Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightTalkschevron_rightതെളിവുകൾ വ്യാജമായി...

തെളിവുകൾ വ്യാജമായി സൃഷ്ടിക്കപ്പെടും, അവർ എന്നെ ടാർജറ്റ് ചെയ്യുന്നുണ്ട്- ഹാനി ബാബു

text_fields
bookmark_border
Hany-Babu.jpg
cancel

മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത ഡൽഹി യൂണിവേഴ്സിറ്റി പ്രഫസറും മലയാളിയുമായ ഹാനി ബാബു ഇപ്പോൾ എൻ.ഐ.എ കസ്റ്റഡിയിലാണ്. കഴിഞ്ഞ വർഷം ഇദ്ദേഹത്തിന്‍റെ വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത ലാപ്ടോപ്പിൽ നിന്നും മാവോയിസ്റ്റ് ബന്ധം വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചുവെന്നാണ് പൊലീസ് ഭാഷ്യം. റെയ്ഡിന് ശേഷം കാരവാന് നൽകിയ അഭിമുഖത്തിൽ താൻ പൊലീസിനാൽ വേട്ടയാടപ്പെടുമെന്നും ലാപ്ടോപ്പിൽ നിന്നും വ്യാജമായി തെളിവുകൾ പൊലീസ് സൃഷ്ടിക്കുമെന്നും ഹാനി ബാബു പ്രവചിച്ചിരുന്നു. ഇന്ന് തന്‍റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം മുൻകൂട്ടികാണാൻ അദ്ദേഹത്തിന് കഴിഞ്ഞതെങ്ങനെ എന്ന് അദ്ഭുതം തോന്നാം. കാരവാൻ പ്രതിനിധികളായ ഷഹീൻ അഹ്മദിനും മായാ പലിതിനും ഹാനി ബാബു നൽകിയ അഭിമുഖത്തിന്‍റെ പ്രസക്ത ഭാഗങ്ങൾ.

2019 സെപ്തംബർ 10ന് താങ്കളുടെ വീട്ടിൽ സംഭവിച്ചതെന്തായിരുന്നു?

അന്ന് പുലർച്ചയോടെ വീട്ടിൽ പൊലീസെത്തി. പൊലീസാണ് എന്നെ വിളിച്ചുണർത്തിയതെന്ന് പറയാം. പൂനെ പൊലീസിനൊപ്പം ലോക്കൽ പൊലീസുമുണ്ടായിരുന്നു. പൂനെയിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് വീട് സെർച്ച് ചെയ്യണമെന്ന് അവർ പറഞ്ഞു. എൽഗാർ പരിഷത്-ഭീമ കൊറോഗാവ് കേസായിരുന്നു അത്. കേസുമായി ബന്ധപ്പെട്ട് ചിലരെ അറസ്റ്റ് ചെയ്തതായി അറിയാമെന്നല്ലാതെ അതേക്കുറിച്ച് എനിക്കൊന്നും അറിയില്ലെന്ന് ഞാൻ പറഞ്ഞു. അവർ വീട് സെർച്ച് ചെയ്യണമെന്ന് പറഞ്ഞു. പ്രധാനമായും ഇലക്ട്രോണിക് ഡിവൈസുകളാണ് അവർ അന്വേഷിച്ചുകൊണ്ടിരുന്നത്. എന്‍റെ ലാപ്ടോപ്, മൊബൈൽ, പെൻ ഡ്രൈവുകൾ, ഹാർഡ് ഡിസ്ക് എന്നിവയെല്ലാം പിടിച്ചെടുത്തു. എന്‍റെ ഇ മെയിൽ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു. പിന്നെ പുസ്തകങ്ങളിലേക്ക് തിരിഞ്ഞു. എല്ലാ പുസ്തകങ്ങളുടേയും ടൈറ്റിലുകൾ പരിശോധിച്ചു. എല്ലാ ബാഗുകളും തുറന്ന് ഞാനെന്തോ ഒളിച്ചുവെച്ചത് കണ്ടുപിടിക്കുന്ന മട്ടിലായിരുന്നു പെരുമാറ്റം. ചില തരത്തിലുള്ള പുസ്തകങ്ങളും ഇലക്ട്രോണിക് ഡിവൈസുകളുമായിരുന്നു അവർക്ക് വേണ്ടിയിരുന്നത് എന്നെനിക്ക് മനസ്സിലായി.  

ബുക് ഷെൽഫിൽ നിന്നും ജി.എൻ സായിബാബ ഡിഫൻസ് കമ്മിറ്റിയുമായി ബന്ധപ്പെട്ട രണ്ട് പുസ്തകം മാത്രം അവർ മാറ്റിവെച്ചു. എൻ.വേണുഗോപാലിന്‍റെ 'അണ്ടർസ്റ്റാന്‍റിങ് മാവോയിസ്റ്റ്', യലവർത്തി നവീൻ ബാബുവിന്‍റെ 'വർണ ടു ജാതി' എന്നീ പുസ്തകങ്ങളായിരുന്നു അവ. അറിയപ്പെടുന്ന നക്സലേറ്റായ നവീൻ ബാബുവിന്‍റെ പുസ്തകമാണ് അവർ മാറ്റിവെച്ചതെന്ന് കണ്ടപ്പോൾ തന്നെ എനിക്ക് കാര്യം മനസ്സിലായി. "എന്‍റെ പക്കൽ ഇത്രയും പുസ്തകങ്ങൾ ഉണ്ടായിട്ടും ഈ രണ്ട് പുസ്തകങ്ങൾ മാത്രം തെരഞ്ഞുപിടിച്ച് പിടിച്ചെടുക്കുന്നത് എന്തിനാണ്? നിരോധിച്ച പുസ്തകങ്ങളല്ല ഇവ, മാർക്കറ്റിൽ ലഭിക്കുന്നതാണ്. ഡിഫൻസ് കമ്മിറ്റി സൗജന്യമായി വിതരണം ചെയ്യുന്ന പുസ്തകങ്ങൾ എന്തിനാണ് പിടിച്ചെടുക്കുന്നത്?" ഞാൻ അവരോട് ചോദിച്ചു. എന്താണ് അവർ ചെയ്യാനുദ്ദേശിക്കുന്നതെന്ന് ഇതിൽ നിന്നും വ്യക്തമായിരുന്നു. 

താങ്കൾ ടാർജറ്റ് ചെയ്യപ്പെടുകയാണ് തോന്നിയതെന്തുകൊണ്ടാണ്? സായിബാബ ഡിഫൻസ് കമ്മിറ്റി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനാലാണോ‍?

ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണെന്ന് ഞാൻ വിചാരിക്കുന്നില്ല. ഞാൻ മാത്രമല്ല, രാഷ്ട്രീയ-സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്നവരും പ്രത്യേക പ്രത്യേക പ്രത്യശാസ്ത്രങ്ങളനുസരിച്ച് ജീവിക്കുന്നവരെയും അവർ ടാർജറ്റ് ചെയ്യുന്നുണ്ട്. ഭയപ്പെടുത്തുകയാണ് അവർ ചെയ്യുന്നത്. 

ലാപ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുക്കുന്നത് ഭീഷണിപ്പെടുത്തിലിനും അപ്പുറമാണ്. ഒരു അക്കാദമിഷ്യന് ഇവയൊന്നുമില്ലാതെ എങ്ങനെ ജോലി ചെയ്യാനാകും? ജയിലിടുന്നതിനേക്കാൾ ഭീകരമാണത്. അക്കാഡമിക്കുകളെ അവർ വേട്ടയാടുകയാണ്. വേട്ടയാടി നിശബ്ദരാക്കുക എന്നതാണ് ഇവരുടെ പദ്ധതി. എന്നെ അവർ തെരഞ്ഞുപിടിച്ചതാവാം. വിവേചനം, സാമൂഹിക നീതി, സംവരണം എന്നിവയെക്കുറിച്ചെല്ലാമുള്ള എന്‍റെ ലേഖനങ്ങളൊക്കെയാവാം ഇതിന് പ്രേരിപ്പിച്ചത്. ഇതിലൂടെ ഒരു സന്ദേശം അവർ പുറത്തുവിടുന്നുണ്ട്. നമ്മൾ ഏർപ്പെടുന്ന പ്രവൃത്തികളെക്കുറിച്ച് വളരെ ശ്രദ്ധാലുവായിരിക്കണം എന്ന സന്ദേശമാണ് ഇത് നൽകുന്നത്. 

സംവരണത്തിന് പുറമെ വിദ്യാഭ്യസ നയങ്ങളിൽ വന്ന മാറ്റവും ഞാൻ ഇടപെടുന്ന വിഷയമാണ്. ഡൽഹി യൂണിവേഴ്സിറ്റിയിൽ നാല് വർഷത്തെ ബിരുദ കോഴ്സുകൾ ആരംഭിക്കാനുള്ള ശ്രമത്തെ ഞങ്ങൾ എതിർത്ത് തോൽപിച്ചിരുന്നു. ഇത്തരം കാര്യങ്ങളിൽ ഇടപെടുന്നതും ഞങ്ങൾ ടാർജറ്റ് ചെയ്യപ്പെടാൻ കാരണമായിട്ടുണ്ടാകാം. നിങ്ങൾ യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്യുകയും ഭരണകൂടത്തിന്‍റെ വിദ്യാഭ്യസ നയങ്ങൾക്കെതിരെ സംസാരിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ ഉറപ്പായും നിങ്ങൾ ടാർജറ്റ് ചെയ്യപ്പെടാം.  

നേരത്തേ സ്റ്റേറ്റിന്‍റെ പോളിസികൾക്കെതിരെ ഭയം കൂടാതെ പ്രതികരിച്ചിരുന്ന എന്‍റെ സുഹൃത്തുക്കളും സഹപ്രവർത്തകരും ഇന്ന് ഒന്ന് ആലോചിച്ച ശേഷമേ പ്രതികരിക്കൂ എന്ന് ഉറപ്പാണ്. അവർ ആദ്യം ചിന്തിക്കും, എന്തുതന്നെയായാലും 'നമ്മളൊക്കെ സർക്കാർ ഉദ്യോഗസ്ഥരല്ലേ?' എന്ന് പറയും. മുൻപ് ഇങ്ങനെയായിരുന്നില്ല. യൂണിവേഴ്സിറ്റി അധ്യാപകർക്കിടയിൽ ഗവൺമെന്‍റ് ഉദ്യോഗസ്ഥൻ എന്ന സങ്കൽപം തന്നെ ഉണ്ടായിരുന്നില്ല. ഇപ്പോൾ അവർ ചിന്തിക്കുന്നത്, നമ്മൾ സർക്കാരിനെ വിമർശിക്കുന്നത് ശരിയാണോ എന്നാണ്. ഇതിനെല്ലാ അർഥം നമ്മളാരും ഭരണകൂടത്തെ വിമർശിക്കരുത് എന്ന് തന്നെയാണ്. 

എൽഗാർ പരിഷത്-ഭീമ കോറോഗാവ് കേസിലാണ് അവർ റെയ്ഡ് ചെയ്തതെങ്കിൽ അവർക്ക് തന്നെ നന്നായിട്ടറിയാം, എനിക്കതുമായി ഒരു ബന്ധവുമില്ലെന്ന്. ഞാൻ യോഗങ്ങൾ സംഘടിപ്പിച്ചിട്ടില്ല, ഒരു യോഗങ്ങളിലും പങ്കെടുത്തിട്ടില്ല. അവർക്ക് ഇതെല്ലാം നന്നായി അറിയാം. ഡിഫൻസ് കമ്മിറ്റിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതിനാൽ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ചിലരെ എനിക്കറിയാം. സുരേന്ദ്ര ഗാഡ്ലിങ്ങിനെ അറിയുമോ എന്നവർ ചോദിച്ചു. സായിബാബ കേസ് കൈകാര്യം ചെയ്യുന്ന അഭിഭാഷകനാണ് അദ്ദേഹം. ഡിഫൻസ് കമ്മിറ്റിയുമായി ബന്ധപ്പെട്ട ഒന്നുരണ്ടുതവണ അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തെ എനിക്കറിയാമെന്ന് ഉത്തരം നൽകി. റോണ വിൽസനെ അറിയുമോ എന്ന് ചോദിച്ചു. റോണയേയും എനിക്കറിയാം. അതിനെന്താ എന്ന് ചോദിച്ചു. പൊലീസിന് അതുമതി. ഇവരെ രണ്ടുപേരെയും അറിയുന്നത് തന്നെ ധാരാളം. അതുകൊണ്ട് മാത്രം നിങ്ങൾ സംശയത്തിന്‍റെ നിഴലിലാണ്. 

ചില തെളിവുകൾ അവരുടെ പക്കലുണ്ടെന്ന് അവർ പറഞ്ഞു. എന്താണത് എന്ന് ഞാൻ പലതവണ ചോദിച്ചു.  ഈ കേസുമായി ഞാൻ എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നത് എന്ന് പറയാമോയെന്നും ചോദിച്ചു.  'നിങ്ങളുടെ ഡോക്യുമെന്‍റ്സുമായി ഞങ്ങളുടെ കയ്യിലുള്ള മെറ്റീരിയൽ ഒത്തുനോക്കട്ടെ. ഞങ്ങളുടെ സംശയം സ്ഥിരീകരിക്കപ്പെട്ടാൽ നിങ്ങളെ അറസ്റ്റ് ചെയ്യും.' അതായിരുന്നു ഉത്തരം. ഇപ്പോൾ സംശയം മാത്രമാണുള്ളതെന്നാണ് അവർ പറഞ്ഞത്. എന്‍റെ ലാപ്ടോപ്പിലെ എല്ലാം അവരുടെ പക്കലാണ്. അതിന്‍റെ ഒരു കോപ്പിയെങ്കിലും തരാൻ അഭ്യർഥിച്ചെങ്കിലും ഫലമുണ്ടായില്ല. രണ്ട് മാസത്തിനുള്ളിൽ തരുമെന്ന് അവർ പറയുന്നു. എന്നാൽ രണ്ടു വർഷത്തിനിടെയങ്കിലും അത് ലഭിച്ചാൽ മതിയായിരുന്നു എന്നാണ് ഞാൻ കരുതുന്നത്.

താങ്കളുടെ ലാപ്ടോപ്പിലോ മറ്റോ അവർക്കാവശ്യമായ തെളിവുകൾ തിരുകിക്കയറ്റും എന്ന് ഭയക്കുന്നുണ്ടോ?

തീർച്ചയായും. അന്വേഷണ ഏജൻസികൾ അങ്ങനെയൊക്കെ ചെയ്യാറുണ്ട്. അത് തങ്ങളുടേതല്ലെന്ന് തെളിയിക്കേണ്ട ബാധ്യത നമ്മുടെ മാത്രമാണ്. അതിനിടയിൽ ഇതിന്‍റെ പേരിൽ വിചാരണയും ശിക്ഷയും എല്ലാം കഴിയും. ചിലപ്പോൾ 'അടുത്ത കൊലപാതകത്തിനുള്ള കുറിപ്പ് എന്‍റെ ലാപ്ടോപ്പിൽ നിന്നും കണ്ടെടുത്തു എന്നോ അതിനുവേണ്ടിയുള്ള ആയുധം ശേഖരിക്കുകയായിരുന്നു ഞാനെന്നോ' മട്ടിലുള്ള സംഭവങ്ങൾ കേട്ടാലും അമ്പരക്കാനില്ല.  

റെയ്ഡിനുശേഷം ഭീമ കൊറോഗാവ് കേസുമായി ബന്ധപ്പെട്ട എല്ലാം ഞാൻ വായിക്കാറുണ്ട്. ചാർജ് ഷീറ്റും ഞാൻ വായിച്ചു. ആർ.എസ്.എസ്-ബ്രഹ്മണിക്കൽ അജണ്ടക്കെതിരെ ഇടത് അനുഭാവികളും ദലിത് ഗ്രൂപ്പുകളും ഒരുമിച്ച് നിൽക്കുകയും അവരെ വെല്ലുവിളിക്കുകയും ചെയ്തു എന്നാണ് ചാർജ് ഷീറ്റിൽ പറയുന്നത്. അവർ 'ഫാസിസ്റ്റ് വിരുദ്ധ മുന്നണി' രൂപീകരിച്ചു എന്നും പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞു. ഒരു മുന്നണി രൂപീകരിക്കപ്പെടുന്നത് ജനാധിപത്യരാജ്യത്ത് നല്ല ലക്ഷണമല്ലേ? പക്ഷെ സ്റ്റേറ്റ് അതിനെ ഒരു ഭീഷണിയായാണ് കാണുന്നത്. 

റെയ്ഡിനുശേഷം അക്കാദമിക്കുകൾ ഭയത്തിലാണ്. ഇടത് ഗ്രൂപുകൾ, ദലിത് ഗ്രൂപുകൾ, മുസ്ലിം ഗ്രൂപ്പുകൾ ഇവരെല്ലാം ഭയത്തിലാണ്. സോഷ്യൽ ജസ്റ്റിസ് ഫോറത്തിലുള്ള എന്‍റെ സുഹൃത്തുക്കൾ തന്നെ 'നിങ്ങൾ അപകടത്തിലാണ്' എന്ന് എന്നെ ഉപദേശിക്കുന്നു. കശ്മീർ പ്രശ്നം ചർച്ച ചെയ്യുന്ന യോഗങ്ങളിലും മറ്റും പങ്കെടുത്താൽ 'നിങ്ങൾ ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെ'ന്ന് അവർ പറയുന്നു. ഈ പേടി എല്ലാവരുടേയും ഇടയിലേക്ക് നുഴഞ്ഞുകയറിയിരിക്കുന്നു. 

നമുക്ക് ചുറ്റും അനീതി നിറഞ്ഞുനിൽക്കുന്നതുകൊണ്ടുതന്നെ മുൻപ് അതിനെതിരെ ഉയരുന്ന ശബ്ദങ്ങളും കൂടുതലായിരുന്നു. പക്ഷെ ഇന്ന് അക്കാദമിക്കുകൾ പറയുന്നത്, 'അതിലൊന്നും ഇടപെടേണ്ട, നമുക്ക് നമ്മുടെ അക്കാദമിക് പ്രവർത്തനങ്ങളിലേക്ക് തിരിയാം' എന്നാണ്. സ്വതന്ത്ര ചിന്തയില്ലാതെ അക്കാദമിക് വർക്കില്ല എന്ന് ഇവർ മനസ്സിലാക്കുന്നില്ല. ചിന്തകളെ നിയന്ത്രിക്കാൻ തുടങ്ങിയാൽ പിന്നെ എന്തുതരം അക്കാദമിക് പ്രവർത്തനങ്ങളാണ് നടക്കുക? ഈ പേടിയിലേക്കാണ് നാം പതിയെ നീങ്ങിക്കൊണ്ടിരിക്കുന്നത്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nia
News Summary - Interview with hany Babu- Literature conversation
Next Story