അസാധാരണ നന്മയുടെ പ്രകാശനം
text_fieldsകഴിഞ്ഞദിവസം അന്തരിച്ച പ്രഫ. പന്മന രാമചന്ദ്രൻ നായരെ പ്രഫ. എം.കെ. സാനു അനുസ്മരിക്കുന്നു
പരിചയപ്പെട്ട കാലം മുതൽതന്നെ പന്മന രാമചന്ദ്രൻ നായർ കാണുേമ്പാഴെല്ലാം ഭാഷാശുദ്ധിയെക്കുറിച്ച് പറയുമായിരുന്നു. സയൻസ് പഠിച്ചശേഷം മലയാളം പഠിക്കാൻ ചെന്നയാളാണ് ഞാൻ. തെറ്റുകൂടാതെ എഴുതാം എന്നല്ലാതെ ഭാഷയുടെ എല്ലാ നിയമങ്ങളും എനിക്ക് അറിയുമായിരുന്നില്ല. തെറ്റുകൾ വന്നാൽ അദ്ദേഹം അത് ചൂണ്ടിക്കാണിച്ച് ശരിയായ രൂപം പറഞ്ഞുതരുകയും ചെയ്തിരുന്നു.
പന്മന പിന്നീട് പി.കെ. പരമേശ്വരൻ നായർ ട്രസ്റ്റിെൻറ ഭാരവാഹിയായി. ട്രസ്റ്റ് ഭാരവാഹി എന്ന നിലയിൽ ഏറ്റെടുത്ത ചുമതലകൾ ഇത്രയും വിദഗ്ധമായും കാര്യക്ഷമമായും നിർവഹിച്ച മറ്റൊരാളെ ഞാൻ മലയാളത്തിൽ കണ്ടിട്ടില്ല. എല്ലാ വർഷവും ഒാരോ വിഷയം എടുക്കും. ഒരിക്കൽ എന്നെ ഏൽപിച്ച വിഷയം നോവലോ ചെറുകഥയോ ആണ്. പോയൻറുകൾ എഴുതി നൽകിയാൽ മതി. അത് പുസ്തകമായി അച്ചടിച്ചുവരും. മാരാരെക്കുറിച്ചും സി.ജെ. തോമസിെൻറ നാടകങ്ങളെക്കുറിച്ചും ഞാൻ എഴുതിക്കൊടുത്തിരുന്നു. തകഴിയെക്കുറിച്ചുള്ളത് മനോഹരമായ പുസ്തകമായിരുന്നു. അതിലേക്ക് എനിക്ക് എഴുതിക്കൊടുക്കാൻ കഴിഞ്ഞില്ല. എങ്കിലും ഉപഹാരമായി ഒരു കോപ്പി എനിക്ക് അയച്ചുതന്നു.
എക്കാലവും ആത്മാർഥതയും ക്ഷമാശീലവുമുള്ള സുഹൃത്തായിരുന്നു പന്മന. ഇങ്ങനെയൊരു സുഹൃത്തിനെ കാണാൻതന്നെ പ്രയാസമാണ്. നമ്മളെക്കൊണ്ട് കാര്യങ്ങളൊക്കെ ചെയ്യിക്കും. ചെയ്തുകഴിഞ്ഞാൽ അഭിനന്ദിക്കും. അദ്ദേഹം ചെയ്യേണ്ടത് അദ്ദേഹംതന്നെ ചെയ്യും. ഭാഷാശുദ്ധിയെക്കുറിച്ച് പന്മന എഴുതിയ പുസ്തകം ആ ശാഖയിൽ മലയാളത്തിലെ ഏറ്റവും മികച്ച പുസ്തകങ്ങളിൽ ഒന്നാണ്. നളചരിതത്തെക്കുറിച്ച അദ്ദേഹത്തിെൻറ വ്യാഖ്യാനം ആ ശാഖയിലും ഒറ്റപ്പെട്ട് നിൽക്കുന്നു. പന്മനയുടെ വ്യക്തിത്വം വിളംബരം ചെയ്യുന്നവ കൂടിയാണ് ഇൗ കൃതികൾ.
ആരെയും ഒരിക്കലും കുറ്റം പറയാറില്ല എന്നത് പന്മനയുടെ വ്യക്തിത്വത്തിെൻറ സവിശേഷതയാണ്. എല്ലാ സൽകർമങ്ങളെയും അഭിനന്ദിക്കുകയല്ലാതെ മറ്റൊരാളുടെ ദോഷം ചൂണ്ടിക്കാണിക്കാൻ ഒരിക്കലും തുനിഞ്ഞ് കണ്ടിട്ടില്ല. നല്ലതിനെ അഭിനന്ദിക്കുന്നതിനൊപ്പം യോജിക്കാൻ കഴിയാത്ത കാര്യങ്ങൾ കണ്ടാൽ മൗനംപാലിക്കുന്നതായിരുന്നു അദ്ദേഹത്തിെൻറ രീതി. അസാധാരണമായ നന്മയുടെ പ്രകാശനമാണ് ആ ജീവിതം.
ഒടുവിൽ ആരോഗ്യപരമായി തീർത്തും അവശനായ ഘട്ടത്തിലും ആവശ്യമുള്ളപ്പോഴെല്ലാം എന്നെ ഫോണിൽ ബന്ധപ്പെടുമായിരുന്നു. എഴുത്തുകുത്തുകളും ധാരാളം നടത്തിയിരുന്നു. ഏറ്റെടുത്ത ചുമതലകൾ ഭംഗിയായും ക്ഷമാശീലത്തോടെയും നിർവഹിക്കുന്ന കാര്യത്തിൽ അവസാനകാലം വരെ അദ്ദേഹം നിഷ്കർഷ പുലർത്തി. നമ്മുടെ ഏറ്റവും മികച്ച ജീവചരിത്രകാരൻമാരിൽ ഒരാളാണ് പി.കെ. പരമേശ്വരൻ നായർ. അദ്ദേഹത്തിന് പന്മന ഉണ്ടാക്കിയതുപോലൊരു സ്മാരകം മറ്റൊരു എഴുത്തുകാരന് ഉണ്ടാക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. മറ്റ് സ്മാരകങ്ങളുടെ ഭാരവാഹികൾ യോഗങ്ങൾ വിളിച്ചുകൂട്ടുകയും തട്ടുപൊളിപ്പൻ പ്രസംഗങ്ങൾ നടത്തുകയും ചെയ്യുേമ്പാൾ സ്ഥായിയായ രചനാത്മക പ്രവർത്തനങ്ങളാണ് പന്മന കാഴ്ചവെച്ചത്.
അസുലഭമായ ഗുണങ്ങളുടെ വിളനിലമായിരുന്ന ഒരു മഹാവ്യക്തിത്വത്തെയാണ് പന്മനയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.