Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightകുഞ്ചന്‍ നമ്പ്യാര്‍ -...

കുഞ്ചന്‍ നമ്പ്യാര്‍ - മലയാളത്തിന്‍റെ ഹാസ്യസാമ്രാട്ട്

text_fields
bookmark_border
കുഞ്ചന്‍ നമ്പ്യാര്‍ - മലയാളത്തിന്‍റെ ഹാസ്യസാമ്രാട്ട്
cancel

തന്‍റെ നാവില്‍ വാക്കുകള്‍ നൃത്തം ചെയ്യുകയാണെന്ന് കുഞ്ചൻ നമ്പ്യാർ ഒരു കവിതയിലൂടെ പറഞ്ഞിട്ടുണ്ട്. അസാമാന്യ ഭാഷാനൈപുണ്യമുള്ള ഒരാള്‍ക്കു മാത്രമേ ഇത്തരമൊരു ആത്മവിശ്വാസമുണ്ടാകൂ. എന്നാല്‍, ആ ഭാഷാപാണ്ഡിത്യം കടുകട്ടി പ്രയോഗങ്ങള്‍ക്കു മാത്രമാണ് പ്രയോഗിക്കുന്നതെങ്കിലോ? അതിന്‍റെ സത്ത ജനങ്ങളിലേക്കെത്തില്ലെന്ന് തീര്‍ച്ചയാണ്. ഭാഷാ നൈപുണ്യത്തിനൊപ്പമുണ്ടായിരുന്ന അഭൂതപൂര്‍വമായ ഹാസ്യബോധമാണ് കുഞ്ചന്‍ നമ്പ്യാര്‍ക്ക് മലയാള സാഹിത്യ ചക്രവര്‍ത്തികളില്‍ വേറിട്ട ഇടം നേടികൊടുത്തത്. നർമത്തില്‍ പൊതിഞ്ഞ സാമൂഹ്യവിമര്‍ശനമായിരുന്നു അദ്ദേഹത്തിന്‍റെ കൃതികളുടെ മുഖമുദ്ര.

പതിനെട്ടാം നൂറ്റാണ്ടിലെ (1705-1770) പ്രമുഖ മലയാളഭാഷാ കവിയായ കുഞ്ചന്‍ നമ്പ്യാരുടെ ജീവിതത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കുന്ന രേഖകളൊന്നുമില്ല. എന്നാല്‍  ജീവിതത്തിന്‍റ ഓരോ ഏടും കവിതകളാല്‍ സമ്പൂര്‍ണമാക്കിയ അദ്ദേഹത്തെക്കുറിച്ചുള്ള കഥകള്‍ പ്രശസ്തമാണ്. പ്രതിഭാസമ്പന്നനായ കവി എന്നതിനു പുറമേ തുള്ളല്‍ എന്ന നൃത്തകലാരൂപത്തിന്‍റെ ഉപജ്ഞാതാവെന്ന നിലയിലും പ്രസിദ്ധനായ നമ്പ്യാരുടെ കൃതികള്‍ മിക്കവയും തുള്ളല്‍ അവതരണങ്ങളില്‍ ഉപയോഗിക്കാന്‍ വേണ്ടി എഴുതപ്പെട്ടവയാണ്. ചന്ദ്രികാവീഥി, ലീലാവതീ വീഥി തുടങ്ങിയ രൂപകങ്ങളും, വിഷ്ണുവിലാസം, രാഘവീയം എന്നീ മഹാകാവ്യങ്ങളും വിലാസം, ശിവശതകം എന്നീ ഖണ്ഡകാവ്യങ്ങളും, രാസക്രീഡ, വൃത്ത വാര്‍ത്തികം എന്നീ ഛന്ദശാസ്ത്രഗ്രന്ഥങ്ങളും മറ്റും സംസ്‌കൃതത്തില്‍ എഴുതിയ രാമപാണിവാദനും കുഞ്ചന്‍ നമ്പ്യാരും ഒരാള്‍തന്നയാണെന്ന് ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഒരു വാദം മഹാകവി ഉള്ളൂര്‍ കേരള സാഹിത്യചരിത്രത്തില്‍ അവതരിപ്പിച്ചിരുന്നു. ഈ അവകാശവാദം ഇന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

നമ്പ്യാരെ കുറിച്ചുള്ള ലഭ്യമായ അറിവു വെച്ച്, ഇന്നത്തെ പാലക്കാട് ജില്ലയിലെ ലക്കിടി തീവണ്ടിയാപ്പീസിനടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്ത് ഭവനത്തിലായിരുന്നു അദ്ദേഹത്തിന്‍റെ ജനനം. ബാല്യകാല വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം പിതാവിനോടൊപ്പം പിതൃദേശമായ കിടങ്ങൂരിലെത്തി. പിന്നീട് ചെമ്പകശ്ശേരി രാജാവിന്‍റെ ആശ്രിതനായി ഏറെക്കാലം അമ്പലപ്പുഴയിലാണ് ജീവിച്ചത്. ഇക്കാലത്താണ് തുള്ളല്‍ കൃതികളില്‍ മിക്കവയും എഴുതിയതെന്ന് കരുതപ്പെടുന്നു.

തുള്ളല്‍ എന്ന കലാരൂപത്തിന്‍റെ പിറവിക്കു പിന്നിലും ഏറെ പ്രശസ്തമായ ഒരു കഥയുണ്ട്. അമ്പലപ്പുഴ ക്ഷേത്രത്തില്‍ ചാക്യാര്‍കൂത്തിന് മിഴാവ് കൊട്ടുകയായിരുന്ന നമ്പ്യാര്‍ ഒരിക്കല്‍ ഉറങ്ങിപ്പോയി. ഇതിനിടെ പരിഹാസപ്രിയനായ ചാക്യാര്‍ അരങ്ങത്തുവച്ചുതന്നെ നമ്പ്യാരെ കലശലായി പരിഹസിച്ചു ശകാരിച്ചു. പകരം വീട്ടാന്‍ അടുത്ത ദിവസം തന്നെ നമ്പ്യാര്‍ ആവിഷ്‌കരിച്ച് അവതരിപ്പിച്ച പുതിയ കലാരൂപമായിരുന്നത്രെ തുള്ളല്‍. തുള്ളലിന് കൂത്തുമായി സാമ്യമുണ്ടെന്നതൊഴിച്ചാല്‍ ഈ കഥയിൽ എത്രമാത്രം സത്യമുണ്ടെന്ന് പറയുക വയ്യ. ഏതായാലും തുള്ളലിനെ ഒന്നാംകിട കലാരൂപമായി വികസിപ്പിച്ചെടുക്കാനും അംഗീകാരം നേടിയെടുക്കാനും നമ്പ്യാര്‍ക്ക് കഴിഞ്ഞു. തുള്ളലുകളുടെ ഭാഷയായി നമ്പ്യാര്‍ തെരഞ്ഞെടുത്തത് സംസാരഭാഷയോട് ഏറ്റവും അടുത്ത സാധാരണക്കാരന്‍റെ ഭാഷയാണ്. അത് അവയ്ക്ക് കൂടുതല്‍ സ്വീകാര്യത നേടിക്കൊടുത്തു. സാധാരണക്കാര്‍ക്ക് രുചിക്കുന്ന കവിത അവരുടെ ഭാഷയില്‍ ആയിരിക്കണം എന്ന് നമ്പ്യാര്‍ തന്നെ പറഞ്ഞിട്ടുണ്ട്:-

'ഭടജനങ്ങടെ നടുവിലുള്ളൊരു പടയണിക്കിഹ ചേരുവാന്‍
വടിവിയന്നൊരു ചാരുകേരള ഭാഷതന്നെ ചിതം വരൂ
ഭാഷയേറിവരുന്ന നല്ലമണിപ്രവാളമതെങ്കിലോ
ഭൂഷണം വരുവാനുമില്ല: വിശേഷഭൂഷണമായ്വരും'

ഓട്ടന്‍, ശീതങ്കന്‍, പറയന്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി 64 തുള്ളലുകള്‍ നമ്പ്യാര്‍ എഴുതിയതായി പറയപ്പെടുന്നു. ഏറെ പ്രസിദ്ധമായ ഫലിതബോധത്തിനു പുറമേ അദ്ദേഹത്തിന്റെ വിപുലമായ അനുഭവസമ്പത്തും എല്ലാ വിജ്ഞാനശാഖകളിലുമുള്ള അവഗാഹവും ഈ കൃതികളില്‍ പ്രകടമാകുന്നുണ്ട്. പുരാണകൃതികളെ അവലംബിച്ചായിരുന്നു നമ്പ്യാരുടെ മിക്ക തുള്ളല്‍ കൃതികളും. എന്നാല്‍ അവയില്‍ കഴിയുന്നത്ര നര്‍മവും സാമൂഹ്യപ്രസക്തിയുള്ള പരിഹാസവും കലര്‍ത്തുവാന്‍ കവി ശ്രദ്ധിച്ചിരുന്നു.

പതിനെട്ടാം ശതകത്തില്‍ കേരളത്തില്‍ നിലവിലിരുന്ന സാമൂഹിക സ്ഥിതിയിലേക്ക് നമ്പ്യാരുടെ കൃതികള്‍ വെളിച്ചം വീശുന്നു. ഭൂസ്ഥിതി, സസ്യപ്രകൃതി, ജലവിനിയോഗം, പാരമ്പര്യജന്തു വിജ്ഞാനം, നാടന്‍ തത്ത്വചിന്ത, നാട്ടു വിദ്യാഭ്യാസരീതി, നാടന്‍ വിനോദങ്ങള്‍, ഉത്സവങ്ങള്‍, അങ്ങാടി വാണിഭം, നാടന്‍ മത്സ്യബന്ധനം, ചികിത്സാരീതികള്‍, കൃഷിയറിവുകള്‍, കടലറിവുകള്‍, കാട്ടറിവുകള്‍, നാടന്‍ ഭക്ഷണ രീതികള്‍, നാട്ടു സംഗീതം, മുത്തശ്ശിച്ചൊല്ലുകള്‍ തുടങ്ങിയ മണ്ഡലങ്ങള്‍ നമ്പ്യാര്‍ കവിത വിശദമാക്കുന്നു.

തുള്ളല്‍ക്കവിതകളില്‍ മിക്കവയുടേയും പ്രമേയം പുരാണേതിഹാസങ്ങളാണെങ്കിലും നമ്പ്യാര്‍ കൊടുക്കുന്ന പശ്ചാത്തലം കേരളീയമാണ്. കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം മലയാളിത്തം കല്‍പിച്ചുകൊടുക്കുന്നു. ഭീമന്‍, ദുര്യോധനന്‍, ദേവേന്ദ്രന്‍ , ദമയന്തി, ദ്രൗപദി, സീത, പാര്‍വ്വതി തുടങ്ങിയ കഥാപാത്രങ്ങള്‍ കേരളത്തിലെ സ്ഥിതിഗതികള്‍ക്കനുരൂപമായ വേഷപ്പകര്‍ച്ചയോടുകൂടി മാത്രമേ തുള്ളലുകളില്‍ പ്രത്യക്ഷപ്പെടുന്നുള്ളു. ഭൂമിയും സ്വര്‍ഗ്ഗവും പാതാളവുമെല്ലാം നമ്പ്യാരുടെ ഭാവനയില്‍ അമ്പലപ്പുഴയോ, തിരുവനന്തപുരമോ ആയി മാറുന്നു.

അതേസമയം, എല്ലാവിഭാഗം മലയാളികളുടെയിടയിലും ജനസമ്മതിയും അംഗീകാരവും നേടിയ കവി ആയിരുന്നിട്ടും നമ്പ്യാര്‍ കവിത ശക്തമായി വിമര്‍ശിക്കപ്പെട്ടിട്ടുമുണ്ട്. നമ്പ്യാരുടെ 'സംസ്‌കാരലോപത്തെ'-പ്പറ്റി ഇരുപതാം നൂറ്റാണ്ടിലെ ഒന്നാംകിട മലയാള സാഹിത്യവിമര്‍ശകനായിരുന്ന കുട്ടികൃഷ്ണമാരാരും പി.കെ.ബാലകൃഷ്ണനും പരാതിപ്പെട്ടിട്ടുണ്ട്. ഇതിഹാസ പുരാണങ്ങളിലെ കഥാപാത്രങ്ങളേയും സന്ദര്‍ഭങ്ങളേയും കേരളീയസാഹചര്യങ്ങളില്‍ ഫലിതത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്ന നമ്പ്യാരുടെ രീതിയെ വാക് വ്യഭിചാരമായാണ് മാരാര്‍ വിശേഷിപ്പിച്ചത്. കല്യാണസൗഗന്ധികത്തിലെ 'ഭീമ-ഹനൂമല്‍സംവാദ' ത്തിന്റെ നിശിതമായ വിമര്‍ശനം മാരാരുടെ 'ഭാരതപര്യടനം' എന്ന പ്രഖ്യാതകൃതിയിലുണ്ട്. നമ്പ്യാര്‍ ഹനുമാനെ 'അങ്ങാടിക്കൂളനും' ഭീമസേനനെ 'മേനിക്കണ്ടപ്പനും' ആയി തരംതാഴ്ത്തിയെന്ന് മാരാര്‍ ആക്ഷേപിക്കുന്നു. സാധാരണക്കാരുടെ ഭാഷയില്‍ അവര്‍ക്കു വേണ്ടി എഴുതിയ ജനകീയ കവിയായി നമ്പ്യാര്‍ കണക്കാക്കപ്പെടുന്നെങ്കിലും അദ്ദേഹത്തിന്റെ കവിതയുടെ സാമൂഹ്യപശ്ചാത്തലത്തിന്റെ പരിമിതികള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. സാഹിത്യം അധഃസ്ഥിതവിഭാഗങ്ങളിലെ മനുഷ്യരെ പൊതുവേ അവഗണിച്ചിരുന്ന കാലത്ത് എഴുതപ്പെട്ടതിനാല്‍ നമ്പ്യാരുടെ കവിത പോലും നായന്മാര്‍ വരെയുള്ള ജനവിഭാഗങ്ങളെ മാത്രമേ കണക്കിലെടുത്തുള്ളു എന്നും അതിനു താഴെയുള്ള ജനങ്ങളെക്കുറിച്ചുള്ള സൂചനകള്‍ അദ്ദേഹത്തിന്റെ സൃഷ്ടികളില്‍ വിരളമാണെന്നുമാണ് വിമര്‍ശനം.

മലയാളത്തിലെ പ്രസിദ്ധമായ പല ലോകോക്തികളും നമ്പ്യാര്‍ക്കവിതയില്‍ നിന്ന് വന്നവയാണ്:-

നെല്ലും പണങ്ങളുമുണ്ടെന്നുറച്ചിട്ടു കല്ലിലും പുല്ലിലും തൂകിത്തൊടങ്ങൊലാ.
കണ്ടാലറിവാന്‍ സമര്‍ഥനല്ലെങ്കില്‍ നീ കൊണ്ടാലറിയുമതിനില്ല സംശയം.
കൂനന്‍ മദിച്ചെന്നാല്‍ ഗോപുരം കുത്തുമോ? -എന്നിവയെല്ലാം ഉദാഹരണങ്ങൾ മാത്രം.

മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം.
കനകംമൂലം കാമിനിമൂലം കലഹം പലവിധമുലകില്‍ സുലഭം.
തള്ളക്കിട്ടൊരു തല്ലു വരുമ്പോള്‍ പിള്ളയെടുത്തു തടുക്കേയുള്ളൂ.
വല്ലാമക്കളിലില്ലാമക്കളിതെല്ലാവര്‍ക്കും സമ്മതമല്ലോ.
ദുഷ്ടുകിടക്കെവരട്ടും വൃണമതു പൊട്ടും പിന്നെയുമൊരു സമയത്തില്‍.
എലിയെപ്പോലെയിരിക്കുന്നവനൊരു പുലിയെപ്പോലെ വരുന്നതു കാണാം. - എന്നിവ കിരാതത്തില്‍ നിന്നാണ്.

നമ്പ്യാരുടെ ഫലിതോക്തികളും ഏറെ പ്രസിദ്ധമാണ്. അദ്ദേഹത്തിന്‍റെ സമകാലികനെന്ന് പറയപ്പെടുന്ന ഉണ്ണായി വാര്യരുമായുള്ള സംഭാഷണ ശകലങ്ങളെന്ന മട്ടിലുള്ള പല ഫലിതങ്ങളും തലമുറകളിലൂടെ വാമൊഴിയായി പകര്‍ന്നു ഇക്കാലം വരേക്കും എത്തിയിട്ടുണ്ട്. അസാധാരണമായ നർമബോധവും കൗതുകമുണര്‍ത്തുന്ന ദ്വയാര്‍ത്ഥപരാമര്‍ശങ്ങളും ചേര്‍ന്ന അവ മലയാളികളുടെ ഫലിതശേഖരത്തിന്‍റെ പ്രിയപ്പെട്ടതായി തുടരുന്നു.

ആന ഇറങ്ങിയതുമൂലം കലങ്ങി കിടന്നിരുന്ന ഒരു കുളം കണ്ടപ്പോള്‍ വാര്യര്‍ അതിനെ 'കരി കലക്കിയ കുളം' എന്നും നമ്പ്യാര്‍ 'കളഭം കലക്കിയ കുളം' എന്നും വിശേഷിപ്പിച്ചു എന്നാണ് ഒരു കഥ. ആനയുടെ പര്യായങ്ങളായ കരി, കളഭം എന്നീ വാക്കുകള്‍ ഉപയോഗിച്ച് കുളം കലക്കിയത് ആനയാണെന്നാണ് രണ്ടുപേരും പറഞ്ഞതെങ്കിലും, ആദ്യശ്രവണത്തില്‍, കുളത്തിലെ വെള്ളത്തിന്റെ നിറം വ്യത്യസ്തരീതികളില്‍ വര്‍ണ്ണിക്കുകയാണ് ഇരുവരും ചെയ്തതെന്നേ തോന്നൂ.
കുളിക്കാന്‍ പോകുന്ന സ്ത്രീയേയും ദാസിയേയും കണ്ടപ്പോള്‍ വാര്യര്‍ 'കാതിലോല?' (കാ അതിലോല -ആരാണു് അവരില്‍ സുന്ദരി?) എന്നു ചോദിച്ചപ്പോള്‍ നമ്പ്യാര്‍ 'നല്ലതാളി' (നല്ലത് ആളി - തോഴിയാണ് കൂടുതല്‍ സുന്ദരി) എന്നു മറുപടി പറഞ്ഞു എന്നാണ് മറ്റൊരു കഥ. ഇവിടെ അര്‍ത്ഥം മനസ്സിലാകാത്തവര്‍ ഈ സംഭാഷണത്തില്‍ പരാമർശിക്കപ്പെട്ടത് യജമാനത്തി കാതില്‍ അണിഞ്ഞിരുന്ന ആഭരണമായ ഓലയും ദാസി കയ്യില്‍ കൊണ്ടുപോയിരുന്ന താളിയും ആണ് എന്നേ കരുതൂ.

സമൂഹത്തിലെ അനീതികളും കാപട്യങ്ങള്‍ തന്റെ കവിതകളിലൂടെ അദ്ദേഹം ഉറക്കെ വിളിച്ചു പറയുകയും ചെയ്തിരുന്നു. രാജാവ് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ താന്‍ നിർമിച്ച പുതിയ ദീപസ്തംഭം, അതിന്റെ ശില്‍പഭംഗി വര്‍ണ്ണിച്ചെഴുതാനായി കൊട്ടാരത്തിലെ കവികളെ കാട്ടിക്കൊടുത്തു. മറ്റു കവികള്‍ അലങ്കാരഭംഗി നിറഞ്ഞ ശ്‌ളോകങ്ങള്‍ എഴുതിയുണ്ടാക്കി രാജാവിനെ വായിച്ചു കേള്‍പ്പിച്ചു. തന്റെ ഊഴം വന്നപ്പോള്‍ നമ്പ്യാര്‍ ചൊല്ലിയത് സ്തുതിപാഠകരായ ഇതരകവികളുടെ കാപട്യം തുറന്നുകാട്ടുന്ന ഈ വരികളായിരുന്നു:-
'ദീപസ്തംഭം മഹാശ്ചര്യം,
നമുക്കും കിട്ടണം പണം,
ഇത്യര്‍ഥ ഏഷാം ശ്‌ളോകാനാം
അല്ലാതൊന്നും ന വിദ്യതേ.'

1746-ല്‍ മാര്‍ത്താണ്ഡവര്‍മ്മ ചെമ്പകശ്ശേരി രാജ്യം കീഴടക്കി വേണാടിനോട് ചേര്‍ത്തതിനെ തുടര്‍ന്ന് നമ്പ്യാര്‍ തിരുവനന്തപുരത്തേക്കു താമസം മാറ്റി. അവിടെ അദ്ദേഹം, മാര്‍ത്താണ്ഡവര്‍മ്മയുടേയും അദ്ദേഹത്തെ തുടര്‍ന്ന് ഭരണമേറ്റ കാത്തിക തിരുനാളിന്‍റെയും (ധര്‍മ്മരാജാവ്) ആശ്രിതനായി ജീവിച്ചു. വാര്‍ദ്ധക്യത്തില്‍ രാജസദസ്സിലെ ജീവിതം ബുദ്ധിമുട്ടായിത്തോന്നിയ അദ്ദേഹം അമ്പലപ്പുഴക്ക് മടങ്ങാന്‍ ആഗ്രഹിച്ചു.

'കോലംകെട്ടുക, കോലകങ്ങളില്‍ നടക്കെന്നുള്ള വേലക്കിനി-
ക്കാലം വാര്‍ദ്ധകമാകയാലടിയനെച്ചാടിക്കൊലാ ഭൂപതേ.'
എന്ന കവിയുടെ അഭ്യര്‍ഥന രാജാവ് സ്വീകരിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം അമ്പലപ്പുഴക്ക് മടങ്ങി. 1770-ലായിരുന്നു മരണം എന്ന് കരുതപ്പെടുന്നു. പേപ്പട്ടി വിഷബാധയായിരുന്നു മരണകാരണം എന്നൊരു കഥ പ്രചാരത്തിലുണ്ട്. മലയാളത്തിലെ ഹാസ്യകവികളില്‍ അഗ്രഗണനീയനായ നമ്പ്യാരുടെ കുറിക്കുകൊള്ളുന്ന വാക്കുകള്‍ സമകാലീന സന്ദര്‍ഭങ്ങളില്‍ പോലും ഏറെ അര്‍ഥവത്താണ്.

കുഞ്ചന്‍ നമ്പ്യാര്‍ ഏറെക്കാലം ചിലവഴിച്ച അമ്പലപ്പുഴയില്‍ കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ 1967ല്‍ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം നിര്‍മിച്ചിട്ടുണ്ട്. 2017ല്‍ സ്മാകരത്തിന് 50 വയസ്സ് തികയുകയാണ്. കുഞ്ചന്‍ നമ്പ്യാരുടെ പേരില്‍ സെമിനാറുകളും മറ്റും ആഘോഷിക്കുക, അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക തുടങ്ങിയവയിലൊതുങ്ങുകയാണ് സമിതിയുടെ പ്രവര്‍ത്തനം. പാലക്കാട് ജില്ലയിലും തൃശ്ശൂ ര്‍ജില്ലയിലുമായി പരന്നു കിടക്കുന്ന ചൂലനൂര്‍ മയില്‍ സംരക്ഷണ കേന്ദ്രത്തിലെ 200 ഹെക്ടര്‍ സ്ഥലം കുഞ്ചന്‍ നമ്പ്യാരുടെ ഓർമക്കായി കുഞ്ചന്‍ സ്മൃതി വനം എന്ന് നാമകരണം ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്‍റെ ജന്മസ്ഥലമായ കിള്ളിക്കുറിശ്ശിമംഗലം ഇവിടെ നിന്നും ഏതാനും കിലോമീറ്ററുകള്‍ അകലെയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kunjan Nambiarkunjan dinam
News Summary - Kunjan Nambiar
Next Story