അനശ്വരനായ ഉറൂബ്
text_fieldsഉദാത്തമായ ജീവിതാവബോധവും മനുഷ്യനന്മയിലുള്ള വിശ്വാസവും കൈമുതലാക്കിയ എഴുത്തുകാരനാണ് ഉറൂബ്. നമുക്കു ചുറ്റുമുള്ള സാധാരണ മനുഷ്യരാണ് ഉറൂബിെൻറ കഥാപാത്രങ്ങൾ. അവരുടെ ജീവിതങ്ങൾക്ക് ഉറൂബിെൻറ തൂലികാസ്പർശമേൽക്കുമ്പോൾ ആരെയും അതിശയിപ്പിക്കുന്നവിധം അസാധാരണത്വം കൈവരുന്നു. 1915 ജൂൺ എട്ടിനായിരുന്നു ഉറൂബിെൻറ ജനനം. പൊന്നാനി പരുത്തൊള്ളി ചാലപ്പുറത്ത് കുട്ടികൃഷ്ണൻ (പി.സി. കുട്ടികൃഷ്ണൻ) എന്നാണ് ഉറൂബിെൻറ യഥാർഥ നാമം. ഉറൂബ് അദ്ദേഹത്തിെൻറ തൂലികനാമമാണ്.
പൊന്നാനിയിലെ സാഹിത്യകളരി
ഹൈസ്കൂൾ വിദ്യാഭ്യാസകാലത്തുതന്നെ ഉറൂബ് എഴുതിത്തുടങ്ങുന്നുണ്ട്. നാട്ടിൻപുറത്ത് നല്ലനിലയിൽ പ്രവർത്തിച്ചിരുന്ന കൃഷ്ണപ്പണിക്കർ വായനശാലയും അവിടത്തെ സാഹിത്യസദസ്സുമായിരുന്നു അദ്ദേഹത്തിന് വഴികാട്ടിയായത്. പ്രഗല്ഭരായ രണ്ടു സാഹിത്യനായകർ– ഇടശ്ശേരിയും കുട്ടികൃഷ്ണ മാരാരും അതിെൻറ അമരത്തുണ്ടായിരുന്നു. കവിയായി രംഗപ്രവേശം ചെയ്ത ഉറൂബിനെ കഥാകൃത്താക്കി മാറ്റിയത് ഈ സദസ്സാണെന്ന് പറയാം. ‘വേലക്കാരിയുടെ ചെക്കൻ’ എന്ന പേരിൽ ഉറൂബിെൻറ ആദ്യകഥ പ്രസിദ്ധീകരിച്ചപ്പോൾ, ‘കുട്ടികൃഷ്ണൻ ഇനി കഥയെഴുതിയാൽ മതി’യെന്നായിരുന്നു മാരാരുടെ നിർദേശം.
ഹൈസ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ ഉറൂബ് നാടുവിട്ടു. പല തൊഴിലുകൾ ചെയ്തു. അതു പിൽക്കാല സാഹിത്യ ജീവിതത്തിന് മുതൽക്കൂട്ടാക്കാനും സാധിച്ചു എന്നതായിരുന്നു ഈ ദേശസഞ്ചാരം കൊണ്ടുണ്ടായ പ്രധാന നേട്ടം. നാട്ടിൽ തിരിച്ചെത്തിയ ശേഷം ഉറൂബ് സാഹിത്യരംഗത്ത് സജീവമായി. ഇടശ്ശേരിയുടെ ഭാര്യാസഹോദരി ദേവകിയമ്മയെ വിവാഹം ചെയ്തു. 1950 മുതലുള്ള 25 വർഷം കോഴിക്കോട് ആകാശവാണിനിലയത്തിൽ ജോലി നോക്കി. 1975ൽ അവിടെനിന്ന് വിരമിച്ചശേഷം ‘കുങ്കുമം’ വാരികയുടെയും തുടർന്ന് 1979 മുതൽ മരണം വരെ മലയാള മനോരമയുടെയും പത്രാധിപരായി പ്രവർത്തിച്ചു.
കഥകളുടെ ലോകം
പ്രസിദ്ധീകരിച്ച ആദ്യ കഥാസമാഹാരം ‘നീർച്ചാലുകൾ’ എന്ന കൃതിയായിരുന്നു. 21 കഥാസമാഹാരങ്ങൾ ഉറൂബിേൻറതായുണ്ട്. മൗലവിയും ചങ്ങാതിമാരും, വെളുത്ത കുട്ടി, ഗോപാലൻ നായരുടെ താടി, രാച്ചിയമ്മ, ലാത്തിയും പൂക്കളും എന്നിവ ശ്രദ്ധേയമായ രചനകളാണ്. ദേശപോഷിണി, കേന്ദ്ര കലാസമിതി തുടങ്ങിയ സാംസ്കാരിക കൂട്ടായ്മകളിലൂടെ നാടകരംഗത്തും ഉറൂബ് സജീവ സാന്നിധ്യമറിയിച്ചിരുന്നു. ഇടശ്ശേരിയുടെ ‘കൂട്ടുകൃഷി’ എന്ന നാടകത്തിലെ അബൂബക്കർ എന്ന കഥാപാത്രത്തെ താന്മയത്വത്തോടെ അവതരിപ്പിച്ച് അദ്ദേഹം ശ്രദ്ധ പിടിച്ചുപറ്റി. മണ്ണും പെണ്ണും, തീ കൊണ്ടു കളിക്കരുത്, മിസ് ചിന്നുവും ലേഡി ജാനുവും തുടങ്ങിയ രചനകൾ നമ്മുടെ നാടകസാഹിത്യത്തിന് ഉറൂബിെൻറ സംഭാവനകളാണ്. നാടകത്തോടൊപ്പം ചലച്ചിത്രരംഗത്തും അദ്ദേഹം സാന്നിധ്യമറിയിച്ചു. ഉറൂബ് കഥയും തിരക്കഥയും തയാറാക്കിയ നീലക്കുയിൽ എന്ന സിനിമ രാഷ്ട്രപതിയുടെ വെള്ളിമെഡൽ (1954) കരസ്ഥമാക്കി. ഉമ്മാച്ചു, മിണ്ടാപ്പെണ്ണ്, നായര് പിടിച്ച പുലിവാല്, രാരിച്ചൻ എന്ന പൗരൻ, കുരുക്ഷേത്രം തുടങ്ങിയ ചിത്രങ്ങളും ഉറൂബിെൻറ രചനകളെ ആസ്പദമാക്കിയുള്ളവയാണ്.
മലയാളത്തിലെ ബാലസാഹിത്യ ശാഖക്ക് ഉറൂബിനെ മറക്കാനാവില്ല. അങ്കവീരൻ, മല്ലനും മരണവും, അപ്പുവിെൻറ ലോകം തുടങ്ങിയ രചനകൾ ഈ രംഗത്തെ മികച്ച സൃഷ്ടികളാണ്. കുട്ടികളുടെ ലോകത്തേക്കിറങ്ങിവന്ന് അവരുടെ ഭാവനകൾക്കനുസൃതമായി രചന നടത്താൻ ഉറൂബിനുള്ള വൈഭവം അസാധാരണമായിരുന്നു.
അനശ്വര കൃതികൾ
കഥാസാഹിത്യത്തിൽ ഉറൂബിന് സ്ഥിരപ്രതിഷ്ഠ നേടിക്കൊടുത്തത് രണ്ട് നോവലുകളായിരുന്നു^ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ‘ഉമ്മാച്ചു’ (1958), കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ‘സുന്ദരികളും സുന്ദരന്മാരും’ (1960). മിണ്ടാപ്പെണ്ണ്, അണിയറ, ആമിന, അമ്മിണി, ചുഴിക്കു പിമ്പേ ചുഴി തുടങ്ങിയ നോവലുകളും അദ്ദേഹത്തിേൻറതായുണ്ട്.
നിഴലാട്ടം, മാമൂലിെൻറ മാറ്റൊലി, പിറന്നാൾ എന്നീ കവിതാസമാഹാരങ്ങളും, മൂന്ന് ഉപന്യാസ കൃതികളും ഉറൂബിെൻറ സംഭാവനകളിൽപ്പെടുന്നു. 1979 ജൂലൈ 10ന് ഉറൂബിെൻറ ധന്യജീവിതത്തിന് തിരശ്ശീല വീണു. തെൻറ കഥാപാത്രങ്ങളോടൊപ്പം ഉറൂബും മലയാളികളുടെ മനസ്സിൽ അനശ്വരനായി ജീവിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.