എഴുത്തിലെ ഇന്ദുസ്മിതം
text_fieldsമഴയൊഴിഞ്ഞുനിന്ന പകലില്‍ കോഴിക്കോട് ‘കിര്‍ത്താഡ്സ്’ എന്നെഴുതിയ കൂറ്റന്‍ കമാനത്തിനകത്തെ അന്തരീക്ഷത്തില്‍ ആഹ്ളാദം നുരഞ്ഞുകിടന്നിരുന്നു. ഫലവൃക്ഷങ്ങളും അലങ്കാര മരങ്ങളും തണല്‍ വിരിച്ച റോഡ് ചെന്നെ ത്തുന്ന കെട്ടിടത്തില്‍ മലയാളത്തിന്‍െറ യുവ കഥാകാരിയുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപിക്കപ്പെട്ടിട്ട് ഒന്നുരണ്ട് ദിനങ്ങള്‍ കഴിഞ്ഞിട്ടേയുള്ളൂ. പ്രവേശ മുറിയുടെ നേരെ നടുമുറ്റം കഴിഞ്ഞത്തെുന്ന കാഴ്ചപ്പുറത്തെ മുറിയില്‍ കഥാകാരിയുണ്ടാകുമെന്ന് റിസപ്ഷനില്‍നിന്ന് അറിയിപ്പ് കിട്ടി. താനൊരു സാധാരണക്കാരിയെന്നു പറയാന്‍ ഇഷ്ടപ്പെടുന്ന, കോഴിക്കോട്ടുകാരിയായി മുഴുവന്‍ കാലവും ജീവിച്ച് ഇവിടത്തെന്നെ മരിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ദു മേനോന്‍.
നടുമുറ്റം ചുറ്റിനില്‍ക്കുന്ന വരാന്തയില്‍ ആ കഥകളുടെ മണമുണ്ട്. ഉച്ചഭക്ഷണ നേരത്ത് കയറിച്ചെന്നപ്പോള്‍ സീറ്റില്‍ കഥാകാരിയില്ല. എവിടെയുണ്ടാകും എന്ന ചോദ്യത്തിന് ലൈബ്രറി എന്ന് ഒട്ടും ശങ്കയില്ലാതെ സഹപ്രവര്‍ത്തകര്‍. ഗോവണിപ്പടികള്‍ കയറി ഇടത്തോട്ട് തിരിഞ്ഞപ്പൊഴേ കണ്ടു, വരാന്തക്കൊടുവില്‍ ചുമരിനു മുകളില്‍ ലൈബ്രറിയുടെ പേരുപലക! അടുത്ത ദിവസമെപ്പോഴോ ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ വേണ്ടിയോ മറ്റോ ദലിത് സാഹിത്യസംബന്ധിയായ ഒരു പുസ്തകവും വായിച്ച് പുസ്തകങ്ങള്‍ നിറഞ്ഞ അലമാരകള്‍ക്ക് നടുവില്‍ അവര്‍ നില്‍പുണ്ടായിരുന്നു. ഇന്ദു മേനോന്‍ എന്ന കഥാകാരിയെ നേരില്‍ കാണുന്ന കാഴ്ച ഇങ്ങനെ പുസ്തകങ്ങളാല്‍ അനുഗൃഹീതം. പേര് പറഞ്ഞു പരിചയപ്പെടുത്തുമ്പോള്‍ കണ്ണില്‍ കണ്ടത് സൗഹൃദം.
അക്കാദമി അവാര്‍ഡ് ജേതാവിന്‍െറ അഹങ്കാരം ആ മുഖത്തെവിടെയെങ്കിലും മിന്നുന്നുണ്ടോ എന്ന് ചാഞ്ഞും ചരിഞ്ഞും നോക്കി. ഇല്ല, കണ്ണിലുള്ളത് കുസൃതിയും കാഴ്ചപ്പാടില്‍ പക്വതയും മാത്രം. കര്‍ണാടക സംഗീതജ്ഞനും അധ്യാപകനുമായ പിതാവ്, മെഴുകുതിരിപോലെ ഉരുകുന്ന അധ്യാപികയായിരുന്ന അമ്മ, രണ്ടു കുഞ്ഞുങ്ങള്‍, എഴുത്തുകാരനായ ഭര്‍ത്താവ് എന്നിവര്‍ സഹിക്കുന്നതിന്‍െറയും ക്ഷമിക്കുന്നതിന്‍െറയും പങ്കു കൊണ്ടാണ് ഓരോ നേട്ടങ്ങളുമെന്ന് ഇന്ദു മേനോന്‍ വിശ്വസിക്കുന്നു. എഴുത്തിലും ജീവിതത്തിലും പ്രധാനമായവയെക്കുറിച്ച് എഴുത്തുകാരി.
സര്‍ഗാത്മകത, ജീവിതം
എഴുതാനുള്ള കഴിവ് ജന്മസിദ്ധമായി ലഭിച്ചെന്നു വിശ്വസിക്കുന്ന ഒരാളാണ് ഈ എഴുത്തുകാരി. എന്നാല്‍, എല്ലാ മനുഷ്യരും ജന്മസിദ്ധമായ ഒട്ടേറെ കഴിവുകള്‍കൊണ്ട് അനുഗൃഹീതരാണെന്നും ഇന്ദു വിശ്വസിക്കുന്നു: ‘ഈ കഴിവുകള്‍ ഏറിയും കുറഞ്ഞും വ്യത്യസ്ത മേഖലകളില്‍ കാണപ്പെടാം. ചിലര്‍ക്ക് എഴുതാനുള്ള കഴിവായിരിക്കും, മറ്റൊരാള്‍ക്ക് ബില്യാര്‍ഡ്സ് കളിക്കാനുള്ള കഴിവായിരിക്കും ഉണ്ടാകുക. എന്നാല്‍, ഈയൊരു സര്‍ഗാത്മകതയെ തിരിച്ചറിയുക എന്നിടത്താണ് ഒരാളുടെ വിജയം. അത് തിരിച്ചറിഞ്ഞില്ല എന്നതിനര്‍ഥം അയാള്‍ കഴിവുകെട്ടവനാണ് എന്നല്ല. കഴിവുകളെ മുന്നോട്ടു കൊണ്ടുപോകാനുള്ള കുടുംബ -സാമൂഹിക സാഹചര്യങ്ങള്‍ എത്രത്തോളമുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും ബാക്കിയുള്ളവ.’
കഠിനാധ്വാനം
കൃത്യമായ ചുറ്റുപാടുകള്‍ ഓരോരുത്തരെയും വളരാന്‍ സഹായിക്കുന്നുണ്ട്. ഒപ്പം കഠിനാധ്വാനം വേണം, ധാരാളം വായന വേണം, യാത്രകള്‍ വേണം. എല്ലാവരിലുമുള്ള സര്‍ഗാത്മകത വളര്‍ത്താന്‍ കഠിനാധ്വാനംകൂടി വേണമെന്ന് ഇന്ദു പറയുന്നു.
എഴുത്തുകാരിയുടെ സമയം
സര്‍ഗാത്മകതയോ സാഹചര്യങ്ങളോ അല്ല, സമയമാണ് വലിയ പ്രശ്നമായി വരുന്നതെന്ന് കഥാകാരി. രണ്ട് കുഞ്ഞുങ്ങളുടെ അമ്മയെന്ന നിലയില്‍, ഭാര്യയെന്ന നിലയില്‍, മകള്‍ എന്നനിലയില്‍ കുടുംബത്തില്‍ ഒരുപാട് കടമകള്‍ ചെയ്തുതീര്‍ക്കാനുണ്ട്. ഉദ്യോഗസ്ഥ എന്ന രീതിയില്‍ സ്ഥാപനത്തിലും ഒരുപാട് ജോലികള്‍ ചെയ്തുതീര്‍ക്കാനുണ്ട്. ഗവേഷക വിദ്യാര്‍ഥി എന്ന നിലയില്‍ അത്തരം കാര്യങ്ങള്‍ ചെയ്യാം. പിന്നെയാണ് എഴുത്തുകാരിയെന്ന നില വരുന്നത്. ഇങ്ങനെ നാല് രീതിയിലാണ് സമയം വേര്‍തിരിക്കുന്നതെന്ന് അവര്‍ പറയുന്നു. ഇതിലേതാണ് ഏറ്റവും പ്രാധാന്യമെന്ന് ചോദിച്ചാല്‍ മറുപടി പറയാന്‍ ബുദ്ധിമുട്ടാണത്രെ. ഓരോന്നിനും ഓരോന്നിന്‍േറതായ പ്രാധാന്യം കൊടുത്ത ശേഷം സമയം പങ്കിട്ടുകൊടുക്കുകയാണ് ചെയ്യുന്നത്.
കുടുംബത്തിന്‍െറ പിന്തുണ
താന്‍ ഒരു എഴുത്തുകാരിയായി ഇരിക്കുന്നതിന്‍െറ വില വീട്ടുകാരാണ് കൊടുക്കുന്നത്. അക്കാര്യത്തില്‍ ഒരു മാറ്റവും ഇല്ല. കുഞ്ഞ് രാത്രിയില്‍ കരയുമ്പോള്‍ അമ്മയോ അച്ഛനോ ഭര്‍ത്താവോ എഴുന്നേറ്റു വന്ന് കുപ്പിപ്പാല്‍ കൊടുക്കും. എഴുതിക്കൊണ്ടിരിക്കുകയാണെങ്കില്‍ അവരാണ് കുഞ്ഞിനെ പരിപാലിക്കുന്നത്. മകന് വേണ്ടത് മുലപ്പാലും അമ്മയുടെ സ്നേഹവും കരുതലുമൊക്കെയാണ് . ആ സമയത്ത് എന്‍െറ അമ്മ എടുത്തുകൊണ്ടുപോകും. ഞാന്‍ എഴുത്ത് തുടരും. ആരെങ്കിലുമൊക്കെ പിന്തുണക്കേണ്ടതുണ്ട്. അങ്ങനെ എന്‍െറ എഴുത്തിനുവേണ്ടി മകന്‍ അടക്കമുള്ള കുടുംബം വലിയ വില കൊടുക്കുന്നുണ്ട്. തിരക്കുപിടിച്ച ജീവിതമാണ്. ഉറക്കത്തെ ഏറെ ഇഷ്ടപ്പെടുന്നു. എന്നാല്‍, അതിനുപോലും കഴിയുന്നില്ല എന്ന സ്ഥിതിയായിരിക്കുന്നു. എഴുതണ്ട എന്നാരും പറഞ്ഞിട്ടില്ല. ഞാന്‍ എഴുതുകയാണ് എന്നുപറഞ്ഞാല്‍ അത് നിര്‍ത്തി വേറെ പണി ചെയ്യ് എന്ന് അവര്‍ പറയാറില്ല. എഴുത്തില്‍ അവര്‍ തീര്‍ച്ചയായും സന്തോഷിക്കുന്നു.
രാത്രികളിലെ എഴുത്ത്
രാത്രികളിലും യാത്രകളിലുമാണ് എഴുതുന്നത്. ചില സഹ എഴുത്തുകാര്‍ പറയുന്നതുപോലെ ഒരു നിശ്ചിത സമയംവെച്ച്, ഒരു ജോലിപോലെ എഴുതാന്‍ കഴിയില്ല. അങ്ങനെ ഒരു സാഹചര്യം കിട്ടിയിട്ടില്ല. ചിലപ്പോള്‍ നേരത്തേ പറഞ്ഞ നാല് ജീവിത സാഹചര്യങ്ങളിലും ഉഴലുന്നതുകൊണ്ടായിരിക്കും അതിനു പറ്റാത്തത്. പക്ഷേ, എഴുതണമെന്ന് അതിഭയങ്കരമായി തോന്നിയാല്‍, എഴുതാന്‍ ഉള്ളില്‍ ഒരു കൊതി വരുമ്പോഴാണ് എഴുതുന്നത്. എഴുതാതെ ഇനി മുന്നോട്ടുനീങ്ങാന്‍ പറ്റില്ല എന്നുവരുമ്പോള്‍ എഴുതിപ്പോകുന്നതാണ്. വിശപ്പുപോലെയുള്ള ഒരു അനുഭവമാണിത്. മടിയും അലസതയുമൊക്കെയുണ്ട്. എന്നാല്‍, ചിട്ടയമുണ്ട്. ചിട്ടയും മറ്റും ഉണ്ടെങ്കിലും സമയക്കുറവ് ബാധിക്കുന്നുണ്ട്. രണ്ടു മിനിറ്റ് കിട്ടിയാല്‍ എഴുതണോ കുഞ്ഞുങ്ങളുടെ സന്തോഷത്തില്‍ പങ്കെടുക്കണോ എന്നതാണ് മുന്നിലുള്ള വഴികള്‍.
രണ്ടു മതങ്ങളും രണ്ടു വ്യക്തികളും
വ്യത്യസ്ത മതവിഭാഗത്തില്‍പെട്ടവരാണ് ഞാനും ഭര്‍ത്താവ് രൂപേഷ് പോളും. ഒന്നിച്ചു ജീവിക്കുമ്പോള്‍ സമൂഹത്തിന്‍െറ എത്തിനോട്ടങ്ങളും ഇടപെടലുകളുമല്ല ബാധിക്കുന്നത്. രണ്ടു സംസ്കാരങ്ങളുടെ വ്യത്യാസം വളരെ പ്രധാനപ്പെട്ടതാണ്. രണ്ടു പേരുടെയും ബുദ്ധിയിലും ചിന്തയിലുമുള്ള രാഷ്ട്രീയ ശരിയാണ് വിലക്കെടുക്കുന്നത്. അതാണ് പ്രധാനം. ഞങ്ങള്‍ രണ്ടുപേര്‍ക്കുമിടയിലുള്ള വിഷയം മതമല്ല, സ്നേഹമാണ്. സ്നേഹത്തിനുവേണ്ടിയാണ് ഞങ്ങള്‍ ഒന്നിച്ചു ജീവിക്കുന്നത്. ഇപ്പോഴാണെങ്കില്‍ രണ്ടു കുട്ടികളുമുണ്ട്. ഒരുമിച്ചു ജീവിക്കാന്‍ ഞങ്ങള്‍ക്ക് ഒരുപാട് കാരണങ്ങളും ഉണ്ട്.
പുകഴ്ത്തലുകളും ഇകഴ്ത്തലുകളും
വിമര്‍ശങ്ങളെ രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നു, എഴുത്തിന്‍െറ കാര്യത്തില്‍. എന്നാല്‍, വ്യക്തിപരമായ ഇകഴ്ത്തലുകള്‍ വെച്ചുപൊറുപ്പിക്കാറില്ല. എഴുതാന്‍ എനിക്കുള്ളതുപോലെ വിമര്‍ശിക്കാന്‍ അവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. വിമര്‍ശങ്ങളിലെ പോസിറ്റിവ് ഘടകം മാത്രം വേര്‍തിരിച്ചെടുക്കും. നിലവിട്ട പുകഴ്ത്തലുകളും മനസ്സിലെടുക്കാറില്ല. സന്തുലിത അവസ്ഥയില്‍ പോകണമെന്നാണ് ആഗ്രഹം. കലാപരമായ വിമര്‍ശം സ്വീകരിക്കാറുണ്ട്.
പിതാവിന്‍െറ വഴി
കല ചിലയിടങ്ങളില്‍ അഹന്തയുള്ളതും ഗര്‍വുള്ളതുമാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നാല്‍ അച്ഛനെ കാണുമ്പോള്‍ പ്രതിഭ, സത്യസന്ധത, ഗുരുപൂജ എന്നതാണ് ആദ്യം മനസ്സില്‍ വരുക. കര്‍ണാടക സംഗീതം പാടാനും നിരൂപിക്കാനും മാത്രം കഴിയുന്ന വളരെ സാധുവായ ഒരു സംഗീതാധ്യാപകനായിരുന്നു അച്ഛന്‍. അച്ഛന്‍ എന്നെ പാട്ട് പഠിപ്പിച്ചു. എന്നാല്‍, പാട്ടുകാരിയാകണം എന്ന് അച്ഛന്‍ വാശി പിടിച്ചിട്ടില്ല. ഞാന്‍ ഒരു എഴുത്തുകാരിയാകണമെന്ന് അച്ഛന്‍ മനസ്സില്‍ കരുതിയെന്നു തോന്നിയിട്ടുണ്ട്. അമ്മക്ക് എഴുത്തോ എഴുത്തുകാരെയോ അറിയില്ല. എന്നാല്‍, അമ്മയുടെ സര്‍ഗാത്മകത സ്വയം ഉരുകുന്നതാണ്. ആ അമ്മയില്ളെങ്കില്‍ ഞാന്‍ ഒന്നുമല്ല. ഞാനെന്ന ചെടിക്ക് അമ്മ തണലാണ്. അമ്മയുടെ എല്ലാ ഉത്തരവാദിത്തങ്ങളും കഴിഞ്ഞതാണ്. എന്നിട്ടും ആ അമ്മ എന്‍െറ ഈ പ്രായത്തിലും എനിക്ക് തിരക്കുപിടിച്ച പകലില്‍ വായില്‍ ഭക്ഷണം വെച്ചുതരും. ഉറങ്ങണം അമ്മ എന്നുപറഞ്ഞാല്‍, എങ്കില്‍ നീ ഉറങ്ങ് എന്നുപറഞ്ഞ് എല്ലാ സൗകര്യവും ഒരുക്കിത്തരും.
തിരക്കഥാകൃത്ത്
പണം ഇഷ്ടംപോലെ കിട്ടും. എന്നാല്‍, ഞാന്‍ ഒരു തിരക്കഥാകൃത്തല്ല. ചില അസന്ദിഗ്ധ ഘട്ടങ്ങളില്‍ അങ്ങനെ എഴുതിയതാണ്. എന്നാല്‍, കുറെ കടപ്പാടുകള്‍ വെച്ചുപുലര്‍ത്തേണ്ടിവരും. അതിനാല്‍ അത് താല്‍പര്യമുള്ള വിഷയമല്ല. ഞാന്‍ ഒരു പാട്ടെഴുത്തുകാരിയല്ല. എനിക്കതിനു കഴിയില്ല. ഗദ്യമാണ് ഇഷ്ടവിഷയം. കവിത ചിതറുന്ന ഗദ്യമാണ് പ്രിയം. വെള്ളമൊഴുകുന്ന മണ്ണില്‍ നടന്നുപോകുമ്പോള്‍ കാലില്‍ തട്ടി ചിതറുന്നപോലെ മാത്രമാണ് കവിതയുമായി അടുപ്പമുള്ളത്.
കോഴിക്കോട്ടുകാരി
വസ്തുക്കളോട് പ്രിയമില്ല. അങ്ങനെ അടുപ്പം തോന്നിയിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍, ഇപ്പോള്‍ അങ്ങനെ തോന്നുന്നില്ല. മനുഷ്യന്‍െറ അടിസ്ഥാനപരമായ ആവശ്യം നിറവേറുക എന്നതുമാത്രമാണ് ഇപ്പോഴത്തെ നിലപാട്. എന്നാല്‍, കോഴിക്കോട് എന്നുപറയുന്ന ഒരു നാടിനോട് എനിക്ക് വല്ലാത്ത കൊതിയാണ്. ഇത് എന്‍െറ ഊര്‍ജത്തിന്‍െറ ഉറവിടമാണ്, കരുത്തിന്‍െറ ഉറവിടമാണ്. എന്നെ വളര്‍ത്തിയ നഗരമാണ്. സ്വജനപക്ഷപാതപരമായ സ്നേഹം ഈ നഗരത്തോടുണ്ട്. കോഴിക്കോടില്ലാത്ത ഒരു എഴുത്തും എനിക്കില്ല. ദൂരത്ത് എത്രയോ യാത്രകള്‍ നടത്തിയാലും തിരികെ ഇവിടെയത്തെിയാല്‍, ഇവിടെ കിട്ടുന്ന ഊര്‍ജം മറ്റെവിടെയും കിട്ടുമെന്ന് തോന്നിയിട്ടില്ല. ഞാന്‍ ഇവിടെ ജനിച്ചു, ഇവിടത്തെന്നെ ജീവിച്ച് ഇവിടത്തെന്നെ ഇഴുകിച്ചേരണം. ഒരു ആറടി മണ്ണില്‍ ഇഴുകിച്ചേരണം. ഇനി മണ്ണില്ല, ചാരമാക്കുന്ന തരം സംസ്കരണ സംവിധാനങ്ങളാണെന്ന് വിചാരിക്കുക. എങ്കില്‍ ആ ചാരമെടുത്ത് ഇവിടെ മിഠായിത്തെരുവില്‍ വിതറണം. ജോലി ചെയ്തിടത്തും പഠിച്ച വിദ്യാലയത്തിലും വിതറണം. അല്ലാതെ ഭാരതപ്പുഴയിലോ കാശിയിലോ രാമേശ്വരത്തോ അല്ല നിമജ്ജനം ചെയ്യേണ്ടത്. ഇവിടെയുള്ള മരത്തിലേക്കോ പക്ഷിയുടെ വിശപ്പിലേക്കോ ചെന്നുചേരണം.
അറബി പഠനം
കുട്ടിക്കാലത്ത് പഠിച്ചത് മുസ്ലിം സ്കൂളിലാണ്. കൂട്ടുകാരികള്‍ക്കൊപ്പം ഇരുന്നു മുടിമെടയാനും കളിക്കാനും അറബി ക്ളാസില്‍ പോകാറുണ്ട്. എന്നാല്‍, ഇവിടെ ഇരിക്കണമെങ്കില്‍ അറബി പഠിക്കണം എന്ന് മാഷ് പറഞ്ഞപ്പോള്‍ അറബി പഠിച്ചു. പിന്നെ, ഇന്ദു മേനോന്‍ അറബി പഠിക്കാന്‍ വരുന്നത് ഒട്ടുമേ പ്രശ്നമല്ലാത്ത ഒരു നാട്ടിലാണ് ജീവിച്ചത്. ഒരു വര്‍ഗീയ വിദ്വേഷവും മനസ്സിലില്ലാത്ത രാമനാട്ടുകരയില്‍. അങ്ങനെ അറബിയും പഠിച്ചു.
പുരസ്കാരങ്ങള്‍
അവാര്‍ഡുകള്‍ തീര്‍ച്ചയായും സന്തോഷമാണ്. എന്നാല്‍, സ്വര്‍ണക്കട്ടിവെച്ച കുട്ടപോലെയാണ്. ഭാരവും ഉണ്ട്. ഇനിയൊരുതവണ ആളുകള്‍ കൂടുതല്‍ എന്നെയും എഴുത്തിനെയും ശ്രദ്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.