ഇല്ലത്തെഴുത്ത്
text_fieldsപണ്ടു പണ്ട്.. ചിമ്മിനി വിളക്കിന്‍െറ ചെറിയ വെട്ടത്തില്‍ മനയ്ക്കലെ മുതിര്‍ന്നവരുടെ കണ്ണുവെട്ടിച്ച് അക്ഷരലോകത്തേക്ക് നടന്നൊരു കുട്ടിയുണ്ടായിരുന്നു. വായനക്കായി വീര്‍പ്പുമുട്ടിയപ്പോള്‍ പുസ്തകങ്ങള്‍ ഒളിച്ചുകൊണ്ടുവരാന്‍ കൂട്ടുകാരിയോട് ശട്ടംകെട്ടും. അര്‍ധരാത്രിയും കടന്ന് വായന നീളുമ്പോള്‍ വിളക്കിലെ എണ്ണവറ്റിത്തുടങ്ങും. വാശിപിടിച്ച് അമ്മയുടെ കൈയില്‍നിന്ന് എണ്ണവാങ്ങിയൊഴിച്ച് വീണ്ടും വായന. പരന്ന വായനയുടെയും എഴുത്തിന്‍െറയും ലോകത്തേക്ക് പണ്ടത്തെ നമ്പൂരി ഇല്ലങ്ങളിലെ സ്ത്രീകള്‍ക്ക് കടന്നുവരാന്‍ നന്നേപാടായിരുന്നു. പക്ഷേ 13ാം വയസ്സില്‍ കഥയെഴുതി പ്രസിദ്ധപ്പെടുത്തിയ ആ കുട്ടിക്ക് ഇന്ന് എഴുപത്തിയഞ്ചായി, 13വയസ്സുകാരിയുടെ കൗതുകവും ചെറുപ്പവും ഇപ്പോഴുമുണ്ട് ആ കണ്ണുകളില്‍. നിലമ്പൂര്‍ വാണിയമ്പലത്ത് പ്രസിദ്ധനായ വെള്ളക്കാട്ടുമനയില്‍ വി.എം.സി.നാരായണന്‍ ഭട്ടതിരിപ്പാടിന്‍െറയും കൂടല്ലൂര്‍ മനയില്‍ ഗൗരി അന്തര്‍ജനത്തിന്‍െറയും മകള്‍ കെ.ബി.ശ്രീദേവി എഴുത്തും വായനയും തന്‍െറയുള്ളില്‍ ശ്രീയായി വളര്‍ന്ന കാലത്തെ കുറിച്ച് പറയുന്നു.
പൊട്ടിത്തെറിച്ച് നടന്ന കുട്ടി
ഇന്നത്തെ തലമുറക്ക് എന്‍െറ കുട്ടിക്കാലം സങ്കല്‍പിക്കാന്‍ കഴിയില്ല. വളരെ യാഥാസ്ഥിതിക കുടുംബമായിരുന്നു. അച്ഛന്‍ വൈദികനും കൂടിയായിരുന്നു. പിന്നെ കുറേ പരാധീനതകളും. ഏട്ടന്‍െറയും അനിയന്‍െറയും താവഴികളിലെ കുടുംബങ്ങളാണ് അന്ന് ഒന്നിച്ചു താമസിച്ചിരുന്നത്. രണ്ട് സംസ്കാരം. അച്ഛന്‍ വളരെ ഉത്പതിഷ്ണുവായിരുന്നു. യജുര്‍വേദം മുഴുവന്‍ പഠിച്ചിട്ടുണ്ട്. പിന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തനം എന്നുവേണ്ട കുറേ മേഖലകളില്‍ അറിവുണ്ടായിരുന്നു. അച്ഛനെ കാണാന്‍ തന്നെ കിട്ടുമായിരുന്നില്ല. അമ്മ നന്നായി പാടിയിരുന്നു. ഇവര്‍ക്കിടയിലെ ഒരു ബാല്യമായിരുന്നു എന്‍േറത്. ഞാന്‍ എപ്പോഴും പൊട്ടിത്തെറിച്ച് നടക്കുന്നൊരു കുട്ടിയായിരുന്നു. 'വേണ്ടാത്തതൊന്നും കുട്ടി പറയണ്ടാട്ടോ' അമ്മക്കെപ്പോഴും എന്നെപ്പറ്റി ആധിയായിരുന്നു. എന്‍െറ ഭാവനാലോകം അന്ന് വളരെ വലുതായിരുന്നു. കുട്ടിക്കാലത്തേ വായിക്കാന്‍ ആഗ്രഹം കയറി. പക്ഷേ, അന്ന് പുസ്തകം കിട്ടിയിരുന്നില്ല. ആദ്യമായി അക്ഷരം പഠിച്ചത് ചാത്തു എഴുത്തച്ഛന്‍െറ അടുത്താണ്. അഷ്ടകങ്ങളൊക്കെയാണ് അന്ന് പഠിപ്പിച്ചത്. പിന്നെ പഠനം സ്വര്‍ണത്ത് വാരിയര്‍ മാഷിന്‍െറ അടുത്തായി. വായിക്കാനുള്ള ആഗ്രഹമൊക്കെ കണ്ടപ്പോള്‍ മാഷിന് എന്നില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു. വെറുതെ സമയം കളയരുത് എന്നൊക്കെ എപ്പോഴും പറയും. അച്ഛന്‍ സ്ഥാപിച്ച വി.എം.സി സര്‍ക്കാര്‍ സ്കൂളിലായിരുന്നു പിന്നീട് വിദ്യാഭ്യാസം.
വായിക്കാനും എന്തും അറിയാനുമുള്ള മോഹമായിരുന്നു അന്ന്. പക്ഷേ, വായിക്കാന്‍ പുസ്തകമൊന്നും കിട്ടില്ല. അന്ന് ഉറ്റ കൂട്ടുകാരിയായിരുന്നു ശാന്ത. ശാന്തയിപ്പോള്‍ ബോംബെയിലാണ്. ശാന്തയുടെ ഏട്ടന്മാരായ വിശ്വനാഥനും ഗോപിയും നല്ല വായനക്കാരായിരുന്നു. വിശ്വനാഥന്‍ അന്നൊരു തീവ്ര ഇടതുചിന്താഗതിക്കാരനായിരുന്നു. അതുകൊണ്ടു തന്നെ അവിടെ ധാരാളം പുസ്തകങ്ങളുണ്ടായിരുന്നു. ശാന്തയാണ് ഇതെല്ലാം രഹസ്യമായി കൊണ്ടുതരുക. എനിക്കങ്ങനെ ഇസമൊന്നും ഇല്ലാത്തതിനാല്‍ കുറെയൊക്കെ ഇഷ്ടപ്പെടാതെ തിരിച്ചുകൊടുക്കും. ഇല്ലത്ത് പത്രം വരും. അച്ഛന്‍ വിസ്തരിച്ച് വായിക്കും. പക്ഷേ അകത്തേക്ക് കിട്ടുന്നത് രണ്ടുദിവസം കഴിഞ്ഞാണ്. ഞങ്ങള്‍ക്കന്ന് നാലകത്തുനിന്ന് മുറ്റത്തേക്ക് കടക്കാന്‍ പാടില്ല. അങ്ങനെയിരിക്കുമ്പോഴാണ് ഇല്ലത്തിനടുത്ത് രാമന്‍ നായരുടെ ചായക്കടയുടെ മുകള്‍വശത്ത് കുറച്ച് പുസ്തകങ്ങള്‍വെച്ച് വായനശാല തുടങ്ങിയത്. അവിടെ നിന്ന് ചങ്ങാതി യച്ചുവാണ് പുസ്തകങ്ങള്‍ എത്തിച്ചത്. പൊറ്റെക്കാട്ടും ലോകസാഹിത്യങ്ങളുടെ പരിഭാഷയുമെല്ലാം വായിച്ചത് അവിടെ നിന്നായിരുന്നു. യച്ചു വാങ്ങിച്ചുകൊണ്ടുവന്നത് അധികവും റഷ്യന്‍ പരിഭാഷകളാണ്. അമ്മ നന്നായി പാട്ടുപാടുമായിരുന്നു. എന്നെയും പാട്ടുപഠിപ്പിക്കാന്‍ ശ്രമിച്ചു. പാട്ടു ടീച്ചര്‍ക്ക് ചോറ് കൊടുത്തുകഴിഞ്ഞാല്‍ പിന്നെ എണ്ണവിളക്കിന്‍െറ വെളിച്ചത്തില്‍ വായന തുടങ്ങും. എണ്ണ കഴിയുമെന്ന് പറഞ്ഞ് അവര്‍ ശുണ്ഠിയെടുക്കും. എന്നെ വായിക്കാന്‍ വിടാന്‍ ടീച്ചര്‍ക്കും മോഹമുണ്ടായിരുന്നു.വിവാഹം കഴിഞ്ഞാണ് പാട്ടു പഠിത്തം നിര്‍ത്തിയത്. ഭര്‍ത്താവിന്‍െറ അനിയത്തി ദേവസേനേടത്തിക്കായിരുന്നു ആദ്യ ബാലപംക്തിയുടെ ആദ്യസമ്മാനം ലഭിച്ചത്. വായനക്ക് അവരും പ്രോത്സാഹനം നല്‍കി.
ഉറുമ്പരിച്ച പക്ഷി
ആദ്യകഥയെ കുറിച്ചോര്‍ക്കുമ്പോള്‍ ഇന്നും കുളിരാണ്. തന്നെ വന്നതാണാ കഥ. 13 വയസ്സുള്ളപ്പോഴായിരുന്നു ആ സംഭവം. പാട്ടു ടീച്ചറും ഞാനും കൂടി അന്ന് പുലര്‍ച്ചെ അമ്പലക്കുളത്തില്‍ കുളിക്കാന്‍ പോകുമായിരുന്നു. ഞാനന്ന് ഏറെ നേരം ഉദിച്ചുവരുന്ന സൂര്യനെ നോക്കിനില്‍ക്കും. അങ്ങനെ നില്‍ക്കുമ്പോഴാണ് പടവില്‍ ഒരു പക്ഷി ചത്തുകിടക്കുന്നതു കണ്ടത്. അതിനെ ഉറുമ്പരിക്കാന്‍ തുടങ്ങിയിരുന്നു. അതുകണ്ടപ്പോള്‍ എന്‍െറ ഉള്ളില്‍ എന്തൊക്കെയോ പ്രയാസം വന്നു. മുഖഭാവം കണ്ടപ്പോള്‍ ടീച്ചര്‍ ചോദിച്ചു എന്താ വായ്യായ്കയെന്ന്. സാഹിത്യകാരന്മാര്‍ പറയുന്ന ആ തേങ്ങല്‍ അന്ന് ശരിക്കും അനുഭവിച്ചു. ഇപ്പോഴും ആ രംഗമാലോചിക്കുമ്പോള്‍ വല്ലായ്ക തോന്നും. അന്നുച്ചക്ക് ആദ്യകഥക്ക് ഒൗട്ട് ലൈന്‍ ഇട്ടു. അന്നുരാത്രി എല്ലാവരും ഉറങ്ങിയപ്പോള്‍ ഞാനത് കഥയായി എഴുതി. ജീവിതത്തിന്‍െറയും മരണത്തിന്‍െറ ഘട്ടങ്ങളായിരുന്നു കഥയില്‍. ‘യുഗാന്തരങ്ങളിലൂടെ’ എന്നു പേരിട്ടു. അന്ന് ദേവസേനേടത്തിയാണ് ഇത് എവിടേക്കെങ്കിലും അയക്കണമെന്ന് പറഞ്ഞത്. അത് പിന്നെ തുഞ്ചത്തെഴുത്തച്ഛന്‍ എന്ന മാസികയിലേക്കയച്ചു. ഭാഷ അത്ര കനമുണ്ടായില്ല. പക്ഷേ ഉള്ളടക്കമുണ്ടായിരുന്നു. കഥ അച്ചടിച്ചു വന്നു. അന്ന് പ്രതിഫലമായി പത്തു രൂപയും പത്തു കോപ്പിയും കിട്ടി. എഴുതുന്ന കാര്യമൊന്നും വീട്ടില്‍ അറിയാത്തതിനാല്‍ അന്നത് വാങ്ങാന്‍ പേടിയായിരുന്നു. അറിഞ്ഞാല്‍ വലിയ വിലക്കാവും. തൊഴുത്തിനടുത്തെ മറയില്‍വെച്ചാണ് അത് കൈപ്പറ്റിയത്.
ആദ്യം അപ്പുക്കുട്ടി ഗുപ്തനും പവനനും കൂടി നടത്തിയിരുന്ന ജയകേരളം മാസികയിലേക്ക് കഥ അയക്കുമായിരുന്നു. അദ്ദേഹത്തിന് എന്‍െറ എഴുത്തില്‍ വളരെ താല്‍പര്യം തോന്നി. സിസ്റ്റര്‍ എന്ന വാക്കിന്‍െറ ആദ്യത്തെ മൂന്നക്ഷരം 'സിസ്' എന്ന പേരിലാണ് അന്ന് കഥകള്‍ എഴുതിയത്. കഥക്കൊക്കെ അന്ന് പ്രതിഫലം വരുമ്പോള്‍ പേടിയാണ്. ഒരിക്കല്‍ അപ്പുക്കുട്ടി ഗുപ്തന്‍ എഴുതി 'ഇനി ഈ മറയൊന്നു പൊളിച്ചിടണം'. അന്നുമുതല്‍ സിസ് 'കെ.ബി. ശ്രീദേവി'യായി.
കനമുള്ള എഴുത്തിലേക്ക്
ചെറുകഥകള്‍ കുറെ എഴുതിക്കഴിഞ്ഞ് ചെറിയ ചെറിയ നാടകങ്ങളും എഴുതി. കൂടല്ലൂര്‍മന ബ്രഹ്മദത്തന്‍ നമ്പൂതിരിയുമായുള്ള വേളി കഴിഞ്ഞ് അവിടെ ചെന്നപ്പോഴാണ് നോവല്‍ എഴുതിയത്. അന്ന് കൂടല്ലൂരില്‍ വരാറുണ്ടായിരുന്ന നങ്ങയ്യ എന്ന സ്ത്രീയായിരുന്നു ആ നോവലിനുള്ള പ്രചോദനം. ഭ്രഷ്ട് കല്‍പിച്ച കൂട്ടത്തിലുള്ളതായിരുന്നു അവര്‍. അന്ന് അമ്പത് വയസ്സുണ്ടായിരുന്നു അവര്‍ക്ക്. ഒരിക്കല്‍ അവര്‍ അച്ഛനെ തൊഴുന്നത് ശ്രദ്ധിച്ചു. അന്നാണ് അവരുടെ അനുഭവം തിരക്കിയത്. ഭ്രഷ്ട് കല്‍പിച്ച നങ്ങയ്യ അവരുടെ ജീവിതം മുഴുവന്‍ പറഞ്ഞപ്പോഴേക്കും ഞാന്‍ വിയര്‍ത്തുപോയി. നങ്ങയ്യയുടെ പരാധീനതയും ദു$ഖവുമാണ് 'യജ്ഞം' എന്ന നോവലായി പരിണമിച്ചത്. കുട്ടികളുടെ പഠിപ്പുമായി ബന്ധപ്പെട്ടാണ് അന്ന് തൃശൂരിലേക്കത്തെിയത്. അവിടെ ശ്രീകൃഷ്ണ കോളജില്‍ കുമ്മിണി മാഷിനെ പരിചയപ്പെട്ടു. നോവല്‍ മാഷിന് കൊടുത്തു. അദ്ദേഹത്തിനത് വലിയ ഇഷ്ടമായി. പലതവണ മാറ്റിയെഴുതി. ഉറൂബ് അന്ന് കുങ്കുമം മാസികയിലായിരുന്നു. ആ നോവല്‍ കുങ്കുമത്തിലേക്ക് അയച്ചു. ഒരിക്കല്‍ അനിയനാണ് വന്നു പറഞ്ഞത് നോവലിന് അവാര്‍ഡ് ലഭിച്ചുവെന്നത്. അന്ന് ജി.ശങ്കരക്കുറുപ്പില്‍നിന്ന് അവാര്‍ഡും ഏറ്റുവാങ്ങി.
പുതുതലമുറ എഴുത്ത്
കാലം മാറുമ്പോള്‍ എല്ലാറ്റിനും മാറ്റം വരും. എല്ലാം കാലത്തിന്‍െറ പണികളാണ്. ഈ മാറ്റം ഇന്നത്തെ കുട്ടികളിലും കാണാം. പ്രതിഭയെക്കാള്‍ വലിയ ഭ്രമമാണ്കുട്ടികള്‍ക്ക്. ഒരു കഥ വരുമ്പോഴേക്കും എഴുത്തുകാരായി എന്ന തോന്നല്‍. ഈ ഭ്രമം മാറണം. ഒരു പെന്‍ പോലും ഇല്ലാത്ത കാലത്താണ് പണ്ടുള്ളവര്‍ കഥകള്‍ എഴുതിയിരുന്നത് എന്നോര്‍ക്കണം. നല്ല പ്രതിഭയുള്ളവരുമുണ്ട്. അത് വായിക്കുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. യജ്ഞം കുങ്കുമത്തില്‍ അച്ചടിച്ചപ്പോള്‍ അത് വലിയ സംഭവമായിരുന്നു. അവാര്‍ഡ് ദാനത്തിന് ശങ്കരക്കുറുപ്പാണ് ഉദ്ഘാടകന്‍. ആകെ പരിഭ്രമമായി. ഞാന്‍ അറിഞ്ഞിട്ടില്ല ഇങ്ങനെയൊരാളുണ്ടെന്ന് എന്ന് ശങ്കരക്കുറുപ്പ് വേദിയില്‍ പറഞ്ഞു. അന്ന് മറുപടി പ്രസംഗത്തില്‍ പറഞ്ഞു-എന്നെ അറിയാത്തത് എന്‍െറ കുറ്റമാണ്. അദ്ദേഹത്തിന്‍െറ കുറ്റമല്ല. ചെറിയ ചെറിയ അരുവികള്‍ സമുദ്രത്തിലോട്ടാണ് പോകാറ്. സമുദ്രം ഇങ്ങോട്ട് വരാറില്ല. അത് അദ്ദേഹത്തിന് വലിയ ഇഷ്ടമായി.
ഇപ്പോഴത്തെ കുട്ടികള്‍ക്ക് വായന കുറവാണ്. തെരഞ്ഞെടുത്ത് വായിക്കുന്നവര്‍ നന്നേ കുറവ്. പുതിയതും പഴയതും ഒക്കെ വായിക്കുക തന്നെ വേണം. ദെസ്തേവ്സ്കിയുള്‍പ്പെടെയുള്ളവരുടെ കഥകളുടെ പരിഭാഷകള്‍, പൊറ്റെക്കാട്ട് ഉള്‍പ്പെടെയുള്ള മലയാളത്തിലെ മഹാരഥന്മാര്‍ ഇതൊക്കെ കുട്ടികള്‍ വായിക്കണം. ഇപ്പോള്‍ കമ്പ്യൂട്ടറൊക്കെ വന്നപ്പോള്‍ സമ്പ്രദായങ്ങള്‍ വ്യത്യാസപ്പെട്ടു. ബുദ്ധി ആവശ്യമില്ലാതായിരിക്കുന്നു. കമ്പ്യൂട്ടറൊക്കെ നല്ല കാര്യമാണെങ്കിലും ഹാനികരമാണ്. ബുദ്ധി പ്രവര്‍ത്തിക്കില്ല. ഭാവിയില്‍ ബുദ്ധി അത്രമതി എന്ന അവസ്ഥയിലത്തെും. ഭാവന കുറയും.
വായിച്ചുതുടങ്ങുമ്പോള്‍ മലയാളത്തില്‍ മണിപ്രവാളം, ചെറുശ്ശേരിയുടെ കൃഷ്ണഗാഥ ഇതൊന്നും വിടരുത്. ഇവരുടെ എഴുത്താണ് നമ്മുടെ പ്ളാറ്റ്ഫോം. എവിടെയാണ് ധര്‍മമുള്ളത് അത് വായിക്കുക. അനാവശ്യമായ വാക്കുകള്‍ എടുത്തു പറയാതിരിക്കുക. ചീത്ത കാര്യങ്ങള്‍ക്ക് പ്രതിഫലനമുണ്ട്. അന്തരീക്ഷത്തത്തെന്നെ മാറ്റും അത്. നല്ല കാര്യങ്ങള്‍ പറയുക. വിദേശ രാജ്യങ്ങളിലെ മലയാളി പുതുതലമുറ മലയാളത്തിലേക്ക് വരാത്തതിന് പ്രധാന കുറ്റവാളി രക്ഷിതാക്കളാണ്. രക്ഷിതാക്കള്‍ പഠിപ്പിക്കണം. വീട്ടില്‍ മലയാളം ഒഴിവാക്കരുത്. കുട്ടികള്‍ക്ക് തങ്ങളുടെ പൂര്‍വികരെപ്പറ്റി പരിചയപ്പെടുത്തിക്കൊടുക്കണം. ഈണത്തില്‍കൂടി ചൊല്ലിക്കൊടുക്കുമ്പോള്‍ കവിതകളോട് ഇഷ്ടമുണ്ടാവുകയും അവര്‍ പെട്ടെന്ന് പഠിക്കുകയും ചെയ്യും. മഹാകവികള്‍ നമ്മുടെ ഇടയിലുണ്ടായിരുന്നെന്ന് അവര്‍ അറിയട്ടെ. ഈ കവിതകളുടെ ഈണമാണ് അമ്മമലയാളമെന്ന് അവര്‍ അറിയണം. അങ്ങനെ വരുമ്പോള്‍ മലയാളത്തിന്‍െറ ആസ്വാദ്യത അവര്‍ ജീവിതകാലം മറക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.