പൊതുഇടത്തിലെ സ്ത്രീ ശരീരം
text_fieldsലിംഗപദവി, അധികാരം, ലിംഗനീതി തുടങ്ങിയ വിഷയങ്ങൾ സ്വരഭേദങ്ങളോടെ ചർച്ചചെയ്യപ്പെടുന്ന ഇടങ്ങളായി ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും പൊതുമണ്ഡലങ്ങൾ മാറുന്നത് 1990ന് ശേഷമാണ്. 1991ന് ശേഷമുള്ള നവഉദാരീകരണത്തിെൻറ കാലത്താണ് ഒരു രാഷ്ട്രീയ വ്യവഹാരമെന്ന നിലക്ക് ഇവ ഇന്ത്യയിൽ കൂടുതലായി പ്രത്യക്ഷപ്പെടാനും ചർച്ചചെയ്യപ്പെടാനും തുടങ്ങുന്നത്. ഈ ‘പ്രത്യക്ഷ’ത്തിെൻറ നിർമിതി എപ്രകാരമാണ് എന്ന അന്വേഷണമാണ് കാർമൽ ക്രിസ്റ്റിയുടെ ‘Sexuality and Public Space in India: Reading the Visible’ എന്ന പുസ്തകം നടത്തുന്നത്. രീതിശാസ്ത്രപരമായി മാധ്യമപഠനം, സാംസ്കാരിക പഠനം തുടങ്ങിയ വൈജ്ഞാനിക മേഖലകളെ അടിസ്ഥാനപ്പെടുത്തി കേരളത്തിലെ പൊതുമണ്ഡലത്തിൽ സ്ത്രീയുടെ ലിംഗ-ജാതി പദവിയുമായി ബന്ധപ്പെട്ടുകൊണ്ട് ലൈംഗികതയെ സംബന്ധിക്കുന്ന പൊതുവ്യവഹാരങ്ങൾ രൂപപ്പെട്ടുവരുന്നതെങ്ങനെയെന്ന് ഈ പുസ്തകം വിശദമായി ചർച്ചചെയ്യുന്നു.
ലിംഗപദവി-ലൈംഗികത എന്നീ സംവർഗങ്ങളെ കുറിച്ചുള്ള ദാർശനിക നിഗമനങ്ങളിൽ മിഷേൽ ഫൂക്കോ, ജൂഡിറ്റ് ബട്ലർ, സബാ മെഹമൂദ് എന്നീ ചിന്തകർ കൈക്കൊള്ളുന്ന നിലപാടുകൾ തമ്മിലുള്ള വ്യതിരിക്തതയിൽ ഊന്നിയാണ് കാർമൽ ക്രിസ്റ്റി തെൻറ നിലപാടുകളുടെ ആശയാടിത്തറ കെട്ടിപ്പടുക്കുന്നത്. കർതൃത്വത്തെ പരിണാമസാധ്യവും പ്രകടനസാധ്യത ഉള്ളതുമായ ഒന്നായി മനസ്സിലാക്കുന്ന ബട്ലറുടെ ചിന്തയെ പിന്തുടരുേമ്പാൾതന്നെ അതിനെ വിമർശനാത്മകമായി പരിശോധിക്കുന്നു. ബട്ലറെപോലെ ക്രിസ്റ്റിയും അധികാരത്തിെൻറ വൈജാത്യസ്വഭാവത്തെയും വ്യത്യസ്തപ്രതലങ്ങളിൽ അതുണ്ടാക്കുന്ന പ്രത്യേകതരം സ്വാധീനങ്ങളെയും മാനിക്കുന്നു. ആയതിനാൽ സംവാദാത്മകയുക്തിയുടെ പ്രകാശനത്തിെൻറ ഇടമായി ഹാബർമാസ് ചൂണ്ടിക്കാണിച്ച ഏകാത്മക സ്വഭാവമുള്ള പൊതുമണ്ഡലം എന്ന സങ്കൽപമല്ല മറിച്ച് നാൻസി ഫ്രേസറെ പിന്തുടർന്നുകൊണ്ട് രാഷ്ട്രീയവും സംസ്കാരവും ഇടകലർന്നു രൂപപ്പെടുത്തുന്ന വ്യത്യസ്ത ‘പൊതു സ്ഥല’ങ്ങളെയും ലൈംഗികതയെ പറ്റിയുള്ള വ്യവഹാരങ്ങൾ അവിടെ രൂപംകൊള്ളുന്നതിെൻറ രീതിയുമാണ് ഈ പുസ്തകം പ്രശ്നവത്കരിക്കുന്നത്.
ലിംഗപദവി-ലൈംഗികത തുടങ്ങിയ ആശയങ്ങളെ കേന്ദ്രവിഷയമായി സ്വീകരിച്ചിട്ടുള്ള മറ്റു പഠനങ്ങളിൽനിന്നും ഈ പുസ്തകം അടിസ്ഥാനസമീപനത്തിൽ വ്യത്യസ്തമാകുന്നത് സ്ത്രീയുടെ ലിംഗപദവിയെയും അതുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളെയും മനസ്സിലാക്കുന്നതിന് ജാതിയെ പ്രമുഖ ധാരണയായി ഉപയോഗിക്കുന്നിടത്താണ്. ലിംഗപദവിയും ജാതിയും തനതു സ്വഭാവമുള്ള ഒറ്റപ്പെട്ട സംവർഗങ്ങളായല്ല മറിച്ച് പരസ്പരം ബന്ധപ്പെട്ടുനിൽക്കുന്നതും അന്യോന്യം സ്വാധീനം ചെലുത്തുന്നതുമായ പദവികളായാണ് ഇവിടെ വിശദീകരിച്ചിരിക്കുന്നത്.
ലൈംഗികതയുമായി ബന്ധപ്പെട്ട് കേരളത്തിൽ 1990നുശേഷം നടന്നിട്ടുള്ള വ്യവഹാരങ്ങളെ മനസ്സിലാക്കുന്നതിന് നാലു പ്രധാനപ്പെട്ട ഇടങ്ങളെയാണ് ഈ പുസ്തകം വിശകലനവിധേയമാക്കുന്നത്. അവ അച്ചടിമാധ്യമങ്ങൾ, നിയമവ്യവഹാരം, സിനിമ, ആത്മകഥ എന്നിവയാണ്. തൊണ്ണൂറുകൾക്ക് ശേഷം കേരളത്തിലെ പൊതുവ്യവഹാരങ്ങളിൽ ലൈംഗികത ചർച്ച ചെയ്യപ്പെടുന്നത് പത്രമാധ്യമങ്ങൾ സൃഷ്ടിച്ചെടുത്ത പുതിയ ചില പദാവലികളുടെ സഹായത്തോടുകൂടിയാണ്. സൂര്യനെല്ലി കേസുമായി ബന്ധപ്പെട്ട പത്രറിപ്പോർട്ടുകൾ പരിശോധിച്ചാണ് പുസ്തകം ഈ വിഷയത്തെ വിശദീകരിക്കുന്നത്. പീഡനം, പെൺവാണിഭം, സെക്സ് റാക്കറ്റ് തുടങ്ങിയ പദാവലികൾ ഈ സന്ദർഭത്തിൽ മാധ്യമങ്ങൾ പുതിയതായി സൃഷ്ടിച്ചെടുത്തതാണ്. ബലാത്സംഗം, മാനഭംഗം തുടങ്ങിയ പൊതുവിൽ വ്യവഹരിക്കുന്ന പദങ്ങൾക്കു പകരം പീഡനം, വാണിഭം തുടങ്ങിയ അന്യാർഥ പ്രയോഗസാധ്യതയുള്ള പദങ്ങൾ ഉപയോഗിക്കപ്പെടുന്നതോടുകൂടി പ്രസ്തുത വിഷയത്തിെൻറ സ്വഭാവവും അതിനോടുള്ള പൊതു സമീപനവും മാറ്റത്തിനു വിധേയമാകുന്നുണ്ടെന്ന് പുസ്തകം നിരീക്ഷിക്കുന്നു. പീഡനം എന്ന പദം അംഗീകാരം നേടുന്നതോടുകൂടി ബലാത്സംഗം എന്ന പദം ഉപയോഗിക്കുന്നതിലും ലാഘവത്വത്തോടെ, ഇരയാക്കപ്പെട്ട പെൺകുട്ടിയെയും അവൾ ഇരയാക്കപ്പെട്ട രീതിയെയും സാഹചര്യത്തെയുമൊക്കെ പറ്റി എളുപ്പത്തിൽ എവിടെവെച്ചും മറ കൂടാതെ സംസാരിക്കാൻ സാധിക്കുന്ന അവസ്ഥ നിലവിൽ വരുന്നു. ഈ മാറ്റത്തെ പക്ഷേ ലൈംഗികതയെ ആഴത്തിൽ ചർച്ചചെയ്യുന്ന ഒരു പുതിയ ഇടത്തിെൻറ പിറവിയായിട്ടല്ല, മറിച്ച് നിലനിൽക്കുന്ന പൊതു ഇടങ്ങളെ ലൈംഗികതയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങൾ പൂർവാധികം അനായാസമായി നടത്തുന്നതിന് പ്രാപ്തമാക്കുകയാണ് ചെയ്തത് എന്ന് ഗ്രന്ഥകാരി വാദിക്കുന്നു.
ലൈംഗികതയെ പ്രതിപാദ്യ വിഷയമാക്കിയ മാധ്യമ റിപ്പോർട്ടുകൾ, മിമിക്സ് പരേഡ്, പാരഡി കഥാവതരണങ്ങൾ തുടങ്ങിയ വ്യത്യസ്ത സന്ദർഭങ്ങളെ വിശകലനം ചെയ്തുകൊണ്ട് പുതിയ പദ നിർമിതികളിലൂടെ ഭാഷ എപ്രകാരമാണ് സാംസ്കാരികബോധത്തെ പുതുതായി ചിട്ടപ്പെടുത്തുന്നതെന്നാണ് രണ്ടാമധ്യായം ചർച്ചചെയ്യുന്നത്. ഈ വിഷയത്തിലേക്ക് ഗ്രന്ഥകാരി എത്തിച്ചേരുന്നത് 1990കളോടെ കേരളത്തിൽ സജീവമാകുന്ന പെണ്ണെഴുത്തിെൻറ രാഷ്ട്രീയവും, മണ്ഡൽ കമീഷൻ റിപ്പോർട്ടിെൻറ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നടന്ന ജാതി-യോഗ്യത തർക്കങ്ങളുടെയും വിശകലനത്തിലൂടെയാണ്.
കേരളത്തിലെ പൊതുസ്ഥലങ്ങളിൽ ജാതി-ലിംഗ ബന്ധങ്ങൾ പ്രകടമാക്കപ്പെടുന്നത് എപ്രകാരമാണെന്നുള്ള വിശദമായ അന്വേഷണമാണ് മൂന്ന് അധ്യായങ്ങളിൽ. വ്യത്യസ്ത സാമൂഹികവിഭാഗങ്ങളുടെ സവിശേഷ പ്രശ്നങ്ങളോട് ‘അറിവില്ലായ്മ’ പുലർത്താനുള്ള കഴിവ് കേരളത്തിലെ പൊതുസ്ഥലങ്ങൾക്ക് പൊതുവായുള്ള ഒരു ഗുണമായി ഇവിടെ ചൂണ്ടിക്കാണിക്കുന്നു. പൊതുസ്ഥലങ്ങൾ ജാതിയുമായി ബന്ധപ്പെട്ട് പുലർത്തുന്ന ഈ അജ്ഞതയുടെ യുക്തി ഒരേസമയം അസാന്നിധ്യവും-സാന്നിധ്യവും കൂടിക്കലർന്ന സങ്കീർണമായ ഒരു പ്രതിഭാസമായിട്ടാണ് പുസ്തകം വിശദീകരിക്കുന്നത്. പൊതുസ്ഥലത്ത് ജാതിയുമായി ബന്ധപ്പെട്ട പ്രത്യക്ഷമായ വ്യവഹാരങ്ങളുടെ അഭാവം യഥാർഥത്തിൽ സാമൂഹിക സാംസ്കാരിക ഇടപെടലുകളിൽ അന്തർലീനമായി നിലനിൽക്കുന്ന ജാതിയുടെ സാന്നിധ്യംതന്നെയാണ് എന്ന കേന്ദ്രവാദം മൂന്നാമധ്യായം മുന്നോട്ടുവെക്കുന്നു. ജാതിയുടെ ഇത്തരത്തിലുള്ള അസാന്നിധ്യത്തിെൻറ സാന്നിധ്യമാണ് കേരളത്തെ വ്യത്യസ്തവും പുരോഗമന സ്വഭാവവുമുള്ള ഒരു പ്രദേശമായി ചിത്രീകരിക്കാൻ സഹായിക്കുന്നത്.
സൂര്യനെല്ലിക്കേസുമായി ബന്ധപ്പെട്ടുവന്ന പത്രറിപ്പോർട്ടുകൾ, ലാൽജോസിെൻറ സംവിധാനത്തിൽ പുറത്തുവന്ന ‘അച്ഛനുറങ്ങാത്ത വീട്’ എന്ന സിനിമ, പ്രസ്തുത കേസുമായി ബന്ധപ്പെട്ട കോടതിവിധി എന്നിവ പരിശോധിച്ച് സ്ത്രീ-ലിംഗം-ജാതി എന്നിവ തമ്മിലുള്ള ബന്ധം കേരളത്തിെൻറ പൊതുബോധത്തിലും പൊതുസ്ഥലത്തും എപ്രകാരമാണ് നിലനിൽക്കുന്നതെന്നും ആവിഷ്കരിക്കുന്നതെന്നും വിശദീകരിക്കാനുള്ള വിശദമായ ശ്രമം ഈ അധ്യായത്തിലുണ്ട്. ഇരയാക്കപ്പെട്ട പെൺകുട്ടിയുടെ ജാതി, സ്വഭാവം എന്നിവയെ മാധ്യമങ്ങൾ എപ്രകാരമാണ് അനുമാനിച്ചെടുത്തത് എന്നും അതേ ധാരണയെ ഉൾക്കൊണ്ട് കോടതി നടത്തിയ വിധി പ്രഖ്യാപനവും മൂന്നാമധ്യായത്തിൽ ചർച്ചക്ക് വിധേയമാക്കുന്നു. ലിംഗ പദവി, ആരോപിക്കപ്പെടുന്ന ജാതി, ബലാത്സംഗത്തിനിരയായ കുട്ടിക്ക് നീതിയല്ല കൽപിച്ചു നൽകുന്നത്. മറിച്ച് ഒരു മതന്യൂനപക്ഷത്തിലും പിന്നാക്ക ജാതിയിലും സ്ത്രീയെ സമൂഹം സദാചാരമില്ലാത്തവളും മോശമായ സ്ത്രീയുമായാണ് ചിത്രീകരിക്കുന്നത്.
ലൈംഗിക തൊഴിൽ ചെയ്തു ജീവിക്കുന്ന പിന്നാക്ക ജാതിയിൽപെട്ട നളിനി ജമീല എന്ന സ്ത്രീയുടെ ആത്മകഥയെ വിശകലനം ചെയ്യുന്നതാണ് നാലാമധ്യായം. മലയാളത്തിലെ പ്രധാനപ്പെട്ട ആത്മകഥാരചനകളിൽ സ്വയം വെളിവാക്കുന്നതിെൻറ രീതി ആമുഖമായി വിശദീകരിച്ചാണ് ക്രിസ്റ്റി ‘ഞാൻ ലൈംഗിക തൊഴിലാളി- നളിനി ജമീലയുടെ ആത്മകഥ’ എന്ന പുസ്തകം വിശകലനം ചെയ്യുന്നത്. പൊതുസമൂഹവും സ്റ്റേറ്റും ഒരു ലൈംഗിക തൊഴിലാളിയുടെമേൽ ആരോപിക്കുന്നതുപോലെ ഇരയാക്കപ്പെട്ട, നിസ്സഹായയായ, രക്ഷിക്കപ്പെടേണ്ടവളായ ഒരു ദുർബല സ്ത്രീയായി നളിനി ജമീല തെൻറ തൊഴിലിനെയോ തന്നെത്തന്നെയോ കാണുന്നില്ല എന്നതാണ് ഇവിടെ ഗ്രന്ഥകാരി നടത്തുന്ന പ്രധാനപ്പെട്ട നിരീക്ഷണം. അതിനാൽ തന്നെ ഇര- ചെറുത്തുനിൽപ് എന്നുള്ള വൈരുധ്യങ്ങളിലൂടെ വിശദീകരിക്കാൻ കഴിയുന്നതിലും സങ്കീർണമാണ് ജമീലയുടെ പൊതു /സ്വകാര്യ ജീവിതങ്ങൾ. മാത്രവുമല്ല, സ്ത്രീയുടെ പൊതു (തൊഴിൽ ചെയ്യുന്ന ഇടം), സ്വകാര്യ (കുടുംബിനി എന്ന സ്ഥാനം വഹിക്കുന്ന ഇടം) ഇടങ്ങളെ രണ്ടു വ്യത്യസ്ത സ്ഥലങ്ങളായി മനസ്സിലാക്കുന്ന വിശകലന യുക്തി നളിനി ജമീലയുടെ ആത്മകഥയിൽ അസാധുവാക്കപ്പെടുന്നുണ്ടെന്നും ക്രിസ്റ്റി ഈ അധ്യായത്തിൽ വാദിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ ഇത്തരത്തിൽ പൊതുബോധത്തിനുള്ളിൽ മറച്ചുവെക്കപ്പെട്ടിട്ടുള്ള അവസ്ഥയിൽ സജീവമായി നിലനിൽക്കുന്ന ജാതി-ലിംഗം-സ്വത്വം എന്നിവയെ പറ്റിയുള്ള ധാരണകൾ പൊതുസ്ഥലങ്ങളിൽ പ്രകടമാക്കപ്പെടുന്നതിെൻറ യുക്തിയെയും അത്തരം വെളിവാക്കലുകളിലൂടെ രൂപപ്പെട്ടുവരുന്ന പൊതുസ്ഥലങ്ങളുടെ സ്വഭാവത്തെയും സൈദ്ധാന്തികവും പ്രായോഗികവുമായി അപഗ്രഥിക്കാനുള്ള ശ്രമമാണ് കാർമൽ ക്രിസ്റ്റി പുസ്തകത്തിൽ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.