ഹാർമോണിയ കട്ടകളിൽ തുളുമ്പിയ ശോകഗാനം
text_fieldsമുതലക്കുളം മൈതാനത്തിെൻറ വടക്ക് കിഴക്കെ മൂലയിലെ കമ്പിവേലി നൂണ്ട് ചെല്ലുന്ന ഒരാ ൾ എത്തിച്ചേരുക പാവമണി റോഡിെൻറ വടക്കും തെക്കുമായി നിരങ്ങനെ നിൽക്കുന്ന പൊലീസ് ക്വാർേട്ടഴ്സുകളുടെ മുറ്റത്തേക്കാണ്. കോട്ടപ്പറമ്പാശുപത്രിയിൽനിന്നുള്ളവരുടെ ഒരു കുറുക്ക് വഴി. പാവമണി നിരത്തിെൻറ ഇരുപുറത്തുമായാണ് അക്കാലത്ത് പൊലീസ് ക്വാർേട്ടഴ്സുകൾ ഉണ്ടായിരുന്നത്. മുതലക്കുളം മൈതാനത്തിെൻറ ചുറ്റിലുമായി പണ്ടുണ്ടായിരുന്ന കമ്പിവേലി ആൾക്കാർ ഇല്ലാതാക്കിയതാണ്. കമ്പിവേലി കാലപ്പഴക്കം കാരണം തുരുെമ്പടുത്തുപോയി എന്നാണ് ന്യായം.
കൽത്തൂണുകൾ ചെങ്കല്ലിെൻറ ആവശ്യക്കാർ പോകപ്പോെക ഇളക്കിയെടുത്തതുകൊണ്ടുപോയിയെന്നും കേട്ടു. നല്ല തെളിവെള്ളമൂറുന്ന ഒന്നാംതരം കിണറും അലക്കുകൾക്കുള്ള പെരുത്ത കല്ലുകളും അവിടെതന്നെയുണ്ട് (അലക്കുകല്ലുകളെ പിൽക്കാലത്ത് രാമദാസ് വൈദ്യരും ചില രസികന്മാരും പൊന്നാട ചാർത്തി ആദരിച്ചത് പഴയ കോഴിക്കോടൻ തമാശകളിലൊന്ന്). ക്വാർേട്ടഴ്സിൽ പാർക്കുന്ന പൊലീസുകാർ ഡ്യൂട്ടികഴിഞ്ഞ് അവിടെയെത്താനുള്ള എളുപ്പവഴി അതാക്കി. മാരിയമ്മൻകോവിലിൽ സന്ധ്യാപൂജക്കെത്തുന്നവർ വെയിലേറ്റുണങ്ങിയ വസ്ത്രങ്ങൾ ചുരുട്ടിയെടുക്കുന്ന ദോബികൾക്കിടയിലൂടെ അമ്മയെ തൊഴുത് വിളക്ക് കണ്ടുപോകുന്നതും വരുന്നതുമൊക്കെ മുതലക്കുളം മൈതാനത്തുകൂടിയാക്കി.
മൈതാനം നിറച്ച് മുളക്കാലുകൾ വിലങ്ങനെ പിണച്ച് നിർത്തി അയലുകെട്ടി ഇൗർപ്പം വിടാത്ത തുണിത്തരങ്ങൾ കോർത്ത് തൂക്കിയിടുന്നത് വഴിയാത്രക്കാർക്ക് ഒരു ബുദ്ധിമുട്ടായി തോന്നിയില്ല. പൊരിവെയിലാണെങ്കിലും അതുവഴി പോകുന്നവർക്ക് പുഴുങ്ങിയ കാരത്തിെൻറയും പതഞ്ഞ സോപ്പിെൻറയും വാട അലോസരമായില്ല. ഉച്ചവെയിലത്ത് അതൊരു തണുപ്പാണല്ലോ. പെണ്ണുങ്ങളും കുട്ടികളുമാണേറെയും. പകൽനേരങ്ങളിൽ അതുവഴി സഞ്ചാരം. ചിലപ്പോഴൊക്കെ ആക്രിക്കച്ചവടക്കാരും. ക്വാർേട്ടഴ്സിൽ പാർക്കുന്ന പൊലീസ് കുടുംബവും സ്കൂൾ ചെക്കന്മാരും.
വഴിപോകുന്നവർക്ക് ഇടതിങ്ങി ഞെരുങ്ങി നിൽക്കുന്ന ക്വാർേട്ടഴ്സുകളിലൊന്നിൽനിന്ന് മധുരതരമായ ശോകഗാനങ്ങൾ ഇടക്കിടെ കേൾക്കാം. പതിഞ്ഞ ശബ്ദത്തിൽ ശാന്തഗംഭീരമായുയർന്ന ആ ഗാനത്തിെൻറ ഉറവിടമേത് എന്ന് മാരിയമ്മൻ കോവിലിലെ പൂജ കഴിഞ്ഞ് തിരിച്ചുപോകുന്നവർെക്കാക്കെ ഏതാണ്ട് അറിയാം. മുതലക്കുളം മൈതാനത്തിെൻറ കിഴക്ക്ഭാഗത്ത് പന്തലിച്ചു പടർന്ന അശോകമരച്ചുവട്ടിലിരുന്ന് ശീട്ടുകളിച്ച് സമയം പാഴാക്കുന്ന ശീട്ടുകളിക്കാർക്കും കളിയൊത്താശക്കാരായി ചുറ്റിപ്പറ്റി വട്ടംകൂടി നിൽക്കുന്ന വാളോർക്കന്മാർക്കും അറിയാം, ആ ഗാനം ഒഴുകിവരുന്നത് ഹെഡ്കോൺസ്റ്റബിൾ കുഞ്ഞമ്മദ്ക്കായുടെ ക്വാർേട്ടഴ്സിെൻറ മുൻഭാഗത്തെ മുറിയിൽനിന്നാണെന്ന്. കാരണം കോൺസ്റ്റബിൾ കുഞ്ഞമ്മദ്ക്കായുടെ ക്വാർേട്ടഴ്സിൽ ഹാർമോണിയവും തബലയുമൊക്കെയായി ആളുകൾ നിത്യേന കൂട്ടംകൂടിയിരുന്ന് സംഗീത സദിരുകൾ നടത്തി ‘ഗമ്മത്താക്കുക’ എന്ന പതിവ് പരിപാടികൾ മുടങ്ങാതെ നടക്കാറുണ്ടല്ലോ.
സംഗീതം കേട്ടു കേട്ട് ഹരം കേറുന്നവർക്കും ചുറ്റിലുമിരുന്ന് ഒാരോ പാട്ടിലും ലയിച്ച് പരിസരം മറന്ന് ‘‘വ അ വാ’’ വിളിക്കുന്ന ആസ്വാദകന്മാർക്കും കുഞ്ഞമ്മദ്ക്കായെന്ന പൊലീസുകാരൻ കലാസ്നേഹിയായ സുഹൃത്താണ്. ആ ചുറ്റുവട്ടത്തുള്ളവർക്കെല്ലാം കുഞ്ഞമ്മദ്ക്കായെന്ന പൊലീസുകാരനെ അറിയാം. ചുറ്റുവട്ടത്ത് മാത്രമല്ല, കോഴിക്കോട്ടങ്ങാടി മുച്ചൂടും അദ്ദേഹം പാട്ടാസ്വാദകരുെട ഉസ്താദാണ്.
വീട്ടംഗത്തെപ്പോലെ ഒരു ചെറുപ്പക്കാരൻ അവിടെ താമസിക്കുന്നുണ്ടെന്ന് എല്ലാവർക്കുമറിയാം. ഗായകനായ ദീർഘാകാരനായ യുവാവ്. ഗായകെൻറ പിറവിക്കഥയുടെ മൂലം ചോദിച്ചറിഞ്ഞിെട്ടന്ത് കൃത്യം. കോഴിക്കോെട്ട ക്രിസ്തീയ കുടുംബാംഗമാണെന്നതും സംഗീതം രക്തത്തിലലിഞ്ഞ പ്രൊട്ടസ്റ്റൻറ് ക്രിസ്തീയ കുടുംബത്തിൽ പിറന്ന യുവാവ് പള്ളിമേടകളിലെ സംഗീതജ്ഞരുടെ കൂട്ടത്തിലെ അംഗമാണെന്നതും ചോദിച്ചറിയേണ്ട കാര്യമല്ലല്ലോ. ലെസ്സിയെന്നാണ് പേരെന്ന് കേട്ടറിഞ്ഞിട്ടുണ്ട്. വാച്ച് റിപ്പയറർ ജെസ്റ്റിൻ ആേൻറഴ്സിെൻറയും മിസിസ് മാനിനിയുടെയും മകൻ. കുഞ്ഞമ്മദ്ക്കായെന്ന പൊലീസ് ഹെഡ്കോൺസ്റ്റബിൾ കൂടുതലൊന്നും ചിക്കിപ്പരതിയിട്ടില്ല. ചിന്തിച്ചിട്ടില്ല.
മധുരശബ്ദത്തിനുടമയായ ആ ചെറുപ്പക്കാരനെ സ്വന്തം കുടുംബാംഗമായി അദ്ദേഹം സ്വീകരിച്ചു. സ്വന്തം വീട്ടിലെ കോലായയിൽ പെട്ടിയും വായിച്ച് യഥേഷ്ടമിരുന്ന് പാടുക. കുഞ്ഞമ്മദ്ക്കായെന്ന പൊലീസുദ്യോഗസ്ഥന് അത്രയുമേ വേണ്ടിയിരുന്നുള്ളൂ. രണ്ടാംലോകയുദ്ധ കാലത്ത് ബർമയിലും മറ്റു പല രാജ്യങ്ങളിലും ചുറ്റിക്കറങ്ങി തിരിച്ചെത്തിയ ലെസ്ലി വാച്ച് റിപ്പയററായി പിതാവിനെ സഹായിച്ച് കോഴിക്കോടു തന്നെ കഴിയുന്ന യുവാവ്. യുവാവിന് പാടാനുള്ള വേദികളും കുഞ്ഞമ്മദ്ക്ക സംഘടിപ്പിച്ചുകൊടുത്തു.
മെഹ്ഫിൽ കൂട്ടായ്മകൾ ഒരുക്കി ഗാനാലാപന കൗതുകങ്ങളെ പ്രോത്സാഹിപ്പിക്കാനും പാടാനുള്ള അവസരങ്ങൾ തനിക്കായി തുറന്നിട്ടുതരാനും തയാറായ വലിയ മനുഷ്യെൻറ മുന്നിൽ ഒരു അഭയം കെണ്ടത്തിയ ആശ്വാസത്തോടെ ചെറുപ്പക്കാരൻ തെൻറ ഗാനാലാപനം തുടർന്നു. സൈഗാളിെൻറയും പങ്കജ്മല്ലിക്കിെൻറയും ആലാപനശൈലികൾ ഉൾക്കൊണ്ട് സ്വതഃസിദ്ധമായ ശബ്ദ സൗകുമാര്യങ്ങളോടെ മധുരതരമായി പാടി. ‘‘പാടാനോർത്തൊരു മധുരിതഗാനം പാടിയതില്ലല്ലോ -ഞാൻ പാടിയതില്ലേല്ലാ...’’കോഴിേക്കാെട്ട ഗാനാസ്വാദകലോകം ഒരു പുതിയ ശബ്ദം കേൾക്കുകയായിരുന്നു.
ഹിന്ദുസ്ഥാനി രാഗങ്ങളുടെയും തുംറിഖയാൽ ൈശലിയുണർത്തുന്ന ഗാനങ്ങൾ ആലപിച്ചു വന്ന പുതിയ ഗായകൻ. നവമായ അനുഭൂതി വിശേഷങ്ങൾ കേൾവിക്കാരിലേക്ക് പകരുന്ന ഒരു ഗായകൻ. സൂത്രധാരനായി ഹെഡ്കോൺസ്റ്റബിൾ കുഞ്ഞമ്മദ്ക്ക നിൽപ്പുറപ്പിച്ചു. പാവമണി റോഡിലെ ക്വാർേട്ടഴ്സുകളിൽ ഗായകന് വേണ്ടി അദ്ദേഹം ഒരു മുറി സജ്ജമാക്കി മെഹഫിലുകൾ ഒരുക്കി. തെൻറ സഹോദരിയെ ഗായകനുമായുള്ള വിവാഹവേദിയിലെത്തിച്ചു. ജീവിതം പുതിയ വഴിച്ചാലുകൾ കണ്ടെത്തുകയാണ്. കാലത്തിെൻറ അശ്രദ്ധയിലും അവഗണനയിലും ചിതറിയില്ലാതായിപ്പോവുമായിരുന്ന അബ്ദുൽ ഖാദർ എന്ന ഗായകന്, ജീവിതസഖിയായി തെൻറ സഹോദരിയെ തന്നെ നൽകി അദ്ദേഹം.
അബ്ദുൽ ഖാദർ നിരവധി സ്റ്റേജുകളിൽ ഇന്ത്യയിലുടനീളം സഞ്ചരിച്ച് ഗാനപരിപാടികൾ നടത്തുന്ന ഗായകനായി. കേരള സൈഗാൾ എന്ന വിശേഷണത്തോടെ പ്രസിദ്ധിയിലേക്ക് കുതിച്ചു. ആ ദിവസങ്ങളിൽ ഒരു ജന്മനിയോഗ നിർവഹണംപോലെ മറ്റൊരു കലാവിസ്മയവും കുഞ്ഞമ്മദ്ക്കായെന്ന പൊലീസുകാരനിലൂടെ സംഭവിക്കുന്നു. അതങ്ങനെ വന്നുഭവിക്കണമെന്നാവും കുഞ്ഞമ്മദ്ക്കായുടെ ജീവിതദൗത്യം.
കല്ലായി റെയിൽവേ സ്റ്റേഷന് കിഴക്ക് ഭാഗത്തെ അങ്ങാടിയോരത്തിലെ പീടികതിണ്ണകൾക്കരികെനിന്ന് ഒരു ചെറുപ്പക്കാരൻ തെൻറ വയറ്റത്തടിച്ച് ഉറക്കേയുറക്കേ പാടുകയായിരുന്നു ‘‘ചലേപവനക്കീജാ... ജഗമേ ചെല്ലേ പവനക്കീജാ...’’ പാട്ട് ശ്രുതിശുദ്ധിയോടെ ഉച്ചത്തിൽ മുഴങ്ങുകയാണ്. ‘‘ആയിബഹാരാ... ആയിബഹാ... ആയിബഹാരാ...’’ അതനുസരിച്ച് താളഭംഗം വരാതെ സ്വന്തം വയറ്റത്തടിക്കുകയാണ് ആ ചെറുപ്പക്കാരൻ. മെലിഞ്ഞുണങ്ങിയ ശരീരം, ഒട്ടിയ വയർ, നേർത്ത കൈകാലുകൾ, ചുവന്ന് തുടുക്കുന്ന വയർ, ഒാരോ തവണ താളമിടുേമ്പാഴും ചോരപ്പാടുകൾ വീഴ്ത്തി ഉൾവലിയുന്നത് നോക്കിനിൽക്കുകയായിരുന്നു.
പാട്ടിെൻറ ലയത്തിലും താളമിടലിെൻറ നിഷ്ഠമാത്രകൾ തെറ്റിക്കാതെ മധുരതരമായി ഗാനാലാപനം നടത്തുന്നവെൻറ ചിത്രം മനസ്സാഴത്തിൽ പ്രതിബിംബിച്ചു. നാണയത്തുട്ടുകൾ കൈവെള്ളയിൽ വന്നുവീഴുന്നതിെൻറ എണ്ണമോ സംഖ്യാവലുപ്പമോ കുഞ്ഞമ്മദ്ക്ക ഗൗനിച്ചില്ല. അദ്ദേഹം ആ ഗായകനെ തെൻറ അരികിലേക്ക് വിളിച്ചു. വിളിക്കുന്നത് ഒരു പൊലീസുകാരനായതിനാൽ പോകാതിരിക്കാനോ ഒളിച്ചോടി രക്ഷെപ്പട്ടുപോകാനോ ആ ബാലൻ തുനിഞ്ഞതുമില്ല.
‘‘സാബിർ’’, അവൻ അദ്ദേഹത്തെ നോക്കി.
‘‘വീട്ടിൽ...’’
‘‘ആരുമില്ല! ഉമ്മ മാത്രം.’’
‘‘ബാപ്പയോ?’’
ബംഗാളി. േകാഴിക്കോട് സംഗീതസപര്യകൾക്കിടയിൽ കുടുംബനാഥനായി കുറച്ചുകാലം ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്്. തുടർന്നൊന്നും കഞ്ഞമ്മദ്ക്കായെന്ന പൊലീസുകാരനിൽനിന്ന് ചോദ്യരൂപേണ ഉയർന്നില്ല. സംഗീതജ്ഞനായ ഒരു നാടോടിയുടെ പ്രണയജീവിതത്തിെൻറ നാൾവഴി ചുരുളുകൾ...
കുഞ്ഞമ്മദ്ക്ക ആ ചെറുപ്പക്കാരനെയും കൂട്ടിക്കൊണ്ടുവന്നത് തെൻറ പൊലീസ് ക്വാർേട്ടഴ്സ് മടയിലേക്ക് തന്നെ. നവാതിഥിയെ ശുശ്രൂഷിക്കലും വേണ്ടതെന്തെല്ലാമെന്നന്വേഷിച്ച് ആകാവുന്നത്ര ഒരുക്കിക്കൊടുക്കലും കുഞ്ഞമ്മദ്ക്ക കുടുംബത്തിെൻറ ഡ്യൂട്ടി. മുന്നിൽ ഒരുക്കിവെച്ച ഹാർമോണിയത്തിൽ ചെറുപ്പക്കാരൻ തെൻറ വിരലുകൾ സ്പർശിച്ചപ്പോൾ അലൗകികമായ സംഗീതത്തിെൻറ അലെയാലികൾ ഹാർേമാണിയ കട്ടകളിൽ. ആ ചെറുപ്പക്കാരെൻറ വിരലുകൾ മാന്ത്രികമായ ചലനവിശേഷങ്ങൾ ഉതിർത്ത് സഞ്ചരിക്കുന്നത് കലാസ്നേഹിയായ ആ കോൺസ്റ്റബിൾ നോക്കിനിന്നു.
മധുരശബ്ദത്താൽ അനുഗൃഹീതനായ അബ്ദുൽ ഖാദർ എന്ന യുവാവും ആ വിരൽചലനങ്ങൾ കണ്ട് വിസ്മയഭരിതനായി. സംഗീതം, പരസ്പരമുള്ള ഒരു സർഗാത്മക സന്ധിപ്പാണെന്ന് തിരിച്ചറിയുന്ന ആലക്തിക നിമിഷം. അബ്ദുൽ ഖാദർ പാടുകയും സാബിർ എന്ന ചെറുപ്പക്കാരൻ ഹാർമോണിയം വായിക്കുകയും ചെയ്യുേമ്പാൾ താളേബാധത്തിെൻറ ആശാൻകൂടിയായ കുഞ്ഞമ്മദ്ക്ക അതൊരു സംഗീതമേളനത്തിെൻറ സംഗമവേദിയാക്കി മാറ്റുകയായിരുന്നു. കുഞ്ഞമ്മദ്ക്കായെന്ന മനുഷ്യസ്നേഹിയായ, കലാകാരനായ ആ പൊലീസുകാരെൻറ തണലിൽ മറ്റൊരു ജീവിതംകൂടി നാമ്പിടുകയായിരുന്നു. തെൻറ ഇളയ പെങ്ങളെ സാബിർ ബാബു എന്ന യുവാവിെൻറ വധുവായി നൽകുകയായിരുന്നു.
കാലം അതിെൻറ ഗതിക്രമങ്ങൾ അനവരതം തുടർന്നു. അബ്ദുൽ ഖാദർ കോഴിേക്കാട് അബ്ദുൽ ഖാദറായി. സാബിർ ബാബു എന്ന സംഗീതജ്ഞൻ സംഗീതത്തിെൻറ അനന്തസാധ്യതകൾ ഉൾക്കൊണ്ട ബാബുരാജ് എന്ന പ്രതിഭാധനനുമായി. ഇൗ രണ്ടു പ്രതിഭകളും സംഗമിക്കുന്ന നിമിഷസ്വർഗങ്ങൾക്ക് കുഞ്ഞമ്മദ്ക്കായെന്ന പൊലീസ് കോൺസ്റ്റബിൾ നിമിത്തമാവുക. കോഴിക്കോട് നഗരത്തിലെ സംഗീതാസ്വാദക സദസ്സുകൾക്ക് നിറവായി ഇരിപ്പുപീഠമൊരുക്കിക്കൊടുക്കുകയെന്ന ദൗത്യം ആ പൊലീസ് ഹെഡ്കോൺസ്ബിളിേൻറതായി...
കുഞ്ഞമ്മദ്ക്കായെന്ന പൊലീസ് കോൺസ്റ്റബിളിലെ കലാസ്നേഹം വറ്റാതെ തുടരുകയായിരുന്നു. മഞ്ചേരിയിൽനിന്ന് എത്തിയ കെ.ടി. മുഹമ്മദ് എന്ന നാടകകൃത്തിെൻറ ആദ്യ കേന്ദ്രവും കുഞ്ഞമ്മദ്ക്കായുടെ സന്നിധിയിൽതന്നെയായിരുന്നു. ആ വലിയ കലാസ്നേഹിയുടെ ആശ്ലേഷത്തണലുകൾ ഇല്ലായിരുന്നെങ്കിൽ കാലം ഒരുപക്ഷേ നമുക്ക് കോഴിക്കോട് അബ്ദുൽ ഖാദറിനെപ്പോലെയും ബാബുരാജിനെപ്പോലെയും കെ.ടി. മുഹമ്മദിനെപ്പോലെയുമുള്ള മഹത്പ്രതിഭകളെ സമ്മാനിക്കുമായിരുേന്നാ?ഇല്ലെന്ന് തന്നെയാണ് എെൻറ മനസ്സിൽ മുഴങ്ങുന്ന ഉൾബോധ്യ ചിലങ്കമണിക്കിലുക്കങ്ങൾ സംഗീതസാന്ദ്രമായി മന്ത്രിക്കുന്നത്. കാലം കലാകാരന്മാരെ അനശ്വരമാക്കും. എന്നാൽ, അത് വിളയുന്ന മണ്ണിൽനിന്നും കണ്ടെടുത്ത് നമുക്ക് മുന്നിൽ ‘‘ഇതാ മാണിക്യം’’ എന്നു ചൂണ്ടിപ്പറഞ്ഞ് അവതരിപ്പിച്ചവരോ? അനന്തവിസ്മൃതിയുെട മണൽപ്പരപ്പിൽ വീണ്ടും മറ്റൊരു പ്രതിഭയുടെ ഗർഭാവരണ കൊഴുപ്പുജലമായി പിറവിയുറവയായി വറ്റാതെ...കലാഭൈരവന് നമസ്കാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.