത്രജ്ഞനുമായ ഗോപാൽകൃഷ്ണ ഗാന്ധി എല്ലാംകൊണ്ടും ഈ സ്ഥാനത്തിന് അനുയോജ്യൻ തന്നെ എന്ന് വിലയിരുത്തുന്നവരുമുണ്ട്. എന്നാൽ അതു മാത്രമല്ല അദ്ദേഹത്തിന്‍റെ യോഗ്യത. 2012ൽ തന്നെ ഗോപാലകൃഷ്ണ ഗാന്ധിയെ ഇന്ത്യയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് കൊണ്ടുവരാൻ പ്രണബ് കുമാർ മുഖർജി ശ്രമിച്ചിരുന്നുവെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു.
മഹാത്മാഗാന്ധിയുടെ ചെറുമകൻ, അറിയപ്പെടുന്ന മനുഷ്യാവകാശ, ന്യൂനപക്ഷ പ്രവർത്തകനായി മാറിയതിൽ അദ്ഭുതമില്ല. ഇന്ത്യയുടെ രാഷ്ട്രീയ സ്പന്ദനങ്ങൾ തിരിച്ചറിയാൻ കഴിയുന്ന പൊതുപ്രവർത്തകനായി മാറാൻ ഇദ്ദേഹത്തെ സഹായിച്ചത് നയതന്ത്ര പ്രവർത്തനങ്ങളേക്കാളധികം പിതാമഹന്‍റെ പാരമ്പര്യം തന്നെയായിരിക്കാം.
ദേശീയഗാനത്തെ അടിച്ചേൽപ്പിക്കുന്ന പ്രവണതയെയും തുറന്നെതിർക്കാനുള്ള ധൈര്യം പ്രകടിപ്പിച്ചതും ഇതിന്‍റെ പ്രതിഫലനമാണ്. ഉൽക്കടമായ അഭിനിവേശത്തോടെ ഉരുവിടേണ്ട ദേശീയഗാനം അടിച്ചേൽപ്പിക്കപ്പെടുന്നതോടെ അത് വിരസമായ ഔദ്യോഗിക മൂല്യം മാത്രമുള്ള ഒരു വസ്തുവായി ചുരുങ്ങുന്നുവെന്നാണ് ഗോപാൽകൃഷ്ണ ഗാന്ധിയുെട പക്ഷം.
മഹാത്മ ഗാന്ധിയുടെ നാലു മക്കളിൽ ഇളയവനായ ദേവദാസ് ഗാന്ധിയുടെയും സി. രാജഗോപാലാചാരിയുടെ മകൾ ലക്ഷ്മിയുടെയും മകനാണ് 71കാരനായ ഗോപാൽകൃഷ്ണ ഗാന്ധി. ഡൽഹി സെൻറ് സ്റ്റീഫൻസ് കോളജിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം 1968 മുതൽ 1992 വരെ ഇന്ത്യൻ സിവിൽ സർവിസിലായിരുന്നു. ഉപരാഷ്ട്രപതിയുടെ സെക്രട്ടറിയായും രാഷ്ട്രപതിയുടെ ജോ. സെക്രട്ടറി, സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ച പ്രവർത്തന പരിചയവും ഇദ്ദേഹത്തിനുണ്ട്. ബ്രിട്ടനിലെ ഇന്ത്യൻ ഹൈകമീഷനിൽ സാംസ്കാരിക വിഭാഗം മിനിസ്റ്ററായി പ്രവർത്തിച്ചിട്ടുണ്്ട.. ലണ്ടനിലെ നെഹ്റു സെൻറർ ഡയറക്ടറുമായിരുന്നു. തുടർന്ന് ദക്ഷിണാഫ്രിക്കയിൽ ഹൈകമീഷണർ. ശ്രീലങ്ക, നോർവേ, െഎസ്ലൻഡ് എന്നിവിടങ്ങളിലും ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായി. 2004 മുതൽ 2009 വരെയാണ് പശ്ചിമ ബംഗാൾ ഗവർണറായിരുന്നു.
ഗോപാൽകൃഷ്ണ ഗാന്ധി നിരവധി പുസ്തകങ്ങൾ എഴുതുകയും പരിഭാഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ശരണം എന്ന ഹിന്ദി പുസ്തകം റഫ്യൂജീ എന്ന പേരിൽ വിവർത്തനം ചെയ്തിട്ടുണ്ട്. ഗാന്ധി ആൻഡ് സൗത്ത് ആഫ്രിക്ക, ഗാന്ധി ആൻഡ് ശ്രീലങ്ക, നെഹ്റു ആൻഡ് ശ്രീലങ്ക, ഇന്ത്യ ഹൗസ്, കൊളംബോ: പോർട്രെയ്റ്റ് ഓഫ് എ റെസിഡൻസ്, ഗാന്ധി ഈസ് ഗോൺ: ഹു വിൽ ഗൈഡ് അസ് നൗ? തുടങ്ങി പത്തോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
"ഇന്ത്യയെ ഭരിക്കുന്നത് ആരാണ്? ഒരു പ്രത്യേക വ്യക്തിയുടെ പേര് പറയാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ആരാണെന്നോ എന്തുകൊണ്ടാണെന്നോ ഞാൻ പറയില്ല. പക്ഷെ ഭയമാണ് ഇന്ത്യയെ ഭരിക്കുന്നത്. അത് പ്രകടമാകുന്നത് പല വിധത്തിലാണ്. എന്തുകൊണ്ടാണ് ലോക്പാൽ ബിൽ ഇന്നും പാസാക്കപ്പെടാതെ അന്തരീക്ഷത്തിൽ തൂങ്ങിനിൽക്കുന്നത്? സര്‍ക്കാറിൽ നിയമവിരുദ്ധമായ കാര്യങ്ങള്‍ സംഭവിക്കുന്നുവെന്ന് ജനങ്ങള്‍ക്ക് വിവരം നൽകുന്നയാളെ സംരക്ഷിക്കുന്ന നിയമം ഇനിയും നടപ്പിൽ വരാത്തതെന്തുകൊണ്ടാണ്? നമ്മുടെ നിയമ നിർമാണ വ്യവസ്ഥയിൽ പേടി എന്ന യാഥാർഥ്യം നിലനിൽക്കുന്നുണ്ട്. പാർലമെന്‍റിൽ മാത്രമല്ല, സംസ്ഥാന നിയമ നിർമാണ സഭകളിൽ പോലും അത് നിലനിൽക്കുന്നു." തിരുവനന്തപുരത്ത് നടത്തിയ വി.ആർ കൃഷ്ണയ്യർ മെമ്മോറിയൽ പ്രഭാഷണത്തിൽ ഗാന്ധി എടുത്തു പറഞ്ഞത് ഒരു രാഷ്ട്രം എങ്ങനെ ഭയത്തെ ആയുധമാക്കുന്നു എന്നായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.