ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിച്ചു കഴിഞ്ഞുവെന്ന് കെ.ആർ മീര
text_fieldsആക്രമിക്കപ്പെട്ട നടിക്ക് ഒരു പരിധിയോളം നീതി ലഭിച്ചുകഴിഞ്ഞു എന്ന് പ്രശസ്ത എഴുത്തുകാരി കെ.ആർ മീര. കാരണം സ്ത്രീപീഡനക്കേസുകളിലെ നീതി കോടതിയിൽനിന്നു കിട്ടുന്ന ജയമല്ല. മറിച്ച്, അതു സമൂഹം നൽകുന്ന വൈകാരിക പിന്തുണയാണ്. ഓർക്കുക, കോടതിയിൽനിന്നു മാത്രമല്ല, ചുറ്റുപാടുകളിൽനിന്നും നീതി ലഭിക്കാതെ പോയവരാണു നമ്മുടെ നാട്ടിൽ ഇന്നോളം ആക്രമിക്കപ്പെട്ട ബഹുഭൂരിപക്ഷം സ്ത്രീകളും. ആക്രമിക്കപ്പെട്ട നടിയോടൊപ്പം അവരുടെ ജീവിതപങ്കാളിയും സുഹൃത്തുക്കളും കുടുംബാംഗങ്ങളും സമൂഹവും ഉറച്ചു നിൽക്കുന്നു എന്നതാണ് അവർക്കു ലഭിച്ച യഥാര്‍ഥ നീതി. പുതിയ കാലത്തിന്റെ കാലൊച്ച മുഴങ്ങിത്തുടങ്ങുന്നു, മുറിഞ്ഞുകൊണ്ടാണെങ്കിലും. മനോരമ ഓൺലൈനിൽ എഴുതിയ ലേഖനത്തിൽ കെ.ആർ മീര പറയുന്നു.
സ്ത്രീപീഡനം ഒരു ക്രമിനൽ കുറ്റമാണെന്നും എത്ര വമ്പനായാലും നിയമത്തിനു മുന്നിൽ രക്ഷയില്ലെന്നും ശക്തമായ സന്ദേശം ഈ സംഭവം നൽകുന്നു. ആക്രമിക്കപ്പെടുന്നവൾക്കല്ല, അക്രമിക്കാണു യഥാർഥത്തിൽ മാനഭംഗം സംഭവിക്കുന്നതെന്ന് ഇതു തെളിയിക്കുന്നു. പേടിച്ചോടുന്നതിനു പകരം തിരിഞ്ഞു നിൽക്കുമ്പോൾ, അക്രമത്തെ അക്രമം എന്ന് ഉറക്കെ വിളിക്കുമ്പോൾ, പരാതിപ്പെടുമ്പോൾ, ആക്രമിക്കപ്പെടുന്നവളുടെ മാനം വർധിക്കുകയാണ് എന്നു വ്യക്തമാകുന്നു.
ഈ അനുഭവങ്ങൾ കേരളത്തിനും മലയാളികൾക്കും പുതിയതാണ്. നാം നമ്മുടെ സമൂഹത്തെ ഇതുവരെ പരിശീലിപ്പിച്ചിരുന്ന കാഴ്ചപ്പാടുകൾ ഇതോടെ പാടേ മാറുന്നു. കേരള പോലീസിന്റെ നിഷ്പക്ഷത തെളിയിക്കാനും അതുവഴി സാധാരണക്കാർക്കു നിയമവ്യവസ്ഥയിലുള്ള വിശ്വാസം വീണ്ടെടുക്കാനും ഈ സംഭവം കാരണമായി. കാൽനൂറ്റാണ്ടിനിടയിൽ ഇവിടെ സംഭവിച്ച ക്രൂരമായ സ്ത്രീപീഡനങ്ങളില്‍ ഈ വിധം ശക്തമായ നടപടികള്‍ സ്വീകരിക്കപ്പെട്ടിരുന്നെങ്കിൽ വളരെ മുൻപു തന്നെ മാറ്റം സാധ്യമാകുമായിരുന്നു. സൂര്യനെല്ലി, വിതുര, തോപ്പുംപടി, പന്തളം സംഭവങ്ങളൊക്കെ നമുക്ക് ഒഴിവാക്കാമായിരുന്നു. ശാരിയും അനഘയും ഷൈനിയും പോലെ അസംഖ്യം ഇരകളുടെ ആത്മഹത്യകൾ ഒഴിവാക്കാമായിരുന്നു. ഒരുപക്ഷേ, സൗമ്യയുടെയും ജിഷയുടെയും, റിപ്പോർട്ട് ചെയ്യപ്പെട്ടും ചെയ്യപ്പെടാതെയും മൺമറഞ്ഞ എണ്ണമറ്റ മറ്റു സ്ത്രീകളുടെയും ദാരുണകൊലപാതകങ്ങളും ഒഴിവാക്കാമായിരുന്നു എന്നും മീര എഴുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.