എല്ലാ വിപ്ലവങ്ങളും സ്ത്രീകളോട് അനീതി മാത്രമേ ചെയ്തിട്ടുള്ളൂ
text_fieldsകേരളത്തിലെ സ്ത്രീപക്ഷ ചിന്തകളിലും സാമൂഹിക നിരീക്ഷണങ്ങളിലും ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിയാണ് ഡോ.ജെ. ദേവിക. ചരിത്രകാരി, സാമൂഹിക വിമർശക, ഫെമിനിസ്റ്റ്, അധ്യാപിക, എഴുത്തുകാരി, ചിന്തക, വിവർത്തക, ആക്ടിവിസ്റ്റ് എന്നിങ്ങനെ വിവിധ നിലകളിൽ പ്രശസ്ത.
1991ൽ ജെ.എൻ.യുവിൽനിന്ന് ആധുനിക ചരിത്രത്തിൽ മാസ്റ്റർ ബിരുദം നേടി. തുടർന്ന് എം.ജി സർവകലാശാലയിൽനിന്ന് ചരിത്രത്തിൽ ഡോക്ടറേറ്റ്. തിരുവനന്തപുരം സി.ഡി.എസിൽ (സെൻറർ ഫോർ ഡെവലപ്പ്മെൻറ് സ്റ്റഡീസ്) അധ്യാപികയും ഗവേഷകയുമാണ് ഇപ്പോൾ ദേവിക. ചന്തസ്ത്രീയും കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടാകുന്നതെങ്ങനെ, പൗരിയുടെ നോട്ടങ്ങൾ അടക്കം നിരവധി പുസ്തകങ്ങളും ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സമൂഹം, എഴുത്ത്, നിലപാട്, ജീവിതം തുടങ്ങിയ വിഷയങ്ങളിൽ ജെ. ദേവികയുമായി നടത്തിയ സംഭാഷണത്തിെൻറ പ്രസക്ത ഭാഗങ്ങൾ:
2010ലാണ് ’കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടാകുന്നതെങ്ങനെ?’ പ്രസിദ്ധീകരിച്ചത്. പെണ്ണൊരുമ്പെട്ടാല്‍ ലോകം മാറുന്നു എന്ന പുതിയ പുസ്തകം ലോകചരിത്രത്തെതന്നെ ഫെമിനിസ്റ്റ് കാഴ്ചപ്പാടില്നിന്ന്് കാണാന്‍ ശ്രമിക്കുകയാണ്. ‘കുലസ്ത്രീ’യുടെ തുടര്‍ച്ച തന്നെയാണോ ഉദ്ദേശിച്ചത്?
ആദ്യത്തേതിെൻറ പശ്ചാത്തലവിഷയം ചരിത്രമാണ്, ഇതിേൻറത് പൊളിറ്റിക്കൽ സയൻസും. ആദ്യത്തേത് കേരളത്തെപ്പറ്റി മാത്രമാണ്. പക്ഷേ, ഈ പുതിയ പുസ്തകം അങ്ങനെയല്ല. സാമൂഹികശാസ്ത്രത്തിൽ ഇവ വ്യത്യസ്തമേഖലകളാണെങ്കിലും മൂർത്തമായ ജീവിതത്തിൽ അങ്ങനെയുള്ള വേർതിരിവുകൾ ഇല്ല -അതുകൊണ്ട് ഒന്നിെൻറ തുടർച്ചയായിത്തന്നെ മറ്റേത് അനുഭവപ്പെടും. മാത്രമല്ല, വിശാലമായ അർഥത്തിൽ ഈ രണ്ടു പുസ്തകങ്ങളും ഒരേ പരിശ്രമത്തിൽനിന്നാണ് ഉണ്ടായത്. കേരളത്തെ കേന്ദ്രീകരിച്ചു വേണം എെൻറ ഗവേഷണജീവിതമെന്ന് ആദ്യമേ തീരുമാനിച്ചതാണ്. ഒരു മലയാളിസ്ത്രീ എന്ന നിലക്ക് എന്നെയും എെൻറ തലമുറയിലെ സ്ത്രീകളെയും രൂപപ്പെടുത്തിയ നാലു സ്ഥാപനങ്ങളെക്കുറിച്ച് ഫെമിനിസ്റ്റ് അന്വേഷണങ്ങൾ നടത്തണമെന്നാണ് അന്ന് ആഗ്രഹിച്ചത് - കേരളചരിത്രത്തിലെ സമുദായപരിഷ്കരണമെന്ന മഹാപദ്ധതി, ഇവിടെ ചുരുളഴിഞ്ഞ വികസനവാദം, കേരളീയ രാഷ്ട്രീയരംഗം, പിന്നെ, മലയാളസാഹിത്യപൊതുമണ്ഡലം. ഇതു ഒരു വലിയ പരിധിവരെ ചെയ്തു എന്ന തോന്നലുണ്ടായ ഒരു സമയമുണ്ടായിരുന്നു എെൻറ ഗവേഷണജീവിതത്തിൽ. എന്നാൽ ഈ കാലയളവു മുഴുവൻ എന്നെ അലട്ടിയിരുന്ന ഒരു ചോദ്യം, ആർക്കു വേണ്ടി എഴുതുന്നു എന്നതാണ്. സഹഗവേഷകർക്കായി എഴുതുന്ന രീതിയിലേക്കാണ് ഞാൻ തൊഴിൽമേഖലയിലൂടെ ആനയിക്കപ്പെട്ടത്. അങ്ങനെ എഴുതേണ്ടത് അന്ന് ആവശ്യവുമായിരുന്നു. സാമൂഹികഗവേഷണരംഗത്ത് ഫെമിനിസ്റ്റ് സാന്നിധ്യം അന്ന് വളരെ കുറവായിരുന്നു. സ്ത്രീകൾക്ക് സാമൂഹികസിദ്ധാന്തത്തിെൻറ സാങ്കേതികഭാഷ അത്രയൊന്നും വഴങ്ങില്ല എന്ന തോന്നലും വ്യാപകമായിരുന്നു. അതിനെ പ്രതിരോധിക്കേണ്ടിയിരുന്നു. ഞാനിപ്പോഴും ഓർക്കുന്നു. 24ാം വയസ്സിൽ പിഎച്ച്.ഡി പ്രപ്പോസൽ സമർപ്പിക്കാൻ തയാറായ സമയത്ത് അന്ന് ഏറ്റവും അടുപ്പമുണ്ടായിരുന്ന പുരുഷ അക്കാദമിക്ക് എന്നോടു ചോദിച്ചു, നിനക്ക് വല്ല സാദാ രാഷ്ട്രീയചരിത്രമോ ഒക്കെ പോരേ, പോസ്റ്റ്സ്ട്രക്ചറലിസ്റ്റ് ചരിത്രമൊന്നും നിനക്ക് വഴങ്ങാൻ പോകുന്നില്ല. ഞാൻ കുഞ്ഞുനാളു മുതൽ എല്ലാ ക്ലാസിലും ഉയർന്ന മാർക്കു വാങ്ങി ജയിച്ച വിദ്യാർഥിനിയായിരുന്നു. ഇപ്പറഞ്ഞ വ്യക്തി പത്താം ക്ലാസിൽ കഷ്ടിച്ചു ജയിച്ചയാളും. എങ്കിലും എെൻറ നേട്ടങ്ങൾ മുഴുവൻ കാണാപാഠംകൊണ്ടു മാത്രമാണെന്ന് തള്ളിക്കളയുകയും, അയാളുടെ വീഴ്ചയെ ഇഷ്ടവിഷയങ്ങൾ മാത്രം പഠിക്കാൻ തയാറായ അതിബുദ്ധിയുടെ വാശിയായി വാഴ്ത്തുകയും ചെയ്യുന്ന, ആൺകോയ്മാപൂരിതമായ ഒരു അന്തരീക്ഷം കേരളീയ സാമൂഹികശാസ്ത്ര-മാനവവിഷയഗവേഷണരംഗത്ത് അന്നുണ്ടായിരുന്നു. അതിനെ മറികടക്കണമെങ്കിൽ ഈ വിഷയങ്ങളുടെ സാങ്കേതികഭാഷ വശത്താക്കേണ്ടിയിരുന്നു.
എന്നാൽ 2010 ഒക്കെ ആയപ്പോൾ എെൻറ ജീവിതത്തിലെങ്കിലും ഇപ്പറഞ്ഞ ബുദ്ധിജീവി താടിക്കാരും അവരുടെ ഡംഭുപറച്ചിലുമെല്ലാം വളരെ പിന്നിൽ, വിദൂരതയിൽ, അലിഞ്ഞുചേർന്ന ഒരു ചെറിയ പൊട്ടു മാത്രമായി, കേരളത്തിൽ ഗവേഷണരംഗത്ത് പ്രത്യേകിച്ചും ജ്ഞാനരംഗത്ത് പൊതുവിലും അസമത്വങ്ങൾ ഒരുപാടു വർധിച്ചുകഴിഞ്ഞുമിരുന്നു. ഈ അവസ്ഥയെ എങ്ങനെ നേരിടാം എന്ന ചിന്തയിൽനിന്നാണ് അക്കാദമികരംഗത്തിെൻറ കീഴ്ത്തട്ടുകളിലും അതിനു പുറത്തുമുള്ള വായനക്കാരെ സാമൂഹികശാസ്ത്രരംഗത്തേക്ക് ലിംഗഭേദസംബന്ധിയായ ചർച്ചകളിലൂടെ എത്തിക്കാമെന്ന് ആശയം തോന്നിയത്. അത് നല്ല ആശയമാണെന്ന് ആദ്യത്തെ പുസ്തകത്തിൽനിന്നു മനസ്സിലായി. ഇന്ന് കോളജുകളിലും പുറത്തും കുലസ്ത്രീയെപ്പറ്റി സംസാരിക്കുന്നവരും സ്ത്രീകളെ തളച്ചിടുന്ന വാർപ്പുമാതൃകകൾക്ക് അതു നൽകിയ പേരുകളുടെ പരിചിതത്വവും ശരിക്കും അത്ഭുതപ്പെടുത്തുന്നു.
10, 12 ക്ലാസ് വിദ്യാഭ്യാസവും പൊതുകാര്യങ്ങളില്‍ താല്പര്യവും പൊതുജീവിതത്തോട് ഇഷ്ടവും ഉള്ള വ്യക്തിയെ പ്രത്യേകിച്ചും സ്ത്രീയെ ആണ് പുസ്തകം ലക്ഷ്യം വെക്കുന്നത് എന്ന് പറയുന്നുണ്ട്. ഇവര്‍ ഈ പുസ്തകം വായിക്കുമെന്ന് തന്നെയാണോ പ്രതീക്ഷിക്കുന്നത്?
കൈയില്‍ കിട്ടിയാല്‍ അവരത് വായിക്കും. കൈയില്‍ കിട്ടുക എന്നതാണ് പ്രധാനം. കുലസ്ത്രീയുടെ കാര്യം പറയാം. ആര്‍ട്ട് വര്‍ക്ക് ഉള്ളതുകൊണ്ട് ആ പുസ്തകം പ്രസിദ്ധീകരിക്കാൻ ആദ്യം ആരും തയാറായില്ല. പ്രിൻറ് റെഡി സീഡി ആയിരുന്നു ൈകയില്‍ ഉണ്ടായിരുന്നത്. ഒന്നരലക്ഷം രൂപയുടെ സബ്സിഡിയും ഉണ്ടായിരുന്നു. ആര്‍ട്ട് എന്തിനാണെന്ന് അവര്‍ക്കൊന്നും മനസ്സിലായതേ ഇല്ല. ഇത് വനിതപോലിരിക്കുന്നു എന്നാണ് ഒരു വലിയ പബ്ലിഷര്‍ പറഞ്ഞത്. ഞാന്‍ സംസാരിച്ച വിദ്യാർഥികളും വിദ്യാർഥിനികളും മഹിളാ സമഖ്യയിലെ സ്ത്രീകളും എല്ലാം പുസ്തകം കണ്ടാല്‍ ഇങ്ങനെ എടുത്തുനോക്കാന്‍ തോന്നണം, കുറച്ച് കളര്‍ഫുള്‍ ആവട്ടെ എന്ന് തന്നെയാണ് പറഞ്ഞത്. പിന്നീട് സി.ഡി.എസ് തന്നെ പുസ്തകം പ്രസിദ്ധീകരിച്ചു. ഒരു പബ്ലിസിറ്റിക്കും പോയില്ല. പക്ഷേ, കോപ്പിലെഫ്റ്റ് ആയി പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചതിനാൽ ഡൗൺലോഡബിൾ ആയ കോപ്പി സി.ഡി.എസ് വെബ്സൈറ്റിലിട്ടു. അതു വായിച്ച പലരും പറഞ്ഞുകേട്ട് കോപ്പികള്‍ അന്വേഷിച്ചുവരുകയായിരുന്നു. ഇപ്പോള്‍ അതിെൻറ നിരവധി പതിപ്പുകൾ വന്നിരിക്കുന്നു.
വായനക്കാരായി ഞാൻ മനസ്സിൽ കാണുന്നത് തുടക്കക്കാരായ വിദ്യാർഥിവിദ്യാർഥിനികളെയും പൊതുജീവിതത്തിൽ താൽപര്യമുള്ളവരായ ജനങ്ങളെയും ആണ്. പ്രത്യേകിച്ച് സ്ത്രീകളെ. കുടുംബശ്രീ, മഹിളാ സമഖ്യ പോലുള്ള പൊതുവായ ഇൻറര്‍ഫേസ് ഉള്ള ഒരുപാട് സ്ഥാപനങ്ങള്‍ ഉണ്ടല്ലോ. അതിലൊക്കെ പ്രവര്‍ത്തിക്കുന്ന ഇഷ്ടംപോലെ സ്ത്രീകളുണ്ട്. കുടുംബശ്രീ വനിതകളുടെ ആവറേജ് വിദ്യാഭ്യാസം 10, 12 ആണ്. അവരാണ് എെൻറ മനസ്സിലുള്ള വായനക്കാര്‍. 41 ലക്ഷത്തോളം സ്ത്രീകളാണ് കുടുംബശ്രീയില്‍ വരുന്നത്. ഈ ബന്ധുക്കളുടെ ലോകമല്ലാതെ വേറെ എന്തു ലോകമാണ് സ്ത്രീകള്‍ക്ക് ഉള്ളത്. കുടുംബശ്രീ ആകുേമ്പാൾ എത്ര പരിമിതമായാലും പഞ്ചായത്ത് തലം മുതല്‍ ജില്ലാതലം വരെ എങ്കിലും നീളുന്ന ഒരു ലോകം അവർക്കുണ്ടല്ലോ. അവർ പുസ്തകം വായിക്കാൻ മാത്രമല്ല, അതിലെ കല ആസ്വദിക്കാനും പ്രാപ്തരാണ്.
രാഷ്ട്രീയമേഖലയിലെ സ്ത്രീകളെക്കുറിച്ച്, സ്ത്രീകളുടെ രാഷ്ട്രീയത്തെക്കുറിച്ച് രണ്ട് അധ്യായങ്ങളില്‍ വിശദീകരിക്കുന്നു. സ്ത്രീകള്‍ രാഷ്ട്രീയത്തിലും പൊതു ഇടങ്ങളിലും നിറയുന്നതിലൂടെ നമ്മുടെ സമൂഹം പുലര്‍ത്തിവരുന്ന പല ധാരണകള്‍ക്കും മാറ്റം വരുമെന്ന പ്രതീക്ഷ നിലനില്ക്കുന്നു. പക്ഷേ, അതേ സമയത്തുതന്നെയാണ് രാഷ്ട്രീയത്തെക്കുറിച്ച് പൊതുസമൂഹത്തിന് താല്പര്യമില്ലാത്ത അവസ്ഥയുണ്ടാകുന്നത്?
ഫീല്‍ഡ് വര്‍ക്കിനിടക്ക് പലരും ചോദിച്ച ചോദ്യമാണ് സ്ത്രീകള്‍ക്ക് രാഷ്ട്രീയം ആവശ്യമുണ്ടോ എന്നത്. ആണ്‍കുട്ടികളാണ് ഈ ചോദ്യം കൂടുതലായും ചോദിച്ചത്. ഞാന്‍ വീണ്ടും വീണ്ടും അവരോട് ചോദിച്ചു. സ്ത്രീകള്‍ക്ക് രാഷ്ട്രീയം പറ്റുമോ എന്നാണോ നിങ്ങള്‍ ചോദിക്കുന്നത്. അതൊക്കെ സാധിക്കും എന്നായിരുന്നു അവരുടെ ഉത്തരം. സ്ത്രീകള്‍ക്ക് രാഷ്ട്രീയംകൊണ്ട് ഗുണമുണ്ടോ എന്നാണോ ഉദ്ദേശിക്കുന്നത് എന്ന് ചോദിച്ചു. അതുമല്ല, സ്ത്രീകള്‍ക്ക്് രാഷ്ട്രീയം ആവശ്യമുണ്ടോ എന്നുതന്നെയായിരുന്നു അവരുടെ ചോദ്യം. ആ ഊര്‍ജംകൊണ്ട് വേറെ എന്തെങ്കിലും നല്ല കാര്യം ചെയ്തുകൂടേ? ഈ അമ്പലത്തിെൻറയും പള്ളിയുടെയും ഒക്കെ നടയില്‍ എത്രയോ പേർ ഭക്ഷണം ഇല്ലാതെ നിരന്നിരിക്കുന്നു. കുറച്ച് പൊതിച്ചോറുണ്ടാക്കി വിതരണം ചെയ്താല്‍ അതിനെക്കാള്‍ നല്ലതല്ലേ. സ്ത്രീകള്‍ക്ക് രാഷ്ട്രീയത്തിെൻറ ആവശ്യമെന്താണ് എന്നുതന്നെയാണ് അവരുദ്ദേശിച്ചത്. അതിന് കൃത്യമായ മറുപടിയാണ് ഹന്ന ആരൻറ് പറഞ്ഞിട്ടുള്ളത്. പൊതുജീവിതത്തിലൂടെ സ്ത്രീകള്‍ക്ക് ഇടുങ്ങിയ കുടുംബ-ബന്ധുലോകത്തിൽനിന്ന് ഒരു തുറവിയുണ്ടാവുന്നു. ഉള്ളില്‍നിന്നും വളര്‍ച്ചയാണ് ഉണ്ടാകുന്നത്. പൊതുവേദിയില്‍നിന്ന് ഒരു കാര്യം പറയുമ്പോള്‍ ഒരു മനുഷ്യജീവി എന്ന നിലക്ക് നിങ്ങള്‍ വളരുകയാണ്. പൗര എന്ന നിലക്ക് വളരുകയാണ്. ആ ഒരു വളര്‍ച്ച ദാനധര്‍മം മാത്രം ചെയ്യുന്ന ആള്‍ക്ക് കിട്ടുകയില്ല. പൊതുരംഗത്ത് ഇടപെടുമ്പോള്‍, പങ്കാളിയാകുമ്പോള്‍ കിട്ടുന്ന സന്തോഷത്തെ ഹന്നാ ആരൻറ് പബ്ലിക് ഹാപ്പിനസ് എന്നാണ് പറയുന്നത്. അത് അനുഭവിക്കണമെങ്കില്‍ രാഷ്ട്രീയത്തില്‍ തന്നെ വരണം. ഗാർഹിക ഇടത്തിന് അതിേൻറതായ പ്രാധാന്യവും മെച്ചവും ഉണ്ട്. പക്ഷേ, നാം ലോകവുമായി പൊതുവിൽ പങ്കുവെക്കുന്ന ആ ഇടത്തെപ്പറ്റിയുള്ള ഒത്തുചേർന്നുള്ള ആലോചനയിൽ പങ്കുചേരാൻ കഴിയാതെയിരുന്നാൽ അത് ശരിക്കും നഷ്ടം തന്നെയാണ്. കോട്ടയത്തെ പഞ്ചായത്ത് പ്രസിഡൻറായിരുന്ന ഒരു ഹോമിയോ ഡോക്ടറുടെ കാര്യം പറയാം. ആരൊക്കെയോ സമ്മർദം ചെലുത്തിയാണ് അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ജയിച്ച വനിതാ മെംബര്‍ ഇവര്‍ മാത്രമായതിനാല്‍ സംവരണം ഉള്ളതുകൊണ്ട് പ്രസിഡൻറുമായി. ആദ്യമൊക്കെ ഭയങ്കര പേടി. ഇപ്പോ അവരുടെ അവസ്ഥ എന്താണെന്നുവെച്ചാല്‍ എല്ലാ ദിവസവും രാവിലെ ബാഗുമായി പുറത്തുപോകണം, മറ്റ് മനുഷ്യരെ കാണണം. അല്ലാതെ ഈ ജീവിതംകൊണ്ട് എന്തുകാര്യം എന്നാണ് അവര്‍ ചോദിക്കുന്നത്. ഇത്രയും മനുഷ്യര്‍, ഇത്രയും വ്യത്യാസങ്ങളുള്ള മനുഷ്യര്‍ ലോകത്തുണ്ടെന്നും മനസ്സിലായത് പ്രസിഡൻറായതിന് ശേഷമാണ്. ഇത്രയും കാലം ആ പഞ്ചായത്തില്‍ ജീവിച്ചിട്ടും അവിടത്തെ ദലിത് കോളനിയിലെ അവസ്ഥ ഇത്രയും മോശമാണെന്ന് അറിയില്ലായിരുന്നു എന്നാണ് അവര്‍ പറഞ്ഞത്. ഇപ്പോള്‍ അവിടെ റോഡും വീടുകളുമൊക്കെയായി. വളരെ അഭിമാനത്തോടുകൂടിയാണ് ആ കോളനി എന്നെ അവര്‍ കൊണ്ടുപോയി കാണിച്ചുതന്നത്. എന്തിനാ മോളേ ഈ ആരോഗ്യം കളഞ്ഞ് ഇങ്ങനെ ഓടുന്നത് എന്ന് അവരുടെ അമ്മായിഅമ്മ അവരോട് എപ്പോഴും ചോദിക്കുമത്രെ. സ്വസ്ഥമായി ഇരിക്കാന്‍ പറ്റുന്നില്ല, എപ്പോഴും ഫോണിലാണ്, ഉറക്കമില്ല എന്നൊക്കെ വീട്ടുകാര്‍ പരിഭവിക്കുന്നു. പക്ഷേ, അവര്‍ റോഡിലൂടെ നടക്കുമ്പോള്‍ നാട്ടുകാര്‍ അടുത്തേക്ക് വരുന്നു. കുശലാന്വേഷണം നടത്തുന്നു. അതിലവര്‍ സംതൃപ്തി അനുഭവിക്കുന്നു. തനിക്ക് ജന്മംകൊണ്ടു മാത്രം പ്രവേശനവും അൽപം ശബ്ദവും കിട്ടിയ ഇടങ്ങൾക്കു പുറമേ, അവക്കുപരിയായി, നാട്ടുകാരുമായി പങ്കുവെക്കുന്ന വിശാലമായ പൊതുവിടത്തിൽ പൗരത്വത്തിേൻറതായ ശബ്ദം കൈവന്നിരിക്കുന്നു എന്ന് അവർ കാണുന്നു. അതിൽ ആനന്ദിക്കുന്നു. അതാണ് പബ്ലിക് ഹാപ്പിനെസ്.
അവള്‍ക്ക് അധികാരം തലക്ക് പിടിച്ചു എന്നൊക്കെയാണ് ഈ പബ്ലിക് ഹാപ്പിനസിനെ ‘പൊതുസമൂഹം’ വിശേഷിപ്പിക്കാറുള്ളത്?
അതെ. മറ്റൊരു പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞതാണ്. വള്ളിച്ചെരുപ്പുമിട്ട് കടപ്പുറത്തൂടെ നടന്നോളാണ് കാറില്‍ കയറി വല്യ ആളായിട്ട് നടക്കുന്നത് എന്ന്. അതിലൊന്നും അവര്‍ക്ക് പരിഭവമില്ല. ഈ സ്വാതന്ത്ര്യം അനുഭവിച്ചുകഴിഞ്ഞാല്‍ പിന്നെ വീട്ടില്‍ വെറുതെ ഇരിക്കുക ബുദ്ധിമുട്ടാണ്. ചില്ലറ പരിപാടികളിലൊന്നും തൃപ്തിയുണ്ടാകില്ല. നമ്മുടെ ലോകമങ്ങ് വലുതായിപ്പോകും. എത്ര ചെറുതാണ് നമ്മുടെ ലോകം എന്ന് അപ്പോഴാണ് മനസ്സിലാകുന്നത്. അങ്ങനെയൊരു ലോകം സ്ത്രീകള്‍ക്കും ലഭിക്കണം.
കേരളത്തിൽ ശരാശരി 27 വയസ്സ് ആണ് സ്ത്രീകളുടെ സ്റ്റെറിലൈസേഷന്‍ പ്രായം. അതായത് 27 വയസ്സാകുമ്പോഴേക്കും കല്യാണം കഴിച്ച ആളുടെ സന്തതികളെ മാത്രം പ്രത്യുൽപാദിപ്പിക്കാന് വേണ്ടി നിങ്ങളുടെ ശരീരം അടിയറവെച്ചു എന്നാണ് അതിനര്‍ഥം. സ്ത്രീകളുടെ സ്റ്റെറിലൈസേഷന്‍ അഥവാ ട്യൂബക്ടമി റിവൈസ് ചെയ്യാന്‍ ബുദ്ധിമുട്ടാണ്. വാസക്ടമി അങ്ങനെയല്ല. റിവൈസ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള ശസ്ത്രക്രിയക്ക് വിധേയമാകുന്നത് വഴി നമ്മള് നല്കുന്ന മെസേജ് ഉണ്ട്. നമ്മുടെ ഭര്‍ത്താവിെൻറ ജനിതകതുടർച്ച റീപ്രൊഡ്യൂസ് ചെയ്യാന്‍ ശരീരം അടിയറവെച്ചുകഴിഞ്ഞു. അത്രേയുള്ളൂ. സ്റ്റെറിലൈസേഷന്‍ സ്ത്രീകള്‍ക്ക് തൊഴിൽമേഖലയിലേക്ക് കടക്കാന്‍ സഹായിക്കുമെന്ന ഒരു തിയറി ഉണ്ടായിരുന്നു. അത് ആണുങ്ങള് ഉണ്ടാക്കിയ ഒരു തിയറിയാണെന്ന കാര്യത്തില്‍ സംശയമില്ല. കാരണം, കുട്ടികളെ വളർത്തുന്ന രീതികൾ മാറിയിരിക്കുന്നു. ഓരോ കുട്ടിക്കും ഇന്ന് അമ്മ കൊടുക്കേണ്ടിവരുന്ന ശ്രദ്ധ പണ്ടത്തെ അപേക്ഷിച്ച് വളരെയധികമാണ്. സ്റ്റെറിലൈസേഷൻ കഴിഞ്ഞ് - അതായത്, രണ്ടു കുട്ടികൾ ഉണ്ടായതിനു ശേഷം - ഉന്നതവിദ്യാഭ്യാസത്തിലേക്കു മടങ്ങാൻ സ്ത്രീകൾക്ക് സാധ്യത നന്നേ കുറവാണെന്ന് പഠനങ്ങൾ കാണിക്കുന്നുമുണ്ട്. ചെറിയ കുട്ടികളെക്കൊണ്ട് സ്ത്രീക്ക് തൊഴിലിന് കൊണ്ടുപോകാനുള്ള അവസ്ഥയില്ല നമ്മുടെ സമൂഹത്തില്‍. പഴയപോലെ കൂട്ടുകുടുംബങ്ങളില്ല. കുട്ടികളെ നോക്കലും കുടുംബകാര്യങ്ങളും ജോലിയും പിന്നെ പഠനവും എന്ന് പറഞ്ഞാല്‍ വലിയ ബുദ്ധിമുട്ടാണ്. അത് ചുരുക്കമാണെന്ന് പഠനങ്ങളും തെളിയിക്കുന്നു. പിന്നെ ഒരു ഡിഫോള്‍ട്ട് ഓപ്ഷന് ആണ് കുടുംബശ്രീ. ഇങ്ങനെയുള്ള സ്ത്രീകൾക്ക് രാഷ്ട്രീയം എന്നാല്‍ അവരുടെ ടി.വി സ്ക്രീനിന് അപ്പുറത്ത് നടക്കുന്ന കാര്യമാണ്. അങ്ങനെയുള്ള പരിമിതി നിലനിൽക്കുന്ന സമയത്ത് എെൻറ എഴുത്തിന് ഒരു പ്രസക്തിയുണ്ടെന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു.
സ്ത്രീകളുടെ വിപ്ലവങ്ങൾ
അറബ് വസന്തം സൃഷ്ടിച്ച പ്രക്ഷോഭങ്ങളില്‍ പാശ്ചാത്യനിരീക്ഷകരെപ്പോലും അമ്പരപ്പിച്ച് അറബ് സ്ത്രീകള്‍ പങ്കെടുത്തു. എന്നാല്‍ വിപ്ലവത്തിന് ശേഷം അധികാരത്തിലേറിയ ഭരണകൂടങ്ങള്‍ സ്ത്രീകളെ സമരത്തിെൻറ പങ്കാളികളായി കാണാന്‍ തയാറായില്ല. യഥാര്‍ഥത്തില്‍ വിപ്ലവങ്ങള്‍ സ്ത്രീകളോട് ചെയ്തത് എന്താണ്?
എല്ലാ വിപ്ലവങ്ങളും സ്ത്രീകളോട് അനീതി മാത്രമേ ചെയ്തിട്ടുള്ളൂ. അതുകൊണ്ട് വിപ്ലവം എന്നൊക്കെ കേള്‍ക്കുമ്പോള്‍ എനിക്കൊരു ത്രില്ലുമില്ല. പിന്നെ, വിപ്ലവങ്ങൾ നടക്കുന്ന വേളകളിൽ സ്ത്രീകൾ നടത്തുന്ന ഇടപെടലുകളും അവരുടെ സക്രിയസാന്നിധ്യവും പൊതുവേ അവരെ ശാക്തീകരിച്ചിരുന്നുവെന്ന് കാണാം. സത്യത്തിൽ ഈ ഇടഘട്ടത്തിൽ കിട്ടുന്ന അനുഭവങ്ങളും പരിചയവുമെല്ലാമാണ് സ്ത്രീകളെ പൊതുരംഗത്തു പൊരുതി നിലനിൽക്കാൻ പ്രേരിപ്പിച്ചത്. അല്ലാതെ, വിപ്ലവങ്ങളുടെ നേതൃത്വങ്ങൾ തങ്ങളുടെ പുരുഷാധികാരം താഴെെവച്ചതുകൊണ്ടല്ല. അഥവാ അങ്ങനെ െവച്ചിരുന്നെങ്കിൽ അത് വേഗം തന്നെ വീണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് വിപ്ലവം പ്രസംഗിക്കുന്നവരെ സംശയിച്ചുപോകുന്നത്. ലോകമഹാവിപ്ലവങ്ങൾക്ക് പലപ്പോഴും തുടക്കം കുറിച്ചത് സ്ത്രീകൾ നടത്തിയ ആക്ഷനുകളാണ്. ഫ്രഞ്ച് വിപ്ലവത്തിലും റഷ്യന്‍ വിപ്ലവത്തിലും ആദ്യ ആക്ഷന്‍ എടുത്തത് സ്ത്രീകളാണ് എന്ന് പലര്‍ക്കും അറിഞ്ഞുകൂടായിരുന്നു എന്ന് ഈ പുസ്തകത്തിനു കിട്ടിയ പ്രതികരണത്തിൽനിന്ന് വ്യക്തമാകുന്നു.
റഷ്യന്‍ വിപ്ലവത്തില്‍ ചിലരെങ്കിലും ഉണ്ടായിരുന്നില്ലേ?
റോസാ ലക്സംബർഗ് വധിക്കപ്പെടുകയായിരുന്നു, ജർമനിയിൽ. അലക്സാൻട്രാ കെളോന്തോയ് മുതലായവരുടെ സാന്നിധ്യം സ്ത്രീകൾക്ക് തുല്യാവകാശങ്ങൾ നൽകാൻ പുതിയ ഭരണകൂടത്തെ പ്രേരിപ്പിച്ചങ്കിലും അതിനൊന്നും ആയുസ്സുണ്ടായില്ല.
ഈജിപ്തിലും അതുപോലുള്ള അറബ് രാജ്യങ്ങളിലും സ്ത്രീകള്‍ ഉണ്ട്. സിസിയുടെ പട്ടാളഭരണം അധികാരത്തിലെത്തിയതോടെ അവരൊക്കെ തിരിച്ചടി നേരിട്ടിട്ടുണ്ട്. പലരും ജീവിക്കാന്‍ വയ്യാതെ നാട്ടില്‍ നിന്ന് ഓടിപ്പോയിട്ടുണ്ട്. പിന്നെ മാധ്യമങ്ങളുടെ ഒരു രാഷ്ട്രീയവുമുണ്ട്. അറബ് വസന്തം കഴിഞ്ഞു, അതുകെട്ടു, പിന്നെ അതിലേക്ക് തിരിച്ചുപോകാന്‍ അവര്‍ക്ക് താല്പര്യമില്ല.
ലോകത്തിലെ ഏറ്റവും നീണ്ട വിപ്ലവം സ്ത്രീകളുടേതാണെന്ന് ദേവിക പറയുന്നതെന്തുകൊണ്ടാണ്?
അതു ജൂലിയറ്റ് മിച്ചൽ എന്ന സോഷ്യലിസ്റ്റ് ഫെമിനിസ്റ്റ് ചിന്തകയുടെ വാക്കുകളാണ്. Women: The Longest Revolution എന്ന ലേഖനം 1966ൽ അവർ എഴുതിയതാണ്, ന്യൂ ലെഫ്റ്റ് റിവ്യൂയിൽ. ഓൺലൈനായി വായിക്കാം -പിഡിഎഫും ഉണ്ട്. മുതലാളിത്തമടക്കമുള്ള ആധിപത്യവ്യവസ്ഥകൾ സൃഷ്ടിച്ച സമൂഹത്തിെൻറയും സംസ്കാരത്തിെൻറയും മനുഷ്യത്വരാഹിത്യത്തെ പൂർണമായും ചോദ്യം ചെയ്യാൻ സോഷ്യലിസ്റ്റ് - കമ്യൂണിസ്റ്റ് ചിന്തകർക്കുപോലും കഴിഞ്ഞിട്ടില്ലെന്ന് അവർ പറയുന്നു. കാരണം, ഈ സമൂഹങ്ങളുടെ അടിത്തറയായ ലിംഗാധികാരത്തെ സമൂലം ചോദ്യംചെയ്യാൻ അവർക്കു കഴിഞ്ഞിട്ടില്ല. അവക്കെതിരെ ഉയർന്നുപൊങ്ങിയ വിപ്ലവങ്ങളും ആ അടിത്തറയെ വെറുതെ വിട്ടു. ഭാവിയെപ്പറ്റി തുറന്നുവേണം ചിന്തിക്കാനെന്നും മനുഷ്യരുടെ ക്രിയാത്മകതയെ പഴകിയ അളവുകോലുകൾകൊണ്ട് വിലയിരുത്തരുതെന്നും മാർക്സ് പറയുന്നുണ്ടെങ്കിലും ആരും ആ ഉപദേശം സ്വീകരിക്കുന്നില്ല. ലിംഗാധികാരത്തെ ഇളക്കിമാറ്റുന്ന വിപ്ലവമായിരിക്കും ഏറ്റവും നീണ്ടതെന്നും അവർ സൂചിപ്പിക്കുന്നു. നാം ഏറ്റെടുത്ത കാര്യം ഒട്ടും എളുപ്പമല്ല എന്നു പറയാനാണ് ഞാൻ അവരുടെ വാക്കുകൾ ഉപയോഗിക്കുന്നത്.
ദേവിക എന്ന സാമൂഹികനിരീക്ഷക അല്ലെങ്കില്‍ സാമൂഹികശാസ്ത്രജ്ഞ ഭാഷയുടെ കാര്യത്തില്‍ പുലര്‍ത്തുന്ന നിഷ്കര്‍ഷ കണ്ടില്ലെന്ന്് നടിക്കാനാവില്ല. പലവാക്കുകളും താങ്കള്‍ സൃഷ്ടിക്കുന്നുണ്ട്. സ്ത്രീധനം എന്ന് പൊതുസമൂഹമുപയോഗിക്കുന്ന വാക്ക് ഒരിക്കലും ഉപയോഗിച്ചുകണ്ടിട്ടില്ല. പകരം വരവില എന്നാണ് ഉപയോഗിക്കാറ്. വിപ്ലവകാരിണി, പ്രക്ഷോഭകാരിണി എന്നീ വാക്കുകള്‍ മലയാളത്തിൽ പ്രയോഗത്തിലില്ലാത്തതാണ്?
വിപ്ലവകാരിണി എന്ന് തന്നെ പറയണമല്ലോ. വരവിലയെക്കുറിച്ച് ‘കുലസ്ത്രീ’യിലാണ് ഞാന്‍ ഡിസ്കസ് ചെയ്തിട്ടുള്ളത്. കേരളത്തില്‍ സ്ത്രീധനം ഉണ്ടായിവന്നിട്ടുള്ളത് രണ്ടു വിധത്തിലാണ്. പെണ്‍പണം എന്നാല്‍ പെണ്ണിെൻറ അധ്വാനശേഷി വാങ്ങിക്കലാണ്. എന്നാല്‍ അത് കുടുംബത്തിെൻറ നന്മക്ക് വേണ്ടി ഉപയോഗിക്കേണ്ടതാണ്, അതിനെ വിലയ്ക്ക് കൊടുക്കാന്‍ പറ്റില്ല എന്നായിരുന്നു മിഷനറിമാരുടെ വാദം. വിവാഹം കഴിഞ്ഞാല്‍ പെണ്‍കുട്ടി ജോലി ചെയ്യുന്നില്ലല്ലോ. ആ ‘ഭാരം’ ചുമക്കാന്‍ ഭര്‍ത്താവിനെ സഹായിക്കുന്ന രീതിയില്‍ വീട്ടുകാര്‍ ഒരു തുക കൊടുക്കണം എന്ന സ്ഥിതി വന്നു. മറ്റൊന്ന് മേലോട്ട് വിവാഹം കഴിക്കുന്ന രീതിയാണ്, ൈഹപ്പര്ഗമി എന്ന് പറയും. ആണുങ്ങള്‍ക്കും അത് സൗകര്യമാണ്. അധിനിവേശത്തിെൻറ കാലത്ത് സ്ഥാനമാനങ്ങള്‍ക്കുവേണ്ടി അങ്ങനെ ചെയ്തിരുന്നു. ലണ്ടനില്‍ പോയി ബാരിസ്റ്ററാവാന് പഠിക്കുന്നതിന് ഭാര്യവീട്ടുകാര്‍ പണം ചെലവഴിക്കുന്ന രീതി നിലവിലുണ്ടായിരുന്നു. സ്ത്രീധനം നിലവില്‍ വന്നത് അങ്ങനെയാണ്. അത് വരവില ആകുന്നതും അങ്ങനെയാണ്. ക്ലർക്ക് ആണെങ്കില്‍ 100 രൂപ, ഐ.സി.എസുകാരനാണെങ്കില്‍ അമ്പതിനായിരവും ഒരു കാറും എന്ന രീതിയില്‍ അന്നേ നിലവിലുണ്ടായിരുന്നു. വരന് കൊടുക്കുന്ന വിലയാണ് അല്ലാതെ സ്ത്രീക്ക് കിട്ടുന്ന ധനമല്ല ഈ പണം. അപ്പോ നമ്മള് അതിനെ സ്ത്രീധനം എന്ന് പറയരുത്, വരവില എന്നുതന്നെ പറയണം. പദങ്ങള്‍ ഉപയോഗിക്കുന്ന കാര്യത്തില്‍ സാമൂഹികശാസ്ത്രജ്ഞർ കുറേക്കൂടി നിഷ്കര്ഷയുള്ളവരാണ്. സാമൂഹികശാസ്ത്രഗവേഷണം നന്നായി പഠിച്ചിട്ടുെണ്ടങ്കിൽ അതു താനെ വരും. പുതിയ പദങ്ങൾ ഉണ്ടാക്കാനും പ്രതിഭാസങ്ങളെ അപഗ്രഥിച്ചു മനസ്സിലാക്കാനുള്ള സൈദ്ധാന്തികസങ്കൽപനങ്ങൾ സൃഷ്ടിക്കാനും സാമൂഹികശാസ്ത്രഗവേഷകർക്കു കഴിയണം. സമൂഹത്തിൽ ഉടലെടുക്കുന്ന പ്രതിഭാസങ്ങളെയും പ്രക്രിയകളെയും പേരിട്ടു വിളിക്കുക എന്നത് സാമൂഹികസിദ്ധാന്തവത്കരണത്തിെൻറ അവിഭാജ്യഘടകമാണ്. പലരും കരുതുന്നതുപോലെ, ഏതെങ്കിലും പാശ്ചാത്യസൈദ്ധാന്തികരുടെ ആശയങ്ങൾ പുട്ടിനു തേങ്ങയിടുംപോലെ എഴുത്തിെൻറ തുടക്കത്തിലും ഒടുക്കത്തിലും ഇടുന്നതോ, മരുന്നുകുപ്പികൾക്കു ലേബലൊട്ടിക്കുംപോലെ എഴുത്തിൽ അവിടവിടെ ഒട്ടിച്ചുവെക്കുന്നതോ, അതുമല്ലാതെ ബാധയും മറ്റും കയറാതിരിക്കാൽ ഉമ്മാക്കിയെ കെട്ടിത്തൂക്കുംപോലെ ഫുക്കോ, ദറിദ എന്നും മറ്റും ആവർത്തിച്ചുപറയുകയോ അല്ല സിദ്ധാന്തവത്കരണം. എന്നെ സംബന്ധിച്ചിടത്തോളം ഏതൊരു പ്രതിഭാസത്തെയോ പ്രക്രിയയെയോ ആണ് പഠിക്കുന്നത്. അതിനെ രൂപപ്പെടുത്തുന്ന അധികാരബന്ധങ്ങളെയും രൂപങ്ങളെയും വെളിവാക്കുന്ന സങ്കൽപനങ്ങളും സംവർഗങ്ങളും നാം സൃഷ്ടിക്കുകയോ, വ്യക്തമായ സൂചനയും ക്രിയാത്മകമായ പുനർനിർമാണശ്രമവും നൽകിക്കൊണ്ട് കടമെടുക്കുകയോ ചെയ്യണം.
സാമൂഹികസിദ്ധാന്തത്തിെൻറ വിമർശനസാധ്യതകളെ വികസിപ്പിച്ച ചിന്തകർ ഇതിെൻറ പ്രാധാന്യത്തെ ഊന്നിപ്പറയുന്നു. ഉദാഹരണത്തിന്, സമൂഹികവത്കരണം എന്ന വാക്കിനെ അങ്ങനെ വിളിക്കരുത് എന്ന് പറയുന്ന ആളാണ് ഫുക്കോ. അതിനെ പെനിട്രേഷന് ഓഫ് ബോഡീസ് എന്ന് പറയണം എന്നാണ് പറയുന്നത്. അധികാരം ശരീരത്തില്‍ കടന്നുകയറി നമ്മെ പ്രത്യേക രീതിയില്‍ ക്രമപ്പെടുത്തുന്ന പ്രക്രിയയാണ് സാമൂഹികവത്കരണം എന്ന് ഫുക്കോ പറയുന്നു. ഒരു പ്രക്രിയയിലെ അധികാര ബന്ധങ്ങളെ പുറത്തുകൊണ്ടുവരുന്ന രീതിയിലുള്ള പദങ്ങള്‍ പ്രയോഗിക്കണം എന്നാണ് ഞാന്‍ പറയുന്നത്. ഫുക്കോക്കു മുൻപുതന്നെ ഫെമിനിസം പോലുള്ള വിമർശകസ്വഭാവമുള്ള സാമൂഹികചിന്താധാരകൾ ഉന്നയിച്ച ആവശ്യമാണിത്.
സാമൂഹിക ശാസ്ത്രത്തില്‍ നിരവധിപേര്‍ക്ക് പരിശീലനം കിട്ടിയിട്ടുണ്ടല്ലോ... അവരെല്ലാം അങ്ങനെ ചെയ്യുന്നുണ്ടോ?
നല്ല പരിശീലനമാവില്ല അവര്‍ക്ക് കിട്ടിയിട്ടുണ്ടാവുക. എനിക്ക് കാര്യങ്ങൾ കുറച്ചുകൂടി ഭേദമായി ചെയ്യാൻ പറ്റുന്നുണ്ടെങ്കിൽ അതിെൻറ ക്രെഡിറ്റ് എന്നെ പരിശീലിപ്പിച്ച നിസാര്‍ അഹമ്മദിനാണ്. അതു മാത്രമല്ല, എല്ലാത്തരം ശാസ്ത്രങ്ങളുടെയും അടിസ്ഥാനം യുക്തിയല്ല, ശരിക്കും ഭാവനയാണ്. ഭാവനാപൂർണമായ രീതിയിൽ സിദ്ധാന്തത്തെ അപഗ്രഥനത്തിനായി ഉപയോഗിക്കാൻ കഴിയണം. ഫെമിനിസമായാലും മറ്റേതുതരം സിദ്ധാന്തമായാലും ശരി, ആ ശേഷി ഇല്ലെങ്കിൽ യാന്ത്രികത കടന്നുകൂടും നമ്മുടെ ചിന്തയിൽ.
പിന്നെ ഇന്ന് കേരളത്തിനു പുറത്തുപോയി പഠിച്ച് നന്നായി ഗവേഷണം ചെയ്യുന്ന ധാരാളം പേരുണ്ട്, ഫെമിനിസ്റ്റുകളായും അല്ലാതെയും. അവർക്ക് കേരളത്തിൽ വന്ന് സ്ഥിരമായി ജോലിചെയ്യാനുള്ള സാഹചര്യം കുറവാണ് -അവരിൽ പലരും മലയാളത്തിൽ അധികം എഴുതുന്നുമില്ല. അതുകൊണ്ട് പൊട്ടക്കുളത്തിലെ ഫണീന്ദ്രയായി വിലസുന്നു, അത്രേയുള്ളൂ.
ദേവിക എന്ന ഫെമിനിസ്റ്റിെൻറ പ്രത്യേകതകൂടിയായിരിക്കില്ലേ ഇത്?
ആയിരിക്കണമെന്നില്ല. സമൂഹത്തിെൻറ അധികാരവിന്യാസത്തെപ്പറ്റി എഴുതാൻ ആഗ്രഹിക്കുേമ്പാൾ എഴുത്തിൽ കൃത്യത വേണമെന്ന് നമുക്കറിയാം. അത്രത്തോളം ഫെമിനിസ്റ്റ് എന്ന നിലയിൽ ഞാൻ അതിെൻറ പ്രാധാന്യം മനസ്സിലാക്കിയുമിരുന്നു. പക്ഷേ, ആ കഴിവ് ആർജിക്കണമെങ്കിൽ നല്ല പരിശീലനം വേണം. നല്ല അക്കാദമിക് റൈറ്റിങ്ങില്‍ അത് വളരെ നിര്‍ബന്ധമാണ്. നമ്മുടെ എഴുത്തിെൻറ അയഞ്ഞുപോകുന്ന ഭാഗങ്ങൾ ചൂണ്ടിക്കാട്ടാനും നമ്മുടെ വാദങ്ങൾക്ക് ബലം കുറയുന്നതെവിടെ എന്നു കാണിച്ചുതരാനും ആരെങ്കിലും - നമ്മെക്കാൾ പരിചയമുള്ളവർ^ വേണം.
ജേണലുകളില്‍ എഴുതുന്നതിന് ഞാന്‍ കുറെ വിമര്‍ശനം നേരിടേണ്ടിവന്നിട്ടുണ്ട്. വല്യ ആളാവാന്‍ വേണ്ടിയാണ് ജേണലുകളില്‍ എഴുതുന്നതെന്ന് പറയുന്നവരുണ്ട്. പബ്ലിഷ് ചെയ്യാൻ ഒരു സ്ത്രീയായ അക്കാദമിക് ശ്രമിച്ചാൽ അത് മുകളിലേക്കു വലിഞ്ഞുകയറാനുള്ള അവരുടെ വാസനയാണെന്ന് പറയുന്ന ഫെമിനിസ്റ്റുകളെ എനിക്കറിയാം, അതൊരു മഹാപാതകമാണെന്നതുപോലെ.
പക്ഷേ, അതിെൻറ വലിയ ഉപകാരം എന്താണെന്നറിയാമോ? താന്‍ വലിയ മിടുക്കിയാണെന്നോ മിടുക്കനാണെന്നോ കേരളത്തിലെ ബുദ്ധിജീവികള്‍ക്കൊക്കെ ഒരു തോന്നലുണ്ട്. അതിന് നല്ല മരുന്നാണിത്. നിങ്ങള്‍ വല്യ കണ്ടുപിടിത്തമൊക്കെ നടത്തി ജേണലുകള്‍ക്ക് ലേഖനം അയച്ചുകൊടുക്കുന്നു. ഇതെഴുതിയത് ആരാണെന്ന് ഒളിച്ചുവെച്ചുകൊണ്ട് നമ്മെ അറിയാത്ത ചിലപ്പോള്‍ വല്ല കാനഡയിലോ റഷ്യയിലോ ഒക്കെയുള്ള അക്കാദമിഷ്യന്സിനാണ് അവരത് അയച്ചുകൊടുക്കക. ആര്‍ക്ക് അയച്ചുകൊടുക്കുന്നു എന്ന് നമ്മളും അറിയുന്നില്ല. നമ്മുടെ മഹത്ത്വമൊന്നും വായിക്കുന്നവർക്കറിയില്ല. നിങ്ങള്‍ പൊട്ടത്തരമാണ് എഴുതിവെച്ചിരിക്കുന്നതെങ്കില് പൊട്ടത്തരമാണ് എന്നുതന്നെ അവര്‍ പറയും. മലയാളത്തില്‍ മാത്രമാകുേമ്പാൾ ഗ്യാസടി കൊണ്ട് കഴിക്കാം. അല്ലെങ്കില്‍ ഇംഗ്ലീഷില്‍ വരുന്നത് മലയാളത്തില്‍ നല്ല ഭാഷയിലൊക്കെ ആക്കി ബുദ്ധിജീവിപ്പട്ടം ഉറപ്പിക്കാം. ഗ്യാസ് അടിക്കുന്നതും യാന്ത്രികമായി ബോറോ ചെയ്യുന്നതും കൊള്ളാവുന്ന അക്കാദമിക് ജേണലുകളില്‍ നടക്കില്ല. അപ്പോ നിങ്ങളുടെ ഈഗോ താഴെത്തന്നെ നില്ക്കും. നിങ്ങള്‍ ചെയ്ത ഒരു റിസർച് കൊള്ളാവുന്ന ജേണലിന് അയച്ചുകൊടുത്താല്‍ നെല്ലും പതിരും ശരിക്കും വേര്‍തിരിച്ചറിയും. അതു വലിയൊരു ഗുണമായാണ് ഞാൻ കാണുന്നത്. ഗവേഷകർക്കുള്ള ഫലപ്രദമായ തുടർവിദ്യാഭ്യാസമാണ്.
കുറച്ചുകാലം മുൻപ് കേരളത്തിലെ ഒരു പ്രമുഖ ബുദ്ധിജീവിയായ സ്ത്രീ ഞാനുമായുള്ള ഒരു ഡിബേറ്റിനെ വളരെ പേഴ്സനലായി എടുത്തുകൊണ്ടു പറഞ്ഞതാണ് - ദേവിക വീട്ടുജോലിയുമെടുത്ത് പിള്ളേരെയും നോക്കിക്കഴിഞ്ഞ കാലം മുതൽക്കേ ഞാൻ എഴുതാനും പ്രസംഗിക്കാനും തുടങ്ങിയതാമെന്ന്. വസ്തുതാപരമായി അത് തെറ്റായിരുന്നു. ഈ സ്ത്രീ സ്കൂൾവിദ്യാർഥിനിയായിരുന്ന കാലത്തെ ഫെമിനിസവുമായി ഞാൻ എൻഗേജ് ചെയ്തിരുന്നതാണ്. എഴുതുകയും പ്രസംഗിക്കുകയും ചെയ്തിരുന്നതാണ്. പക്ഷേ, അവർ പറഞ്ഞതിൽ നേരുമുണ്ട്. അയഞ്ഞവർത്തമാനമല്ല പറയുന്നത് എന്ന് അൽപം ഉറപ്പുവരുത്തിയ ശേഷമേ ഞാൻ കാര്യമായി എഴുതിയുള്ളൂ. മൂന്നാം ക്ലാസിൽ പഠിപ്പിക്കാനാണെങ്കിലും മെനക്കെട്ടു പ്രിപ്പേർ ചെയ്യാതെ പോകാറില്ല.
സ്ത്രീ എന്ന നിലക്ക് അക്കാദമിക് രംഗത്ത് എന്താണ് അനുഭവം?
ഞാൻ തുടങ്ങിയ കാലത്ത് സ്ത്രീകൾ, വിശേഷിച്ച് ഫെമിനിസ്റ്റുകൾ, ഈ രംഗത്ത് ഒരു അനോമലി-ഒരു ക്രമക്കേട്, വ്യതിചലനം, ആയിരുന്നു. ഇന്നത് അൽപം മാറിയിട്ടുണ്ടെങ്കിലും ഇപ്പോഴും പന്തി രണ്ടുതന്നെ. ഫെമിനിസ്റ്റ് ഗവേഷകർക്ക് സ്ത്രീകളെപ്പറ്റി മാത്രം സംസാരിക്കാനേ ഉള്ളൂ എന്ന തോന്നൽ ഇന്നുമുണ്ട്, പ്രത്യേകിച്ച് പത്രപ്രവർത്തനമേഖലയിൽ. എെൻറ മേഖലയിൽ ഞാനിന്ന് തീരെ ചെറുതൊന്നുമല്ല, കേരളത്തിലെ മറ്റു സാമൂഹികശാസ്ത്രഗവേഷകരോട് തട്ടിച്ചുനോക്കിയാലും അത്ര ചെറുതല്ല. എങ്കിലും ചിലപ്പോഴെങ്കിലും കൊച്ചാക്കൽ നല്ലതുപോലെ സഹിച്ചിട്ടുണ്ട്. ഒരു സംഭവം മറക്കാനാവാതെ ഇന്നും മനസ്സിൽ നിൽക്കുന്നു. തിരുവനന്തപുരത്ത് നടന്ന ഒരു അക്കാദമിക പരിപാടിയില്‍ കേരളത്തിലെ പ്രമുഖരായ രണ്ട് അക്കാദമിഷ്യന്സും ഞാനും പങ്കെടുത്തു. മൂന്ന് പേരും മൂന്ന് പ്രഭാഷണങ്ങള്‍ നടത്തുന്നു. പുരുഷന്മാരായ മറ്റ് രണ്ടുപേരും കേരളത്തില്‍ അറിയപ്പെടുന്നവരാണ്. എന്നെ സംബന്ധിച്ചിടത്തോളം ഗുരുസ്ഥാനീയർ. പക്ഷേ, ഞങ്ങളുടെ സി.വി പരിശോധിക്കുകയാണെങ്കില്‍ ഞാന്‍ ഇവരെക്കാള്‍ എത്രയോ മുന്നിലാണ്. അതായത് എന്തെല്ലാം പബ്ലിഷ് ചെയ്തു എന്നൊക്കെ നോക്കുമ്പോള്‍ ഞാന്‍ അവരെക്കാള്‍ വളരെ വലുതാണ്. അതിനര്‍ഥം ഞാന്‍ അവരെക്കാള്‍ മുന്നിലാണ് എന്നല്ല. അക്കാദമിക് കണക്കുകള്‍ വെച്ച് ഞങ്ങള്‍ തുല്യരാണ്, അല്ലെങ്കില്‍ ഞാന്‍ അവരെക്കാള്‍ ഒരുപടി മുകളിലാണ്, എന്നു മാത്രം.
പക്ഷേ, ഞങ്ങളെ പരിചയപ്പെടുത്തിയതായിരുന്നു വലിയ തമാശ. ഇവരെ രണ്ടുപേരേയും ഇവരുടെ അക്കാദമിക് അച്ചീവ്മെൻറ്സിെൻറ പേര് പറഞ്ഞ് പരിചയപ്പെടുത്തി. എന്നെ പരിചയപ്പെടുത്തിയപ്പോള്‍ ഇവരെക്കുറിച്ച് ഞാന്‍ പ്രത്യേകിച്ചൊന്നും പറയേണ്ടല്ലോ നിങ്ങള്‍ക്കെല്ലാം അറിയാമല്ലോ എന്ന് പറഞ്ഞ്, ഒരു പ്രത്യേക ചിരിയും ചിരിച്ച്, പരിചയപ്പെടുത്തലിെൻറ ചുമതലക്കാരൻ രംഗം ഒഴിഞ്ഞു. അവിടെവെച്ച് ഞാന്‍ എെൻറ അതൃപ്തി രേഖപ്പെടുത്തി പറഞ്ഞു, ഇങ്ങനെ നിഗൂഢമായ രീതിയിലൊന്നും എന്നെ പരിചയപ്പെടുത്തേണ്ട കാര്യമില്ല. പത്തിരുപത് വര്‍ഷമായി അക്കാദമിക് രംഗത്ത് നില്ക്കുന്ന ആളാണ് ഞാന്‍. എന്നാലും സ്ത്രീകളോട് ഇത്തരം വിവേചനം കാണിക്കാന്‍ ഒരു മടിയുമില്ലാത്ത മനുഷ്യരാണ് ഇവിടെയുള്ളത്. മലയാളത്തിൽ സമീപകാലംവരെ കാര്യമായ ബൗദ്ധികചർച്ച സാഹിത്യത്തെപ്പറ്റിയായിരുന്നു. മലയാളസാഹിത്യവിമർശനത്തിൽ എണ്ണപ്പെട്ട ഒരൊറ്റ സ്ത്രീ മാത്രമേ ഉണ്ടായിരുന്നുള്ളൂ - എം ലീലാവതി. അവർ കേൾക്കേണ്ടിവന്ന പരിഹാസത്തോട് തട്ടിച്ചുനോക്കിയാൽ നമുക്കൊന്നും ഒരു പ്രശ്നവുമില്ല. പെട്ടെന്നൊന്നും മാറുന്ന രോഗമല്ലല്ലോ ഇതെന്നു കാണുമ്പോൾ പരിഭവം തോന്നുന്നില്ല. പക്ഷേ, അത്രയൊന്നും കാര്യമായി ചെയ്തില്ലെങ്കിലും രാഷ്ട്രീയകക്ഷികളുടെ കൂടെ നിൽക്കുന്ന സ്ത്രീകളാണെങ്കിൽ അവർക്കു കുറേക്കൂടി ഇടങ്ങളും ദൃശ്യതയും ഉണ്ടാകും.
തങ്ങളുടെ കരിയര്‍ ഗ്രാഫുയര്‍ത്താന്‍ രാഷ്ട്രീയകക്ഷികളുടെ കൂടെ നിലല്ക്കുന്നതാണ് നല്ലത് എന്ന് കരുതുന്നവരെക്കുറിച്ചാണോ?
അതെ. കൊള്ളാവുന്നവരടക്കം അങ്ങനെ ചെയ്യുന്നു. നല്ല മതിപ്പുള്ളവര്പോലും രാഷ്ട്രീയക്കാരെ പിണക്കരുത് എന്ന കരുതലോടെ പെരുമാറുന്നത് അത്ഭുതമുണ്ടാക്കുന്നു.
രാഷ്ട്രീയക്കാരുടെ കൂടെ നില്‍ക്കാത്തതിനാല്‍ എന്തെങ്കിലും നഷ്ടപ്പെട്ട വ്യക്തിപരമായ അനുഭവങ്ങള്‍ ഉണ്ടോ?
ഒരുപാട് സങ്കടവും അപമാനവും ഒറ്റപ്പെടലും അനുഭവിക്കേണ്ടി വന്ന ജീവിതമാണ് എേൻറത്. എങ്കിലും ആരുടെയും കാലുപിടിക്കേണ്ടിവന്നില്ല, ഒന്നിനും. ജോലിക്കപേക്ഷിച്ചപ്പോൾ റഫറൻസ് ചോദിച്ചതുപോലും ഞാനെഴുതിയത് വായിച്ചുനോക്കിയ ശേഷം മാത്രം മതി എന്ന് പറഞ്ഞതിനുശേഷമാണ്. അക്കാര്യത്തിൽ ഇന്നും നുള്ളുപോലും വിട്ടുവീഴ്ചക്ക് തയാറില്ല. അതുകൊണ്ട് അങ്ങനെ കിട്ടാവുന്നതു മാത്രമേ എെൻറ ജീവിതത്തിൽ ഉള്ളൂ. സത്യത്തിൽ എനിക്കങ്ങനെ ചോദിക്കാൻ തോന്നിയിട്ടുമില്ല - നിങ്ങൾ ചോദിക്കുമ്പോൾ ഏതോ ചില അതൃപ്തിയൊക്കെ എപ്പോഴൊക്കെയോ തോന്നിയതായി ഓർക്കുന്നു, പക്ഷേ, ഒന്നുപോലും കൃത്യമായി ഓർത്തെടുക്കാൻ കഴിയുന്നില്ല. അതിെൻറയർഥം അതൊന്നും എന്നെ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ്. ചരിത്രത്തിെൻറ ഒഴുക്കിൽ സ്ത്രീകളുടെ പക്ഷത്തുനിന്ന് സമൂഹത്തെ ജനാധിപത്യവത്കരിക്കാൻ ശ്രമിച്ച ധീരരായ സ്ത്രീകളുടെ ഒരു മുൻതലമുറയെ കണ്ടെത്തിയതായിരുന്നു ഞാൻ ഗവേഷണരംഗത്തെ തുടക്കക്കാരിയായിരുന്ന കാലത്ത് നേടിയ ഏറ്റവും വലിയ തിരിച്ചറിവ്. ആ ഒഴുക്കിെൻറ ചെറിയൊരു ഭാഗമായി എന്നെ സ്വയം തിരിച്ചറിയാൻ അതു കാരണമായി. അപ്പോൾ നമ്മുടെ മുൻഗാമിനികൾ നമുക്കു വഴിയൊരുക്കിയതുപോലെ നമ്മളും ചെയ്യുക. അതാണ് വേണ്ടത് എന്ന് എങ്ങനെയോ മനസ്സിൽ തോന്നാതെ തോന്നി, അത്രതന്നെ. അതുകൊണ്ട് ആര് എന്ത് അംഗീകാരം തന്നാലും തന്നില്ലെങ്കിലും എനിക്കു സമമാണ്. ആറ്റിനടിയിൽ ഒഴുക്കിൽ ഉരുണ്ടുരുണ്ടുപോകുന്ന വെള്ളാരം കല്ലുപോലെ തേഞ്ഞുതേഞ്ഞ് ഒടുവിൽ അപ്രത്യക്ഷമാകുമ്പോഴേക്കും നമ്മുടെ സബ്സ്റ്റൻസ് മുഴുവൻ ആ വെള്ളത്തിൽ ചേർന്നുകഴിഞ്ഞിരിക്കും. അതു മതി എനിക്ക്.
അതുകൊണ്ട് അംഗീകാരം കിട്ടാത്തതല്ല എന്നെ വിഷമിപ്പിക്കുന്നത്. ശരിക്കും വിഷമം തോന്നിയത് ഉറ്റ കൂട്ടുകാർ വഞ്ചിക്കുന്ന സമയങ്ങളിലാണ്. ശരിക്കും വഞ്ചന ഉണ്ടാകുമ്പോൾ. മറ്റുള്ളവരുടെ അസൂയയും പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ചിലർ നടത്തിയ കുപ്രചാരണങ്ങളും വലിയ പ്രയാസമൊന്നും ഉണ്ടാക്കിയിട്ടില്ല. അതൊക്കെ മനുഷ്യരായാൽ ഉണ്ടാകുന്ന ദൗർബല്യങ്ങൾ മാത്രമാണല്ലോ. അത്തരക്കാരിൽനിന്ന് അകന്നുനിന്നാൽ നമ്മുടെയും അവരുടെയും പ്രശ്നം തീരും.
ഈ പുസ്തകങ്ങൾ എഴുതാൻ വെല്ലുവിളികളെ നേരിടേണ്ടിവന്നിട്ടുണ്ടോ?
‘കുലസ്ത്രീ’ ചെയ്ത സമയത്ത് ബുദ്ധിമുട്ടുണ്ടാക്കിയ സംഗതികള്‍ ഉണ്ടായിരുന്നു. അവിടെയും ഉറ്റവർ എന്നു വിചാരിച്ചവരുടെ വഞ്ചനയായിരുന്നു പ്രശ്നം. അതിൽനിന്ന് ഭാഗ്യത്തിന് രക്ഷപ്പെട്ടു എന്നു പറയാം. അന്ന് എെൻറ ഒപ്പം ഡിസൈനറായി പ്രവർത്തിച്ച പ്രിയരഞ്ജൻ ലാൽ തക്ക സമയത്ത് ഉപദേശിച്ചില്ലായിരുന്നെങ്കിൽ ഞാൻ സാമ്പത്തിക ക്രമക്കേടിൽ അറിയാതെ പെട്ടുപോയേനെ. അന്ന് അങ്ങനെ പെടുത്താൻ നോക്കിയവരും അവരുടെ സുഹൃത്തുക്കളും ചേർന്ന് ആ പുസ്തകത്തെ കഴിവതും മുക്കിക്കളയാൻ നന്നായി ശ്രമിച്ചതാണ്. നല്ല സ്വാധീനമുള്ള, മിക്കവരുടെയും നല്ലകുട്ടിയും നല്ല രാഷ്ട്രീയ പിടിപാടും ഒക്കെ ഉള്ളവരെല്ലാം കൂടി കുറെ ഒത്തുപിടിച്ചുനോക്കിയതാണ്. ധാരാളം കുപ്രചാരണങ്ങളെ അതിജീവിച്ച പുസ്തകമായിരുന്നു അത്. പക്ഷേ, ആ പുസ്തകമെഴുതിയപ്പോൾ നിരന്തരം ബന്ധപ്പെട്ട 25 വായനക്കാരുണ്ടായിരുന്നു. അവരാണ് ഈ കുതന്ത്രങ്ങളെ അതിജീവിക്കാൻ എന്നെ സഹായിച്ചത്. ഒരു ബൗദ്ധികവേലയും നമ്മുടേതു മാത്രമാണെന്ന് ഒരാളും കരുതരുത്. അതിനു തെളിവായിരുന്നു ആ പുസ്തകം എനിക്ക്. നല്ല പുസ്തകമാണെങ്കില്‍ വായിക്കപ്പെടും എന്നാണ് പിന്നെ എനിക്ക് തോന്നിയത്.
റ്റാറ്റാ ട്രസ്റ്റിെൻറ ഉന്നതവിദ്യാഭ്യാസപരിപാടിയുടെ സഹായമുണ്ടായിരുന്നു ‘കുലസ്ത്രീ’ എന്ന പുസ്തകത്തിന്. പക്ഷേ ഐ.എ.ടിക്കുവേണ്ടി ഒരു കണ്‍സള്‍ട്ടൻസി ചെയ്തപ്പോള്‍ കിട്ടിയ പൈസ സി.ഡി.എസ് ഇതിനുവേണ്ടി ഉപയോഗിക്കാന്‍ അനുവദിച്ചതുകൊണ്ടാണ് എനിക്ക് പെണ്ണൊരുമ്പെട്ടാല്‍ ലോകം മാറുന്നു എന്ന പുസ്തകം ചെയ്യാന്‍ ആയത്. മാത്രമല്ല, സി.ഡി.എസ് എനിക്കു തരുന്ന സീഡ് മണി പ്രസിദ്ധീകരണ സബ്സിഡിയായി ഉപയോഗിക്കാനും സമ്മതിച്ചു. ഉടൽ ഉയിരിനോട് കടപ്പെട്ടിരിക്കുന്നതുപോലെ എെൻറ എഴുത്ത് പ്രിയെൻറ കലയോട് കടപ്പെട്ടിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ വെല്ലുവിളികൾ ഉണ്ടായിരുന്നു. പക്ഷേ, അവയെ മറികടന്നത് ഒറ്റക്കല്ല, സുമനസ്സുകളുടെ സഹായത്തോടെയാണ്.
പൊതുവേ മാധ്യമങ്ങളുടെ ഭാഷ തീവ്രമായ പുരുഷാധികാരത്തിെൻറ ബഹിര്‍സ്ഫുരണങ്ങളാണ് എന്ന് താങ്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഒളിച്ചോട്ടം, പീഡനം, മാനഭംഗം എന്നീ വാക്കുകള്‍ നിലവിലുള്ള സാമൂഹിക യാഥാര്‍ഥ്യത്തെ പ്രകടിപ്പിക്കാന്‍ പര്യാപ്തമാണോ?
അബോര്ഷന് ഭ്രൂണഹത്യ എന്ന് മാധ്യമങ്ങളില്‍ വായിക്കുമ്പോള്‍ പേടി തോന്നും. ഇത് ഹത്യയൊന്നുമല്ല, ഗര്ഭമഴിക്കല് എന്ന് പറഞ്ഞാല്‍ പോരേ? ഭ്രൂണത്തിനെ കൊല്ലുക എന്നൊക്കെ പറഞ്ഞാല്‍ ഭയങ്കര ഡ്രാമയുണ്ടാക്കുന്ന തരത്തിലുള്ള പ്രയോഗമാണ്. റേപ്പിന് ബലാത്സംഗം എന്നതിന് പകരം മാനഭംഗം എന്ന് പറയുന്നു. ആരുടെ മാനമാണ് പോയത്. ചെയ്തവെൻറ മാനമാണ്. അല്ലാതെ സഹിച്ചവളുടെയോ സഹിച്ചവെൻറയോ മാനമല്ല പോയത്. ഇതു സത്യത്തിൽ പരിഭാഷയുടെ പ്രശ്നമാണ്. മലയാളത്തിൽ ഇവയെപ്പറ്റി പറയാൻ സങ്കൽപനമോ സംവർഗമോ ഇല്ലായിരുന്നു, അപ്പോൾ നാം മറ്റൊരു ഭാഷയിൽനിന്ന് അവയെ സ്വാംശീകരിക്കാൻ ശ്രമിക്കുന്നു. ആ സ്വാംശീകരണം ഫെമിനിസ്റ്റുകളാണോ അതോ സ്ത്രീവിരുദ്ധരാണോ ചെയ്യുന്നത് എന്നതാണ് പ്രശ്നം.
മാധ്യമങ്ങളില്‍ ഒരു സ്ത്രീപക്ഷ ഇടപെടല്‍ അനിവാര്യമാണെന്ന് തോന്നുന്നില്ലേ?
തീര്‍ച്ചയായും. എത്രയോ കാലമായി പറയുന്ന കാര്യമാണ്. ഫെമിനിസ്റ്റുകളും ഇപ്പോൾ ട്രാൻസ്ജനങ്ങളും. ഭിന്നലിംഗം എന്ന് പറയരുത് എന്ന് എത്രയോ കാലമായി അവര്‍ ആവശ്യപ്പെടുന്നു. ഇപ്പോഴും അങ്ങനെയാണ് അവരെ വിളിക്കുന്നത്. ട്രാന്‍സ്ജെന്‍ഡേഴ്സ് എന്ന് പറയുന്നതും ശരിയല്ല. ട്രാന്‍സ്ജെന്‍ഡര്‍ പീപ്പിള്‍ എന്ന് പറയണം. അവര്‍ ജനങ്ങളാണ്. ജനം എന്നു പറഞ്ഞാല്‍ ഒരു രാഷ്ട്രീയ സംവർഗമായി. ഭരണകൂടങ്ങളുടെ മേല്‍ ചില പ്രത്യേക അധികാരങ്ങളും അവകാശങ്ങളും ഉള്ളവരാണ് ജനം.
നമ്മള് ലോകത്തെ കാണാന്‍ ഉപയോഗിക്കുന്ന ലെന്‍സുകളാണ് വാക്കുകള്‍. അപ്പോള്‍ ലെന്‍സ് മാറിപ്പോയാല്‍ കാഴ്ചയും മാറില്ലേ? സക്കറിയയുടെ കഥയിൽ കൊലക്കളത്തിലെ അധികാരി പറയുന്നുണ്ട്. ഛെ... കൊലപാതകമോ അതൊന്നും ഞങ്ങള്‍ ചെയ്യാറില്ല. അത്രയും അറപ്പുളവാക്കുന്ന കാര്യങ്ങൾ ഞങ്ങൾ ചെയ്യാറില്ല, കേവലം മൃതദേഹവത്കരണമാണ് നടത്തുന്നതെന്ന്. അന്ന് അത് വായിച്ച് ചിരിച്ചിട്ടുണ്ട്. ഇന്ന് സിവിലിയന്‍ മരണങ്ങളെ കൊളാറ്ററല്‍ ഡാമേജ് എന്ന് ഭരണകൂടങ്ങള്‍ വിശേഷിപ്പിക്കുമ്പള് ഉദ്ദേശിക്കുന്നത് മൃതദേഹവത്കരണം തന്നെയാണ്. ഞങ്ങള്‍ ബോംബിട്ട് ആരെയും കൊന്നിട്ടില്ല. കുറച്ച് മൃതദേഹവത്കരണം നടത്തി, അത്രയേയുള്ളൂ എന്ന് പറയുന്നത് എത്രമാത്രം പരിഹാസ്യമാണ്. ഈ പുസ്തകം അടക്കമുള്ള എെൻറ എല്ലാ എഴുത്തുകളും ഫെമിനിസത്തിന് കേരളത്തിൽ സ്വന്തമായ ഭാഷയും ചരിത്രവും അപഗ്രഥനരീതിശാസ്ത്രവും ഉണ്ടാക്കാൻ വേണ്ടിയുള്ളതാണ്.
സുരക്ഷ vs സ്വാതന്ത്ര്യം, ശാക്തീകരണം vs വിമോചനം എന്നീ പദങ്ങള്‍ വലിയ ആശയക്കുഴപ്പംതന്നെ സൃഷ്ടിക്കുന്നില്ലേ?
ഈ രണ്ട് വാക്കുകളും തമ്മിലുള്ള വ്യത്യാസം പലര്‍ക്കും അറിയില്ല. ശാക്തീകരണവും വിമോചനവും തമ്മിലൂള്ള വ്യത്യാസമെന്താണെന്ന് ഏതാണ്ടെല്ലാ കുട്ടികളും എന്നോട് ചോദിച്ചിരുന്നു. പുസ്തകത്തില്‍ ഒരു അധ്യായത്തിെൻറ ടൈറ്റില്‍ ഒരു പയ്യന് ചോദിച്ച ചോദ്യമാണ്, ശാക്തീകരണം പോരേ മാഡം, വിമോചനംതന്നെ വേണോ എന്ന്. പെണ്‍കുട്ടികള്‍ തന്നെ ചോദിക്കുന്നു, എന്തിനാ നമുക്ക് സ്വാതന്ത്ര്യം, സുരക്ഷ പോരേ എന്ന്. പക്ഷേ, അവര്‍ അതേക്കുറിച്ചൊക്കെ ആലോചിക്കുന്നു എന്നത് നല്ല കാര്യമാണ് എന്ന് ഞാന്‍ കരുതുന്നു. ഈ വാക്കുകളുടെ സൂക്ഷ്മം എന്തെന്ന് അറിയാതെ തോന്നിയതുപോലെ പ്രയോഗിക്കുമ്പോഴാണ് പൊതുചർച്ച കാടുകയറുന്നത്. അതുകൊണ്ടാണ് ഈ പുസ്തകത്തിൽ അവ കാര്യമായി ചർച്ചചെയ്തത്.
സമീപകാലത്ത് കേരളം ഏറ്റവുമധികം ചര്‍ച്ച ചെയ്തത് ഹാദിയയെക്കുറിച്ചായിരുന്നു. ഹാദിയയുടെ തികച്ചും വ്യക്തിപരമായ കാര്യങ്ങളായ പ്രണയവും വിവാഹവും ഒരു രാഷ്ട്രീയ^ സാമൂഹിക പ്രശ്നമായി വളര്‍ന്നു. എന്നാല്‍ ഹാദിയയെക്കുറിച്ചൊന്നും പുസ്തകത്തില്‍ പ്രതിപാദിക്കുന്നില്ല എന്നത് ഒരു പോരായ്മയായി തോന്നിയില്ലേ?
2016ലാണ് പെണ്ണൊരുമ്പെട്ടാൽ ലോകം മാറുന്നു എന്ന പുസ്തകത്തിെൻറ ഡ്രാഫ്റ്റ് ആർട്ട് വർക്ക് ചെയ്യാനായി പ്രിയന് കൊടുത്തത്്. പ്രിയന് വളരെ സമയമെടുത്തും സൂക്ഷിച്ചുമാണ് വര്‍ക്ക് ചെയ്യുക. വൈകുന്തോറും അതില്‍ കുറെ തിരുത്തലുകള്‍ വേണ്ടിവന്നു. വര്‍ക്ക് ചെയ്യുന്ന കാലത്ത് ഓങ്സാന്‍ സൂചി ഒരു മഹതി ആയിരുന്നു. പിന്നെ അങ്ങനെ അല്ലാതായി. ഇറോം ശര്‍മിള പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് പുസ്തകം എഴുതിയത്. പിന്നീട് അവര്‍ ഇലക്ഷനൊക്കെ നിന്നു. ലോകത്ത്് ഇത്തരം മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ പുസ്തകം കുറെ തവണ തിരുത്തിയെഴുതേണ്ടതായി വന്നു.
പക്ഷേ, ഇതിൽനിന്ന് ഈ പുസ്തകങ്ങൾ എഴുതാൻ ഞാൻ സ്വീകരിച്ച രീതിശാസ്ത്രത്തിെൻറ ഒരു പോരായ്മ മനസ്സിലായി എന്നതാണ് ഉണ്ടായ നല്ലകാര്യം. ഈ പുസ്തകങ്ങളുടെ ഉള്ളടക്കം പല കലാലയ വിദ്യാർഥി വിദ്യാർഥിനികളുമായും സേവ-സമഖ്യസംഘടനകളിലെ വനിതകളുമായുമുള്ള ചർച്ചകളിലൂടെയാണ് രൂപമെടുത്തത്. ഇപ്പറഞ്ഞ സാമൂഹികശാസ്ത്രവിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ജീവിതമേഖലകളിൽ നിലവിലുള്ള ഏതെല്ലാം ലിംഗാധികാരത്തിെൻറ പ്രശ്നങ്ങളെപ്പറ്റി അറിയാനാണ് ഇവർക്ക് താൽപര്യമെന്ന് ആദ്യം ഫീൽഡ്വർക്ക് നടത്തി ആരാഞ്ഞതിനുശേഷമാണ് ഞാൻ ഉള്ളടക്കം തീരുമാനിക്കുന്നത്. അതായത്, അവർ ഏറ്റവുമധികം ഉയർത്തുന്ന ചോദ്യങ്ങളെ കണ്ടെത്തി അവ അധ്യായങ്ങളാക്കി മാറ്റുന്നതാണ് എെൻറ രീതിശാസ്ത്രം. അത് വളരെ ഗുണകരമായാണ് അനുഭവപ്പെട്ടത്. കാരണം, വിജ്ഞാനനിർമാണത്തിൽ അധികാരത്തിെൻറ ഒഴുക്കിനെ അത് അൽപസ്വൽപം തിരിച്ചുവിടുന്നു. പക്ഷേ, നാം ഏതുസമയത്താണ് ഫീൽഡിൽ പോകുന്നത്, ആ സമയത്ത് ആളുകളെ ചിന്തിപ്പിക്കുന്ന ചോദ്യങ്ങളാണ് നമുക്ക് കിട്ടുക. അല്ലെങ്കിൽ അതു മാത്രം. ഇതിലെ ചോദ്യങ്ങള്‍ 2014ലെ ഫീല്‍ഡ് വര്ക്കില്നിന്നും കലക്ട് ചെയ്തതാണ്. ഇന്നായിരുന്നെങ്കില്‍ വേറെ തരത്തിലുള്ള ചോദ്യങ്ങളെ ആയിരുന്നു അഭിമുഖീകരിക്കേണ്ടി വരുക. ട്രാന്‍സ്ജെന്‍ഡര്‍ പ്രശ്നം, വടയമ്പാടി സമരത്തിെൻറ പശ്ചാത്തലത്തില്‍ ദലിത് രാഷ്ട്രീയവും ഫെമിനിസവും തമ്മിലുള്ള ബന്ധം ഇതേക്കുറിച്ചെല്ലാം പ്രതിപാദിച്ചേനെ. ഹാദിയക്ക് വേണ്ടി ഒരു അധ്യായം തന്നെ നീക്കിവെച്ചേനെ.
പക്ഷേ, ഇങ്ങനെ ഉയർത്തപ്പെടുന്ന മൂർത്തമായ പ്രശ്നങ്ങളെ അങ്ങനെതന്നെ ചോദ്യമാക്കാനല്ല ഞാൻ ശ്രമിച്ചത്. മറിച്ച് മൂർത്ത ഉദാഹരണങ്ങളിൽനിന്ന് കണ്ടെടുക്കാവുന്ന അമൂർത്ത പ്രശ്നങ്ങളെ വീണ്ടെടുത്ത് അവക്ക് ഫെമിനിസ്റ്റ് രാഷ്ട്രീയസിദ്ധാന്തങ്ങളിൽനിന്നും പൊതുവേ വിമർശനാത്മക സാമൂഹികസിദ്ധാന്തങ്ങളുടെ പരിസരങ്ങളിൽനിന്നും മൂർത്തസാഹചര്യങ്ങളുടെ ഗവേഷണപഠനങ്ങളിൽനിന്നും ഉത്തരം കണ്ടെത്താനാണ് നോക്കിയിട്ടുള്ളത്. അതുകൊണ്ട് ചോദ്യങ്ങൾ ഏറ്റവും പുതിയവയല്ല എന്ന പ്രശ്നമാണുള്ളത്, അല്ലാതെ ചോദ്യങ്ങൾ അപ്രസക്തങ്ങളാകുന്നു എന്നതല്ല പ്രശ്നം.
ഡി.എച്ച്.ആര്.എമ്മിനുള്ള സപ്പോര്‍ട്ട് അല്ലെങ്കില്‍ പോപുലര്‍ ഫ്രണ്ട് പോലുള്ള തീവ്ര നിലപാടുകള്‍ വെച്ചുപുലര്‍ത്തുന്ന സംഘടനകള്ക്ക്് നല്കിപ്പോരുന്ന പിന്തുണ പലപ്പോഴും തെറ്റിദ്ധാരണകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്. ഹാദിയ വിഷയത്തില്‍ ദേവിക സ്വീകരിച്ച നിലപാട് ന്യൂനപക്ഷത്തിെൻറ വക്താക്കള്‍ എന്ന് അവകാശപ്പെടുന്ന ബുദ്ധിജീവികളുടെപോലും വിമര്‍ശനത്തിന് കാരണമായിത്തീര്‍ന്നിരുന്നു?
എനിക്ക് അവാര്‍ഡ് വേണ്ട. ഞാൻ മിടുക്കിയാണെന്ന് ആരും പറയണ്ട. എന്നെ ആരും പൊക്കിക്കൊണ്ട് നടക്കണ്ട. അതുകൊണ്ട് ഭയമില്ല. സര്‍ക്കാര്‍ എനിക്ക് ശമ്പളം തരുന്നത് ഇവിടത്തെ പബ്ലിക് ഡിബേറ്റിലേക്ക് കോണ്ട്രിബ്യൂട്ട് ചെയ്യാന്‍ വേണ്ടിയാണ്. ഇന്ത്യയില്‍ സാമൂഹികശാസ്ത്രത്തിന് സര്‍ക്കാര്‍ കാശ് ചെലവാക്കുന്നതെന്തിനാ? പ്ലാനിങ് പ്രോസസില്‍ ചേര്‍ക്കാന്‍ വേണ്ടി മാത്രമല്ല. ജനാധിപത്യവത്കരണത്തെ ശക്തിപ്പെടുത്താന്‍ കൂടിയാണ്. പോപുലര്‍ ഫ്രണ്ട് അല്ലെങ്കില്‍ ഡി.എച്ച്.ആര്.എം എന്ന് പറയുന്ന സംഘടനകളിലെ മനുഷ്യര്‍ അങ്ങേയറ്റം മൂലയില്‍ കുത്തിത്തള്ളിയിട്ടിരിക്കുന്ന, ക്രിമിനലൈസ് ചെയ്തിരിക്കുന്ന ശബ്ദമില്ലാത്ത കുറെ മനുഷ്യരാണ്. അവര്‍ സംസാരിച്ചുതുടങ്ങുമ്പോഴേക്കും മനുഷ്യര്‍ക്ക് അവരെക്കുറിച്ച് സംശയം ഉണ്ടായിത്തുടങ്ങുന്നു. അവർക്ക് കുറവുകളുണ്ടാകാം, അവർ യാഥാസ്ഥിതികരുമാകാം. പക്ഷേ, യാഥാസ്ഥിതികർ അവർ മാത്രമല്ല, തങ്ങളുടെ അഭിപ്രായങ്ങൾ ഹിംസയിലൂടെ അടിച്ചേൽപിക്കാൻ ശ്രമിക്കുന്നതും അവർ മാത്രമല്ല. അതിെൻറ പേരിൽ അവരെ മാത്രം ഹിംസ്രജീവികളായി ചിത്രീകരിച്ച് മറ്റെല്ലാവരും പുണ്യാളപ്പട്ടം നേടുന്നത് ന്യായവുമല്ല, അതു ജനാധിപത്യത്തിെൻറ കടക്ക് കത്തിവെക്കുന്നതുമാണ്. ഇങ്ങനെ ഒറ്റപ്പെടുത്തി എൻ.ഐ.എക്കു പിടിച്ചുകൊടുത്താൽ അവരുടെ യാഥാസ്ഥിതികത്വം മാറാൻ പോകുന്നില്ല. നേരെ മറിച്ചാകാനാണ് സാധ്യത. റിലാക്സ്ഡ് ആയ അന്തരീക്ഷത്തിൽ മാത്രമേ എന്തിനും അയവുണ്ടാകൂ - ഒരു വിഭാഗത്തെ നിരന്തരം വേട്ടയാടുന്നതിലൂടെ അവരുടെ രീതികളെ ഉദാരമാക്കിയെടുക്കാമെന്ന് വിചാരിക്കുന്നത് ശുദ്ധ മണ്ടത്തമാണ്.
പോപുലര്‍ ഫ്രണ്ടിനെ എതിര്‍ക്കുന്നവരോട് ഞാന്‍ പറയുന്നത് ഇത്രമാത്രമാണ്. അവർ ഇന്ത്യൻ ജനാധിപത്യത്തെ തകർക്കാനും നമ്മുടെയെല്ലാം ജീവിതങ്ങളെ താറുമാറാക്കാനും വേണ്ടി ബോധപൂർവവും നിരന്തരവുമായ കഠിനപരിശ്രമം നടത്തുന്ന സംഘടനയാണെന്ന് നിങ്ങള്‍ വിശ്വസനീയമായ തെളിവ് കൊണ്ടുവന്നാല്‍ അവരെ എതിര്‍ക്കാന്‍ ഞാനും തയാറാണ്. എെൻറ ഗതികേടിന് എനിക്ക് ലഭിച്ച പരിശീലനം അങ്ങനെയാണ്. നല്ല തെളിവുകളും ഉറപ്പുള്ള വാദങ്ങളുമില്ലാതെ മറ്റു മനുഷ്യരെ സാമൂഹികശത്രുക്കളായി പ്രഖ്യാപിക്കരുതെന്നുതന്നെ.
പോപുലര്‍ ഫ്രണ്ടിനെക്കുറിച്ച് പഠിക്കാന്‍ തുടങ്ങുന്ന സമയത്ത് അവരുടെ പഴയ നിലപാടുകള്‍ മുതല്‍ എല്ലാം പഠിച്ചിരുന്നു. അതാണ് എെൻറ രീതി. അവരെക്കുറിച്ച് പഠിച്ചുതുടങ്ങിയപ്പോഴാണ് മനസ്സിലായത്. അവരുടെ പല നിലപാടുകളും ഇപ്പോള്‍ അവര്ക്ക്് ചാര്‍ത്തിക്കൊടുത്ത ഭീകരമുഖവുമായി ഇണങ്ങിപ്പോകുന്നതല്ല എന്ന്്. സെ്കസ് എജുക്കേഷനെ അവര്‍ പിന്തുണക്കുന്നു. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടുകൊടുക്കണമെന്ന് പറയുന്നു. ഇതെങ്ങനെ സാധിക്കും? ചുംബനസമരത്തില്‍ പോത്തിനെ തെളിച്ചുകൊണ്ടുവന്ന് വല്ലാത്ത നിലപാടൊക്കെ ആദ്യം അവര്‍ എടുത്തിരുന്നു. എന്നാല്‍ ഹിന്ദുത്വവാദ വിരുദ്ധ സമരമാണ് ഇതെന്ന് മനസ്സിലാക്കിയ ഉടനെ അവര്‍ സമരം പിന്‍വലിച്ചു. ഇതില്‍നിന്നും എന്താണ് മനസ്സിലാക്കേണ്ടത്.
ഹാദിയയുടെ കേസുമായി ബന്ധപ്പെട്ട്് പോപുലര്‍ ഫ്രണ്ട് ഹിന്ദു-മുസ്ലിം വിവാഹങ്ങളെ തകര്‍ക്കുന്നു എന്ന ആരോപണം വന്നിരുന്നു. ഇത്തരം സംഭവങ്ങളെക്കുറിച്ച് ആര്‍ക്കെങ്കിലും അറിയുമെങ്കില്‍ വിവരങ്ങള്‍ അറിയിക്കണമെന്ന് ഞാന്‍ ഫേസ്ബുക്കില്‍ മെസേജിട്ടു. വൃന്ദ കാരാട്ട് ഇത്തരത്തില്‍ സൂചനകളുള്ള ഒരു ലേഖനം എഴുതിയിരുന്നുവല്ലോ. ഹാദിയക്ക് അനുകൂലമാണെങ്കിലും പോപുലര്‍ ഫ്രണ്ടിനെതിരെ അവര്‍ ലേഖനത്തിലൂടെ ആരോപണം ഉന്നയിക്കുന്നുണ്ട്. ചില സുഹൃത്തുക്കള്‍ വഴി വൃന്ദാ കാരാട്ടിെൻറ ഓഫിസില്‍ ഞാന്‍ ഇതേക്കുറിച്ച് തിരക്കി. നാട്ടിലെ സഖാക്കള്‍ അന്വേഷിക്കുന്നുണ്ട്. തെളിവ് സംഘടിപ്പിച്ചാലുടന് ലേഖനമെഴുതുമെന്നായിരുന്നു ലഭിച്ച മറുപടി. ഇത്രയും നാളായി ഞാന്‍ കാത്തിരിക്കുകയാണ്. ലേഖനമൊന്നും ഞാന്‍ കണ്ടില്ല. ഈ കാലത്ത് ആരെയും മോശക്കാരാക്കാന്‍ വളരെ എളുപ്പമാണ്. ആരെക്കുറിച്ചും പറഞ്ഞുണ്ടാക്കുകയും തെളിവുണ്ടാക്കുകയും ഒക്കെ ചെയ്യാം. അപ്പോപിന്നെ ആരാണ് സേഫ്? മാര്ജിനലായ ഒരു മനുഷ്യനും സേഫല്ല.
കുടുംബശ്രീയുടെ ഇടപെടൽ
കുടുംബശ്രീ സ്ത്രീകളുടെ ജീവിതത്തില്‍ ഒരുപാട് നല്ല മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നായിരുന്നു താങ്കളുടെ കണ്ടെത്തല്‍. അതേസമയം, കുടുംബശ്രീ എന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഒരു അധികഭാരം ആണെന്നും ദേവിക അഭിപ്രായപ്പെട്ടിരുന്നു?
കുടുംബശ്രീ അധികഭാരമാണെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, സ്ത്രീകളെ സംബന്ധിച്ചിടത്തോളം പുറംലോകത്തേക്ക് തുറന്നുകിട്ടിയ വാതിലാണ് അത്. അതിനാല്‍ അധികഭാരം സഹിച്ചിട്ടാണെങ്കിലും അവര്‍ അതിെൻറ കൂടെ നില്ക്കും. കുടുംബശ്രീ തുടങ്ങിയത് കുടുംബത്തിെൻറ സാമ്പത്തിക നിലനിൽപില് ഒരു തുല്യപങ്ക് സ്ത്രീകള്‍ വഹിക്കുക, അതിന് അവരെ പ്രാപ്തരാക്കുക എന്ന പ്രത്യേക ലക്ഷ്യത്തോടുകൂടിയാണ്. മറ്റൊന്നുമായി ബന്ധപ്പെടാതെ കുടുംബത്തില്‍ നിന്ന് വിപണിയിലേക്ക് ഒരു റോഡ് വെട്ടിത്തെളിക്കുന്നപോലെയാണ് അത്. പക്ഷേ, ഈ സ്ത്രീകള്‍ ആ റോഡിലേക്കിറങ്ങി പിന്നെ തിരിച്ച് രാഷ്ട്രീയത്തിലേക്കാണ് കടന്നത്. വിപണിയിലേക്ക് പോകാം പക്ഷേ, ഞങ്ങള്‍ക്ക് വേറെയും കുറെ സ്ഥലങ്ങളിലേക്കൊക്കെ പോകാനുണ്ട് എന്നായിരുന്നു അവരുടെ നിലപാട്. അധികാരികള്‍ ഉദ്ദേശിക്കാത്ത പല ഫലങ്ങളും കുടുംബശ്രീകൊണ്ട് സമൂഹത്തില്‍ ഉണ്ടായി. ആ അര്‍ഥത്തിലാണ് കുടുംബശ്രീ പ്രധാനമാകുന്നത്. അധികാരികള്‍ ഉദ്ദേശിക്കാത്ത തരത്തില്‍ സമൂഹത്തിലും രാഷ്ട്രീയത്തിലും ഇടപെടാന്‍ സ്ത്രീകള്‍ക്ക് സാധിച്ചു. പണ്ട് പഞ്ചായത്തുകളിലൊക്കെ പോകുമ്പോള്‍ മഹിളാ സമഖ്യയോടായിരുന്നു അവര്‍ക്ക് വിരോധം. അവര്‍ ഭയങ്കര കുഴപ്പക്കാരാണ്, ഫെമിനിസ്റ്റുകളാണ് എന്നൊക്കെയായിരുന്നു ആക്ഷേപം. കുടുംബശ്രീ നല്ലതാണ്, നല്ല പെണ്ണുങ്ങളാണ് എന്നൊക്കെയായിരുന്നു പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോ നേരെ തിരിച്ചാണ്. സമഖ്യ നല്ലതാണ്. കുടുംബശ്രീ ശരിയല്ല. അതിെൻറ അര്‍ഥം എന്താണെന്നുവെച്ചാല്‍ നല്ലതായാലും ചീത്തയായാലും പൊതുരംഗത്ത് സ്ത്രീകള്‍ എവിടെയൊക്കെയോ ഇടപെടുന്നുണ്ട്.
വൈക്കത്ത് അച്ഛന് മരിച്ച് കുടുംബത്തിെൻറ ഭാരം ഏറ്റെടുത്ത ഒരു സ്ത്രീയുണ്ട്. അനിയന്മാരുടെയും അനിയത്തിമാരുടെയും കല്യാണമൊക്കെ കഴിഞ്ഞു. ഇവരുടെ കല്യാണം കഴിഞ്ഞില്ല. അവര്‍ക്ക് അതില്‍ നല്ല വിഷമം ഉണ്ടായിരുന്നു. കുടുംബശ്രീയുടെ മുഴുവന്‍ സമയപ്രവര്ത്തകയാണ്. കുടുംബശ്രീയുടെ പ്രധാന പ്രവര്‍ത്തകയായിട്ടും സ്വന്തമായി കുടുംബം ഉണ്ടാക്കാന്‍ കഴിയാത്തതില്‍ വിഷമം ഇല്ലേ എന്ന് ഞാനവരോട് ചോദിച്ചു. അവര്‍ പറഞ്ഞ ഉത്തരം രസകരമായിരുന്നു. ശ്രീയുള്ള കുടുംബം എന്നു പറഞ്ഞാല്‍ കുടുംബശ്രീയിലെ വനിതകളെല്ലാം ചേര്‍ന്നുണ്ടായ കുടുംബമാണ്. എനിക്കെെൻറ കുടുംബശ്രീ കുടുംബമേ വേണ്ടൂ അല്ലാതെ മറ്റേ കുടുംബം വേണ്ട എന്നാണ് അവരുടെ വിശദീകരണം. ആ സാധ്യത എല്ലായിടത്തും ഉണ്ട് എന്നല്ല ഞാന്‍ പറഞ്ഞത്. പക്ഷേ, അങ്ങനെയൊരു സാധ്യത ഉള്ളപ്പോള്‍ ഇത്് ഇൻററസ്റ്റിങ് ആണ്. സര്‍ക്കാറിനാണെങ്കില്‍ മധുരിച്ചിട്ട് ഇത് തുപ്പാനും വയ്യ, കയ്ചിട്ട് ഇറക്കാനും വയ്യ എന്ന അവസ്ഥയിലാണ്.
കുടുംബശ്രീയാണ് നമ്മെ വിമോചിപ്പിക്കാന്‍ പോകുന്നത് എന്നല്ല ഞാന്‍ പറഞ്ഞത്. കേരളത്തില്‍ വലിയ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളൊന്നും ഇല്ല, പക്ഷേ, ഫെമിനിസ്റ്റുകളുടെ ക്രിട്ടിക്കല്‍ ആയ ഒരു ഇടപെടല്‍ ഇതില്‍ ആവശ്യമായിരുന്നു. പല പഞ്ചായത്തുകളിലും പല സ്ത്രീകളും വെല്ലുവിളികള്‍ നേരിടുന്നുണ്ട്. അതിലൊക്കെ ഫെമിനിസ്റ്റുകള്‍ക്ക് സജീവമായി ഇടപെടാന്‍ പറ്റിയിട്ടില്ല.
ഇത്തരം സംരംഭങ്ങളില്‍ പക്ഷേ ഫെമിനിസ്റ്റുകള്‍ക്ക് ഒരു ഇടവും ഉണ്ടായിരുന്നില്ലല്ലോ?
സര്‍ക്കാര്‍ പോസ്റ്റുകള്‍ തന്നാല്‍ മാത്രമാണോ നാം അതില്‍ ഇടപെടേണ്ടത്. ഇലക്ഷന് സമയത്ത് വോട്ടിങ് രീതിയിലൊക്കെ മാറ്റം വരുത്താന്‍ നമ്മള് വിളിച്ചു പറയേണ്ട കാര്യങ്ങളുണ്ടായിരുന്നു. അത് സമരത്തിെൻറ കോര്‍ ആകേണ്ടതായിരുന്നു. ജനത്തിന് പങ്കാളിത്തമുള്ള ഒരു സംഘടന എന്ന നിലയില്‍ കുടുംബശ്രീ ജനാധിപത്യവത്കരണത്തിെൻറ വാഹനമായി മാറേണ്ടതായിരുന്നു. ഫെമിനിസ്റ്റുകള്‍ മാത്രമല്ല, കേരളത്തിലെ എതിര് സിവില്‍ സമൂഹത്തിെൻറ പക്ഷത്തുനിന്ന് അതുണ്ടാവേണ്ടിയിരുന്നു. അല്ലാതെ നിയോലിബറല്‍ ആണ് എന്ന വിമര്‍ശനമുന്നയിച്ച് മാറിനില്‍ക്കുകയായിരുന്നില്ല വേണ്ടിയിരുന്നത്.
രാഷ്ട്രീയത്തില്‍ സ്ത്രീകളെ ഒരിക്കലും അടുപ്പിച്ചിരുന്നില്ല. ഒരു കാലത്ത് കേരളത്തിലെ തൊഴിലാളികളുടെ നട്ടെല്ല് എന്നുപറയുന്നത് വനിത തൊഴിലാളികളായിരുന്നു. അവരെ നേതൃത്വത്തില്‍ മഷിയിട്ട് നോക്കിയാല്‍ പോലും കാണാത്ത അവസ്ഥയായിപ്പോയി. കുടുംബശ്രീയിലെ തൊഴിലാളികള്‍ എന്തുകൊണ്ട് വലിയ വിപ്ലവകാരിണികളാകുന്നില്ല എന്ന് പലരും ചോദിക്കാറുണ്ട്. അവരുടെ ട്രേഡ് യൂനിയന്‍ ഉണ്ടാക്കാന്പോലും ആരും ശ്രമിച്ചില്ല. അവരാണ് സത്യത്തില്‍ പുതിയ ലോകത്തെ തൊഴിലാളികള്‍. അവരെ സംഘടിപ്പിക്കുന്നത് വളരെ പ്രയാസമാണ്. ചരിത്രത്തില്‍ എല്ലായ്പോഴും ഇക്കാര്യങ്ങള്‍ വളരെ പ്രയാസമേറിയതാണ്.
കുടുംബശ്രീ വനിതകളെ സംഘടിപ്പിക്കുന്നത് ഫെമിനിസ്റ്റുകളുടെ ഉത്തരവാദിത്തമായിരുന്നോ? യഥാര്‍ഥത്തില്‍ അത് രാഷ്ട്രീയ പാര്‍ട്ടികളുടെ ഉത്തരവാദിത്തമായിരുന്നില്ലേ?
രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്ത കാര്യം പറയാം. സി.പി.എം കുടുംബശ്രീയെ അവരുടെ വനിതാസംഘടനയുടെ ഭാഗമാക്കുകയാണ് ചെയ്തത്. സത്യം പറഞ്ഞാല്‍ അവരെ പുതിയ ട്രേഡ് യൂനിയൻ രൂപം ഉണ്ടാക്കി അതിൽ സംഘടിപ്പിക്കേണ്ടിയിരുന്നു. മുതലാളിത്തത്തിെൻറ ഏറ്റവും പുതിയ രൂപം സൃഷ്ടിച്ച തൊഴിലാളികളാണ് അവർ. ആ മുതലാളിത്തത്തെ എതിരിടാൻ പ്രാപ്തമായ പുതിയ സംഘടനാരൂപത്തിലായിരിക്കുന്നു അവരുടെ സംഘാടനം. അവരെ സംഘടിപ്പിക്കാന്‍. ഒരു സോഷ്യല്‍ മൂവ്മെൻറ് ട്രേഡ് യൂനിയന്‍ അവര്‍ക്ക് തുടക്കംകുറിക്കാമായിരുന്നു. അതില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് അവരുടേതായ മാതൃക സൃഷ്ടിക്കാമായിരുന്നു. അല്ലാതെ അവര്‍ തൊഴിലാളികളാണെന്ന കാര്യം മറന്ന് പെണ്ണുങ്ങള് മാത്രമാക്കി മാറ്റി. ഫെമിനിസ്റ്റുകള്‍ ഇവരെ സംഘടിപ്പിക്കണമെന്നല്ല ഞാന്‍ പറഞ്ഞത്. ആ വ്യവഹാരത്തില്‍ ഫെമിനിസ്റ്റുകള്‍ ഇടപെടണമായിരുന്നു എന്നാണ്.
താങ്കള്‍ അതാണോ ശ്രമിക്കുന്നത്?
ഞാന്‍ അതിന് ശ്രമിക്കുന്നു. അങ്ങനെയൊരു ശൃംഖലയില്‍ ഇടപെട്ടില്ലെങ്കില്‍ ജനാധിപത്യവത്കരണത്തിന് തന്നെയായിരിക്കും അതിെൻറ നഷ്ടം.
വിദ്യാഭ്യാസം, ആരോഗ്യം, തുടങ്ങി നിരവധി വിഷയങ്ങളില്‍ കേരള മാതൃക എന്നത് ഏറെ അംഗീകരിക്കപ്പെടുന്ന ഒന്നാണ്. സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യം പോലുള്ള കാര്യങ്ങളിലെത്തുമ്പോള്‍ ഈ ഗ്രാഫ് കുത്തനെ താഴോട്ട് പോകുന്നതായി കാണാം. ഇവിടം ഭരിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്, പ്രത്യേകിച്ചും സി.പി.എമ്മിന് ഇക്കാര്യത്തില്‍ വലിയ പങ്കില്ലേ?
തീര്‍ച്ചയായും. അക്കാര്യത്തെക്കുറിച്ച് ഞാന്‍ ഒരുപാട് എഴുതിയിട്ടുണ്ട്. ഇവിടത്തെ ഇടതുപക്ഷം വളരെക്കാലം രാഷ്ട്രീയമായി ഇടതുപക്ഷത്തും സാമൂഹിക^സാംസ്കാരിക കാര്യങ്ങളിൽ വലതുപക്ഷത്തുമായാണ് നിന്നത്. അതുകൊണ്ട് സ്ത്രീസ്വാതന്ത്ര്യം പരമാവധി വികസനവാദപരമായി - അതായത്, വികസനത്തിന് ഉതകുംവിധത്തിൽ മാത്രം - കാണാനാണ് അവർ ശ്രമിച്ചത്. മറ്റു രാഷ്ട്രീയ പാർട്ടികളുടെയും സാമൂഹികശക്തികളുടെയും കാര്യം പറഞ്ഞാൽ അവരാരും 1950കൾക്കു ശേഷം ഇക്കാര്യത്തിൽ ഒരു ചെറിയ ചുവടുപോലും മുന്നേറിയിട്ടുണ്ടെന്നു തോന്നുന്നില്ല. വികസനവാദപരമായ സ്ത്രീ സ്വാതന്ത്ര്യനിലപാട് ലിംഗാധികാരത്തെക്കുറിച്ച് ചർച്ച ചെയ്യാൻ പരിമിതമായ ഒരു ഭാഷ അനുവദിക്കുന്നു - നാം ജൻറർ എന്ന് പഞ്ചായത്തുതലത്തിലും മറ്റും കേൾക്കുന്നത്. പക്ഷേ ഈ ഭാഷ സ്ത്രീകളെ ഒരു രാഷ്ട്രീയസംവർഗമായി ഇനിയും കാണുന്നില്ല - ജനക്ഷേമപരമായ വികസനത്തിെൻറ ഗുണഭോക്താക്കളായിത്തന്നെയാണ് സ്വയംസഹായ പ്രത്യയശാസ്ത്രത്തിെൻറ വിഷയികളെപ്പോലും അത് ഉൾക്കൊള്ളുന്നത്. സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യത്തെപ്പോലും നിരുപാധികമായി അനുവദിച്ചുകൊടുക്കാൻ വികസനവാദനിലപാട് തയാറല്ല, ഭരണഘടനാപരമായ അവകാശമാണ് അതെങ്കിലും.
പിന്നെ ഈ വിമർശനം ഉന്നയിക്കുന്നത് ഏതു സ്പിരിറ്റിലാണെന്ന ചോദ്യത്തെയാണ് ഞാൻ ഒരുപാട് അഭിമുഖീകരിച്ചിട്ടുള്ളത്. നെഹ്റുവിയന്‍ വികസനവാദം. അതിനോട് യോജിച്ചാലും ഇല്ലെങ്കിലും അത് ഇന്ത്യന്‍ സമൂഹത്തിന് നെഹ്റു നല്കിയ സംഭാവനയാണ്. അതുപോലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പല മാറ്റങ്ങളും ഇവിടെ നടത്തിയിട്ടുണ്ട്. അതിെൻറ ക്രെഡിറ്റ് അവര്‍ക്ക് കൊടുക്കണം. എന്നുവെച്ച് അതിെൻറ പോരായ്മകള്‍ എവിടെയും പറയാന്‍ പാടില്ല എന്നു പറയരുത്. അതൊരു ചരിത്രാനുഭവമായി കണക്കാക്കണം. അല്ലാതെ അതിനെ ഒരു പ്രത്യശാസ്ത്ര നിര്മിതിയായിക്കണ്ട് സിംഹാസനത്തിലിരുത്തുകയോ അമ്പലത്തിലെ മൂര്ത്തിയായിക്കണ്ട് അതിനെ പൂജിക്കുകയോ അല്ല വേണ്ടത്. നമ്മുടെ കൂട്ടായ ചരിത്രാനുഭവത്തില്‍ വന്നിരിക്കുന്ന പോരായ്മകളെ മനസ്സിലാക്കുകയും അതിനെ സത്യസന്ധമായി അംഗീകരിക്കുകയും വേണം. അതിന് പകരം നിങ്ങളൊക്കെ സി.പി.എമ്മിന് എതിരായതുകൊണ്ട് ഇങ്ങനെ പറയുകയാണെന്ന് പറഞ്ഞാല്‍ പിന്നെ എന്തു മറുപടി പറയാന്‍. ഇതൊക്കെ ഇടതുപക്ഷത്തോടേ പറയാന്‍ പറ്റൂ. വലതുപക്ഷത്തോട് ഒന്നും പറയാന്‍ പറ്റില്ല. ഒരു ആര്.എസ്.എസുകാരെൻറയും വേദിയില്‍ ഞാന്‍ പോകില്ല. അവർ ക്രിമിനലുകള്‍ ആണ്. വടക്കേയിന്ത്യയില്‍ നടന്ന പല കലാപങ്ങളിലും അവരുടെ പങ്ക് പല കമീഷനുകളും എടുത്തുപറഞ്ഞിട്ടും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ അവരുടെ വേദികളില്‍ ഞാന്‍ പോകാറില്ല. ജനാധിപത്യവത്കരണ പ്രക്രിയയില്‍ അവരുടെ എന്ത് സംഭാവനയാണ് ഉണ്ടായിട്ടുള്ളത്. ഒന്നും ഉണ്ടായിട്ടില്ല.
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും ക്രിമിനല്‍ ആയ പല കാര്യങ്ങളും ചെയ്തിട്ടുണ്ട്. പക്ഷേ, ജനാധിപത്യവത്കരണത്തില്‍ അവര്‍ക്ക് പങ്കുണ്ടായിരുന്നു, മുൻപ്. കമ്യൂണിസ്റ്റ് എന്ന പേര് അവർ ഇപ്പോഴും കളഞ്ഞിട്ടില്ല. കേരളത്തിെൻറ പ്രത്യേകതയായിരുന്ന ജനക്ഷേമഭരണകൂടത്തെ ആ കക്ഷിയിലെ ചിലരെങ്കിലും ഇന്നും പിന്തുണക്കുന്നു. അത്രയും ഇന്നുമുള്ളിടത്തോളം ആ പാർട്ടിയെ ശ്രദ്ധിക്കുകതന്നെ വേണം. എന്ന് അവർ കാപ്പിറ്റലിസ്റ്റ് പേട്രിയാർക്കി ഒഫ് ഇന്ത്യ എന്ന പേരിലേക്കു മാറുന്നുവോ അന്ന് അവരോട് സംസാരിക്കാനുള്ള ശ്രമം അവസാനിപ്പിക്കാം. അതുവരെ ആ കക്ഷി എെൻറ പരാതിയും വിമർശനവും എല്ലാം കേട്ടേതീരൂ. ഉദാഹരണത്തിന്, അവർ ഇന്ന് സുരക്ഷാഭരണകൂടത്തിന് വഴിയൊരുക്കുന്നതു കാണുമ്പോൾ പറഞ്ഞേ തീരൂ. കമ്യൂണിസ്റ്റ് എന്ന് സ്വയം വിളിച്ചുകൊണ്ട് അവരതു ചെയ്യുേമ്പാൾ എന്നെപ്പോലുള്ളവർ പ്രതിഷേധിക്കുകതന്നെ ചെയ്യും.
അത് അംഗീകരിച്ചുകഴിഞ്ഞാല്‍ പിന്നെ വിമര്‍ശിക്കാന്‍ പാടില്ല എന്ന് പറയരുത്. സാമൂഹികശാസ്ത്രം ഒക്കെ പഠിച്ചുകഴിയുമ്പോള്‍ ഉണ്ടാകേണ്ട ഉള്‍ക്കാഴ്ച സാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ എന്തുതരം ആഘാതങ്ങളാണ് ഉണ്ടാക്കിയത് എന്ന് പഠിക്കാനും അതേക്കുറിച്ച് അഭിപ്രായം പറയാനും പറ്റണം എന്നതാണ്. പാർട്ടിവിരോധംകൊണ്ടല്ല അതുചെയ്യുന്നത്, പാർട്ടിഭക്തികൊണ്ടുമല്ല.
സ്ത്രീകളുടെ പ്രശ്നങ്ങളെ സഞ്ചാരം, വേഷം, എന്നീ വിഷയങ്ങളായി ബന്ധപ്പെടുത്തി ചുരുക്കിക്കാണിക്കാനുള്ള പ്രവണത പലപ്പോഴും കാണാറുണ്ട്. സ്ത്രീ സംഘടനകളുടെ സമ്മർദം മൂലം ഉണ്ടായിട്ടുള്ള മാറ്റം പോലും തങ്ങളുടെ അക്കൗണ്ടില്‍ തിരുകികയറ്റാനാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമം. ഇന്ത്യയില്‍ സ്ത്രീകളുടെ രാഷ്ട്രീയ പാര്‍ട്ടി എന്ന ആശയം നടപ്പിലാകുമോ?
സ്ത്രീകളുടെ പ്രശ്നങ്ങളിൽ പ്രധാനപ്പെട്ടവ തന്നെയാണ് സഞ്ചാരത്തിെൻറയും വേഷത്തിെൻറയും പ്രശ്നങ്ങൾ, അവയെ നിസ്സാരമായി കാണുന്നത് ആ കാര്യങ്ങളിൽ വിലക്കനുഭവിക്കാത്ത ഭാഗ്യവാന്മാരുടെ നോട്ടമാണ്. നിങ്ങളുടെ ശരീരത്തെ എങ്ങനെ, എപ്പോൾ കൊണ്ടുനടക്കണമെന്ന പ്രശ്നമാണ് അവ ഉയർത്തുന്നത്. ലോകത്തെ എല്ലാ അധികാരരൂപങ്ങളും പിടിമുറുക്കുന്നത്, ആത്യന്തികമായി, നമ്മുടെ ശരീരങ്ങൾക്കുമേലാണ്. ആ പിടി വിടുവിക്കാതെ ജനാധിപത്യം ഒരടി പോലും വളരാൻ പോകുന്നില്ല എന്ന വ്യക്തമായ തിരിച്ചറിവ് ഇന്നുണ്ട്. അതുകണ്ടില്ലെന്ന് നടിക്കുന്നവരാണ് നമ്മുടെ പുരോഗമനക്കാരിൽ ഭൂരിഭാഗവും. അതാവശ്യപ്പെടുന്ന ഒരു പെൺപാർട്ടി ഇവിടെ ഉണ്ടായാൽ ഒന്നുകിൽ ഇന്നത്തെ വലതുപക്ഷ-അധീശത്വകാലാവസ്ഥയിൽ അത് ഭയങ്കരമായി ആക്രമിക്കപ്പെടും എന്നു തീർച്ചയാണ്. ഒരുപക്ഷേ കായികമായിത്തന്നെ. ശരീരത്തിെൻറ രാഷ്ട്രീയം പക്ഷേ പെൺരാഷ്ട്രീയം മാത്രമല്ല ഇന്നത്തെക്കാലത്ത്. പൊതുവേ എൽ.ജി.ബി.ടി.ക്യൂ രാഷ്ട്രീയമത്രയും ശരീരത്തിേൻറതാണ്. ചെറുപ്പക്കാർ ആഗോളമുതലാളിത്തത്തിെൻറ പണിക്കാരാകാൻ വിസമ്മതിച്ചുകൊണ്ടു നടത്തുന്ന രാഷ്ട്രീയസമരങ്ങളും വലിയൊരളവുവരെ ശരീരത്തിെൻറ രാഷ്ട്രീയമാണ്. അതിനു ചുറ്റും ഉയർന്നുവരേണ്ടത് ഒരു സാമൂഹികപ്രസ്ഥാനമാണ് - വളരെ വ്യത്യസ്തരായ മനുഷ്യരെ കോർത്തിണക്കാൻ പ്രാപ്തമായ ഒന്ന്. നിരന്തരമായ പ്രതിപക്ഷമായി നിന്നുകൊണ്ട് ഭരണകൂടത്തെ ജീവത്തമാക്കാൻ പ്രാപ്തമായത്, സ്വീഡനിലും നോര്‍വെയിലും ഉള്ളപോലെ സാഹചര്യം ഇന്ത്യയിലില്ല. അവിടെ സ്ത്രീകള്‍ക്ക് ജയിക്കാനും പാര്‍ലമെൻറിലേക്ക് കടക്കാനും കുറെക്കൂടി സാധ്യതകളുണ്ട്. ചരിത്രപരമായി നോക്കിയാലും സ്കാന്ഡിനേവിയന് സോഷ്യല്‍ ഡെമോക്രസിയുടെ ചരിത്രത്തില്‍ വലിയ പങ്കുവഹിച്ചത് സ്ത്രീ സംഘടനകളും ഫെമിനിസ്റ്റുകളും ആയിരുന്നു. അവിടെ സ്ത്രീകളുടേതായ ഒരു സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് സാധ്യതകളും കൂടുതലുണ്ടായിരുന്നു. ഇവിടെ അങ്ങനെയൊരു ചരിത്ര സാഹചര്യം ഇല്ല. സ്ത്രീകള്‍ കാര്യമായ പങ്കുവഹിച്ച സമരങ്ങളില്‍പോലും അവര്‍ നേതൃത്വത്തിലേക്ക് വന്നിട്ടേയില്ല. രാഷ്ട്രീയ പാര്‍ട്ടിയുടെ വനിതാ സംഘടന ഉണ്ടാകുന്നതു തന്നെ വളരെ വൈകിയാണ്.
അതിൽ ഇവിടത്തെ ഫെമിനിസ്റ്റുകള്‍ വഹിച്ച പങ്ക് തള്ളിക്കളയാന്‍ പറ്റുമോ?
എഴുപതുകളുടെ അവസാനത്തില്‍ പ്രത്യേകിച്ചും അടിയന്തരാവസ്ഥ കഴിഞ്ഞപ്പോള്‍ സ്ത്രീ വിഷയം സംബന്ധിച്ച പ്രശ്നങ്ങള്‍ ഉയര്‍ത്താന്‍ തുടങ്ങി. എക്സ് നക്സെലെറ്റ് സംഘടനകളാണ് അതിന് ചുക്കാന്‍ പിടിച്ചത്. ആ അവസരം മുതലെടുത്തിട്ടാണ് സുശീലാ ഗോപാലനെപോലുള്ളവര് സംഘടന രൂപവത്കരിക്കാന്‍ തുനിഞ്ഞത്. വളരെ ഉചിതമായിരുന്നു അത്.
അതിനെ അത്തരത്തില്‍ ഉപയോഗിക്കാന്‍ അവർക്ക് കഴിഞ്ഞിരുന്നോ?
കഴിഞ്ഞിട്ടില്ല. പേക്ഷ, പാര്‍ട്ടിക്കകത്ത് ഇതിനുവേണ്ടി ഒരുപാട് പേര് സമരം ചെയ്തിട്ടുണ്ട്. സുശീലാ ഗോപാലെൻറ വലിയ സംഭാവനയാണ് അംഗന്‍വാടി വര്‍ക്കേഴ്സ് യൂനിയന്‍. അവരെ വനിതാസംഘടനയില്‍ ചേര്‍ക്കാതെ തൊഴിലാളികളായിട്ടാണ് സംഘടിപ്പിച്ചത്. വകതിരിവുള്ള വനിതാ നേതാക്കന്മാര് അന്ന് പാര്‍ട്ടിയില്‍ ഉണ്ടായിരുന്നു.
വകതിരിവുള്ള വനിതാനേതാക്കൾ ഇന്ന് രാഷ്ട്രീയ പാർട്ടികളിലില്ല എന്ന ഒരു ധ്വനിയുണ്ട് ഈ പ്രസ്താവനക്ക്?
അതെ, സുശീലാ ഗോപാലനെപ്പോലെ ആരുമില്ല ഇന്ന് എന്നു പറയാൻ എനിക്കു മടിയൊന്നുമില്ല.
കേരളത്തിലെ, അതല്ലെങ്കില്‍ ഇന്ത്യയിലെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഇപ്പോഴും മതപരമായ പ്രശ്നങ്ങള്‍ വരുമ്പോള്‍ സ്ത്രീ സംഘടനകള്‍ മൗനംപാലിക്കുകയോ പിന്‍വലിയുകയോ ചെയ്യുകയാണ് പതിവ്. ശബരിമല പ്രവേശം, മുത്തലാഖ് പോലുള്ള പ്രശ്നങ്ങളില്‍ പ്രമുഖ സംഘടനകളൊന്നും അഭിപ്രായംതന്നെ പറയാറില്ല?
കേരളത്തിലെ ഫെമിനിസത്തിെൻറ വേര് യുക്തിവാദത്തിെൻറ അടിത്തറയുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളിലാണ്. അപ്പോ ആ പ്രസ്ഥാനങ്ങള്‍ മതത്തോടെടുക്കുന്ന സമീപനം ഏറക്കുറെ ഇതിലും പ്രതിഫലിക്കും. യുക്തിവാദപരമായ നിലപാടുകള്‍ എടുക്കുന്നവരാണ് ഫെമിനിസ്റ്റുകള്‍ എന്നതുകൊണ്ടാണ് കേരളത്തില്‍ ഇക്കോഫെമിനിസമൊന്നും അങ്ങനെ കാര്യമായി വളരാത്തത്. വന്ദനശിവയുടെ നിലപാടൊന്നുമല്ല ഇപ്പോള്‍ ഇക്കോ ഫെമിനിസ്റ്റുകള്‍ സ്വീകരിക്കുന്നത്. അതിനെക്കാള്‍ സങ്കീര്‍ണമായ ആണ് പെണ് ബൈനറിയെ പ്രശ്നവത്കരിക്കുന്ന സങ്കീര്‍ണമായ നിലപാടുകളാണ്. ഇത്തരം കാര്യങ്ങളില്‍ നിലപാടെടുക്കാതെ മുന്നോട്ടുപോകാനാവില്ലെന്ന് ഇന്ത്യന്‍ ഫെമിനിസത്തിന് തൊണ്ണൂറുകളില്‍ തന്നെ മനസ്സിലായി. ബാബരി മസ്ജിദ് ധ്വംസനം, മണ്ഡല് കമീഷന് വിരുദ്ധസമരം എന്നിവയുടെ ചുവടുപിടിച്ച് ജാതി, മതം എന്നിവയെ സംബന്ധിച്ച നിലപാടുകള്‍ പുതുക്കണം എന്ന സമീപനം ഇന്ത്യന്‍ ഫെമിനിസത്തിലുണ്ടായി.
ഹാദിയ വിഷയത്തില്‍ ഞാന്‍ സ്വീകരിച്ച നിലപാടുകള്‍ ചൊവ്വ ഗ്രഹത്തില്‍നിന്ന് ഇറക്കുമതി ചെയ്തതൊന്നുമല്ല. ഇന്ത്യന്‍ ഫെമിനിസത്തില്‍ തന്നെയുള്ള ശക്തമായ ഗ്രൂപ്പുകള്‍ എടുത്തിരിക്കുന്ന നിലപാടുകളാണ്. മുത്തലാഖ് വിഷയത്തില്‍ മുസ്ലിം സ്ത്രീകള്‍ സംസാരിക്കട്ടെ എന്നതാണ് നിലപാട്. മറ്റ് എല്ലാവരും കൂടി ഏറ്റുപിടിക്കേണ്ടതില്ല. നമുക്കൊക്കെ നിലപാടുകളുണ്ടാകാം. പക്ഷേ, അതിനെക്കാള്‍ എത്രയോ പ്രധാനമാണ് ആ സമുദായത്തിെൻറ അകത്തുനിന്നുള്ള സ്ത്രീകള്‍ എന്താണ് പറയുന്നത് എന്നുള്ളത്. മുത്തലാഖ് വിഷയത്തില്‍ സര്‍ക്കാര്‍ എടുത്തിരിക്കുന്ന നിലപാട് മുസ്ലിം സ്ത്രീകളുടെ അവസ്ഥ നന്നാക്കുന്നതിലുപരി മുസ്ലിം പുരുഷന്മാരെ ശിക്ഷിക്കാന്‍ വേണ്ടിയാണ്. അതുകൊണ്ട് ചില സംശയങ്ങള്‍ അതിനെക്കുറിച്ച് നമുക്ക് ഉണ്ടാകണം. ഞങ്ങള്‍ക്ക് നിങ്ങളെക്കാള്‍ നന്നായിട്ട് നിങ്ങളുടെ കാര്യങ്ങള്‍ അറിയാം എന്ന നിലപാട് ധാർഷ്ട്യം അല്ലേ? അതുപാടില്ല എന്നത് ദേശീയതലത്തില്‍ തന്നെ ഫെമിനിസ്റ്റുകള്‍ അംഗീകരിക്കുന്ന നിലപാടാണ്. മാത്രമല്ല ഇപ്പോൾ സ്ത്രീകളെ ഉപേക്ഷിക്കുന്നതിനു പകരം രണ്ടാമത് വിവാഹം ചെയ്യുകയും ആദ്യഭാര്യയെ അവഗണിക്കുകയും ചെയ്യുന്ന രീതിയാണ് ഇതുണ്ടാക്കിയിരിക്കുന്നത്.
ശബരിമല പ്രവേശനം ഉയര്‍ന്നുവന്ന സമയത്ത്് ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതുകൊണ്ട് സ്ത്രീകള്‍ മതത്തിന് കൂടുതല്‍ അടിമകളാകില്ലേ എന്ന ചോദ്യം ചിലര്‍ ഉയര്‍ത്തിയിരുന്നു. അംബേദ്കര്‍ പറയുന്നതുപോലെ ക്ഷേത്രങ്ങള്‍ എന്ന് പറയുന്നത് ഇന്ത്യയിലെ പൊതു ഇടമാണ്. ക്ഷേത്രം വിശേഷപ്പെട്ട സ്ഥലമാണ്, അവിടേക്ക് സ്ത്രീകള്‍ക്ക് പ്രവേശിക്കേണ്ട എന്ന നിലപാട് ശരിയല്ല. ആ തോന്നല്‍ ക്ഷേത്രമതിലിെൻറ പുറത്തുചാടി ചുറ്റുവട്ടത്തെ പ്രദേശങ്ങള്‍ കൂടി ഭരിച്ചുകൊണ്ടിരിക്കുകയാണ്. വടയമ്പാടി സമരത്തിെൻറ പശ്ചാത്തലത്തില്‍ ഇതേക്കുറിച്ച് കൂടുതല്‍ വിശദീകരിക്കേണ്ടതില്ല. ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ഉണ്ടാകുക എന്നത് പൊതുഇടം പിടിച്ചടക്കുന്നതിന് സമാനമായ പ്രവൃത്തിയാണ്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിെൻറ മാത്രം പ്രശ്നമല്ല ഇത്.
ശബരിമല വിഷയത്തില്‍ സുഗതകുമാരി ടീച്ചറുമായി അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നല്ലോ. വാര്‍ധക്യത്തിലെത്തിയ കാരണവരുടെ മുറുമുറുപ്പ് എന്നും വിമര്‍ശിച്ചിരുന്നു?
സുഗതകുമാരി ടീച്ചര്‍ ഒരു പഴയ ആളാണ്. പണ്ട്് അവര്‍ ദേശീയപതാകയും പിടിച്ച് റോഡില്‍കൂടി നടന്നപ്പോള്‍ ഏതെങ്കിലും കാരണവന്മാര് എവിടെയെങ്കിലും ഇരുന്ന് മുറുമുറുത്തിട്ടുണ്ടാകും. അതുപോലെ പുതിയ തലമുറയെ മനസ്സിലാക്കാന്‍ ടീച്ചര്‍ വിസമ്മതിക്കുന്നു. അത്രയേയുള്ളൂ. എന്നുവെച്ച് ‘രാത്രിമഴ’ എഴുതിയ ടീച്ചര്‍ എന്തു ചെയ്താലും എന്തു പറഞ്ഞാലും ഞാന്‍ ക്ഷമിക്കും. ഏതു പൊതുവേദിയില്‍ വെച്ച് കണ്ടാലും അവര്‍ പറയും ദേവികക്ക് എന്നെപ്പറ്റി എന്തോ തെറ്റിദ്ധാരണ ഉണ്ട്. എനിക്ക് ടീച്ചറെപ്പറ്റി തെറ്റിദ്ധാരണയില്ല, ശരിയായ ധാരണ മാത്രമേയുള്ളൂ എന്ന് ഞാന്‍ പറയും. കവി എന്ന് പറഞ്ഞാല്‍ നമ്മുടെ ആരാധനാപാത്രമാണ്. ബാക്കി കാര്യങ്ങളില്‍ ചെറിയ സംശയങ്ങളുണ്ട്. അവര്‍ ഇപ്പോഴും എന്തു മനോഹരമായിട്ടാണ് കവിതയെഴുതുന്നത്, അല്ലേ? എന്നുെവച്ച് അവരുടെ നിലപാടുകൾ പലതും വല്ലാതെ മുരടിച്ചുപോയ മനഃസ്ഥിതിയിൽ നിന്നാണുണ്ടാകുന്നതെന്ന് പറയാൻ എനിക്കു മടിയില്ല.
പത്മരാജെൻറ ചേട്ടെൻറ മകളാണ് ദേവിക. പക്ഷേ, അദ്ദേഹത്തെക്കുറിച്ച് എവിടെയും സംസാരിച്ചുകണ്ടിട്ടില്ല?
പത്മരാജനെക്കുറിച്ച് സംസാരിക്കാന്‍ പൊതുവെ ഞാന്‍ താല്പര്യം കാണിക്കാറില്ല. സ്വകാര്യാനുഭവങ്ങളെ അങ്ങനെ തന്നെ നിലനിർത്തുകയാണ് വേണ്ടത്. അല്ലെങ്കിൽ അവയുടെ രാഷ്ട്രീയം പ്രസക്തമായിരിക്കണം, ആ ബന്ധത്തെ പൊതുശ്രദ്ധയാകർഷിക്കാൻ പ്രയോജനപ്പെടുത്താനും നോക്കിയിട്ടില്ല. അദ്ദേഹം അനാവശ്യമായി ഉപദേശിക്കാൻ വരുന്ന ആളല്ലായിരുന്നു. സ്വതന്ത്രമായി ചിന്തിക്കുന്നവരെ വളരെ ബഹുമാനവും ആയിരുന്നു. അദ്ദേഹത്തിെൻറ വഴിയല്ലാതെ മറ്റൊന്ന് തിരെഞ്ഞടുക്കുന്നു എന്നു കണ്ട് വളരെ സന്തോഷിച്ച ആളായിരുന്നു.
ആ തണലിൽ പെട്ടുപോയാൽ വളരാൻ കഴിയില്ല എന്നു തോന്നിയതുകൊണ്ട് തായ് വേരിൽ നിന്ന് വളരെ ദൂരം ഉരുണ്ടുപോയ ശേഷം മാത്രം പൊട്ടിക്കിളുർത്ത ഒരു തൈയാണ് ഞാൻ. അദ്ദേഹത്തിെൻറ കൊണ്ടാടപ്പെടുന്ന സിനിമകള്‍ പലതും പുരുഷമേധാവിത്വപരമാണെന്ന് വിമര്‍ശനം ഉണ്ട്. ‘തൂവാനത്തുമ്പികള്‍’ പോലുള്ള സിനിമകള്‍. പക്ഷേ, വലിയ ഒരു കാര്യം, വ്യത്യസ്തരായി ജീവിക്കുന്ന സ്ത്രീകളോട് വലിയ ബഹുമാനമായിരുന്നു അദ്ദേഹത്തിന്. പ്രത്യേകിച്ച് പരസ്പരം സ്നേഹിക്കുന്ന സ്ത്രീകളോടൊക്കെ അന്തം വിട്ട് ബഹുമാനമായിരുന്നു. അവരെക്കുറിച്ച് ഒരുപാടു കഥകള്‍ എഴുതിയിട്ടുമുണ്ട്്. പൊള്ളയായ ബഹുമാനമായിരുന്നില്ല അത്. അവരെ എങ്ങനെ ബഹുമാനിക്കണം എന്ന് അറിയാവുന്ന മനുഷ്യനായിരുന്നു പത്മരാജന്. ‘നമ്മള് നഗ്നര്‍’, ‘ദേശാടനക്കിളി കരയാറില്ല’ എന്ന കഥകളിലൊന്നും അവര്‍ ലെസ്ബിയന്‍സ് ആണെന്ന് എവിടേയും പറയുന്നില്ല. ആ സ്ത്രീകള്‍ തമ്മില്‍ പൊളിച്ചാല്‍ പൊളിയാത്ത തരത്തിലുള്ള സ്നേഹമുണ്ടായിരുന്നു എന്ന് മാത്രമാണ് പറയുന്നത്. ഹെട്രോസെക്ഷ്വല്‍ ആയ ഒരു മനുഷ്യന് പോകാവുന്ന പരിധിയില്‍നിന്നാണ് അദ്ദേഹം സംസാരിച്ചത്. അതിനെ നിര്‍വചിക്കാനോ ഒന്നും അദ്ദേഹം തുനിഞ്ഞില്ല. തീവ്രത മാത്രം രേഖപ്പെടുത്തി മാറിനിന്നു. അതാണ് ബഹുമാനം. അദ്ദേഹം മകള്‍ക്ക് മാധവിക്കുട്ടി എന്നാണ് പേരിട്ടത്. വളരെ റൊമാൻറിക്കായ എെൻറ അമ്മൂമ്മ കൊച്ചച്ചനോട്് മകള്‍ക്ക് മാധവീലത എന്ന് പേരിട്ടാലോ എന്ന് ചോദിച്ചു. സമ്മതിച്ചില്ല. മാധവിക്കുട്ടി തന്നെ.
എെൻറ എല്ലാ വട്ടുകളെയും അദ്ദേഹം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. പ്രീഡിഗ്രിക്ക് നല്ല മാര്‍ക്ക് കിട്ടിയപ്പോള്‍ ബുക് ഷോപ്പില്‍ കൊണ്ടുപോയി ഇഷ്ടമുള്ളത് എടുത്തോളാന്‍ പറഞ്ഞു. പച്ചപ്പുല്ല് കണ്ട പശുവിനെപ്പോലെ ബുക് ഷോപ്പില്‍ ഞാന്‍ ഓടിനടന്നു. പുസ്തകം കൂട്ടിവെച്ച് ഞാന്‍ സംശയത്തോടെ രാജന് കൊച്ചച്ചനെ നോക്കും. അദ്ദേഹം ആംഗ്യം കാണിക്കും, എടുത്തോ എടുത്തോ എന്ന്. 18ാം വയസ്സില്‍ അങ്ങനെ എെൻറ ആദ്യത്തെ സ്വന്തമായ ലൈബ്രറി ഉണ്ടാക്കിത്തന്നത് അദ്ദേഹമാണ്.
എനിക്ക് ട്രാൻസ്ലേറ്റ് ചെയ്യാന്‍ പറ്റും എന്ന ആത്മവിശ്വാസം ഉണ്ടാക്കിത്തന്നത് അദ്ദേഹമാണ്. ഉദകപ്പോള സിനിമയാക്കാൻ വേണ്ടി ഏതോ ഫണ്ടിങ്ങിന് ആത്മോപദേശ ശതകത്തിലെ കുറെ വരികള്‍ ഇംഗ്ലീഷിലാക്കാന്‍ പറഞ്ഞു. സംശയത്തോടെ, എനിക്ക് പറ്റുന്നുണ്ടാവില്ല എന്ന് പറഞ്ഞു ഞാന്‍. നീയത് ചെയ്യ് എന്ന് പറഞ്ഞു അദ്ദേഹം. ചെയ്തുകഴിഞ്ഞപ്പോള്‍ വലിയ ഇഷ്ടമായി. നല്ലതാണ് എന്ന് മാത്രമല്ല എന്തുകൊണ്ട് നല്ലതാണ് എന്നും പറഞ്ഞു. രാജന് കൊച്ചച്ചനില്‍ ഞാന്‍ പഠിച്ച ത്, ചെയ്യുന്ന കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തുക എന്നതാണ്. അവാര്‍ഡ് സംഘടിപ്പിക്കാന്‍ ആ കമ്മിറ്റി ഈ കമ്മിറ്റി എന്നൊന്നും പറഞ്ഞ് ആരുടെയും പിറകെ നടക്കരുത്. ചെയ്യുന്ന കാര്യം ആസ്വദിക്കണം എന്നു പറയും. അദ്ദേഹം ജോലി ചെയ്യുമ്പോള്‍, എഴുതുമ്പോഴും സംസാരിക്കുമ്പോഴും അദ്ദേഹത്തിെൻറ സന്തോഷം മുഖത്ത് കാണാം. വിലപ്പെട്ട പാഠങ്ങളാണ് ഇവയെല്ലാം. പത്മരാജന് അര്‍ഹിക്കുന്ന അംഗീകാരമൊന്നും കിട്ടിയിട്ടില്ല. ‘പ്രതിമയും രാജകുമാരിയും’ വിവര്‍ത്തനം ചെയ്യുമ്പോള്‍ ഒരു ചെറിയ ബയോനോട്ട് എഴുതാന്‍ നോക്കിയപ്പോഴാണ് അത് മനസ്സിലായത്. പത്മരാജന് മരിച്ചിട്ട് ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആളുകളുടെ മനസ്സില്‍ അദ്ദേഹം മായാതെ നില്‍ക്കുന്നത് ചെറിയ കാര്യമല്ല. എല്ലാ മനുഷ്യര്‍ക്കും ഉള്ള നന്മയും തിന്മയും ഒക്കെ അദ്ദേഹത്തിനും ഉണ്ടായിട്ടുണ്ടാകാം. ജീവിച്ചിരിക്കുമ്പോള്‍ ആരുടെയും പ്രശംസ ആവശ്യമില്ലായിരുന്നു. അദ്ദേഹത്തിന് അറിയാമായിരുന്നു താന്‍ അസാമാന്യനാണെന്ന്.
മാറുമറയ്ക്കല്‍ സമരം അഥവാ ചാന്നാര്‍ ലഹളയെക്കുറിച്ച് കേരളത്തിലെ ആദ്യത്തെ ഫെമിനിസ്റ്റ് സമരം എന്നാണ് വിശേഷിപ്പിച്ചിരുന്നത്. എന്നാൽ വിക്ടോറിയന്‍ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് അന്ന് സമരം നടന്നതെന്നും അതിനെ അംഗീകരിക്കേണ്ടതില്ല എന്ന വ്യത്യസ്തമായ തികച്ചും കടകവിരുദ്ധമായ മറ്റൊരു നിലപാട് ഇന്ന് ഉയർന്നുകേൾക്കുന്നു. ഇതേക്കുറിച്ച് താങ്കൾ എന്ത് കരുതുന്നു?
ചാന്നാർ ലഹള വിക്ടോറിയൻ മുല്യങ്ങൾക്കു വേണ്ടിയുള്ള സമരമായിരുന്നില്ല. ജാതിക്കയറ്റത്തിനു വേണ്ടിയുള്ള പോരാട്ടമായിരുന്നു അത്. 19ാം നൂറ്റാണ്ടിൽ അധിനിവേശ പ്രക്രിയകളുടെ ഭാഗമായി പുറംലോകവുമായി പലവിധത്തിൽ ബന്ധപ്പെടുകയും സാമ്പത്തികമായ ഉന്നതി നേടുകയും ചെയ്ത ചാന്നാർ വിഭാഗം ജാതിപ്രമാണികളായിരുന്ന നായന്മാർക്ക് അനുവദിച്ചിരുന്ന വസ്ത്രരീതി സ്വീകരിച്ചതാണ് പ്രശ്നമായത് - വിശേഷിച്ചും ഈ വിഭാഗത്തിലെ സ്ത്രീകൾ നായർസ്ത്രീകൾ ജാതിമെച്ചത്തെ കുറിക്കാൻ ഉപയോഗിച്ചുവന്ന മേൽമുണ്ട് സ്വന്തമാക്കിയപ്പോൾ. അന്ന് അവിടത്തെ എൽ.എം.എസ് മിഷനറിമാരെ സംബന്ധിച്ചിടത്തോളം വിക്ടോറിയൻ മൂല്യങ്ങളായിരുന്നു വലുത് - പെണ്ണുങ്ങൾ സ്വശരീരം പ്രത്യേകിച്ചും പാപകരമാണെന്ന തിരിച്ചറിവുള്ളവരാകണമെന്നായിരുന്നു അവരുടെ നിലപാട്. ഇംഗ്ലണ്ടിൽ നിന്ന് പഴന്തുണികൾ ഇറക്കുമതിചെയ്താണ് അവർ ആദ്യം മേൽക്കുപ്പായ വിതരണം നടത്തിയത്. എന്നാൽ സ്ത്രീകൾ, പ്രത്യേകിച്ച് മുതിർന്ന സ്ത്രീകൾ ഇതിനു വഴങ്ങിയില്ല. ഒടുവിൽ മേൽമുണ്ടിടാനുള്ള സമരവുമായി ഇതിനെ ചേർത്തപ്പോഴാണ് അവർ അതു സ്വീകരിച്ചത്. മേൽക്കുപ്പായമിടാനുള്ള അവകാശം തിരുവിതാംകൂർ സർക്കാർ വലിയ എതിർപ്പൊന്നും കൂടാതെ കൊടുത്തു. പക്ഷേ, സ്ത്രീകൾക്ക് വേണ്ടത് മേൽമുണ്ടു തന്നെയായിരുന്നു. ഇതു പല മിഷനറിമാരെയും ചൊടിപ്പിച്ചിരുന്നു. സ്ത്രീവാശിയാണ് സകലനാശത്തിെൻറയും മൂലമെന്നും മറ്റും അവരിൽ ചിലർ ഈ സ്ത്രീകളെ പ്രാകുകപോലും ചെയ്തു.
ജാതിക്കയറ്റംതന്നെ വേണമെന്ന് വാശി പിടിച്ച ആ സ്ത്രീകൾ വാസ്തവത്തിൽ കേരളത്തിലെ ജാതിവിരുദ്ധസമരങ്ങളുടെ മുൻഗാമിനികളാണ്. വിക്ടോറിയൻ ശരീരബോധം രൂഢമൂലമാകാൻ കാലം കുറെ വേണ്ടി വന്നു. 1950കളിൽപ്പോലും അത് പൂർണമായിരുന്നില്ല.
സാമൂഹികശാസ്ത്രജ്ഞ എന്നതിനെക്കാൾ കവിതയോടും സാഹിത്യത്തോടും വളരെ ആഭിമുഖ്യം പുലർത്തുന്ന വ്യക്തിയാണ് താങ്കൾ. കെ.ആർ. മീരയുടെ ‘ആരാച്ചാർ’ വിവർത്തനം ചെയ്തിരുന്നു?
എനിക്ക് കൊച്ചിലേ തന്നെ ഉള്ള ഒരു തോന്നൽ എല്ലാത്തരം അറിയലും ഒരുതരം അല്ലെങ്കിൽ മറ്റൊരു തരം കളി ആണെന്നാണ്. ബൗദ്ധിക വേല -അടിച്ചേൽപിക്കാത്ത എന്തും എനിക്ക് വലിയ ആനന്ദം തരുന്ന കാര്യമാണ്. ജീവിതത്തിലെ ഏറ്റവും കടുപ്പമേറിയ കാലത്തെ ഞാൻ നേരിട്ടത് തന്നെത്താനിരുന്നു വായിച്ചും ആലോചിച്ചു നടന്നും ഒക്കെയാണ്. സ്കൂളിൽ ഭൂമിശാസ്ത്രവും ഫിസിക്സും ആയിരുന്നു ഇഷ്ടം. പക്ഷേ, കണക്കിൽ അക്കങ്ങൾ എഴുതുേമ്പാൾ മാറിപ്പോകുന്ന പ്രശ്നമുണ്ടായിരുന്നു. അത് മാനസികപ്രശ്നമാണെന്നും, കൊച്ചുനാളിൽ പഠിക്കാൻ കൊണ്ടുവിട്ട വീട്ടിലെ ടീച്ചർ കൂടെയുള്ള കുട്ടികളെ കണക്കുതെറ്റിച്ചതിന് അതിഭയങ്കരമായി മർദിച്ചിരുന്നത് കണ്ടതിൻെറ ഫലമായിരുന്നെന്നും മനസ്സിലാക്കിയത് വളരെ പിന്നെയായിരുന്നു. മനക്കണക്കു ചെയ്യും പക്ഷേ എഴുതിയാൽ തെറ്റുമെന്നതുകൊണ്ട് ക്ലാസിലും ഒത്തിരി അടി കൊണ്ടിട്ടുണ്ട് - ശ്രദ്ധക്കുറവാണെന്നു പറഞ്ഞുകൊണ്ട്. അതുകൊണ്ട് കോളജിൽ ശാസ്ത്രമേ വേണ്ട എന്നു തീരുമാനിച്ചു. മാത്രമല്ല, സാഹിത്യം എനിക്ക് അന്നേ ഇഷ്ടവുമായിരുന്നു. ഫിസിക്സ് പഠിക്കാൻ പറ്റാത്ത വിഷമം ഫിസിക്സിെൻറ ചരിത്രം വായിച്ചു തീർക്കാൻ നോക്കിയതോടെയാണ് ചരിത്രവും സാമൂഹികശാസ്ത്രവും ഇഷ്ടമായത്.
അതുകൊണ്ട് സാമൂഹികശാസ്ത്ര-മാനവികവിഷയ-പ്രകൃതിശാസ്ത്രഭേദമില്ലാതെ വായിക്കാൻ ഇഷ്ടമാണ്. എല്ലാത്തരം ഗവേഷണരീതിശാസ്ത്രങ്ങളോടും കൗതുകമാണ്. അവയുടെ ശക്തിയും ദൗർബല്യങ്ങളും അറിയാതെ അവകാശവാദങ്ങൾ നടത്തരുതെന്ന ആ ഒരു കാര്യമേ എനിക്കുള്ളൂ.
സിനിമയും സമകാലിക കവിതയും ഇഷ്ടമാണെങ്കിലും അതേപ്പറ്റി പണ്ഡിതനില അല്ല സ്വീകരിക്കാറ് - അതുകൊണ്ട് സിനിമാനിരൂപണങ്ങളും കവിതാപുസ്തകങ്ങൾക്ക് അവതാരികകളും എഴുതാറില്ല. എന്നാൽ സാഹിത്യം പ്രധാനപ്പെട്ട സാമൂഹികവ്യവഹാരമായതുകൊണ്ട് അതേപ്പറ്റി എഴുതാറുണ്ട്. പിന്നെ വിവർത്തനം എന്നെ സംബന്ധിച്ചിടത്തോളം ഒരു രാഷ്ട്രീയദൗത്യമാണ്. മാധവിക്കുട്ടി ഒരിക്കൽ പറഞ്ഞതുപോലെ, ഒരു സ്ത്രീക്ക് കുറഞ്ഞത് രണ്ടു വീടെങ്കിലും വേണം. സരസ്വതി അമ്മയെ മറവിയിലാഴ്ത്തിയതുപോലെ മലയാളത്തിൽ സൗന്ദര്യപരവും രാഷ്ട്രീയപരവുമായ ഓളങ്ങൾ സൃഷ്ടിക്കുന്ന ഒരു എഴുത്തുകാരിക്കും സംഭവിക്കരുത്. മീരയുടെ ആ നോവൽ നല്ല രചന മാത്രമല്ല, അത് ഇന്ത്യയിലെ നവലിബറൽ സ്ത്രീശാക്തീകരണത്തോടു ചോദിച്ച പൊള്ളുന്ന ചോദ്യംകൂടിയാണ്. അതുകൊണ്ടാണ് അത് ഞാൻ പരിഭാഷ ചെയ്യാൻ തയാറായത്.
പിന്നെ പരിഭാഷ നല്ലൊരു ബൗദ്ധിക കളിയുമാണ്. ലൈക്ക് എ ജുവലർ, യൂ സെറ്റ് ദ വർക്ക് ഇൻ ഇറ്റ്സ് കോൺടക്സ്റ്റ്, ഡ്രോ ഔട്ട് ഇറ്റ്സ് ലൈറ്റ്. പിന്നെ മുകളിലായി തൂക്കിയിട്ടിരിക്കുന്ന പക്ഷിയുടെ മൺപ്രതിമയുടെ കണ്ണിലൂടെ അസ്ത്രം രണ്ടാം തവണയും അയക്കുന്ന വെല്ലുവിളിയും.
എന്നെപ്പോലുള്ള സ്ത്രീകൾക്ക് ജീവിതം പങ്കിടാനും കൂട്ടുണ്ടാകാനും സാധ്യത കുറവാണ് നമ്മുടെ നാട്ടിൽ. അപ്പോൾ ഉള്ള എല്ലാ സന്തോഷങ്ങളെയും വാരിപ്പുണർന്നു ജീവിക്കാൻ നോക്കണം, അല്ലേ?
വ്യക്തിജീവിതത്തെക്കുറിച്ച്?
വ്യക്തിപരമായി ഒരുപാട് വിഷമതകള്‍ അനുഭവിച്ച സ്ത്രീയാണ് ഞാന്‍. ഈ സമൂഹത്തിെൻറ അരികില്‍ ഒരു കുടുംബം കെട്ടിപ്പടുക്കുക എന്നത് എളുപ്പമല്ല. കുറേക്കൂടി സക്സസ്ഫുള്‍ ആകുമെന്ന് കരുതിയ ബന്ധമായിരുന്നു എെൻറ വിവാഹം. കുറേക്കഴിഞ്ഞപ്പോള്‍ എന്നോട് തന്നെ എനിക്ക് മതിപ്പില്ലാത്ത അവസ്ഥ വന്നു. കൂടെ ജീവിക്കുന്ന ആള്‍ക്ക് ഗുണകരമല്ലെങ്കില്‍, അയാള്‍ക്കോ അവള്‍ക്കോ മറ്റേയാള്‍ ശല്യമാകുന്നുവെങ്കില്‍, ഭീതി പരത്തുന്നുവെങ്കില്‍ പിന്നെ നമ്മള് അവരുടെ കൂടെ ജീവിക്കരുത്. കുട്ടികളൊക്കെ ഉണ്ടായപ്പോള്‍ എനിക്ക് തോന്നി, നാട്ടുകാരെ പേടിച്ച്, വീട്ടുകാരെ പേടിച്ച് ലിംഗപരമായ ഹിംസ ഇങ്ങനെ വീടുകളില്‍ വളര്‍ത്തുന്നത് അധാര്‍മികമാണ് എന്ന്. കുട്ടികളെയും കൊണ്ട് ഞാന്‍ ഇറങ്ങി. പിന്നെ ലിംഗഹിംസ ഇല്ലാത്ത കുടുംബം ഉണ്ടാക്കേണ്ടത് എെൻറ ഉത്തരവാദിത്തമാണല്ലോ. പത്തും അഞ്ചും വയസ്സായ രണ്ടു പെണ്‍കുട്ടികളെയുംകൊണ്ട് മുപ്പത്തിയഞ്ച് വയസ്സായ സ്ത്രീക്ക് അങ്ങനെെയാരു കുടുംബം ഉണ്ടാക്കുക എന്നത് വലിയ ചാലഞ്ച് ആയിരുന്നു.
അതാണ് ഒരുപക്ഷേ ജീവിതത്തിൽ ചെയ്യാൻ സാധിച്ച വലിയൊരു കാര്യം. മൂത്ത മകൾ പെർഫോമൻസ് സ്റ്റഡീസ് ആണ് പഠിച്ചത് - അവൾ അശോകാ യൂനിവേഴ്സിറ്റിയിൽ ജോലിനോക്കുന്നു. ഇളയവൾ അവിടെത്തന്നെ ബിരുദവിദ്യാർഥിനിയാണ്. വൈൽഡ് ലൈഫ് പഠനങ്ങളിലാണ് അവളുടെ താൽപര്യം. 20ഉം 25ഉം വയസ്സായ മക്കളായപ്പോൾ വീട് ഇപ്പോൾ കൊല്ലുന്ന നിയന്ത്രണങ്ങൾ ഇല്ലാത്ത ലേഡീസ് ഹോസ്റ്റൽപോലെയാണ്. എനിക്കു പക്ഷേ, നിശ്ശബ്ദത വേണം, ഒറ്റക്കിരിക്കണം. അതുകൊണ്ട് കുട്ടികൾ ഇല്ലാത്തപ്പോൾ എെൻറ ചെടികളെ പരിപാലിച്ചും ഈ പരിസരത്തിലുള്ള പൂച്ചകൾ, കിളികൾ, പൂമ്പാറ്റകൾ തുടങ്ങിയവയെ നോക്കിയും കാമ്പസിലെ മരങ്ങളെ സംരക്ഷിച്ചും ഞങ്ങളുടെ ശ്വാനശിശുവായ ഓമനക്കുട്ടെൻറ കൂടെ കളിച്ചും എെൻറ സഹപ്രവർത്തകരുടെ മക്കൾക്ക് കേക്കും പലഹാരങ്ങളും ഉണ്ടാക്കിക്കൊടുത്തും സമയം കഴിക്കുന്നു. പിന്നെ വിദ്യാർഥികളും റിസർച് സ്റ്റാഫും എല്ലാവരും മക്കളെയോ സുഹൃത്തുക്കളെയോ പോലെ തന്നെ.
അടുത്ത വർക് എന്താണ്?
ഇനിയിപ്പോ ചെയ്യാന്‍ താല്പര്യമുള്ളത് സ്കൂള്‍ തലത്തിൽ 14 മുതല്‍ 17 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള പുസ്തകം. ആ ലെവലില്‍ മോറല്‍ സയന്‍സ് പഠിക്കാനുണ്ട്. മിക്കവാറും പ്രിസ്ക്രിപ്ഷന് പോലെ അത് ചെയ്യൂ, ഇത് ചെയ്യൂ എന്ന് പറഞ്ഞുകൊടുക്കുന്നതാണത്. കുട്ടികളെ ബൗദ്ധികമായി ഒരു തരത്തിലും ഇത് എന്‍ഗേജ് ചെയ്യുന്നില്ല. അണ് ഇമാജിനേറ്റിവ് ആയ, അവരുടെ ജീവിതത്തെ ഒരു തരത്തിലും സ്പര്‍ശിക്കാത്ത എഴുത്തുകളാണ് മോറല്‍ സയന്‍സ് എന്ന് പറഞ്ഞ് തരുന്നത്. മോറല്‍ സയന്‍സ് വായിച്ചാല്‍ എത്രയും പെട്ടെന്ന് ഇമ്മോറല്‍ ആവാനാണ് സാധ്യത. അത്രയും ബോറാണത്. അതിനെ റീേപ്ലസ് ചെയ്യാനായി കുറേക്കൂടി ബൗദ്ധികമായി ചിന്തിക്കാന്‍ പറ്റുന്ന തരത്തിലുള്ളത് ചെയ്യണമെന്നാണ് ആഗ്രഹം. ഈ പ്രായത്തിലുള്ള കുട്ടികള്‍ ലോകത്തെ അഭിമുഖീകരിക്കാന്‍ തുടങ്ങുന്ന സമയമാണ്. ഒരുപാട് തരത്തിലുള്ള വികാരങ്ങള്‍ അതായത്, ദേഷ്യം, അസൂയ, കാമം, ആര്‍ത്തി ഇതെല്ലാം അവര്‍ക്ക് തോന്നുന്ന സമയമാണ്. ഈ വികാരങ്ങള്‍ എങ്ങനെയാണ് മനസ്സിലാക്കേണ്ടത്, മനുഷ്യചിന്ത - മതപരവും അല്ലാത്തും - ഈ പ്രശ്നങ്ങളെ എങ്ങനെ നേരിടുന്നു എന്ന് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ ഒരു ചര്‍ച്ച സാധ്യമാക്കുന്ന തരത്തിലുള്ള ഒരു മെറ്റീരിയലും നമ്മുടെ കൈയിലില്ല. ആ മേഖലയില്‍ ഒന്ന് ശ്രമിക്കണം എന്ന് ആഗ്രഹമുണ്ട്. വളരെ സൂക്ഷിച്ചുചെയ്യേണ്ട കാര്യമാണ്. ലോകം മുഴുവന്‍ മതഭ്രാന്തന്മാരാണ്. പാണ്ഡിത്യ പ്രകടനമല്ലാതെ ആ പ്രായത്തിലുള്ള കുട്ടികള്ക്ക്് ഉതകുന്ന രീതിയിലാണ് അത് കൈകാര്യം ചെയ്യേണ്ടത്. ഒരു ചാപ്റ്റര്‍ എഴുതിയപ്പോഴാണ് എന്തൊരു ബുദ്ധിമുട്ടാണ് എന്ന് മനസ്സിലായത്.
ഞാൻ മോറൽ ഫിലോസഫി വായിച്ചത് ഗവേഷണത്തിനു വേണ്ടിയല്ല, ജീവിതത്തിനു വേണ്ടിയാണ്. അതുകൊണ്ടു മാത്രമാണ് ഈ പുസ്തകത്തെപ്പറ്റി കുറച്ച് ആത്മവിശ്വാസമുള്ളത്.
ആദ്യത്തെ അധ്യായം സമൂഹം, സ്നേഹം എന്നിവയെപ്പറ്റിയാണ്. ബുദ്ധന് മൈത്രിയേയും കരുണയെയും പറ്റി പറയുന്നു, നീതി സ്നേഹമായാണ് ഇസ്ലാമില്‍ വരുന്നത്, അഗാപി എന്ന് പറയുന്ന സ്നേഹം ക്രിസ്തുമതത്തില്‍. മതത്തിനു പുറത്തുള്ള മോറൽഫിലോസഫിയും സ്നേഹത്തെപ്പറ്റിയും സമൂഹത്തെ സൃഷ്ടിക്കാൻ പ്രാപ്തമായ സ്നേഹത്തെപ്പറ്റിയും പറയുന്നുണ്ട്. 14 വയസ്സുള്ള കുട്ടിക്ക് മനസ്സിലാകുംവിധം എഴുതുക, അവർക്ക് സ്വന്തം ജീവിതത്തെ നോക്കാൻ ഒരു പുതിയ കണ്ണടയായി ഈ ചർച്ചകളിൽ നിന്ന് സൃഷ്ടിച്ചെടുക്കുക എന്നതാണ് വെല്ലുവിളി. ശ്രീനാരായണഗുരുവിെൻറ അനുകമ്പയിലാണ് ഈ ചാപ്റ്റര്‍ കലാശിക്കുന്നത്.
ക്രിറ്റിക്കല്‍ തിങ്കിങ്ങിനെ പരിചയപ്പെടുത്തുന്ന ഒരു പുസ്തകം എഴുതണമെന്നുണ്ട്. ഫേസ്ബുക് ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ എഴുതണം എന്ന് വിചാരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.