Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightTalkschevron_rightഎന്നെ വളര്‍ത്തിയത്...

എന്നെ വളര്‍ത്തിയത് നിരൂപകരും പ്രസാധകരുമല്ല്ല-മുരുകന്‍ കാട്ടാക്കട

text_fields
bookmark_border
എന്നെ വളര്‍ത്തിയത് നിരൂപകരും പ്രസാധകരുമല്ല്ല-മുരുകന്‍ കാട്ടാക്കട
cancel

മലയാളിയുടെ പ്രിയ കവിയാണിന്ന് മുരുകന്‍ കാട്ടാക്കട. കണ്ണട എന്ന കവിതയില്‍നിന്നും ഏകദേശം ഒന്നരപ്പതിറ്റാണ്ടോളം മുമ്പായിരുന്നു ആ തുടക്കം. ആ കവിതയുടെ തുടിതാളം, പ്രാസം, ഉള്ളടക്കം എന്നിവ മലയാളിയെ പൊള്ളിച്ചു.

‘മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തു കണ്ണടകള്‍ വേണം..’ എന്നു തുടങ്ങുന്ന ‘കണ്ണട’ കവിതയിലെ വരികള്‍ ഓരോന്നും കടന്നുപോകുമ്പോള്‍ അതിന്‍െറ ഇരമ്പലും തീക്കാറ്റും ഉണ്ടായി. അതിലെ ഏറ്റവും ശക്തമായതും ഇന്നും പ്രസക്തമായതുമായചില വരികള്‍ നോക്കൂ...

‘പിഞ്ചുമടിക്കുത്തമ്പതുപേര്‍ ചേര്‍ന്ന്
ഇരുപത് വെള്ളിക്കാശ് കൊടുത്തിട്ട്
ഉഴുത് മറിക്കും കാഴ്ചകള്‍ കാണാം..’
അതിനുശേഷമുള്ള മുരുകന്‍ കാട്ടാക്കടയുടെ കവിതകളും ജനശ്രദ്ധ ആകര്‍ഷിച്ചു. രേണുക, ബാഗ്ദാധ്,രക്തസാക്ഷി തുടങ്ങിയവ. മുരുകന്‍ കാട്ടാക്കടയുടെ കവിതകള്‍ കേള്‍ക്കാന്‍ കേരളീയ സമൂഹം കാത്തിരിപ്പാണ്. അതിന്‍റ തെളിവാണ് അദ്ദേഹത്തെ തേടിയുള്ള കേരളത്തിനകത്തും പുറത്തുമുള്ള ക്ഷണങ്ങള്‍. മുരുകന്‍ കാട്ടാക്കട ഇവിടെ ഹൃദയം തുറക്കുകയാണ്. തന്‍റ കവിതകളെ കുറിച്ച്, ഭാഷയെക്കുറിച്ച്.

ചോദ്യം: മുന്‍ നിര കവികളുടെ മുമ്പിലേക്ക് മുരുകന്‍ കാട്ടാക്കട എത്തപ്പെട്ടു കഴിഞ്ഞു. വളരെ പെട്ടെന്നുണ്ടായ ഈ പ്രസിദ്ധിയെ എങ്ങനെ നോക്കികാണുന്നു.?

ഉത്തരം: നമ്മുടെ മലയാളികളെ അവരുടെ തൊഴിലിനനുസരിച്ച് വിവിധ തരക്കാരായി തിരിച്ചാലും അവരില്‍ എല്ലാവരിലും മലയാളത്തോടുള്ള ആത്മാര്‍ത്ഥമായ അഭിനിവേശം ഹൃദയത്തില്‍ അടയാളമായി കിടപ്പുണ്ട്. ഇനി ചില വിദ്യാസമ്പന്നരായ മലയാളികള്‍ക്ക് നിത്യജീവിതത്തില്‍ എപ്പോഴും മലയാളത്തെ പ്രയോഗിക്കാനോ ഉപയോഗിക്കാനോ കഴിയാറില്ല. ഈ നവമധ്യവര്‍ഗ മലയാളിക്കുപോലും മലയാളം അമൃതയായി ഉള്ളില്‍ കിടപ്പുണ്ട്. ഈ വിത്യസ്ത മനുഷ്യര്‍ക്കിടയില്‍ അവര്‍ക്ക് മനസിലാകുന്ന ഒരു പൊതുധാരയില്‍നിന്നുകൊണ്ട് കവിത നിര്‍മ്മിക്കുന്നതാണ് എന്‍റ രീതി. സംസ്കൃത പദങ്ങളോട് അകലം പാലിച്ചുകൊണ്ട്, മലയാളത്തിന്‍റ തനിമ നിലനിര്‍ത്തുന്ന പദങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് കവിത രചിക്കുകയും അത് അഭിമാനത്തോടെ നീട്ടിചൊല്ലുകയും ചെയ്യുമ്പോള്‍ അത് കേള്‍വിക്കാരില്‍ ഭാഷയോടുള്ള താല്‍പ്പര്യം ഉണ്ടാക്കുന്നു. ലളിതമയായി പറഞ്ഞാല്‍ അവര്‍ക്ക് സംവദിക്കാന്‍ കഴിയുന്ന രീതിയിലാണ് എന്‍റ കവിതകള്‍ എന്നതുകൊണ്ട് അവര്‍ എന്‍റ കവിതകളെ സ്നേഹിക്കുന്നു. നെഞ്ചേറ്റുന്നു.

ചോദ്യം: എന്നാല്‍ ചിലര്‍ പറയുന്നു താങ്കളുടെത് വെറും ശബ്ദ കവിതയാണെന്ന്?

അത്തരം ആക്ഷേപം ഞാന്‍ പലപ്പോഴും കേള്‍ക്കുന്നതാണ്. അവര്‍ ആദ്യം അറിയേണ്ടത് നമ്മുടെ ഭാഷ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചാണ്. ആദ്യം ഭാഷയെ നിലനിര്‍ത്താന്‍ ശ്രമിക്കുകയല്ളെ വേണ്ടത്. ഇന്നത്തെ കേരളം തമിഴ്പാട്ടിന്‍െറയും ഹിന്ദിപാട്ടിന്‍െറയും ഒക്കെ പിറകെയാണ്. ഇവിടെ ഞാനെഴുതുന്നതും ചൊല്ലുന്നതും മലയാളമാണ്. ആദ്യം മലയാളത്തെ നിലനിര്‍ത്തുക. എന്നിട്ടാകാം ഘനംഗഭീര സാഹിത്യ സൃഷ്ടികള്‍ ഉണ്ടാക്കുന്നത്. എന്‍്റെ കവിതകളെ എതിര്‍ക്കുന്ന സുഹൃത്തുക്കളോട് പറയാനുള്ളത് ചുമരുണ്ടെങ്കിലെ ചിത്രമെഴുതാന്‍ കഴിയൂ എന്നതാണ്. പണ്ഡിത കവികളും വരേണ്യരും എന്‍െറ കവിതകളെ ഒളിഞ്ഞും തെളിഞ്ഞും എതിര്‍ക്കുന്നുണ്ട്. എന്നാല്‍ അതിലെനിക്ക് ഭയമില്ല. ഞാന്‍ ജീവിച്ചിരിക്കുന്ന കാലത്തിലെ കൊള്ളരുതായ്മകള്‍ക്കെതിരെ ജീവഭാഷകൊണ്ട് എഴുതുന്നു. മാതൃഭാഷകൊണ്ട് എഴുതുന്നു. ഇതെന്‍റ ധര്‍മ്മമാണെന്ന് വിശ്വസിക്കുന്നു. അതില്‍ എത്രത്തോളം പണ്ഡിത മതമുണ്ടെന്ന് ഞാന്‍ ആലോചിച്ച് തല പുകക്കാറില്ല. ആശങ്കപ്പെടാറുമില്ല. സ്വയം തൃപ്തിക്ക് വേണ്ടിയോ ഉദാത്തമെന്ന് കല്‍പ്പിച്ചോ ദന്തപോപുരങ്ങളിലിരുന്ന് ജനത്തിന് മനസിലാകാത്ത സാഹിത്യം രചിച്ചിട്ട് എന്താണ് സുഹൃത്തെ കാര്യം?

ചോദ്യം: നല്ല രീതിയില്‍ കവിത ചൊല്ലുകയും പ്രശസ്തനാകുകകയും ചെയ്തതിന്‍െറ പേരില്‍ മറ്റ് കവികളില്‍നിന്ന് അസഹിഷ്ണുത ഉണ്ടാകാറുണ്ടോ?

ഉത്തരം: എന്‍റ കവിത എന്നാല്‍ പാട്ടുകവിതയെന്നുള്ള ചര്‍ച്ചക്ക് ചില കവികള്‍ നേതൃത്വം നല്‍കുന്നത് അറിയാം. പക്ഷെ വിരോധമില്ല. പാട്ടുകവി എന്ന് വിളിച്ച് ഇകഴ്ത്തുന്നവരോട് എനിക്ക് സ്നേഹമേയുള്ളൂ. പാട്ട് എന്നത് അത്രയ്ക്ക് മോശമാണെന്ന അഭിപ്രായം മലയാളിക്ക് ഇല്ലല്ളോ. ചില കവിയരങ്ങുകളില്‍ എന്‍റ കവിതയ്ക്കായി ’ഒണ്‍സ്മോര്‍’വിളി വരുമ്പോഴും ഒപ്പമുള്ള ചില കവികള്‍ അസഹിഷ്ണുത പ്രകടിപ്പിക്കാറുണ്ട്. എന്നാല്‍ സാധാരണക്കാരായ നിഷ്കളങ്കരായ സദസ്യരില്‍നിന്നും അറിയാതെ ഉണ്ടാകുന്ന അഭിപ്രായപ്രകടനമായി കാണാന്‍ അവര്‍ തയ്യാറാകാറില്ല. ഞാന്‍ തുറന്നു പറയട്ടെ. മുരുകന്‍ കാട്ടാക്കട എന്ന കവിയെ വളര്‍ത്തിയത് ഇതേ രീതിയില്‍ ‘ഒണ്‍സ്മോര്‍ ’ വിളിച്ച സാധാരണക്കാരുടെ സ്നേഹമാണ്. എനിക്ക് നിസംശയം പറയാനാകും ‘ എന്നെ വളര്‍ത്തിയത് കേരളത്തിലെ ഒരു നിരൂപകനോ പത്രാധിപരോ പ്രസാധകനോ അല്ളെന്ന്’

ചോദ്യം: കവി എന്ന നിലയില്‍ താങ്കള്‍ക്ക് ഏറെ അഭിമാനം ഉണ്ടാക്കിയ സന്ദര്‍ഭങ്ങളേതെല്ലാം?

തീര്‍ച്ചയായും അത്തരം നിരവധി സന്ദര്‍ഭങ്ങളുണ്ട്. അതിലൊന്ന് എന്‍െറ സുഹൃത്ത് പറഞ്ഞ ഒരനുഭവമാണ്. ആദിവാസി വിഷയങ്ങളില്‍ ഗവേഷണം നടത്തുന്ന എന്‍റ സുഹൃത്ത് അട്ടപ്പാടിയിലോ മറ്റോ കാടിന് നടുവിലുള്ള ഒരു സ്ഥലം സന്ദര്‍ശിക്കുകയായിരുന്നു. അവിടെ ഒരു കോളനിയില്‍നിന്നും എന്‍റ കവിത കേട്ടു സുഹൃത്ത് അങ്ങോട്ടേക്ക് ചെന്നു. അവിടെ ബാറ്ററി സെറ്റ് വെച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഒരു പഴയ ടേപ്പ്റിക്കാര്‍ഡറില്‍നിന്നാണ് കവിത മുഴങ്ങുന്നത്. അവര്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി ബാറ്ററി വീണ്ടും വീണ്ടും വാങ്ങി ആ കവിത കേള്‍ക്കുന്നുണ്ടത്രെ. എന്‍റ സുഹൃത്ത് എന്നോട് പറഞ്ഞ ആ അനുഭവം എന്നില്‍ വിങ്ങലുണ്ടാക്കി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ആ ജനത, മുഖ്യധാരാ വിദ്യാഭ്യാസവുമായിപ്പോലും വലിയ ബന്ധമില്ലാത്ത ആ സാധുക്കള്‍ എന്‍െറ കവിത വീണ്ടും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ എന്‍െറ കവിത്വം അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.

ചോദ്യം: അതുപോലെ വടക്കന്‍ കേരളത്തിലും പ്രവാസി സമൂഹത്തിലും മുരുകന്‍ കാട്ടാക്കടയുടെ കവിതകള്‍ക്ക് ആരാധകര്‍ ഏറെയാണല്ളോ?

ഉത്തരം: വടക്കന്‍ കേരളത്തിന് എല്ലാ നന്മകളോടും വൈകാരികമായ അടുപ്പം കൂടുതലുണ്ട്. പ്രത്യേകിച്ചും കവിതയോട്. റഫീക്ക് അഹമ്മദിന്‍െറയും ടോണിയുടെയും ഒക്കെ കവിതകള്‍ അവരുടെ ഒരു വികാരമാണ്. കൂട്ടത്തില്‍ എന്‍റ കവിതകളെയും അവര്‍ സ്നേഹിക്കുന്നു. കവിതകളെ ഹൃദയംകൊണ്ട് വായിക്കുകയും കേള്‍ക്കുകയും ചെയ്യുന്നവരാണ് വടക്കന്‍ കേരളത്തിലുള്ളവര്‍. ആങ്ങോട്ടേക്ക് ചെല്ലുമ്പോള്‍ കവി വരുന്നു എന്ന വാര്‍ത്തയറിഞ്ഞ് വേദിക്ക് മുന്നില്‍ വലിയ ജനക്കൂട്ടമുണ്ടാകും. അമ്മമാരും സഹോദരിമാരും ഒക്കെ സന്തോഷത്തോടെയുണ്ടാകും. ആ ജനക്കൂട്ടത്തിന് മുന്നില്‍ കവിതകള്‍ ആലപിക്കുക എന്നത് എന്‍റയൊരു ഹൃദയപൂര്‍വ്വമായ അനുഭവമാണ്. എന്നാല്‍ സദസിന്‍റ ആവശ്യത്തെ തുടര്‍ന്ന് മൂന്നാമത് കവിത ചൊലുമ്പോള്‍ ഞാനോലിചിക്കാറുണ്ട്. ഇതെന്ത് ബോറാണ്. സ്വന്തം മൂന്നു കവിതകള്‍ തുടര്‍ച്ചയായി ആലപിക്കേണ്ടി വരുന്നതിലെ മടുപ്പിനെ പറ്റിയായിരിക്കുമത്. എന്നാല്‍ വീണ്ടും നാലാമതും കവിത ചൊല്ലാനായി സദസ് ആവശ്യപ്പെടുമ്പോള്‍ നമ്മളും ആവേശത്തിലാകും. എന്‍െറ കവിത കേട്ട് മുഷിഞ്ഞ് ഇറങ്ങിപ്പോയ ഒരാളെപ്പോലും എനിക്ക് കാണേണ്ടി വന്നിട്ടില്ല.
പ്രവാസികളായ മലയാളികള്‍ എന്‍റ ഏറ്റവും വലിയ സുഹൃത്തുക്കളാണ്. എന്‍റ കവിതയുടെ അഭ്യുദയ കാംക്ഷികളാണ്. അവരുടെ ആവശ്യപ്രകാരം ഞാനെത്ര തവണപോയിട്ടുണ്ട് ഗള്‍ഫുനാടുകളില്‍. അവര്‍ തീര്‍ച്ചയായും കവികള്‍ അല്ളെങ്കില്‍കൂടി അവരുടെ ഉള്ളില്‍ കവിതകള്‍ കിടന്നെരിയുന്നുണ്ട്. മലയാളത്തെയും നമ്മുടെ സാംസ്ക്കാരികതയെയും സ്നേഹിക്കുകയും അവയെ നിലനിര്‍ത്താന്‍ എന്ത് ത്യാഗവും ചെയ്യാന്‍ ഒരുക്കമുള്ളവരുമാണ് അവര്‍. പ്രവാസി മലയാളികളൂടെ സ്വകാര്യ ഇടങ്ങളിലും പൊതുചടങ്ങിലും ഞാന്‍ എന്‍െറ എത്രയോ കവിതകള്‍ ചൊല്ലിയിട്ടുണ്ട്. ഒരനുഭവം കൂടി പറയാം...ഞാന്‍ ഗള്‍ഫില്‍ ഒരിടത്ത്വെച്ച് ‘ബാഗ്ദാത്’ എന്ന എന്‍െറ കവിത ചൊല്ലുന്നു. വലിയ ഒരു സദസില്‍ മുന്നിലിരിക്കുന്ന ഒരുഅറബി സ്ത്രീ എന്‍റ കവിത കേട്ട് അടുത്തിരിക്കുന്ന ആളോട് അതിന്‍റ അര്‍ത്ഥം ചോദിക്കുന്നു. തൊട്ടടുത്തിരിക്കുന്നയാള്‍ മലയാളിയാണെന്ന് തോന്നി.അയ്യാള്‍ വരികള്‍ക്ക് അനുസരിച്ച് പരിഭാഷപ്പെടുത്തുകയാണെന്ന് തോന്നി. എപ്പോഴൊ ആ അറബിവൃദ്ധ വിതുമ്പി കരഞ്ഞു തുടങ്ങി. എനിക്കും കവിത പൂര്‍ണ്ണമാക്കാന്‍ കഴിഞ്ഞില്ല. ഞാനും കരഞ്ഞു തുടങ്ങിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story