അഡോനിസ്: വിപ്ളവവും സൂഫിസവും പിന്നെ കവിതയും
text_fieldsഅറബ് സാംസ്കാരിക വായനയിലെ കലാപകാരിയുടെ മുഖമാണ് അഡോനിസ്. കവിതയെ മാറ്റത്തിനുള്ള ആയുധമാക്കി ഉയര്‍ത്തിക്കാണിക്കാന്‍ ഈ സിറിയന്‍ കവി കഴിഞ്ഞ അരനൂറ്റാണ്ടായി ശ്രമിച്ചുകൊണ്ടിരിക്കുന്നു. പല തവണ സാഹിത്യ നൊബേലിനായി നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട് ഇദ്ദേഹം. ഈ വര്‍ഷത്തെ കുമാരനാശാന്‍ വിശ്വകവിതാ പുരസ്കാരം ഏറ്റുവാങ്ങാനായി കേരളത്തിലത്തെിയ അഡോനിസുമായി നടത്തിയ അഭിമുഖത്തില്‍നിന്ന്
കവിത എങ്ങനെയാണ് താങ്കളുടെ ജീവിതത്തിലേക്ക് കടന്നുവന്നത്?
വൈദ്യുതിയോ, സ്കൂളുകളോ ഇല്ലാത്ത ഒരു ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്. കര്‍ഷകനായ പിതാവില്‍നിന്നാണ് കവിതയുടെ ബാലപാഠങ്ങള്‍ പഠിച്ചത്. 13ാം വയസ്സില്‍ സ്വതന്ത്ര സിറിയയുടെ ആദ്യ പ്രസിഡന്‍റ് ഞങ്ങളുടെ ഗ്രാമത്തിലത്തെിയപ്പോള്‍ ഒരു കവിത തയാറാക്കി അദ്ദേഹത്തിനുമുന്നില്‍ അവതരിപ്പിച്ചു. രാഷ്ട്രീയ അഭിപ്രായവ്യത്യാസമുണ്ടായിരുന്നെങ്കിലും പ്രസിഡന്‍റിനെ കാണാനുള്ള എന്‍െറ ആഗ്രഹത്തെ പിതാവ് തടഞ്ഞില്ല. സ്വാതന്ത്ര്യം എന്ന വാക്ക് അങ്ങനെയാണ് ജീവിതത്തിലാദ്യമായി അനുഭവിച്ചറിഞ്ഞത്. കവിത കേട്ട പ്രസിഡന്‍റ് ചോദിച്ചു, എനിക്കെന്താണ് വേണ്ടതെന്ന്. സ്കൂളില്‍ ചേരണമെന്നായിരുന്നു എന്‍െറ മറുപടി. കവിത അങ്ങനെ എന്‍െറ ജീവിതം മാറ്റിമറിച്ചു. സത്യത്തില്‍ എനിക്ക് രണ്ട് അമ്മമാരുണ്ട്. ഒന്ന് പെറ്റമ്മയാണെങ്കില്‍ മറ്റേത് കവിതയാണ്.
വിപ്ളവവും മാറ്റത്തിനുവേണ്ടിയുള്ള അടങ്ങാത്ത ദാഹവുമാണ് താങ്കളുടെ കൃതികളുടെ മുഖമുദ്ര. അത് എങ്ങനെയാണ് അറബിക് മോഡേണിസത്തിനുള്ള തിരികൊളുത്തലായി മാറിയത്?
അറബികള്‍ എത്രയെത്ര ഭരണകൂടങ്ങളുടെ മാറ്റത്തിന് സാക്ഷികളായി. എന്നാല്‍, അറബികളുടെ ചിന്താരീതിയില്‍ നൂറ്റാണ്ടുകള്‍ക്കിപ്പുറവും എന്തെങ്കിലും മാറ്റമുണ്ടായോ എന്നാണ് ഞാന്‍ നോക്കുന്നത്. രാഷ്ട്രീയ വിപ്ളവങ്ങളെല്ലാം കപടവിപ്ളവമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. സത്യത്തില്‍ സമൂഹത്തിന്‍െറ അകംപുറം മാറ്റാന്‍ കവിതക്ക് കഴിയുമെന്നാണ് ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്. അതിന്‍െറ ആദ്യഘട്ടമായി കവിത തന്നെ സ്വയം മാറണം. പരമ്പരാഗത കവിത അടിമുടി മാറണമെന്ന് അന്‍പതുകളില്‍ ഞങ്ങള്‍ നിരന്തരമായി ആവശ്യപ്പെട്ടു. നിര്‍ദയമായ ആക്രമണമാണ് പാരമ്പര്യവാദികളില്‍നിന്ന് ഞങ്ങള്‍ നേരിട്ടത്.
സൂഫിസം ഒരു മൂര്‍ത്തഭാവമായി താങ്കളുടെ കവിതകളില്‍ കാണാം. അത് സര്‍റിയലിസ്റ്റിക് ആവിഷ്കാരത്തിലേക്ക് ചെന്നത്തെുന്നതും ശ്രദ്ധേയം. താങ്കള്‍ സൂഫിസത്തെ എങ്ങനെയാണ് കാണുന്നത്?
സൂഫിസത്തിന് പല പ്രത്യേകതകളുണ്ട്. ഒന്നാമതായി അത് ദൈവത്തെക്കുറിച്ചുള്ള സെമിറ്റിക് ചിന്താഗതിയെ തന്നെ അട്ടിമറിച്ചു. ദൈവം ഒരു ബാഹ്യശക്തിയല്ല, മറിച്ച് നമ്മുടെയൊക്കെ ഉള്ളില്‍ കുടികൊള്ളുന്ന ശക്തിയാണ്. രണ്ടാമതായി സൂഫിസം സാംസ്കാരിക വായനയിലെ ‘അപരന്‍’ എന്ന വ്യക്തിയെതന്നെ അപനിര്‍മിച്ചുകളഞ്ഞു. മൂന്നാമതായി സ്വത്വബോധമെന്നത് പൈതൃകമല്ളെന്നും, അതിന്‍െറ സ്രഷ്ടാവ് അവനവന്‍ തന്നെയാണെന്നും സൂഫിസം പറയുന്നു. ബോധലോകത്തിനപ്പുറമുള്ള ഒരു അബോധലോകത്തിനുവേണ്ടിയുള്ള അന്വേഷണമാണ് നാലാമത്തെ കാര്യം. സര്‍റിയലിസമെന്ന കൊച്ചരുവി സൂഫിസമെന്ന മഹാസമുദ്രത്തില്‍ വന്നുലയിക്കുന്നത് അവിടെയാണ്. എന്നാല്‍, ഞാനീ പറയുന്ന സൂഫിസത്തെ സലഫി ഇസ്ലാമിക ചിന്ത നിരാകരിക്കുന്നു എന്നത് വളരെ ദു$ഖകരമായ കാര്യമാണ്.
ഖലീല്‍ ജിബ്രാന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന അറബി എഴുത്തുകാരനായ താങ്കള്‍ ജിബ്രാനെ എങ്ങനെയാണ് വായിക്കുന്നത്?
ഖലീല്‍ ജിബ്രാന്‍െറ കൃതികള്‍ അറബിഭാഷയിലോ, സാഹിത്യ പ്രതിഭയിലോ എന്തെങ്കിലും സംഭാവന ചെയ്തതായി ഞാന്‍ വിശ്വസിക്കുന്നില്ല എന്നു പറഞ്ഞാല്‍ നിങ്ങള്‍ അതിശയിക്കരുത്. എന്നാല്‍, ജിബ്രാന്‍െറ കൃതികളില്‍ കുടികൊള്ളുന്ന ദര്‍ശനമാകട്ടെ അനശ്വരമാണ്. പുതിയൊരു അറബ് ചിന്താസംസ്കാരത്തിനുവേണ്ടിയുള്ള മുറവിളിയാണത്.
സിറിയന്‍ സോഷ്യലിസ്റ്റ് നേതാവായ അന്‍തൂന്‍ സആദയാണ് താങ്കളെ ഏറ്റവും സ്വാധീനിച്ചിട്ടുള്ളതെന്ന് സുഹൃത്തുകൂടിയായ കമാല്‍ അബൂദീബ് എഴുതിയത് കണ്ടിട്ടണ്ട്. അഡോനിസിലെ മതേതര ചിന്തകളെ രൂപപ്പെടുത്തുന്നതില്‍ സആദയുടെ പങ്ക് എത്രത്തോളമുണ്ട്?
വിവിധ മതങ്ങളും അവയുടെ ഉപവിഭാഗങ്ങളുമുള്ള ഞങ്ങളുടെ സിറിയയില്‍ മതകീയ പരിഗണനകള്‍ക്കപ്പുറം എല്ലാവരും ഒരേതരം പൗരന്മാരാണെന്നും നിയമത്തിനുമുന്നില്‍ തുല്യരാണെന്നും വാദിച്ച സോഷ്യലിസ്റ്റായിരുന്നു സആദ. ഗ്രാമങ്ങളിലെ പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹമായ ഞങ്ങള്‍ അദ്ദേഹത്തിന്‍െറ അനുയായികളായി മാറിയില്ളെങ്കിലാണ് അദ്ഭുതം. പിന്നീട്, സോഷ്യലിസ്റ്റ് ബന്ധംകാരണം ഒരുവര്‍ഷം ജയിലിലടക്കപ്പെട്ടത് എന്നിലെ വ്യക്തിയെയും കവിയെയും വളരെയേറെ സ്വാധീനിച്ചു.
വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളുടെ നിരാസം അഡോനിസിന് നേരെയുള്ള പ്രധാന വിമര്‍ശമാണ്. അറബ് ലോകത്തെ ജനാധിപത്യരാഹിത്യത്തെയും സാംസ്കാരിക തകര്‍ച്ചയെയും അറബ് വസന്തവിപ്ളവങ്ങളുടെ പശ്ചാത്തലത്തില്‍ എങ്ങനെ നോക്കിക്കാണുന്നു?
ഏകാധിപതികള്‍ക്കെതിരെ അറബ് ലോകത്ത് നാലുവര്‍ഷം മുമ്പ് ജനകീയ പ്രക്ഷോഭങ്ങളുണ്ടായപ്പോള്‍ എന്‍െറ മനസ്സ് അവര്‍ക്കൊപ്പമായിരുന്നു. അവര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് കവിതയെഴുതി. എന്നാല്‍, പിന്നീട് വിപ്ളവത്തിന്‍െറ
ഗതി ഹിംസയിലേക്ക് തിരിഞ്ഞപ്പോള്‍ ദുഷിച്ച ഭരണകൂടവ്യവസ്ഥകളേക്കാള്‍ അപകടമാണ് ഹിംസാത്മകമായ ഈ വിപ്ളവങ്ങളെന്ന് എനിക്ക് മനസ്സിലായി. വിപ്ളവത്തിന് ആയുധമല്ല, മറിച്ച് ഗാന്ധി വിഭാവനം ചെയ്ത കാലാതിവര്‍ത്തിയായ അഹിംസയില്‍ അടിയുറച്ച സമരങ്ങളാണ് വേണ്ടതെന്ന് ഞാന്‍ വിശ്വസിക്കുന്നു. സത്യത്തില്‍ ഈ വിപ്ളവങ്ങള്‍ കപടമാണ്. ഒന്നാമതായി അവ പ്രസ്തുത രാജ്യങ്ങളെ തികഞ്ഞ അരാജകത്വത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. രണ്ടാമതായി ഈ വിപ്ളവങ്ങള്‍ ഏറ്റവും പ്രധാനപ്പെട്ട അറബ് വിഷയമായ പലസ്തീന്‍ പ്രശ്നത്തെ ഒരു തരത്തിലും സഹായിച്ചില്ല എന്നതാണ്. ലോകത്തെ ഏറ്റവും ഉയരംകൂടിയ അംബരചുംബിയായ കെട്ടിടമുള്ളപ്പോഴും ലോകോത്തരമായ ഒരു സര്‍വകലാശാലയോ, ഗവേഷണസ്ഥാപനമോ ഇല്ലാത്ത അറബ് ലോകത്തിന്‍െറ സാംസ്കാരിക തിരിച്ചുവരവ് വളരെ ദുഷ്കരമാണ്. സ്ത്രീകള്‍ ഇപ്പോഴത്തെപ്പോലെ അവകാശരഹിതകളായി ജീവിക്കുന്ന അറബ് സമൂഹങ്ങളില്‍ വിപ്ളവം അസാധുവാണ് എന്ന കാര്യത്തില്‍ എനിക്കൊരു സംശയവുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.