Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightമരുഭൂമിയിലെ...

മരുഭൂമിയിലെ അക്ഷരസുഗന്ധം

text_fields
bookmark_border
മരുഭൂമിയിലെ അക്ഷരസുഗന്ധം
cancel
camera_alt?????? ??????????????????? ???????????????? ??????????, ???????????? ?????????????????????? ??. ??????????, ????????? ???????? ????????????

ഷാര്‍ജ വീണ്ടും അക്ഷരവസന്തത്തില്‍ പൂത്തുലഞ്ഞു. ലോകത്തിന്‍െറ പല ഭാഗങ്ങളില്‍നിന്ന് അക്ഷരപ്രേമികള്‍ നവംബറിലെ തണുപ്പില്‍ പുസ്തകങ്ങളുടെയും വാക്കുകളുടെയും ഊഷ്മളത തേടി ഷാര്‍ജ എക്സ്പോ സെന്‍ററിലെ സാംസ്കാരിക ‘ദേവാലയ’ത്തില്‍ ഇരമ്പിയത്തെി. പലര്‍ക്കുമിത്  വാര്‍ഷിക തീര്‍ഥാടനം പോലെയാണ്. അറിവിന്‍െറ പുസ്തകഗന്ധം നിറഞ്ഞുനിന്ന വേദികളില്‍ പറയപ്പെട്ട വാക്കുകളില്‍നിന്നും എഴുതപ്പെട്ട അക്ഷരങ്ങളില്‍നിന്നും ലഭിച്ച ചിന്താ ഊര്‍ജവും ആവേശവും സംതൃപ്തിയും അടുത്ത നവംബറിലെ മറ്റൊരു തിരിച്ചുവരവിനായി മനസ്സില്‍ സൂക്ഷിച്ചാണ് മടക്കം.  
യു.എ.ഇയിലെ പത്തുലക്ഷത്തോളം വരുന്ന മലയാളി സമൂഹത്തിന് ഒഴിവാക്കാനാവാത്ത സാംസ്കാരിക സംഗമവേദിയാണ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള. 1982ല്‍ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയുടെ അക്ഷരപ്രണയത്തില്‍നിന്ന് ചെറിയ രീതിയില്‍ തുടക്കമിട്ട പുസ്തകമേള ഇന്ന് ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകോത്സവമായി മാറ്റിയതില്‍ മലയാളികളുടെ പങ്ക് എടുത്തുപറയേണ്ടതുതന്നെ. പുസ്തകങ്ങളോട് ചേര്‍ത്തുനിര്‍ത്താന്‍ തങ്ങള്‍ക്ക് ഇങ്ങനെയൊരു അവസരമൊരുക്കിയതിന് ഷാര്‍ജ സുല്‍ത്താനോടുള്ള മലയാളികളുടെ സ്നേഹം വേദികളില്‍ അദ്ദേഹത്തിന്‍െറ പേര് കേള്‍ക്കുമ്പോഴെല്ലാമുള്ള മനംനിറഞ്ഞ കൈയടിയില്‍ മുഴങ്ങിക്കേള്‍ക്കാം.

തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരെയും ചിന്തകരെയും സിനിമാ താരങ്ങളെയും സാംസ്കാരിക പ്രവര്‍ത്തകരെയും നേരില്‍ കാണാനും സംവദിക്കാനുമുള്ള ഇരവും പകലുകളും അവര്‍ ആഘോഷമാക്കുകതന്നെയായിരുന്നു. വമ്പന്‍ ഹോട്ടലുകളിലും ക്ഷണിക്കപ്പെട്ട സദസ്സുകളിലും നടക്കുന്ന വര്‍ണശബളമായ പരിപാടികളില്‍നിന്ന് മാറ്റിനിര്‍ത്തപ്പെടുന്ന സാധാരണക്കാരായ പ്രവാസി സമൂഹമാണ് ഷാര്‍ജ മേളയിലേക്ക് ഒഴുകിയത്തെുക. ദുബൈയിലും ഷാര്‍ജയിലും നടക്കുന്ന താരനിശകളിലും സ്റ്റേജ് ഷോകളിലും വലിയ തുക നല്‍കിയും മറ്റും പ്രവേശനം തരപ്പെടുത്താനാവാത്തവര്‍ക്ക് ഇവിടെ വിലക്കുകളില്ല. വിദൂരങ്ങളില്‍നിന്ന് പൊട്ടുപോലെ നോക്കിക്കണ്ടവരെ കൈപ്പാടകലെ കാണാം. ഒന്നിച്ച് സെല്‍ഫിയെടുക്കാം. സംസാരിക്കാം. സംവദിക്കാം. അതുകൊണ്ടുതന്നെ കുട്ടികളും വീട്ടമ്മമാരും സദസ്സുകളിലും പുസ്തകങ്ങള്‍ തിങ്ങിനിറഞ്ഞ ഇടനാഴികളിലും തടിച്ചുകൂടി. എഴുത്തുകാരുടെ ഒപ്പോടുകൂടി പുസ്തകങ്ങള്‍ വാങ്ങാന്‍ അവര്‍ വരിനിന്നു.  

ഷാര്‍ജ പുസ്തകമേളയെ ഒരിക്കല്‍ അനുഭവിച്ചാല്‍ വീണ്ടും വീണ്ടും വരാന്‍ കൊതിക്കുമെന്ന് പല രാജ്യങ്ങളില്‍നിന്നായി എത്തിയവര്‍ പറയുന്നു. നവംബര്‍ തുടക്കത്തിലെ ഏതാനും ദിവസങ്ങള്‍ ഷാര്‍ജക്ക് വേണ്ടി മാറ്റിവെക്കുന്ന യു.എ.ഇക്ക് പുറത്തുള്ള മലയാളികളുടെ എണ്ണവും കൂടിക്കൂടിവരുകയാണ്. 11 ദിവസം നീണ്ട മേള സ്വന്തം കാര്‍മികത്വത്തില്‍ വിജയിപ്പിക്കേണ്ടത്  ഉത്തരവാദിത്തമാണെന്ന മനോഭാവമാണ് സാഹിത്യതല്‍പരരായ മലയാളികള്‍ക്ക്. രാവിലെ പ്രദര്‍ശനനഗരിയുടെ കവാടം തുറക്കുമ്പോള്‍ എത്തുന്നവര്‍ മുതല്‍ വൈകീട്ട് ജോലി കഴിഞ്ഞ് ഓടിയത്തെി വിവിധ വേദികളിലെ പരിപാടികളില്‍ രാത്രി വൈകും വരെ സജീവമാകുന്നവര്‍. കൂട്ടംകൂടിയും ഗൗരവ ചര്‍ച്ചനടത്തിയും പുസ്തകഗന്ധം ആസ്വദിച്ച് അലസമായി നടന്നും ജന്മനാടും ഭാഷയും സംസ്കാരവുമെല്ലാം തിരിച്ചുപിടിക്കുകയാണവര്‍. ഒരുപക്ഷേ, കേരളത്തേക്കാള്‍ സൗകര്യത്തിലും അടുക്കുംചിട്ടയിലും ആസ്വാദ്യകരമായും മലയാളികള്‍ ഷാര്‍ജ മേള അനുഭവിക്കുന്നുണ്ട്. എഴുത്തിന്‍െറ കുലപതി എം.ടി. വാസുദേവന്‍ നായരെ ഇത്തവണ നേരില്‍ കാണാനും കേള്‍ക്കാനും കഴിയുമെന്ന പ്രതീക്ഷ സഫലമായില്ളെങ്കിലും തലയെടുപ്പുള്ളവര്‍ നിരവധി വേറെ എത്തിയിരുന്നു. ആരോഗ്യപ്രശ്നങ്ങളാണ് എം.ടിയുടെ യാത്ര അവസാനനിമിഷം മാറ്റിച്ചത്. നടന്‍ മമ്മൂട്ടിയെ കാണാന്‍ ബാള്‍റൂമില്‍ തടിച്ചുകൂടിയ ആയിരങ്ങളില്‍ മലയാളികള്‍ മാത്രമല്ല ഉണ്ടായിരുന്നത്. നിത്യയൗവനം വേദിയില്‍ കത്തിനിന്നപ്പോള്‍ സദസ്സില്‍ ആഘോഷാരവങ്ങളുയര്‍ന്നു.

വിവിധ ദിവസങ്ങളിലായി പ്രിയ എഴുത്തുകാരായ എം. മുകുന്ദന്‍, ബെന്യാമിന്‍, സുഭാഷ് ചന്ദ്രന്‍, കെ.പി. രാമനുണ്ണി, ഉണ്ണി ആര്‍, വി. മുസഫര്‍ അഹമ്മദ് എന്നിവര്‍ വായനക്കാരുമായി സംവദിച്ചു. കവിതകള്‍ കേള്‍ക്കാന്‍ മലയാളികള്‍ തിരക്കുകൂട്ടുന്ന കാഴ്ച ഷാര്‍ജയില്‍ മാത്രമേ കാണാനാകൂ. 4000ത്തിലേറെ പേര്‍ക്കിരിക്കാവുന്ന ബാള്‍ റൂം തിങ്ങിനിറയുമ്പോള്‍ പൂത്തുലയുന്നത് മലയാള കവിതയാണ്. ഇത്തവണ സച്ചിദാനന്ദന്‍, ശ്രീകുമാരന്‍ തമ്പി, പ്രഫ. മധുസൂദനന്‍ നായര്‍, പി.എന്‍. ഗോപീകൃഷ്ണന്‍ തുടങ്ങിയവര്‍ വേദിയിലത്തെിയപ്പോള്‍തന്നെ നിലക്കാത്ത കരഘോഷമായിരുന്നു. കവിതയോടൊപ്പം ഹരിഗോവിന്ദന്‍െറ ഇടയ്ക്കയുടെ നാദവും സഞ്ചരിച്ചു. എം.പിയും എഴുത്തുകാരനുമായ ഡോ. ശശി തരൂര്‍ എഴുത്തിന്‍െറ വഴിയില്‍ നടക്കുന്ന മകന്‍ കനിഷ്ക് തരൂരിനൊപ്പമാണ് വേദിയിലത്തെിയത്.

കേരളത്തില്‍ ഇങ്ങനെയൊരു മേള നടത്തുന്നതിന് തന്‍െറ സ്വാധീനം ഉപയോഗിച്ച് ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നായിരുന്നു സുരേഷ് ഗോപി എം.പിയുടെ വാഗ്ദാനം. കേരളത്തില്‍ ഇത്ര മലയാളി സാന്നിധ്യമുള്ള പുസ്തകമേള നടത്താനാവില്ളെന്നാണ് നടനും എം.എല്‍.എയുമായ മുകേഷ് തുറന്നുപറഞ്ഞത്. സാഹിത്യവേദിയില്‍ ഇത്രയും നിറഞ്ഞസദസ്സ് പ്രതീക്ഷിച്ചില്ളെന്ന് സംവിധായകന്‍ ലാല്‍ജോസ് അദ്ഭുതം കൂറി. ഇന്ത്യന്‍ സാന്നിധ്യത്തിന് കൂടുതല്‍ പ്രഭ പരത്താന്‍ കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍, ചേതന്‍ ഭഗത്, നടി ശില്‍പ ഷെട്ടി, ശത്രുഘ്നന്‍ സിന്‍ഹ, മലയാളികൂടിയായ ഗൂഗിള്‍ ബ്രാന്‍ഡ് മാര്‍ക്കറ്റിങ്ങിന്‍െറ ചീഫ് ഇവാഞ്ചലിസ്റ്റ് ഗോപി കല്ലായില്‍, അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവരും ജുഗല്‍ബന്ദിയൊരുക്കാന്‍ ഉസ്താദ് റഈസ് ഖാനും ഹാഫിസ് ഖാനും എത്തി.

വെറും കാഴ്ചയും കേള്‍വിയുമല്ല പ്രവാസ മലയാളത്തിന്‍െറ പങ്കെന്ന് പുസ്തകവില്‍പനയുടെ കണക്കുകള്‍ വിളിച്ചുപറയുന്നു. കേരളത്തില്‍നിന്നുവന്ന 20ലേറെ പ്രസാധകര്‍ പ്രവാസികളുടെ അക്ഷരപ്രിയം കണ്ട് അദ്ഭുതം കൂറുന്നു. മലയാളത്തില്‍ മാത്രം 50ലേറെ പുസ്തകങ്ങള്‍ ഷാര്‍ജയില്‍ പ്രകാശനം ചെയ്യപ്പെട്ടു.  ഇത്തവണ സന്ദര്‍ശകരുടെ എണ്ണത്തിലും പുസ്തക വില്‍പനയിലും മേള പുതിയ റെക്കോഡാണിട്ടത്. 23.10 ലക്ഷം പേരാണ് പുസ്തകഗന്ധം കൊതിച്ചത്തെിയത്. 17.60 കോടി ദിര്‍ഹത്തിന്‍െറ (ഏകദേശം 320 കോടി രൂപ) പുസ്തകങ്ങള്‍ വിറ്റുപോയി. എല്ലാ പുസ്തകങ്ങള്‍ക്കും യഥാര്‍ഥ വിലയുടെ 25 ശതമാനം കിഴിവ് നല്‍കണമെന്ന ഉത്തരവ് വായനക്കാര്‍ക്ക് ഷാര്‍ജ സുല്‍ത്താന്‍െറ സ്നേഹസമ്മാനമാണ്.

60 രാജ്യങ്ങളില്‍നിന്നുള്ള 1,681 പ്രസാധകര്‍ ചേര്‍ന്ന് 15 ലക്ഷത്തോളം പുസ്തകങ്ങള്‍ അണിനിരത്തിയ മേളയില്‍ സംഘാടകര്‍ ഇത്തവണ 17 ലക്ഷം സന്ദര്‍ശകരെയാണ് പ്രതീക്ഷിച്ചിരുന്നത്. 600ലേറെ സ്കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ മേളയില്‍ പങ്കാളികളായി. സാമൂഹിക മാധ്യമങ്ങളില്‍ ‘എസ്.ഐ.ബി.എഫ് 2016’ ഹാഷ്ടാഗില്‍ ഇംഗ്ളീഷിലും അറബിയിലുമായി 10 ലക്ഷത്തിലേറെ പേരാണ് എത്തിയത്. ലോകത്തെ ഒന്നാമത്തെ പുസ്തകമേള എന്ന ലക്ഷ്യത്തിലേക്കുള്ള  വലിയ കുതിപ്പിനപ്പുറം യു.എ.ഇ ഭരണനേതൃത്വത്തിന്‍െറ അക്ഷരാഭിനിവേശവും അക്കപ്പെരുക്കത്തില്‍  പ്രതിഫലിക്കുന്നുണ്ട്. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ ആഹ്വാനമനുസരിച്ച് യു.എ.ഇ വായനവര്‍ഷം ആചരിക്കുമ്പോഴാണ് ‘കൂടുതല്‍ വായിക്കുക’  എന്ന പ്രമേയത്തില്‍ ഷാര്‍ജ മേള അരങ്ങേറിയത്.

മേളയുമായി ബന്ധപ്പെട്ട്  1,417 കലാ, വിനോദ, ഉല്ലാസ, സാംസ്കാരിക, വിദ്യാഭ്യാസ പരിപാടികള്‍ സംഘടിപ്പിച്ചത് സമൂഹത്തിലെ എല്ലാതരം ആളുകളെയും  ആകര്‍ഷിക്കാന്‍ പര്യാപ്തമായിരുന്നു. പ്രസാധക മേഖലയിലെ പുതിയ പ്രവണതകള്‍ വിശകലനം ചെയ്യുന്ന ബിസിനസ് യോഗങ്ങള്‍, പകര്‍പ്പവകാശ കൈമാറ്റത്തിനുള്ള റൈറ്റ്സ് ടേബിള്‍, ലൈബ്രേറിയന്മാര്‍ക്കുള്ള ശില്‍പശാല, സാമൂഹിക മാധ്യമങ്ങള്‍ക്കായി പ്രത്യേക വിഭാഗം, പാചക ഷോ തുടങ്ങിയവ ഇതിലുള്‍പ്പെടും. ഉത്സവാന്തരീക്ഷം തീര്‍ക്കാന്‍ സര്‍ക്കസ് സംഘം നഗരിയില്‍ ചുറ്റിക്കറങ്ങി. നാടകങ്ങളും സംഗീതപരിപാടികളും അരങ്ങിലത്തെി. സന്ദര്‍ശകരുടെ ബാഹുല്യം കണക്കിലെടുത്ത് അടുത്ത വര്‍ഷം പുതിയ വേദിയിലേക്ക് മേള മാറ്റുകയാണ്. 25,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള എക്സ്പോ സെന്‍ററില്‍നിന്ന് അല്‍തായിയിലെ 60,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കൂടുതല്‍ സൗകര്യങ്ങളോടെയുള്ള വേദിയിലേക്കാണ് ഷാര്‍ജ പുസ്തക മേള പറിച്ചുനടുന്നത്.

മൂന്നര പതിറ്റാണ്ടായി പ്രഭ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ അക്ഷരവെളിച്ചത്തിന് പിന്നിലെ ഊര്‍ജസ്രോതസ്സ് ഏതെന്ന് ചോദിച്ചാല്‍ മേളയുടെ ചുക്കാന്‍ പിടിക്കുന്ന പയ്യന്നൂര്‍കാരന്‍ മോഹന്‍കുമാര്‍ ഒറ്റപ്പേരില്‍ ഉത്തരം കണ്ടത്തെും. ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി. അക്ഷരങ്ങളെ അത്രമേല്‍ സ്നേഹിക്കുന്ന നന്മയുടെയും സംസ്കാരസമ്പന്നതയുടെയും പ്രതീകമായ സുല്‍ത്താന്‍ വായന പ്രോത്സാഹിപ്പിക്കാനായി നടപ്പാക്കുന്ന പദ്ധതികള്‍ക്കും ചെലവാക്കുന്ന പണത്തിനും കണക്കില്ല. പുസ്തകമേള നഗരിയില്‍ അദ്ദേഹം പലവട്ടം നേരിട്ടത്തെും. കഴിഞ്ഞ 35 വര്‍ഷവും മേള ഉദ്ഘാടനം ചെയ്തതും നിരവധി പുസ്തങ്ങളുടെ കര്‍ത്താവായ സുല്‍ത്താന്‍തന്നെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sharjah international book fair
News Summary - sharjah international book fair
Next Story