നമ്പ്യാര്, ട്രോളുകളുടെ പിതാമഹന്‍
text_fieldsഎന്തിനും ഏതിനും ട്രോളുകള്‍ ഇറങ്ങുന്ന ഇക്കാലത്ത് ട്രോളുകളുടെ പിന്നാലെ വെച്ചുപിടിച്ചാല്‍ ചെന്നു നില്‍ക്കുക കുഞ്ചന്‍ നമ്പ്യാരിലായിരിക്കും. മാര്‍ത്താണ്ഡവര്‍മ രാജാവ് കെട്ടിയുണ്ടാക്കിയ ദീപസ്തംഭം നോക്കി കേമമെന്ന് മണിയടിച്ച് പണക്കിഴി കൈക്കലാക്കിയവര്‍ക്കിട്ട് കൊടുത്ത കോളല്ലായിരുന്നോ, ‘ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം’ എന്ന കീറ്.
അമ്പലപ്പുഴ രാജാവിനൊപ്പം നടന്നുപോകുന്നതിനിടയില്‍ വയറിളകി വഴി വൃത്തികേടാക്കിയ പശുവിനെ നോക്കി നമ്പ്യാര്‍ ഒരൊന്നൊന്നര ട്രോളങ്ങ് കാച്ചി. ‘അല്ലയോ പശുവേ നിനക്കും പക്കത്താണോ ഊണ്...?’ അതിനുശേഷമാണ് അമ്പലത്തിന്‍െറ ഊട്ടുപുരയിലെ സദ്യയുടെ നിലവാരത്തില്‍ കയറ്റം വന്നതെന്ന് പഴമ്പുരാണങ്ങള്‍ പറയുന്നു.
‘കഥകളി വേഷം വരുന്നതുകണ്ടാല്‍ വൈക്കോല്‍ കൂന നടക്കുംപോലെ..’ എന്നൊക്കെ പറഞ്ഞത് നമ്പ്യാരിലെ കലാപകാരിയാണ്. സാധാരണക്കാര്‍ക്ക് ആസ്വദിക്കാന്‍ കഴിയാത്തതും, പ്രത്യേക ശിക്ഷണം കിട്ടിയവര്‍ക്കുമാത്രം അനുഭവിക്കാന്‍ കഴിയുന്നതുമായ കഥകളിക്കെതിരായ കലാപമായിരുന്നു. അഥവാ വരേണ്യ സംസ്കാരത്തിനെതിരെ കീഴാളന്‍െറ കലാരൂപത്തെ സൃഷ്ടിച്ച് നടത്തിയ ഏറ്റവും വലിയ പ്രക്ഷോഭം. അതിനെയാണ് ചാക്യാര്‍ കൂത്തുപറഞ്ഞപ്പോള്‍ മിഴാവും കെട്ടിപ്പിടിച്ച് ഉറങ്ങിപ്പോയ നമ്പ്യാരെ കളിയാക്കിയതിന് പകരം വീട്ടാന്‍ ഒറ്റ രാത്രികൊണ്ട് ഉണ്ടാക്കിയ കലാരൂപമാണ് തുള്ളല്‍ എന്ന ഐതീഹ്യത്തില്‍ ചുരുട്ടിക്കൂട്ടാന്‍ ശ്രമിച്ചത്.
കലാമണ്ഡലത്തില്‍ പഠന വിഷയമായ കാലം വന്നിട്ടും കഥകളിക്ക് കിട്ടിയ ആഢ്യത്വം തുള്ളലിന് ഒരുകാലത്തും കൈവന്നിട്ടില്ല. കഥകളി ഇന്നും വി.ഐ.പിയാണ്. തുള്ളല്‍ അധ$കൃതനും. അടുത്തകാലംവരെ അമ്പലപ്പുഴ അമ്പലത്തിന്‍െറ കൂത്തമ്പലത്തിനകത്ത് തുള്ളലിന് പ്രവേശനമില്ലായിരുന്നു. ക്ഷേ±്രതാങ്കണത്തിലെ കളിത്തട്ടില്‍, നമ്പ്യാര് കൊട്ടിയ മിഴാവ് ഇരുമ്പ് കൂടിട്ട് കൗതുക വസ്തുവായി സൂക്ഷിക്കുമ്പോഴും തുള്ളല്‍ പുറത്തായിരുന്നു. മാര്‍ക്സിസ്റ്റുകാരനായ ജി. സുധാകരന്‍ ദേവസ്വം വകുപ്പ് മന്ത്രിയായപ്പോഴാണ് നമ്പ്യാര്‍ക്ക് അയിത്തം മാറി ക്ഷേത്രത്തിന്‍െറ നാടകശാലയില്‍ തുള്ളലിന് പ്രവേശനം കിട്ടിയത്.
ഇന്ന് മേയ് അഞ്ച്. കുഞ്ചന്‍ ദിനാഘോഷം. കുഞ്ചന്‍ നമ്പ്യാരുടെ 312ാം ജന്മദിനം. കുഞ്ചനെ അനുസ്മരിച്ചുകൊണ്ട് ഇതുപോലൊരു ദിനത്തില്‍ പ്രമുഖ എഴുത്തുകാരന്‍ ടി.ടി. ശ്രീകുമാര്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ഇവിടെ പങ്കുവെക്കുന്നു.
‘‘.... ഇന്ന് കുഞ്ചന്‍ ദിനമാണ്. എന്തുകൊണ്ട് ഇന്ന് കുഞ്ചന്‍ ദിനമായി എന്നൊക്കെ ചോദിച്ചാല്‍ അങ്ങനെ ആയിപ്പോയി എന്നേ പറയാന്‍ പറ്റൂ. ചില കാരണങ്ങള്‍ ഉണ്ടാവും. ഇദ്ദേഹം എന്‍്റെ ഗ്രാമമായ അമ്പലപ്പുഴയില്‍ വന്നു താമസിച്ചിരുന്ന കാലത്താണ് അധികാര ദുര്‍മോഹിയും ബ്രിട്ടീഷുകാരുടെ പിണിയാളുമായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ അമ്പലപ്പുഴ പിടിച്ചെടുത്തു വേണാട്ടിലേക്ക് പണ്ടാരമടക്കിയത്. അതിനു ശേഷം അദ്ദേഹത്തിന് “വഞ്ചന മുഴുക്കും” അനന്തപുരത്തേക്ക് പോകേണ്ടി വന്നു. രാമപുരത്ത് വാരിയര്‍ വഞ്ചിപ്പാട്ടില്‍ കൂടി മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് കൊടുത്ത അടിയായിരുന്നു അത്. കാരണം അന്ന് അനന്തപുരിയില്‍ ഉണ്ടായിരുന്ന ഒരു പ്രമുഖ വഞ്ചകന്‍ മാര്‍ത്താണ്ഡവര്‍മ്മ തന്നെ ആയിരുന്നു. രാമപുരത്ത് വാരിയര്‍ ഒരു നാടിനെയും അപഹസിക്കില്ല. അത് ഒരു ട്രോള്‍ ആയിരുന്നു. രാജാവിനെ തന്നെ താന്‍ ആരാണ് എന്നൊന്ന് ഓര്‍മ്മിപ്പിക്കാന്‍. മാര്‍ത്താണ്ഡവര്‍മ്മ മരിച്ചു രാമവര്‍മ്മ വന്നശേഷം
“കോലംകെട്ടുക, കോലകങ്ങളില്‍ നടക്കെന്നുള്ള വേലക്കിനി-
ക്കാലംവാര്‍ദ്ധകമാകയാലടിയനെച്ചാടിക്കൊലാ ഭൂപതേ”
എന്ന് രാമവര്‍മ്മ രാജാവിനോട് പറഞ്ഞു നമ്പ്യാര്‍ തിരിച്ചുവന്നതും അമ്പലപ്പുഴയിലേക്ക് തന്നെ. ‘ധര്‍മ്മരാജാ’വിന്‍്റെ ‘മര്‍മ്മ’ത്തിന്, സോറി ധര്‍മ്മത്തിന്, ഇതിലും വലിയ ഒരു കുത്ത് കിട്ടാനില്ല! കുഞ്ചന്‍ നമ്പ്യാരെ കുറിച്ചുള്ള ഒരു പുസ്തകം ആദ്യം കാണുന്നത് 1976-77 കാലത്താണ് എന്ന് തോന്നുന്നു. അന്ന് ചെറിയ ക്ളാസ്സില്‍ ആണു. അതെഴുതിയത് അമ്പലപ്പുഴ ഗണപതിശര്‍മ്മ ആയിരുന്നു- ‘തുള്ളല്‍ പ്രസ്ഥാനത്തിന്‍്റെ ആഗമം’. ശര്‍മ്മാസാര്‍ എനിക്ക് പ്രിയപ്പെട്ട വ്യക്തിയാണ്. എന്‍്റെ അച്ഛനെയും അമ്മയെയും പഠിപ്പിച്ചിട്ടുണ്ട് അദ്ദേഹം. മാത്രമല്ല എന്നെ ആദ്യം അക്ഷരം എഴുതിച്ചത് അദ്ദേഹമാണ്. പിന്നീട് നമ്പ്യാരെ കുറിച്ച് എത്രയോ പുസ്തകങ്ങള്‍ കണ്ടു, ലേഖനങ്ങള്‍ കണ്ടു. പക്ഷേ, ശര്‍മ്മസാറിന്‍്റെ പുസ്തകം മനസ്സില്‍ പതിഞ്ഞു കിടക്കുന്നത് പോലെ ഒന്നുമില്ല വേറെ. അതിലെ എല്ലാ വാദങ്ങളോടും യോജിച്ചിട്ടല്ല.
ചില പുസ്തകങ്ങള്‍ അങ്ങനെയാണ്. ആദ്യം വായിച്ചത് എന്നത് തന്നെ ഒരു കാരണമാണ്. ഇന്നും അതെന്‍്റെ കൈയിലുണ്ട്. ആ ചെറിയ പുസ്തകത്തില്‍ (എണ്‍പത് പേജേ വരൂ) പക്ഷെ ഒരു വലിയ ചോദ്യം ഉണ്ടായിരുന്നു. ചാക്യാരോട് പിണങ്ങിയാണ് തുള്ളല്‍ ഉണ്ടാക്കിയതെന്നതൊക്കെ ശരി, പക്ഷേ, കൂത്തിനെ കുറിച്ച് ആക്ഷേപസൂചകമായി ഒന്നും ഒരിടത്തും കുഞ്ചന്‍ നമ്പ്യാര്‍ എഴുതിയിട്ടില്ല! മാത്രമല്ല, “ചന്തമേറിന ചാക്യാരുടെ കൂത്ത്” എന്ന് ‘സഭാപ്രവേശ’ത്തില്‍ ആ കലയെ ആദരിക്കുന്നുമുണ്ട്. അന്ന് അതൊരു കൗതുക വാര്‍ത്തയായി തോന്നി. എന്നാല്‍ പ്രത്യയശാസ്ത്രത്തെ വിമര്‍ശിക്കുന്നതും അതിന്‍്റെ അനുയായികളുടെ ചെയ്തികളെ വിമര്‍ശിക്കുന്നതും ഒന്നായി കാണരുത് എന്നും ആ വാദം ഇത്തരം അനുയായികളുടെ ഗതികെട്ട ഒരു രക്ഷാകവചം മാത്രമാണ് എന്നുമുള്ള സന്ദേശം എല്ലാ പ്രത്യയശാത്രങ്ങളുടെയും വക്താക്കള്‍ക്ക് കുഞ്ചന്‍ നമ്പ്യാര്‍ നല്‍കിയതായാണ് ഇന്നത് ഓര്‍ക്കുമ്പോള്‍ തോന്നുന്നത്. ഒരിക്കലും പഠിച്ചു തീര്‍ക്കാനാവാത്തത്ര വിപുലമാണ് നമ്പ്യാരുടെ കാവ്യലോകം. കേരളം എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന ഈ പ്രദേശം ഒരു multicultural മേഖലയാവുന്നതിനെക്കുറിച്ചുള്ള സൂചനകള്‍ മണിപ്രവാളം എന്നറിയപ്പെടുന്ന കൃതികളില്‍ കാണാമെങ്കിലും ആ രൂപീകരണത്തിന്‍്റെ വൈരുധ്യങ്ങളെയും സങ്കീര്‍ണ്ണതകളെയും ദുര്‍ഘടങ്ങളെയും ഏറ്റവും നന്നായി സാഹിത്യത്തില്‍ പ്രതിനിധാനം ചെയ്യാന്‍ കഴിഞ്ഞത് കുഞ്ചന്‍ നമ്പ്യാര്‍ക്കായിരുന്നു.
ജാതിയെ ജാതി എന്ന് വിളിക്കാതെ സംസ്കാരചരിത്രത്തെക്കുറിച്ച് പറയാനാവില്ളെന്ന് തിരിച്ചറിയുന്നത് ചെറിയൊരു കാര്യമല്ലല്ളോ. ബ്രാഹ്മണരും ശൂദ്രരും കീഴാളരുമെല്ലാം ഒരു പോലെ പരാമര്‍ശിക്കപ്പെടുന്നു. വിമര്‍ശിക്കപ്പെടുന്നു. ഏതായാലും ശര്‍മ്മാസാറിന്‍്റെ പുസ്തകത്തിലെ രണ്ടു ചിത്രങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു. പത്തു നാല്‍പ്പതു കൊല്ലം മുന്‍പോ അല്ലങ്കെില്‍ അതിനും മുന്‍പോ ഉള്ള ചിത്രങ്ങളാണ് എന്നത് തന്നെ അവയുടെ പ്രാധാന്യം. ആദ്യത്തേത് പറയന്‍ തുള്ളല്‍, രണ്ടാമത്തേത് ശീതങ്കന്‍ തുള്ളല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.