Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightTalkschevron_rightഅഹങ്കരിക്കാന്‍ എനിക്ക്...

അഹങ്കരിക്കാന്‍ എനിക്ക് വായനക്കാരുടെ സമ്മതമുണ്ട് ..

text_fields
bookmark_border
അഹങ്കരിക്കാന്‍ എനിക്ക് വായനക്കാരുടെ സമ്മതമുണ്ട് ..
cancel

ചോദ്യം: എന്തുകൊണ്ടാണ് താങ്കളുടെ ആത്മകഥ ‘സ്വരഭേദങ്ങള്‍’ ഇത്രയ്ക്കും പോപ്പുലറാകാന്‍ കാരണം?

ഉത്തരം: ശബ്ദം എന്‍റ മാത്രം കുത്തകയല്ല. എന്നിട്ടും ഞാന്‍ അറിയപ്പെട്ടതിന് കാരണം എന്‍റ കഠിനാദ്ധ്വാനം കൊണ്ടാകാം... തീര്‍ച്ചയായും അവിടെ ഞാന്‍ നിര്‍ത്താതെ അദ്ധ്വാനിച്ചുകൊണ്ടിക്കുരുന്നു. അരങ്ങിന്‍റ മിന്നിത്തിളങ്ങുന്ന താരങ്ങള്‍ക്കായി ഞാന്‍ അണിയറയില്‍നിന്ന് എന്‍റ ഹൃദയം കൊണ്ട് സംസാരിച്ചു. കഥാകാരന്‍മാരുടെ ഭാവനക്കൊപ്പം,കഥാപാത്രങ്ങളുടെ ഭാവാദികള്‍ക്കൊപ്പം ഞാന്‍ സ്വരപേടകത്തില്‍ ഉണ്ടാക്കിയ കൂട്ടുകള്‍ നിരത്തിവെച്ചു. അങ്ങനെയാണ് ഞാനും ശബ്ദദേവതയുടെ മഹാഅനുഗ്രഹത്താല്‍ മാലോകരുടെമുന്നില്‍ വരവേറ്റപ്പെട്ടത്. പ്രക്ഷുബ്ദതകള്‍, ക്രോധങ്ങള്‍, സങ്കടങ്ങള്‍, വിതുമ്പലുകള്‍, സരസവും സരളവുമായ വര്‍ത്തമാനങ്ങളുടെ വര്‍ത്തമാനങ്ങള്‍ എന്നിവയിലെല്ലാം ഞാന്‍ വിജയിച്ചു. ഒരിടത്തും മാറിനില്‍ക്കാന്‍ തയ്യാറായില്ല. മടുപ്പും മനംപുരട്ടലും ഉണ്ടായതുമില്ല. അങ്ങനെയാണ് ഞാന്‍ ഞാനായത്. എപ്പോഴോ ഞാനെന്നെ നിരൂപണം ചെയ്തു. ഓര്‍മ്മകളുടെ ആല്‍ബങ്ങള്‍ മറിച്ചുനോക്കി. അവയെല്ലാം പകര്‍ത്തിയെഴുതി മറ്റുള്ളവരെ കൈകൊട്ടിവിളിച്ചു. വന്നവരെല്ലാം കൗതുകത്തോടെ എന്നെ വായിച്ചുതുടങ്ങി.. ഇതാ ഇതാണെന്‍റ ജീവിതം. കൊടുമുടിയോളം ജീവിത ദൈന്യതകള്‍ ഒളിപ്പിച്ച് നടന്നശേഷം ഒരുനാള്‍ അതിന്‍റ കെട്ടഴിച്ചത് എനിക്കുവേണ്ടിയായിരുന്നില്ല. എന്‍റ എന്നോളം സമാനതകളുള്ളെ സഹജീവികള്‍ക്കെന്നെങ്കിലും തുണയായാലെന്ന് വിചാരിച്ചുമാത്രമാണ്. ആഘോഷങ്ങളുടെയും ആര്‍ഭാടങ്ങളുടെയും വേദിയില്‍നിന്ന് പതിയെ ഞാന്‍ പുറത്തേക്ക് ഇറങ്ങുകയാണ്.

ചോദ്യം: തുറന്നുപറച്ചിലുകള്‍ പുസ്തകത്തിനെ പോപ്പുലറാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചതായി തോന്നിയോ?

ഉത്തരം: തുറന്നുപറച്ചിലുകള്‍ എന്നത് അത് പറയുന്ന വ്യക്തിയുടെ ജീവിത പശ്ചാത്തലംകൂടി നോക്കിയാകും വായനക്കാര്‍ കണക്കിലെടുക്കുക. ജീവിതത്തില്‍ വിജയിച്ച ഒരു വ്യക്തി നടത്തുന്ന തുറന്നുപറച്ചിലിന് കേള്‍വിക്കാരുണ്ടാകും. പരാജയപ്പെട്ടവരുടെ കഥകള്‍ കേള്‍ക്കാന്‍ ആര്‍ക്കും താല്‍പ്പര്യമില്ല. ഉയര്‍ച്ചയില്‍ എത്തിയ ഒരു വ്യക്തി ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പെട്ടു എന്നുപറയുമ്പോള്‍, പ്രത്യേകിച്ചും അനാഥാലയത്തില്‍ ഒക്കെ കഴിഞ്ഞയാളാണ് എന്ന് കേള്‍ക്കുമ്പോള്‍ സമൂഹം പ്രാധാന്യത്തോടെ ആ കഥ അറിയാന്‍ മുന്നോട്ട്വരും. അതാണ് എന്‍റ ആത്മകഥയിലും സംഭവിച്ചത്. ഇനി ഒരാള്‍ കയറിയ ആദ്യ പടവില്‍തന്നെ നിന്നുകൊണ്ട് എനിക്കു മുകളിലോട്ട് കയറാന്‍ കഴിയുന്നില്ല എന്നു വിലപിച്ചുകൊണ്ടിരിക്കട്ടെ, മറ്റുള്ളവര്‍ അയ്യാളെ അവഗണിച്ച് കടന്നുപോകും. അയ്യാളുടെ വര്‍തതമാനം കേള്‍ക്കാന്‍ പോലും ആരും ഉണ്ടാകില്ല. എന്‍റത് ഒരു ചെറിയ ലോകമാണ്. ഞങ്ങള്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ക്ക് ഏറെ പരിമിതികളുമുണ്ട്. പണത്തിനും പ്രശസ്തിക്കും പ്രത്യേകിച്ചും..ആ ലോകത്തായിരുന്നിട്ടുപോലും എനിക്ക് മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനും മാന്യമായ പ്രതിഫലം ലഭിക്കാനും കാരണമായിട്ടുണ്ടെങ്കില്‍ അതിന്‍റ കാരണം എന്താണെന്നുവെച്ചാല്‍ മനസ്വെച്ചാല്‍ ഒരാള്‍ക്ക് ഉയരാം എന്ന സത്യംമാത്രം കൊണ്ടാണ്. ഏത് രംഗമോ ആകട്ടെ അയ്യാള്‍ മാനസികമായി സജ്ജമായാല്‍ അയ്യാള്‍ക്ക് ഉയരത്തിലേക്ക് കയറിപ്പോകാം. എന്നാല്‍ ഞാന്‍ വഴിതെറ്റി പോകില്ല, എന്‍റ കാരക്ടര്‍ ആരുടെമുന്നിലും അടിയറവ് വെക്കില്ല, എനിക്ക് അബദ്ധം പറ്റില്ല എന്ന വിശ്വാസം ഉണ്ടാകണം.എല്ലാവരുടെയും സ്നേഹം നേടിക്കൊണ്ട് തന്നെ അതിന് കഴിയും. ഈ യാഥാര്‍ത്ഥ്യം മറ്റുള്ളവരോട് പറയണം എന്നുണ്ടായിരുന്നു. അതിനാണ് ഞാനെന്‍റ കഥയെഴുതിയത്.

ചോദ്യം: സ്ത്രീ എന്ന നിലയില്‍ ഒരാള്‍ക്ക് സിനിമ എത്രത്തോളം സുരക്ഷിതമാണ്?

ഉത്തരം: ഒരു സ്ത്രീക്ക് ഒരു സ്ഥാനത്ത് എത്തുമ്പോള്‍ പല പ്രതികൂല സാഹചര്യങ്ങളെയും നേരിടേണ്ടിവരാം. വിലപ്പെട്ട പലതും അവള്‍ക്ക് നഷ്ടമായേക്കാം. ഇത്തരം കഥകള്‍ നമ്മള്‍ എപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു. എന്നാല്‍ എന്നെക്കുറിച്ച് പറയട്ടെ എനിക്ക് ഒരു ചുക്കും നഷ്ടപ്പെട്ടിട്ടില്ല. എനിക്ക് അതിന്‍റതയായ തന്‍റടം ഉണ്ടായിരുന്നു. ഏത് സാഹചര്യവും നമ്മള്‍ ഉണ്ടാക്കുന്നതാണ്. നഷ്ടം എന്നത് നഷ്ടം തന്നെയാണ്. എന്നാല്‍ ഒരു സ്ഥാനത്ത് എത്താന്‍വേണ്ടി നഷ്ടം സഹിക്കുക എന്നത് ഒരിക്കലും എന്‍റ പോളിസിയായിരുന്നില്ല. കാരക്ടര്‍ നഷ്ടപ്പെടുത്തിയാല്‍ അവസരങ്ങള്‍ ലഭിക്കുന്ന ഒരു ലോകമാണ് സിനിമ. എന്നാല്‍ അവിടെ മൂല്ല്യങ്ങള്‍ മരിക്കും. സാധാരണക്കാരില്‍ പലരും ശ്രദ്ധിക്കാത്ത കാര്യമാണ്. മൂല്ല്യത്തെ ബലിയര്‍പ്പിച്ചാല്‍ പിന്നെയെന്ത് നേടിയിട്ടെന്ത് കാര്യം? ഇതൊക്കെ എനിക്ക് മറ്റുള്ളവരോട് പറയണമെന്ന് തോന്നി. കാരണം എന്‍റ കഥകൊണ്ട് കുറച്ചുപെണ്‍കുട്ടികള്‍ക്കെങ്കിലും നേട്ടമുണ്ടാകണം എന്നുതോന്നി.


ചോദ്യം: താങ്കള്‍ക്ക് മാധവിക്കുട്ടിയോട് വല്ലാത്ത ആരാധയാണെന്ന് കേട്ടിട്ടുണ്ട്. തുറന്നുപറച്ചിലുകള്‍ കൊണ്ടാണോ?

ഉത്തരം: മാധവിക്കുട്ടി എന്ന വ്യക്തിയോട് ജനത്തിന് തോന്നുന്ന ആരാധനയ്ക്ക് കാരണം അവര്‍ സത്യസന്ധ എന്നതുകൊണ്ടാണ്. അവര്‍ക്ക് ഒന്നിനെ കുറിച്ചും തുറന്നു പറയാന്‍ യാതൊരു മടിയുമില്ല.അതുകൊണ്ട് എത്രയോപേര്‍ അവരെ സ്നേഹിക്കുന്നു. അവര്‍ ഒരു ഇന്‍റര്‍വ്യൂവില്‍ വന്നിരിക്കുമ്പോള്‍തന്നെ അത് കാണുന്നരോ വായിക്കുന്നവരോ ആകാംക്ഷയിലാകും. അവര്‍ എന്തായിരിക്കും, എന്തിനെക്കുറിച്ചായിരിക്കും പറയാനൊരുങ്ങുന്നത് എന്നതിനെകുറിച്ച്. ലോകം മുഴുവന്‍ അറിയപ്പെട്ട എഴുത്തുകാരികൂടിയല്ളെ അവര്‍.

ചോദ്യം: അഹങ്കാരിയാണെന്നൊരു ഇമേജുണ്ടല്ളോ. പുസ്തകം വായിച്ചവരുടെ ആ ധാരണയ്ക്ക് ഇളക്കംതട്ടിക്കാണുമായിരിക്കും. അല്ളെ?

ഉത്തരം: പുസ്തകം വായിച്ചരില്‍ ചിലര്‍ പറഞ്ഞത് ഇനിയും അഹങ്കരിച്ചോളൂ എല്ലാ സമ്മതവും തന്നിരിക്കുന്നുവെന്നാണ്. പുസ്തകം വായിച്ചപ്പോള്‍ കൂടുതല്‍ സ്നേഹം തോന്നുന്നെന്നാണ് ചിലര്‍ പറഞ്ഞത്. എന്‍റ വിലാസം നല്‍കിയിരൂന്നെങ്കില്‍ പോസ്റ്റുമാന് പിടിപ്പതു പണിയായെനെ. കാരണം എന്‍റ മെയിലിലേക്ക് വരുന്ന സന്ദേശങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തുന്നു. ഓരോ ദിവസവും പത്തും ഇരുപതും മെയിലുകള്‍ വരും. ഫോണ്‍ ആണെങ്കില്‍ 24 മണിക്കുറും അടിച്ചുകൊണ്ടിരിക്കുന്നു. എല്ലാം എന്‍റ വായനക്കാരാണ്. സ്വരഭേദങ്ങള്‍ അത്രയ്ക്ക് ഇഷ്ടപ്പെട്ടു എന്നവര്‍ പറയുന്നു. ഇനി ഒരുകൂട്ടര്‍ എന്നെ വിളിക്കുന്നത് അവരുടെ ദാമ്പത്യപ്രശ്നങ്ങള്‍ക്ക് പരിഹാരം തെരക്കിയാണ്. അവരില്‍ ചിലര്‍ എന്നെ റോള്‍ മോഡലാക്കട്ടെയെന്ന് ചോദിക്കും. ഓരോരുത്തര്‍ക്കും വിത്യസ്തമായ പ്രശ്നങ്ങളാണ്. അത് അങ്ങനെതന്നെ ആയിരിക്കുമല്ളോ.എന്നെ റോള്‍ മോഡലാക്കാന്‍ ശ്രമിക്കുന്നവരെ ഞാന്‍ ആദ്യം പറഞ്ഞ് മനസിലാക്കുന്നത് സ്വന്തം വ്യക്തിത്വം വിലയിരുത്തി കാര്യങ്ങള്‍ തീരുമാനിക്കാനാണ്. ദാമ്പത്യം എന്നത് പരമാവധി അഡ്്ജസ്റ്റ്മെന്‍റ് അര്‍ഹിക്കുന്നു. ക്ഷമ ഇരുകൂട്ടര്‍ക്കും ആവശ്യമാണ്. ഒരിക്കലും സഹിക്കാന്‍ കഴിയാത്തവരെ ഒരു വഴിപിരിയലിന് ശ്രമിക്കാവൂ. അതും സ്വന്തം വിദ്യാഭ്യാസം, തൊഴില്‍, സാമ്പത്തികം, എന്നിവയെല്ലാം നോക്കിയും കണ്ടുംവേണം. ഒറ്റയ്ക്ക് നില്‍ക്കാന്‍ കഴിയുമോ എന്നതാണ് ചോദ്യം. അല്ളെങ്കില്‍ അത്തരം ശ്രമങ്ങള്‍ക്ക് തുനിയാതിരിക്കുക.

ചോദ്യം: നമ്മുടെ നാട്ടിലെ സ്ത്രീകള്‍ തീരെ ബോള്‍ഡല്ല എന്നൊരു ആക്ഷേപമുണ്ട്. എന്തുതോന്നുന്നു?

ഉത്തരം: തീര്‍ച്ചയായും ബോള്‍ഡല്ല. അവര്‍ ബോള്‍ഡാകുന്നത് തങ്ങളുടെ വിവാഹപ്രായം എത്തുമ്പോള്‍ തങ്ങളൂടെ മാതാപിതാക്കളില്‍നിന്ന് സ്വര്‍ണ്ണവും പണവും നേടിയെടുക്കാനുള്ള പ്രയത്നം നടത്തുന്ന നേരത്തുമാത്രമാണ്. പ്രണയ വിവാഹം കഴിക്കുന്ന പെണ്‍കുട്ടികള്‍പോലും ഈ കൊള്ള നടത്താന്‍ ഒരുങ്ങാറുണ്ട്. അവര്‍ മറ്റ് കാര്യത്തില്‍ ബോള്‍ഡല്ല. അതുകൊണ്ടാണ് കേരളത്തില്‍ പെണ്‍കുട്ടികള്‍ ഇത്രയ്ക്ക് ലൈംഗികമായി അതിക്രമിക്കപ്പെടുന്നതും. ലൈംഗികമായി സ്വയം സമ്മതത്തോടെ ബന്ധപ്പെടാനുള്ള പെണ്‍കുട്ടികളുടെ പ്രായം 16 ആക്കുന്നെന്ന നിയമം വരാനുള്ള സാദ്ധ്യതയുണ്ടായപ്പോള്‍ ഒരു ടിവി ചര്‍ച്ചയില്‍ ഞാനതിനെ എതിര്‍ത്തു. കാരണം ഇപ്പോള്‍തന്നെ പെണ്‍കുട്ടികള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുമ്പോള്‍ അവളുടെ നിസഹായായവസഥയോ മൗനമോ ഒക്കെ സമ്മതമായി വ്യാഖ്യാനിക്കപ്പെടുന്നു. നീയെന്തുകൊണ്ട് ഒച്ച വെച്ചില്ല, രക്ഷപ്പെട്ടില്ല എന്ന് സൂര്യനെല്ലി പെണ്‍കുട്ടിയോട് പോലും കോടതി ചോദിച്ച കാലമാണ്. യഥാര്‍ത്ഥത്തില്‍ സൂര്യനെല്ലി പെണ്‍കുട്ടി അനുഭവിച്ച വേദന പറയാവുന്നതിലും അപ്പുറത്തായിരിക്കും. ഒരു ചോക്കലേറ്റു വാങ്ങികൊടുത്ത് പെണ്‍കുട്ടികളെ പിച്ചിചീന്തുന്ന കാലമാണിത്. അവിടെ 16 വയസ് ലൈംഗിക ബന്ധ സമ്മതത്തിനുള്ള പ്രായമാക്കിയാല്‍ അത് പീഡനങ്ങള്‍ വ്യാപകമാക്കും.

ചോദ്യം: താങ്കള്‍ ദാമ്പത്യം എന്ന അവസ്ഥയില്‍നിന്ന് ഇറങ്ങിവന്നയാളാണ്. എങ്ങനെ നോക്കി കാണുന്നു കേരളത്തിലെ കുടുംബ ജീവിതങ്ങളെ?

ഉത്തരം: ഷേക്സ്പീയര്‍ പറഞ്ഞിട്ടുണ്ട് നമ്മള്‍ എല്ലാവരും നല്ല നടീനടന്‍മാരാണെന്ന്. എല്ലാവരും അഭിനയിക്കുന്നു. കല്ല്യാണം കഴിച്ചു തുടങ്ങിയാല്‍ പ്രത്യേകിച്ചും. ഇതെല്ലാം അവനവന്‍റ മാത്രം രക്ഷയ്ക്കുവേണ്ടിയാണ്. തന്‍റ കാപട്യം അന്യോന്യം അറിയരുതെന്ന് ദമ്പതിമാര്‍ ആഗ്രഹിക്കുന്നു. കേരളത്തിലെ 90 ശതമാനം ജനങ്ങളും തകര്‍ത്ത് അഭിനയിക്കുകയാണ്. വസ്തുവോ വീടോ വാങ്ങാനുള്ള സമയമത്തെുമ്പോഴാണ് ദമ്പതിമാരുടെ പരസ്പരമുള്ള വിശ്വാസമില്ലായ്മ പുറത്തു വരുന്നത്. എന്‍റ പേരില്‍ വാങ്ങണം, അല്ളെങ്കില്‍ ജോയിന്‍റായി എന്നാണ് അവരുടെ ആഗ്രഹം. അന്യേന്യം എവിടെയെങ്കിലുംവെച്ച് ഇട്ടിട്ടുപോകുമോ എന്നതാണ് ദമ്പതിമാരുടെ ഭയം. ഈ അവിശ്വാസം കണ്ടുവളരുന്ന മക്കള്‍ ആരോടും സ്നേഹമില്ലാത്തവരായി വളരുന്നു. അവര്‍ പിന്നീട് തങ്ങളെ മാതാപിതാക്കളെ വഴിയില്‍ ഉപേക്ഷിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇതൊന്നും പാശ്ചാത്യര്‍ക്ക് വശമില്ല. അവര്‍ക്ക് ആരോടും അമിതമായി വൈകാരിക ബന്ധമില്ല. മടുക്കുമ്പോള്‍ അവര്‍ തുറന്നു പറഞ്ഞ് പിരിയും. എന്നാല്‍ അവര്‍ അഭിനയിച്ച് പരസ്പരം വഞ്ചിക്കില്ല.

അഭിമുഖം: ഭാഗ്യലക്ഷ്മി- ഭരതന്നൂര്‍ ഷമീര്‍

ഫോട്ടോ: എസ്. ബിന്യാമിന്‍

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story