നീതിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുന്നു
text_fieldsജോലർപേട്ട് സ്റ്റേഷനിൽ ട്രെയിനിറങ്ങുമ്പോൾ നേരിയ ചാറ്റൽ മഴ ഉണ്ടായിരുന്നു. കാറുമായി വന്ന, പേരറിവാളെൻറ സുഹൃത്തിനൊപ്പം ഞാൻ പുറപ്പെട്ടു. മെയിൻ റോഡിൽനിന്ന് ചെറിയ റോഡിലേക്ക് തിരിയുമ്പോൾതന്നെ മനസ്സിലായി വീടെത്തിയെന്ന്. പലയിടത്തും ബാരിക്കേഡുകൾ വെച്ച് പൊലീസ് ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. ചെറിയ വീടിെൻറ മുറ്റത്തും ടെറസിലും പൊങ്ങിയ ഷാമിയനകൾ ഒരു വിവാഹ വീടിനെ അനുസ്മരിപ്പിച്ചു. മുറ്റം എന്ന് പറയാൻ കഴിയില്ല, വീടിന് മുന്നിലുള്ള കോൺക്രീറ്റിട്ട ചെറിയ തെരുവാണ് മുറ്റം. തെരുവിെൻറ നടുക്ക് കെട്ടിയ പന്തലിൽ സന്ദർശകരുടെ വിലാസവും വിവരങ്ങളും എഴുതിവെക്കുന്ന പൊലീസുകാർ. സന്ദർശകർ കൂട്ടം കൂട്ടമായെത്തിയിട്ടുണ്ട്. ഫോട്ടോ എടുക്കുന്നത് കർശനമായി വിലക്കിയിരിക്കുന്നതിനാൽ മൊബൈൽ ഫോണും പൊലീസ് വാങ്ങിവെച്ചു. പേരും വിലാസവും എഴുതിവെച്ച് ആരാണെന്ന് രേഖപ്പെടുത്തി ഞാനും ‘സെങ്കൊടി ഇല്ലം’ എന്ന് പേരിട്ട ആ വീട്ടിലേക്ക് കയറി.
സ്വതഃസിദ്ധമായ നിഷ്കളങ്കമായ ചിരിയോടെ അറിവ് വന്നു. ജയിലിലെ വെള്ള വസ്ത്രത്തിൽ മാത്രം കണ്ടിട്ടുള്ള അറിവ് ബനിയനും കൈലിയും ധരിച്ച് വീട്ടുകാരനായിരിക്കുന്നു. മൂന്ന് മുറികൾ മാത്രമുള്ള ചെറിയ വീടിന് ഉൾക്കൊള്ളാൻ കഴിയാത്ത അത്രയും മനുഷ്യർ. അടുക്കളയിലും പുറത്തും വൃദ്ധരടക്കമുള്ള സന്ദർശകർ. കൈക്കുഞ്ഞുങ്ങളുമായി ദൂരദേശത്തുനിന്നുപോലും വന്നവർ. എല്ലാവരും അറിവിന് സമ്മാനങ്ങൾ കൊണ്ടുവരുന്നു. പലഹാരങ്ങളും പഴങ്ങളുമാണ് സാധാരണ കൊണ്ടുവരുന്നത്. ബിരിയാണിയും ഞണ്ടും മീനും കൊണ്ടുവരുന്നവരുമുണ്ട്. ചിലർ രാഷ്ട്രീയക്കാരെപോലെ ഷാൾ പുതപ്പിക്കുന്നു. സംഘത്തിന് നടുവിലിരുന്ന് തന്നെ കാണാനെത്തിയവരെ പരമാവധി തൃപ്തിപ്പെടുത്താൻ പാടുപെടുന്ന അറിവ്.
തനിക്ക് ചുറ്റുമുള്ള ആരവങ്ങൾ, ആഘോഷങ്ങൾ... ഇതിനിടയിലും നിസ്സംഗനായി അറിവ്. ഒരുപക്ഷേ 19 വയസ്സു മുതൽ അനുഭവിച്ച യാതനകളും പീഡനങ്ങളുമാകാം ഈ ആർഭാടങ്ങളെ പക്വതയാർന്ന രീതിയിൽ സമീപിക്കാൻ അറിവിനെ പ്രാപ്തനാക്കുന്നത്. ആദ്യം ഒരുമാസം ലഭിച്ച പരോൾ ഒരു മാസത്തേക്കുകൂടി സർക്കാർ നീട്ടി നൽകിയിരിക്കുന്നു. എന്നിട്ടും പ്രകടമായ സന്തോഷമില്ല, 26 വർഷം അനുഭവിച്ച ആ യാതനകളിലേക്ക് തന്നെയാണല്ലോ ഇനിയും തിരിച്ചു പോകേണ്ടത് എന്ന ചിന്തയായിരിക്കാം അറിവിനെ അലട്ടുന്നത്.
തിരക്കിനിടയിൽ വീണുകിട്ടിയ ചെറിയ സമയത്തിനിടയിലാണ് അർപ്പുതമ്മാളിനോട് സംസാരിച്ചത്. അതിഥികളുടെ ഒഴുക്കിനിടയിൽ മകെൻറ തിരിച്ചുവരവ് പോലും ആഘോഷിക്കാൻ സമയം ലഭിക്കാതെ ഒരമ്മ. സന്ദർശകരോടെല്ലാം ഈ തിരക്കിനിടയിലും സംസാരിക്കാൻ അവർ സമയം കണ്ടെത്തുന്നു.
പിറ്റേന്ന് തിരിച്ചുകൊണ്ടാക്കാം എന്ന ഉറപ്പിൽ സി.ബി.ഐ ഉദ്യോഗസ്ഥരോടൊപ്പം അമ്മ പറഞ്ഞയച്ച 19 വയസ്സായ മകനാണ് ഇപ്പോൾ 26 വർഷത്തിനുശേഷം തിരിച്ചുവന്നിരിക്കുന്നത്. എന്തു തോന്നുന്നു?
അതെ. അന്ന് രാത്രിയിൽ സി.ബി.ഐ ഉദ്യോഗസ്ഥർ ‘‘ഒരു കാര്യം ചോദിക്കാനാണ്, രാവിലെ തന്നെ പറഞ്ഞയക്കാം’’ എന്നു പറഞ്ഞാണ് 19 വയസ്സായ എെൻറ മകനെ കൂട്ടിക്കൊണ്ടുപോയത്. ഞാൻ അവനെ അവരോടൊപ്പം പറഞ്ഞയക്കുകയായിരുന്നു. ഭയപ്പെടാനൊന്നുമില്ല എന്ന് അവർ പറഞ്ഞത് ഞാൻ വിശ്വസിച്ചു. ലോകത്തെക്കുറിച്ച് അന്നെനിക്ക് ഒന്നുമറിയില്ല. ചോദ്യം ചെയ്യാൻ മാത്രമാണല്ലോ കൊണ്ടുപോകുന്നത്. തെറ്റൊന്നും ചെയ്യാത്തതുകൊണ്ട് പേടിയൊന്നും തോന്നിയില്ല. അവനും മറുത്തൊന്നും പറഞ്ഞില്ല, ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞ് തിരിച്ചുവരാം എന്നായിരുന്നു പറഞ്ഞത്. പക്ഷേ, അന്നത്തെ ഒന്നുമറിയാത്ത പെണ്ണല്ല ഇപ്പോൾ ഞാൻ. ലോകമെന്താണെന്ന്, അതിലെ ചതിക്കുഴികളെന്താണെന്ന് കാലം എന്നെ പഠിപ്പിച്ചു. അതെല്ലാം മറക്കാൻ ശ്രമിക്കുകയാണ് ഇപ്പോൾ ഞാൻ.
ഇത് സത്യമാണോ സ്വപ്നമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ് ഞാൻ. അറിവ് പുറത്തിറങ്ങുന്നു എന്ന് വിളിച്ച് പറഞ്ഞ പത്രക്കാരോടെല്ലാം ഞാൻ പറഞ്ഞു, ഇല്ല, ഞാൻ വിശ്വസിക്കില്ല, എെൻറ വീടിെൻറ പടികടന്ന് അറിവ് വരുമ്പോൾ മാത്രമേ വിശ്വസിക്കൂ എന്ന്. 26 വർഷവും പലതവണ, പലരും പറഞ്ഞത് വിശ്വസിച്ച് പറ്റിക്കപ്പെട്ടവളാണ് ഞാൻ. ഒരിക്കൽ അവനെ വെറുതെ വിട്ടു എന്ന് അറിഞ്ഞു. പക്ഷേ, ഒന്നും സംഭവിച്ചില്ല. ഈ വഞ്ചനകൾ പരിചയിച്ചതുകൊണ്ടാവണം, ഇപ്രാവശ്യം ഞാൻ വിശ്വസിക്കാൻ തയാറല്ലായിരുന്നു. പക്ഷേ, രാത്രി 10 മണിക്ക് അവൻ വീട്ടിലെത്തി. എെൻറ മകൻ വരുന്നതറിഞ്ഞ് ഇവിടെ വലിയ ആൾക്കൂട്ടമായിരുന്നു. ആ ആൾക്കൂട്ടത്തിലേക്കാണ് അവൻ വന്നിറങ്ങിയത്. പലരും വന്ന് അവനെ കെട്ടിപ്പിടിച്ചു, സുഖമല്ലേ എന്ന് ചോദിച്ചു. എനിക്ക് അഭിമാനവും സന്തോഷവും തോന്നിയ നിമിഷമായിരുന്നു അത്. അവനെ രാജീവിെൻറ കൊലയാളി എന്ന് വിളിച്ച് ആളുകൾ പരിഹസിക്കുമ്പോൾ ഞാൻ എത്രയോ വേദനിച്ചിട്ടുണ്ട്. അവൻ നിരപരാധിയാണെന്നും നല്ലവനാണെന്നും അറിഞ്ഞിട്ടും പരിഹാസങ്ങൾ ഏറ്റുവാങ്ങുകയല്ലാതെ മറ്റ് വഴികളില്ലായിരുന്നു. പുറത്തുവരുമ്പോൾ അവനെ ആരും തിരിഞ്ഞുപോലും നോക്കില്ലെന്നും എല്ലാവരും പേടിച്ച് ഓടിയൊളിക്കുമെന്നും ഞാൻ ഭയപ്പെട്ട കാലമായിരുന്നു അത്. അതെല്ലാം മാറി.
ഇപ്പോൾ രാഷ്ട്രീയക്കാരും സുഹൃത്തുക്കളും ബന്ധുക്കളും സിനിമാക്കാരും എല്ലാം വീട്ടിൽ വന്നുകൊണ്ടിരിക്കുകയാണ്. പരിചയമില്ലാത്തവർപോലും കുടുംബത്തോടുകൂടിയാണ് അവനെ കാണാൻ വരുന്നത്. കന്യാകുമാരി, തിരുവാരൂർ, തിരുത്തണി, ഹൊസൂർ, ചെന്നൈ എന്നിങ്ങനെ എവിടെനിന്നൊക്കെയോ ആൾക്കാർ വന്നുകൊണ്ടിരിക്കുകയാണ്. പത്രത്തിൽനിന്നും അറിഞ്ഞിട്ട് വരുന്നവർ നിരവധിയാണ്. ഇത്തരത്തിൽ അറിയാത്ത സ്നേഹബന്ധങ്ങളെല്ലാം എെൻറ മകൻ സമ്പാദിച്ചിട്ടുണ്ട് എന്ന് ഞാൻ തിരിച്ചറിയുന്നതും ഇപ്പോഴാണ്.
ഈ സന്തോഷം ഒരു മാസം മാത്രമണല്ലോ നീണ്ടുനിൽക്കുക എന്ന വേദന മാത്രമേ എനിക്കുള്ളൂ. രാവിലെ അഞ്ചരക്ക് എഴുന്നേൽക്കുന്നത് മാത്രമാണ് ഓർമ. പിന്നെ ഒമ്പത് മണി മുതൽ തുടങ്ങുന്ന സന്ദർശക പ്രവാഹം അവസാനിക്കുന്നത് വൈകീട്ട് എട്ടര ഒമ്പത് മണിയോടെയാണ്. ഇപ്പോൾ സന്തോഷമുണ്ടെങ്കിലും അകം നിറയെ വേദനയാണ്. ഈ പ്രായത്തിൽ എെൻറ മകനോടൊപ്പം ജീവിക്കാനുള്ള അവകാശംപോലുമില്ലല്ലോ എന്ന വേദന.
ഇപ്പോൾ ഇങ്ങനെയൊരു പരോൾപ്രതീക്ഷിച്ചിരുന്നോ? എങ്ങനെയാണ് ഇത് ലഭിച്ചത്.
ഒരു മാസത്തെ പരോളായിരുന്നു ഞങ്ങൾ ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി ജയലളിതയാണ് അതിനുവേണ്ട നടപടികളെല്ലാം സ്വീകരിച്ചത്. പെട്ടെന്നായിരുന്നു അവരുടെ രോഗവും മരണവും എല്ലാം. എന്തായാലും ഒന്നര വർഷത്തിനു ശേഷം അതെല്ലാം യാഥാർഥ്യമായിരിക്കുന്നു. പഴനിസാമി സർക്കാർ പരോൾ അനുവദിച്ചു. നിയമവിധേയമായിത്തന്നെയാണ് പേരറിവാളന് പരോൾ അനുവദിച്ചിരിക്കുന്നത് എന്ന് ജയിൽ മന്ത്രി മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്. ഇതിനുവേണ്ടി പ്രവർത്തിച്ച എല്ലാവരോടും എനിക്ക് നന്ദിയുണ്ട്.
തമിഴ്നാട് നിയമസഭയിലെ ഭരണപക്ഷവും പ്രതിപക്ഷവും ഈ അപേക്ഷയിൽ ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തത്. ആരും ഇതിനെ എതിർത്തിട്ടില്ല.
ഒരു മകനുവേണ്ടി അമ്മ നടത്തിയ പോരാട്ടത്തിന് ഇത്രയും നല്ല മറ്റൊരു ഉദാഹരണം ലോകത്ത് വേറെ ഉണ്ടെന്ന് തോന്നുന്നില്ല. ഈ പോരാട്ടത്തിന് ഫലമുണ്ടായി എന്ന് തോന്നുന്നുണ്ടോ.
അവൻ ജയിൽമോചിതനായാലേ എെൻറ പോരാട്ടം അവസാനിക്കുകയുള്ളൂ. രാജ്യത്ത് നിലനിൽക്കുന്ന നീതിന്യായവ്യവസ്ഥയിൽ സാധാരണ ജനങ്ങൾക്ക് വലിയ വിശ്വാസവും ബഹുമാനവുമാണുള്ളത്. എന്നാൽ കഴിഞ്ഞ 26 വർഷമായി എനിക്കതിന് കഴിയില്ലായിരുന്നു. ഒരു തവണ പോലും എനിക്ക് നീതി ലഭിച്ചില്ല. നിയമത്തെ നോക്കുകുത്തിയാക്കി അറിവിനെതിരെ ചെയ്യാൻ പറ്റുന്നതെല്ലാം അധികാര സ്ഥാനത്തിരിക്കുന്നവർ ചെയ്തു എന്നതും വലിയ വേദനയുണ്ടാക്കി. ഒമ്പതുപേരെ തൂക്കിലിടാൻ തീരുമാനിച്ചത് ഇതേ നിയമമാണ്. അന്ന് എെൻറ മകനെ തൂക്കിലേറ്റിയിരുന്നുവെങ്കിൽ അതിനുശേഷം അവൻ നിരപരാധിയാണെന്ന് തെളിഞ്ഞാൽ പിന്നെ ആ വിധികൊണ്ട് എന്താണ് പ്രയോജനം. എന്നാൽ, ഈ കേസ് ഉദാഹരണമായെടുത്ത് എല്ലായിടത്തും തെറ്റ് മാത്രമാണ് സംഭവിക്കുന്നതെന്നും നീതി പുലരുന്നില്ലെന്നും പറയാനും കഴിയില്ല. വളരെ നല്ല രീതിയിൽ നടത്തിയ ധാരാളം കേസുകൾ മുന്നിലുണ്ട് എന്ന് നമുക്കറിയാം. ഒരു ജീവൻ, ആ ജീവനുവേണ്ടിയായിരുന്നു ഇത്രയും നാൾ ഞാൻ പോരാടിയത്. സെങ്കൊടി എന്ന ഞങ്ങൾക്കറിയാത്ത ഒരു പെൺകുട്ടി ഇവർക്ക് വേണ്ടി ജീവൻ ത്യജിച്ചു. ആ ജീവത്യാഗവും തമിഴ് ജനതയുടെ എതിർപ്പും മൂലമാണ് വധശിക്ഷ അന്ന് റദ്ദാക്കിയത്. ഇല്ലെങ്കിൽ 2013 സെപ്റ്റംബറിൽ എെൻറ മകനെ തൂക്കിലേറ്റിയേനെ. പൊലീസ് അറിവിനെ പിടിച്ചുകൊണ്ടുപോയപ്പോൾ മുതൽ മകെൻറ നിരപരാധിത്വം തെളിയിക്കാനും അവൻ നന്മയുള്ളവനാണെന്ന് തെളിയിക്കാനും വേണ്ടിയായിരുന്നു എെൻറ പോരാട്ടം.
രാജീവ് കേസിൽ ഉൾപ്പെട്ടവരാരും പുറം ലോകം കാണില്ല എന്ന് പറഞ്ഞവരുണ്ട്. ജയിലിനുള്ളിൽ വെച്ചുതന്നെ അവർ മരിച്ചുപോകും എന്ന് പറഞ്ഞവരുണ്ട്. ജീവപര്യന്തം എന്നാൽ മരിക്കുന്നതുവരെയാണ് എന്ന് പറഞ്ഞവർ. ഈ ഒരു കേസിൽ മാത്രം നീതി അങ്ങനെയാകുന്നതിൽ ആർക്കും വിഷമമില്ലായിരുന്നു. ഇതുപോലുള്ള മറ്റ് കേസുകളിൽ പെട്ടവർ ജയിൽ മോചിതരായി പുറത്തിറങ്ങുമ്പോഴും രാജീവ്കേസിലെ പ്രതികൾക്ക് പരോൾപോലും അനുവദിച്ചില്ല.
ജനങ്ങളുടെ മുന്നിലായിരുന്നു ഞാൻ വിധിക്കായി കാത്തുനിന്നത്. നീതിപീഠത്തിന് മുന്നിൽ നിന്നു നീതി ലഭിക്കാത്തതിനാലാണ് ജനങ്ങളുടെ ഇടയിലേക്ക് ഞങ്ങൾ ഇറങ്ങിയത്. മരണശിക്ഷാവിധികൾ എങ്ങനെ ഉണ്ടാകുന്നു എന്ന് ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുന്നതായിരുന്നു ഉയിർവലി എന്ന ഡോക്യുമെൻററി. തുടർച്ചയായ പോരാട്ടം ജനങ്ങൾക്ക് സത്യം മനസ്സിലാക്കുന്നതിന് കൂടി വേണ്ടിയായിരുന്നു. ഈ പോരാട്ടത്തിൽ പിന്നീട്, പരിചയമില്ലാത്തവർകൂടി എന്നോടൊപ്പം അണിചേരുകയായിരുന്നു.
ഇപ്പോൾ എല്ലാവരും അവനെ കാണാൻ വരുന്നു, അവൻ നിരപരാധിയെന്ന് പറയുന്നു, എനിക്ക് അഭിമാനമുണ്ട്്. പക്ഷേ എെൻറ മകെൻറ ജീവിതം പൊയ്പ്പോയി. അവെൻറ യുവത്വം നഷ്ടപ്പെട്ടു. അതാർക്കും തിരിച്ചുതരാൻ കഴിയില്ല. ഒന്നും അറിയാത്ത പ്രായത്തിൽ ജയിലിലേക്ക് പോയ അവൻ വാർധക്യം വന്നെത്തിനിൽക്കുന്ന ഈ ഘട്ടത്തിലാണ് പുറംലോകം കാണുന്നത്. ഇപ്പോഴും മോചനം ലഭിച്ചിട്ടില്ല, പരോൾ മാത്രം. അതും അവെൻറ അച്ഛന് രോഗമായതിനാൽ മാത്രം. അവനും അച്ഛനും ചികിത്സക്കുവേണ്ടിയാണ് ഈ പരോൾ ലഭിച്ചിരിക്കുന്നത്. നേരത്തേ ചികിത്സിച്ച ഡോക്ടർമാർ തന്നെയാണ് ഇപ്പോഴും അവനെ ചികിത്സിക്കുന്നത്. പുറത്തേക്ക് പോകാൻ പറ്റാത്തതിനാൽ ഡോക്ടർ ഇങ്ങോട്ടുവരുന്നു എന്നുമാത്രം. അച്ഛെൻറ ചികിത്സക്ക് ഒരു സഹായവും ചെയ്യാൻ പറ്റാത്തതിൽ അവന് വിഷമമുണ്ട്. പ്രായമായ അച്ഛനെയും അമ്മയെയും സഹായിക്കാൻ പറ്റാത്ത ജന്മമായിപ്പോയല്ലോ തേൻറത് എന്നവൻ വിഷമിക്കുന്നു.
ജനങ്ങൾ മാത്രമല്ല, വർഷങ്ങളായി ഒരു കുടുംബം മുഴുവൻ അറിവിനു വേണ്ടി പ്രവർത്തിക്കുകയായിരുന്നു ഇത്രയും കാലം. ഇവിടെ ഇപ്പോൾ കാണുന്ന കാഴ്ച തന്നെ ആരെയും അദ്ഭുതപ്പെടുത്തുന്നതാണ്.
സർക്കാർ ജോലിയുള്ള അറിവിെൻറ രണ്ട് സേഹാദരിമാരും ഭർത്താക്കന്മാരും ലീവെടുത്ത് ഇവിടെ തന്നെ താമസിക്കുന്നു. മൂത്ത സഹോദരിയുടെ എൻജിനീയർമാരായ രണ്ട് മക്കളും ലീവെടുത്ത് അമ്മാവനൊപ്പം തന്നെ നിൽക്കുന്നു. രണ്ടാമത്തെ സഹോദരിയുടെ മക്കളും സ്കൂളിൽ പോകാതെ അമ്മാവന് കാവലിരിക്കുകയാണ്?
അതെ. കാലങ്ങളായി ഞങ്ങൾ ആഗ്രഹിച്ച സമാഗമമാണിത്. വർഷങ്ങളായി ജയിലിൽ ജീവിക്കുന്ന ഒരാളുടെ കുടുംബബന്ധങ്ങൾ ചിതറിപ്പോകുന്ന കാഴ്ച മാത്രമാണ് ഇതുവരെ നാം കണ്ടിട്ടുള്ളത്. അറിവിന് അത്തരത്തിൽ ഒരു അനുഭവം ഉണ്ടാകരുതെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. അതിനുവേണ്ടി അവെൻറ സഹോദരിമാരും അവരുടെ ഭർത്താക്കന്മാരും മക്കളും എല്ലാവരും പണിപ്പെടുന്നു. ഈ കുടുംബം ഒറ്റക്കെട്ടായി അവെൻറ മോചനത്തിനുവേണ്ടി പോരാടുകയാണ്.
സി.ബി.ഐയും പൊലീസും അന്വേഷണ സംഘവും ഈ കേസിൽ തെറ്റുകൾ നടന്നെന്ന് ഇപ്പോൾ പരസ്യമായിത്തന്നെ സമ്മതിക്കുന്നു. റിട്ടയേഡ് എസ്.പി ത്യാഗരാജൻ അറിവിെൻറ കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയത് തെറ്റായിട്ടാണ് എന്ന് പരസ്യമായി പറഞ്ഞിരുന്നു. അതേക്കുറിച്ച് എവിടെ വേണമെങ്കിലും പറയാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞു. റിട്ടയർ ചെയ്തതിനുശേഷം ഇങ്ങനെയെല്ലാം പറയുന്നതിന് ആർക്കും കഴിയും, സർവിസിലുള്ളപ്പോൾ പറയാമായിരുന്നില്ലേ എന്ന് ചോദിക്കുന്നവരുണ്ടാകാം. എന്നാൽ അപ്പോൾ അതിനെക്കുറിച്ച് പറയുന്നതിന് അവർക്ക് പരിമിതികളുണ്ടാകാം. അതിന് കഴിയാത്ത അവസ്ഥകളുണ്ടാകും. കുടുംബത്തെക്കുറിച്ച് ഓർക്കുമ്പോഴുണ്ടാകുന്ന പേടിയുണ്ടാകും. അതു വിട്ടുകളയൂ, ഇപ്പോഴെങ്കിലും അവർ അതേക്കുറിച്ച് തുറന്ന് പറയാൻ തയാറായല്ലോ എന്നു പറഞ്ഞാണ് അറിവ് എന്നെ സമാധാനിപ്പിക്കാറുള്ളത്.
ഒരു ദിവസമെങ്കിലും അറിവിനെ ഈ തെരുവിലൂടെ നടത്തണമെന്ന വാശി അമ്മക്കുണ്ടായിരുന്നു, ഇല്ലേ?
കേസിൽ മതിയായ ശിക്ഷ വാങ്ങിക്കൊടുത്താൽ തീവ്രവാദികൾക്ക് അതൊരു മുന്നറിയിപ്പാകുമെന്നായിരുന്നു പൊലീസ് അന്ന് പറഞ്ഞത്. മാധ്യമങ്ങളും അങ്ങനെയൊരു നിലപാടെടുത്തു. ഞാൻ ചിന്തിക്കാറുണ്ട,് ഗാന്ധി കൊലക്കേസിൽപോലും ഇല്ലാത്ത നിബന്ധനകൾ എന്തുകൊണ്ട് ഈ കേസിൽ മാത്രം. സഞ്ജയ് ദത്തിെൻറ കേസിൽപോലും ഇതേ സി.ബി.ഐ ആണ് കേസെടുത്തത്. ടാഡ കോടതിയിൽ വിചാരണ നടന്നു, പാസ്പോർട്ട് ആക്ട്, ആംസ് ആക്ട് എല്ലാം സഞ്ജയ് ദത്തിനും ബാധകമായിരുന്നു. എന്നിട്ടും അദ്ദേഹത്തെ കാലാവധി കഴിയുന്നതിന് മുമ്പുതന്നെ വിട്ടയക്കുകയായിരുന്നു.
ഈ 27 വർഷത്തിനിടക്ക് ഇത്രയും നന്നായി പെരുമാറിയ മറ്റാരെങ്കിലും ജയിലിലുണ്ടെന്ന് ഞാൻ കരുതുന്നില്ല. അറിവിെൻറ അമ്മയായതുകൊണ്ടല്ല ഞാനിത് പറയുന്നത്. എന്നിട്ടും അവന് ലഭിക്കാത്ത മോചനം മറ്റാർക്കൊക്കെയോ ലഭിക്കുന്നു. പണം, അല്ലെങ്കിൽ അധികാരം ഇതിലേതെങ്കിലും ഒന്ന് വേണം. പക്ഷേ ഇത് രണ്ടും ഞങ്ങളുടെ പക്കലില്ല. പരോളിന് അപേക്ഷിക്കുമ്പോൾപോലും എന്നെ പരിഹസിച്ചവരുണ്ട്, ഒരു മാസത്തെ പരോളൊന്നും ഒരിക്കലും ലഭിക്കില്ലെന്ന്്. അപ്പോഴും ഞാൻ മനസ്സിൽ വിചാരിച്ചിട്ടുണ്ട്. ഒരു ദിവസമെങ്കിൽ ഒരു ദിവസം എെൻറ മകനെ നിങ്ങൾക്ക് മുന്നിലൂടെ ഈ തെരുവിലൂടെ ഞാൻ നടത്തും എന്ന്. അത് സാധിച്ചിരിക്കുന്നു. അതുവരെ എെൻറ പോരാട്ടം അവസാനിപ്പിക്കില്ലെന്ന് തീരുമാനിച്ചിരുന്നു. അവൻ വന്നിരിക്കുന്നു. ഈ നാടും ലോകവും അവനെ കാണാൻ ഈ വീട്ടിലേക്ക് ഒഴുകിയെത്തുന്നു. ‘‘ചെറിയ കുട്ടിയാകുമ്പോൾ കണ്ടതല്ലേ, മാറിപ്പോയല്ലോ’’ എന്നൊക്കെ പറഞ്ഞ് പലരും വീട്ടിലേക്ക് വരുമ്പോൾ ഞാൻ അഭിമാനിക്കുന്നു. ഇന്നലെ ഒരു ക്രിസ്ത്യൻ വിശ്വാസി വന്ന് പ്രാർഥിച്ചു, അറിവ് ജയിലിൽനിന്ന് തിരിച്ച് വരാനായി. മകൻ നിരപരാധിയാണെന്നും അവനെ അംഗീകരിക്കുന്ന ദിവസം വരുമെന്നും അവർ പറഞ്ഞപ്പോൾ എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല.
ഈ കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കും പരോൾ ലഭിക്കുമായിരുന്നില്ലേ?
ഇത്രയും നാൾ എല്ലാ പ്രതികൾക്കും വേണ്ടിയായിരുന്നു ഞങ്ങൾ പോരാടിയത്. വധശിക്ഷ ഒഴിവാക്കുന്ന കാര്യത്തിലും ഞങ്ങൾ എല്ലാവർക്കുംവേണ്ടി പ്രവർത്തിച്ചുകൊണ്ടേയിരുന്നു. പക്ഷേ, പരോളിന് അപേക്ഷിക്കാൻ ഒരു സ്ഥിരമായ മേൽവിലാസം വേണം. കേസിൽ ഉൾപ്പെട്ട മുരുകൻ, ശാന്തൻ, റോബർട്ട് പയസ് എന്നിവർ ശ്രീലങ്കൻ പൗരന്മാരാണ്. അവർക്ക് ഇവിടെ സ്ഥിരമായ മേൽവിലാസം ഇല്ല. അതിനാൽ പരോളിനുവേണ്ടി അപേക്ഷിക്കാൻപോലും ബുദ്ധിമുട്ടാണ്. മധുരൈ ജയിലിലുള്ള രവിചന്ദ്രൻ ശ്രമിച്ചാൽ പരോൾ ലഭിക്കാൻ സാധ്യതയുണ്ട്. എല്ലാവർക്കും പരോൾ ലഭിക്കണമെന്നാണ് എെൻറ ആഗ്രഹം. പക്ഷേ, എനിക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല. കുടുംബങ്ങളുടെ സഹായം ഉണ്ടെങ്കിൽ മാത്രമേ എന്തെങ്കിലും ചെയ്യാൻ കഴിയൂ.
പരോൾവ്യവസ്ഥകൾ എന്തെല്ലാമാണ്? സന്ദർശകരുടെ ബാഹുല്യം ബുദ്ധിമുട്ടുണ്ടാക്കിയിരുന്നോ?
മാധ്യമപ്രവർത്തകർക്ക് അഭിമുഖം നൽകരുത്. വീട്ടിൽനിന്ന് പുറത്തേക്ക് പോകരുത് എന്നീ വ്യവസ്ഥകളെല്ലാമുണ്ട്. പരോൾ ഒരുമാസം നീട്ടിത്തന്നതിന് ശേഷം സന്ദർശകരെ കാണാൻ അനുവാദമില്ല. പക്ഷേ, വ്യവസ്ഥകൾ എന്തുതന്നെയായാലും അതെല്ലാം അനുസരിക്കാൻ ഞങ്ങൾ തയാറായിരുന്നു. വ്യവസ്ഥകൾ വായിച്ചുനോക്കുകപോലും ചെയ്യാതെ ഒപ്പിട്ടുകൊടുക്കാൻ തയാറാണ് എന്നായിരുന്നു പൊലീസ് ഓഫിസർമാരോട് ഞാൻ പറഞ്ഞത്.
ഡി.എം.കെ, എ.ഡി.എം.കെ, ഹിന്ദുമുന്നണി എന്നിങ്ങനെ എല്ലാ പാർട്ടിക്കാരും അറിവിനെ കാണാൻ വന്നിരുന്നു. തിരുച്ചി ശിവ, ശുഭലക്ഷ്മി ശിവദാസ,് തിരുമാവളവൻ എന്നിവർ വന്നു. തിരുമാവളവൻ അറിവിനുവേണ്ടി ഗിറ്റാറും വസ്ത്രങ്ങളും എല്ലാം കൊണ്ടുവന്നു. സിനിമാ രംഗത്ത് നിന്ന് സീമാൻ, പൊൻവണ്ണൻ, അമീർ, വെട്രിമാരൻ എന്നിവർ വന്നു.
കോൺഗ്രസിൽനിന്ന്?
കോൺഗ്രസ് നേതാക്കളാരും വന്നില്ല. പക്ഷേ, പ്രാദേശിക നേതാക്കൾ വന്നിരുന്നു. മറ്റ് നേതാക്കളൊന്നും വന്നില്ല. അവർക്ക് പ്രശ്നങ്ങളുണ്ടാകാം. ഞങ്ങൾ ആരു വന്നാലും രണ്ടും കൈയും നീട്ടി സ്വീകരിക്കും. അറിവിന് ആരും ശത്രുക്കളുണ്ടെന്ന് തോന്നുന്നില്ല. കുറച്ചു ദിവസം കൂടി കഴിഞ്ഞാൽ എെൻറ മോൻ ജയിലിലേക്ക് തന്നെ തിരിച്ചുപോകണം. അങ്ങനെയൊരവസ്ഥ ഉണ്ടാകാതിരിക്കാൻ എന്തു ചെയ്യണം എന്നു മാത്രമാണ് ഇപ്പോൾ ചിന്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.