മീരാനന്ദം
text_fieldsകഥായനത്തിന്‍െറ നിറമുള്ള ലോകത്തെ അതിരുകള്‍ക്ക് അപ്പുറത്തേക്ക് വരച്ചിട്ട എഴുത്തുകാരിയാണ് കെ.ആര്‍. മീര. പുരസ്കാരങ്ങളുടെ പൂമ്പൊടിയേറ്റ് മിന്നിത്തിളങ്ങുന്നു അവരുടെ കൃതികള്‍.
‘ആവേ മരിയ’ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഗീതാ ഹിരണ്യന്‍ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം സ്മാരക അവാര്‍ഡ്, അങ്കണം അവാര്‍ഡ്, തോപ്പില്‍ രവി സ്മാരക അവാര്‍ഡ്, പി. പത്മരാജന്‍ സ്മാരക അവാര്‍ഡ്, വി.പി. ശിവകുമാര്‍ സ്മാരക കേളി അവാര്‍ഡ് എന്നിവക്കും ‘ആരാച്ചാര്‍’ ഓടക്കുഴല്‍ അവാര്‍ഡ്, നൂറനാട് ഹനീഫ അവാര്‍ഡ് എന്നിവക്കും അര്‍ഹമായി.
കെ.ആര്‍. മീര ‘വാരാദ്യ മാധ്യമ’വുമായി സംസാരിക്കുന്നു.
? വയലാര്‍ അവാര്‍ഡ് കിട്ടുന്ന ഏറ്റവും പ്രായംകുറഞ്ഞ എഴുത്തുകാരിയാണ്. അത് നല്‍കുന്ന ഉത്തരവാദിത്തം എത്രമാത്രം?
‘ആരാച്ചാര്‍’ എന്ന കൃതി എഴുത്തുകാരിയെന്ന നിലയില്‍ എന്‍െറ ഉത്തരവാദിത്തം ഉയര്‍ത്തിയിട്ടുണ്ട്. ഒരു വലിയ കാന്‍വാസില്‍ സങ്കീര്‍ണമായ ക്രാഫ്റ്റില്‍ ഇത്രയൊക്കെ എഴുതി ഫലിപ്പിക്കാന്‍ സാധിച്ചു എന്നത് വലിയ ആത്മവിശ്വാസം പകരുന്നു. എനിക്ക് മുമ്പ് വയലാര്‍ അവാര്‍ഡ് ലഭിച്ച സ്ത്രീകളെല്ലാം എഴുത്തിന്‍െറ ലോകത്തെ വിളക്കുമരങ്ങളാണ്. ലളിതാംബിക അന്തര്‍ജനത്തിനാണ് ആദ്യ വയലാര്‍ അവാര്‍ഡ് കിട്ടിയത്. പിന്നീട് സുഗതകുമാരി ടീച്ചറിനും മാധവിക്കുട്ടിക്കും സാറാ ജോസഫിനും ഡോ. എം. ലീലാവതിക്കും ലഭിച്ചു. മലയാള കാവ്യരംഗത്ത് ഏറ്റവുമധികം ആരാധകരുള്ള പെണ്‍ശബ്ദമാണ് സുഗതകുമാരി ടീച്ചറിന്‍േറത്. മാധവിക്കുട്ടിയുടെ സ്ഥാനമെന്താണെന്ന് പ്രത്യേകം വിവരിക്കേണ്ടതില്ല. സ്ത്രീവാദത്തിന്‍െറ ശക്തമായ അലയൊലികള്‍ കഥയില്‍ കലാത്മകമായി ആവിഷ്കരിച്ച എഴുത്തുകാരിയാണ് സാറ ടീച്ചര്‍. ഡോ. എം. ലീലാവതിക്കു പകരംവെക്കാന്‍ മറ്റൊരു സ്ത്രീ നിരൂപണരംഗത്തില്ല. ഇവരുടെ പിന്‍ഗാമിയായി ഈ അവാര്‍ഡ് ഏറ്റുവാങ്ങാനുള്ള അര്‍ഹതയുണ്ടോ എന്നതാണ് എന്നെ അലട്ടുന്ന ചോദ്യം. താരതമ്യേന നേരത്തേ അവാര്‍ഡ് കിട്ടിയതിനാല്‍ എനിക്ക് ഇരട്ടി ഉത്തരവാദിത്തമാണുള്ളത്. കൂടുതല്‍ നന്നായി എഴുതേണ്ടിയിരിക്കുന്നു.
? വ്യത്യസ്തമായ പശ്ചാത്തലമായിരുന്നു ‘ആരാച്ചാരു’ടേത്. എന്തായിരുന്നു രചനാവഴിയിലെ വെല്ലുവിളി?
അതിന്‍െറ ക്രാഫ്റ്റായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ചരിത്രസംഭവങ്ങളും മിത്തുകളും സമകാലിക രാഷ്ട്രീയ സംഭവങ്ങളും ഇഴപിരിച്ച് കയര്‍പോലെ തന്നെ കഥയുണ്ടാക്കണമെന്നായിരുന്നു ആഗ്രഹം. കൊല്‍ക്കത്ത പശ്ചാത്തലമായതുകൊണ്ട് ഗുണവും ദോഷവുമുണ്ടായി. മുമ്പൊരിക്കലും ജീവിച്ചിട്ടില്ലാത്ത ഒരു ദേശത്തെക്കുറിച്ച് എഴുതി വായനക്കാരെ അദ്ഭുതപ്പെടുത്താന്‍ സാധിച്ചതാണ് ഗുണം. ദോഷം, അന്നു മുതല്‍ ഇന്നുവരെ ഈ പുസ്തകം സംബന്ധിച്ച എല്ലാ ചോദ്യങ്ങളും കൊല്‍ക്കത്തയില്‍ ആരംഭിക്കുന്നു എന്നതാണ്.
? ‘ആരാച്ചാരു’ടെ ഇംഗ്ളീഷ് വിവര്‍ത്തനം ഉണ്ടാക്കിയ പ്രതികരണങ്ങള്‍? മലയാള കൃതികളുടെ വിവര്‍ത്തന സാധ്യതകള്‍ എന്തെല്ലാം?
വലിയ സ്വീകരണമാണ് ജെ. ദേവിക വിവര്‍ത്തനം ചെയ്ത് ‘ഹാങ് വിമണി’ന് കിട്ടിയത്. മിക്കവാറും എല്ലാ ദേശീയ പത്രമാസികകളിലും പേരെടുത്ത നിരൂപകര്‍ തന്നെയാണ് പുസ്തകത്തെക്കുറിച്ച് ഏറ്റവും നല്ല നിരൂപണങ്ങള്‍ പ്രസിദ്ധീകരിച്ചത്. കൊല്‍ക്കത്തയുടെ പുറന്തോടിനുള്ളിലെ നോവല്‍ അനുഭവത്തെ അവര്‍ കൃത്യമായി കണ്ടെടുക്കുകയും കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളുകയും ചെയ്തു. പെന്‍ഗ്വിന്‍െറ ഇന്‍റര്‍നാഷനല്‍ ഇംപ്രിന്‍റ് ആയ ഹാമിഷ് ഹാമില്‍ട്ടന്‍ മലയാളത്തില്‍നിന്ന് ആദ്യമായി പ്രസിദ്ധീകരണത്തിനു തെരഞ്ഞെടുത്തത് ഈ നോവലാണെന്നതും അദ്ഭുതകരമാണ്.
? പുരസ്കാരങ്ങള്‍ നേടുമ്പോഴും ‘ആരാച്ചാരെ’ അംഗീകരിക്കാന്‍ ആരൊക്കെയോ മടിക്കുന്നുണ്ടോ?
പുറത്തിറങ്ങി ഒന്നര വര്‍ഷമായി ബെസ്റ്റ് സെല്ലറായി തുടരുന്നത് അംഗീകാരമില്ലാത്തതുകൊണ്ടാണോ? പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ച് നാലോ അഞ്ചോ മാസങ്ങള്‍ക്കുള്ളില്‍ നൂറനാട് ഹനീഫ് മെമ്മോറിയല്‍ അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടു. ആ അവാര്‍ഡിന് പരിഗണിക്കാന്‍ ഇവിടെ വേറെ കൊള്ളാവുന്ന നോവലുകള്‍ ഇല്ലാതിരുന്നതു കൊണ്ടല്ല, വിധികര്‍ത്താക്കള്‍ ഏകകണ്ഠമായി എന്‍െറ നോവല്‍ തെരഞ്ഞെടുത്തതുകൊണ്ടാണ്. ഓടക്കുഴല്‍ അവാര്‍ഡിനും വയലാര്‍ അവാര്‍ഡിനും തെരഞ്ഞെടുക്കപ്പെട്ട ‘ആരാച്ചാര്‍’ അംഗീകരിക്കപ്പെട്ടില്ളെന്ന് പരാതിപ്പെട്ടാല്‍ അത് ദുരയും ദൈവനിന്ദയുമാകും. എന്‍െറ രചനകളില്‍ ഏറ്റവും കൂടുതല്‍ അംഗീകരിക്കപ്പെട്ട നോവലാണ് ആരാച്ചാര്‍. ‘മാധ്യമം’ ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ$ പ്രസിദ്ധീകരിക്കുമ്പോള്‍ മുതല്‍ 53 ആഴ്ച എന്‍െറ കൈപിടിച്ചുനടന്ന വായനക്കാരുടെ വലിയൊരു സമൂഹമുണ്ട്. എഴുതിത്തുടങ്ങുമ്പോള്‍ ഇത്രയേറെ ഈ കൃതി ശ്രദ്ധിക്കപ്പെടുമെന്ന് ഞാന്‍ സ്വപ്നത്തില്‍പോലും വിചാരിച്ചതല്ല. ഏറ്റവും വലിയ സങ്കടം ‘ആരാച്ചാറി’നെ പറയാന്‍ കൊള്ളാവുന്നവരാരും വിമര്‍ശിച്ചിട്ടില്ല എന്നതാണ്. പ്രഫ. എം. കൃഷ്ണന്‍നായര്‍ എന്‍െറ ‘മോഹമഞ്ഞ’ എന്ന കഥയെ ടോള്‍സ്റ്റോയിയുടെ ‘ക്രൂയിറ്റ്സര്‍ സൊനാറ്റ’ എന്ന കഥയോട് ഉപമിച്ചു. അതേ കൃഷ്ണന്‍നായര്‍ സാര്‍ ‘ആവേ മരിയ’ എന്ന കഥയെ വിമര്‍ശിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍െറ പ്രശംസയെക്കുറിച്ചും വിമര്‍ശനത്തെക്കുറിച്ചും പറയാന്‍ എനിക്ക് ഒരേ അഭിമാനമാണുള്ളത്. പക്ഷേ, താങ്കള്‍ ചോദിച്ചതില്‍ കാര്യമുണ്ട്. നിങ്ങളെങ്ങനെ ഇത്ര വിശദമായി കൊല്‍ക്കത്തയെ മനസ്സിലാക്കി എന്നൊരു ചോദ്യം ഞാനെല്ലാ വിഭാഗങ്ങളില്‍നിന്നും കേട്ടിട്ടുണ്ട്. ചിലരത് അദ്ഭുതത്തോടെ ചോദിക്കുന്നു, ചിലരത് ആദരവോടെ ചോദിക്കുന്നു, ചിലരത് അവിശ്വാസത്തോടെയും സംശയത്തോടെയും ചോദിക്കുന്നു. പൊതുവെ സ്ത്രീയുടെ ബുദ്ധിശക്തിയെക്കുറിച്ച് ഭൂരിപക്ഷം മലയാളികള്‍ക്കും ഒരു മതിപ്പും ഇല്ല. എന്‍െറ സ്ഥാനത്ത് ബെന്യാമിനോ സുഭാഷ്ചന്ദ്രനോ സന്തോഷ് ഏച്ചിക്കാനമോ ആയിരുന്നെങ്കില്‍ ഈ ചോദ്യം ചോദിക്കുമായിരുന്നില്ല.
? ‘ആവേ മരിയ’യെ എതിര്‍ത്തവര്‍ ഭാഗമായൊരിടത്തുനിന്ന് വയലാര്‍ അവാര്‍ഡ് ലഭിച്ചതിനെ എങ്ങനെ വിലയിരുത്തുന്നു?
വയലാര്‍ അവാര്‍ഡ് വളരെ ജനാധിപത്യപരമായ രീതിയില്‍ പ്രഖ്യാപിക്കപ്പെടുന്നതാണെന്ന് ട്രസ്റ്റിന്‍െറ സെക്രട്ടറി സി.വി. ത്രിവിക്രമന്‍ പറഞ്ഞിട്ടുണ്ട്. സത്യസന്ധതയോടെയും സ്നേഹത്തോടെയും എഴുതിയ കഥയാണ് ‘ആവേ മരിയ’. എനിക്ക് അതില്‍ ഒരു തെറ്റേ പറ്റിയുള്ളൂ. ഒരു പേരിനോടു സാമ്യമുള്ള പേര് ഉപയോഗിച്ചത് ആ വ്യക്തിയുടെ കുടുംബത്തെ വേദനിപ്പിക്കാനിടയാക്കി. അതിലെനിക്ക് വലിയ സങ്കടവും കുറ്റബോധവുമുണ്ട്. പക്ഷേ, അതു ഞാന്‍ നൊന്തെഴുതിയ കഥയാണ്. അതുകൊണ്ടാണത് നിലനില്‍ക്കുന്നത്.
? മലയാളത്തിലെ സ്ത്രീ എഴുത്തുകാരുടെ പരിണാമം... മീര അടക്കമുള്ള പുതുതലമുറ എഴുത്തുകാരികള്‍ക്ക് അതിലുള്ള ഭാഗധേയമെന്ത്?
‘ദയവായി പുകവലിക്കരുത്’ എന്നതു പോലെ ‘ദയവായി പെണ്ണെഴുത്തിനെക്കുറിച്ചു ചോദിക്കരുത്’ എന്നൊരു ബോര്‍ഡ് എന്‍െറ ഗേറ്റില്‍ വെച്ചാലോ എന്ന് ആലോചിക്കുകയാണ്. സാഹിത്യലോകത്ത് സ്ത്രീകളോട് വിവേചനമുണ്ടെന്ന് പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. പക്ഷേ, അത് രാഷ്ട്രീയത്തിലും സിനിമയിലും നിത്യജീവിതത്തിലുമുള്ളതുതന്നെ. മാധവിക്കുട്ടിയെപ്പോലെ ആക്രമണം നേരിട്ട മറ്റൊരു എഴുത്തുകാരിയില്ല. പക്ഷേ, ആക്രമണങ്ങളുടെ ഈ പൂര്‍വാനുഭവങ്ങള്‍ പിന്നാലെ വന്ന ഞങ്ങളുടെ പാത കുറച്ചുകൂടി സുഗമമാക്കി.
? പത്രപ്രവര്‍ത്തനകാലം എഴുത്തുകാരി എന്ന നിലയില്‍ എന്തുമാത്രം ഗുണം ചെയ്തു?
പുതിയ ലോകങ്ങള്‍ തുറന്നുതന്നു. കോളജ് അധ്യാപകരുടെ മകളായി കര്‍ശന ചിട്ടയില്‍ വളര്‍ന്ന എനിക്ക് പുറംലോകമെന്തെന്ന് കാട്ടിത്തന്നത് പത്രപ്രവര്‍ത്തനമാണ്. പത്രപ്രവര്‍ത്തകയായിരുന്നില്ളെങ്കില്‍, അതിന്‍െറ ഭാഗമായി കിട്ടിയ എഡിറ്റിങ്, റൈറ്റിങ് ക്രാഫ്റ്റ് ക്ളാസുകളുണ്ടായിരുന്നില്ളെങ്കില്‍ ഞാന്‍ എത്രയോ മോശപ്പെട്ട എഴുത്തുകാരിയാകുമായിരുന്നു.
? എഴുത്ത് ആവേശമായതിനാല്‍ അത് ജീവിതമാര്‍ഗമാക്കിയ ആളാണ്. എഴുതാനായി ജീവിച്ച് പിന്നീട് ജീവിക്കാനായി എഴുതേണ്ട അവസ്ഥയുണ്ടായോ?
എഴുത്തല്ല, എന്‍െറ പ്രണയവും ആവേശവും അന്നുമിന്നും പത്രപ്രവര്‍ത്തനമാണ്. എന്നാല്‍, ഒരു ഘട്ടത്തില്‍ എനിക്ക് പത്രപ്രവര്‍ത്തനം ഉപേക്ഷിക്കേണ്ടിവന്നു. പത്രപ്രവര്‍ത്തനത്തില്‍ വേണ്ടത്ര പേരും പെരുമയുമായി സുരക്ഷിതമായൊരു തസ്തികയില്‍ ഇരിക്കെയാണ് ഞാന്‍ മുഴുവന്‍സമയ എഴുത്തുകാരിയായത്. പത്രപ്രവര്‍ത്തനം ഒരു സുരക്ഷിതത്വത്തിന്‍െറ പുറന്തോട് തന്നിരുന്നു. എഴുതി ജീവിക്കാന്‍ തീരുമാനിച്ചപ്പോള്‍ ജീവിക്കാന്‍വേണ്ടി പരമ്പരകള്‍ക്കു തിരക്കഥയെഴുതേണ്ടിവന്നു, ജനപ്രിയ നോവലുകള്‍ എഴുതേണ്ടിവന്നു.
ഡെഡ്ലൈന്‍ തീരുന്നതിനുമുമ്പ് പേജ് തീര്‍ക്കാന്‍ പണിപ്പെടുന്നത് ഇപ്പോഴും സ്വപ്നത്തില്‍ കാണുന്നൊരാളെന്ന നിലയില്‍ ഒരു തിരിച്ചുവരവ് ഉണ്ടാകുമോ?
‘വണ്‍സ് എ ജേണലിസ്റ്റ് ഈസ് ഓള്‍വേയ്സ് എ ജേണലിസ്റ്റ്’. ഉള്ളില്‍ എന്നും പത്രപ്രവര്‍ത്തക ഉണ്ടെങ്കിലും ഏതെങ്കിലും സ്ഥാപനത്തിന്‍െറ ചട്ടക്കൂടിലേക്ക് തിരിച്ചുപോകാന്‍ എനിക്ക് പ്രയാസമാണ്. പ്രായം കൂടുംതോറും ഒത്തുതീര്‍പ്പുകള്‍ വയ്യാതാകും. സ്ഥാപനങ്ങളുടെ ഭാഗമാകുമ്പോള്‍ ഒത്തുതീര്‍പ്പുകള്‍ വേണ്ടിവരും. അതിനുള്ള ഊര്‍ജംകൂടി എഴുത്തിനു വിനിയോഗിക്കാനാണ് എനിക്കിഷ്ടം.
? എഴുത്ത് നല്‍കിയ യഥാര്‍ഥ ആനന്ദങ്ങള്‍ എന്തെല്ലാം?
വീണ്ടും വീണ്ടും എഴുതുന്നതുതന്നെ എഴുത്തു നല്‍കിയ സന്തോഷംകൊണ്ടാണ്. കണക്ക് ട്യൂഷന്‍ ക്ളാസില്‍ രണ്ടു കണക്കുകള്‍ക്കിടയിലുള്ള സമയത്ത് ‘രണ്ടാമൂഴ’ത്തിന്‍െറ അധ്യായങ്ങള്‍ തിരക്കിട്ടു വായിച്ചിരുന്ന പ്രീഡിഗ്രിക്കാരി, വര്‍ഷങ്ങള്‍ക്കുശേഷം എം.ടി. വാസുദേവന്‍ നായരോടൊപ്പം ഒരു യോഗത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം ‘ആരാച്ചാര്‍’ ഒരു നല്ല പുസ്തകമാണെന്നു പറയുമെന്നും പ്രതീക്ഷിച്ചിട്ടില്ലല്ളോ. എന്തിന്, ‘ഗൗരി’ വായിച്ച് കരഞ്ഞ വായനക്കാരിയുടെ കഥ വായിച്ച് ടി. പത്മനാഭന്‍ അഭിനന്ദനക്കത്തെഴുതുന്നതോ പി. പത്മരാജന്‍െറയും വി.പി. ശിവകുമാറിന്‍െറയും പേരിലുള്ള അവാര്‍ഡുകള്‍ വാങ്ങുന്നതോ സ്വപ്നം കണ്ടിട്ടില്ലല്ളോ. ഇങ്ങനെ എണ്ണിയെണ്ണിപ്പറയാന്‍ ഒരുപാടുണ്ട്. അതൊക്കെയാണ് എഴുത്തിന്‍െറ യഥാര്‍ഥ ആനന്ദങ്ങള്‍.
? വിവാദം ഇഷ്ടപ്പെടാഞ്ഞിട്ടാണോ സിനിമയെ ഉപേക്ഷിച്ചത്. മറ്റൊരര്‍ഥത്തില്‍ എഴുത്തുകാര്‍ക്ക് എന്തിനാണ് സിനിമ?
മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല. എനിക്ക് സിനിമയെ ആവശ്യമില്ല. കൂടുതല്‍ പണം എളുപ്പം കിട്ടുമെന്നത് മാത്രമാണ് സിനിമയുടെ ആകര്‍ഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.