സുൽത്താന്‍റെ ഓർമകൾക്ക് 23 വയസ്
text_fieldsആധുനിക മലയാള സാഹിത്യത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാളാണ് ബഷീർ. മലയാളത്തിന്‍റെ വിശ്വമഹാ സാഹിത്യകാരനായ ബഷീറിന്‍റെ യഥാർത്ഥ സ്മാരകം അദ്ദേഹത്തിന്‍റെ കൃതികൾ തന്നെയാണെന്ന് അഭ്രിപ്രായപ്പെട്ടത് എം.ടി വാസുദേവൻ നായരാണ്. ബഷീറിVz ഓരോ വാക്കിലും അനുഭവങ്ങളുടെയും ആത്മജ്ഞാനത്തിന്റെയും കയ്യൊപ്പുണ്ടായിരുന്നു. മരണത്തിന് ശേഷവും വളർന്നുകൊണ്ടിരിക്കുന്ന അത്ഭുത പ്രതിഭാസമാണ് ബഷീർ. അദ്ദേഹത്തെ അടുത്തറിയാൻ ഭാഗ്യമുണ്ടായ തനിക്ക് ആ ശൈലിയോട് അതിയായ ഭ്രമമായിരുന്നു. അനർഘനിമിഷം’വായിച്ച ശേഷം അതുപോലെ ഗദ്യകവിതയെഴുതാൻ മോഹിച്ചിരുന്നു എന്ന് ആ കാലത്തെപ്പറ്റി എം.ടി പറഞ്ഞു.
സാമാന്യം മലയാളഭാഷ അറിയാവുന്ന ആര്‍ക്കും വഴങ്ങുന്ന ലളിതമായ ഭാഷയായിരുന്നു ബഷീറിന്‍റെത്. സമൂഹത്തിന്‍റെ അടിത്തട്ടില്‍ ജീവിക്കുന്ന മനുഷ്യരുടെ കഥകളായിരുന്നു ബഷീർ പറഞ്ഞത്. ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചു, എന്നാൽ വെറും ഹാസ്യം മാത്രമായിരുന്നില്ല അത്. ജീവിതത്തിലെ പൊള്ളിക്കുന്ന അനുഭവങ്ങൾ, ദാരിദ്ര്യം എല്ലാം മനുഷ്യന് മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞ് മനുഷ്യരെ ചിന്തിപ്പിക്കുകയായിരുന്നു ബഷീർ. ബഷീറിയനിസം എന്ന ബഷീര്‍ സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് അദ്ദേഹത്തിന്‍റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു.
ജയില്‍പ്പുള്ളികളും , ഭിക്ഷക്കാരും, വേശ്യകളും,പട്ടിണിക്കാരും, സ്വവര്‍ഗ്ഗാനുരാഗികളും നിറഞ്ഞ ഒരു ഫാന്‍റസിയായിരുന്നു ബഷീറിന്റെ ലോകം. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകള്‍ക്കോ ,വികാരങ്ങള്‍ക്കോ അതുവരെയുള്ള സാഹിത്യത്തില്‍ സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവര്‍ മാത്രം നായകന്‍മാരാവുക, മുസ്ലിം കഥാപാത്രങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുക തുടങ്ങിയ പ്രവണതകളിൽ നിന്നും മലയാള സാഹിത്യത്തിന് മോചനം നല്‍കിയത് ബഷീറാണ്. ഇസ്ലാം മതത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍ക്കെതിരെയും വിമർശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു.
കണക്കപ്പിളള, ട്യൂഷന്‍ മാസ്റ്റര്‍, കൈനോട്ടക്കാരന്‍, പാചകക്കാരന്‍, മില്‍ തൊഴിലാളി, ലൂം ഫിറ്റര്‍, മോട്ടോര്‍ വര്‍ക്ഷോപ്പിലെ ഗേറ്റ് കീപ്പര്‍, ന്യൂസ്പേപ്പര്‍ ബോയ്, ഹോട്ടല്‍ത്തൊഴിലാളി, മാജിക്കുകാരന്‍റെ അസിസ്റ്റന്‍റ്, പഴക്കച്ചവടക്കാരന്‍, പ്രൂഫ് റീഡറുടെ കോപ്പി ഹോള്‍ഡര്‍, ഹോട്ടല്‍ നടത്തിപ്പുകാരന്‍, കപ്പലിലെ ഖലാസി, ചായപ്പണിക്കാരന്‍, കമ്പൗണ്ടര്‍ - ഹോമിയോപ്പതി, സ്പോര്‍ട്സ്, ഗുഡ്സ് ഏജന്‍റ്, ബുക്ക് സ്റ്റാള്‍ ഓണര്‍ മൂന്ന് ആഴ്ച്ചപ്പതിപ്പുകളുടെ പത്രാധിപര്‍ - ബഷീർ ഏറ്റെടുക്കാത്ത ജോലികള്‍ ഒന്നുമില്ലായിരുന്നു.
ജയകേസരിയില്‍ വന്ന തങ്കം ആണ് ബഷീർ ആദ്യം പ്രസിദ്ധീകരിച്ച കഥ. ജോലിയന്വേഷിച്ചാണ് ബഷീര്‍ ജയകേസരിയുടെ പദ്മനാഭ പൈയുടെ അടുത്തെത്തിയത്. ജോലിയില്ല, കഥ എഴുതിത്തന്നാല്‍ പ്രതിഫലം തരാം എന്ന് കേട്ട ബഷീര്‍ ഗത്യന്തരമില്ലാതെ ഒരു കഥ എഴുതുകയായിരുന്നു. കറുത്തിരുണ്ട് വിരൂപയായ നായികയും, ചട്ടുകാലും , കോങ്കണ്ണും, കൂനുമുള്ള യാചകര്‍ നായകനുമായി എഴുതിയ ആ കഥയാണ് തങ്കം.
പിന്നീടാണ് ബഷീർ മലയാളത്തിന്‍റെ പ്രിയ കഥാകാരനായി മാറിയത്. മലയാള സാഹിത്യം ബഷീറില്‍ നിന്നും വായിച്ചു തുടങ്ങിയാല്‍ ആരും അതിനെ പ്രണയിച്ചുപോകും. ബാല്യകാല സഖി, പ്രേമലേഖനം, ന്‍റുപ്പാപ്പക്കൊരാനയുണ്ടാര്‍ന്നു, പാത്തുമ്മായുടെ ആട്, മതിലുകള്‍, ആനവാരിയും പൊന്‍കുരിശും, സ്ഥലത്തെ പ്രധാന ദിവ്യൻ, മുച്ചീട്ടുകളിക്കാരന്‍റെ മകള്‍, മരണത്തിന്‍റെ നിഴലില്‍, ശബ്ദങ്ങള്‍, മതിലുകൾ, വിശ്വവിഖ്യാതമായ മൂക്ക് തുടങ്ങി അനശ്വരങ്ങളായ ഒട്ടേറെ കൃതികൾ ബഷീര്‍ മലയാളത്തിനു നല്‍കി.
ബാല്യകാല സഖി, ന്‍റുപ്പാപ്പക്കൊരാനയുണ്ടാര്‍ന്നു, പാത്തുമ്മായുടെ ആട് എന്നീനോവലുകള്‍ സ്കോട് ലന്‍ഡിലെ ഏഡിന്‍ബറോ യൂണിവേഴ്സിറ്റിയില്‍ പഠനഗ്രന്ഥങ്ങളാണ്. ഫ്രഞ്ച്, മലായ്, ചൈനീസ്, ജാപ്പനീസ് ഭാഷകളിലും പരിഭാഷകള്‍ വന്നിട്ടുണ്ട്. മതിലുകള്‍, ശബ്ദങ്ങള്‍, പ്രേമലേഖനം എന്നീ കൃതികള്‍ ഇംഗ്ളീഷില്‍ പ്രസിദ്ധീകരിച്ചു.
കേന്ദ്രസാഹിത്യഅക്കാദമി, കേരളസാഹിത്യഅക്കാദമി എന്നിവയുടെ ഫെലോഷിപ്പുകള്‍, സാഹിത്യത്തിനും രാഷ്ട്രീയത്തിനുമായി നാല് താമ്രപത്രങ്ങള്‍, പൊന്നാടകളും സ്വര്‍ണ്ണമെഡലുകളും പ്രശംസാപത്രങ്ങളും, സ്വാതന്ത്ര്യസമര സേനാനിക്കുളള കേരള സര്‍ക്കാരിന്‍റെയുംകേന്ദ്രസര്‍ക്കാരിന്‍റെയും പെന്‍ഷന്‍, 1982ല്‍ പദ്മശ്രീ, 1987 ജനുവരി 19 ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡോക്ടര്‍ ഓഫ് ലെറ്റേഴ്സ് ബിരുദം, 1987 സപ്തംബര്‍ 26 ന് സംസ്കാര ദീപം അവാര്‍ഡ്, 1992 ല്‍ അന്തര്‍ജ്ജനം സാഹിത്യ അവാര്‍ഡ് എന്നീ പുരസ്ക്കാരങ്ങള്‍ ബഷീറിന് ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.