എഴുത്തിെൻറ ഇറയത്ത് കവിയും കഥാകൃത്തും കണ്ണിറുക്കുന്നു
text_fieldsഏറെ ആഹ്ളാദത്തോടും അതിലേറെ വിനയത്തോടുംകൂടിയാണ് മലയാളകഥയുടെ ഉദയതാരമായ കേസരി നായനാരുടെ പേരിലുള്ള ഈ പുരസ്കാരം അദ്ദേഹത്തിെൻറ ഈ പ്രിയഗ്രാമത്തില്വെച്ച് ഞാന്‍ സ്വീകരിക്കുന്നത്. മനുഷ്യവാസനകളെക്കുറിച്ച പുസ്തകാസ്പദമല്ലാത്ത അവബോധവും പിൽക്കാലത്ത് സഞ്ജയനെപ്പോലും മോഹിപ്പിച്ചു ശിഷ്യനാക്കിയ അപൂര്വദൃഷ്ടമായ നർമബോധവും നിഷ്ഠുരമായ ആത്മപരിഹാസവും കലര്‍ത്തി, പ്രതി-നായകന് (ആൻറി ഹീറോ) എന്ന സങ്കൽപം ആധുനികതക്കും ഒരു നൂറ്റാണ്ട് മുന്നേ ഉത്തമപുരുഷാഖ്യാനത്തിലൂടെ അവതരിപ്പിച്ച മലയാളത്തിലെ ആദ്യത്തെ ചെറുകഥയുടെ പ്രതിഭാധനനായ രചയിതാവിെൻറ, ഭാഷക്കുള്ളിലെ ഭാഷയായ വാമൊഴിയുടെ മനോഹാരിതയും പ്രാദേശികസ്വത്വബോധവും പിൽക്കാലകഥകളിലൂടെ എടുത്തുകാട്ടിയ എഴുത്തുകാരെൻറ സമ്പത്ത്, ജാതി, ലിംഗം എന്നിങ്ങനെ അധികാരത്തിെൻറ ഭിന്നപ്രഭവങ്ങളുടെ നിർദയവും നിര്‍ഭയവുമായ വിമര്‍ശനം നിര്‍വഹിച്ച പത്രലേഖകെൻറ, ജനാധിപത്യബോധത്തിെൻറ ആദ്യപ്രകാശനമായ സാധുജനക്ഷേമത്തെ ജീവിതധർമമാക്കിയ മനുഷ്യസ്നേഹിയുടെ, ഈ പവിത്രമായ ജന്മഭൂമിയില് വരാന്‍ കഴിഞ്ഞതുതന്നെ എെൻറ ജീവിതത്തിലെ പരമ സൗഭാഗ്യങ്ങളിലൊന്നായി ഞാന്‍ കാണുന്നു.
കഥയും കവിതയും സാഹിത്യചരിത്രത്തില്‍ സഹജാതരാണ്. അവ സൈദ്ധാന്തികമായ ശസ്ത്രക്രിയയാല്‍ വേര്‍തിരിക്കപ്പെടുന്നത് വളരെ കഴിഞ്ഞാണ്. ലോകത്തിലെ മഹേതിഹാസങ്ങള്‍ മുഴുവന്‍ കവിതകളായി എഴുതപ്പെട്ട കഥകളാണെന്നു നമുക്കറിയാം, ഇന്ത്യയിലെ രാമായണമായാലും മഹാഭാരതമായാലും ഭാഗവതമായാലും തമിഴിലെ ചിലപ്പതികാരമോ മണിമേഖലയോ ആയാലും രാജസ്ഥാനിയിലെ പാബുജി ആയാലും കന്നടയിലെ മാലെ മാദേശ്വരയോ മണ്ടേസ്വാമികാവ്യമോ ആയാലും ഗ്രീക്കിലെ ഒഡീസിയോ ഇലിയഡോ ലാറ്റിനിലെ ഈനീഡോ ഇറ്റാലിയനിലെ ഡിവൈന്‍ കോമഡിയോ കിര്‍ഗീസ് ഭാഷയിലെ മനാസോ ഫിന്നിഷിലെ കലേവാലായോ ആയാലും എല്ലാം പദ്യത്തില്‍ പറയപ്പെട്ട കഥാസഞ്ചയങ്ങളാണ്. നാടോടി വീരഗാഥകളും കഥകള്‍ തന്നെ. പിന്നെയും ആധുനികകാലംവരെ നമുക്ക് ആഖ്യാനകവിതകള്‍ ഉണ്ടായി. മഹാകാവ്യങ്ങളും ഖണ്ഡകാവ്യങ്ങളും കഥാകാവ്യങ്ങളുംകൊണ്ട് സമ്പന്നമാണ് നമ്മുടെ മലയാളംതന്നെ എന്നു നമുക്കറിയാം. ആശാെൻറയും വള്ളത്തോളിെൻറയും ഉള്ളൂരിെൻറയും എം. ഗോവിന്ദെൻറയും വൈലോപ്പിള്ളിയുടെയും ഇടശ്ശേരിയുടെയും അക്കിത്തത്തിെൻറയും ഒളപ്പമണ്ണയുടെയും ബാലാമണിയമ്മയുടെയും ചങ്ങമ്പുഴയുടെയും എസ്.കെ. പൊറ്റെക്കാട്ടിെൻറയും വയലാറിെൻറയും ഒ.എന്‍.വിയുടെയും അയ്യപ്പപ്പണിക്കരുടെയും ആഖ്യാനകവിതകള്‍-നളിനിയും ലീലയും ചണ്ഡാലഭിക്ഷുകിയും ദുരവസ്ഥയും കരുണയും അച്ഛനും മകളും ശിഷ്യനും മകനും മഗ്ദലനമറിയവും പിംഗളയും കർണഭൂഷണവും മുതല്‍ പെങ്ങളും പൂതപ്പാട്ടും സാവിത്രിയും മഴുവിെൻറ കഥയും രമണനും വാഴക്കുലയും വെണ്ണക്കല്ലിെൻറ കഥയും നങ്ങേമക്കുട്ടിയും പ്രേമശിൽപിയും ആയിഷയും ഉജ്ജയിനിയും സ്വയംവരവും വരെ - ഓര്‍ക്കാത്ത മലയാളിവായനക്കാര്‍ ആരുണ്ട്? കുഞ്ഞിരാമന് നായരുടെ കളിയച്ഛന് അഥവാ അയ്യപ്പപ്പണിക്കരുടെ കുടുംബപുരാണം, ഗോത്രയാനം ഇവപോലെ ആഖ്യാനസ്വഭാവമുള്ള കവിതകള്‍ വേറെയുമുണ്ട്. ഇന്നും ആഖ്യാനത്തിെൻറ അംശങ്ങള്‍ ഞങ്ങളുടെയൊക്കെ കവിതകളില്‍ നിലനില്ക്കുന്നു.
ഫ്രഞ്ച് റേഡിയോക്കു വേണ്ടി പാരിസില്‍ വെച്ച് ഗില്ലേര്‍മോ എന്ന പത്രപ്രവര്ത്തകന് ഞാനുമായി അഭിമുഖം നടത്തിയപ്പോഴാണ് എെൻറ തന്നെ കവിതകളിലെ ശക്തമായ ആഖ്യാനാംശത്തെപ്പറ്റി ഞാന്‍ ബോധവാനായത്. ഒരു വടക്കന്‍ പാട്ട്, യന്ത്രം, പശുവും പുലിയും, കവിബുദ്ധന്‍, മുക്ത മുതലായ കഥാത്മകകാവ്യങ്ങള് അല്ല അദ്ദേഹം ഉദ്ദേശിച്ചത് എന്ന് വ്യക്തമായിരുന്നു, കാരണം അവയൊന്നും യൂറോപ്യന്‍ ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടില്ല. രൂപാന്തരം, ഇന്ത്യന്‍ സ്കെച്ചുകള്‍, ഗാന്ധിയും കവിതയും, ഗാന്ധിയും വൃക്ഷവും, മൂന്നു ബൈബിള്‍ കഥകള്‍, പനി, ബോധവതി, ഒന്നാം പാഠം, ഒരു സെന്‍ കഥ, ആത്മകഥ, അവസാനത്തെ ഗോള്‍, കുളമ്പും ഉറുമ്പും, ആത്മകഥ, നഗരത്തില്‍ പുലി, യാചകെൻറ പെട്ടി, അമ്മൂമ്മ, വൃത്താന്തം, മാജിക്, കഥ, എഴുതാത്ത കത്തുകള്‍, അപൂർണം, അനന്തം, അനേകം യാത്രാകവിതകള് എന്നിങ്ങനെ ആഖ്യാനവും സംഭാഷണവുമായി മുന്നേറുന്ന ഒട്ടേറെ കവിതകള്‍ ആണ് ഗില്ലേര്മോയുടെ ചോദ്യത്തിനു ഹേതുക്കളായത്. അതുകൊണ്ട് സമീപകാലത്ത് തികച്ചും യാദൃച്ഛികമായി ചില കഥകള്‍- അവയെ അങ്ങനെ വിളിക്കാമെങ്കില്‍- എന്നില്‍ പൊട്ടി മുളച്ചപ്പോള്‍ എനിക്ക് തെല്ലും അത്ഭുതം തോന്നിയില്ല. ലോകം കഥകള്‍ പറഞ്ഞും കേട്ടും തന്നെയാണ് ഇത്രത്തോളം വലുതായത് –പറയുന്ന രീതികള്‍ മാറുമ്പോഴും കഥയുടെ കാതല്‍ നിലനില്ക്കുന്നു. ഷഹരസാദേയുടെപോലെ ഒരുപക്ഷേ മരണം നീട്ടിവെക്കാനാകാം, നാം കഥകള്‍ പറയാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. പ്രണയവും സന്തതികളുടെ ജനനവുമെല്ലാം കഥപറച്ചിലിനിടയില്‍ സംഭവിക്കുന്ന യാദൃച്ഛികതകള്‍ മാത്രം.
കവിയും കഥാകൃത്തും എഴുത്തിെൻറ ഇറയത്ത് നിരന്തരം പരസ്പരം കണ്ണിറുക്കുന്നു. നമ്മുടെ ഓര്‍മയിലുള്ള കഥകളിലും– കാരൂരിെൻറ മരപ്പാവകളും ബഷീറിെൻറ പൂവന്‍പഴവും പൊറ്റെക്കാട്ടിെൻറ പുള്ളിമാനും മുതല്‍ മാധവിക്കുട്ടിയുടെ പക്ഷിയുടെ മണവും സക്കറിയയുടെ ഒരിടത്തും സാറാ ജോസഫിെൻറ മുടിത്തെയ്യങ്ങളും വി.ആര്. സുധീഷിെൻറ വംശാനന്തര തലമുറയും എൻ.എസ്. മാധവെൻറ ഹിഗ്വിറ്റയും സന്തോഷ് ഏച്ചിക്കാനത്തിെൻറ ഇരയും സുഭാഷ് ചന്ദ്രെൻറ തല്‍പ്പവും ഉള്‍പ്പെടെ മനസ്സില്‍ നിറയുന്ന നൂറു നൂറു കഥകളില്‍ – കവിതയുടെ ഘടനകളോ ശൈലികളോ സമ്പ്രദായങ്ങളോ കാണുന്നതില്‍ അത്ഭുതമില്ല. കാഫ്കയും മാര്‍കേസും ബോര്‍ഹസും കാല്‍വിനോയും മുറകാമിയും പോലുള്ള കഥാ നിർമാതാക്കള്‍ റിൽകെയെയും ലോര്കയെയും നെരൂദയെയും മോണ്താലേയെയും കോ-ഉനെയുംകാള് ഒട്ടും താഴ്ന്ന കവിത്വവും സർഗാത്മകതയും ഉള്ളവരല്ല.
എന്നാല്‍ ഇവിടെ ഞാന്‍ എടുത്തുകാണിക്കാന്‍ ആഗ്രഹിക്കുന്നത് ഈ സമാനതകള്‍ മാത്രമല്ല. മലയാളകഥയുടെയും കവിതയുടെയും പാരമ്പര്യം, നിരന്തരം പുതുക്കുന്ന മൂല്യബോധത്തിെൻറയും സൗന്ദര്യബോധത്തിെൻറയും പാരമ്പര്യമാണ്. നീതിയെയും ലാവണ്യത്തെയും നമ്മുടെ വലിയ എഴുത്തുകാര്‍ രണ്ടായി കണ്ടില്ല. ഒന്നിെൻറ പേരില്‍ മറ്റേതിനെ നിരാകരിച്ചില്ല. അഥവാ അങ്ങനെ നിരാകരിച്ചവരെ, ഒന്നിനായി മറ്റേതിനെ ബലികൊടുത്തവരെ, മലയാളികളായ വായനക്കാര്‍ ലാളിച്ചില്ല. അവര്‍ക്ക് സൗന്ദര്യത്തിെൻറ നീതിയും നീതിയുടെ സൗന്ദര്യവും വേണമായിരുന്നു, വേണം. “എഴുതാനായി സ്വർണക്കസേരകളില് ഇരുത്തപ്പെട്ടവര്‍ അവരുടെ കുപ്പായങ്ങള്‍ നെയ്തവരെപ്പറ്റി ചോദ്യംചെയ്യപ്പെടും” എന്ന് അഥവാ “മർദനത്തിെൻറ കാലങ്ങളില്‍ കലാപകാരികളും ജീവിച്ചിരുന്നു എന്ന സൂചനകള്‍ക്കു വേണ്ടി സാഹിത്യം പരിശോധിക്കപ്പെടു”മെന്ന്, “ദൈവങ്ങളോടുള്ള യാചനകള്‍ അക്കാലത്തു മനുഷ്യര്‍ മനുഷ്യരുടെമേല്‍ കുതിര കയറിയിരുന്നു എന്നു തെളിയിക്കു”മെന്ന്, “വാക്കുകളുടെ സ്വാദേറിയ സംഗീതം ഒട്ടേറെ പേര്‍ക്ക് ആഹാരമില്ലാതിരുന്നതിെൻറ കഥ മാത്രം പറയു”മെന്ന് (ബെര്‍തോൾട് െബ്രഹ്ത്) അവര്‍ ആദ്യം മുതലേ തിരിച്ചറിഞ്ഞു. അഥവാ, നെരൂദയുടെ ഭാഷയില്‍ ‘‘ഉപയോഗിച്ചതും ഉപേക്ഷിച്ചതുമായ വസ്തുക്കള്‍, കാലുകളുടെയും വിരലുകളുടെയും പാടുകള്‍, എല്ലാ വസ്തുക്കളുടെയും അകത്തും പുറത്തും പതിഞ്ഞിട്ടുള്ള മാനുഷികതയുടെ ശാശ്വതമുദ്രകള്‍: അത്തരം കവിതയാണ് നാം ലക്ഷ്യമാക്കേണ്ടത്: അമ്ലംകൊണ്ടെന്നപോലെ കൈപ്പെരുമാറ്റംകൊണ്ട് തേയ്മാനം വന്ന, വിയര്‍പ്പും പുകയും നിറഞ്ഞ, ലില്ലിപ്പൂവും മൂത്രവും മണക്കുന്ന, നിയമത്തിനനുകൂലമായും പ്രതികൂലമായും നാം ചെയ്യുന്ന കാര്യങ്ങളുടെ വൈവിധ്യം ചാര്‍ത്തുന്ന, കവിത. ഭക്ഷണക്കറയും അപമാനവും പറ്റിപ്പിടിച്ച, ചുളിവുകളും നിരീക്ഷണങ്ങളും സ്വപ്നങ്ങളും ഉറക്കമിളപ്പും പ്രവചനങ്ങളും സ്നേഹവൈരാഗ്യപ്രഖ്യാപനങ്ങളും വിഡ്ഢിത്തങ്ങളും ഞെട്ടലുകളും നാടോടിക്കവിതകളും രാഷ്ട്രീയവിശ്വാസങ്ങളും നിഷേധങ്ങളും സംശയങ്ങളും സ്ഥിരീകരണങ്ങളും പ്രകീര്‍ത്തനങ്ങളും ചേര്‍ന്ന, ശരീരംപോലെ, പഴന്തുണിപോലെ, അവിശുദ്ധമായ കവിത”- അത്തരം കവിതയാണ്, സാഹിത്യമാണ്, അവര്‍ അന്വേഷിച്ചത്. അതിനെ നാം പുരോഗമന സാഹിത്യമെന്നോ ആധുനിക സാഹിത്യമെന്നോ ഒന്നും ലേബല്‍ ഒട്ടിച്ചു വേര്‍തിരിക്കണമെന്നില്ല. എഴുത്തുകാര്‍ വൈലോപ്പിള്ളി വിശേഷിപ്പിച്ചപോലെ ഒരു ‘‘സൗവർണ പ്രതിപക്ഷം’’ ആണെന്ന് കരുതാനാണ് എനിക്കിഷ്ടം. ഏതു വ്യവസ്ഥയിലും അവര്‍ ദുര്‍നീതികളെയും ദുരാധിപത്യങ്ങളെയും ചോദ്യംചെയ്യും, ചെയ്തിട്ടുണ്ട്. മനുഷ്യവംശത്തിെൻറ മനസ്സാക്ഷിയാകുമ്പോഴാണ് അവര്‍ അവരുടെ ധർമം നിർവഹിക്കുന്നത്.
വിശാലമായ ഒരർഥത്തില്‍ സാഹിത്യമുള്‍പ്പെടെ എല്ലാ കലയും പ്രതിരോധാത്മകമാണ്. കലക്കു വേണ്ടിയുള്ള കല എന്ന മുദ്രാവാക്യംപോലും ഉയര്‍ത്തപ്പെട്ടത് കലയെ മൂലധനത്തിെൻറ സേവനത്തിനായി ഉപയോഗിക്കുന്ന സമീപനത്തിന് എതിരായിട്ടാണ്. കല കച്ചവടമല്ലെന്നും അത് മുതലാളിത്തത്തെയോ സാമ്രാജ്യത്വത്തെയോ ഫാഷിസത്തെയോ സേവിക്കാനുള്ളതല്ലെന്നും അതിനു അതിേൻറതായ സ്വച്ഛന്ദമണ്ഡലം ഉണ്ടെന്നുമുള്ള പ്രഖ്യാപനമായിരുന്നു അത്. പികാസോവും ഫെര്നാണ്ട് ലെഷെറും നീസ് വെസ്റ്നിയും സൊകുറോവും മുതല്‍ രാംകിങ്കറും ഗുലാം ശൈഖും കെ.ജി. സുബ്രഹ്മണ്യനും നളിനി മലാനിയും പുഷ്പമാലയും വരെയുള്ള ചിത്ര-ശിൽപകാരന്മാരും, ബെര്‍തോള്‍ട് ബ്രെഹ്തും ആര്‍നോള്‍ഡ് വെസ്കെറും ദാരിയോ ഫോയും മുതല്‍ ബാദല്‍ സര്‍ക്കാരും ഹബീബ് തന്‍വീറും വരെയുള്ള നാടകകാരന്മാരും ഐസൻസ്റ്റൈനും പുഡോവ്കിനും ഗൊദാര്‍ദും യാങ്ചോയും മുതല്‍ ഋത്വിക് ഘട്ടക്കും ഗൗതം ഘോഷും മൃണാള്‍ സെന്നും ജോണ്‍ എബ്രഹാമും വരെയുള്ള ചലച്ചിത്രകാരന്മാരും ബോബ് ഡിലന്, ബോബ് മാര്‍ലി, ജോവാന് ബോസ് തുടങ്ങിയ ഗായകരും മറ്റും പ്രത്യക്ഷത്തില്‍തന്നെ കലയില്‍ പ്രതിരോധതത്ത്വം സാക്ഷാത്കരിച്ചവരാണ്. ഒരു പക്ഷേ അത്തരം കലയുടെ ലളിതമായ അടിസ്ഥാനതത്ത്വം ബോബ് മാര്‍ലിയുടെ ‘Get up, stand up, stand up for our rights/ Get up, stand up, don’t give up the fight’ ( ഉണരൂ, എണീക്കൂ, അവകാശങ്ങള്‍ക്ക് വേണ്ടി ഉണരൂ. ഉണരൂ, എണീക്കൂ, പോരാട്ടം നിര്‍ത്താതിരിക്കൂ) എന്ന പാട്ടിെൻറ വരികളിലോ, എഴുപതുകളില്‍ കേരളത്തിെൻറ മതിലുകളില്‍ നിറഞ്ഞുനിന്നിരുന്ന ‘അനീതിക്കെതിരെ കലാപം ചെയ്യുക’ എന്ന മുദ്രാവാക്യത്തിലോ കണ്ടെത്താം.
ഫ്രഞ്ച് കവി ബോദ്ലേര്‍ ‘ഒരു പരിവേഷത്തിെൻറ നഷ്ടം’ (Loss of a Halo) എന്ന ഒരു അവസാനകാലകവിതയില് കവിതക്ക് ഉദാത്തതയുടെ പരിവേഷം നഷ്ടപ്പെടുന്നതിനെക്കുറിച്ച് പറയുന്നുണ്ട്. താന്‍ ആരാധിക്കുന്ന കവിയെ നഗരത്തിെൻറ ഇരുണ്ട പ്രാന്തപ്രദേശത്ത് കണ്ടുമുട്ടിയ ഒരു സഹൃദയന് മഴവില്ലുകളില്‍ പാറിനടക്കേണ്ട അയാള്‍ എങ്ങനെ ആ വൃത്തികെട്ട സ്ഥലത്ത് എത്തിപ്പെട്ടു എന്ന് അത്ഭുതം കൂറുന്നു. അപ്പോള്‍ കവി പറയുന്നു തെൻറ പരിവേഷം തെരുവിലെ ചേറില്‍ വീണുപോയി എന്ന്. അത് വീണ്ടെടുക്കാമായിരുന്നില്ലേ എന്ന അയാളുടെ ചോദ്യത്തിന് കവി മറുപടി പറയുന്നത് ആ പരിവേഷം പോയത് നന്നായി എന്നും അതുകൊണ്ട് തനിക്കു യഥാർഥജീവിതം കാണാനും പാവപ്പെട്ട സാധാരണക്കാര്‍ പാര്‍ക്കുന്ന ഈ പിന്‍പുറങ്ങളില്‍ വരാനും ആയി എന്നും ആണ്. ചിലിയന്കവി പാബ്ലോ നെരൂദ ‘അവിശുദ്ധകവിത’ യെക്കുറിച്ച് പറയുമ്പോഴും കവിതയുടെ ഈ ലളിതമായ മാനുഷികതയെക്കുറിച്ചു തന്നെയാണ് പറയുന്നത്: കവിതയെക്കുറിച്ചുള്ള യാഥാസ്ഥിതികസങ്കൽപത്തിനായി ജീവിതത്തെ നിരാകരിക്കുന്നതിനുപകരം, ജീവിതത്തിനായി കവിതയെക്കുറിച്ചുള്ള യാഥാസ്ഥിതികസങ്കല്പം ഉപേക്ഷിക്കുന്നവരാണ് ഇന്നത്തെ കവികള്‍: കാവ്യബാഹ്യമോ കാവ്യേതരമോ ആയി എന്തെങ്കിലുമുണ്ടെന്നു അവര്‍ കരുതുന്നില്ല. പഴയ നിയമങ്ങള്‍ അവര്‍ ലംഘിക്കുന്നു, പുതിയ നിയമങ്ങള്‍ ഉണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുന്നു. ‘‘വരൂ, ഈ തെരുവുകളിലെ രക്തം കാണൂ’’ എന്ന് കവിത വിളിച്ചു പറയുന്നു. അതുകൊണ്ടാണ് കവിത സാക്ഷ്യമാണ് എന്ന് പറയുന്നത്. പേരില്ലാത്തതിനു പേരിടുക, വാക്കില്ലാത്തതിനു വാക്ക് കണ്ടെത്തുക, ശബ്ദമില്ലാത്തവരുടെ ശബ്ദമാകുക; അദൃശ്യമായതിനെ ദൃശ്യമാക്കുകയും അശ്രാവ്യമായതിനെ ശ്രാവ്യമാക്കുകയും ചെയ്യുക, ദൈനംദിനരാഷ്ട്രീയത്തിെൻറ വർണരാജിക്കപ്പുറമുള്ള നിറങ്ങള്‍ പിടിച്ചെടുക്കുക: കലാകാരന് ചെയ്യുന്നത് അതാണ്.
കവിത എത്രമാത്രം ചരിത്രസാഹചര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് കാണിക്കാനാണ് തിയൊഡോര്‍ അഡോണോ “ഓഷ്വിറ്റ്സിനു ശേഷം കവിത അസാധ്യമാണ്” എന്ന് പ്രസ്താവിച്ചത്. അത് അക്ഷരാർഥത്തില്‍ എടുക്കേണ്ടതില്ല, പഴയതരം കവിത അസാധ്യമായിരിക്കുന്നു എന്നാണ് അഡോണോ ഉദ്ദേശിച്ചത്. എങ്കില്‍ ഏതുതരം കവിതയാണ് ഉണ്ടാവുക? ബ്രെഹ്ത് പറഞ്ഞു: ‘‘ചീത്ത കാലങ്ങളില്‍ കവിത ഉണ്ടാകുമോ? ഉവ്വുവ്വ്, ചീത്ത കാലങ്ങളെക്കുറിച്ചുള്ള കവിത.’’ കുറെക്കൂടി ഭംഗിയായി ഇതു പറയുന്നുണ്ട് പോളിഷ് കവി തദേവൂസ് റോസേവിച്ച്: “സംഭീതരായ മനുഷ്യര്‍ക്ക് വേണ്ടിയുള്ള, കശാപ്പു ശാലയില്‍ തള്ളപ്പെട്ടവര്‍ക്ക്, അതിജീവിച്ചവര്‍ക്ക്, വേണ്ടിയുള്ള കവിത. വാക്കുകളുടെ അവശിഷ്ടങ്ങളില്‍നിന്ന്, കപ്പല്‍ച്ചേതങ്ങളില്‍നിന്ന് വീണ്ടെടുത്ത വാക്കുകളില്‍നിന്ന്, ചവറ്റുകൂനയില്‍നിന്ന് പെറുക്കിയെടുത്ത വിരസമായ വാക്കുകളില്‍നിന്ന്, സൃഷ്ടിക്കപ്പെടുന്ന കവിത.” ഈ കവിതക്ക് ദന്തഗോപുരങ്ങളില്‍ പാര്‍ക്കാനോ മുന്നില്‍ നടക്കുന്നത് കണ്ടില്ലെന്നു നടിക്കാനോ കഴിയില്ല. അതുകൊണ്ടാണ് ‘‘രാഷ്ട്രങ്ങളുടെ ഭാഗധേയത്തെ സംബോധന ചെയ്യാത്ത കവിത നിരുപയോഗമാണ്’’ എന്ന് ചെസ്വാ മീവാഷ് പറഞ്ഞത്. അദ്ദേഹം ഇത്ര കൂടി പറഞ്ഞു: ‘‘ആളുകള്‍ ഏകകണ്ഠമായി മൗനത്തിെൻറ ഗൂഢാലോചനയില്‍ ഏര്‍പ്പെടുന്ന മുറിയില്‍ നേരുള്ള ഒരു വാക്ക് വെടിയൊച്ചപോലെ മുഴങ്ങും’’ ഒരു കവിതയില്‍ മീവാഷ് പറയുന്നുണ്ട്, ‘‘നിഷ്കളങ്കനായ ഒരാളെ ചതിച്ചു പൊട്ടിച്ചിരിക്കുന്നവനേ, നീ സുരക്ഷിതനെന്നു കരുതരുത്.’’ കവി ഓർമിക്കുന്നു. ‘‘അയാളെ നിനക്ക് കൊല്ലാം, പുതിയൊരാള് അപ്പോള്‍ പിറവിയെടുക്കും, വാക്കുകളും പ്രവൃത്തികളും രേഖപ്പെടുത്തും.’’ ‘‘ചിരിക്കുന്നവര്‍ ഭയങ്കരമായ വാര്‍ത്തകള്‍ കേള്‍ക്കാനിരിക്കുന്നതേയുള്ളൂ’’ എന്ന് ‘വരും തലമുറയോട്’ എന്ന കവിതയില്‍ ബ്രെഹ്ത്.
ഇന്നു കവിക്ക് പക്ഷംപിടിക്കാതിരിക്കുക പ്രയാസമാണ്. തിരഞ്ഞെടുപ്പുകള്‍ നടത്താനും നിലപാടുകള്‍ എടുക്കാനും അയാള്‍ / അവള് നിരന്തരം നിര്‍ബന്ധിക്കപ്പെടുന്നു. വ്യവസ്ഥക്ക് എതിരല്ലാത്തവര്‍ വ്യവസ്ഥയുടെ വക്താക്കളായി കരുതപ്പെടുന്നു. ലോകം വിഭക്തമാണ്: വെളുത്തവരും കറുത്തവരും സവർണരും അവര്‍ണരും സമഗ്രാധിപത്യസമര്ഥകരും ജനാധിപത്യവാദികളും മുതലാളിമാരും തൊഴിലാളികളും ഭൂപ്രഭുക്കളും ഭൂരഹിതകര്‍ഷകരും ഉദ്യോഗസ്ഥമേധാവികളും ഇരകളായ പൗരരും ലൈംഗികയാഥാസ്ഥിതികരും ലൈംഗിക പുരോഗമനവാദികളും ഏകസംസ്കാരവാദികളും ബഹുസംസ്കാരവാദികളും പുനരുത്ഥാനവാദികളും ഉത്പതിഷ്ണുക്കളും വ്യവസ്ഥാസംരക്ഷകരും വിപ്ലവകാരികളും: അത്തരമൊരു ലോകത്തില്‍ നിഷ്പക്ഷരാവുക വിഷമമാണ്. മലയാളത്തില്‍ എഴുത്തച്ഛെൻറ കാലം മുതല്‍ തന്നെ കവിത പ്രതിരോധപക്ഷത്ത് നിലയുറപ്പിക്കുന്നുണ്ട്. എഴുത്തച്ഛനു തിലോദകമര്പ്പിക്കുന്ന ‘പ്രണാമം’ എന്ന കവിതയില്‍ അധ്യാത്മ രാമായണരചന എങ്ങനെ ഒരു സാംസ്കാരികവിപ്ലവമായിരുന്നു എന്ന് ഇടശ്ശേരി ഗോവിന്ദന് നായര്‍ സൂചിപ്പിക്കുന്നുണ്ട്. ധർമത്തിെൻറ ശംഖനിര്ഘോഷത്തെ വാത്സല്യംകൊണ്ട് എഴുത്തച്ഛന് എങ്ങനെ പൈങ്കിളിപ്പാട്ടായി മാറ്റി എന്നും അദ്ദേഹം തുടര്‍ന്നു പറയുന്നു. “ശ്രാന്തങ്ങളാകും മരക്കൂട്ടങ്ങള്പോലും നിശാ/ ശാന്തിയില്‍ തരംഗിത പീയൂഷഝരി പോലെ / സാദരം നുകരുന്നൂ ശാശ്വതപ്പച്ചപ്പോലും / കേരളത്തിങ്കല്‍ ഗുരോ, ത്വല്ദ്ദിവ്യസന്ദേശത്തെ/ അന്നത്താല്‍ മാത്രം ജീവിപ്പീല, ജീവിപ്പൂ ലോകം / ആശയത്താലും; ജീവദാതാവേ നമസ്കാരം!”
വാസ്തവത്തില്‍ ഇന്ത്യന്‍ കവിതയിലെ ആദിവാസി-നാടോടിക്കവികളും യോഗേശ്വരനും ശൂദ്രകനും ബുദ്ധ-ജൈനകവികളും ഭക്തി-സൂഫി കവികളും വളര്‍ത്തിയെടുത്ത ഒരു പ്രതിസംസ്കാരത്തിെൻറ ഉൽപന്നമായിരുന്നു എഴുത്തച്ഛനും പിന്നീടു വന്ന പ്രധാന മലയാള കവികളും എന്ന് കാണാന്‍ വിഷമമില്ല. സങ്കുചിതമതചിന്ത, വർണ-ലിംഗ വിവേചനം, പുരോഹിതാധികാരം, ജനഭാഷകളോടുള്ള പുച്ഛം ഇവക്കെതിര് നിന്ന് ആചാരങ്ങളെക്കാള്‍ ആത്മീയമായ ഹ്യൂമനിസത്തില്‍ ഊന്നുന്ന ഒരു ജനകീയ ബദല്‍ മതം സൃഷ്ടിക്കുകയായിരുന്നു അവര്‍. തിരുമൂലരും പാമ്പാട്ടി ചിത്തരും ബസവയും അക്കമഹാദേവിയും വേമനയും മുതല്‍ കബീറും മീരയും തുക്കാറാമും നാമദേവനും ലാല്‍ ദേദും ബുല്ലേ ഷായും ഷാ അബ്ദുല്‍ ലത്തീഫും ശ്രീനാരായണനും വരെയുള്ള കവികളില്‍ തന്നെയാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിെൻറയും പുരോഗമനസാഹിതിയുടെയും ദലിത്- ആദിവാസി- സ്ത്രീ- ന്യൂനപക്ഷ വിമോചനത്തിെൻറയും പരിസ്ഥിതിപ്രേമത്തിെൻറയും കവിതയുടെ ആഴമേറിയ വേരുകള്‍. ചെറുശ്ശേരിയും കുഞ്ചന്‍ നമ്പ്യാരും കുമാരനാശാനും വള്ളത്തോളും വൈലോപ്പിള്ളിയും ഇടശ്ശേരിയും കുഞ്ഞിരാമന് നായരും ജി. ശങ്കരക്കുറുപ്പും ഒ.എന്‍.വിയും സുഗതകുമാരിയും മുതല്‍ ഇന്നത്തെ കാലബോധവും ജനാധിപത്യബോധവുമുള്ള യുവകവികള്‍ വരെയുള്ളവര്‍ ഈ പാരമ്പര്യത്തെ കാലാനുസൃതമായി രൂപത്തിലും ഭാവത്തിലും വികസിപ്പിച്ചവരാണ്.
നമ്മുടെ കാലത്ത് പ്രതിരോധം എന്തിനെതിരെ എന്ന ചോദ്യം കൂടി അൽപം ചര്‍ച്ചചെയ്യാം. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഹിംസക്കെതിരെ. എന്നാല്‍ ഹിംസ അമൂര്‍ത്തമല്ല, ഓരോ കാലത്തും അത് പുതിയ പുതിയ രൂപങ്ങള്‍ ധരിക്കുന്നു. നമ്മുടെ കാലത്തെ ഹിംസയുടെ പ്രധാനപ്രഭവങ്ങള്‍ എന്തായിരിക്കാം? ഒന്നാമത്തേതു ചെറുതും വലുതുമായ യുദ്ധങ്ങള്‍ തന്നെ. രബീന്ദ്രനാഥ് ടാഗോര്‍ രൂക്ഷമായി വിമര്‍ശിച്ച സങ്കുചിത ദേശീയവാദവും സാമ്രാജ്യത്തിെൻറ സാമ്പത്തിക മോഹങ്ങളുമാണ് യുദ്ധാവസ്ഥയെ നിലനിര്‍ത്തുന്നത്. അതിര്‍ത്തിത്തര്‍ക്കങ്ങളും വിപണിമത്സരങ്ങളും ദേശീയാഹന്തയുമെല്ലാം യുദ്ധം പ്രോത്സാഹിപ്പിക്കുന്നു. ആഗോളമുതലാളിത്തം അസമവികസനത്തിലൂടെ ദാരിദ്ര്യം സൃഷ്ടിക്കുന്നു.
ആഗോളീകരണം സാംസ്കാരിക വൈവിധ്യത്തെ ഇല്ലാതാക്കുന്നു. മാധ്യമങ്ങളുടെ കുത്തകവത്കരണവും വാര്‍ത്തകളുടെ നിർമിതിയും ഭാഷയുടെ ജഡവത്കരണവും പല ഭാഷകളുടെയും കൊലപാതകവും നമ്മുടെ ഇന്ന് പാശ്ചാത്യരുടെ ഇന്നലെയും നമ്മുടെ നാളെ അവരുടെ ഇന്നും ആണെന്ന രീതിയിലുള്ള ഒരു ശ്രേണീക്രമത്തിെൻറ സൃഷ്ടിയും, ‘മൂന്നാംലോക’ത്തിെൻറ സാംസ്കാരികസ്മൃതികളുടെ നശീകരണവും യുക്തിയുടെ ആക്രമണോത്സുകതയിലൂടെ പാരമ്പര്യലോകവീക്ഷണങ്ങളെ തകര്‍ക്കുന്ന ജ്ഞാനഹിംസയും എണ്ണാനും അളക്കാനും തൂക്കാനുമാകാത്ത എല്ലാ മനുഷ്യാനുഭവത്തെയും ബഹിഷ്കരിക്കുന്ന സ്ഥിതിവിവരക്കണക്കുകളുടെ ആധിപത്യവും ആഗോളീകരണത്തിെൻറ ചില പ്രത്യാഘാതങ്ങൾ മാത്രമാണ്. ‘നമ്മുടെ കാലത്തെ ഏറ്റവും വലിയ ഹിംസ’ എന്ന് ബോദ്രിയാദ് ആഗോളീകരണത്തെ വിശേഷിപ്പിച്ചത് തെറ്റല്ല.
വീട്ടിലും തെരുവിലും ഓഫിസിലും ചരിത്രത്തിലും സംസ്കാരത്തിലും സാമൂഹിക മാധ്യമങ്ങളിലും സ്ത്രീയെ പ്രത്യക്ഷവും പരോക്ഷവുമായി ധ്വംസിക്കുന്ന പുരുഷ മേധാവിത്വം ഹിംസയുടെ മറ്റൊരു പ്രമുഖ പ്രഭവമാണ്. ഇതിെൻറ തന്നെ ഒരു ഭാഗമാണ് ഇതരലൈംഗികതകളെ അസ്വാഭാവികമായി കാണുന്നത്. ബലാത്കാരവും ദുരഭിമാനക്കൊലയും മുതല്‍ അടുക്കളത്തടവും വാക്കാല്‍ ഹിംസയും വരെ ഇത് പല രൂപങ്ങള്‍ സ്വീകരിക്കുന്നു.
ജാതിവാദം സമൂഹത്തെ സവര്‍ണര്‍ക്ക് അനുകൂലമാക്കുന്നു. അവര്‍ണരെയും ആദിവാസികളെയും നിരന്തരം ദ്രോഹിക്കുകയും പ്രാഥമികാവകാശങ്ങള്‍ നിഷേധിക്കുകയും സംസ്കാരത്തിലും അറിവിലും നിന്ന് അകറ്റിനിര്‍ത്തുകയും ചെയ്യുന്നു. ദലിത് വിദ്യാര്‍ഥികള്‍ക്കെതിരെ സമീപകാലത്ത് നടന്ന അക്രമങ്ങള്‍ അവര്‍ പഠിച്ചു ഉയരുന്നതിനെതിരായ സമീപനംകൂടിയാണ് തുറന്നുകാട്ടുന്നത്. ഇന്ത്യന്‍ നാട്ടിന്‍പുറങ്ങള്‍ മുതല്‍ രാഷ്ട്രീയം വരെ ജാതിവിചാരത്താല്‍ ദുഷിച്ചിരിക്കുന്നു. വടക്കുകിഴക്കുള്ളവര്ക്കും മറ്റും എതിരായി നടക്കുന്ന അക്രമങ്ങള്‍ ഇന്ത്യയില്‍ വംശവാദവും ശക്തമെന്ന് തെളിയിക്കുന്നു.
വികസനത്തിെൻറ പേരില്‍ പരിസ്ഥിതി നശിപ്പിക്കുകയും ലക്ഷക്കണക്കിനാളുകളുടെ ആവാസഭൂമി നഷ്ടമാക്കുകയും മലകളും കാടുകളും അപൂര്‍വ ഭൂപ്രദേശങ്ങളും ജന്തു-സസ്യജാലവും ഇല്ലാതാക്കുന്ന ലാഭക്കൊതി മനുഷ്യഭാവിയെതന്നെ അസാധ്യമാക്കുന്നു. ഈ ഇക്കോ-ഫാഷിസവും ഇതിനെ പിന്തുണക്കുന്ന ടെക്നോ-ഫാഷിസവും മുതലാളിത്തരീതിയിലുള്ള വികസനത്തിെൻറ (അതിനു സോഷ്യലിസം എന്ന് ചില രാജ്യങ്ങള്‍ പേരിട്ടാലും) ദുരന്തോൽപന്നങ്ങളാണ്.
ഇന്നത്തെ ഇന്ത്യയില്‍ വര്ഗീയഫാഷിസമാണ് ഏറ്റവും ശക്തമായി നമ്മുടെ ജീവിതങ്ങളെ സംഘര്‍ഷപൂര്‍ണമാക്കുന്നത്. ഉംബെര്‍ട്ടോ എക്കോ ‘ഫൈവ് മോറല്‍ പീസെസ്’ എന്ന പുസ്തകത്തില്‍ സാര്‍വജനീന ഫാഷിസത്തിെൻറ ചില ലക്ഷണങ്ങള്‍ എണ്ണിപ്പറയുന്നുണ്ട്. ആധുനികചിന്തയുടെ തിരസ്കാരം, അന്ധമായ പാരമ്പര്യാരാധന, പ്രവര്‍ത്തനത്തിനായുള്ള പ്രവര്‍ത്തനം, കപട പ്രചാരണം, ബുദ്ധിജീവിവിരോധം, അഭിപ്രായവ്യത്യാസങ്ങളോടുള്ള അസഹിഷ്ണുത, മേല്‍ക്കോയ്മ നഷ്ടപ്പെട്ട സാമൂഹികവിഭാഗങ്ങളെ, വിശേഷിച്ചും മധ്യവര്‍ഗങ്ങളെ, പ്രീണിപ്പിക്കുന്ന നയസമീപനം, ‘അപരരെ’ സൃഷ്ടിച്ച് അവരെ എല്ലാ പ്രശ്നങ്ങള്‍ക്കും ഉത്തരവാദികള്‍ ആയി കാണല്‍, വംശവിദ്വേഷം, ദുര്‍ബലരോടുള്ള പുച്ഛഭാവം, ഒപ്പം ‘ആണത്ത’ത്തെക്കുറിച്ചുള്ള വീമ്പുപറച്ചില്‍, ജനത ‘ശക്തനു മുന്നില്‍ കീഴടങ്ങുന്ന സ്ത്രീയെപ്പോലെ’യാണെന്ന വിശ്വാസം, വിമത ലൈംഗികതയോടുള്ള വിരോധവും പൊതുവായ സദാചാരനാട്യവും, വീരസ്വര്‍ഗത്തിലുള്ള വിശ്വാസം, ജനങ്ങള്‍ തങ്ങളാണെന്ന മട്ടിലുള്ള സംസാരം, വാചാടോപം, ചിന്തയുടെ സങ്കീര്‍ണതയോടുള്ള ഭയം, എല്ലാറ്റിനെയും കറുപ്പും വെളുപ്പും മാത്രമായി കാണുന്ന പ്രവണത, വിമര്‍ശകരെ നിശ്ശബ്ദരാക്കാനുള്ള ശ്രമം, അതിെൻറ ഫലമായ മാധ്യമ നിയന്ത്രണം, ‘ശത്രു’വിെൻറ കരുത്ത് അധികരിച്ചു കാണല്‍ ഇവയാണ് അതില്‍ പ്രധാനം. ഈ ലക്ഷണങ്ങള്‍ എല്ലാം ഒരിടത്ത് കാണണമെങ്കില്‍ നാസി ജര്‍മനിയിലേക്ക് നോക്കണമെന്നില്ല, ഇന്ത്യയിലെ ഹിന്ദുത്വവാദപ്രസ്ഥാനത്തെയും അതിെൻറ ഭരണകൂടത്തെയും നോക്കിയാല്‍ മതി. ഇന്ത്യയെ ഹിന്ദുവും ആര്യനുമായി നിര്‍വചിച്ച് മറ്റെല്ലാ വിഭാഗങ്ങളെയും അന്യരാക്കുക, സാംസ്കാരിക സ്ഥാപനങ്ങളെ മുഴുവന്‍ സ്വന്തം പ്രചാരണ യന്ത്രങ്ങളാക്കുക, സെന്‍സര്‍ഷിപ്പും തടവും കൊലപാതകവും ബ്ലാക്ക്മെയിലിങ്ങും വഴി വിമര്‍ശകരെയും എതിര്പ്രസ്ഥാനങ്ങളെയും നിര്‍വീര്യരാക്കാന്‍ ശ്രമിക്കുക, വിമര്ശകമായ കലാസൃഷ്ടികളെ- സാഹിത്യം മുതല്‍ നാടകവും സിനിമയും വരെ- ആക്രമിക്കുക, കലാകാരന്മാരെ വേണ്ടി വന്നാല്‍ നാട് കടത്തുക, നീതിന്യായ വ്യവസ്ഥയെപ്പോലും തങ്ങള്‍ക്കനുകൂലമായി ഉപയോഗിക്കുക, മതസംഘര്‍ഷങ്ങള്‍ ബോധപൂര്‍വം ആസൂത്രണം ചെയ്യുക, ചരിത്രത്തെ തങ്ങള്‍ക്കനുകൂലമായി വ്യാഖ്യാനിക്കുക, അതിനായി തങ്ങള്‍ക്കെതിരായ രേഖകള്‍പോലും അപ്രത്യക്ഷമാക്കുക, തങ്ങള്‍ക്കെതിരായ പ്രവര്‍ത്തനത്തെ മുഴുവന്‍ രാജ്യദ്രോഹമായി വ്യാഖ്യാനിക്കുക: ഇങ്ങനെ ഒരു രാഷ്ട്രീയ-സാംസ്കാരിക യുദ്ധംതന്നെയാണ് ഇന്ത്യയില്‍ ഇപ്പോള്‍ അരങ്ങേറുന്നത്... ഈ ഹിന്ദുവാദത്തിെൻറ പ്രധാന ഇരകള്‍ ദലിതര്‍, ആദിവാസികള്‍, മുസ്ലിം-ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍, തൊഴിലാളികള്‍, ഭൂരഹിത-ചെറുകിട കര്‍ഷകര്‍, പരിസ്ഥിതിപ്രവര്‍ത്തകര്‍, സര്ക്കാറേതരസംഘങ്ങള്, മതേതരവാദികള്‍, രാഷ്ട്രീയ ഇടതുപക്ഷം, സ്വതന്ത്രകലാസാഹിത്യകാരന്മാര്‍ എന്നിവരാണ്. ഈ ഹൈന്ദവവാദം മറ്റു മതതീവ്രവാദങ്ങള്‍ക്കും ഇന്ധനമായി മാറുന്നു. അങ്ങനെ നമ്മുെട സാമൂഹികാന്തരീക്ഷം ആകെ കലുഷിതമാകുന്നു.
കവി എന്തിനു ഈ വിഷയങ്ങളെക്കുറിച്ച് വേവലാതിപ്പെടണം എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടി ഞാന്‍ നേരത്തേ സൂചിപ്പിച്ച ബോദ്ലേറുടെ കവിതതന്നെയാണ്. കവി മനുഷ്യര്‍ക്കിടയില്‍ ജീവിക്കുന്നതുകൊണ്ട് ഓരോ ദലിതനും ഏല്ക്കുന്ന പ്രഹരം, ഓരോ ആദിവാസിയെയും കൊല്ലുന്ന വെടിയുണ്ട, ഓരോ വൃക്ഷത്തിലും പതിക്കുന്ന കോടാലി, കവിതക്ക് നേരെയുള്ള ആക്രമണമാണ്. നമ്മുടെ കാലത്തെ വലിയ കവികള്‍ ഇതു തിരിച്ചറിഞ്ഞവരാണ്. കവിതയുടെ ഇന്ദ്രജാലത്തെ, അതിലെ ലീലാംശത്തെ, നിരാകരിക്കാതെതന്നെ സമൂഹത്തെ സൂക്ഷ്മമായ ബോധപരിണാമത്തിനു പ്രേരിപ്പിക്കുന്നവരാണ് എല്വാദ്, അരഗങ്, ലോര്‍ക്കാ, നെരൂദ, വയെഹോ, മീവാഷ്, ഷിമ്പോര്സ്ക, റോസേവിച്, സെലാന്, ദാര്‍വീഷ്, അഡോണിസ്, മോന്താലെ, പെസ്സോവാ, റിറ്സോസ്, അമിച്ചായ്, ഹെര്‍ബെര്‍ട്ട്, കവാഫി, ഹിക്മെത്, സോയിന്‍കാ, സെന്ഗോര്, ലാങ്സ്ടന് ഹ്യൂസ്, ദേരെക് വാല്‍കോട്ട്, ഏണസ്ടോ കര്ദേനാല്, രാവുല്‍ സൂരിതാ ഇങ്ങനെയുള്ള വലിയ കവികള്‍. മലയാളകവികളില്‍ വായനക്കാരുടെ സ്നേഹാദരങ്ങള്‍ നേടിയ കവികളെല്ലാം നീതിബോധവും സൗന്ദര്യബോധവും സമന്വയിച്ചവരാണ്. അവരെല്ലാം ഭാഷയെയും പ്രേക്ഷണത്തെയും ഒന്നിച്ചു പുതുക്കി. വാസ്തവത്തില്‍ ഇത് കഥയും നോവലും നാടകവും ഉള്‍പ്പെടെ മലയാള സാഹിത്യത്തെക്കുറിച്ചു മുഴുവന്‍ പറയാവുന്ന തത്ത്വമാണെന്നു ഞാന്‍ കരുതുന്നു.
ഇന്ന് നമുക്ക് സൗന്ദര്യത്തെ വ്യാപാരികളില്‍നിന്നും കൊലപാതകികളില്‍നിന്നും സംരക്ഷിക്കേണ്ടതുണ്ട്. നാസി വിഷവാതകപ്പുരകളില്‍ ദാന്തേയുടെ നാരകാഗ്നി പുനര്ജനിക്കുന്നതുകണ്ട് ആ അഗ്നിയില്‍നിന്നാണ് ഇന്നത്തെ പ്രതിരോധത്തിെൻറ സൗന്ദര്യശാസ്ത്രം ഉരുത്തിരിയേണ്ടത് എന്ന് പ്രസ്താവിച്ച പീറ്റര്‍ വീസിനെപ്പോലെ നാമും ഈ ഇന്ത്യയില്‍ ഇന്ന് ആളുന്ന ഫാഷിസത്തിെൻറ തിയ്യിൽ ചെറുത്തുനിൽപിെൻറ ആയുധങ്ങള്‍ രൂപപ്പെടുത്തി എടുക്കണം. സാമ്രാജ്യത്വത്തിനെതിരെ ഒരിക്കല്‍ ഉയര്‍ത്തപ്പെട്ട ഒരു പിടി ഉപ്പു പോലെ ലളിതസുതാര്യമായ കല നാം നിർമിക്കണം. വാള്‍ട്ടര്‍ ബെന്യാമിെൻറ ഒരു താക്കീതു ഞാന്‍ ഓർമിപ്പിക്കട്ടെ: “ശത്രു വിജയിച്ചാല്‍ മരിച്ചവര്‍പോലും അവരില്‍നിന്ന് സുരക്ഷിതരായിരിക്കില്ല, ഈ ശത്രു വിജയിക്കുന്നത് നിര്‍ത്തിയിട്ടുമില്ല.”
ഫ്രാന്‍സിസ്കോ എക്സ് അലാര്‍കോണ്‍ എന്ന സ്പാനിഷ് കവിയുടെ ‘പ്രാർഥന’ എന്ന കവിതയുടെ ചില വരികളില്‍ ഞാന്‍ അവസാനിപ്പിക്കട്ടെ:
‘‘എനിക്ക് ഒരു ദൈവം വേണം
തെരുവുകളിലൂടെ ചൂളമടിച്ചു നടന്ന്
കാമുകിയുടെ ചുണ്ടുകള്‍ക്ക് മുന്നില്‍
ത്രസിക്കുന്ന ഒരു ദൈവം
സിനിമാക്കൊട്ടകകളുടെ മുന്നില്‍
ക്യൂ നില്ക്കുന്ന, പാല്‍ക്കാപ്പി ഇഷ്ടപ്പെടുന്ന
ഒരു ദൈവം
ക്ഷയരോഗം വന്നു ചോര തുപ്പുന്ന
ബസ് ടിക്കറ്റിനുപോലും കാശില്ലാത്ത
ഒരു ദൈവം
പ്രകടനത്തില്‍ പൊലീസുകാരെൻറ
ലാത്തിയടിയേറ്റു ബോധം കെടുന്ന ഒരു ദൈവം
ഷോക്കടിപ്പിച്ചുള്ള മർദനത്തില്‍
പേടിച്ചു മൂത്രമൊഴിച്ചു പോവുന്ന ഒരു ദൈവം
എല്ലറ്റം വരെ മുറിഞ്ഞു വേദനകൊണ്ട്
പല്ലിറുമ്മുന്ന ഒരു ദൈവം
തൊഴിലില്ലാത്ത ഒരു ദൈവം
പണി മുടക്കുന്ന ഒരു ദൈവം
വിശക്കുന്ന ഒരു ദൈവം
അഭയാര്‍ഥിയായ ഒരു ദൈവം
കോപാകുലനായ ഒരു ദൈവം
ജയിലില്‍ കിടന്നുകൊണ്ട്
സംഗതികളുടെ കിടപ്പ് മാറാന്‍
ആഗ്രഹിക്കുന്ന ഒരു ദൈവം
കുറേക്കൂടി
ദൈവത്തെപ്പോലുള്ള
ഒരു ദൈവം’’
അതെ, അത്തരത്തില്‍ അതതു കാലത്തിെൻറ മൂര്‍ത്തിയായ ഒരു ദൈവത്തെയാണ് എഴുത്തുകാരും കലാകാരന്മാരും എന്നും അന്വേഷിക്കുന്നത്. ഞാനും എെൻറ എഴുത്തിലൂടെ അത് എെൻറ രീതിയില്‍ ചെയ്യുന്നു എന്ന് മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.