കസുവോ ഇഷിഗുരോ: ഭ്രമാത്മകതയുടെ വേരുതേടിയ എഴുത്തുകാരൻ
text_fieldsപ്രതീക്ഷകളെ കടപുഴക്കുക എന്നത് സാഹിത്യ നൊബേലിെൻറ കാര്യത്തിൽ സ്വീഡിഷ് അക്കാദമിയുടെ പതിവാണ്. കഴിഞ്ഞ തവണ അവർ ലോകത്തെ നടുക്കി കളഞ്ഞു. കഥയായും കവിതയായും തിമിർത്താടി നിൽക്കുന്ന എഴുത്തുകാരെ മുഴുവൻ പുറംകാലുകൊണ്ട് തൊഴിച്ച് പുതിയ ചരിത്രമെഴുതി അക്കാദമി പാട്ടുകാരനും പാെട്ടഴുത്തുകാരനുമായ ബോബ് ഡിലന് അവാർഡ് പ്രഖ്യാപിച്ചപ്പോൾ അത് അമ്പരപ്പ് മാത്രമായിരുന്നില്ല, ആഴമേറിയ ചർച്ച കൂടിയായിരുന്നു.
ഇക്കുറിയും അമ്പരക്കാൻ അവസരമൊരുക്കി അക്കാദമി അവാർഡ് പ്രഖ്യാപിച്ചു. സാഹിത്യ നൊബേൽ കസുവോ ഇഷിഗുരോ എന്ന ജപ്പാൻ വംശജനായ ഇംഗ്ലീഷ് എഴുത്തുകാരന്. ബോബ് ഡിലനെയോ, സ്വെറ്റ്ലാന അലക്സേവിച്ചിനെയോ പോലെയുള്ള അപ്രതീക്ഷിതമല്ല ഇക്കുറി സംഭവിച്ചത്. കഴിഞ്ഞ കുറച്ചുകാലമായി നൊബേൽ സമ്മാനം പ്രഖ്യാപനത്തിെൻറ വട്ടംകൂടുമ്പോഴൊക്കെ ഉയർന്നു കേൾക്കുന്ന പേരാണ് ഹരുകി മുറകാമി എന്നത്. മറ്റൊരു പേര് അഡോണിസ് എന്ന അലി അഹ്മദ് സെയ്ദ് എസ്ബർ. മുറകാമി ജപ്പാൻകാരനായ നോവലിസ്റ്റും ലോകമെങ്ങും ഏറെ വായനക്കാരനുള്ള ‘ബെസ്റ്റ് സെല്ലറും’. മുറകാമിയുടെ പേര് ഇക്കുറിയും അവസാനവട്ടം വരെ കേട്ടിരുന്നു. മാർഗരെറ്റ് ആറ്റ്‌വുഡ്, ഗുഗി വാ തിയോങോ എന്നിവർക്കും സാധ്യത കൽപ്പിച്ചിരുന്നു. പക്ഷേ, ആ പ്രതീക്ഷകെള മുഴുവൻ അട്ടിമറിച്ചുകൊണ്ടായിരുന്നു കസുവോ ഇഷിഗുരോക്ക് നോബൽ പ്രഖ്യാപിച്ചത്.
കഴിഞ്ഞ തവണ അവാർഡ് പ്രഖ്യാപിച്ച അക്കാദമി ശരിക്കും പുലിവാല് പിടിച്ചിരുന്നു. അമേരിക്കൻ ഗായകനും പാെട്ടഴുത്തുകാരനുമായ ബോബ് ഡിലനാണ് 2016ലെ േനാബൽ സമ്മാനം പ്രഖ്യാപിച്ചത്. അതിനു തൊട്ടുമുമ്പ് റഷ്യൻ പത്രപ്രവർത്തക സ്വറ്റ്ലാന അലക്സേവിച്ചിനായിരുന്നു. രണ്ടു തവണയും അവാർഡ് പരിഗണനയിൽ ‘സാഹിത്യം’ ഒഴിഞ്ഞുനിന്നുവെന്ന് ആക്ഷേപമുയർന്നിരുന്നു. മാത്രമല്ല, അവാർഡ് പ്രഖ്യാപിച്ചതിനു ശേഷം ബോബ് ഡിലൻ ‘മുങ്ങി’ നടന്നത് പുലിവാലായി. അതുകൊണ്ട് ഇക്കുറി വീണ്ടും സാഹിത്യത്തിലേക്ക് തന്നെ അക്കാദമി മടങ്ങിയെത്തുമെന്നുറപ്പിച്ചിരുന്നു. അത് സംഭവിച്ചു. ‘ദി റിമെയ്ൻസ് ഒഫ് ദി ഡേ’, ‘നെവർ ലെറ്റ് ഗോ’ എന്നീ നോവലുകൾ ലോകമെങ്ങും വായനക്കാർ സ്വീകരിച്ച കൃതികളാണ്. മനുഷ്യനും ഭൂമിയും തമ്മിലുള്ള മായികമായ ബന്ധത്തിെൻറ സൂക്ഷ്മ കാഴ്ചകളെ ഇഷിഗുരോയുടെ നോവലുകൾ അനാവരണം ചെയ്യുന്നതായി അക്കാദമി വിലയിരുത്തുന്നു. ‘ടൈം’ മാഗസിൻ 1945നു ശേഷമുള്ള 50 മികച്ച എഴുത്തുകാരുടെ പട്ടിക തയാറാക്കിയപ്പോൾ 32ാമനായിരുന്നു ഇഷിഗുരോ.
1954 നവംബർ എട്ടിന് ജപ്പാനിലെ നാഗസാക്കിയിൽ സമുദ്രാ ശാസ്ത്രത്തിൽ ഗവേഷകനായ ഷിസു ഇഷിഗുരോയുടെ മകനായി കസുവോ ഇഷിഗുറോ ജനിച്ചു. പിതാവിെൻറ ഗവേഷണ പഠനങ്ങളുടെ ഭാഗമായി അഞ്ചാം വയസ്സിൽ കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിലേക്കു കുടിയേറിയതാണ്. ഇംഗ്ലീഷ് സാഹിത്യത്തിൽ തെൻറ ഇടം കണ്ടെത്തിയ ഇഷിഗുരോയുടെ കൃതികൾ നാല് തവണ മാൻബുക്കർ പ്രൈസിന് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. 1989 ൽ ‘ദി റിമെയ്ൻസ് ഒഫ് ദി ഡേ’ക്ക് ബുക്കർ പുരസ്കാരവും ലഭിച്ചു. പിന്നീട് ഇൗ നോവൽ സിനിമയുമായി. ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, കോളമിസ്റ്റ് എന്നീ നിലകളിലും ഇഷിഗുരോ അറിയപ്പെട്ടു.
1978 ൽ ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റി ഓഫ് കെൻറിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ അദ്ദേഹം 1980 ൽ ഈസ്റ്റ് ആൻഗ്ലിയ സർവകലാശാലയിൽനിന്ന് ക്രയേറ്റീവ് റൈറ്റിംഗിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. നാടകം, ചരിത്രം, ശാസ്ത്രം, സാഹിത്യം എന്നീ മേഖലകളിലാണ് പ്രധാനമായും അദ്ദേഹം പ്രവർത്തിച്ചു. ആവിഷ്കാരത്തിൽ കൃത്യമായ നിയന്ത്രണവും കൈയടക്കവും പാലിച്ച എഴുത്തുകാരിൽ പ്രധാനിയായ ഇഷിഗുറോയുടെ ഓരോ രചനയിലും അത് പ്രകടമാണ്. ഓർമ, കാലം, മിഥ്യാഭ്രമങ്ങൾ തുടങ്ങിയവയായിരുന്നു അദ്ദേഹത്തിെൻറ ഇഷ്ട വിഷയങ്ങൾ.
വർത്തമാനകാലത്തെക്കാൾ ഭൂതകാലത്തോടുള്ള ആഭിമുഖ്യം എഴുത്തിൽ പശ്ചാത്തലമായി നിറഞ്ഞുനിന്നിരുന്നു. 1982ൽ അദ്ദേഹത്തിൻറെ ആദ്യ നോവലായ എ പെയിൽ വ്യൂ ഓഫ് ദ ഹിൽ പ്രസിദ്ധീകരിച്ചു. തുടർന്ന് ‘ആൻ ആർട്ടിസ്റ്റ് ഓഫ് ഫ്ലോട്ടിംഗ് വേൾഡ്’, ‘ദ റിമൈൻസ് ഓഫ് ദ ഡേ’, ‘വെൻ വി വേർ ഓർഫൻസ്’, ‘നെവർ ലെറ്റ് മി ഗോ’ എന്നീ കൃതികൾ അദ്ദേഹത്തെ വായനാക്കൂട്ടത്തിന് ഏറെ പ്രിയങ്കരനാക്കി. വിൻഫ്രഡ് ഹോൾട്ട്ബി മെമോറിയൽ പ്രൈസ് (Winifred Holtby Memorial Prize (1982)), വൈറ്റ് ബ്രെഡ് പുരസ്കാരം ( Whitbread Prize (1986)), ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ (Order of the British Empire (1995)), ഷെവലിയർ ഓഫ് ദി ഓർഡർ ഓഫ് ദി ലിറ്ററേച്ചർ (Chevalier de l'Ordre des Arts et des Lettres (1998)) എന്നീ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിവന്നു.
മനുഷ്യന്റെ വിഭ്രമാത്മകതയെയും ഓർമയെയുമെല്ലാം ഇഴ കീറി പരിശോധിക്കുന്ന രചനാ രീതിയിലേക്ക് സയൻസ് ഫിക്‌ഷന്റെ സ്വാധീനവും കടന്നുവന്നതായി അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നോവലുകൾ വ്യക്തമാക്കുന്നു. 2005 ലിറങ്ങിയ ‘നെവർ ലെറ്റ് മി ഗോ’ അത്തരമൊരു പരീക്ഷണമായിരുന്നു. 2015ൽ പുറത്തിറങ്ങിയ ‘ദ് ബറീഡ് ജയന്റ്’ (The Buried Giant ) ആണ് ഏറ്റവും പുതിയ നോവൽ.. സാമൂഹിക പ്രവർത്തകയായ ലോർമ മക്ഡഗലിനെ 1986 ൽ വിവാഹം ചെയ്തു. നവോമി ഏക മകളാണ്. സാഹിത്യത്തിനുള്ള നൊബേൽ നേടുന്ന 114-ാമത്തെ എഴുത്തുകാരനാണ് ഇഷിഗുറോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.