ബഷീറിെൻറ ‘തങ്കം’
text_fieldsനിങ്ങളുടെ ഫാഷൻ പരേഡുകളും ക്രിക്കറ്റ് വിജയങ്ങളും വന്ദേമാതരങ്ങളും താന്ത്രിക പെയിൻറിങ്ങുകളും കൊണ്ടുപോയി ചുട്, എന്ന പ്രശസ്ത കവി സച്ചിദാനന്ദെൻറ പഴയ കാവ്യപ്രയോഗത്തിൽ, പൊരുതുന്ന ഒരു കാലത്തിെൻറ വികാരമായിരുന്നു മുമ്പ് മുഷ്ടി ചുരുട്ടിയത്. എന്നാലിന്ന് ആശയങ്ങളിൽനിന്നുപോലും അത്തരത്തിലുള്ള സമരവീര്യങ്ങൾ സാവധാനം പിൻവലിയുന്ന കാഴ്ചകളാണ് കരുത്താർജിച്ചുകൊണ്ടിരിക്കുന്നത്. ഒരു മനുഷ്യനെ മൗലികമായി മാറാൻ പ്രചോദിപ്പിക്കുന്ന, ഉള്ളിളക്കങ്ങൾ ഉണ്ടാക്കുന്നതിനു പകരം ഒരു മാറ്റവും ആവശ്യമേയില്ലാത്ത തൊലിപ്പുറമുരസും ഇക്കിളികളിൽ ആടിത്തിമിർക്കുന്നതിലാണ് പലരും അഭിരമിക്കുന്നത്. ജ്വലിക്കുന്ന കാഴ്ചപ്പാടിനു മുകളിൽ ചിലപ്പോഴെങ്കിലും പറക്കുന്നത് അലസകാഴ്ചയുടെ കൊടികളാണ്. മുഷിഞ്ഞ വസ്ത്രംധരിച്ച, ക്ഷീണിച്ച് കറുത്ത മനുഷ്യരെ ചീഞ്ഞ എന്തോ ആയി കാണാനുള്ള മനുഷ്യത്വവിരുദ്ധ പ്രവണതകൾ പണ്ടത്തെപ്പോലെ നമ്മുടെ മനസ്സിനെ ഇപ്പോൾ പരിക്കേൽപ്പിക്കാതായിരിക്കുന്നു. പ്രത്യേകിച്ച് ആരുടെയും ആഹ്വാനമില്ലാതെ കേരളത്തിലുടനീളം യാചകർ നാടിനാപത്ത് എന്ന ബോർഡുകൾ പ്രത്യക്ഷപ്പെട്ടതിെൻറ പൊരുൾ അതല്ലെങ്കിൽ പിന്നെ മറ്റെന്താണ്?
ഹിറ്റ്ലറുടെ ജർമനിയിൽ വെറുക്കപ്പെട്ടവരും ഉന്മൂലനം ചെയ്യപ്പെടേണ്ടവരുടെയും പട്ടികയിൽ ശാരീരിക മാനസിക രോഗങ്ങൾ ബാധിച്ചവരും യാചകരുമെല്ലാം ഉൾപ്പെട്ടിരുന്നു. മലയാള ഭാഷയിൽ, യാചകരെ പക്ഷേ, ധർമക്കാർ എന്ന് ആദരവോടെയാണ് നാം വിളിച്ചുപോന്നിരുന്നത്. ഒന്നുകിൽ അധ്വാനിച്ച് ജീവിക്കണം, അല്ലെങ്കിൽ ഭിക്ഷയെടുത്തെങ്കിലും ജീവിക്കണം. അല്ലാതെ അമൂല്യമായ ജീവിതം ചുമ്മാ എറിഞ്ഞുടച്ച് തുലക്കരുത്. ഇതായിരുന്നു നമ്മുടെ പൊതു നിലപാട്. യാചകർ വന്ന് വാതിലിൽ മുട്ടുമ്പം ഉള്ളത് കൊടുക്കും. ഇല്ലെങ്കിൽ ഇന്ന് ഒന്നുമില്ലെന്ന് പറയും. എന്നാലിപ്പോൾ അതിൽനിന്നൊക്കെ വ്യത്യസ്തമായി യാചകർ നാടിനാപത്ത്, യാചകരെ കരുതിയിരിക്കുക തുടങ്ങിയ മുന്നറിയിപ്പുകളാണ് സർവത്ര കാണാൻ കഴിയുന്നത്.
വൃദ്ധർ, രോഗികൾ, വിരൂപർ, ദരിദ്രർ തുടങ്ങിയവരെ അനാവശ്യവസ്തുക്കളായി, മാലിന്യമായി കാണുന്ന പ്രവണത ആദ്യം തലപൊക്കിയത് ആഢ്യസാഹിത്യ കൃതികളിലാണ്. അതിനെതിരെയുള്ള കലാപമാകട്ടെ ജനകീയ സാഹിത്യത്തിലും കലയിലും വ്യത്യസ്ത രീതികളിൽ എക്കാലവും കുതറിനിൽക്കുകയും ചെയ്തിരുന്നു. വെളുത്തവർക്കൊപ്പം കറുത്തവർക്കും പൊക്കക്കാർക്കൊപ്പം കുറിയവർക്കും തടിച്ചവർക്കൊപ്പം മെലിഞ്ഞവർക്കും പൂർണാംഗർക്കൊപ്പം പരിമിതാംഗർക്കും പണവും പ്രതാപവും പദവിയുമുള്ളവർക്കൊപ്പം ഇതൊന്നുമില്ലാത്തവർക്കും തൊഴിലാളികൾക്കും മനുഷ്യർക്കൊപ്പം മറ്റെല്ലാറ്റിനും ഈ ഭൂമിയിൽ അവകാശമുണ്ടെന്ന്, തെൻറ എഴുത്തിെൻറ തുടക്കംമുതൽതന്നെ അമർത്തി പറഞ്ഞ മഹാപ്രതിഭയായിരുന്നു വൈക്കം മുഹമ്മദ് ബഷീർ.
ആഢ്യസാഹിത്യത്തിെൻറ നായക-നായിക സങ്കൽപത്തെയും വർണബോധത്തെയും വർണ വ്യവസ്ഥയെ ആകെത്തന്നെയും സ്വന്തം രീതിയിൽ, തീകൊണ്ട് പൊള്ളിച്ചെഴുതുകയാണ് ബഷീർ എന്നും ചെയ്തുകൊണ്ടിരുന്നത്. ഒറ്റക്കണ്ണൻ പോക്കറും ആനവാരി രാമൻനായരും പൊൻകുരിശ് തോമയും എട്ടുകാലി മമ്മൂഞ്ഞും ശിങ്കിടിമുങ്കനും ആയിഷാബീവിയും കുഞ്ഞുപാത്തുമ്മയും സാറാമ്മയും ഹമീദും മായാദേവിയുമെല്ലാം ഏറെ പരാമർശിക്കപ്പെട്ടിട്ടുണ്ടെങ്കിലും അത്രയൊന്നും പരാമർശിക്കപ്പെടാത്ത ബഷീർ കഥാപാത്രങ്ങളാണ് തങ്കവും കേശുമൂപ്പനും. സമ്പന്ന സവർണ ബ്യൂട്ടിപാർലർ കാഴ്ചപ്പാടുകളെ പൊളിച്ചടുക്കുന്ന മനുഷ്യബന്ധത്തെ ആഴത്തിൽ മഹത്വപ്പെടുത്തുന്ന മലയാളഭാഷയിലെ മികച്ച കഥകളായി ഇന്നവ വീണ്ടും മുമ്പത്തെക്കാൾ ശ്രദ്ധേയമായിത്തീർന്നിരിക്കുന്നു.
ബഷീറിെൻറ ആദ്യകഥയായ ‘തങ്കം’ 1937ലാണ് എഴുതപ്പെടുന്നത്. തങ്കവും കേശുമൂപ്പനും ഉൾക്കൊള്ളുന്ന വിശപ്പ് എന്ന ആദ്യ കഥാസമാഹാരം 1941ലാണ് പുറത്തിറങ്ങുന്നത്. അതായത് മുക്കാൽ നൂറ്റാണ്ടിന് മുമ്പുതെന്ന മനുഷ്യജീവിതത്തെ തൊലിനിറത്തിെൻറയും പണക്കൊഴുപ്പിെൻറയും പേരിൽ അവഹേളിക്കുന്നതിന്നെതിരെ മലയാളത്തിെൻറ മഹാപ്രതിഭയായി മാറിയ വൈക്കം മുഹമ്മദ്ബഷീർ ഒരേസമയം, പൊട്ടിക്കരയുകയും പൊട്ടിത്തെറിക്കുകയും ചെയ്തു. ബഷീറിെൻറ ജീവിതത്തിലാകെ നിറഞ്ഞുനിന്ന ഒരു നിലവിളിയാണ്, തീവ്രാനുഭവങ്ങളുടെ ചൂടാണ്, ആ കഥകളെയൊക്കെ ഇന്നുമേറെ അർഥപൂർണമാക്കുന്നത്. കരച്ചിലും കയർക്കലും തമ്മിലുള്ള അദൃശ്യ അഭിമുഖീകരണമാണ് തങ്കം, കേശുമൂപ്പൻ എന്നീ കഥകളെ ശ്രദ്ധേയമാക്കുന്നത്.
നിങ്ങൾക്ക് നല്ല പൊക്കമുള്ള വെളുത്ത നല്ല ബുദ്ധിയുള്ള കുട്ടി വേണ്ടേ എന്ന ഫാഷിസ്റ്റാഭിമുഖ്യം പുലർത്തുന്ന ആരോഗ്യഭാരതി എന്ന സംഘടനയുടെ ആരെയും പ്രലോഭിപ്പിക്കുന്ന പരസ്യവും യാചന നിരോധിച്ചിരിക്കുന്നു, ഭിക്ഷക്കാർ നാടിനാപത്ത് എന്നീ പ്രചാരണവും ഏറെക്കുറെ ഒരേസമയത്താണ്, നമുക്കിടയിൽ സജീവമായതെന്നത് അത്ര യാദൃശ്ചികമല്ല. അരാഷ്ട്രീയ മധ്യവർഗവത്കരണം തന്നെയാണ്, ഈ രണ്ട് പരസ്യങ്ങൾക്കും ഇത്രപ്രിയം ഉണ്ടായിത്തീരാൻ കാരണം. വെളുത്ത് പൊക്കമുള്ള കുട്ടികളെ കൊതിക്കുന്നവർ പോലും അങ്ങനെയല്ലാത്ത കുട്ടികളെയും സ്നേഹത്തോടെ വളർത്തുകയാണ് പതിവ്. എന്നാൽ, ഗർഭധാരണ സമയത്ത് ചില ചിട്ടകൾ പാലിക്കുകയും ചില അനുഷ്ഠാനങ്ങൾക്ക് വിധേയമാവുകയും മാംസാഹാരം വർജിക്കുകയും ചെയ്താൽ ആരും കൊതിച്ചുപോകുംവിധമുള്ള കുട്ടികളെ കിട്ടുമെന്നായാൽ അതൊന്നു സ്വന്തം ജീവിതത്തിൽ പരീക്ഷിച്ചുനോക്കാൻ ആരും അറിയാതെ ഒന്ന് തയാറായിപ്പോവും! എന്നാൽ, നമ്മുടെ സാമൂഹികബോധം എന്നും ഇത്തരം പ്രലോഭിപ്പിക്കും പരസ്യങ്ങളെ പൊളിച്ചുകാട്ടുകയും പ്രതിരോധിക്കുയും ചെയ്തിരുന്നു. ഉയരമില്ലെങ്കിലും വിവരമുണ്ടായാൽ മതി എന്നൊരൊറ്റ പ്രയോഗത്തിലൂടെ പൊക്കപരസ്യത്തെയും കറുപ്പിന്നഴകേഴ് എന്നതിലൂടെ കേവല വെളുപ്പ് കീർത്തനങ്ങളെയും ബുദ്ധി മാഹാത്മ്യത്തെ മനുഷ്യപ്പറ്റില്ലെങ്കിൽ പിന്നെ മറ്റെന്തുണ്ടായിട്ടെന്ത് കാര്യമെന്ന മനുഷ്യത്വ പ്രഖ്യാപനത്തിലൂടെയുമാണ് മുമ്പ് മുതലേ കീഴാളസമൂഹങ്ങൾ മറികടന്നിരുന്നത്. അത്തരമൊരു മറികടക്കലിെൻറയും അതുവഴി അധികാര വ്യവസ്ഥയെയാകെ മറിച്ചിടുന്നതിെൻറയും ഇരമ്പുന്ന ഉൗർജമാണ്, മുക്കാൽ നൂറ്റാണ്ടിനുശേഷവും ബഷീറിെൻറ ‘തങ്കം’, ‘കേശുമൂപ്പൻ’ എന്ന കഥകളെ ഇന്നും ഏറെ പ്രസക്തമാക്കുന്നത്.
സ്വന്തം ജീവിതത്തിെൻറ എല്ലിൽതൊട്ട്, സ്വയമനുഭവിച്ച കടുത്ത ദാരിദ്യ്രത്തിെൻറ കയ്പ് കുടിച്ച്, ബഷീർ എഴുതിയ ഈ രണ്ട് കഥകളും ബഷീറിെൻറ മറ്റ് കഥകളെപ്പോലെ ഏത് ഇരുട്ടിനെയും വെളിച്ചമാക്കുന്ന സർഗാത്മക വിസ്മയത്തിെൻറ നിത്യസാന്നിധ്യമാണ്. ആ കാലത്ത് ഒരു സിങ്കിൾ ചായക്കു കാലണയായിരുന്നു വില. ആ കാലണകിട്ടാൻ വഴിയില്ലായിരുന്നു. കാലണയില്ലാതെ, ചായ കുടിക്കാൻ ഒരു വഴിയുമില്ലാതെ ഞാനിരുന്നു കരഞ്ഞിട്ടുണ്ട്. അന്നെനിക്ക് ചിരിക്കാനും മന്ദഹസിക്കാനും കഴിഞ്ഞിരുന്നില്ല (ബഷീർ). നന്മയാണ് എെൻറ കൃതികളുടെ സന്ദേശം എന്ന് വൈക്കം മുഹമ്മദ് ബഷീർ വെറുതെ പറഞ്ഞതല്ല. ഓരോ കഥയുടെയും ആകാശത്തിൽ പേരിടാനാവാത്തൊരു പ്രകാശമായി തിളങ്ങിനിന്ന ആ നന്മതന്നെയാണ്, മലയാളത്തിലെ അപൂർവ ബഷീർ പ്രയോഗങ്ങളിലൊന്നായിത്തീർന്ന ആ വെളിച്ചത്തിന്നെന്തൊരു വെളിച്ചം.
എെൻറ തങ്കത്തിെൻറ നിറം തനി കറുപ്പാണ്. വെള്ളത്തിൽ മുക്കിയെടുത്ത ഒരു തീക്കൊള്ളി. കറുപ്പല്ലാതുള്ള ഭാഗങ്ങളായിട്ടു കണ്ണിെൻറ വെള്ള മാത്രമേയുള്ളു. പല്ലും നഖങ്ങളും കൂടി കറുത്തതാണ്. ശബ്ദത്തിന് കറുത്ത പെരുച്ചാഴിയുടെ കറുമുറ ശബ്ദത്തോട് ഏതാണ്ടൊരു സാദൃശ്യം.(തങ്കം). നായികയുടെ അംഗപ്രത്യംഗവർണന, ബഷീർ നിർവഹിച്ചിരിക്കുന്നത്, പതിവ് അംഗപ്രത്യംഗ വർണനകളെ പൊളിക്കാനാണ്. കഥയിലെ നായകൻ പഴയ രീതിയിൽ നോക്കിയാൽ വിരൂപരാജനായൊരു യാചകനാണ്. മലയാളകഥയിലെ ഒരുപക്ഷേ, ആദ്യത്തെ പേരില്ലാത്ത യാചക നായകനും പ്രണയധീരനുമാണ്, തങ്കം എന്ന കഥയിലെ തങ്കത്തിെൻറ പ്രിയതമനാവുന്നത്. യാചനക്കിടയിൽ പെരുംമഴ വന്നപ്പോൾ ഒരു വീടിെൻറ ഒഴിഞ്ഞ മൂലയിൽ ചുരുണ്ട് കിടക്കുകയായിരുന്ന ആ യാചകനെ അവിടെനിന്ന് മകൻ ചവിട്ടിപ്പുറത്താക്കുമ്പോൾ, അവെൻറ അച്ഛൻ പറയുന്നുണ്ട്, അരുത് മകനെ, പാവങ്ങളാണ് എന്ന്. പാവങ്ങൾ, അച്ഛനെല്ലാവരും പാവങ്ങളാണ്. ഇവൻ വല്ല പെരുങ്കള്ളനുമായിരിക്കും എന്നായിരുന്നു അപ്പോഴത്തെ മകെൻറ പ്രതികരണം.
മുക്കാൽ നൂറ്റാണ്ടിനുംമുമ്പ് ബഷീറിെൻറ ‘തങ്കം’ എന്ന കഥയിലെ യാചകനെക്കുറിച്ച് പരാമർശിക്കപ്പെട്ട പാവങ്ങൾ പെരുങ്കള്ളൻ എന്ന വിപരീതങ്ങൾ തന്നെയാണ് ഇന്ന് പുതിയ രൂപങ്ങളിൽ ഭീമാകാരമായി വളർന്നുകൊണ്ടിരിക്കുന്നത്. അച്ഛൻ യാചകനിൽ പഴയ ധർമക്കാരനെയും നിസ്സഹായരെയും പാവങ്ങളെയും കാണുമ്പോൾ, പുതിയ കാലത്തിെൻറ പ്രതിനിധിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന മകൻ യാചകരിൽ കാണുന്നത് ഒരു പെരുങ്കള്ളനെ മാത്രമാണ്. പാവങ്ങളും പെരുങ്കള്ളന്മാരും എല്ലാ വിഭാഗങ്ങളിലും ഉണ്ടാകാമെങ്കിലും ഇപ്പോൾ യാചകരിൽ മാത്രമായി പെരുങ്കള്ളന്മാരെ കാണുന്ന പ്രവണതയാണ് നാം കാണുന്നത്. സർവ മണ്ഡലങ്ങളിലും അസ്സലും വ്യാജവും വേർതിരിച്ചറിയാൻ പ്രയാസമാവുന്നൊരു കാലത്ത്; യാചകരിലെ വ്യാജരിൽ മാത്രമായി നമ്മുടെ വിചാരലോകം പരിമിതമാവുന്നത് എന്തുകൊണ്ടാവും?
ഗുണ്ടായിസം ആപത്ത്, അഴിമതി അപകടം, മുതലാളിത്തം തുലയട്ടെ, വർഗീയത അറബിക്കടലിൽ ഇപ്രകാരമുള്ള മുദ്രാവാക്യങ്ങളെ മുഴുവനും പിറകിലാക്കിയാണ്, യാചകർ നാടിനാപത്ത് എന്ന യാചകവിരുദ്ധ മുദ്രാവാക്യങ്ങൾ മുന്നേറുന്നത്. തങ്കം എന്ന കഥയിലെ യാചകെൻറ നെഞ്ചിലേറ്റ ആ ചവിട്ട്, വരാനിരുന്ന ഈയൊരു യാചകവിരുദ്ധവേട്ടയുടെ മുൻകൂർ താക്കീതായിരുന്നുവെന്ന് ഇന്നൊരു നടുക്കത്തോടെ നാം തിരിച്ചറിയുന്നു. പക്ഷേ ബഷീർ കഥയിലെ അവഗണിത യാചകെൻറ സങ്കടം കേൾക്കാൻ, അതുപോലെതന്നെയുള്ള, അതുകൊണ്ട് തന്നെ ആർക്കും വേണ്ടാത്ത ഒരു തങ്കമെങ്കിലുമുണ്ടായിരുന്നു. തങ്കത്തോട് ആ കഥകൾ എല്ലാം പറഞ്ഞു. തങ്കം കരഞ്ഞു. ഞാനും കരഞ്ഞു. ഞാനും തങ്കവും ഒരുമിച്ച് കുറേനേരം കരഞ്ഞു. ആ കരച്ചിലിൽവെച്ചവർ പരസ്പരമറിഞ്ഞു. പ്രണയത്തിനൊരു കണ്ണീർവഴിയുണ്ടെന്ന് വേറൊന്നുമില്ലാത്ത, ആർക്കും വേണ്ടാത്ത, ജീവിക്കാൻ പെടാപ്പാടുപെടുന്ന തങ്കവും അതിനുപോലും ആവാത്തതുകൊണ്ട് ഭിക്ഷതെണ്ടുന്ന ആ യാചകനും ഒരു കോരിത്തരിപ്പോടെ തിരിച്ചറിഞ്ഞു. ബഷീർ കഥ അവസാനിപ്പിക്കുന്നത് ഇങ്ങനെ; ഞങ്ങൾ അങ്ങനെ കഴിയുകയാണ്. ആനന്ദത്തിെൻറ ആരാമത്തിൽ തങ്കരശ്മികൾ ചിതറുന്ന പൊൻപുലരിയിൽ സ്നേഹത്തിെൻറ പൂഞ്ചിറകുകൾ വിടർത്തി പാടിപ്പറക്കുന്ന രണ്ടു പൈങ്കിളികളാണു ഞങ്ങൾ. തങ്കം. അതേ എെൻറ തങ്കം തനിത്തങ്കം തന്നെയാണ്. മഴവില്ലൊളിയാൽ പൊന്നുടുപ്പിട്ട വസന്തപ്രഭാതമാണവൾ!
മനുഷ്യമഹത്വങ്ങൾക്ക് മുന്നിൽ സർവപ്രതാപങ്ങളും അപ്രസക്തമാകുമെന്നും നിസ്സഹായതകളിൽനിന്നുപോലും നിർവൃതി നുകരാനാവുംവിധം മനുഷ്യബന്ധങ്ങൾക്ക് വളരാൻ കഴിയുമെന്നും തെളിയിക്കുകയാണ് തങ്കം എന്ന കഥ. ഭിക്ഷക്കാരൻ കേന്ദ്രകഥാപാത്രമായ, കേശുമൂപ്പൻ എന്ന കഥയിൽ മനുഷ്യബന്ധത്തിെൻറ ഹൃദയഹാരിത ഏതവസ്ഥയിലും പൂത്ത് സുഗന്ധം പരത്തുമെന്ന്, ബഷീർ അനുഭവിപ്പിക്കുന്നത്, ഒരുപക്ഷേ, ഒരു വൈക്കം മുഹമ്മദ് ബഷീറിന് മാത്രമെഴുതാവുന്ന അത്യന്തം ഹ്രസ്വമായ ഒരസ്സൽ മലയാള വാക്യത്തിലൂടെയാണ്. മനുഷ്യനല്ലേ? മനുഷ്യൻ, ഹാ എത്ര ഡങ്കുഡുങ്കു. ആ ഡങ്കുഡുങ്കുവിൽ സങ്കീർണമായ സമസ്തവും അതിെൻറ കിരീടങ്ങളും പാദരക്ഷകളും എന്തിന് ഉടുവസ്ത്രംപോലും അഴിച്ചുവെച്ച് വിനീതമാകുന്നതിൽ നമ്മളും അനുഭൂതിപ്പെടും. ഹാ എന്തൊരു നല്ല ഡങ്കുഡുങ്കു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.