തിരുത്തേണ്ടതുണ്ട് ആ സഭാചരിത്രം
text_fieldsവിശുദ്ധനായി വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ കേരളത്തിലെ ആദ്യ ക് രിസ്ത്യൻ സന്ന്യാസിനി സഭ സ്ഥാപിച്ചു എന്നാണ് 'ചരിത്രം'. അത് തെറ്റാണെന്ന് തെളിവുകൾ നിരത്തി സിസ്റ്റർ സൂസി കിണറ്റിങ്ങൽ വാദിക്കുന്നു. മദർ ഏലീശ്വക്ക് അർഹമായ ബഹുമതി തെറ്റായി ചിലർ ചാവറയച്ചന് നൽകിയെന്ന് വ്യക്തമാക്കുന്ന അവർ നവോത്ഥാന ചരിത്രത്തെ തന്നെ തിരുത്തിയെഴുതുന്നു.
കേരളത്തിലെ ക്രിസ്ത്യൻ സഭ, മിഷനറി ചരിത്രത്തെ ചെറുതല്ലാത്ത ഒരു മാറ്റിയെഴുത്തിന് ശ്രമിക്കുകയാണ് സിസ്റ്റർ സൂസി കിണറ്റിങ്കൽ. പുരുഷന്മാർ എഴുതിയ പുരുഷ പൗരോഹിത്യത്തിെൻറ ഇന്നലെകളാണ് ഒരർഥത്തിൽ സിസ്റ്റർ സൂസി വെട്ടിത്തിരുത്തുന്നത്.
വിശുദ്ധനായി വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനാണ് കേരളത്തിലെ ആദ്യ ക്രിസ്ത്യൻ സന്ന്യാസിനി സഭയുടെ സ്ഥാപകൻ എന്നാണ് ഇപ്പോൾ ജീവചരിത്രങ്ങളിലടക്കം പ്രചരിപ്പിച്ചു വരുന്നത്. എന്നാൽ, അതല്ല യാഥാർഥ്യമെന്ന് സിസ്റ്റർ സൂസി സ്ഥാപിക്കുന്നു. കേരളത്തിലെ ആദ്യ കന്യാസ്ത്രീയായ മദർ ഏലീശ്വയാണ് സഭാസ്ഥാപക എന്നാണ് സിസ്റ്റർ സൂസിയുടെ വാദം. ഇത് മറ്റൊരർഥത്തിൽ 19ാം നൂറ്റാണ്ടിലെ കേളത്തിെൻറ നവോത്ഥാന ചരിത്രത്തിന് കൂടി ഒരു തിരുത്തിയെഴുത്താണ്. ആദ്യ കന്യാസ്ത്രീ വിധവയും ഒരു കുട്ടിയുടെ മാതാവുമായിരുന്നു എന്ന് കൂടി വ്യക്തമാക്കുന്ന, സിസ്റ്റർ സൂസി രചിച്ച 'മദർ ഏലീശ്വ: കേരളത്തിലെ ആദ്യ കന്യാസ്ത്രീ' എന്ന പുസ്തകം (കറൻറ് ബുക്സ്, തൃശൂർ) വൈകാതെ മലയാളത്തിൽ പുറത്തിറങ്ങും.
തെരേസ്യൻ കാർമലൈറ്റ്സ് സഭാംഗമാണ് സിസ്റ്റർ സൂസി. ഗണിതശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബിരുദം നേടിയ അവർ ഗ്രിഗറിയൻ സർവകലാശാലയിൽ നിന്ന് ലൈൻഷ്യേറ്റ് ആൻഡ് ഡോക്ടറേറ്റും കരസ്ഥമാക്കി. ക്രിസ്തുസഭാ ധർമശാസ്ത്രത്തിൽ വത്തിക്കാനിൽ നിന്ന് ഡിപ്ലോമ നേടി. ബോധി തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ജ്യോതിർഭവൻ തിയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ ഇടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മദർ ഏലിശ്വയെപ്പറ്റിയുള്ള പുസ്തകം തമിഴിലും ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിസ്റ്റർ സൂസിയുമായി നടത്തിയ സംഭാഷണത്തിെൻറ പ്രസക്ത ഭാഗങ്ങൾ:
മദർ ഏലീശ്വയിലേക്കും അവരുടെ ജീവചരിത്ര രചനയിലേക്കും താങ്കൾ എങ്ങനെയാണ് എത്തുന്നത്?
ഞാൻ തിരുസഭ ചരിത്രത്തിലാണ് ഡോക്ടറേറ്റ് എടുത്തത്. എെൻറ തീസിസ് വിഷയം സന്ന്യാസിനി സഭ സ്ഥാപനവും കൂടി ഉൾപ്പെടുന്നതാണ്. ഞാനംഗമായ സഭയുടെ സ്ഥാപകയാണ് മദർ ഏലീശ്വ. കേരളത്തിലെ ആദ്യത്തെ സന്ന്യാസിനി(കന്യാസ്ത്രീ) എന്ന പേരാണ് മദർ ഏലീശ്വക്കുള്ളത്. കേരളത്തിലെ ആദ്യ സന്ന്യാസിനി സഭ സ്ഥാപിക്കുന്നത് മദറാണ്. അതിനെപ്പറ്റിയും 19ാം നൂറ്റാണ്ടിലെ സഭയെക്കുറിച്ചും ഇവിടെ ഒരു സന്ന്യാസിനി സഭ ഉരുത്തിരിഞ്ഞു വരുന്ന പശ്ചാത്തലവും ചുറ്റുപാടുകളും പഠിക്കാനായിരുന്നു ഞാൻ ശ്രമിച്ചത്. റോമിലാണ് ഡോക്ടറേറ്റ് പഠനം നടത്തിയത്. ഡോക്ടറൽ തീസിസിെൻറ ഒരു ഭാഗമാണ് ഞാൻ മദർ ഏലീശ്വയെക്കുറിച്ചുള്ള ജീവചരിത്രമാക്കിമാറ്റുന്നത്. ഡോ.സ്കറിയ സക്കറിയയാണ് പുസ്തകം മലയാളത്തിൽ യാഥാർഥ്യമാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ചവരിൽ ഒരാൾ.
വൈപ്പിനിലെ ഓച്ചന്തുരുത്ത് സ്വദേശിയാണ് മദർ ഏലീശ്വ. ലത്തീൻ ൈക്രസ്തവരായ വൈപ്പിശ്ശേരി കുടുംബത്തിലാണ് അവരുടെ ജനനം. തൊമ്മൻ–താണ്ട ദമ്പതികളുടെ എട്ട് മക്കളിൽ ഏറ്റവും മൂത്തവൾ. 1831 ഒക്ടോബർ 15 നാണ് ജനനം. 1913 ജൂലൈ 18 ന് 81 വയസ്സുള്ളപ്പോഴായിരുന്നു അന്ത്യം. പതിനാറാം വയസ്സിൽ വാകയിൽ കുടുംബാംഗമായ വത്തരു (ദേവസി)യുമായി വിവാഹം നടന്നു. മൂന്നു വർഷത്തിന് ശേഷം 1850ൽ മകൾ അന്നക്ക് ജന്മം നൽകി. 1851ൽ രോഗബാധിതനായി വത്തരു അന്തരിച്ചു. 20 വയസ്സുള്ള ഏലീശ്വ പുനർവിവാഹത്തിന് കൂട്ടാക്കിയില്ല. പിന്നീട് ദൈവവഴിയിലേക്ക് ഏലീശ്വയും അന്നയും ഏലീശ്വയുടെ ഇളയസഹോദരി േത്രസ്യയും വന്നു. മദർ ഏലീശ്വയെക്കോൾ 17 വയസ്സ് ഇളയതായിരുന്നു േത്രസ്യ. കൂനമ്മാവിലെ ഇറ്റലിക്കാരനായ ഫാദർ ലിയോപോൾഡാണ് മദറിെൻറ ദൈവവിളിയിൽ കൂടുതൽ വ്യക്തത വരുത്തുന്നതും മാർഗനിർദേശം നൽകുന്നതും. ആദ്യ കന്യാസ്ത്രീ ഒരു വിധവയും ഒരു കുട്ടിയുടെ മാതാവുമായിരുന്നു എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. ആ കാലം അപ്പോൾ എങ്ങനെയുള്ളതായിരിക്കും? അതറിയണമെന്ന് എനിക്ക് ആഗ്രഹം തോന്നി.
19ാം നൂറ്റാണ്ടിലെ സ്ത്രീകളുടെ അവസ്ഥ വളരെ ദുരിതം നിറഞ്ഞതും തീർത്തും പിന്നാക്ക അവസ്ഥയിലുമുള്ളതാണ്. സ്ത്രീകൾക്ക് വിദ്യാഭ്യാസമില്ല. അവർ വീടിെൻറ അകത്തളങ്ങളിൽ ഒതുങ്ങിനിൽക്കണം. കുടുംബജീവിതമാണ് അവർക്കാകെ നിശ്ചയിട്ടുള്ളത്. സ്ത്രീകൾക്ക് സ്വതന്ത്രമായി സമൂഹത്തിൽ ഒന്നും ചെയ്യാനില്ല എന്നതാണ് അന്നത്തെ ധാരണ. ആ ധാരണ മദർ ഏലീശ്വ പൊളിച്ചു. അവർ ആദ്യം സന്ന്യാസിനി സഭ സ്ഥാപിച്ചു. അതിനോട് ചേർന്ന് പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനായി പെൺപള്ളിക്കൂടം (സ്കൂൾ) തുടങ്ങി. കോൺവെൻറിനോട് ചേർന്ന് ഒരു സ്കൂൾ കേരളത്തിൽ ആദ്യമാണ്. അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കോൺവെൻറുകളോട് ചേർന്ന് കേരളത്തിലെമ്പാടും സ്കൂളുകൾ സ്ഥാപിക്കപ്പെടുന്നത്.
സ്ത്രീകൾക്ക് വനിതാ സ്വയം തൊഴിൽ പരിശീലനം നൽകി. കൈത്തൊഴിലുകളും ഭാഷ, കണക്ക് പോലുള്ള വിഷയങ്ങളും പഠിപ്പിച്ചു. ഇതുവഴി പെൺകുട്ടികളുടെ ഉന്നമനത്തിന് കൃത്യമായി ചുവടുകൾ വെക്കാനായി. ബോർഡിങ്, സ്കൂൾ, അനാഥാലയം എന്നിവയെല്ലാം കേരളത്തിൽ കത്തോലിക്കാസഭയിൽ ആദ്യമായി തുടങ്ങിയത് മദർ ഏലീശ്വയാണ്. അതിന് മിഷനറിമാരുടെ സഹായ സഹകരണങ്ങൾ ഉണ്ട്. പക്ഷേ, മുൻകൈ മദർ ഏലീശ്വയുടേതാണ്. മറ്റൊരു രീതിയിൽ കൂടി ഇത് നമുക്ക് നോക്കാം. 19ാം നൂറ്റാണ്ടിലെ നവോത്ഥാന ചരിത്രത്തിൽ മദർ ഏലീശ്വയുടെ സ്ഥാനം വേണ്ട വിധത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ടോ? ഇല്ല എന്നതാണ് ഉത്തരം. നവോത്ഥാനത്തിെൻറ ചരിത്രം മദർ ഏലീശ്വയുടെ ജീവിതവും പ്രവർത്തനവും കൂടി ഉൾപ്പെടുത്താതെ പൂർണമാവില്ല.
വിധവയും അമ്മയുമായ കന്യാസ്ത്രീ. അത് ഒരു അപൂർവതയല്ലേ?
ആണ്. മദർ ഏലീശ്വയെപ്പോലൊരാൾ കേരള ചരിത്രത്തിൽ അധികമില്ല. കേരളത്തിൽ ഒരു പരിധിവരെ, സ്ത്രീകൾക്ക് വിദ്യാഭ്യാസം ഉള്ളതിെൻറ ആദ്യതുടക്കമാണ് മദർ ഏലീശ്വയുടെ കാലം. വിധവയും അമ്മയുമായ മദർ ഏലീശ്വ കന്യാസ്ത്രീയാവുന്ന കാലവും സാഹചര്യവും പ്രസക്തമാണ്. മദറിെൻറ ദൈവനിയോഗവും ദൈവവഴിയിലെ സമർപ്പണവും ഉന്നതമായിരുന്നു. ഇത് നമ്മുടെ ഇന്നത്തെ സാമൂഹിക സങ്കൽപം െവച്ച് അളക്കുക എളുപ്പമല്ല. മദറിെൻറ ദൈവവിളിയും അതിലെ തീവ്രതയും മറ്റും തിരിച്ചറിഞ്ഞാണ് അന്നത്തെ സഭ കന്യാസ്ത്രീയാകാൻ അനുവാദം നൽകുന്നത്.
ആദ്യ സന്ന്യാസിനി സഭയുടെ സ്ഥാപനമാണ് ഇപ്പോൾ വിവാദമാകുന്നത്. അതേപ്പറ്റി പറയാമോ?
ക്രിസ്തുമതം കേരളത്തിൽ ആരോഗ്യ, വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ സജീവമാകുന്ന ഒരു ഘട്ടത്തോട് അനുബന്ധിച്ചാണ് സന്ന്യാസിനി സഭ ഉടലെടുക്കുന്നത്. കൂനമ്മാവിലായിരുന്നു സന്ന്യാസിനി സഭയടെ സ്ഥാപനം. ലത്തീൻ–സുറിയാനി റീത്ത് ഭേദം കൂടാതെ ഒറ്റ സഭയായിട്ടാണ് തുടക്കം. പ്രഥമ സന്ന്യാസിനി സമൂഹം കർമലീത്താനി ഷ്പാദുക (ടി.സി.ഒ.സി.ഡി )മൂന്നാം സഭയാണ്. അതിൽ നിന്നാണ് തെരേസ്യൻ കാർമലൈറ്റ് സന്ന്യാസിനി സമൂഹവും (സി.ടി.സി), കോൺഗ്രിഗേഷൻ ഓഫ് ദ മദർ ഓഫ് കാർമൽ (സി.എം.സി)യുമുണ്ടായത്. ഇറ്റലിക്കാരനായ ഫാ. ലിയോ പോൾഡ് എന്ന ലത്തീൻ മീഷനറിയിൽ നിന്നാണ് തുടക്കം. ഇദ്ദേഹത്തിെൻറ അടുത്തു ചെന്നാണ് മദർ ഏലീശ്വ തെൻറ ദൈവവിളിയെപ്പറ്റിയും ദൈവ നിശ്ചയത്തെപ്പറ്റിയും ആദ്യം പറയുന്നത്. അദ്ദേഹമാണ് മദറിന് ആത്മീയ മാർഗനിർദേശം നൽകുന്നതും എല്ലാ സഹായങ്ങളും ചെയ്യുന്നതും. റോമിലേക്ക് ലിയോപോൾഡ് ആശയവിനിമയം നടത്തി. ഭരണഘടന കൊണ്ടുവന്നു. ലിയോപോൾഡിനൊപ്പം വന്നിരുന്ന ഉപകാരിയാണ് ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ.
പക്ഷേ, ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനാണ് സന്ന്യാസിനി സഭയുടെ സ്ഥാപകനായി അറിയപ്പെടുന്നത്?
ചരിത്രപരമായി ഈ അവകാശവാദത്തിന് ഒരു ആധികാരികതയുമില്ല. സഭയുടെ ഉപകാരികളിൽ ഒരാൾ മാത്രമാണ് ചാവറയച്ചൻ എന്ന് ഞാൻ ആവർത്തിക്കുന്നു. മദർ ഏലീശ്വയെ ആധ്യാത്മികമായി നയിക്കാനും മഠത്തിെൻറ സ്ഥാപനവുമായി ബന്ധപ്പെട്ട മറ്റെല്ലാ കാര്യങ്ങളും നിർവഹിക്കാനും ബർണർദീൻ മെത്രാപ്പോലീത്ത നിയോഗിച്ചത് ഫാ. ലിയോപോൾഡ് ബെക്കാറേയോണ്. ലിയോപോൾഡ് മിഷനറിയുടെ ഒരു സഹായിയെന്ന നിലയിൽ മാത്രം കൂടെ വന്നിരുന്ന ചാവറയച്ചൻ സിറിയൻ വിഭാഗമായ സി.എം.സിക്ക് മാത്രം എങ്ങനെ സ്ഥാപകനായി എന്നത് ഉത്തരമില്ലാത്ത ചോദ്യമാണ്. സുറിയാനി സഭയുടെ മേധാവിത്വം ഉറപ്പിക്കുന്ന രീതിയിലായി പിന്നീട് കാര്യങ്ങൾ.
ജീവചരിത്രത്തിലെല്ലാം പ്രഥമ സന്ന്യാസിനി സഭയുടെ സ്ഥാപകനായി പറയുന്നത് ചാവറ അച്ചനെയാണ്. ടി.സി.ഒ.സി.ഡി സഭയിൽനിന്ന് വിട്ടുമാറിയ സിറിയൻ വിഭാഗം 1900ന് ശേഷമാണ് സി.എം.സി സഭയായി മാറിയത്. അങ്ങനെയിരിക്കെ 1871 ൽ അന്തരിച്ച ചാവറയച്ചൻ എങ്ങനെ സഭയുടെ സ്ഥാപകനാകും. 1865 സെപ്റ്റംബറിൽ ഏലീശ്വയുടെയും അന്നയുടെയും പേരിലുള്ള സ്ഥലത്ത് മഠം നിർമിക്കാൻ ഫാ. ലിയോപോൾഡ് തീരുമാനിച്ചതും സമർപ്പിത ജീവിതം നയിക്കാൻ തയാറാകുന്നതിനെപ്പറ്റി ഫാ. ലിയോപോൾഡ് പറഞ്ഞതായും ചാവറയച്ചൻ എഴുതിയിട്ടുണ്ട്. പക്ഷേ ഒരു വിധവയും മകളും സന്ന്യാസത്തിനൊരുങ്ങുന്നുവെന്ന് ചാവറയച്ചന് കേട്ടറിവ് പോലുമുണ്ടായിരുന്നില്ല.
ചാവറയച്ചന് സഭാ സ്ഥാപനത്തിൽ പരോക്ഷമായ പങ്കേയുള്ളൂ. ഒരു അഭ്യുദയകാംക്ഷി എന്നു പറയാം. സഭയുടെ സ്ഥാപകർ എന്നു പറഞ്ഞാൽ പ്രത്യേക സിദ്ധികിട്ടുകയും അങ്ങനെ ജീവിച്ചവരുമാണ്. ഞങ്ങളുടെ ചരിത്രം പരിശോധിച്ചാൽ അത് വ്യക്തമാണ്. മദർ ഏലീശ്വയുടെ വ്യക്തിത്വത്തിലേക്കാണ് മറ്റ് രണ്ടുപേർ ആകർഷിക്കപ്പെടുന്നത്. ഞാൻ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നത്. മറിച്ച് വാദമുള്ളവർ അതുയർത്തട്ടെ. ചർച്ച നടക്കുന്നതിൽ സന്തോഷമേയുള്ളൂ.
താങ്കളുടെ പുസ്തകത്തെ ഒരു ഫെമിനിസ്റ്റ് വായനയായി കാണാമോ?
ഫെമിനിസ്റ്റ് വായന എന്നു പറയുന്നതിൽ കാര്യമില്ല. കേരളത്തിലെ കന്യാസ്ത്രീ സഭയുടെ ചരിത്രവുമായി ബന്ധപ്പെട്ട പല ചരിത്രപ്രശ്നങ്ങളും നിലവിലുണ്ട്. ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനാണ് സി.എം.സി സഭയുടെ സ്ഥാപകൻ, അദ്ദേഹമാണ് പള്ളിക്കൂടം തുടങ്ങിയത് എന്നൊക്കയാണ് പറയുന്നത്. അത് സങ്കീർണമായ ചർച്ചാവിഷയമാണ്. അത് അല്ല എന്ന്് തെളിയിക്കാനുള്ള എല്ലാ ചരിത്ര യാഥാർഥ്യങ്ങളുമുണ്ട്. അതുകൊണ്ട് വിഷയം ഞാനവതരിപ്പിച്ചു. അതിനർഥം ചാവറയച്ചെൻറ സംഭാവനകൾ ഇല്ലാതാക്കുകയല്ല.
ഫെമിനിസ്റ്റ് കാഴ്ചപ്പാടിൽ മദർ ഏലീശ്വയുടെ സംഭാവന ഉയർത്തിക്കാട്ടാനോ ഉള്ള ശ്രമമല്ല എേൻറത്. ചരിത്രപരമായിട്ട് നോക്കിയാൽ ആത്മാർഥതയോടെയുള്ള സമീപനം. ചരിത്രം ശരിയായിരിക്കണം. തെറ്റായ ചരിത്രം നമ്മെ തെറ്റായ വഴികളിൽ നയിക്കും. ഞാൻ ചരിത്ര വസ്തുതകൾക്കാണ് പ്രാധാന്യം നൽകുന്നത്.
സഭയിലെ പുരുഷ പുരോഹിതർ ഇതിനെ ഒരു ഫെമിനിസ്റ്റ് വായനയായി കണ്ടാലോ?
അങ്ങനെ വേണമെങ്കിൽ വായിക്കാം. പക്ഷേ, അതല്ല എെൻറ ശ്രമം. ചരിത്രത്തെ തന്നെ മാറ്റിയെഴുതുക എന്നതല്ല, ചരിത്ര രചനയിൽ വന്ന അപചയങ്ങള തുറന്നുകാട്ടി ചരിത്രയാഥാർഥ്യങ്ങൾ നിരത്തി സത്യസന്ധമായി അവതരിപ്പിക്കുക. അതിനാണ് ഞാൻ ശ്രമിക്കുന്നത്. ഒരാൾ നന്മചെയ്യുന്നു. അത് മറ്റൊരാളുടെ പേരിൽ അറിയപ്പെടുന്നു. നന്മ ചെയ്തവർ തമസ്കരിക്കപ്പെടുന്നു. അത് ഒരു അനീതിയാണ്. അതുകൊണ്ട് ചരിത്രപരമായ അനീതി ചരിത്രത്തിൽ സ്പെഷൈലസ് ചെയ്തയാളെന്നനിലയിൽ തുറന്നുകാട്ടുക എന്ന ആഗ്രഹവും ഉദ്ദേശ്യവും എനിക്ക് ഉണ്ടായിരുന്നു. അല്ലാതെ ആരെയെങ്കിലും ഉയർത്തിക്കാട്ടാനോ മനഃപൂർവം ഇകഴ്ത്താനോ ഉള്ള ശ്രമമല്ല. ചരിത്രപരമായ നീതി. അത് മറ്റൊരർഥത്തിൽ സഭയിലെ എല്ലാവരും ഉൾക്കൊള്ളുമെന്ന് തന്നെയാണ് എെൻറ പ്രതീക്ഷ.
ചാവറയച്ചെൻറ വിശുദ്ധപദവിക്ക് തന്നെ താങ്കളുടെ വായന മങ്ങലേൽപിക്കില്ലേ?
അതില്ല. ഒരു വ്യക്തിക്ക് വിശുദ്ധ പദവികൊടുക്കുന്നത് ആ വ്യക്തി ദൈവികമായ ജീവിതംനയിച്ചുവെന്നതിെൻറ അടിസ്ഥാനത്തിലാണ്; ഹീറോയിക് നന്മകൾ. വാഴ്ത്തപ്പെട്ട വ്യക്തിയെന്നാൽ ഈ വ്യക്തി പുണ്യങ്ങളിലൂടെ വീരോചിതമായി ജീവിച്ചുവെന്ന് കത്തോലിക്കാസഭക്ക് ബോധ്യപ്പെട്ടുവെന്നാണ്. ചരിത്രപ്രശ്നങ്ങളൊന്നും വിശുദ്ധനായി പ്രഖ്യാപിച്ചതുമായി നേരിട്ട് ബന്ധമില്ല. ഞാൻ ഇപ്പോൾ ചൂണ്ടിക്കാട്ടുന്ന ചരിത്ര വസ്തുതകൾ ഒരു നിലക്കും വിശുദ്ധനായി പ്രഖ്യാപിച്ചതുമായി ബന്ധപ്പെടുന്നില്ല.
കുടുംബം, വിശ്വാസം, മതം
–––––––––––––––––––––––––
സിസ്റ്ററുടെ കുടുംബ പശ്ചാത്തലം എന്തായിരുന്നു? എങ്ങനെയാണ് വിശ്വാസവഴിയിൽ എത്തുന്നത്?
ഞാൻ ജനിച്ചത് ഇടപ്പള്ളി നോർത്തിലാണ്. പിതാവ് കിണറ്റിങ്ങൽ വർഗീസ് കച്ചവടക്കാരനായിരുന്നു. 22 വർഷം മുമ്പ് മരിച്ചു. മാതാവ് മേരി. ഏറ്റവും ഇളയമകളാണ് ഞാൻ. വരാപ്പുഴ സെൻറ് ജോസഫ് സ്കൂളിലും ആലുവ സെൻറ് സേവ്യേഴ്സ് കോളജിലുമായാണ് പഠനം പൂർത്തീകരിച്ചത്. ഡിഗ്രി വിദ്യാനികേതൻ എന്ന പാരലൽ കോളജിലായിരുന്നു. ബിരുദപഠനം കഴിഞ്ഞാണ് കോൺവെൻറിൽ ചേർന്നത്. പിന്നെ തിയോളജിക്കൽ സ്റ്റഡീസിലാണ് സഭ എന്നെ നിയോഗിച്ചത്. നാലുവർഷം തിയോളജി പഠനത്തിലേർപ്പെട്ടു. തുടർന്ന ് ഉന്നതപഠനത്തിനാണ് സഭ റോമിലേക്ക് അയച്ചത്. ചരിത്രപരമായി സഭാസ്ഥാപന വിഷയം ഉയർന്നുവന്നപ്പോൾ അതേപ്പറ്റി ആരെങ്കിലും പഠിക്കണം എന്ന ആവശ്യം ഉയർന്നുവന്നപ്പോഴാണ് തിരുസഭാചരിത്രം പഠിക്കാൻ അയച്ചത്. അത് ഒരുതരത്തിൽ സഭയുടെ കൂടി ആഗ്രഹമായി വരുന്നുണ്ട്.
പുസ്തകരചനക്ക് എന്ത് മാർഗങ്ങളാണ്, രീതികളാണ് താങ്കൾ സ്വീകരിച്ചത്?
തിരുസഭ ചരിത്രം പഠിച്ചുവരുമ്പോഴാണ് കേരളത്തെ തന്നെ മാറ്റിയെഴുതിയ ഒരു സന്ന്യാസിനി പശ്ചാത്തലമുണ്ടെന്ന് മനസ്സിലാകുന്നത്. തുടർന്ന് അതിെൻറ പഠനം തുടങ്ങി. റോമിലെ ആർകൈവ്സ് രേഖകൾ പരിശോധിച്ചു. ഇവിടെ ചാവറയച്ചൻ തന്നെ എഴുതിയ കൈയെഴുത്തു പ്രതികൾ വായിച്ചു. അതിൽ ഫാ. ലിയോപോൾഡ് എന്ന മഹാനായ മിഷനറിയുടെ സംഭാവനകളായി ചാവറയച്ചൻ പറയുന്ന കാര്യങ്ങളാണ് പിന്നീട് അദ്ദേഹത്തിെൻറ പിൻഗാമികൾ അദ്ദേഹത്തിൽ ചാർത്തിക്കൊടുക്കുന്നത്. വത്തിക്കാൻ സീക്രട്ട് ആർക്കൈവ്സ്, സഭയുടെ ആർക്കൈവുകൾ, ഞങ്ങളുടെ തന്നെ പ്രസിദ്ധീകരണങ്ങൾ, പഴയ ഫയലുകൾ, സി.എം.ഐയുടെ ആർക്കൈവുകൾ എല്ലാം പരിശോധിച്ചിരുന്നു. സി.എം.സിയുടേതടക്കമുള്ള ആർെക്കെവുകളിൽ നിയന്ത്രിത പ്രവേശനമായിരുന്നു. എെൻറ അന്വേഷണം ലിഖിത ചരിത്രത്തിന് എതിരാണ് എന്നതിനാൽ സ്വതന്ത്ര പ്രവേശനമെന്നും പലയിടത്തും ലഭിച്ചിരുന്നില്ല.
പഠനം നടത്താൻ സഭക്കുള്ളിൽ സ്ത്രീകൾക്ക് എത്രമാത്രം ഇടമുണ്ട്, എന്തുകൊണ്ട് താങ്കളെപ്പോലെ കൂടുതൽ പേർ പഠനഗവേഷണ മേഖലകളിലേക്ക് വരുന്നില്ല?
സഭക്കുള്ളിൽ മതിയായ ഇടം ഉണ്ട്. ഓരോരുത്തരെയും സഭ അവരവരുടെ കഴിവും മറ്റും കണക്കിലെടുത്ത്, ആവശ്യത്തിനും താൽപര്യത്തിനും അനുസരിച്ചാണ് പഠനത്തിനും ഉന്നത പഠനത്തിനും മറ്റും അയക്കുകയും ചെയ്യുന്നത്. എല്ലാവർക്കും പഠിക്കാനുള്ള അവസരവുമുണ്ട്. എല്ലാവരെയും പല പല മേഖലകളിലേക്ക് വിന്യസിക്കുന്നു. ഞങ്ങളിൽ പലരെയും ഡോക്ടർ, നഴ്സ് എന്നിങ്ങനെയടക്കമുള്ള വിവിധ പഠനങ്ങൾക്ക് സഭ നിയോഗിക്കുന്നു. എല്ലാവരും തിയോളജിക്കൽ മേഖലയിലേക്ക് വരുന്നില്ല. എന്നെ നിയോഗിച്ചത് ആ മേഖലയിലേക്കാണ്.
സിസ്റ്റർ ജെസ്മി അടക്കം ചിലർ സഭയിൽനിന്ന് വിട്ട് പോയി. അവർ സഭക്കുള്ളിലെ പ്രശ്നങ്ങളെപ്പറ്റി പുസ്തകം എഴുതി. അതേപ്പറ്റി എന്തുപറയും?
സഭയുടെ ഉള്ളിലെ ഒരു കുഴപ്പവും കൊണ്ട് ആരും സഭ വിട്ടുപോകുന്നില്ല എന്നാണ് എെൻറ അഭിപ്രായം. സഭയോട് എനിക്കൊരു പ്രതിബദ്ധതയുണ്ട്; എനിക്ക് മാത്രമല്ല ഓരോ അംഗങ്ങൾക്കുമുണ്ട്. ആ പ്രതിബദ്ധത അധികാരികളോടോ ഏതെങ്കിലും വ്യക്തികളോടോ അല്ല; ദൈവത്തോടാണ്. അതിൽ എനിക്ക് എന്ത് ദുരിതം നേരിടേണ്ടിവന്നാലും അതിനെ മറികടക്കാൻ ദൈവവിശ്വാസം എന്നെ സഹായിക്കും.
സഭാധികാരികളുടെയോ മറ്റേതെങ്കിലും വ്യക്തികളുടെയോ കുറ്റം കൊണ്ട് ആരെങ്കിലും സഭ വിട്ടുപോയി എന്നു പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല. ആ വ്യക്തിക്ക് വരുന്ന വീഴ്ചകളാണ് സഭ വിട്ടതിെൻറ പിന്നിൽ. അവർക്ക് തെൻറ സമർപ്പിത ജീവിതത്തോട് നീതി പുലർത്താൻ കഴിയാതെ വന്നിരിക്കുന്നു. ഞാൻ സഭയിലൂടെ ദൈവത്തോടും മനുഷ്യസമൂഹത്തോടുമാണ് കടപ്പെട്ടിരിക്കുന്നത്. അല്ലാതെ ഏതെങ്കിലും വ്യക്തിയോടല്ല.
സഭയിൽ പുരുഷധിപത്യം നിലനിൽക്കുന്നുവെന്ന് പറഞ്ഞാലോ?
സഭ നിലനിൽക്കുന്നത് ഈ സമൂഹത്തിലാണ്. സമൂഹത്തിലും പുരുഷാധിപത്യം നിലനിൽക്കുന്നുണ്ട്. സ്വാഭാവികമായും അത് എല്ലാമതങ്ങളിലുമുണ്ട്. പൗരോഹിത്യമടക്കം എല്ലാത്തിലുമുണ്ട്. അതിനെ പെരുപ്പിച്ച് കാണിക്കേണ്ടതില്ല എന്നു തോന്നുന്നു.
പൊതുവിൽ വിശ്വാസത്തിൽ കുറവ് വരുന്നുണ്ടോ? യൂറോപ്പിൽ, പ്രത്യേകിച്ച് ഇംഗ്ലണ്ടിൽ പല പള്ളികളും ബാറുകളായി മാറുന്നുണ്ട്?
വിശ്വാസത്തിെൻറ കാര്യത്തിലല്ല കുറവ് വരുന്നത്. പ്രാക്ടീസ് എന്ന തലത്തിലാണ്. യൂറോപ്പിൽ പലയിടത്തും പള്ളികളിൽ പ്രാക്ടീസ് എന്ന നിലക്ക് ആളുവരാത്തതിനാൽ അവ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നുണ്ട്. അത് യൂറോപ്പിൽ മാത്രമല്ല, റോമിലുമുണ്ട്. റോമൻ ഡിസ്ട്രിക്കിലാണ് ഞാൻ അടുത്തുതന്നെ തിരിച്ചുപോകുന്നത്. അവിടെ നിരവധി ബസിലിക്കകളുണ്ട്. എന്നാൽ അവിടെയെല്ലാം ആളുകൾ വരുന്നതിൽ കുറവുണ്ട്.
പുനരുജ്ജീവനത്തിനുള്ള ചോദനകളുമുണ്ട്. അത് മനുഷ്യനിൽ സ്വാഭാവികമാണ്. താഴത്തേക്ക് പോയി എന്നറിയുമ്പോൾ വീണ്ടും തിരിച്ചുവരാനുള്ള പ്രവണതയുണ്ടാകും. ക്രിസ്ത്യൻ വിശ്വാസത്തിെൻറ കാര്യത്തിൽ അതാണ് നടന്നുകൊണ്ടിരിക്കുന്നത്. വീണ്ടും പ്രാക്ടീസ് റിവൈവ് ചെയ്യും. ഒരു ഘട്ടത്തിൽ വളർച്ചയുണ്ടായി. ഇപ്പോൾ അതല്ല അവസ്ഥ. ഇത് മാറി മാറിവരുന്നതാണ് ചരിത്രം.
സന്ന്യാസവഴിയിലേക്ക് പെൺകുട്ടികൾ വരുന്നതിൽ കുറവുണ്ടോ?
മുമ്പത്തെപ്പോലെ പെൺകുട്ടികൾ ദൈവവഴിയിലേക്ക് കടന്നുവരുന്നതിൽ കുറവ് വന്നിട്ടുണ്ട്. പക്ഷേ, ഈ കുറവ് സമൂഹത്തിലെ മൊത്തം അവസ്ഥയുമായി ബന്ധപ്പെട്ടാണ് കാണേണ്ടത്. ഇന്ന് അണുകുടുംബങ്ങളായി മാറിക്കഴിഞ്ഞു. ഒരു കുടുംബത്തിൽ ഒന്നോ രണ്ടോ മക്കൾ എന്നതാണ് പൊതുരീതി. അതനുസരിച്ചുള്ള കുറവ് വിശ്വാസത്തിെൻറ കാര്യത്തിലുണ്ട്. എന്നാൽ, മൊത്തം അവസ്ഥയിൽ പെൺകുട്ടികൾ വരുന്നത് കുറവാണെന്ന് പറയാനുമാവില്ല. ഞാനിപ്പോഴുള്ള സഭയിൽ വർഷം തോറും 15–25 കുട്ടികൾ വരുന്നു. അത് ഒട്ടും കുറവല്ല എന്നാണ് തോന്നിയിട്ടുള്ളത്.
മദർ ഏലീശ്വയുടെ കാനനൈസേഷനെപ്പറ്റി സൂചിപ്പിച്ചു. യോർക്ക്ഷെയറിലെ ബുച്ചർ സ്ട്രീറ്റിൽ മാർഗരറ്റ് ക്ലിത്രു എന്ന വിശുദ്ധയുടെ ജന്മവീട്ടിൽ പോയപ്പോൾ അവിടെ ഒരു ആഘോഷവും കണ്ടില്ല. അതേസമയം കേരളത്തിലെ ഒരു വിശുദ്ധയുടെ പള്ളിയിൽ വലിയ രീതിയിൽ ആഘോഷങ്ങൾ കണ്ടു. ഒരു തരത്തിലുള്ള വിപണിവത്കരണം. ഈ വൈരുധ്യത്തെപ്പറ്റി താങ്കൾ എന്താണ് പറയുക?
സഭയിൽ വളരെയേറെ വിശുദ്ധരുണ്ട്. അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായി. നിങ്ങൾ പറഞ്ഞ ഒരു പ്രശ്നമുണ്ട്. വിശുദ്ധരുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ അമിത പ്രചാരണം നൽകി ആളുകളെ ആകർഷിക്കുക. അത്തരം രീതികളോട് എനിക്ക് യോജിപ്പില്ല. പണതാൽപര്യാർഥം ഒന്നും ചെയ്യേണ്ടതില്ല എന്നതാണ് നിലപാട്. വിശുദ്ധർക്ക് കൂടുതൽ പ്രചാരണം കൊടുക്കേണ്ടതില്ല. അവർ മധ്യസ്ഥ സഹായമാണ് ചെയ്യുന്നത്. അത് അംഗീകരിച്ച് സ്വയമേ ആളുകൾ വന്ന് പ്രാർഥിക്കുകയാണ് വേണ്ടത്. പണതാൽപര്യാർഥമുള്ള പ്രചാരണം ശരിയല്ല.
ഹിന്ദുഫാഷിസം രാജ്യത്ത് ഓരോ നിമിഷവും ശക്തമാകുന്ന കാഴ്ചകാണുന്നു. സ്വാഭാവികമായും മതസ്വാതന്ത്ര്യത്തിെൻറ പ്രശ്നവും കൂടി അതിൽ ഉയർന്നുവരും. ഒഡിഷയിലെ കണ്ഡമാലിൽ വലിയ രീതിയിലുള്ള ആക്രമണം ക്രിസ്ത്യാനികൾ നേരിടുകയും ചെയ്തു..?
രാജ്യത്ത് ശക്തമായി അത്തരം പ്രശ്നങ്ങൾ ഉയർന്നുവരുന്നുണ്ട്. പക്ഷേ, നമ്മുടെ ഭരണഘടന ശക്തമാണ്. അത് മറികടന്ന് മതസ്വാതന്ത്ര്യം തടയുന്ന നിയമമുണ്ടാകുമെന്നോ അടിച്ചമർത്തൽ ശക്തമായി ഉണ്ടാകുമെന്നോ ഞാൻ പ്രതീക്ഷിക്കുന്നില്ല. ഞാനതിനെ മറ്റൊരു രീതിയിലാണ് കാണാൻ ശ്രമിക്കുന്നത്. ആത്മീയതലത്തിൽ നോക്കിയാൽ ഒന്നാം നൂറ്റാണ്ടിൽ പെർസിക്യൂഷൻ (മതേദ്രാഹം) ഉണ്ടായിരുന്നു. റോമൻ ചക്രവർത്തിയുടെ കാലത്ത്. ആ ശക്തമായ ഭരണാധികാരികൾക്ക് ക്രിസ്ത്യാനിറ്റിയെ തകർക്കാൻ സാധിച്ചില്ല. 10 ചക്രവർത്തിമാർ കഠിന പ്രയത്നം ചെയ്തിട്ടും അതു നടന്നില്ല. അതിനെയെല്ലാം നിഷ്ഫലമാക്കി യൂറോപ്പിൽ ക്രിസ്തുമതം തഴച്ചുവളർന്നു. ഒടുവിൽ ചക്രവർത്തിമാർ ക്രിസ്ത്യാനികളായി മാറി ആയുധം അടിയറെവച്ചു. ഇന്ത്യയിൽ കണ്ഡമാലിലടക്കം നടന്ന തരത്തിലുള്ള പെർസിക്യൂഷൻ ഇനി ഉണ്ടായാലും അത് സഭയുടെ നവീകരണമോ, അല്ലെങ്കിൽ പുനരുജ്ജീവനമോ ആയിട്ടേ വരൂ.
സഭ ദൈവികത്വമുള്ളതാണ്. അത് സ്ഥാപിച്ചിരിക്കുന്നത് ദൈവമാണ്. അതിനെ മനുഷ്യന് തകർക്കാൻ കഴിയില്ല. പെർസിക്യൂഷൻ തെളിയിച്ച സത്യമാണത്. തകർക്കാൻ ശ്രമിച്ചവർ തകർന്നുപോയതാണ് ചരിത്രം. അതുകൊണ്ട് തന്നെ ആത്മീയതലത്തിൽ ഞാനത്തരം മതേദ്രാഹങ്ങളെയും അടിച്ചമർത്തലുകളെയും കാര്യമാക്കുന്നില്ല. അതിനെയെല്ലാം അതിജീവിക്കാനുള്ള കരുത്ത് ദൈവനിശ്ചയത്തിനുണ്ട്.
സഭയിൽ താങ്കൾ എന്തുചെയ്യുന്നു? പുതിയ പുസ്തകങ്ങൾ മനസ്സിലുണ്ടോ?
ഞാൻ സെമിനാരികളിൽ പഠിപ്പിക്കുന്നു. സഭ ചരിത്രമാണ് മുഖ്യമായി പഠിപ്പിക്കുന്നത്. കേരള സഭയുടെ ചരിത്രം മാത്രമല്ല, മൊത്തം സഭയുടെയും. ഒപ്പം കമ്പ്യൂച്ചിയൻ സെമിനാരിയിൽ ക്ലാസുകൾ എടുക്കുന്നു. വിവിധ സംസ്ഥാനങ്ങളിലുള്ള ഞങ്ങളുടെ മഠങ്ങളിലും ശാഖകളിലും പോയും ക്ലാസുകൾ എടുക്കുന്നു. ഞാനിപ്പോൾ റോമിലാണ് തങ്ങുന്നത്. കേരളത്തിൽനിന്ന് കുറച്ചു ദിവസങ്ങൾക്കുള്ളിൽ അങ്ങോട്ടുപോകും. മദർ ഏലീശ്വയുടെ കാനനൈസേഷെൻറ പ്രവർത്തനത്തിൽ പങ്ക് വഹിക്കാനാണ് പോകുന്നത്. കാനനൈസേഷൻ പ്രകിയയുടെ കൊളാേബ്രറ്റർ ആയിട്ടാണ് എന്നെ സഭ നിയമിച്ചിരിക്കുന്നത്. രണ്ടുവർഷം അത് നീളും. സഭാതലതിൽ ഒന്നുരണ്ട് പുസ്തകങ്ങൾ മനസ്സിലുണ്ട്. ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷനിൽ ഞാൻ പ്രവർത്തിക്കുന്നുണ്ടായിരുന്നു. അതിെൻറയൊക്കെ അടിസ്ഥാനത്തിൽ സഭയുമായി ബന്ധപ്പെട്ട ചരിത്രപുസ്തകങ്ങൾ ആലോചനയിലുണ്ട്.
മാധ്യമം ആഴ്ചപതിപ്പിൽ(ലക്കം:1013) പ്രസിദ്ധീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.