Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightഓര്‍മകളുടെ...

ഓര്‍മകളുടെ തിരുമുറ്റത്തെ ഒ.എന്‍.വി

text_fields
bookmark_border
ഓര്‍മകളുടെ തിരുമുറ്റത്തെ ഒ.എന്‍.വി
cancel

കവിതകളിലൂടെ സാഗരങ്ങളെ പോലും പാടിയുണര്‍ത്തിയ മലയാളത്തിന്‍റെ പ്രിയകവി ഒ.എന്‍.വി കുറുപ്പ് വിടപറഞ്ഞിട്ട് ഇന്ന് ഒരാണ്ട് തികയുകയാണ്. ആരെയും ഭാവഗായകനാക്കിയ കാവ്യഗന്ധര്‍വ്വന്‍്റെ വിയോഗമേല്‍പ്പിച്ച മുറിവ് മലയാളനാടിന്‍്റെ ആത്മാവിലെ നിത്യശൂന്യതയായി നിലകൊള്ളും. "ഒരു ദിവസം ഭൂമിയെന്ന ഈ വാടക വീട് ഒഴിഞ്ഞു പോകുമ്പോള്‍ എന്‍്റെ ഏറ്റവും ചൈതന്യവത്തായൊരശം ഞാന്‍ ഇവിടെ ഉപേക്ഷിച്ചു പോകും അതാണെന്‍റെ കവിത'എന്ന് ജ്ഞാനപീഠം ഏറ്റുവാങ്ങിക്കൊണ്ട് കവി തന്നെ പറഞ്ഞിരുന്നു. ശരിയാണ്, അദ്ദേഹത്തിന്‍റെ ചൈതന്യാംശമായ കവിത എന്നും പുതിയ പ്രതീക്ഷയുടെയും സ്നേഹത്തിന്‍റെയും ഗാഥകളോതി ഏവരുടെയും ആത്മാവില്‍ മുട്ടിവിളിച്ചുകൊണ്ടേയിരിക്കുന്നൂ.

അവിസ്മരണീയ ഗാനങ്ങളുടെ നറുതേന്‍നിലാവ് പൊഴിച്ച കവി, മലയാളത്തെ ഭാവസാന്ദ്രമാക്കിയ കാവ്യസൂര്യന്‍, മാനവസ്നേഹത്തിന്‍റെയും പ്രകൃതിസ്നേഹത്തിന്‍റെയും പ്രവാചകന്‍ വിശേഷണങ്ങള്‍ അനന്തമായി നീളുകയാണ്. ഒറ്റ വാക്കിലോ വരിയിലോ വിശേഷിപ്പിക്കാനാവില്ല ഒ.എന്‍.വിയെ. വാക്കില്‍ വിരിഞ്ഞ വസന്തമായിരുന്നു ഒ.എന്‍.വി. അദ്ദേഹത്തിന്‍റെ ഓരോ വരിയും കാലാതീതമായി പുതിയ അര്‍ഥങ്ങളും ആനന്ദവും ആശ്വാസവും പകര്‍ന്ന് അലയടിച്ചുകൊണ്ടേയിരിക്കും.

മുന്നോട്ട്

ഒ.എന്‍.വിയുടെ ആദ്യ കവിതകളിലെല്ലാം തന്നെ മാനവരാശിയുടെ മുന്നേറ്റത്തിനായുള്ള പ്രഖ്യാപനങ്ങള്‍ കാണാം. കയ്പേറിയ ബാല്യം അദ്ദേഹത്തിന്‍റെ വാക്കുകളെ കൂടുതല്‍ തെളിച്ചമുള്ളതാക്കിയിരുന്നു. ഓരോ പുതിയ കവിതയിലും ആ തെളിച്ചം ഏറിക്കൊണ്ടിരുന്നു. ഒ.എന്‍.വി കവിതകളുടെ ശീര്‍ഷകങ്ങള്‍ പോലും അത്രമേല്‍ കാവ്യസാന്ദ്രമായിരുന്നു.
1931 മേയ് 27ന് ഒ.എന്‍. കൃഷ്ണക്കുറുപ്പിന്‍റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനായി കൊല്ലം ജില്ലയിലെ ചവറയിലായിരുന്നു ഒ.എന്‍.വിയുടെ ജനനം. പരമേശ്വരന്‍ എന്നായിരുന്നു ആദ്യ പേര്. അപ്പു എന്ന് ഓമനപ്പേരും. സ്കൂളില്‍ ചേര്‍ത്തപ്പോള്‍ മുത്തച്ഛനായ വേലുക്കുറുപ്പിന്‍റെ പേരു നല്‍കി. ഒറ്റപ്ളാക്കല്‍ നീലകണ്ഠന്‍ വേലുക്കുറുപ്പ് എന്നാണ് പൂര്‍ണമായ പേര്. ഇന്നത്തെ അഞ്ചാം ക്ളാസിനു തുല്യമായ പ്രിപ്പറേറ്ററിക്കാണ് ഒ.എന്‍.വി ആദ്യമായി സ്കൂളില്‍ എത്തിയത്. പ്രവേശന പരീക്ഷയിലൂടെയായിരുന്നു കൊല്ലത്തെ ഗവ. ഇംഗ്ളീഷ് സ്കൂളില്‍ പ്രവേശനം ലഭിച്ചത്. പിന്നീട് പിതാവിന്‍റെ ആകസ്മിക മരണത്തോടെ കൊല്ലം നഗരത്തോട് വിടപറഞ്ഞ് ഒ.എന്‍.വി ചവറ ശങ്കരമംഗലം സര്‍ക്കാര്‍ സ്കൂളില്‍ പഠനം ആരംഭിച്ചു.
1946ല്‍ പതിനഞ്ചാം വയസ്സിലാണ് ആദ്യ കവിതയായ ‘മുന്നോട്ട്’ പ്രസിദ്ധപ്പെടുത്തിയത്. സ്വരാജ്യം എന്ന വാരികയിലാണ് ഈ കവിത അച്ചടിച്ചു വന്നത്. 1949ല്‍ പുരോഗമന സാഹിത്യ സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന കവിതാ മത്സരത്തില്‍ ‘അരിവാളും രാക്കുയിലും' എന്ന കവിതയ്ക്കു ചങ്ങമ്പുഴയുടെ പേരിലുള്ള സമ്മാനം ലഭിച്ചു. അതേവര്‍ഷം തന്നെ ‘പൊരുതുന്ന സൗന്ദര്യ'മെന്ന ആദ്യ കവിതാ സമാഹാരവും പുറത്തിറങ്ങി. മുക്കുവരുടെ ജീവിതത്തെ കുറിച്ച് ഒ.എന്‍.വി എഴുതിയ കവിതയാണ് ‘മാറിയ കൂത്തുകള്‍'. എം.എസ്. ബുക്ക് ഡിപ്പോ കൊല്ലമാണ് കവിയുടെ ആദ്യ ഒൗദ്യോഗിക പ്രസാധകര്‍.

ഇടവേളകളില്ലാതെ

നിരന്തരം കവിതകളെഴുതികൊണ്ടിരുന്ന ഒ.എന്‍.വി സ്വയം ഒരു കവിതയായി മാറുകയായിരുന്നു. കവിതയെഴുത്തില്‍ ദീര്‍ഘമായ ഒരു നിശബ്ദത ഒരിക്കലും ഒ.എന്‍.വിക്കുണ്ടായിട്ടില്ലെന്ന് എം.ടി.വാസുദേവന്‍ നായര്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്‍്റെ മധ്യത്തില്‍ നിന്നാണ് അദ്ദേഹം കവിതകളെഴുതി തുടങ്ങിയത്. ചങ്ങമ്പുഴയുടെ സ്വാധീനമെന്നു പറഞ്ഞ് വയലാറിനെയും ഒ.എന്‍.വിയെയും നിരൂപകര്‍ മാറ്റൊലിക്കവികളെന്നു വിളിച്ചിരുന്നു. എന്നാല്‍ തന്‍്റെ വഴി മറ്റൊന്നാണെന്ന് അദ്ദേഹം പെട്ടെന്നു തന്നെ വ്യക്തമാക്കി. അന്നു പ്രബലമായിരുന്ന കാല്പനികതയില്‍ നിന്ന് വ്യത്യസ്തമായി നവകാല്പനികധാരയിലൂടെയാണ് ഒ.എന്‍.വി സഞ്ചരിച്ചത്. ഇത് മലയാള കവിതയിലെ പുതിയ ഏടായിരുന്നു. കവിതകളില്‍ വിപ്ളവവും സമരവും സ്വാതന്ത്ര്യവും പിറന്നു. ജീവിതാവസനം വരെ ആ കാവ്യയാത്ര നീണ്ടു. അതിനിടയില്‍ പലതരം പരിവര്‍ത്തനങ്ങള്‍ക്ക് ഒ.എന്‍.വിയുടെ കവിത വിധേയമായിട്ടുണ്ട്. വിപ്ളവ പ്രതീക്ഷയില്‍ നിന്ന് കാല്പനിക വിഷാദത്തിലേക്കും അതില്‍ നിന്ന് ജീവിതാശയിലേക്കും തീവ്രമായ പ്രകൃതി ബോധത്തിലേക്കും ഒ.എന്‍.വിയിലെ കവി വികസിച്ചു. ‘മാറ്റുവിന്‍ ചട്ടങ്ങളെ'(1955) പോലുള്ള വിപ്ളവ കവിതകളും ഇടക്ക് കൃഷിപ്പാട്ടിന്‍്റെയും പടപ്പാട്ടിന്‍്റെയും വരികളും ഒ.എന്‍.വിയില്‍ നിന്ന് മലയാളികളെ തേടിയത്തെി.

സമരത്തിന്‍്റെ സന്തതികള്‍, ഞാന്‍ നിന്നെ സ്നേഹിക്കുന്നു, ദാഹിക്കുന്ന പാനപാത്രം, ഒരു ദേവതയും രണ്ടു ചക്രവര്‍ത്തിമാരും, ഗാനമാല, നീലക്കണ്ണുകള്‍, മയില്‍പ്പീലി, അക്ഷരം, ഒരു തുള്ളി വെളിച്ചം, കറുത്ത പക്ഷിയുടെ പാട്ട്, കാറല്‍മാര്‍ക്സിന്‍്റെ കവിതകള്‍, ഞാന്‍ അഗ്നി, അരിവാളും രാക്കുയിലും, അഗ്നിശലഭങ്ങള്‍, ഭൂമിക്ക് ഒരു ചരമഗീതം, മൃഗയ, വെറുതെ, ഉപ്പ്, അപരാഹ്നം, ഭൈരവന്‍്റെ തുടി, ശാര്‍ങ്ഗകപ്പക്ഷികള്‍, ഉജ്ജയിനി, മരുഭൂമി, നാലുമണിപ്പൂക്കള്‍, തോന്ന്യാക്ഷരങ്ങള്‍, നറുമൊഴി, വളപ്പൊട്ടുകള്‍, ഈ പുരാതന കിന്നരം, സ്നേഹിച്ചു തീരാത്തവര്‍, സ്വയംവരം, പാഥേയം, അര്‍ധവിരാമകള്‍, ദിനാന്തം, സൂര്യന്‍്റെ മരണം എന്നിവയാണ് ഒ.എന്‍.വിയുടെ പ്രധാന കവിതാ സമാഹാരങ്ങള്‍.

ഒ.എൻ.വി ഭാര്യയോടൊപ്പം
 

മനുഷ്യനും പ്രകൃതിയും ഭാഷയും

ഒ.എന്‍.വി. എന്ന ത്രയാക്ഷരത്തിന്‍്റെ കാതലായിരുന്നു മനുഷ്യന്‍, പ്രകൃതി, ഭാഷ, എന്നീ ആശയങ്ങള്‍. മലയാളത്തിന്‍്റെ വിശുദ്ധിയും സൗരഭ്യവും ലോകമാനം പരത്തിയ ഒ.എന്‍.വി തന്‍്റെ ഭാഷയെ ഒരു പ്രകാശനാളമായി കരുതി എന്നും കെടാതെ സൂക്ഷിച്ചിരുന്നു. ഭാഷയാണ് മനുഷ്യന്‍്റെ സ്വാതന്ത്ര്യമെന്ന് ഉദ്ഘോഷിച്ച കവിയായിരുന്നു ഒ.എന്‍.വി. ഭാഷ നശിക്കുന്നിടത്ത് മനുഷ്യന് സ്വത്വം നഷ്ടപ്പെടുമെന്ന് അദ്ദേഹം വിശ്വസിച്ചു.
"മണിനാദം പോല്‍ മധുരം നമ്മുടെ മലനാട്ടിന്‍ മൊഴി മലയാളം'(മലയാളം)
എന്നു പാടിയ കവി മലയാളത്തിന്‍്റെ മാധുര്യം ഏവരിലേക്കും പകര്‍ന്നു നല്‍കുകയായിരുന്നു. മലയാളഭാഷക്ക് ക്ളാസിക്കല്‍ പദവി ലഭിക്കാന്‍ കാരണമായ ശ്രമങ്ങള്‍ക്ക് പിന്നിലെ മുഖ്യ ചാലകശക്തിയായിരുന്നു അദ്ദേഹം. സമൂഹത്തിന്‍െറ എല്ലാ തുറകളില്‍ പെട്ടവരെയും തന്‍്റെ കവിതയുടെ ഭാഗമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.
അന്യദു$ഖങ്ങളപാരസമുദ്രങ്ങൾ/നിന്‍്റെ ദു$ഖങ്ങള്‍ വെറും കടല്‍ ശംഖുകള്‍
എന്നെഴുതാന്‍ കവിയെ പ്രേരിപ്പിച്ചത് തന്‍്റെ ഗ്രാമത്തിലെ തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും പ്രയാസങ്ങളായിരുന്നു. ഒരു സാധാരണ മനുഷ്യനായി ജീവിച്ച അദ്ദേഹം തന്‍്റെ വികാരങ്ങള്‍ ഒരിക്കലും മറച്ചുവെച്ചിരുന്നില്ല. ജീവിതവഴികള്‍ ഒരിക്കലും മറന്നുമില്ല.
ഉണ്ണീ മറക്കായ്ക പക്ഷേ, യൊരമ്മതന്‍/നെഞ്ഞില്‍ നിന്നുണ്ട മധുരമൊരിക്കലും (ചോറൂണ്)
ലോകത്തിലെ സര്‍വ്വദു$ഖവും തന്‍്റേതായി കണ്ട കവി ബന്ധങ്ങളുടെയും വേര്‍പാടിന്‍്റെയും നോവ് തന്‍്റെ കവിതകള്‍ക്കുള്ള പ്രചോദനമായി മാറ്റുകയായിരുന്നു.
വേര്‍പിരിയാന്‍ മാത്രമൊന്നിച്ചുകൂടി നാം /വേദനകള്‍ പങ്കുവയ്ക്കുന്നു! കരളിലെഴുമീണങ്ങള്‍ ചുണ്ടു /നുണയുന്നു: കവിതയുടെ ലഹരി നുകരുന്നു! (പാഥേയം)
ജീവിതമൂല്യങ്ങളെക്കുറിച്ചും നൈമിഷികമായ ജീവിതയാത്രയെകുറിച്ചും കവിക്ക് ബോധ്യമുണ്ടായിരുന്നു.... കേവലം ജല്‍പനങ്ങളലായിരുന്നില്ല അവ. ആന്തരികസംഘര്‍ഷങ്ങളുടെ കാണാകയങ്ങളിലലഞ്ഞ് കുറുക്കിയെടുത്ത എക്കാലവും പ്രസക്തമായ ആശയങ്ങളായിരുന്നു.
വേദനിക്കിലും വേദനിപ്പിക്കിലും /ഒരു തരിവേണമീ സ്നേഹബന്ധങ്ങളൂഴിയില്‍ (വാടകവീട്ടിലെ വനജ്യോത്സ്ന)
ഒരു തരി മണ്ണിലൊരു തുള്ളി വെള്ളം തൂവാന്‍ അദ്ദേഹത്തിന്‍െറ ഹൃദയം എന്നും വെമ്പല്‍ കൊണ്ടിരുന്നു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അനന്യമായ ബന്ധം ഒ.എന്‍.വി കവിതകളുടെ മുഖ്യഘടകമായിരുന്നു. മനുഷ്യന്‍െറ ചിന്താശേഷിയില്ലാത്ത പ്രവൃത്തികള്‍ പ്രകൃതിക്ക് ഏല്‍പ്പിച്ച മുറിവുകള്‍ അദ്ദേഹത്തിന്‍െറ മനസ്സിനെയെന്നും നീറ്റിയിരുന്നു.
ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്നമൃതിയില്‍ /നിനക്കാത്മശാന്തി! ഇത്് നിന്‍്റെ (എന്‍്റെയും) ചരമ/ശൂശ്രൂഷക്ക്ഹൃദയത്തിലിന്നേ കുറിച്ച ഗീതം (ഭൂമിക്കൊരു ചരമഗീതം)

ഭൂമിയെകുറിച്ചുള്ള കവിയുടെ ഈ നിലവിളി ആദ്യമൊന്നും ആരും വേണ്ടത്ര ഗൗനിച്ചിരുന്നില്ല. ഭൂമിയുടെ യൗവനത്തില്‍ തന്നെ കവി ഭൂമിക്ക് ചരമഗീതം പാടുകയാണെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. എന്നാല്‍ കൊടുംവരള്‍ച്ചയും വറുതിയും ഓരോ ജീവജാലത്തെയും ചുട്ടു തിന്നാന്‍ ആരംഭിച്ചപ്പോള്‍ കവിയുടെ ദര്‍ശനം എത്ര ശരിയെന്ന് ഏവരുമിന്ന് തിരിച്ചറിയുന്നുണ്ട്.
ഒരു തൈ നടുമ്പോള്‍/പലതൈ നടുന്നു/പലതൈ നടുന്നു/പലതണല്‍ നടുന്നു (ഒരു തൈ നടുമ്പോള്‍)

ഒ.എന്‍.വിയുടെ ഉള്ളില്‍ എത്രത്തോളം പ്രകൃതിബോധം മുറ്റിനിന്നിരുന്നുവെന്ന് മനസ്സിലാക്കാന്‍ ഈ വരികള്‍ തന്നെ ധാരാളം. വളരെ ലളിതമായി അദ്ദേഹം പറഞ്ഞുപോയത് അതീവഗൗരവമുള്ളതും ഈ പ്രകൃതിയെ തന്നെ മുന്നോട്ട് നയിക്കേണ്ടതുമായ വസ്തുതയാണ്. അന്ത്യംവരെ സത്യമെഴുതുമെന്നും കവിയായിരിക്കുമെന്നുമായിരുന്നു ജ്ഞാനപീഠം നല്‍കി ആദരിച്ചപ്പോള്‍ ഒ.എന്‍.വിയുടെ പ്രതികരണം. സത്യം അദ്ദേഹത്തിന് കറ പുരളാത്ത സ്നേഹം തന്നെയായിരുന്നു. അത് അദ്ദേഹത്തിന്‍െറ കവിത തന്നെയായിരുന്നു.
എന്നെന്നും വിടര്‍കണ്ണാല്‍ /കാണട്ടേ നിന്നെ! സ്നേഹ/മെന്നസത്യമേ! നിന്നെ /സ്നേഹിപ്പേന്‍, നീയെന്‍ പാതി (സ്നേഹത്തെക്കുറിച്ചൊരു ഗീതം)

നാടകഗാനങ്ങളുടെ വഴിയേ

കവിതയും പാട്ടും തമ്മിലുള്ള അകലം ഇല്ലാതാക്കിയ കവിയാണ് ഒ.എന്‍്.വിയെന്ന് ഡോ. എം.ലീലാവതി അഭിപ്രായപ്പെട്ടിരുന്നു. 1949ല്‍ കമ്മ്യൂണിസ്റ്റ് നേതാവ് എം.എന്‍.ഗോവിന്ദന്‍ നായര്‍ കൊല്ലത്ത് ഒളിവില്‍ താമസിക്കുന്നതിനിടയില്‍ അഷ്ടമുടിക്കയലിന്‍്റെ തീരത്തെ ഒരു വള്ളപ്പുരയില്‍ കാവലിന് എത്തിയത് ഒ.എന്‍.വിയും ദേവരാജന്‍ മാസ്റ്ററുമായിരുന്നു. സന്ധ്യാസമയത്ത് വെറുതെയിരുന്നു സമയം കളയാതെ സര്‍ഗാത്മകമായി എന്തെങ്കിലും ചെയ്യാനുള്ള അദ്ദേഹത്തിന്‍്റെ നിര്‍ദേശം കേട്ട ഒ.എന്‍.വി ചന്ദ്രക്കലയില്‍ നോക്കി എഴുതിയതാണ്
"പൊന്നരിവാളമ്പിളിയില് യകണ്ണെറിയുന്നോളേ/ആ മരത്തിന്‍ പൂന്തണലില് /വാടി നില്‍ക്കുന്നോളേ' എന്ന കവിത. പിന്നീട് ഈ കവിത "കേരളം' എന്ന പത്രത്തിനായി "ഇരുളില്‍ നിന്നൊരു ഗാനം' എന്ന പേരില്‍ വിപുലീകരിച്ചെഴുതി. 1951ല്‍ കൊല്ലം എസ്.എന്‍. കോളജില്‍ എ.കെ.ജിക്ക് നല്‍കിയ സ്വീകരണത്തില്‍ ദേവരാജന്‍ ഈ ഗാനം പാടിയിരുന്നു. ഇത് കേട്ട് ഇഷ്ടപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഈ ഗാനം "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകത്തില്‍ ഉള്‍പ്പെടുത്തി. കെ.പി.എ.സിക്കായി 30 നാടകങ്ങളില്‍ 140 പാട്ടുകള്‍ രചിച്ചു. 12 തവണ നാടകഗാന രചനക്കുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1960ല്‍ കെ.പി.എസിയില്‍ നിന്ന് വിട്ട് ഒ. മാധവന്‍ ആരംഭിച്ച കാളിദാസ കലാകേന്ദ്രത്തിനായി ഗാന രചന നടത്തിയിരുന്നു. എന്‍.കൃഷ്ണപിള്ളയുടെ "ഭഗ്നഭവനം' എന്ന നാടകത്തിലൂടെയാണ് കെ.പി.എ.സിയിലേക്കുള്ള രണ്ടാം വരവ്.

പൊന്നരിവാള്‍ അമ്പിളിയില്‍ കണ്ണെറിയുന്നോളേ (നിങ്ങളെന്ന കമ്യൂണിസ്റ്റാക്കി1952), വെള്ളാരം കുന്നിലേ (നിങ്ങളെന്ന കമ്യൂണിസ്റ്റാക്കി1952), പുഞ്ചവയലേലയിലെ (നിങ്ങളെന്ന കമ്യൂണിസ്റ്റാക്കി1952), മാരിവില്ലിന്‍ തേന്‍മലരേ (സര്‍വേക്കല്ല്1954), വള്ളിക്കുടിലിന്‍ (സര്‍വേക്കല്ല്1954), അമ്പിളിയമ്മാവാ (മുടിയനായ പുത്രന്‍1956), ചില്ലിമുളം കാടുകളില്‍ (മുടിയനായ പുത്രന്‍1956), ചെപ്പുകിലുക്കണ ചങ്ങാതീ (മുടിയനായ പുത്രന്‍1965), തുഞ്ചന്‍ പറമ്പിലെ തത്തേ (മുടിയനായ പുത്രന്‍1965), എന്തിനു പാഴ്ശ്രുതി (ഡോക്ടര്‍1961), ജനിച്ചെന്ന തെറ്റിന് (ജീവപര്യന്തം (1991) എന്നിവയാണ് ഒ.എന്‍.വിയുടെ പ്രശസ്തമായ നാടക ഗാനങ്ങള്‍.

സിനിമയുടെ കൂട്ടുകാരൻ

ഒ.എന്‍.വിയുടെ വരികള്‍ക്ക് പഴയ തലമുറ, പുതിയ തലമുറ എന്ന വ്യത്യാസമില്ലായിരുന്നു. മാറിവരുന്ന അഭിരുചികള്‍ക്കനുസരിച്ച് തന്‍െറ വരികളുടെ ഭാവവും ചലനവും മാറ്റാന്‍ അദ്ദേഹത്തിനായി. 1955ല്‍ ആദ്യമായി ചലച്ചിത്ര (കാലം മാറുന്നു) ഗാനവുമെഴുതി. ആ മലര്‍പ്പൊയ്കയില്‍ ആടിക്കളിക്കുന്നൊരോമനത്താമരപ്പൂവേ എന്ന ഗാനമാണെഴുതിയത്. ബാബുരാജ്, എം.ബി. ശ്രീനിവാസന്‍, രാഘവന്‍ മാഷ്, ദേവരാജന്‍, എം.കെ. അര്‍ജുനന്‍ തുടങ്ങി നിരവധിപ്പേര്‍ക്കൊപ്പം ഒരിക്കലും മറക്കാത്ത വരികള്‍ സമ്മാനിച്ചു. ഗാനരചന ആരംഭിച്ചത് ബാലമുരളി എന്ന പേരിലായിരുന്നു. ഗുരുവായൂരപ്പന്‍ എന്ന സിനിമ മുതലാണ് ഒ.എന്‍്.വി എന്ന പേരില്‍ എഴുതി തുടങ്ങിയത്. 230ലധികം സിനിമകളിലായി 930ല്‍ അധികം ഗാനങ്ങള്‍ എഴുതി. ഗാനരചനക്കുഗള്ള സംസ്ഥാന അവാര്‍ഡ് 13 തവണ നേടിയിട്ടുണ്ട്.

വ്യക്തിജീവിതത്തിലെ പൊന്നേടുകള്‍

1948ല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും ഇന്‍റര്‍മീഡിയറ്റ് പാസ്സായ ഒ.എന്‍.വി കൊല്ലം എസ്.എന്‍.കോളേജില്‍ ബിരുദപഠനത്തിനായി ചേര്‍ന്നു. 1952ല്‍ സാമ്പത്തികശാസ്ത്രത്തില്‍ ബിരുദമെടുത്തു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നും 1955ല്‍ മലയാളത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
1957ല്‍ എറണാകുളം മഹാരാജാസില്‍ അധ്യാപകനായി ഒ.എന്‍.വി ഒൗദ്യോഗിക ജീവിതം ആരംഭിച്ചു. ഇവിടെവെച്ചാണ് ജീവിതസഖിയായ സരോജിനിയെ ആദ്യമായി കണ്ടുമുട്ടുന്നത്. 1958 മുതല്‍ 25 വര്‍ഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും കോഴിക്കോട് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണന്‍ കോളേജിലും തിരുവനന്തപുരം ഗവ: വിമന്‍സ് കോളേജിലും മലയാളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986 മേയ് 31നു ഒൗദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വര്‍ഷക്കാലം കോഴിക്കോട് സര്‍വ്വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസര്‍ ആയിരുന്നു. കുട്ടികളുടെ ദ്വൈവാരികയായ തത്തമ്മയുടെ മുഖ്യ പത്രാധിപരായിരുന്നു. കേരള കലാമണ്ഡലത്തിന്‍്റെ ചെയര്‍മാന്‍, കേന്ദ്ര സാഹിത്യ അക്കാദമി അംഗം , കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു . ഇന്ത്യന്‍ പ്രോഗ്രസ്സീവ് റൈറ്റേഴ്സ് ദേശീയ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട് .

ജ്ഞാനപീഠത്തിനും (2007) പത്മശ്രീ, (1998) പത്മവിഭൂഷണ്‍ (2011) ബഹുമതികള്‍ക്കും പുറമേ ഒട്ടനേകം പുരസ്കാരങ്ങള്‍ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, എഴുത്തച്ഛന്‍ പുരസ്കാരം, ചങ്ങമ്പുഴ പുരസ്കാരം, ഭാരതീയ ഭാഷാപരിഷത്ത് അവാര്‍ഡ്, ഖുറം ജോഷ്വാ അവാര്‍ഡ്, എം.കെ.കെ.നായര്‍ അവാര്‍ഡ്, സോവിയറ്റ്ലാന്‍ഡ് നെഹ്രു പുരസ്കാരം, വയലാര്‍ രാമവര്‍മ പുരസ്കാരം, ആശാന്‍ പുരസ്കാരം, ഓടക്കുഴല്‍ പുരസ്കാരം, ബഹറിന്‍ കേരളീയ സമാജം സാഹിത്യ പുരസ്കാരം, പുഷ്കിന്‍ മെഡല്‍ എന്നിവയാണ് ഒ.എന്‍.വിക്ക് ലഭിച്ച പ്രധാന പുരസ്കാരങ്ങള്‍.

കവിയുടെ രാഷ്ട്രീയം
കൃത്യമായ രാഷ്ട്രീയം കൊണ്ടുനടന്നപ്പോഴും രാഷ്ട്രീയതത്തിന് അതീതമായ നിലപാടുകളും സൂക്ഷിച്ച വ്യക്തിയായിരുന്നു ഒ.എന്‍.വി. 1989ല്‍ ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥിയായി ലോക്സഭയിലേക്ക് തിരുവന്തപുരം മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും എ.ചാള്‍സിനോട് പരാജയപ്പെട്ടിരുന്നു. വിദ്യാര്‍ഥി ജീവിതത്തില്‍ പുരോഗമനപരമായ നിലപാടെടുക്കുകയും കൊല്ലം എസ്.എന്‍. കോളജ് യൂണിയന്‍ ചെയര്‍മാനാകുകയും ചെയ്ത ഒ.എന്‍.വിക്ക് രാഷ്ട്രീയം അന്യമായിരുന്നില്ല. ഒ.എന്‍. വിയുടെ രാഷ്ട്രീയം അദ്ദേഹത്തിന്‍െറ കവിതകളിലും പ്രകടമായിരുന്നു. മാറിമാറി വരുന്ന ഓരോ സാഹചര്യങ്ങിലും വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാട് വെച്ചുപുലര്‍ത്തിയ ഒ.എന്‍.വി അത് കവിതകളിലേക്ക് പകര്‍ത്തി. ആരും മിണ്ടാന്‍ ധൈര്യപ്പെടാത്ത വിഷയങ്ങില്‍ പോലും തന്‍േറതായ ആശയം കൈക്കൊള്ളുകയും അത് തുറന്നു പറയുകയും ചെയ്തിരുന്നു.
മൃത്യുവെ വരിച്ചിട്ടും നീയിന്നും ജീവിക്കുന്നു!/മര്‍ത്ത്യനെ നക്ഷത്രത്തെ സ്നേഹിച്ചു ജീവിക്കുന്നു!/മൃത്യുവും നിന്‍/കൈയിലൊരായുധമായ്ത്തീരട്ടെ(രോഹിത് വെമുലയെ കുറിച്ചെഴുതിയ "മൃത്യുവിലൂടെ അജയ്യത' എന്ന കവിതയില്‍ നിന്ന)
സ്ത്രീയെന്ന സത്യത്തെ /നിന്നിലൂടെത്രമേല്‍/ധീരമായ സൗമ്യമായ് നൊന്തു തോറ്റീയിന്ത്യ (ഇറോം ശര്‍മിളയ്ക്ക്)
മഞ്ഞില്‍ കുളിച്ചീറനായൊരു/കാറ്റിന്ത്യന്‍ മണ്ണില്‍നിന്നും വടക്കോട്ടുവീശീടുകില്‍,/ആയതില്‍ സ്വര്‍ണശലഭങ്ങള്‍ പാറീടുകില്‍
ആര്‍ക്കു തടുക്കാനാകുമവറ്റയെ, പാടൂ ഗുലാം അലി/നിന്‍ സംഗീത മാധുരി പൊയ്യെും നിലാമഴയെന്നപോല്‍
ഈ കവിതകള്‍ ചെറിയ ഉദ്ദാഹരങ്ങള്‍ മാത്രമാണ്. ഒ.എന്‍.വി ഏറ്റവും ഒടുവിലെഴുതിയത് മൃണാളിനി സാരാഭായിയെ കുറിച്ചുള്ള ‘അനശ്വരതയിലേക്ക്’ എന്ന കവിതയാണ്.

ഒരു വട്ടം കൂടി

നാമിന്നു നേരിടുന്ന പല പുതിയ പ്രതിസന്ധകള്‍ക്കും മധുരമൂറുന്ന കവിതകളിലൂടെ ഉപദേശവും സാന്ത്വനവും നല്‍കാന്‍ കവിയില്ലാതെ പോയല്ലോയെന്ന ആശങ്ക അവശേഷിക്കുകയാണ്. എന്നിരുന്നാലും എല്ലാ ചോദ്യങ്ങള്‍ക്കും എല്ലാ സമസ്യകള്‍ക്കുമുള്ള ഉത്തരം ഒ.എന്‍.വി നേരത്തേ തന്നെ നമ്മുക്ക് നല്‍കി കഴിഞ്ഞിട്ടുണ്ട്.
നിന്‍്റെ വാക്കുകളില്‍ കൂടി/നീയുയിര്‍ത്തെഴുന്നേല്‍ക്കുക!/മൃത്യുവെ വെന്നു നീയെന്നും/മര്‍ത്ത്യ ദു$ഖങ്ങളാറ്റുക (മരണത്തിനപ്പുറം)
അതേ, അദ്ദേഹത്തിന്‍െറ വരികളെന്നും മര്‍ത്യന്‍െറ ഓരോ ചുവടിലും അവനൊപ്പമുണ്ട്. കൈപിടിച്ചുയര്‍ത്താന്‍, അനാധി ദു$ഖങ്ങളകറ്റാന്‍, ഉപാധികളില്ലാതെ സ്നേഹിക്കാന്‍.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onv kurup
News Summary - ONV KURUP
Next Story