‘കാക്ക’ പറന്ന ദൂരങ്ങൾ
text_fields‘കീഴാള’ എന്ന വാക്ക് തലങ്ങും വിലങ്ങും ഉപയോഗിക്കപ്പെടുന്നതിനു മുമ്പ് ‘അരികുവത്കരിക്കപ്പെട്ടവർ’ എന്ന വാക്ക് ജനപ്രിയമാകുന്നതിനും വളരെ മുമ്പ് അക്കൂട്ടരെ പ്രതിനിധാനം ചെയ്യാൻ വൈലോപ്പിള്ളിയുടെ പ്രതിഭ മുേമ്പ പറന്നതാണ് ‘കാക്ക’. കൂരിരുട്ടിെൻറ കിടാത്തി, പക്ഷേ നാട്ടിൻപുറത്തെ കുടുംബസൗഭാഗ്യം വിളംബരം ചെയ്യാൻ ഇവൾ വേണം. വേലക്കു നിൽക്കും കറുത്ത പെണ്ണാണിവൾ, ചേലുകൾ നോക്കുവോളല്ല, എല്ലാവരോടും സ്നേഹമാണ്. പക്ഷേ കാക്കണം സ്വാതന്ത്ര്യമെന്നറിവോളാണിവൾ. കീഴാളരുടെ ദയനീയത വിപ്ലവാത്മകമായി പ്രത്യക്ഷപ്പെടുത്താൻ കറുത്ത ചെട്ടിച്ചികളുടെ വാങ്മയചിത്രം ഇടശ്ശേരി വരയ്ക്കുന്നതിനും പതിനഞ്ചുകൊല്ലം മുമ്പാണിത്. ‘‘ഇത്തറവാടിത്തഘോഷണത്തെപ്പോലെ വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയിൽ’’ എന്ന് വൈലോപ്പിള്ളി 1940ൽത്തന്നെ പറയാതെ പറഞ്ഞുെവച്ചതാണ് ‘കാക്ക’. തെൻറ കാവ്യമനോഹാരിതയിൽ ഒളിപ്പിച്ചാണ് ഈ കാക്കയെ പറത്തിയത് എന്നതിനാൽ പ്രകടനാത്മകത വാക്കുകളുടെയും ശബ്ദസുഭഗതയുടെയും മറയ്ക്കപ്പുറമാണ് എന്നു മാത്രം.
അടിസ്ഥാനവർഗത്തിെൻറ കൂടെ നിന്ന് സർഗാത്മകത പ്രകടിപ്പിച്ച കവിയാണ് വൈലോപ്പിള്ളി എന്നത് സുവിദിതമാണ്. ആദ്യസമാഹാരമായ ‘കന്നിക്കൊയ്ത്തി’(1945)ൽ കൊയ്ത്തുകാരിയുടെ പക്ഷം പിടിച്ച് ‘‘ഹാ! ജീവിതഭാരം കൊണ്ടുതാനോ കുനിഞ്ഞൊരു മുത്തി’’ എന്ന് വിശേഷിപ്പിച്ചതാണ്. വിപ്ലവാത്മകതയും വർഗസംഘർഷവും കവിതയിൽ നിന്ന് മറ്റ് കലകളിലേക്ക് ചേക്കേറിയ 1950കളിനും ഏറേ മുേമ്പ ‘കാക്ക’ എഴുതപ്പെടുന്നത് 1940 ലാണെന്നുള്ളത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. ചങ്ങമ്പുഴയോടൊപ്പം പീഡിതർക്കു വേണ്ടി കാവ്യാവിഷ്കാരത്തിലൂടെ ആഹ്വാനങ്ങൾ വിളംബരം ചെയ്തത് തീർച്ചയായും പിൽക്കാല കലാസാഹിത്യ ചോദനകളെ സ്വാധീനിച്ചിട്ടുണ്ട് ‘‘നമ്മളുകൊയ്യും വയലെല്ലാം നമ്മുടെതാകും പൈങ്കിളിയേ’’ പാടാൻ വർഷങ്ങൾ പിന്നെയും എടുത്തു എന്നേയുള്ളൂ. നിങ്ങൾ എന്നെ കമ്യൂണിസ്റ്റാക്കുന്നത് 1951 ൽ ആണ്. ഒരു കണിയാട്ടിയുടെ കദനകഥ പറഞ്ഞ ‘ജീവിതനൗക’ സിനിമ പോപുലർ ആകുന്നതും അതേ കൊല്ലം. സവർണപീഡനം ഏറ്റുവാങ്ങിയവൾ ജീവിതത്തിൽ പോരാടുന്നതായ കഥ സിനിമയുടെ മാന്ത്രികതയെ മുൻ നിർത്തി ആണ് ജനസമ്മതി നേടിയതെങ്കിലും മലയാളി മനസ്സിൽ ചില വിചിന്തനനാമ്പുകൾ സിനിമാക്കഥയാൽ പൊട്ടിമുളച്ചെങ്കിൽ അതിനു നിലമൊരുക്കാൻ ചങ്ങമ്പുഴയും വൈലോപ്പിള്ളിയും വിത്തും കൈക്കോട്ടുമായിട്ടിറങ്ങിയതിനാലാണ്. ‘കാക്ക’യിൽ പരാമർശിക്കപ്പെടുന്ന നീലിപ്പുലക്കള്ളി ചൂഷകരുടെ പീഡനത്താൽ ആത്മാഹുതി ചെയ്യേണ്ടി വന്ന മറ്റൊരു നീലിപ്പുലയി ആയി 1954ൽ സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത്തരം നിരവധി കഥാപാത്രങ്ങളുടെ പ്രോടോടൈപ് ആയി ‘കാക്ക’യെ പ്രതിഷ്ഠിച്ചതാണ് പ്രകൃതകൃതിയുടെ ചരിത്രനിയോഗം. അവശന്മാർ, ആർത്തന്മാർ, ആലംബഹീനന്മാർക്ക് വേണ്ടി എഴുതിയ ചങ്ങമ്പുഴ ‘‘ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ പതിതരേ’’ എഴുതിക്കഴിഞ്ഞ് മൂന്നു വർഷം കഴിഞ്ഞതേ ഉള്ളൂ, ‘കാക്ക’ യെ പറത്തി വിട്ടു വൈലോപ്പിള്ളി. കാൽപനികസൗന്ദര്യം തുളുമ്പിക്കാൻ ജാഗരൂകരായിരുന്ന കവികൾക്കിടയിൽ വൈലോപ്പിള്ളി പലപ്പോഴും നിന്ദിതർക്കും പീഡിതർക്കും ഒപ്പം നിന്നു എന്നതാണ് സംഗതം. ചൂഷിതരുടെ ആശ്രയമാകുന്ന കവി ഉത്സവങ്ങളിലും ആഘോഷങ്ങളിലും ഇതിനുള്ള സന്ദർഭങ്ങൾ മനഃപൂർവം കണ്ടെടുത്തു. ഓണപ്പാട്ടിൽ നാളെയെ പുണരാനും ചെറുക്കാനുമാണ് ആഹ്വാനം, ഓണനിലാവ് ദേവകളുടെ പരിഹാസച്ചിരിയാണ്. മാഴ്കുന്നവരുടേ രോദനം കേൾക്കയാൽ മരിച്ചവർപോലും ഉറങ്ങാത്ത ലോകത്തെക്കുറിച്ചാണ് അദ്ദേഹത്തിന് ആകാംക്ഷ (‘കുടിയൊഴിക്കൽ’). മാർക്സിയൻ ചിന്താഗതികൾ മലയാളിമനസ്സിൽ ഉദ്ദീപിപ്പിക്കാൻ വൈലോപ്പിള്ളിയുടെ കവിതകൾ കനൽക്കട്ടകൾ വാരിയെറിഞ്ഞു എന്ന ചരിത്രസത്യത്തിെൻറ ദൃഷ്ടാന്തങ്ങളിൽ ചിലവയാണിവ.
മൃത്യുവാഞ്ഛ കവിതയിൽ ഒഴുകിക്കയറിയ കാലത്താണ് ജീവിതത്തെ മുറുകെ ബന്ധിപ്പിച്ചു നിർത്താൻ വൈലോപ്പിള്ളി തെൻറ തൂലിക തടയണയായി ഉപയോഗിച്ചത്. ജീവിതം അനർഗളമായി അങ്ങനെ വിഘാതങ്ങെളന്യേ ഒഴുകുന്നതല്ല, പോരാട്ടങ്ങൾ അത്യന്താപേക്ഷിതം. തെൻറ പേനയിലെ മഷിയോ സൗന്ദര്യാത്മകതയുടെ കുളിർനീലിമ വിലയം പ്രാപിച്ചതും. ‘‘മാനവപ്രശ്നങ്ങൾ തൻ മർമ്മകോവിദന്മാരേ ഞാനൊരു വെറും സൗന്ദര്യാത്മകകവി മാത്രം’’ എന്ന് കവി തന്നെ ഉദ്ഘോഷിച്ചെങ്കിലും അതിൽ ഒരു ഒളിച്ചുകളിയുണ്ട്. ആദ്യമിറങ്ങിയ ‘കന്നിക്കൊയ്ത്തി’ൽത്തന്നെ കാൽപനികതയുടെ മനോജ്ഞപർവതത്തിനുള്ളിൽനിന്നും വിപ്ലവാത്മകതയുടെ തീനാളങ്ങൾ മിന്നിത്തെളിഞ്ഞുയരുന്നുണ്ട്. ‘‘ചോരതുടിയ്ക്കും ചെറുകയ്യുകളേ പേറുക വന്നീ പന്തങ്ങൾ’’ എന്ന പ്രഘോഷണം കാലഘട്ടത്തിെൻറ സ്വാധീനമറയിൽനിന്ന് പുറത്തിറങ്ങാനുള്ള ആന്തരികോദ്യമോത്സാഹമാണ്. വർഗസമരം എന്നൊരു വാക്ക് പ്രാവർത്തികമായിട്ടില്ല കവിതയിൽ. ദലിതെഴുത്ത് എന്നു പോയിട്ട് പെണ്ണെഴുത്ത് എന്നൊന്നുപോലും സാഹിത്യലോകത്ത് ഉരിയാടപ്പെടാത്ത കാലവുമായിരുന്നതിനാൽ വൈലോപ്പിള്ളിക്ക് ഇവ സംബന്ധിയായ വിശേഷണങ്ങളൊന്നും കേൾക്കേണ്ടി വന്നിട്ടില്ല. ‘ചൂഷകർ’, ‘ചൂഷിതർ’ എന്ന വാക്കുകളും കവി ഉപയോഗിച്ചിട്ടില്ല. ആരോപഭാഷയിലൂടെ ഇതിൽ കക്ഷി ചേരുകയും ചെയ്യുന്നു കവി. മർദിതരുടെ രക്ഷകൻ പല കവിതകളിലും തെളിയാതെ തെളിയുന്നുണ്ട്. ചുകപ്പരെ നിഹനിയ്ക്കുന്നിടത്ത് കവി പോയി നിൽക്കുന്നൂ, അതിലൊരാളായി.
‘‘കൊറിയയിൽ, സീയൂളിലൈക്യരാഷ്ട്രങ്ങൾ തൻ
കൊടി വീണ്ടും പുക പൂണ്ടു പാറി നിൽക്കേ
അനവധി ചുകപ്പരെബ്ബന്ധിച്ചു നിഹനിച്ചി-
തവർ-അവിടെ ഞാനുമുണ്ടായിരുന്നു!’’
‘മലതുരക്കലി’ലെ മകൻ അധ്വാനിക്കുന്ന ജനവിഭാഗത്തിെൻറ പ്രതിബിംബമാണ്, മലനാട്ടിെൻറ രക്തനാഡിയെ ബന്ധിച്ചുനിർത്തുന്ന ചൂഷകവർഗമെന്ന മലയാണ് തുരക്കേണ്ടത്. കൽത്തൊഴിലാളി തുരങ്കം നിർമിച്ച് തീരാറാകുമ്പോൾ അപ്പുറത്ത് അച്ഛെൻറ ശബ്ദം കേൾക്കുന്നു. തൊഴിലാളിയുടെ പ്രയത്നനേട്ടത്തെക്കുറിച്ച് ‘‘എന്മകനേ ഞാൻ വിശ്വസിക്കുന്നു’’ എന്ന് പറഞ്ഞ അച്ഛൻതന്നെയായിരിക്കണം പിന്നീട് ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’യിൽ അവസാനം ചെങ്കൊടിയുമായി മുന്നേറുന്ന പരമുപിള്ളയായി അവതരിച്ചത്.
പൂവുകൾക്ക് പുണ്യകാലമായിരുന്ന കവിതാസന്ദർഭത്തിലാണ് വൈലോപ്പിള്ളി മറ്റൊരു പൂവുമായി എത്തിയത് (പനിനീർപ്പൂവിനോട്). അധികതുംഗപദത്തിൽ ശോഭിച്ചിരുന്ന പൂവ് വീണുപോയതിൽ ദുഃഖിക്കുന്ന റൊമാൻറിസിസത്തെ നേരിടാനെന്നവണ്ണം ചൂഷിതമായൊരു പനിനീർപ്പൂവ് അദ്ദേഹം ഓടയിൽ നിന്നെടുത്തു. കാമുകപീഡനത്തിനു തയാറാകുന്ന സൂര്യകാന്തിയല്ല ഈ പൂവ്. സൗന്ദര്യാത്മകതയുടെ പിറകിൽ ചൂഷണത്തിെൻറ അടയാളങ്ങൾ കണ്ടുപിടിച്ച് വെക്കണമെന്നാണ് കവി ശാഠ്യംപിടിക്കുന്നത്. ചൂഷകെൻറ ഉപഭോഗവസ്തുവായിട്ടാണ് കവി പൂവിനെ ഗണിക്കുന്നത്. ഹാ പുഷ്പമേ എന്ന് പാടിയ, ആരാമത്തിെൻറ രോമാഞ്ചമായി പൂവുകളെ വാഴ്ത്തിയ സൗന്ദര്യാത്മക കവികളോടൊപ്പം അദ്ദേഹമില്ല. പനിനീർപ്പൂവിനോടൊത്തു മുള്ളുകൾ ചൂഷണത്തിനെതിരേ ഉള്ള പ്രയോഗത്തിനു ആവശ്യമെന്ന് വാദിക്കുന്നുമുണ്ട്.
‘‘എത്ര സൗരഭോൽകൃഷ്ടം സംസ്കാരവധുമുഖം
അത്രജാഗ്രത്താം വീരമാവശ്യമതുകാപ്പാൻ.’’
സമരം ചെയ്യേണം സാഹസം ചെയ്യേണം അതിജീവനത്തിനു എന്ന ചിന്താഗതിയുടെ ബഹിർസ്ഫുരണം. വിജിഗീഷുവായ മൃത്യുവിനു ജീവിതത്തിെൻറ കൊടിപ്പടം താഴ്ത്താനാവില്ലെന്ന് പ്രഖ്യാപിച്ച കവിക്ക് നൈരന്തര്യത്തിലും അജയ്യതയിലുമാണ് വിശ്വാസം.
സൗന്ദര്യധാമങ്ങളും സംഗീതവിദഗ്ധരും ആയ പക്ഷികൾ സാഹിത്യത്തിൽ പറന്നുനടന്നിരുന്ന കാലത്തുതന്നെയാണ് വൈലോപ്പിള്ളിയുടെയും കാവ്യാത്മകസത്ത വളർന്ന് വികാസം പ്രാപിച്ചത്. സ്വരമാധുര്യമുള്ള കുയിലുകൾ ധാരാളം പാടിത്തിമിർത്തിരുന്നു കാവ്യകേളീവിലാസഗേഹങ്ങളിൽ. കോഴി വരെ ഈ സൗന്ദര്യത്തിമിർപ്പിെൻറ ലക്ഷണപ്പക്ഷിനിരയിൽ പെട്ടു. സന്ദേശങ്ങളുമായി ഓമനത്തിങ്കൾപ്പക്ഷികൾ നേരേത്ത തന്നെ കേരളത്തിൽ നെടുകേ കുറുകേ പറന്നിരുന്നു. ആ പക്ഷികളിൽ ഒന്നും പെടാത്ത വെറും വേലക്കാരിയാണ് വൈലോപ്പിള്ളിയുടെ ‘കാക്ക’. സാഹിത്യത്തറവാട്ടിൽ പ്രൗഢിയോടെ വസിക്കുന്ന മറ്റ് പക്ഷികളെ കവി വെറുതെ വിടുകയുമാണ്. ‘‘പാടിക്കളിക്കട്ടെ നാലുകെട്ടിൽ, മാടത്ത, തത്ത, കുയിൽ, പിറാക്കൾ’’ എന്നാണ് അവഗണനാലോചന. വേലക്കാരിയിലെ പ്രൗഢതയാണ് കവിക്ക് തെളിയിക്കാൻ ഉത്സാഹം. പ്രകൃതിയുടെ മാനവീയതാകരണം മറ്റു കവികൾ ഇത്രമാത്രം പ്രോജ്വലിപ്പിക്കുകയോ ആശയവിപുലീകരണസാമഗ്രിയായി ഉപയോഗിക്കാനോ തുനിഞ്ഞിട്ടില്ല. കുട്ടിത്തേവാങ്ക്, ആന, കുരങ്ങ്, കൃഷ്ണമൃഗം ഒക്കെയെയും കാക്കയോടൊപ്പം കവി കൂട്ടുചേർത്തിട്ടുണ്ട്. ‘സഹ്യെൻറ മകനി’ലെ ആന ചൂഷിതെൻറ വേദനയുടെ സാകല്യരൂപമായിരുന്നു എന്നതിനെപ്പറ്റി പഠനങ്ങൾ ധാരാളം നടന്നിട്ടുണ്ട്. ‘‘പീഡിതമായ കറുത്ത വർഗം കവിയുടെ മനസ്സിൽ കാട്ടാനയുടെ കരുത്തായി ചിന്നംവിളിയ്ക്കാറുണ്ട്’’ എന്ന് എം. ലീലാവതി. ‘വൈേസ്രായിയും കുരങ്ങു സൂപ്പും’ എന്നതിലെ കുരങ്ങ്, ‘എണ്ണപ്പുഴുക്കളി’ലെ പുഴു ഒക്കെ ചൂഷിതദ്യോതകമാണ്, മർദിതവർഗസത്തയാണ് കാതൽ. അന്യാപദേശം അത്രകണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടില്ലെങ്കിലും ഈ മാനവീകരണത്തിന് സാധുത ചമയ്ക്കുന്നത് കവിയുടെ പീഡിതസഹാനുകമ്പ തന്നെ. ‘വിത്തും കൈക്കോട്ടും’ എന്ന സമാഹാരത്തിെൻറ ആമുഖത്തിൽ കവി തന്നെ ഇങ്ങനെ പറയുന്നു:
‘‘പ്രകൃതിയിൽ വിശ്വഹൃദയത്തിെൻറ മിടിപ്പും പരമാത്മാവിെൻറ മുഖവും കാണുന്ന പ്രകൃത്യുപാസകരായ കവികളുണ്ട്. എനിക്ക് ആ ദർശനം നഷ്ടപ്പെട്ടിരിക്കുന്നു. ആ ഹൃദയത്തിലും മുഖത്തും അതിരറ്റ വാത്സല്യവും അന്ധമായ ക്രൂരതയും ഞാൻ കാണുന്നു. പുള്ളിമാനിെൻറ പിറകേ പുലിയെയും വസന്തവായുവിൽ വസൂരിരോഗാണുക്കളെയും ദർശിക്കാതിരിക്കാൻ എനിക്ക് സാധ്യമല്ല.’’
സമൂഹത്തിലെ അസന്തുലിതാവസ്ഥയും അടിയാളദാരുണ്യവും ഉദ്ബോധനപ്രകരണങ്ങളാക്കിയെറിഞ്ഞ ചീളുകളാണ് ഇൗ ഉക്തികൾ.
അടിക്കാടരുടെ (പ്രയോഗം എം. ലീലാവതിയുടെ) മോചനത്തിനു വഴി നിർദേശിക്കാനും വൈലോപ്പിള്ളി ഒരുമ്പെടുന്നുണ്ട്. വാളെടുത്ത് ചുഴറ്റുക തന്നെ. മഴുവെടുത്ത് വെട്ടുക തന്നെ. സായുധവിപ്ലവത്തിനുള്ള ആഹ്വാനം നിർലീനമായതാണ് ചില കാവ്യോക്തികൾ. ‘‘മുട്ടിയ ഞങ്ങളിസ്സമുദായക്കെട്ടറുത്തുപോലൊറ്റ വെട്ടാലേ’’ എന്നും ‘‘അപരദ്രോഹം ചെയ്തു തഴയ്ക്കാതവയെ നിലയ്ക്കു നിറുത്തീടാൻ...അമ്മഴുവാണവലംബം ഞങ്ങൾക്കിമ്മലനാട്ടിന്നടയാളം’’ (മുത്തച്ഛെൻറ വെൺ മഴു) എന്നും സങ്കോചമെന്യേ കവി ഉറക്കെ പാടുന്നു. ഈ കാഹളം പിന്തുടർന്ന കവികൾ ചരിത്രം പിന്നീട് കുറിച്ചുെവച്ചു. ‘‘വാളല്ലെൻ സമരായുധം’’ എന്ന തിരിച്ചറിവുള്ള കവികൾ വരെ ഉണ്ടായി. യാഥാസ്ഥിതികതയുടെയും ദുഷിച്ച സമൂഹനീതിയുടെയും ഉടൽ- അത് സ്വ ഉടലുമാണ്- വെട്ടി ആ ചോരകലർത്തി കാവിലെ ഭഗവതിയുടെ മുഖത്ത് തുപ്പുന്ന കഥാപാത്രങ്ങൾ സിനിമയിലും ഇടംപിടിച്ചു. ആ വാൾ പണ്ട് വൈലോപ്പിള്ളി നൽകിയതാണെന്നുള്ള ഓർമയാണിവിടെ സംഗതം. അതേ വാൾ ഇന്ന് കണ്ണൂരിലും മറ്റും ഗോത്രസംസ്കാരം പേറുന്ന രാഷ്ട്രീയ ഹിംസയുടെ ഉപകരണമായി മാറിയത് ചരിത്രം കളിച്ച കളി.
സാധാരണത്വവുമായി ഇഴുകിച്ചേരാനെന്നവണ്ണം സംസ്കൃതവൃത്തങ്ങൾ വർജിക്കുകയാണ് വൈലോപ്പിള്ളി ചെയ്തത്. ചങ്ങമ്പുഴ തെൻറ ആദ്യസമാഹാരമായ ‘ബാഷ്പാഞ്ജലി’യിൽ ആകെ അമ്പത്തിഒന്നുള്ളതിൽ പതിനാറെണ്ണം ദ്രാവിഡവൃത്തത്തിൽ രചിച്ചെങ്കിൽ ‘കന്നിക്കൊയ്ത്തി’ൽ വൈലോപ്പിള്ളി പതിനേഴു കവിതകളിൽ ഒരെണ്ണമൊഴികെ എല്ലാം നാടൻ ശീലുകളിലാണ് രചിച്ചത്. ‘‘പാടിയിരുന്ന പഴങ്കഥപ്പാട്ടുകൾ പാൽക്കുഴമ്പല്ലോ ചെകിട്ടിനെല്ലാം’’ എന്ന് ഉദ്ഘോഷിച്ച മഹാകവി പോലും സംസ്കൃതവൃത്തങ്ങളെ പരിലാളിച്ചിരുന്ന കാലത്തിനു ശേഷമാണ് ഈ നാടൻ ശീലുകളുമായി ചങ്ങമ്പുഴയും വൈലോപ്പിള്ളിയും ലളിതസംവേദനത്തിൽ വിശ്വസിച്ച് വേരുറപ്പിച്ചത്. ഈണപ്പൊരുത്തം എന്ന സർഗവിശേഷം വാക്കുകളെ പൂന്തേൻ നേർമൊഴികളാക്കുന്നതിനാൽ വൈലോപ്പിള്ളിക്കവിതകൾ ഇന്നും ടി.വി ഷോകളിൽ ധാരാളമായി കമ്പനം കൊള്ളുന്നു. ‘മാമ്പഴം’ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ചൊല്ലപ്പെട്ട കവിത ‘കാക്ക’ തന്നെ.
ഇരുട്ടിെൻറ പുത്രിയെ പ്രത്യക്ഷരൂപത്തിൽ നിന്ന് മാറ്റിയെടുത്ത് ഉള്ളിലെ വെണ്മ (ഉണ്മയും) പുറമേ പ്രകാശിപ്പിക്കുക എന്നതാണ് പ്രസ്താവ്യമായ കാവ്യദർശനം. അടിയാളസ്വരൂപത്തിൽനിന്ന് മേലാളനാക്കാനുള്ള സൂത്രങ്ങളൊന്നും കവി പുറത്തെടുക്കുന്നില്ല, അത് കവിസങ്കൽപത്തിെൻറ ആധാരമല്ലതാനും. അടിയാളർ സ്വാതന്ത്ര്യത്തിെൻറയും അധികാരത്തിെൻറയും കർമകുശലതയുടെയും അഴകിെൻറയും സർവോപരി പ്രേമത്തിെൻറയും പാരദമിശ്രണമാണെന്ന് സ്ഥാപിക്കാനാണ് കവിക്ക് ഔത്സുക്യം. കാക്കച്ചിറകിൽ ദൈവത്വം കണ്ട ഭാരതിയാറിെൻറ ദർശന പിന്തുടർച്ച തന്നെ ഇത്. (‘‘കാക്കൈ ചിറകിനിലേ നന്ദലാലാ നിൻറ കരിയനിറം തോൻ റുതെയേ’’) നാട്ടിൻപുറത്തെ കുടുംബസൗഖ്യം വിളംബരം ചെയ്യുന്ന സമൂഹാംഗമായി ‘കാക്ക’ അവതരിക്കപ്പെടുന്നത് കവിതയുടെ മൂന്നാം ഖണ്ഡത്തിലാണ്. സ്വന്തം സ്വാതന്ത്ര്യം പ്രഖ്യാപിക്കാൻ കെൽപ്പിയന്നവളായിട്ട് അവതരിപ്പിക്കുന്നതോടെയാണ് തുടക്കം. ഉണർത്തെണീപ്പിക്കുന്ന കാരണവത്തി എന്ന സ്ഥാനം രണ്ടാം ഭാഗത്ത് തെളിയിച്ചെടുക്കുകയാണ് കവി. ഉൽക്കടമായ കർമകുശലതയുടെ വെളിപാടാണ് പിന്നീടു വരുന്നത്. അവസാന ഖണ്ഡമെത്തുന്നതോടെ കാക്ക റൊമാൻറിക് നായികയായിത്തീരുകയാണ്. കവിത അവസാനിക്കുന്നത് താമസപിണ്ഡത്തിൽ താമരപ്പൂവു വിടർത്തുന്ന സുന്ദരഭാവനയിലാണ്. കൂരിരുട്ടിെൻറ കിടാത്തി എന്ന വിശേഷണപദത്തോടെ തുടങ്ങുന്ന കവിത നേർവിപരീതപ്രത്യക്ഷത്തിൽ. ഈ ഉദ്യമം അനായാസമെന്നു തോന്നിപ്പിക്കുന്ന കാവ്യശകലങ്ങളിൽക്കൂടിയാണ് കവി നിറവേറുന്നത്. കൂരിരുട്ടിെൻറ കിടാത്തിയെ താമരപ്പൂവാക്കണം, പടിപടിയായി ഇത് സാധിച്ചെടുക്കുന്നു. ആദ്യം ‘‘കരഞ്ഞിടും താരനാദം’’ എന്ന് വിശേഷിപ്പിച്ച കവി കൂവലിൽ മധു കലർത്തിയെന്ന നിലപാടിലേക്ക് മാറുകയാണ്. ചൂടെഴും പൂട എന്ന പ്രയോഗം ഉച്ചലൽ പീലി ആയി മാറിയിരിക്കുന്നു. അതിനു ചാരുമണവും വന്നു ചേർന്നിട്ടുണ്ട്. വെറും ചരിഞ്ഞുനോട്ടം (മൂന്നാം ഖണ്ഡം) ഇവിടെ ഇഷ്ടത്തിെൻറയും പരിഭവത്തിെൻറയും കുഴഞ്ഞാട്ടത്തിേൻറതുമായ സുന്ദര വീക്ഷണമായി മാറുന്നു. വേലക്ക് വന്ന നീലിപ്പുലക്കള്ളി കേളിക്ക് കേമിയായി മാറുന്നു. പദാനുപദം വിപരീതം ചമയ്ക്കാൻ ഉത്സുകനായ വൈലോപ്പിള്ളി അതേ സാങ്കേതികനിർമിതിയെ ആധാരമാക്കി ഒരു കവിതയെ മുഴുവൻ ഒറ്റ രൂപശിൽപമായി വാർത്തെടുത്തിരിക്കയാണ്.
അക്ഷരങ്ങളുടെ ശബ്ദഭാവം- തനതായതും മറ്റുള്ളവയോട് കൂടുമ്പോൾ അതിസുഭഗങ്ങളാകുകയും ചെയ്യുന്ന- വൈലോപ്പിള്ളിക്കവിതയിൽ ആസ്വാദനശേഷി വർധമാനകങ്ങളാക്കുന്നതിനെക്കുറിച്ച് ആവർത്തിക്കേണ്ടതില്ല. വിപ്ലവാത്മകമായ വസ്തുതാപ്രകടനത്തിലും വൈലോപ്പിള്ളി ഈ ചാരുത ഒട്ടുംവിടാതെ കമ്പോട് കമ്പ് കൂട്ടിയിണക്കിയിട്ടുണ്ട്. ‘‘മുത്തൊക്കുമത്താഴവറ്റ് വാനിൻ...’’, ‘‘പാഴിലഴുക്കുപെടുന്ന മുക്കിൽ ചാഴി പുഴുക്കൾ കടന്ന ദിക്കിൽ...’’, ‘‘വേലയ്ക്കു ചെന്നു മിനക്കെടുത്തും നീലിപ്പുലക്കള്ളിയല്ലി കാക്ക?’’, ‘‘ഉച്ചലൽപ്പീലി വിശറിയാലേ മച്ചിലെദ്ദീപമണച്ചിടുന്നു’’ എന്നിങ്ങനെ യമകഭംഗി ആവോളം ഇഴചേർത്തെടുത്തിട്ടുണ്ട്. എന്നാൽ പ്രതിപാദ്യത്തിനു ഊനം തട്ടുന്നരീതിയിൽ ഈ സമ്മോഹനത അതിജ്വലനം കൊള്ളുന്നുമില്ല. കാക്കയെ സുന്ദരിയായി പ്രഖ്യാപിക്കുന്നതിനു മുമ്പാണ് ഈ ചമൽക്കാരപ്രയോഗങ്ങൾ എന്നതാണ് ശ്രദ്ധാർഹം.
ഉണർന്നു വരുന്ന ഉഷസ്സിനു പിടിപ്പതു വൃത്തിയാക്കൽ ജോലി ഉണ്ടെന്നുള്ള ധ്വനിയുമായാണ് കവിതയുടെ തുടക്കം. ഇതേ പശ്ചാത്തലമുള്ള ‘‘അല്ലിെൻറയന്തിമയാമത്തെ ഘോഷിച്ചു...’’ (വള്ളത്തോൾ) എന്ന കവിതയിൽ ഉഷസ്സു തന്നെയാണ് വേലക്കാരി. അതീവസുന്ദരമാണ് പ്രകൃതി എന്ന് ഘോഷിക്കാനാണ് വള്ളത്തോളിനു താൽപര്യമെങ്കിൽ വൈലോപ്പിള്ളി വേലക്കാരിയുടെ സാംഗത്യഭാവന മാറ്റിയെടുത്തിരിക്കയാണ്. പ്രഭാതപ്രതിഭാസത്തെ ഒരു വേലക്കാരിയുടെ കർമങ്ങൾ എന്ന രൂപകാതിശയോക്തിയിൽ കരുപ്പിടിപ്പിക്കാൻ വള്ളത്തോൾ ശ്രമിച്ചെങ്കിൽ ‘കാക്ക’യിൽ വൃത്തികേടായിക്കിടക്കുന്ന ഗൃഹപരിസരമാണ് പ്രഭാതപ്രകൃതി. അത് ശുദ്ധിയാക്കാനാണ് കാക്ക വരുന്നത്; അധ്വാനത്തിെൻറ സൗന്ദര്യം വെളിവാക്കപ്പെടലാണ് ആവിഷ്കാരോദ്ദേശ്യം. കീഴാളസ്വരൂപം അതേപടി അവതരിക്കപ്പെടാൻ പറ്റിയ അവസരം. ആ സ്വത്വനിർമിതിയുടെ സാംഗത്യം പ്രഘോഷിക്കപ്പെടുകയാണ്. കീഴാളരെ കാൽപനികത്വത്തിൽ തളച്ചിടാനുള്ള ത്വരയെക്കാൾ അകത്തുനിന്ന് ഉച്ചതരമായ മഹത്ത്വം പുറത്തെടുക്കാനുള്ള വാഞ്ഛയാണ് ദ്യോതകം. കാൽപനികതക്ക് ഊറ്റമേകാൻ പ്രകൃതിയെ കൂട്ടുപിടിയ്ക്കുന്നത് വൈലോപ്പിള്ളിക്ക് ഏറെ പഥ്യമായിരുന്നെങ്കിലും ‘കാക്ക’ എഴുതിയത് അതിനു വേണ്ടിയല്ല എന്നതാണ് സത്യം. ഒരു പ്രകൃതിഗായകെൻറ കളകൂജനം അല്ല നാം കേൾക്കുന്നത്. പെൺ കാക്കയാണ് വൈലോപ്പിള്ളിയുടെ നിർദിഷ്ട പ്രതിരൂപം എന്നത് പീഡിത-അടിയാളസ്വരൂപങ്ങൾക്ക് ഘനവ്യാപ്തിയും ഉള്ളുറപ്പും ഏറ്റുകയാണ്. കറുപ്പിനഴക് എന്ന് ആദ്യം പാടിയ കവി എന്ന പട്ടം നേടുകയല്ല ഉദ്ദേശ്യം, അതിൽ സ്വാതന്ത്ര്യവാഞ്ഛയും തരളിതഭാവങ്ങളും കർമകുശലതയോടൊപ്പം തേൻ കുടിച്ച് കൂത്താടാനുള്ള ഉല്ലാസത്വരയും സ്വയം വിളങ്ങിച്ചേർന്ന ഉണ്മയാണെന്ന് ഘോഷിക്കാനാണ് കവിക്ക് താൽപര്യം.
മൂന്നു ചിന്താപദ്ധതികളിലായാണ് കാക്കയെ ഉത്കൃഷ്ടവും ഗൗരവാന്വിതവുമായ മൂർത്തിതലത്തിൽ കുടിയിരുത്താൻ കവി യുക്തി അവതരിപ്പിക്കുന്നത്. ആദ്യം കാക്കയെ പൊതുപരിപ്രേക്ഷ്യസമ്മതിയിൽ നിന്ന് വിടുവിച്ചെടുക്കുകയാണ്. കറുപ്പ് എന്നത് മനസ്സിെൻറ വെണ്മദ്യോതകമാണെന്നാണ് സ്ഥാപനം. ‘‘കൂരിരുട്ടിെൻറ കിടാത്തി, യെന്നാൽ സൂര്യപ്രകാശത്തിനുറ്റതോഴി’’ എന്ന വിപരീതം നിർമിച്ചെടുക്കലിലൂടെയാണ് ഇത് സാധ്യമാവുന്നത്. ഈ വിപരീത നിർമിതി കവിയെ വിടാതെ പിടികൂടിയിരുന്നു എന്നത് പിൽക്കാല കവിതകൾ എളുപ്പം തെളിയിച്ചിട്ടുണ്ട്. വിപരീതോക്തികൾ വാരിവിതറിയാണ് പല കവിതകളുടെയും ആശയപ്രകാശനം സാധ്യമാക്കിയത്. ചെയ്യേണ്ടുന്ന കർമം തുച്ഛമോ ഹീനമോ ആയാലും അകമേ പുറമേ ആസകലം വൃത്തിയാണ്, വെടിപ്പാണ്. പരക്കേ സ്നേഹം വിളമ്പുന്നെങ്കിലും സ്വന്തം സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കുന്നവൾ. ഇരുട്ട്/പ്രകാശം, ചീത്ത/വൃത്തി, പൊതു സ്നേഹം/സ്വാതന്ത്ര്യം എന്നീ വിരുദ്ധങ്ങളിലൂടെ കാക്കയുടെ പ്രതിച്ഛായ മാറ്റിയെടുത്ത് നിശ്ചിത രൂപകത്തിലാക്കിയെടുത്തിരിക്കുന്നു കവി. രണ്ടാമതായി തൂപ്പുജോലിയോ അടിച്ചുവാരലോ നികൃഷ്ടമല്ലെന്നും വൃത്തികേടുള്ളിടത്ത് വേലക്കു ചെന്നു മിനക്കെടുത്തും നീലിപ്പുലക്കള്ളിയാണെന്നും സ്ഥാപിച്ചെടുക്കുകയാണ്. പ്രകൃതിയുടെ ന്യൂനതകളാണ് വൃത്തിഹീനതയുടെ ഉറവിടമെന്നും ( വാടിക്കിടക്കുന്ന നാളികേരപ്പൂളാണ് വാനത്ത്, അത്താഴവറ്റുകൾ ചിന്നിയതാണ് നക്ഷത്രങ്ങൾ) സ്ഥാപിക്കപ്പെടുന്നുണ്ട്. കാരണവത്തി എന്നപോലെ ഉണർത്തുവിളിയുമാണ് കാക്ക എത്തുന്നത്, നീട്ടി വിളംബരം ചെയ്യുന്നത് നാട്ടിൻ പുറത്തെ കുടുംബസൗഖ്യമാണ്. സമൂഹത്തിലെ അഴുക്കുകൾ നീക്കിയെടുക്കുകയാണ് ഈ കർമകുശലതയാൽ; അത് ലോകാഭിരാമവുമാണ്. ശകാരഘോഷം അവൾക്ക് അവകാശപ്പെട്ടത് സ്നേഹാധികാരം ആത്മരൂപത്തിൽ വിളങ്ങിച്ചേർന്നതുകൊണ്ടാണ്.
മൂന്നാമതായി കൂരിരുട്ടിെൻറ കിടാത്തിയെ സൗന്ദര്യാത്മകതയുടെ കാവ്യാംശവിലോലതാഉടയാടകൾ അണിയിച്ച് ആ മനോഹാരിതയിൽ വിഭ്രമം കൊള്ളേണ്ടതാണെന്ന് തെര്യപ്പെടുത്തുകയാണ്. കവിതയുടെ അഞ്ചാം ഖണ്ഡമാണിത്. ഇവിടെ ഒരു അകംപുറം തിരിയലിനു മനഃപൂർവം ഒരുമ്പെട്ടിരിക്കയാണ്. വാസ്തവികതക്ക് ഭാവനായുക്തിയാൽ സാധുത തെളിയിച്ച മറ്റ് നാലു ഖണ്ഡങ്ങൾക്ക് നേർ വിപരീതമായി ഭാവനക്ക് ചേരുമ്പടി ചേർക്കാൻ വസ്തുതകൾ തേടുകയാണ് കവി. കാക്കയുടെ ദൈനംദിനചെയ്തികളിലാണ് ഈ ആരോപണങ്ങൾ. ആദ്യത്തെ രണ്ടു ഭാഗങ്ങളിൽ ഉപോൽബലകമായ യുക്തികൾ അടുക്കിക്കെട്ടിക്കൊണ്ടും അതിനെ അടിസ്ഥാനമാക്കിയുമാണ് ഈ മൂന്നാമത്തെ അടരുകൾ നിർമിച്ചെടുത്തിരിക്കുന്നത്. പൂത്തിരുവാതിരപ്പെണ്ണുപോലെ തേൻ കുടിച്ചു കൂത്താടുന്നതും ആൺ കാക്കയുമായി കുസൃതിയിയന്ന ലീലാവിനോദങ്ങളിൽ ഏർപ്പെടുകയും ചെയ്യുന്നതുമായി കാക്കപ്പെണ്ണിനെ മാറ്റിയെടുക്കുന്നത് അനായാസമാണ്. അതിസാധാരണത്വത്തെ ഉദാത്തീകരിച്ചെടുത്തിരിക്കയാണ് കവി. സാധാരണത്തിൽ അസാധാരണത്വം കണ്ടെത്തുന്ന അലങ്കാരവിനോദങ്ങൾ ഇത്രയും തെളിയിച്ചെടുക്കാൻ ഇതിനു മുമ്പുള്ള കവികൾ എത്രമാത്രം ഒരുമ്പെട്ടു എന്ന് അന്വേഷിക്കേണ്ടതാണ്. ‘‘കുടിലാണീദൃക് ഗുണങ്ങൾക്കിടം...’’ എന്ന് എഴുതി നിർത്തിയ കവി ചണ്ഡാലഭിക്ഷുകിക്ക് അലൗകികപ്രഭയൊന്നും ചാർത്തിക്കൊടുക്കാൻ ഒരുമ്പെട്ടില്ല. ആത്മസംതൃപ്തിയിയന്നവൾ എന്നതിനപ്പുറം ഒരു മേഖലയിലേക്ക് കൊണ്ടുപോയുമില്ല. കൂരിരുട്ടിെൻറ കിടാത്തി (‘താമസപിണ്ഡം’) താമരപ്പൂവായി പരിണമിക്കുന്നത് അകക്കണ്ണുകൊണ്ട് മാത്രമല്ലാതെ പുറംകണ്ണുകൊണ്ടും കാണേണ്ടതാണ്. ഉണ്ണായി വാര്യരുടെ പ്രേമതാമര തന്നെ ഇത്. ചീത്തകൾ കൊത്തിവലിക്കുന്ന കറമ്പിയെ വരിഷ്ഠവും ശ്രേഷ്ഠതരവുമായ ഭാവസ്പന്ദിതവിദ്യുന്മേഖല പൂകിച്ചിട്ടേ കവി രംഗം വിടുന്നുള്ളൂ. 78 കൊല്ലങ്ങൾക്ക് മുെമ്പഴുതപ്പെട്ട ‘കാക്ക’ ഇന്നും സംഗതമായി നിലകൊള്ളുന്നു എന്നത് സാമൂഹികമായി പുരോഗമിച്ചു എന്ന് നാം വിചാരിക്കുന്നെങ്കിൽ അത് ശുദ്ധഭോഷ്കാണെന്ന് തെളിയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.