ദേശം ചിറകടിക്കുന്ന കഥകള്‍
text_fieldsദേശമാണ് പി.വി. ഷാജികുമാറിന്‍െറ കഥകളുടെ ജീവന്‍. കാസര്‍കോട് ജില്ലയിലെ കാലിച്ചാംപൊതി എന്ന നാട്ടുമ്പുറത്തെ മനുഷ്യരും മൃഗങ്ങളും പുഴകളും പാടങ്ങളും നിലാവും വെയിലും നന്മയും കെട്ടതുമെല്ലാം ചേര്‍ന്ന് വികസിക്കുന്ന ഒരു കഥാപ്രപഞ്ചം. അതേസമയം, പറഞ്ഞുകേട്ട കഥകളോ വായിച്ചറിഞ്ഞ ആഖ്യാനമോ അല്ല ഈ കഥകളുടേത്. പതിവുവഴികളെ ഉപേക്ഷിച്ചാണ് കഥാകൃത്തിന്‍െറ നടത്തങ്ങള്‍. ഗ്രാമജീവിതത്തിന്‍െറ പരുഷ യാഥാര്‍ഥ്യങ്ങളും ജീവിതാവസ്ഥകളുമാണ് നടത്തത്തിന്‍െറ തുടര്‍ച്ചയെന്നോണം വായനക്കാരനിലേക്ക് എത്തുന്നത്. അത് നാട്യങ്ങളോ ജാടയോ ഇല്ലാതെയാണ് കഥാകാരന്‍ പറഞ്ഞുതരുന്നത്. ഒരുപക്ഷേ, പറഞ്ഞതിനും അപ്പുറം എത്രയോ കഥാകൃത്തിന്‍െറ മനസ്സില്‍ ശേഷിക്കുന്നുമുണ്ട്. ഇത് വീണ്ടും അലോസരങ്ങളായി മനസ്സിനെ നിറക്കുമ്പോള്‍ മറ്റൊരു രചനയുടെ ചൂടിലേക്ക് കഥാകാരന്‍ എറിയപ്പെടുന്നു. നാട്ടുമ്പുറത്തുകാരനായ ഒരു യുവാവ് നഗരത്തില്‍ താമസിക്കുമ്പോള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളാണ് പി.വി. ഷാജികുമാറിന്‍െറ കഥകള്‍ എന്ന് സാമാന്യമായി പറയാം.
കാസര്‍കോട്ടെ കാലിച്ചാംപൊതിയെന്ന നാട്ടുമ്പുറമാണ് താങ്കളുടെ കഥകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ദേശത്തിന്‍െറ സ്വാധീനം ഇത്രമാത്രം കടന്നുവരാന്‍ കാരണമെന്താണ്?
l ഒരു എഴുത്തുകാരനെ രൂപപ്പെടുത്തുന്നത് അയാള്‍ കുട്ടിക്കാലത്ത് ജീവിച്ചയിടമാണെന്ന് ഓര്‍ഹന്‍ പാമുകിന്‍െറ ഇസ്താംബുള്‍ എന്ന കൃതിയില്‍ പറഞ്ഞിട്ടുണ്ട്. പല തരം വൈചിത്ര്യങ്ങള്‍ കൊണ്ട് വ്യത്യസ്തമാണ് കാലിച്ചാംപൊതിയെന്ന എന്‍െറ നാട്ടുപ്രദേശം. കമ്യൂണിസം നെഞ്ചോട് ചേര്‍ത്ത് പിടിച്ചുനടക്കുന്ന, തെയ്യങ്ങളെക്കൊണ്ട് മുട്ടിനടക്കാന്‍ പറ്റാത്ത, ബാഹ്യക്കാഴ്ചയില്‍ കാരണങ്ങളൊന്നും കണ്ടെത്താനാവാത്ത, ആത്മഹത്യകള്‍ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു നാടാണെന്‍േറത്. അങ്ങനെയുള്ള ഒരു നാട്ടില്‍ അറിഞ്ഞുജീവിച്ചതിന്‍െറ അടയാളപ്പെടുത്തലാണ് കഥകളില്‍ വരുന്നത്. നഗരവും ഗ്രാമവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ ഏകദേശം ഇല്ലാതായിക്കൊണ്ടിരിക്കുന്നുണ്ട്. കേരളം ഒരൊറ്റനഗരമായി കണ്ടാലും തെറ്റുപറയാന്‍ പറ്റില്ല. എന്‍െറ നാട്ടിന്‍പുറവും നഗരത്തിന്‍െറ ശീലങ്ങളിലേക്ക് മിക്കവാറും മാറിക്കഴിഞ്ഞിട്ടുണ്ട്. നാട്ടുഭാഷയില്‍ സംസാരിക്കുന്ന പുതിയ കുഞ്ഞുങ്ങളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. കുറച്ചുകൂടി കഴിഞ്ഞാല്‍ അത്തരത്തിലുള്ള നാട്ടുജീവിതം പൂര്‍ണമായും ഇല്ലാതാവും എന്നു തന്നെയാണ് തോന്നുന്നത്. അപ്പോള്‍ നമ്മള്‍ ഇങ്ങനെയൊക്കെയായിരുന്നു എന്ന ഓര്‍മപ്പെടുത്തല്‍ കൂടിയുണ്ട്. ഓര്‍മകളുണ്ടായിരിക്കണം എന്നത് വെറുമൊരു പദം മാത്രമല്ലല്ലോ.
അരികു ജീവിതങ്ങളാണ് മിക്ക കഥകളുടെയും പ്രമേയം. ഒഴിവാക്കപ്പെട്ട മനുഷ്യര്‍ ഇത്രമാത്രം സ്വാധീനം ചെലുത്തുന്നത് എന്തുകൊണ്ടാണ്?
l കഥ തീര്‍ച്ചയായും സംസാരിക്കേണ്ടത് മാറ്റിനിര്‍ത്തപ്പെട്ടവരുടെ ജീവിതങ്ങളെക്കുറിച്ചായിരിക്കണം. അത് സാമ്പത്തികം കൊണ്ട് മാത്രമല്ല, ജാതീയമായി, മതപരമായി, സ്നേഹത്തിന്‍െറ, ഒച്ചയുടെ, രാഷ്ട്രീയത്തിന്‍െറ, അധികാരത്തിന്‍െറ പേരിലൊക്കെ മാറ്റിനിര്‍ത്തപ്പെട്ടവന്‍െറ അനുഭവങ്ങളായിരിക്കണം. എല്ലാകാലത്തേയും രചനകള്‍ ഇങ്ങനെ പലതരത്തില്‍ തള്ളിമാറ്റപ്പെട്ടവരെക്കുറിച്ചാണ് സംസാരിച്ചത്. ഞാനും അതുതന്നെയാണ് ചെയ്യാന്‍ ശ്രമിക്കുന്നത്. സാധാരണമനുഷ്യരെയാണ് ഞാന്‍ അടുത്തറിഞ്ഞിട്ടുള്ളത്. ജീവിതത്തിന് പ്രത്യേകിച്ച് അര്‍ഥമൊന്നും കാണാത്ത, വലിയ മോഹങ്ങളൊന്നുമില്ലാത്ത, അത്യാവശ്യം തെറ്റുകള്‍ ചെയ്യുന്ന പച്ചക്ക് പച്ച മനുഷ്യര്‍. ഉള്ളിലാഭിമുഖ്യം ഇപ്പോഴും അവരോടൊപ്പമാണ്. കഥയില്ലാത്ത ജീവിതങ്ങള്‍ എന്ന് പറയുമ്പോള്‍തന്നെ വലിയ വലിയ കഥകള്‍ പേറുന്നവര്‍. അവരുടെ ജീവിതം എഴുതിവെക്കുന്ന ഒരേജന്‍റ് മാത്രമാണ് ഞാന്‍. എന്‍െറ കഥകള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള വായനക്കാര്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിനുള്ള ക്രെഡിറ്റ് അവര്‍ക്ക് മാത്രമാണ്. അവരില്ലായിരുന്നെങ്കില്‍ എഴുത്തുകാരനായ ഞാന്‍ ഉണ്ടാവുമായിരുന്നില്ല. നാട്ടിന്‍പുറത്ത് ജനിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ എഴുതുമായിരുന്നില്ലെന്നര്‍ഥം.
ധാരാളം കഥകളില്‍ കുട്ടികള്‍ കേന്ദ്രകഥാപാത്രങ്ങളായുണ്ട്. ഇത് എന്തുകൊണ്ടാണ്?
l വളരെ തകൃതിയായിട്ടുള്ള ഒരു കുട്ടിക്കാലം (അത് വലിയ ദൂരത്തൊന്നുമല്ല, അടുത്തുള്ള കാലം തന്നെ) ഉണ്ടായിരുന്നു. എല്ലാത്തിനെയും പേടിയായിരുന്നു. ഭയമായിരുന്നു എന്നെ അടിസ്ഥാനപ്പെടുത്തിയിരുന്നത്. രാത്രി ഒറ്റക്ക് പുറത്തുപോവാനോ, കിടക്കാനോ ഉള്ള ഭയം. ആരെങ്കിലും കണ്ണുതുറിച്ച് നോക്കിയാല്‍ കരഞ്ഞുപോവുന്ന മാനസികാവസ്ഥ. വീടിനടുത്തുള്ള, മാനസികാസ്വാസ്ഥ്യമുള്ള ഗിരീഷേട്ടന്‍ എന്ന ചെറുപ്പക്കാരന്‍ വെയില്‍ തിളച്ചുമറിയുന്ന ഒരു നട്ടുച്ചക്ക് വഴിയിലൂടെ വീട്ടുകാരുടെ കണ്ണുവെട്ടിച്ച് എവിടേക്കോ പാഞ്ഞുപോയത് കണ്ട് എനിക്കും ഭ്രാന്ത് വന്നേക്കും എന്നുപേടിച്ച് വര്‍ഷങ്ങളോളം പ്രാര്‍ഥിച്ച് നടന്നിട്ടുണ്ട്. അങ്ങനെ പല തരത്തിലുള്ള ഭയങ്ങള്‍ കൊണ്ട് രൂപപ്പെടുന്ന ഒരു തരം ഏകാന്തതയുണ്ട്. ഏകാന്തതയില്‍ നമ്മള്‍ പലതും ആലോചിച്ചുകൂട്ടും. അത്തരം ആലോചനകള്‍ വല്ലാതെ കാടുകയറുകയും ചെയ്യും. ഈ ഭയമായിരിക്കണം എഴുത്തിനെ രൂപപ്പെടുത്തിയത്. ഭയമെന്ന നാണയത്തിന്‍െറ മറുപുറമാണ് അദ്ഭുതം. നല്ല ഭയമുള്ള മനുഷ്യന് എന്തിലും ഏതിലും അദ്ഭുതം തോന്നാം. ഞാനും അത്തരത്തില്‍പെട്ട ഒരാളാണ്. എന്തും അദ്ഭുതത്തോടെ കാണാനുള്ള ശീലമുണ്ടായതുകൊണ്ടാവാം കുട്ടികളുടെ കണ്ണിലൂടെ കഥയെഴുതുന്നത്. അദ്ഭുതത്തിന്‍െറ നിറകുടങ്ങളാണല്ലോ കുഞ്ഞുങ്ങള്‍. കുട്ടികളിലൂടെ എഴുതുമ്പോള്‍ പ്രകടിപ്പിക്കാനാവാത്ത ഒരുതരം ആനന്ദം അനുഭവിക്കാറുണ്ട്. ദൈവത്തിന്‍െറ ഭാഷ അറിയുന്നവരാണ് കുഞ്ഞുങ്ങള്‍. കുട്ടികളിലൂടെ കഥ പറയുമ്പോള്‍ വേറൊരര്‍ഥത്തില്‍ ദൈവത്തെ തൊടുകയാണെന്നും പറയാം.
പുതിയ തലമുറയിലെ കഥാകൃത്തുകളില്‍ പലരും കഥ പറയാന്‍ സ്വീകരിക്കുന്ന ഭാഷ പലപ്പോഴും സങ്കീര്‍ണമാവുന്നു. കഥ പറയാന്‍ ഇത്തരം രീതികള്‍ അവലംബിക്കണമെന്നുണ്ടോ?
l അങ്ങനെയുണ്ടെന്ന് തോന്നുന്നില്ല. ഗിമ്മിക്കുകളുണ്ടാക്കി വായനക്കാരെ ആകര്‍ഷിക്കാമെന്ന തെറ്റിദ്ധാരണയുള്ളവര്‍ നടപ്പുകാല എഴുത്തില്‍ വളരെ കുറവാണ്. ജീവിതത്തെ അതിന്‍െറ എല്ലാ ഭാവങ്ങളോടും കൂടി ആഖ്യാനിക്കുന്നവരാണ് പുതിയ തലമുറയിലെ മിക്കയെഴുത്തുകാരും. തകഴിയുടെയും ബഷീറിന്‍െറയും കാലത്തെ എഴുത്തിനോടാണ് പുതിയ തലമുറക്കടുപ്പം. ജീവിതമാണ് പുതിയ എഴുത്തിന്‍െറ പെട്രോള്‍. പെട്രോളിന് വില കൂടിക്കൊണ്ടേയിരിക്കുന്നതുപോലെ ജീവിതമുള്ള കഥയ്ക്കും വില വല്ലാതെ കൂടിയിട്ടുണ്ട്. ഇത് ന്യൂജനറേഷന്‍െറ കാലമാണ്. കഥയില്‍ കഥയില്ലെങ്കില്‍ ‘പോയ്ക്കോളണം അവിടുന്ന്’ എന്നുപറയുന്ന വായനക്കാരുടെ കാലം. അപ്പോള്‍ ഗിമ്മിക്കുകള്‍ കൊണ്ടൊന്നും കാര്യമില്ല. ഗ്രന്ഥശാലക്കാര്‍ ഗ്രാന്‍റ് തികക്കാന്‍ വേണ്ടി പുസ്തകം വാങ്ങിക്കൂട്ടിയേക്കാം; പക്ഷേ, നല്ല വായനക്കാര്‍ അത്തരം രചനകള്‍ തൊടുകയേയില്ല. വായനക്കാരനെ പൂവിട്ട് തൊഴണം എന്ന് എം.പി. നാരായണപ്പിള്ള പണ്ടെഴുതിവെച്ചത് ഇക്കാലത്തെ മുന്‍കൂട്ടി കണ്ടതുകൊണ്ടാവണം.
കഥയുടെ വഴിയിലേക്ക് എത്തിപ്പെട്ടത് എങ്ങനെയാണ്?
lനാട്ടിലെ ജീവിതം, രമണിയമ്മ പറഞ്ഞുതന്ന കഥകള്‍, നാട്ടിലുള്ള കീക്കാങ്കോട്ട് ഗ്രാമീണവായനശാലയിലെ പുസ്തകങ്ങള്‍, സിനിമ കാണാനുള്ള അന്നുമിന്നുമുള്ള നട്ടപ്രാന്ത് എന്നിവയാണ് പ്രാഥമികമായും കഥയെഴുത്തിലേക്ക് നയിച്ചത്. വി.എസ്. ഖണ്ഡേക്കറുടെ യയാതി എന്ന വലിയ പുസ്തകമാണ് എഴുതാനുള്ള ആഗ്രഹത്തെ അത്രമേല്‍ ജ്വലിപ്പിച്ചത്. കാഞ്ഞങ്ങാട് നെഹ്റു കോളജിലെ സാഹിത്യവേദിയും അവിടത്തെ അധ്യാപകനും പ്രശസ്ത എഴുത്തുകാരനുമായ അംബികാസുതന്‍ മാഷുമായുള്ള (അംബികാസുതന്‍ മാങ്ങാട്) നിരന്തരസമ്പര്‍ക്കങ്ങളും കഥയിങ്ങനെയൊക്കെയുള്ള സംഭവമാണെന്ന് തീര്‍ച്ചപ്പെടുത്തി. ഇതൊക്കെ നിര്‍ത്തി, വേറെ പരിപാടി നോക്കാം എന്ന് നില്‍ക്കുന്ന ഒരു ഘട്ടത്തില്‍ വീണ്ടും എന്നെ എഴുത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് അംബികാസുതന്‍ മാഷാണ്.
കിടപ്പറസമരം എന്ന കഥയിലെ പൊക്കന്‍ ഏറെ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു. ഈ കഥയുടെ പിറവിക്ക് പിന്നിലെ അനുഭവം പറയാമോ? വായനക്കാരില്‍നിന്നുള്ള പ്രതികരണം എങ്ങനെയായിരുന്നു?
l പൊക്കന്‍ എന്ന പ്രധാനകഥാപാത്രം എന്‍െറ നാട്ടില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട്. ശരിക്കുള്ള പേര് പൊക്കന്‍ എന്നല്ല. പുലരുന്നതിനുമുമ്പേ ഒരു കുട ഒക്കത്തിറുക്കി നടന്നുതുടങ്ങുന്ന അയാള്‍ എന്‍െറ കുട്ടിക്കാലത്തെ ഒരു വലിയ കാഴ്ചയായിരുന്നു. നാട്ടിലെ പല വഴികളിലൂടെ ആരോടും മിണ്ടാതെ ആ മനുഷ്യന്‍ എന്തിനാണിങ്ങനെ നടക്കുന്നതെന്നാലോചിച്ച് എനിക്കൊരെത്തുംപിടിയും കിട്ടിയിരുന്നില്ല. എന്തോ ജന്മദോഷമാണെന്ന നാട്ടിന്‍പറച്ചിലുകള്‍ കേട്ടിരുന്നു. വീട്ടുകാര്‍ വലിയ പൂജയൊക്കെ നടത്തിനോക്കി. ഫലിച്ചില്ല. അവസാനം കല്യാണം കഴിപ്പിച്ചു. കുറച്ചുദിവസങ്ങള്‍ നടത്തം നിലച്ചപ്പോള്‍ ‘പെണ്ണിനെ കിട്ടിയാല്‍ എല്ലാം മറക്കുമെന്ന് ഇപ്പൊ മനസ്സിലായില്ലെ’യെന്ന് അദ്ദേഹത്തെ നാട്ടുകാര്‍ ഉപസംഹരിച്ചതാണ്. ഒരു മാസം കഴിഞ്ഞില്ല, കക്ഷി വീണ്ടും നടക്കാന്‍ തുടങ്ങി. ഇതായിരുന്നു കഥക്ക് അടിസ്ഥാനമായത്. എപ്പോഴും നടന്നുകൊണ്ടിരിക്കുന്ന ഒരു മനുഷ്യന്‍ ഒരാളുടെ ജീവിതത്തെ നിര്‍ണയിക്കുന്നതാണ് കഥയുടെ പ്രമേയം. മാധ്യമം ആഴ്ചപ്പതിപ്പിലാണ് ആ കഥ പ്രസിദ്ധീകരിച്ചത്. പല തരത്തിലുള്ള ആളുകള്‍ ഏറെ ആവേശത്തോടെ പ്രതികരിച്ച കഥയാണത്. കഥ വായിച്ചതിന്‍െറ പേരില്‍ മാത്രം എനിക്ക് ഒരുപാട് നല്ല സുഹൃത്തുക്കളെയുണ്ടാക്കിത്തന്നു ‘പൊക്കന്‍’.
ആത്മീയതയും ഇടതുപക്ഷ ചിന്തകളും ഒരേസമയം കഥകളില്‍ കാണാം. ഇതൊരു വൈരുധ്യമല്ലേ?
l വൈരുധ്യമായിട്ട് തോന്നുന്നില്ല. കമ്യൂണിസവും ആത്മീയതയും ഉന്നംവെക്കുന്നത് ആത്യന്തികമായി മനുഷ്യസ്നേഹമാണ്; പ്രായോഗികതലത്തില്‍ അതെത്രമാത്രം വിജയിച്ചു എന്നുള്ള കാര്യത്തില്‍ സംശയമുണ്ടെങ്കിലും. നന്മയാണ് രണ്ടിന്‍െറയും അടിത്തറ. ഉപാധികളില്ലാത്ത മനുഷ്യസ്നേഹമാണ് അതിന്‍െറ പരിസരം. സ്നേഹമാണ് അതിന്‍െറ ആകാശം. ഇത് രണ്ടും അനുഭവിച്ചതുകൊണ്ടാവാം കഥകളില്‍ കടന്നുവരുന്നതും.
l കുഞ്ഞുണ്ണി മാഷ് അശോകേട്ടനോട് (അശോകന്‍ ചരുവില്‍) ഒരിക്കല്‍ പറഞ്ഞു: എന്നും എന്തെങ്കിലും എഴുതിക്കൊണ്ടിരിക്കുക. വാക്കുകള്‍ കൂടുതല്‍ മിനുസപ്പെടും. സോഷ്യല്‍ നെറ്റ്വര്‍ക് സൈറ്റുകളില്‍ ഇടപെടുന്നത് എഴുത്തില്‍ നമ്മളെന്തെങ്കിലും ചെയ്യുന്നുണ്ട് എന്ന് സ്വയം ബോധ്യപ്പെടുത്താനാണ്. നമുക്കും വേണമല്ലോ ഒരുറപ്പ്. ആത്മാര്‍ഥതയുള്ള ഒരുപാട് നല്ല സുഹൃത്തുക്കള്‍ സോഷ്യല്‍ നെറ്റ്വര്‍ക് വഴി എന്‍െറ ജീവിതത്തിന്‍െറ ഭാഗമായിട്ടുണ്ട്. വളരെ പോസിറ്റിവായിട്ടുള്ള സംവാദങ്ങള്‍ അവരുമായി നടത്താറുമുണ്ട്. സോഷ്യല്‍ നെറ്റ്വര്‍ക് അഡിക്ഷന്‍ ഒന്നും ഉണ്ടായിട്ടില്ല. പിന്നെ ജോലിചെയ്യുന്നത് മാതൃഭൂമിയുടെ ഓണ്‍ലൈന്‍ സെക്ഷനില്‍ ആയതുകൊണ്ട് നെറ്റില്ലാതെ ജീവിക്കാന്‍ കഴിയില്ലല്ലോ. ബ്ളോഗില്‍ വരുന്ന എഴുത്തുകള്‍ എല്ലാം ചവറുകളൊന്നുമല്ല. പ്രമേയപരമായി ആഴമാര്‍ന്നതും വ്യത്യസ്തത പുലര്‍ത്തുന്നവയുമായ ഒരുപാട് രചനകള്‍ ബ്ളോഗുകളിലും ഫേസ്ബുക്കിലും അപ്ലോഡ് ചെയ്യപ്പെടുന്നുണ്ട്. അത് നന്നായി ചര്‍ച്ചചെയ്യപ്പെടുന്നുമുണ്ട്. ഇന്‍റര്‍നെറ്റ് എഴുത്തിന്‍െറ പ്രധാന പ്രത്യേകത പ്രതികരണം ഉടന്‍ കിട്ടും എന്നതാണ്. ആനുകാലികങ്ങളിലും നിലവാരം കുറഞ്ഞ രചനകള്‍ വരുന്നുണ്ടല്ലോ. ഇന്‍റര്‍നെറ്റിലെ മൂല്യംകുറഞ്ഞ എഴുത്തിനെ അങ്ങനെ കണ്ടാല്‍ മതിയെന്നാണ് തോന്നുന്നത്. മഹാനായ എഴുത്തുകാരന്‍ കോവിലന്‍ പറഞ്ഞിട്ടുണ്ട്: ഏത് നെല്ലിലും പതിരുണ്ടാവും. ഏത് പതിരിലും നെല്ലുമുണ്ടാവും. നമ്മള്‍ പതിര് കാണാന്‍ പോകാതെ നെല്ല് കണ്ടാല്‍പ്പോരേ... നല്ലത് തോന്നിയാല്‍ നല്ലത് വരുമെന്നാണല്ലോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.