സാഹിത്യ ഗുണ്ടകള്‍ എന്നെ വേട്ടയാടുന്നു -വിനു എബ്രഹാം
text_fieldsപുതിയ തലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരനാണ് വിനു എബ്രഹാം. ‘നഷ്ടനായിക’ എന്ന നോവലാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. ഈ നോവലിന്‍െറ ചലച്ചിത്രാവിഷ്ക്കാരമായിരുന്നു ‘സെല്ലുലോയ്ഡ്’ എന്ന കമല്‍ സിനിമ. 20 വര്‍ഷത്തോളം മാധ്യമ പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം ഇപ്പോള്‍ മുഴുവന്‍ സമയ എഴുത്തുകാരനാണ്. ‘രതിനിര്‍വേദം’, ‘ചട്ടക്കാരി’ തുടങ്ങിയ റീമേക്ക് സിനിമകള്‍ക്ക് തിരക്കഥയൊരുക്കിയത് വിനു എബ്രഹാമാണ്. ‘നഷ്ടനായിക’ വിവാദങ്ങളേയും മലയാള സാഹിത്യത്തിലെ അരുതായ്മകളെയും പറ്റിയൊരു തുറന്ന പറച്ചില്‍.
ചോദ്യം : ‘നഷ്ടനായിക’യാണ് താങ്കളെ ഏറെ പ്രശസ്തനാക്കിയത്. താങ്കള്‍ കടന്നുവന്ന വഴികളെ കുറിച്ച് പറയാമോ?
പത്തനംതിട്ടയിലെ നെടുങ്ങാടപ്പള്ളി എന്ന ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്. എന്‍െറ അപ്പ നേവല്‍ ബേസിലെ ഡിഫന്‍സ് അക്കൗണ്ട് ഉദ്യോഗസ്ഥനായിരുന്നു. ചെറുപ്പത്തിലെ വായനയുടെ അന്തരീക്ഷം വീട്ടിലുണ്ടായിരുന്നു. നാട്ടിലെ വായനശാലയിലൂടെയാണ് മലയാള കൃതിളെ പരിചയപ്പെട്ടത്. നാലാംക്ളാസിലാണ് ആദ്യ കഥയെഴുതിയത്. സ്കൂളിലെ കഥാമത്സരങ്ങളില്‍ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. 1979ല്‍ 9ാം ക്ളാസില്‍ പഠിക്കുമ്പോള്‍ അന്താരാഷ്ട്ര ശിശുവര്‍ഷത്തോടനുബന്ധിച്ച് ബാലസാഹിത്യ ക്യാമ്പില്‍ പങ്കെടുത്തു. അതൊരു നല്ല അനുഭവമായിരുന്നു. 30ാമത്തെ വയസ്സിലാണ് ആദ്യമായൊരു കഥ പ്രസിദ്ധീകരിച്ചുവന്നത്. ഭാഷാപോഷിണിയില്‍ ‘പുത്തന്‍പച്ച’ എന്ന പേരില്‍. പിന്നീട് തുടര്‍ച്ചയായ എഴുത്തുണ്ടായിരുന്നു. 2000ലാണ് എന്‍െറ ആദ്യ സമാഹാരം പുറത്തിറങ്ങിയത്. ‘ആരാധനാപൂര്‍വം ശത്രുക്കള്‍’ എന്ന കഥാസമാഹാരം ഡി.സിപുറത്തിറക്കി. അന്നുമുതല്‍ ഇന്നുവരെ അഞ്ച് കഥാസമാഹാരങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. രണ്ട് നോവലുകളുടെ ഒരു കളക്ഷന്‍, നടന്‍ ശ്രീനിവാസനെക്കുറിച്ചുള്ള ഒരു പുസ്തകം, പൂപ്പ എന്ന കുട്ടികളുടെ പുസ്തകം, പത്മരാജന്‍ എന്ന പുസ്തകം തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
ചോദ്യം : സാഹിത്യ ജീവിതത്തിനിടയില്‍ എപ്പോഴാണ് റോസി ഒരു പ്ളോട്ടായി മനസ്സില്‍ കയറിയത്? എങ്ങനെയാണ് താങ്കള്‍ നഷ്ടനായികയിലേക്കത്തെിയത്?
എട്ട് വര്‍ഷം മുമ്പ് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍വെച്ചാണ് റോസിയെപ്പറ്റി ആദ്യമായി അറിയുന്നത്. കുരീപ്പുഴ ശ്രീകുമാറിന്‍െറയും ബേബി തോമസിന്‍െറയുമൊക്കെ നേതൃത്വത്തില്‍ ഒരു ദലിത് കൂട്ടായ്മ ഒരു പ്രതിഷേധ ലഘുലേഖ ഇറക്കി. റോസി എന്ന ആദ്യത്തെ നായികയെ തമസ്കരിക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു ലഘുലേഖ. റോസിക്ക് ഉചിതമായ സ്മാരകം വേണമെന്നായിരുന്നു അവരുടെ ആവശ്യം. അപ്പോഴാണ് ഒരു ദലിത് സ്ത്രീയാണ് വിഗതകുമാരനിലെ നായികയാണെന്നറിയുന്നത്. ലഘുലേഖയിലെ കുരിപ്പുഴയുടെ കവിതയില്‍ രാത്രിയില്‍ ഇവരുടെ കുടില്‍ തീവെച്ചതും നാടുകടത്തിയതും സംബന്ധിച്ച സൂചനകളുണ്ടായിരുന്നു. ഈ വിവരങ്ങള്‍ എനിക്ക് ഞെട്ടലുണ്ടാക്കി. നമ്മുടെ നാട്ടില്‍ ആദ്യമായി ഒരു സിനിമ ഉണ്ടാകുകയും അതിലെ നായിക ഇത്ര ഹീനമായി ഭ്രഷ്ടയാക്കപ്പെടുകയും ചെയ്തത് നിരന്തരം എന്നെ വേട്ടയാടിക്കൊണ്ടിരുന്നു. ഇവിടെനിന്നാണ് ഞാന്‍ റോസിയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ ആരംഭിച്ചത്.
ചോദ്യം : മണ്‍മറഞ്ഞ കാലത്തെ തേടിപ്പോകലായിരുന്നു ആ അന്വേഷണങ്ങള്‍. താങ്കള്‍ അതിലേക്കായി നടത്തിയ ഗവേഷണങ്ങള്‍ എന്തൊക്കെയായിരുന്നു?
ആദ്യം ഞാന്‍ അന്വേഷിച്ചത് ജെ.സി ഡാനിയേലിനെക്കുറിച്ചായിരുന്നു. ആ അന്വേഷണത്തിലാണ് ചേലങ്ങാട് ഗോപാലകൃഷ്ണന്‍ എഴുതിയ നാല് ലേഖനങ്ങള്‍ ലഭിച്ചത്. അന്ന് ‘ജെ.സി ഡാനിയേല്‍’ എന്ന ചേലങ്ങാടിന്‍െറ പുസ്തകം പുറത്തിറങ്ങിയിരുന്നില്ല. ‘ പിന്നീടാണ് കുന്നുകുഴി എസ്. മണിയെ പരിചയപ്പെടുന്നത്. അദ്ദേഹം ധാരാളം വിവരങ്ങള്‍ നല്‍കി സഹായിച്ചു. ആര്‍. ഗോപാലകൃഷ്ണന്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറും ചരിത്രകാരനുമാണദ്ദേഹം. അദ്ദേഹത്തില്‍നിന്നും ധാരാളം വിവരങ്ങള്‍ എനിക്ക് ലഭിച്ചു. റോസിയൊരു കാക്കാരിശി നാടകനടിയായിരുന്ന എന്നതിന്‍െറ അടിസ്ഥാനത്തില്‍ ഇതിനെപറ്റിയും പഠിച്ചു. നെടുമങ്ങാടിനടുത്ത് ഇരിഞ്ചയം എന്ന സ്ഥലത്ത് കാക്കാരിശി നാടകക്കാരനായിരുന്ന ശ്രീധരനാശാനെ കണ്ടു.
ചോദ്യം : താങ്കളുടെ അന്വേഷണങ്ങളില്‍ ലഭിച്ചത് റോസിയെപ്പറ്റിയുള്ള സമാനമായ വിവരങ്ങളായിരുന്നോ?
ചെറിയ ചെറിയ വ്യത്യാസങ്ങള്‍ വിശദാംശങ്ങളില്‍ ഉണ്ടായിരുന്നതല്ലാതെ കാര്യമായ വ്യത്യാസം തോന്നിയിരുന്നില്ല. റോസി ഒരു പുലയ പെണ്‍കുട്ടിയാണ്. ദരിദ്ര്യ കുടുംബമാണവരുടേത്. ഡാനിയേലിന്‍െറ ബന്ധുവും സുഹൃത്തും നടനുമായ ജോണ്‍സണാണ് അവരെ ഡാനിയേലിന് പരിചയപ്പെടുത്തിയത് തുടങ്ങിയ വിവരങ്ങളാണ് എല്ലാപേരില്‍നിന്നും ലഭിച്ചത്.
ചോദ്യം : റോസിയുടെ ചരിത്രം പറയുമ്പോഴുള്ള പ്രകടമായ വ്യത്യാസം അവരുടെ മതം മാറ്റവുമായി ബന്ധപ്പെട്ടാണ്. താങ്കളടക്കമുള്ളവര്‍ പറയുന്നത് റോസി മതം മാറി എന്നാണ്. എന്നാല്‍ അവരുടെ ജീവിച്ചിരിക്കുന്ന അടുത്ത ബന്ധുക്കള്‍ പറയുന്നത് മതം മാറിയിട്ടില്ല എന്നാണ്. ഇവിടെ ആര്‍ക്കാണ് തെറ്റ് പറ്റിയത്?
ചേലങ്ങാട് ഗോപാലകൃഷ്ണനും കുന്നുകുഴി മണിയും ജെ.സി. ഡാനിയേലിനെ നേരിട്ട് കണ്ടത്. അറുപതുകളിലാണത്. ഇടമറുകും കണ്ടുവെന്ന് പറയുന്നു. മണര്‍ക്കാട് മാത്യു തുടങ്ങിയവരും കണ്ടതായി പറയുന്നു. ഇവരെല്ലാവരും രേഖപ്പെടുത്തിയിരിക്കുന്നത് റോസി കുടുംബമായി മതംമാറി എന്നാണ്. അക്കാലത്തത് സാധാരണവുമായിരുന്നു. എല്‍.എം.എസ് സഭയിലെ കുശിനിക്കാരന്‍ പൗലോസാണ് റോസിയുടെ അപ്പന്‍ എന്നും പറയപ്പെടുന്നു.
ചോദ്യം : ഈ അന്വേഷണങ്ങളില്‍ എപ്പോഴെങ്കിലും റോസിയുടെ ബന്ധുക്കളെ കണ്ടിരുന്നോ?
ഇല്ല. റോസിയുടെ ബന്ധുക്കളെപ്പറ്റി നടത്തിയ അന്വേഷണത്തില്‍ ഒരു സഹോദരന്‍ ജീവിച്ചിരിക്കുന്നതായി വിവരം ലഭിച്ചിരുന്നു. സ്വന്തം സഹോദരനാണോ അതെന്ന സംശയം പലരും പറഞ്ഞിരുന്നു. അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞില്ല. റോസിയുടെ പിന്‍കാല ജീവിതത്തെപ്പറ്റി ചില സൂചനകള്‍ നോവലില്‍ നല്‍കിയിട്ടുണ്ട്. കേശവപിള്ളയോടൊപ്പം അവര്‍ പോയതും രാജമ്മാള്‍ എന്ന പേരില്‍ നാഗര്‍കോവിലില്‍ ജീവിക്കുന്നതും മറ്റും. എങ്കിലും ഞാന്‍ നോവലിലൂടെ പറയാന്‍ ശ്രമിച്ചത് പൂര്‍ണമായും യഥാര്‍ഥമായ ഒരു ജീവിതമല്ല. ചരിത്രത്തോടൊപ്പം ഭാവനയും ഉപയോഗിച്ച നോവലാണ് ‘നഷ്ടനായിക’.
ചോദ്യം : സാഹിത്യത്തോടൊപ്പം താങ്കളൊരു സിനിമാ പ്രവര്‍ത്തകനുമാണ്. അതിനെപ്പറ്റി പറയാമോ?
ഞാന്‍ 20 വര്‍ഷം ‘ദി വീക്കി’ന്‍െറ കേരളാ ലേഖകനായിരുന്നു. പീന്നിടവിടെനിന്നും രാജിവെച്ച് എഴുത്തിന്‍െറ ലോകത്തേക്കത്തെി. ഇതിനിടയില്‍ യാദൃഛികമായാണ് ‘രതിനിര്‍വേദ’ത്തിന്‍െറ റീമേക്കിന്‍െറ തിരക്കഥാരചനക്ക് ക്ഷണം വരുന്നത്. പിന്നീട് അതേ ബാനറിന്‍െറ ‘ചട്ടക്കാരി’ പിന്നെ ‘പറുദീസ’ എന്ന സിനിമ. ആര്‍. ശരത്താണ് സംവിധാനം. അതിന് തിരക്കഥയും സംഭാഷണവുമൊരുക്കി. മെക്സിക്കോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച തിരക്കഥക്കുള്ള അവാര്‍ഡ് പറുദീസക്കായിരുന്നു.
ചോദ്യം : സെല്ലുലോയ്ഡ് സിനിമയുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളുണ്ടായിരുന്നല്ളോ? അതിനെ എങ്ങനെ നോക്കിക്കാണുന്നു?
ചേലങ്ങാടിന്‍െറ പുസ്തകവും നഷ്ടനായികയുമാണ് സിനിമക്ക് ആധാരമാക്കിയിരുന്നത്. ചേലങ്ങാടിന്‍െറ പുസ്തകത്തില്‍ പറയുന്നത് മലയാറ്റൂരും കരുണാകരനും ജെ.സി. ഡാനിയേലിനെ തമസ്കരിക്കാന്‍ ശ്രമിച്ചുവെന്നാണ്. ഇരുവരെയും സമീപിച്ചപ്പോള്‍ വളരെ മോശമായ പ്രതികരണമാണുണ്ടായതെന്നും പറയുന്നു. മലയാറ്റൂരിനെയും കരുണാകരനെയും അടുത്തറിയാവുന്നവര്‍ക്ക് അവ‘ സ്ഥാപിത താല്‍പര്യക്കാരാണെന്ന് വിശ്വസിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഉദ്യോഗസ്ഥര്‍ പറയുന്നത് അപ്പടി വിശ്വസിക്കുന്നതാണ് കരുണാകരന്‍െറ രീതി. അതായിരിക്കാം ഡാനിയേല്‍ തമിഴ്നാട്ടുകാരനാണെന്ന തെറ്റിധാരണക്ക് കാരണം.
ചോദ്യം : റോസിയെപ്പറ്റി ‘മാധ്യമം’ നടത്തിയ അന്വേഷണങ്ങള്‍ താങ്കള്‍ ശ്രദ്ധിച്ചിരിക്കുമല്ളോ? പുതിയ പശ്ചാത്തലത്തില്‍ റോസിയുടെ മതംമാറ്റത്തെപ്പറ്റി താങ്കള്‍ കരുതുന്നതെന്താണ്?
ഇതേപ്പറ്റി ആധികാരികമായി വിവരങ്ങളുണ്ടോ എന്നതാണ് പ്രശ്നം. ബന്ധുക്കളില്‍ ചിലര്‍ മതം മാറിയിട്ടില്ല എന്ന് പറയുന്നു. ജെ.സി. ഡാനിയേലിനെ കണ്ടവരോട് നേരിട്ട് പറഞ്ഞത് മതംമാറി എന്നാണ്. പുതിയ വിവരങ്ങള്‍ക്ക് ഉപോല്‍ബലകമായ തെളിവുകള്‍ ലഭിച്ചിട്ടില്ല എന്നാണ് ഞാന്‍ കരുതുന്നത്.
ചോദ്യം : ഡാനിയേലിന് ലഭിച്ച വിവരങ്ങള്‍ ഒരുപക്ഷേ തെറ്റായിരുന്നെങ്കിലോ?
റോസി സിനിമയില്‍ വന്ന കാലത്ത് ഇപ്പോഴത്തെ ബന്ധുക്കള്‍ മുതിര്‍ന്നവരായിരുന്നില്ല. അതാണ് ആധികാരികത ചോദ്യം ചെയ്യാന്‍ കാരണം.
ചോദ്യം : എങ്കിലും കുടുംബം മുഴുവന്‍ മതംമാറി എന്നത് തീരെ വിശ്വസനീയമല്ലല്ളോ? താങ്കളെന്ത് കരുതുന്നു?
തെക്കന്‍ തിരുവിതാംകൂറില്‍ അക്കാലത്ത് വ്യാപകമായിരുന്നു മതംമാറ്റം. മതംമാറ്റത്തെപ്പറ്റി കൃത്യമായ തെളിവില്ല എന്നത് വാസ്തവമാണ്. എന്‍െറ അഭിപ്രായത്തില്‍ അത്ര പ്രാധാന്യമുള്ളതല്ല റോസിയുടെ മതംമാറ്റം. എന്‍േറത് ഒരു നോവലാണ്. ഒരു റിപ്പോര്‍ട്ടല്ല. ജേര്‍ണലിസ്റ്റിക്കായ ഒരന്വേഷണം ഇക്കാര്യത്തെപ്പറ്റി ഉണ്ടായാല്‍ അത് നല്ലതാണ്. മതം മാറിയിട്ടില്ല എന്ന് തെളയിക്കാനായാല്‍ അതിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു.
ചോദ്യം : എഴുത്തിനെ ഗൗരവമായി കാണുന്ന ആള്‍ എന്ന നിലക്ക് മലയാളസാഹിത്യത്തിലെ പുതിയ പ്രവണതയെപ്പറ്റി പറയാമോ?
മലയാളസാഹിത്യത്തില്‍ ഒരുതരം വല്ലാത്ത തമസ്ക്കരണങ്ങളും ഗ്രൂപ്പിസങ്ങളും കോക്കസ് പ്രവര്‍ത്തനങ്ങളുമുണ്ട്. മലയാളത്തിലെ ഒരു പ്രമുഖവാരികയില്‍ അച്ചടിച്ച് വന്നാല്‍ മാത്രമേ ഒരു സാഹിത്യകാരനായി അംഗീകരിക്കപ്പെടു എന്ന അവസ്ഥാവിശേഷമുണ്ട്. ഒരുപക്ഷേ അതവരുടെ വിജയമായിരിക്കാം. അവര്‍ പറയുന്നത് മാത്രം വേദമാക്യമായി കാണുന്ന ഒരു വലിയ നിര യു.ജി.സി അധ്യാപകരും വിദ്യാര്‍ഥികളും സാഹിത്യ പ്രവര്‍ത്തകരും ആസ്വാദകരും നമ്മുടെ നാട്ടിലുണ്ട്. ആ വാരികയില്‍ പേരച്ചടിച്ച് വന്നില്ളെങ്കില്‍ നിങ്ങളെന്ത് ചെയ്താലും പ്രസക്തമല്ലാത്ത അവസ്ഥയാണ്.
ചോദ്യം : ഒരുതരം സാഹിത്യ ഗുണ്ടായിസത്തിന്‍െറ അവസ്ഥ അല്ളേ?
അതെ. അത് തന്നെ, സാഹിത്യ ഗുണ്ടായിസം. ചിലര്‍ക്ക് ഈ ഗ്രൂപ്പിലേക്ക് സ്വാഗതമുണ്ടാവില്ല. അവരെ സാഹിത്യത്തിന്‍െറ ക്രീമിലെയറില്‍നിന്നും ഒഴിവാക്കപ്പെടുന്ന അവസ്ഥയുണ്ട്.
ചോദ്യം : കൃത്യമായി ടാര്‍ഗറ്റ് ചെയ്ത അത്തരമൊരു തമസ്ക്കരണം താങ്കള്‍ക്ക് അനുഭവപ്പെട്ടിട്ടുണ്ടോ?
എന്‍െറ അനുഭവം അതാണ്. കൃത്യമായും വ്യക്തിപരമായും ടാര്‍ഗറ്റ് ചെയ്തുള്ള തമസ്ക്കരണം.
ചോദ്യം : എങ്ങനെയാണ് അവര്‍ വ്യക്തികളെ തെരഞ്ഞെടുക്കുന്നത്.?
ചില പ്രത്യേക ഗ്രൂപ്പുകളുണ്ട്. അതില്‍പ്പെടുകയാണ് പ്രധാനം. അല്ലാത്തവര്‍ ഭീകരമായി വേട്ടയാടപ്പെടും. ഇതോടെ സാഹിത്യത്തിലെ പല മേഖലകളിലും പ്രവേശനമില്ലാത്തവരായി നാം മാറും.
ചോദ്യം : വ്യക്തിപരമായ എന്തെങ്കിലും അനുഭവങ്ങള്‍
‘നഷ്ടനായിക’ പുസ്തകമാക്കുന്ന സമയം. ഈ വാരികയുടെ ഓണം വാര്‍ഷികപ്പതിപ്പ് തയാറാക്കുന്നതും ഇതേ സമയത്താണ്. പുസ്തകത്തിന്‍െറ പബ്ളീഷര്‍ വാരികയുടെ ചുമതലപ്പെട്ട ആളെ വിളിച്ച് സംസാരിക്കുന്നു. പുസ്തകത്തെപ്പറ്റി വാര്‍ഷികപ്പതിപ്പില്‍ വരികയാണ് ലക്ഷ്യം. എന്നാല്‍ എഴുത്തുകാരന്‍െറ പേര് കേട്ടതോടെ അയക്കേണ്ടതില്ല എന്ന് മറുപടി. എന്താണ് അയക്കാനുള്ളത് എന്നുപോലും ചോദിക്കാതെയാണ് ഫോണ്‍ കട്ട് ചെയ്തത്.
ചോദ്യം : പുതിയ ഒരെഴുത്തുകാരന് മുഴവന്‍സമയ സാഹിത്യകാരനായി ജീവിക്കാന്‍ പറ്റുന്ന അന്തരീക്ഷം മലയാളത്തിലുണ്ടോ?
ബുദ്ധിമുട്ടാണ്. ഒന്നാമത് നമുക്ക് ലഭിക്കുന്ന റോയല്‍റ്റി എന്നത് തീരെ കുറവാണ്. വാരികകളില്‍ നിന്നുള്ള പ്രതിഫലങ്ങളും അത്ര മെച്ചമല്ല. തുടക്കക്കാര്‍ക്ക് മാത്രമല്ല, അറിയപ്പെടുന്നവര്‍ക്കും സാഹിത്യം മാത്രമായി പിടിച്ച് നില്‍ക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് അനുഭവം.
ചോദ്യം : താങ്കളുടെ കുടുംബം?
ഭാര്യ സുജ. ഏഷാ്യനെറ്റിലായിരുന്നു ജോലി. ഡോക്യുമെന്‍ററി, ഷോര്‍ട്ട് ഫിലിം സംവിധായികയാണ്. 2004 ദേശീയ ചലച്ചിത്രമേളയില്‍ മികച്ച നവാഗത ഹ്രസ്വചിത്ര സംവിധായികക്കുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. മകന്‍ ഭുവന്‍ പത്താംക്ളാസിലും മകള്‍ റെയ്ന്‍ ഒമ്പതാം ക്ളാസിലും പഠിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.