അംബേദ്ക്കറും മാർക്സും ഒന്നിച്ചേ തീരൂ
text_fieldsജാതിവ്യവസ്ഥക്കെതിരായ ദലിത് മുന്നേറ്റത്തിലെ മുൻനിരപോരാളിയും സൈദ്ധാന്തികനുമാണ് പ്രഫ.കാഞ്ച ഐലയ്യ ഷെപ്പേഡ്. ജാതിരാഷ്ട്രീയത്തിെൻറ ക്രൂരതകൾ നേരിടേണ്ടിവന്ന സാമൂഹികപരിഷ്കർത്താവ്. ദലിത്^പിന്നാക്ക ബഹുജനപ്രസ്ഥാനത്തിെൻറ അമരക്കാരൻ. ആർ.എസ്.എസിെൻറ പശുരാഷ്ട്രീയത്തെയും നരേന്ദ്ര മോദിയുടെ കപടപിന്നാക്ക അനുഭാവങ്ങളെയും ബി.ജെ.പി സർക്കാറിെൻറ മുതലാളിത്ത പ്രീണനനയങ്ങളെയുമെല്ലാം നിശിതമായ ഭാഷയിൽ വിമർശിക്കുന്ന കാഞ്ച ഐലയ്യ പലപ്പോഴും ഭരണകൂടത്തിെൻറയും ഉന്നതജാതീയരുടെയും നേരിട്ടുള്ള ആക്രമണങ്ങൾക്കിരയാവുന്നു.
‘എന്തുകൊണ്ട് ഞാൻ ഹിന്ദുവല്ല’ (വൈ അയാം നോട്ട് എ ഹിന്ദു^1996) എന്ന പേരിൽ കാഞ്ച ഐലയ്യ എഴുതിയ പുസ്തകം ദലിതരുടെയും മറ്റു പിന്നാക്ക വിഭാഗങ്ങളുടെയും ജീവിതാനുഭവങ്ങളാണ്. ദലിത് മുന്നേറ്റത്തിലെ പ്രധാന ചുവടുവെപ്പായ ഈ പുസ്തകം തീവ്ര ഹിന്ദുത്വകക്ഷികളുടെ കടുത്ത വിമർശനത്തിനു വിധേയമായി. ഈ പുസ്തകത്തിലെ ഒരു ഭാഗമായ ‘വൈശ്യാസ് ആർ സോഷ്യൽ സ്മഗ്ലേഴ്സ്’ അടുത്തിടെ പുസ്തകമായി പുറത്തിറങ്ങിയതിനെത്തുടർന്ന് തീവ്രമായ ആക്രമണങ്ങൾക്കാണ് കാഞ്ച ഐലയ്യ ഇരയായത്. രാഷ്ട്രീയ നേതാക്കളുടെയും വൈശ്യസമുദായത്തിലെ ഉന്നതരുടെയും ഉൾെപ്പടെയുള്ള വധഭീഷണികൾ അദ്ദേഹത്തെ തേടിയെത്തി. ഇതേത്തുടർന്ന് കുറച്ചുകാലം സ്വയംപ്രഖ്യാപിത വീട്ടുതടങ്കലിൽ കഴിഞ്ഞു.
ആന്ധ്രപ്രദേശിലെ വാറങ്കൽ ജില്ലയിൽ കുറുമ ഗൊല്ലെ എന്ന പിന്നാക്ക വിഭാഗത്തിൽ 1952ൽ ജനിച്ച ഐലയ്യയുടെ കുടുംബം പാരമ്പര്യമായി ആടിനെ മേയ്ക്കുന്നവരായിരുന്നു. വനപാലകരുടെ വിവേചനപരമായ നടപടികൾക്കെതിരെ കുറുമ സമുദായത്തിലെ പോരാട്ടത്തിെൻറ മുൻനിരക്കാരിയായിരുന്നു ഐലയ്യയുടെ അമ്മ കാഞ്ച കട്ടമ്മ. നിലവിൽ ഹൈദരാബാദിലെ ഉസ്മാനിയ സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം മേധാവിയാണ് െഎലയ്യ.
‘ഗോഡ് ആസ് എ പൊളിറ്റിക്കൽ ഫിലോസഫർ: ബുദ്ധാസ് ചാലഞ്ച് ടു ബ്രാഹ്മണിസം’, ‘ബഫലോ നാഷനലിസം^ എ ക്രിട്ടിക് ഓഫ് സ്പിരിച്വൽ ഫാഷിസം’, ‘പോസ്റ്റ് ഹിന്ദു ഇന്ത്യ^ എ ഡിസ്കോഴ്സ് ഇൻ ദലിത് ബഹുജൻ സോഷ്യോ സ്പിരിച്വൽ ആൻഡ് സയൻറിഫിക് റെവലൂഷ്യൻ’, ‘അൺടച്ചബ്ൾ ഗോഡ്: എ നോവൽ ഓൺ കാസ്റ്റ് ആൻഡ് റേസ്’, ‘ദ സ്റ്റേറ്റ് ആൻഡ് റിപ്രസീവ് കൾച്ചർ’, ‘കാസ്റ്റ് ഓർ ക്ലാസ് ഓർ കാസ്റ്റ്^ക്ലാസ്’, ‘ഇൻ സെർച് ഓഫ് റൂട്ട്സ് ഓഫ് ആൻറി കാസ്റ്റ് സ്ട്രഗ്ൾ’ തുടങ്ങി നിരവധി ശ്രദ്ധേയമായ പുസ്തകങ്ങൾ കാഞ്ച ഐലയ്യയുടേതായിട്ടുണ്ട്. ഫാഷിസത്തിനെതിരെ 100 കവികളും 25 ചിത്രകാരന്മാരും ഒന്നിച്ച, നദീ എഡിറ്റ് ചെയ്ത ‘മോഡിഫൈ ചെയ്യപ്പെടാത്തത്’ എന്ന പുസ്തകത്തിെൻറ പ്രകാശനത്തിനായി കാഞ്ച െഎലയ്യ കോഴിക്കോെട്ടത്തിയതായിരുന്നു. അദ്ദേഹവുമായി നടത്തിയ സംഭാഷണത്തിെൻറ പ്രസക്ത ഭാഗങ്ങൾ:
‘വൈശ്യാസ് ആർ സോഷ്യൽ സ്മഗ്ലേഴ്സ് ’എന്ന പുസ്തകത്തിലൂടെ ആര്യ വൈശ്യ സമൂഹത്തെ സാമൂഹിക കൊള്ളക്കാർ എന്നു വിശേഷിപ്പിച്ചതിനാണ് അടുത്തിടെ താങ്കളുടെ നേരെ അക്രമങ്ങളും മറ്റും വർധിച്ചത്. ഇപ്പോഴത്തെ സാഹചര്യമെന്താണ്?
അവരുടെ വിവേചനരഹിതമായ പ്രവർത്തനങ്ങളും പ്രത്യയശാസ്ത്രപരമായ ആക്രമണങ്ങളും ഇന്നും തുടരുന്നുണ്ട്. ഞാൻ പുറത്തുപോകുമ്പോഴെല്ലാം ഇത്തരത്തിൽ ആക്രമണം നേരിടുന്നുണ്ട്. കോടതിയിൽ പോകുമ്പോൾപോലും ആക്രമിക്കപ്പെടുന്നു. എന്നെ ദേശേദ്രാഹിയാക്കുന്നവരാണ് യഥാർഥത്തിൽ ദേശേദ്രാഹികൾ. അവരുടെ ചൂഷണങ്ങളെയാണ് സോഷ്യൽ സ്മഗ്ലിങ് എന്നു ഞാൻ വിളിച്ചത്. അവർ നെയ്ത്തുപകരണങ്ങൾ ഉപയോഗിക്കുന്ന രീതി, സ്വർണം കൈകാര്യം ചെയ്യുന്നരീതി, അധികമായി വരുന്ന പണം കൈകാര്യം ചെയ്യുന്ന രീതി ഇതെല്ലാം വളരെയധികം ചൂഷണപരമാണ്. അവർ നടത്തുന്ന സാമൂഹികകൊള്ള സ്വകാര്യമേഖലയിലെ സംവരണത്തിൽനിന്ന് ദലിതരെ പിന്നോട്ടടിക്കുന്നു. യു.പി.എ സംവരണം കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ അവർ തങ്ങളുടെ കൂറും കടപ്പാടും ബി.ജെ.പിയിലേക്ക് മാറ്റി, അങ്ങനെ നരേന്ദ്ര മോദിയെ അധികാരത്തിലെത്തിച്ചു. ഇപ്പോൾ സ്വകാര്യമേഖല സംവരണം എന്ന ഘടകത്തെക്കുറിച്ച് നാം നിശ്ശബ്്ദരായിരിക്കുന്നു. അതുതന്നെയാണ് അവർക്കു വേണ്ടത്. ഇതിനെതിരെയെല്ലാം നിർത്താതെ സംസാരിക്കുന്നതും എഴുതുന്നതുമാണ് അവരെ പ്രകോപിപ്പിക്കുന്നത്. അവർക്കുവേണ്ടത് എെൻറയും ജീവനാണ്. ഇന്നാണോ നാളെയാണോ ഞാൻ മരിക്കുക എന്നതുമാത്രമാണ് വിഷയം. എനിക്കിപ്പോൾ തന്നെ 65 വയസ്സായി. ശരാശരി ഇന്ത്യക്കാരനെന്ന നിലക്ക് ജീവിച്ചിട്ടുണ്ട്. എന്നാൽ എെൻറ ചോദ്യം ഇതാണ്-എന്താണ് ഇന്ത്യയെക്കുറിച്ചുള്ള അവരുടെ ധാരണ-അവർക്ക് സൈന്യത്തിൽ ചേർന്ന് ശത്രുവിനോട് പോരാടണമെന്നില്ല, അവർക്ക് ഭക്ഷ്യധാന്യം ഉൽപാദിപ്പിക്കണമെന്നില്ല, അവർക്ക് ചെരുപ്പുകുത്തികളെയോ മൺകല നിർമാതാക്കളെയോ ബഹുമാനിക്കണമെന്നില്ല. എന്നാലവർക്ക് വ്യവസായികമായി ഒരു പാട് സമ്പാദിക്കണമെന്നും സ്വത്ത് കുന്നുകൂട്ടണമെന്നുമുള്ള ചിന്ത മാത്രമേയുള്ളൂ. സ്വന്തം കുടുംബത്തിലെ അടുത്ത തലമുറക്കുവേണ്ടി സമ്പാദിച്ചുകൂട്ടുക എന്നുമാത്രമാണ് ചിന്ത. മറ്റു രാജ്യങ്ങളിലെല്ലാം പലവിധ കൂട്ടായ്മകളാണ് ബിസിനസ് നോക്കിനടത്തുന്നത്. ഇന്ത്യയിൽ മാത്രം ഇത് കുടുംബങ്ങൾക്കിടയിൽ ഒതുങ്ങിപ്പോവുന്നു.
വീട്ടുതടങ്കലിനുശേഷം ആദ്യമായാണ് കേരളത്തിൽ വരുന്നത്. താങ്കൾ സ്വയം തീരുമാനിച്ചൊരു തടവറയായിരുന്നു അത്. എന്തായിരുന്നു ഈ തീരുമാനത്തിനു പിന്നിൽ?
‘വൈശ്യാസ് ആർ സോഷ്യൽ സ്മഗ്ലേഴ്സ് ’ഇറങ്ങിയപ്പോൾ ആ സമുദായത്തിൽപെട്ടവർ എന്നെ കൊല്ലാൻ ശ്രമിച്ചു. വാറങ്കലിനടുത്ത് വെച്ച് അക്കൂട്ടത്തിലെ യുവാക്കളാണ് ആക്രമിച്ചത്. എെൻറ വീടിനുനേരെയും ആക്രമണമുണ്ടായിട്ടുണ്ട്. എനിക്കുനേരെ തുടർച്ചയായ ആക്രമണങ്ങളുണ്ടാവുന്ന ഒരു കാലമുണ്ടായിരുന്നു. അപ്പോഴൊന്നും സംരക്ഷണം തരാൻ സർക്കാർ തയാറല്ലായിരുന്നു, അതുകൊണ്ടെനിക്ക് സ്വയം പ്രതിരോധം തീർക്കേണ്ടതുണ്ടായിരുന്നു. 15 ദിവസമാണ് വീട്ടുതടങ്കൽ നീണ്ടുനിന്നത്. അതിനുശേഷം വിദ്യാർഥികളുടെ വലിയ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി പുറത്തിറങ്ങേണ്ടിവന്നു. കഴിഞ്ഞ ഒക്ടോബർ 15നായിരുന്നു അത്. അതിനുശേഷം യാത്രകൾ പഴയതുപോലെ തുടർന്നു. സർക്കാർ എെൻറ സംരക്ഷണത്തിനായി രണ്ട് പൊലീസുകാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
താങ്കളുടെ വ്യക്തിപരമായ അനുഭവത്തിൽ നിന്ന് ആവിഷ്കാര സ്വാതന്ത്ര്യത്തിെൻറ ഇന്നത്തെ അവസ്ഥയെ എങ്ങനെ വിലയിരുത്തും?
വളരെ അപകടകരമായ സാഹചര്യത്തിലാണ് ആവിഷ്കാര സ്വാതന്ത്ര്യം ഇന്നുള്ളത്. ഗൗരി ലങ്കേഷിെൻറ മരണത്തിനുശേഷമാണ് തെലുഗുദേശം പാർട്ടി എം.പിയുടെ വധഭീഷണി എനിക്കുനേരെയുണ്ടായത്. പൊതുസ്ഥലത്ത് തൂക്കിക്കൊല്ലുമെന്നോ വെടിവെച്ചുകൊല്ലുമെന്നോ ഒക്കെയായിരുന്നു അയാളുടെ ഭീഷണി. നാട്ടിലെ ഏറ്റവും സമ്പന്നരായ ജനവിഭാഗത്തിൽ പെട്ടയാളാണ് ഈ എം.പി. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു? ബി.ജെ.പി അധികാരത്തിലെത്തിയതിനുശേഷം ഇന്ത്യൻ സമ്പദ്വ്യവസ്ഥ കൈയടക്കിവെച്ചിട്ടുള്ള ബ്രാഹ്മണരും ബനിയകളും വിചാരിക്കുന്നത് അവർക്കെതിരെ ആരും ഒന്നും എഴുതരുതെന്നാണ്. അവരുടെ ബിസിനസ് സാമ്രാജ്യങ്ങളിലെ ചൂഷണങ്ങൾക്കെതിരെ ഒന്നും എഴുതുകയോ പറയുകയോ ചെയ്യരുത്. ഇത് ഏറെ അപകടകരമായ ഒരവസ്ഥയാണ്. ഡൽഹിയിൽ അധികാരത്തിലിരിക്കുന്ന സമൂഹവുമായി കൂട്ടുചേർന്ന് മുതലാളിത്ത സമൂഹം മനുഷ്യാവകാശങ്ങളെ ഞെക്കിക്കൊല്ലുകയാണ്. ഒരു പ്രത്യേക സമുദായത്തിലെ ആളുകൾ മാത്രമാണ് ഇതിലുള്ളതെന്ന് ഞാൻ വിചാരിക്കുന്നില്ല, മറിച്ച് ബി.ജെ.പിയാണ് ഇതിന് ഉത്തരവാദി. പാർട്ടിതന്നെയാണ് ഇതിൽ പ്രധാനപങ്കുവഹിക്കുന്നത്. മറ്റുള്ള സംഘടനകളെല്ലാം രണ്ടാമതു മാത്രമാണ് വരുന്നത്. വലതുപക്ഷ രാഷ്ട്രീയമോ സാമ്പത്തിക വ്യവസ്ഥയോ ഒന്നും ഞാനെതിർക്കുന്നില്ല, അവർ സംവാദത്തിനു തയാറാവണമെന്നു മാത്രം. എന്നാൽ അവർ കൊലപാതകത്തിെൻറയും വെറുപ്പിെൻറയും രാഷ്ട്രീയമാണ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതൊരിക്കലും ജനാധിപത്യവ്യവസ്ഥക്ക് ശോഭനമല്ല.
അടുത്തിടെ സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജിമാർ ചീഫ് ജസ്റ്റിസിനെതിരെ രംഗത്തുവന്നിരുന്നു. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഈ സംഭവവികാസത്തെ എങ്ങനെ നോക്കിക്കാണുന്നു? ഇത് ആശാവഹമായി തോന്നുന്നുണ്ടോ?
ജുഡീഷ്യറിയും ഒരുതരത്തിലുള്ള പരിവർത്തനത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണ്. തങ്ങളുടെ തൊഴിൽവിഭജനത്തെയും അവിടത്തെ ഘടനാപരമായ കാര്യങ്ങളെയുംകുറിച്ചാണ് സംവാദം വന്നത്. ഇത്തരത്തിലുള്ള സംവാദം തുടരണമെന്ന പക്ഷക്കാരനാണ് ഞാൻ. ചീഫ് ജസ്റ്റിസാണോ, അതോ മുതിർന്ന നാല് ജഡ്ജിമാരാണോ ശരി എന്നതല്ല വിഷയം. ചില ജഡ്ജിമാർ നല്ല വിധിന്യായങ്ങൾ പുറപ്പെടുവിക്കും, ചിലർ നീതിനിഷേധിക്കുന്നതരത്തിലായിരിക്കാം. എല്ലാവരും എല്ലായ്പോഴും ശരിയാവണമെന്നില്ല, കാരണം ന്യായാധിപന്മാരും മനുഷ്യരാണ്. എന്നാൽ ജുഡീഷ്യറി പൂർണമായും ചോദ്യം ചെയ്യാനാവാത്ത സംവിധാനമൊന്നുമല്ല, അതിനെ ചോദ്യം ചെയ്യേണ്ടതുണ്ട്, ജുഡീഷ്യറിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പൊതുതലത്തിൽ സംവാദം നടക്കേണ്ടതുണ്ട്. ഇനിയും ഒരുപാട് എഴുത്തുകളും ചർച്ചകളും ഇക്കാര്യത്തിൽ ഉയർന്നുവരേണ്ടതുണ്ട്.
ദലിതർക്കും പിന്നാക്കക്കാർക്കും വേണ്ടിയുള്ള താങ്കളുടെ പോരാട്ടം തുടങ്ങിയിട്ട് ഏറെക്കാലമായി. ഈ കാലയളവിൽ എന്തൊക്കെ മാറ്റമാണ് ദർശിച്ചിട്ടുള്ളത്?
1970കളിൽനിന്നും ’80കളിൽനിന്നും ’90കളിൽ നിന്നും ഈ കാലമെത്തിനിൽക്കുമ്പോൾ ഞാൻ കണ്ട പ്രധാന മാറ്റം അധീശ ജാതിക്കാർ തങ്ങളുടെ ആധിപത്യം അധികകാലം നിലനിൽക്കില്ലെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു എന്നതാണ്. ബ്രാഹ്മണശക്തികൾ അംബേദ്കറെപോലും അംഗീകരിക്കാതെ ’80കളിലും ’90കളിലും സർവകലാശാലകളിൽ നിന്ന് ദലിത് പോരാട്ടങ്ങളെ ഇല്ലായ്മ ചെയ്തിരുന്നു. ഇന്ന് അംബേദ്കർ എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഒരു വലിയ ബിംബമായി മാറിയിരിക്കുന്നു. ഇതിലെ ഏറ്റവും അടിസ്ഥാനപരമായ മാറ്റം ഞാൻ ദർശിച്ചത് ഇടത് രാഷ്ട്രീയത്തിലാണ്. അംബേദ്കറിന് ഈ രാജ്യത്തിെൻറ പരിവർത്തനത്തിൽ വലിയ പങ്കുവഹിക്കാനുണ്ടെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് കക്ഷിയായ സി.പി.എം തിരിച്ചറിഞ്ഞിരിക്കുന്നു. യൂറോപ്യൻ സമൂഹത്തിൽ കാൾ മാർക്സ് ചെയ്തതുപോലെ. സോവിയറ്റ് യൂനിയൻ തകർച്ചക്കുശേഷം കമ്യൂണിസത്തിെൻറ ആഗോള ചിന്താഗതിയിൽതന്നെ വലിയ മാറ്റമാണുണ്ടായത്. ചൈന മുതലാളിത്തത്തോട് ധാരണയുണ്ടാക്കിയതും മറ്റു മുതലാളിത്ത രാജ്യങ്ങളെക്കാൾ വേഗത്തിൽ വളർന്നതും നേപ്പാളിൽ കമ്യൂണിസവും മാവോവാദവും തങ്ങളുടെ ആയുധമുപേക്ഷിച്ച് തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്ക് വന്നതുമെല്ലാം വലിയ മാറ്റങ്ങളാണ്. അതുകൊണ്ടാണ് ഇവിടത്തെ കമ്യൂണിസ്റ്റുകൾ ചിന്തിച്ചുതുടങ്ങിയത് അംബേദ്കറുടെ ആശയങ്ങളുടെ പ്രസക്തിയും പിന്നാക്ക വിഭാഗങ്ങളെ ഒപ്പം നിർത്തേണ്ടതിെൻറ ആവശ്യകതയും. സമൂഹത്തെ മന്ദീഭവിപ്പിക്കുന്ന ഒരു ഘടകമായി ജാതിയെ അവർ തിരിച്ചറിഞ്ഞിരിക്കുന്നു. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രവും ദലിത് മുന്നേറ്റവും ഒന്നിക്കുന്നത് ഒരു വലിയ പ്രഭാവംതന്നെ സൃഷ്ടിക്കും.
മോദി അധികാരത്തിലെത്തിയതിനുശേഷം ബി.ജെ.പി അംബേദ്കറിനെ അവരുടെയാളായി പ്രതിഷ്ഠിക്കാൻ ശ്രമിച്ചെങ്കിലും അവരുടെ പ്രത്യയശാസ്ത്രങ്ങളിലൊന്നും അംബേദ്കറിന് ഒരു സ്ഥാനവുമില്ലെന്ന കാര്യം നമുക്ക് അറിയാം. കാരണം ബി.ജെ.പിയിലെ ഉന്നതജാതീയർ ഒരിക്കലും സാമൂഹികനീതി സ്ഥാപിക്കരുതെന്നാഗ്രഹിക്കുന്നവരാണ്. അവരുടെ ആത്മീയ ഗ്രന്ഥങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഹിന്ദുയിസം അസമത്വ മൂല്യങ്ങളിലധിഷ്ഠിതമാണ്. ദൈവം ബ്രാഹ്മണരെ തലയിൽ നിന്നു സൃഷ്ടിച്ചു, ക്ഷത്രിയരെ ചുമലിൽനിന്നും വൈശ്യരെ തുടയിൽനിന്നും ശൂദ്രരെ കാൽചുവട്ടിൽ നിന്നും സൃഷ്ടിച്ചുവെന്നാണ്. നരേന്ദ്ര മോദിയും അമിത് ഷായും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് തുടയിൽനിന്നുമാണ്, ഇന്നവർ രാജ്യം ഭരിക്കുന്നു. ഇക്കാര്യത്തെക്കുറിച്ച് ബി.ജെ.പിയിലെ ബ്രാഹ്മണർപോലും അതൃപ്തരാണ്. പക്ഷേ, അവർക്ക് ഒ.ബി.സിക്കാരുടെ വോട്ട് വേണം. രണ്ടാമത്തെ പ്രധാനമാറ്റം ഞാൻ ശ്രദ്ധിച്ചത് ഒ.ബി.സിക്കാർ വോട്ടുരാഷ്ട്രീയത്തിൽ ഒരു വലിയ പങ്കുവഹിക്കാൻ തുടങ്ങിയിരിക്കുന്നു എന്നതാണ്. ആ പ്രസക്തമായ പങ്കുതന്നെ രാഷ്ട്രീയ സംവാദത്തെ മാറ്റിമറിക്കുമെന്നാണ് ഞാൻ വിചാരിക്കുന്നത്. മഹാത്്മാ ഫുലെക്കൊപ്പം അംബേദ്കറിനെയും പിന്നാക്ക വിഭാഗക്കാർ സ്വീകരിച്ചുതുടങ്ങിയിരിക്കുന്നു. മുമ്പ് അത്രക്കുണ്ടായിരുന്നില്ല. ഒ.ബി.സിക്കാർ ഏകദേശം 52 ശതമാനമുണ്ട്. വലിയൊരു വിഭാഗമാണിത്. ഈ മാറ്റം ഏറെ പ്രധാനമാണ്. അത് 21ാം നൂറ്റാണ്ടിൽ ഏറെ സദൃശ്യവുമാണ്.
ബി.ജെ.പി സർക്കാർ അധികാരത്തിലേറിയിട്ട് മൂന്നരവർഷം കഴിഞ്ഞു. ദലിതർക്കും പിന്നാക്കക്കാർക്കും വേണ്ടിയായിരിക്കും തങ്ങളുെട മുൻഗണന എന്നു പറഞ്ഞാണ് നരേന്ദ്രമോദി ഭരണത്തിലെത്തിയത്. ദലിത്, പിന്നാക്ക പരിവർത്തനത്തിനായി പരിശ്രമിക്കുന്നയാളെന്ന നിലക്ക് വിലയിരുത്തുമ്പോൾ ഈ വാഗ്ദാനം പാലിക്കപ്പെട്ടുവോ, ഉണ്ടെങ്കിൽ എത്രത്തോളം?
ബി.ജെ.പി പ്രത്യേകിച്ച് മോദി അധികാരത്തിലെത്തി കൃത്യം മൂന്നരവർഷത്തിനുശേഷം ഒരു ദലിത് ആക്ടിവിസ്റ്റ് എന്ന നിലക്ക് ഈ രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്. ഒരു പാർട്ടിയെന്ന നിലക്ക് ബി.െജ.പിയിൽ ഐക്യത്തിേൻറതായ ഒന്നുമില്ല. അവരുടെ സാഹിത്യത്തിലൊന്നും മനുഷ്യസമത്വത്തെക്കുറിച്ച് പറയുന്നത് നിങ്ങൾക്ക് കേൾക്കാനാവില്ല. അവരുടെ സംഘടനാരൂപമായ ആർ.എസ്.എസ്, വി.എച്ച്.പി ഒന്നും തുല്യതയിൽ വിശ്വസിക്കുന്നില്ല. മനുഷ്യസമത്വത്തിൽ വിശ്വാസമില്ലാത്ത ഒരു പാർട്ടിക്ക്, ആയിരക്കണക്കിന് ജാതികളാലും തൊട്ടുകൂടായ്മയാലും അസമത്വം സൃഷ്ടിക്കപ്പെട്ട ഒരു സമൂഹത്തിൽ മാറ്റം കൊണ്ടുവരാനാവില്ല. നമ്മൾ ആദിവാസികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. ജാതിവ്യവസ്ഥയെ തൂത്തെറിയേണ്ടതുണ്ട്. ജാതി അസമത്വങ്ങൾ ഇല്ലാതാക്കേണ്ടതുണ്ട്.
മോദി മുൻകൈെയടുത്ത പ്രധാന ചുവടുവെപ്പായ നോട്ടുനിരോധനം നോക്കൂ. ഈ പദ്ധതി തകർത്തത് ആദിവാസികളെയും ദലിതരെയുമാണ്. കാരണം അവർക്കൊന്നും ബാങ്ക് അക്കൗണ്ടുകളില്ല. കൈയിലുണ്ടായിരുന്ന തുച്ഛമായ പണം ബാങ്കിൽ നിക്ഷേപിക്കാനാവാതെ ഒട്ടേെറ ആഴ്ചകളാണ് അവർ അലഞ്ഞത്. ബാങ്കിൽ പണമുള്ളവർക്കാണെങ്കിൽ പിൻവലിക്കാനും നിവൃത്തിയില്ല. അങ്ങനെ നീണ്ടകാലത്തേക്ക് ഇവരെല്ലാം പട്ടിണിയിലായി. നോട്ടുനിരോധനം കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോൾ നാം തിരിച്ചറിയുന്നത് ഈ പണമെല്ലാം ബനിയമാരുടെ വൻകിട വ്യവസായങ്ങളിലേക്ക് ഒഴുകിയെന്നാണ്. രാഷ്ട്രീയത്തിലും വ്യവസായത്തിലും ബനിയമാരുടെ ബാഹുല്യമുണ്ട്. അംബാനി, അദാനി, വേദാന്ത ഇങ്ങനെ ഇന്നത്തെ വ്യവസായിമാരിൽ 78ശതമാനം ആൾക്കാരും ബനിയമാരായിരിക്കും. മോദിയും ഇത്തരം പശ്ചാത്തലത്തിൽനിന്നാണ് വരുന്നത്. ഇന്ത്യൻ സമ്പത്ത് നിയന്ത്രിക്കുന്ന ഒരു വിഭാഗത്തിൽനിന്നുള്ളവരാണ് കേന്ദ്രം ഭരിക്കുന്നവരിൽ ഏറെപേരും. ഇന്ത്യയുടെ 46ശതമാനം വ്യവസായിക സമ്പത്തും ബനിയ എന്ന വിഭാഗം കൈയടക്കിവെച്ചിരിക്കുകയാണ്. 40.6 ശതമാനം ബ്രാഹ്മണരുടെ കൈയിലാണ്.
ലോകമെങ്ങും വ്യവസായങ്ങളുണ്ട്. ഞാൻ പറഞ്ഞുവരുന്നത് വ്യവസായങ്ങൾ ഇല്ലാതാകണം എന്നല്ല. മറിച്ച് അവർക്ക് ജീവകാരുണ്യപരമായി ഈ സമൂഹത്തോട് പലതും ചെയ്യാൻ കഴിയുമെന്നാണ്. മോദി അധികാരത്തിലേറിയ ശേഷം കലർപ്പില്ലാതെ പ്രവർത്തിക്കുന്ന പല എൻ.ജി.ഒകളും തകർക്കപ്പെട്ടു. പാവങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന എൻ.ജി.ഒകൾക്ക് ലഭിച്ചുകൊണ്ടിരുന്ന പണമെല്ലാം തടയപ്പെട്ടു. നിങ്ങൾ അമേരിക്കയിലെ വ്യവസായങ്ങളെ നോക്കൂ. അവയൊക്കെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കുമൊക്കെയായി എത്രയധികം പണം ചെലവഴിക്കുന്നുണ്ടെന്നറിയാമോ? ഇന്ത്യയിലെ വ്യവസായസ്ഥാപനങ്ങളൊന്നും ഇത്തരത്തിൽ മുന്നോട്ടുവരുന്നില്ല. ബിൽഗേറ്റ്സ് ഫൗണ്ടേഷൻ ഉണ്ട്, എന്നാൽ, അംബാനി ഫൗണ്ടേഷൻ ഇല്ല. എൻ.ജി.ഒ സെക്ടറിൽ ഇന്ന് കടുത്തതോതിൽ തൊഴിലില്ലായ്മ അനുഭവപ്പെടുന്നു. ലക്ഷക്കണക്കിനാളുകൾക്ക് ജോലി നഷ്ടപ്പെട്ടിരിക്കുന്നു. ഹിന്ദുത്വ നേതാക്കന്മാരുടെ കീഴിൽ വരുന്ന എൻ.ജി.ഒകൾ മാത്രമാണ് ഇന്ന് പ്രവർത്തിക്കുന്നത്.
ദലിത് വിഭാഗത്തിൽപെട്ട രാഷ്ട്രപതിയെന്ന നിലക്ക് രാംനാഥ് കോവിന്ദിെൻറ പ്രകടനത്തെ എങ്ങനെ വിലയിരുത്തും?
അദ്ദേഹം ഒ.കെയാണ്, അത്രകണ്ട് നെഗറ്റിവ് അല്ല. കോവിന്ദ് ഹിന്ദുത്വ കാർഡ് ഏറെ പുറത്തെടുക്കുന്നയാളല്ല. എന്നാൽ അദ്ദേഹത്തിെൻറ പ്രവർത്തനം കുറെക്കൂടി ഫലപ്രദമാവേണ്ടതുണ്ട്. രാഷ്ട്രപതിക്ക് പശുരാഷ്ട്രീയത്തിനെതിരെ പ്രതിരോധം തീർക്കാം. ചെയ്യാവുന്ന കാര്യങ്ങൾ ഒരുപാടുണ്ട്. ഇനിയും ചെയ്യുമെന്ന് പ്രതീക്ഷിക്കാം.
ഭക്ഷണ സംസ്കാരത്തിെൻറ പേരിൽ രാജ്യത്തെങ്ങും കലാപങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് രാജ്യം ചർച്ച ചെയ്യുന്ന പശുദേശീയതയെക്കുറിച്ച് വർഷങ്ങൾക്കുമുമ്പേ പറഞ്ഞുവെച്ചയാളാണ് താങ്കൾ. ആർ.എസ്.എസുകാർ രാജ്യത്തെങ്ങും നടപ്പാക്കുന്ന വെജിറ്റേറിയനിസത്തെക്കുറിച്ച്?
വെജിറ്റേറിയനിസം നമ്മുടെ നാടിനെ തകർക്കും. ബി.ജെ.പി, ആർ.എസ്.എസ്, വി.എച്ച്.പി യോഗങ്ങളിൽ അവർ െവജിറ്റേറിയൻ ഭക്ഷണം മാത്രമേ വിളമ്പൂ. എല്ലാ ജനവിഭാഗങ്ങളുടെയും എല്ലാ ജാതിക്കാരുടെയും പാർട്ടിയാണെങ്കിൽ നിങ്ങൾ എങ്ങനെയാണ് ബ്രാഹ്മണരുടെ ഭക്ഷണം മാത്രം വിളമ്പുക? നിങ്ങളുടെ പാർട്ടി ഇൻക്ലൂസിവ് ആകണ്ടേ? ഒരു പാർട്ടിയുടെ സംസ്കാരം പ്രകടമാവുന്നത് ആ പാർട്ടിയുടെ ഭക്ഷണസംസ്കാരത്തെകൂടി മാനിച്ചാണ്. ഈ പാർട്ടി രാജ്യത്തെ സസ്യഭക്ഷണ രാജ്യമാക്കുകയാണ്. ഈ രാജ്യം സമ്പൂർണ വെജിറ്റേറിയൻ ആയാൽ ഈ രാജ്യം തകരും. ഒന്നാമത്തേത്, ഭക്ഷണത്തിെൻറ ലഭ്യത കുറയും. ദശലക്ഷക്കണക്കിനാളുകൾ മാംസവിൽപനയുമായി ബന്ധപ്പെട്ട് ഉപജീവനം കഴിക്കുന്നവരുണ്ട്. രണ്ടാമത്തേത്, നമ്മുടെ യുവാക്കളിലെ ഊർജം മുഴുവൻ ഇല്ലാതാവുമെന്നതാണ്. മാംസാഹാരം കഴിക്കാത്തവർ എങ്ങനെയാണ് ഊർജോത്സുകരാവുക. നിങ്ങൾക്ക് വേണമെങ്കിൽ 55 വയസ്സിനുശേഷം മാംസം കഴിക്കുന്നത് കുറക്കാം. എന്നാൽ അതുവരെ ആളുകൾ ബീഫ്, പോർക്ക് തുടങ്ങിയവയെല്ലാം കഴിക്കണം, മതനിയന്ത്രണങ്ങളൊന്നുമില്ലാതെ. പ്രോട്ടീൻ ഗുണത്തെ മുൻനിർത്തിയാണ് ഇതുപറയുന്നത്. ബി.ജെ.പിയുടെ സംസ്കാരം ദേശീയ സംസ്കാരമാണെങ്കിൽ നമ്മളെ കീഴടക്കാൻ പാകിസ്താന് അധികം ബുദ്ധിമുട്ടേണ്ടി വരില്ല. കാരണം, വെജിറ്റേറിയൻ സംസ്കാരം ഇന്ത്യയിൽ മാത്രമേയുള്ളൂ. മികച്ച ഊർജം നൽകുന്ന മാംസാഹാര സംസ്കാരമുള്ളപ്പോൾ പാകിസ്താനികൾ എന്തിന് വെജിറ്റേറിയൻ മാത്രം കഴിക്കണം. മാത്രമല്ല, നിർഭാഗ്യവശാൽ നമ്മുടെ കോൺഗ്രസുൾെപ്പടെയുള്ള, രാജ്യം ഭരിച്ച പാർട്ടികളെല്ലാം പാകിസ്താൻ എന്തുചെയ്യുന്നു, എന്തുചെയ്യുന്നില്ല എന്നാണ് ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്. ഇതെന്തിനാണ്? യഥാർഥത്തിൽ നമ്മുടെ മത്സരം ചൈനയോടായിരിക്കണം. അവരെപ്പോലെ കമ്യൂണിസ്റ്റ് ആവുകയെന്നല്ല ഞാൻ പറയുന്നത്. അവരുടെ ഭക്ഷണരീതികൾ, അവരുടെ വ്യായാമമുറകൾ, അവരുടെ ജീവിതനിലവാരം ഇതൊക്കെയാണ് നാം നോക്കേണ്ടത്. ചൈനയുടെ ഇന്നത്തെ ശരാശരി ആയുർദൈർഘ്യം 75 വയസ്സാണ്. നമ്മുടേത് വെറും 68 മാത്രം. ഇക്കാര്യത്തിൽ കേരളമാണ് മികച്ചത്. ഇവിടത്തേത് 73 ആണ് ശരാശരി. ഗുജറാത്തിൽ വെറും 67 മാത്രം. എന്നിട്ടും എങ്ങനെയാണ് ഗുജറാത്ത് മോഡൽ മികച്ചതാവുക? അവരുടെ വിദ്യാഭ്യാസ നിലവാരം താഴ്ന്നതാണ്. അവരുടെ ഭക്ഷണ സംസ്കാരം സാർവദേശീയമല്ല. ലോകോത്തര നിലവാരമുള്ള ബുദ്ധിജീവികളോ ചിന്തകരോ ഗുജറാത്തിലില്ല. കേരളമാണ് ബുദ്ധിജീവികളെ ഉണ്ടാക്കുന്നത്.
സമ്പൂർണ വെജിറ്റേറിയനിസം എന്തുതന്നെയായാലും ദേശദ്രോഹപരമാണ്. ബ്രാഹ്മണരും ബനിയകളും ജൈനരും ചേർന്ന് ഒരു രാജ്യം രൂപവത്കരിച്ചാൽ ആ രാജ്യം നിലനിൽക്കുമോ? എനിക്കവരോട് പറയാനുള്ളത് ഗുജറാത്തിനെ ഒരു വേറിട്ട രാജ്യമായി കണക്കാക്കി നിങ്ങൾ അവിടെ ജീവിക്കൂ എന്നതാണ്. ഞങ്ങൾ ദലിതരും പിന്നാക്കവിഭാഗക്കാരും ഇന്ത്യയുടെ ബാക്കി ഭാഗങ്ങളിൽ ജീവിച്ചോട്ടെ. മോദി വലിയൊരു പ്രസ്ഥാനമായി വിശേഷിപ്പിക്കുന്ന യോഗ എന്നത് തീർത്തും ദേശവിരുദ്ധമായ ഒരു കാര്യമാണ്. യോഗ ഒരിക്കലും സമ്പൂർണ കായിക വ്യായാമം അനുവദിക്കുന്നില്ല. ക്ഷുദ്രരുടെയും ദലിതരുടെയും ഗോത്രവർഗക്കാരുടെയും ജീവിതകർമങ്ങളാണ് യഥാർഥത്തിൽ പൂർണവ്യായാമം. ഭൂമി കിളക്കുന്നതും കന്നുകാലികളെ പരിപാലിക്കുന്നതുമെല്ലാമാണ് വ്യായാമം. എങ്ങനെയാണ് ഗുരുക്കന്മാരും സന്ന്യാസിമാരും രാജ്യത്തെ പ്രതിനിധാനംെചയ്യുക? എങ്ങനെയാണ് ഒരു മണി ധാന്യംപോലും ഉൽപാദിപ്പിക്കാത്ത ശ്രീ ശ്രീ രവിശങ്കറും രാംദേവും രാജ്യത്തിെൻറ പ്രതിനിധികളാവുന്നത്?
ഗുജറാത്ത് മോഡലിനെയും കേരള മോഡലിനെയും കുറിച്ച് പറഞ്ഞുവല്ലോ. ഇരു മാതൃകകളും താരതമ്യം ചെയ്യുമ്പോൾ എത്തിച്ചേരുന്ന നിഗമനമെന്താണ്?
കേരള മോഡലുമായി ഗുജറാത്ത് മോഡലിനെ താരതമ്യം ചെയ്യാൻപോലുമാവില്ലെന്നാണ് എെൻറ നിരീക്ഷണം. കേരള മോഡലും ഗുജറാത്ത് മോഡലും തമ്മിൽ വലിയ സംഘർഷം നിലനിൽക്കുന്നുണ്ട്. ബഹുവിധ ഭക്ഷണസംസ്കാരവും ഗോപൂജക്കെതിരെയുള്ള പ്രതിരോധവും കേരളത്തെ രാജ്യത്തിനുമുന്നിൽ തന്നെ മാതൃകാപരമാക്കുന്നു. കേരളത്തിലെ വിദ്യാഭ്യാസ നിലവാരം ശ്രദ്ധേയമാണ്. ഇവിടത്തെ ഭക്ഷ്യ സംസ്കാരവും എടുത്തുപറയേണ്ടിയിരിക്കുന്നു. പലവിധ ഭക്ഷണരീതിയാണ് ഇവിടത്തുകാർ പിന്തുടരുന്നത് എന്നതുതന്നെ പ്രധാനം. കേരളത്തിലങ്ങുനിന്നിങ്ങോളമുള്ള റസ്റ്റാറൻറുകളിൽ നിങ്ങൾക്കുവേണ്ട ഭക്ഷണം കിട്ടും. ഇന്ത്യയുടെ ഏറ്റവും പ്രധാന വ്യായാമം യോഗയായിരിക്കണമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാൽ യോഗ ചെയ്ത് ചൈനയോട് യുദ്ധം ചെയ്യാനാവുമോ? ബാബ രാംദേവിനും അമിത് ഷാക്കും നരേന്ദ്ര മോദിക്കും ഹിമാലയത്തിലെ ചൈന അതിർത്തിയിൽ പോയിരുന്ന് യോഗ ചെയ്യാനാവുമോ? പച്ചക്കറി മാത്രം തിന്ന് യോഗ ചെയ്ത് ചൈന അതിർത്തിയിൽ പോയാൽ എല്ലാതരം മാംസങ്ങളും കഴിച്ച് കരാട്ടേയുമായി വരുന്ന ചൈനക്കാരെ തോൽപിക്കാനാവുമോ?
യോഗയും വെജിറ്റേറിയനിസവും ഇന്ത്യയെ കീഴടക്കിയാൽ അടുത്തുതന്നെ ചൈന ഇന്ത്യയെ കൈവശപ്പെടുത്തും. ഇക്കാര്യത്തിലാണ് കേരളം വ്യത്യസ്തമാവുന്നത്. കേരളത്തിലെ ഏതു ഭാഗത്തുപോയാലും ഭക്ഷണത്തിലെ ബഹുസ്വരത അനുഭവിക്കാനാവും. എന്നാൽ ഗുജറാത്തിൽ പോയാൽ നിങ്ങൾക്ക് ദാലും പച്ചക്കറിയുമല്ലാതെ മറ്റൊന്നും കിട്ടില്ല.
ദലിത് മുന്നേറ്റത്തെക്കുറിച്ച് സംസാരിക്കുന്ന അത്രതന്നെ ഊന്നൽ ദലിതർ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുന്നതിനും താങ്കൾ കൽപിക്കുന്നുണ്ട്..?
ഇന്ത്യയിലെ ഇംഗ്ലീഷ് വിരുദ്ധത ദേശവിരുദ്ധതയാണ്. മലയാളത്തിലെ മികച്ച ടി.വി അവതാരകൻപോലും ദേശീയതലത്തിലെത്തുന്നില്ല. നിങ്ങൾ ഇംഗ്ലീഷിലായിരുന്നാലേ ദേശീയതലത്തിലെത്തൂ. ബ്രാഹ്മണരും ബനിയകളും ജൈനരുമെല്ലാം പൂർണമായും ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഞങ്ങൾ ഇംഗ്ലീഷ് പഠിക്കുമ്പോൾ അവർ പറയും, ‘‘അരുത്, അവർ ക്രിസ്ത്യാനികളായിക്കൊണ്ടിരിക്കുകയാണെ’’ന്ന്. ബി.ജെ.പിയിലെ അദ്വാനിയും അരുൺ ജെയ്റ്റ്ലിയുമെല്ലാം ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ചവരാണ്. അവർ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടാനാഗ്രഹിക്കുന്നില്ലെങ്കിൽ എന്തിനാണ് സെൻറ് ജോസഫ്, സെൻറ് തോമസ്, സെൻറ് മേരീസ് പോലുള്ള ഉന്നത സ്കൂളുകളിൽ പഠിക്കാനയക്കുന്നത്. അവർക്കിവിടെ ക്രിസ്ത്യൻ വിദ്യാഭ്യാസം വേണം, എന്നാലതിനൊപ്പം ക്രിസ്ത്യൻ പള്ളികൾ ആക്രമിക്കുകയും വേണം. ഗവൺമെൻറ് സ്കൂളുകളിൽ പൂർണാർഥത്തിൽ ഇംഗ്ലീഷ് മീഡിയം ആക്കേണ്ടതുണ്ട് എന്നാണെെൻറ പക്ഷം. എല്ലാ സ്വകാര്യ സ്കൂളുകളും ദേശസാത്കരിക്കണം. വിദ്യാഭ്യാസം പൊതുമേഖലയിൽ മാത്രമാവണം. ചൈനയിലും അമേരിക്കയിലും യൂറോപ്പിലുമെല്ലാം ഉള്ളതുപോലെ.
അക്കാദമിക് തലത്തിൽ രണ്ട് ഭാഷകൾക്ക് പ്രാധാന്യം നൽകണം. എൽ.കെ.ജി മുതൽ പത്താംക്ലാസ് വരെയുള്ള വിദ്യാഭ്യാസത്തിൽ സിലബസിലെ 50 ശതമാനം ഇംഗ്ലീഷിലും ബാക്കി 50 ശതമാനം പ്രാദേശിക ഭാഷയിലുമായിരിക്കണം. കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള എല്ലാ കുട്ടികളും ഇംഗ്ലീഷ് സംസാരിക്കാൻ പ്രാപ്തരായിരിക്കണം. പൊതു ആവശ്യങ്ങൾക്കായി ഇംഗ്ലീഷും പ്രാദേശിക ആവശ്യങ്ങൾക്കായി പ്രാദേശിക ഭാഷയും ഉപയോഗിക്കാൻ അവരെ പഠിപ്പിക്കണം. ഇതായിരിക്കണം നമ്മൾ ഏറ്റെടുക്കേണ്ട വിദ്യാഭ്യാസ മാതൃക. കേരളവും ഈ മാതൃക പിന്തുടരണമെന്നാണ് ഞാനാഗ്രഹിക്കുന്നത്. ദലിതരുടെ ഫണ്ട് അവരുടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കണം. ഇതാണ് ഞങ്ങളുടെ സമീപനം. ഇക്കാര്യങ്ങളൊക്കെകൊണ്ടാണ് ബി.ജെ.പി ഒരു ദേശീയ പാർട്ടിയല്ലെന്ന് ഞാൻ വ്യക്തമാക്കുന്നത്. അവർക്ക് ദലിതർക്കുവേണ്ടി ഒന്നും ചെയ്യാനില്ല. തങ്ങളുടെ അധ്വാനംകൊണ്ട് ഈ രാജ്യത്തെ നിർമിച്ചവരോടോ അവരുടെ ഭക്ഷ്യസംസ്കാരത്തോടോ ഭക്തി സംസ്കാരത്തോടോ അവരുടെ സാമൂഹിക^സാമ്പത്തിക ജീവിതത്തോടോ ഒന്നും ആ പാർട്ടിക്ക് ബഹുമാനമില്ല. അതുകൊണ്ടാണ് ഞാൻ പ്രതീക്ഷിക്കുന്നത് അടുത്ത പത്ത് വർഷങ്ങൾക്കുള്ളിൽ ബഹുജന ലെഫ്റ്റ് പാർട്ടികളും മതേതര പാർട്ടികളും ഈ രാജ്യത്തെ പരിഷ്കരിക്കുമെന്ന്.
ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനുമപ്പുറം ഇവരുടെ കാര്യത്തിൽ എന്തൊക്കെ ചെയ്യാനാവും?
എനിക്ക് വ്യക്തിപരമായി തോന്നിയ മറ്റൊരുകാര്യം ആദിവാസികളെ കാടുകളിൽനിന്ന് നാടുകളിലേക്കെത്തിക്കേണ്ടതുണ്ട് എന്നാണ്. അവരെ നമ്മൾ ജീവിക്കുന്നിടത്ത് പുനരധിവസിപ്പിക്കേണ്ടതുണ്ട്. ആദിവാസികൾ കാട്ടിൽ ജീവിക്കട്ടെ എന്ന ആശയംവെച്ചുപുലർത്തുന്നയാളല്ല ഞാൻ. അവർ ലോകത്തെ അറിയേണ്ടതുണ്ട്, ഇംഗ്ലീഷ് പഠിക്കേണ്ടതുണ്ട്. ആഗോള-ദേശീയ പൗരന്മാരായി മാറേണ്ടതുണ്ട്. ദലിതർക്കും ഇത്തരത്തിൽ മെച്ചപ്പെട്ട താമസസൗകര്യങ്ങളൊരുക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ എെൻറ സന്ദേശം ‘‘മധ്യവർഗികളെ ദലിത്വത്കരിക്കുക, ദലിതരെ മധ്യവർഗവത്കരിക്കുക’’ എന്നതാണ്. കായികമായി അധ്വാനിക്കുന്നതിന് ദലിതരിൽനിന്ന് പഠിക്കുക, ദലിതർ ഇടത്തരക്കാരായി മാറേണ്ടതുണ്ട്. അന്തർജാതീയ വിവാഹങ്ങളിലൂടെ ഇതിന് സാധിക്കും. എന്നാൽ ഇത്തരം വിവാഹങ്ങൾ പലപ്പോഴും ദുരഭിമാനഹത്യയിലേക്കാണ് നയിക്കപ്പെടുന്നത്. തെലങ്കാനയിൽപോലും എത്രപേരാണ് കൊല്ലപ്പെടുന്നത്. കേരളം ഇതിനൊരപവാദമാണ്. ഇതിലും കേരളം മികച്ച മാതൃകയാണ് കാഴ്ച വെക്കുന്നത്. എന്നാൽ ഇനിയും അന്തർജാതീയ വിവാഹങ്ങൾ നടക്കേണ്ടതുണ്ട്. ജാതി എന്നത് രക്തവുമായി ബന്ധപ്പെട്ടാണുള്ളത്. എന്നാൽ ക്ലാസ്(വർഗം) എന്നത് സാമ്പത്തികമായ, ബാഹ്യമായ ഘടകമാണ്. ജാതി ശരീരത്തിനകത്തും വർഗം ശരീരത്തിനുപുറത്തുമാണുള്ളത്. ഇക്കാര്യത്തിലെല്ലാം കൂടുതൽ കാര്യങ്ങൾ കേരളത്തിനു ചെയ്യാനാവും.
ദലിത് യുവത്വത്തിെൻറ പ്രതീകമെന്ന നിലക്ക് ജിഗ്നേഷ് മേവാനിയുടെ ഉദയവും പുതിയ രാഷ്ട്രീയ സംഭവവികാസങ്ങളും എത്രത്തോളം പ്രതീക്ഷാവഹമാണ്?
ജിഗ്നേഷ് വളരെ പോസിറ്റിവ് ആയ മുന്നേറ്റത്തിനാണ് തുടക്കമിട്ടത്. മുൻകാലത്ത് ദലിതർ ഏറെ കഷ്ടപ്പെടുന്നവരായിരുന്നു, ഇന്നു കഷ്ടപ്പെടുന്നതിനെക്കാളേറെ. അവരിൽ പലരും മാവോവാദി പ്രസ്ഥാനങ്ങളിൽ ചേർന്നു. എന്നാൽ അംബേദ്കറിനും കാൻഷിറാമിനും ശേഷം ഒരു ജനാധിപത്യ പോരാട്ടം നടത്താൻ ജിഗ്നേഷിനു കഴിഞ്ഞിട്ടുണ്ട്. പുതിയ രാഷ്ട്രീയ പടയൊരുക്കത്തിനാണ് അദ്ദേഹം തുടക്കമിട്ടത്. ജിഗ്നേഷും ആഗ്രഹിക്കുന്നത് ദലിതരും ഇടതുപക്ഷവും ഒരുമിച്ച് വരണമെന്നാണ്. ഉന പ്രക്ഷോഭമെന്ന പോരാട്ടത്തിലൂടെ ദലിതർക്കിടയിൽനിന്ന് ഒരു പോരാളി ഉയർന്നുവരുന്നതും മുഖ്യധാരാ രാഷ്ട്രീയത്തിൽ തേൻറതായ ഇടം കണ്ടെത്തുന്നതും ആധുനിക സാഹചര്യത്തിൽ വളരെ പ്രസക്തമാണ്. അതും ഗുജറാത്ത്പോലുള്ള അപകടം പിടിച്ച, ബി.ജെ.പിയുടെ സ്വന്തം സംസ്ഥാനത്ത് തെരഞ്ഞെടുപ്പിൽ ജയിക്കുക എന്നതും ചെറിയ കാര്യമല്ല. അവിടെ ജിഗ്നേഷ് മേവാനിയുടെ വിജയം ഒരു വലിയ മാറ്റത്തിെൻറ അടയാളമാണ്.
ഒരു വിപ്ലവ പ്രവർത്തനമായാണല്ലോ പേരിൽ ഷെപ്പേഡ് എന്ന വാൽ ചേർത്തത്. സവർണരായ പലരെയും പൊള്ളിക്കുന്ന ഒന്നായിരുന്നു ആ മാറ്റം. അതേക്കുറിച്ച്?
ശർമ, ശാസ്ത്രി, റെഡ്ഢി എന്നൊന്നും പറയുന്നതുപോലെയല്ല ഷെപ്പേഡ് എന്ന സർനെയിം. ഇത് ഒരേസമയം പ്രാദേശികവും ആഗോളവുമാണ്. മാതാപിതാക്കളുടെ ജോലിയെ ഇംഗ്ലീഷ്വത്കരിച്ച് ഞാനെെൻറ പേരിനോട് ചേർക്കുന്നത് മഹത്തരമല്ലേ. ഭൂമി കിളക്കുന്നവർക്ക് അവരുടേതായ ഒരു സർനെയിം വേണം. മൺകലനിർമാണതൊഴിലാളിക്കും മത്സ്യത്തൊഴിലാളിക്കും അലക്കുകാരനും ചെരുപ്പുണ്ടാക്കുന്നയാൾക്കുമെല്ലാം ഇത്തരത്തിൽ പേരുവാലു വേണം.
ഏറെക്കാലമായി താങ്കളുൾപ്പെടുന്ന ദലിത് സാമൂഹികപരിഷ്കർത്താക്കൾ ആവശ്യപ്പെടുന്ന കാര്യമാണ് സ്വകാര്യ മേഖലയിെല സംവരണം. ഈ ആവശ്യം പരിഗണിക്കപ്പെടുന്നില്ല..?
കേരളത്തിൽ ദലിതരെ പുരോഹിതരായി നിയമിച്ചതിൽ ഞാൻ ഇവിടത്തെ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കുന്നു, ഈ മാതൃക ദേശീയതലത്തിൽ പിന്തുടരേണ്ടതുണ്ട്. ബി.ജെ.പി ഒരിക്കലും തുല്യതയിൽ വിശ്വസിക്കുന്നില്ല. ഒ.ബി.സിക്കാരും ദലിതരും അമ്പലങ്ങളിൽ പൂജാരികളാവുന്നതിനുവേണ്ടി എന്തുകൊണ്ടാണ് ബി.ജെ.പി സംസാരിക്കാത്തത്? അവർക്ക് മുസ്ലിംകളുടെ തുല്യതയാണ് പ്രധാനം. മുത്തലാഖ് പോലുള്ള വിഷയങ്ങളുമായി മുസ്ലിം സ്ത്രീകളുടെ കാര്യത്തിലിടപെടുന്ന അവർ എന്തുകൊണ്ടാണ് ഹിന്ദുസ്ത്രീകളുടെ തുല്യതയിൽ താൽപര്യം കാണിക്കാത്തത്? അവരുടെ കാര്യത്തിൽ പരിഷ്കരണം ഒന്നും വേണ്ടെ? ഇതിനുകാരണം അവർ തുല്യതയിൽ വിശ്വസിക്കാത്തതാണ്. സ്ത്രീകൾ പുരുഷരോട് തുല്യരാവാൻ പാടില്ല, ഒ.ബി.സിക്കാർ ഉയർന്നവരോട് തുല്യരാവാൻ പാടില്ല. നരേന്ദ്ര മോദി പറയുന്നു അദ്ദേഹം ഒരു ഒ.ബി.സി ആണെന്ന്. 2013 സെപ്റ്റംബറിൽ അയ്യങ്കാളിയുടെ ജന്മദിനത്തിൽ ഇവിടെവന്നാണ് മോദി പറഞ്ഞത് താൻ ജയിച്ചാൽ അടുത്ത പത്തുവർഷത്തേക്ക് താനായിരിക്കും അധികാരത്തിലെന്ന്. അത് ദലിതരുടെയും ഒ.ബി.സികളുടെയും ദശകം ആയിരിക്കുമെന്നും മോദി പറഞ്ഞു. എന്നാൽ എന്താണ് മോദി ചെയ്തത്. എല്ലാ ബാങ്കുകളും അംബാനിക്കും അദാനിക്കുമായി മാറ്റിക്കൊടുത്തു. ബി.ജെ.പി അധികാരത്തിലെത്തിയശേഷം ഗവ. തലത്തിൽ 40 ശതമാനം ജോലികളാണ് ഇല്ലാതായത്, മൂന്നരവർഷത്തിനുശേഷം. 60 ശതമാനം ജോലികൾ സ്വകാര്യമേഖലയിൽ തുറന്നുകൊടുത്തിരിക്കുന്നു. അവിടങ്ങളിൽ ജോലി കിട്ടുന്നത് അവരുടെ ജാതിയിൽപെട്ടവർക്കുമാത്രമാണ്. അതിനൊരു ആഭ്യന്തര ബന്ധമുണ്ട്. മോദി യഥാർഥത്തിൽ ഒ.ബി.സി^ദലിത് അനുഭാവിയാണെങ്കിൽ സ്വകാര്യമേഖലയിൽ ഞങ്ങൾക്ക് സംവരണം നൽകാനുള്ള നിയമം കൊണ്ടുവരണം. അംബാനിയുടെയും അദാനിയുടെയും കമ്പനിയിൽ 50 ശതമാനം സംവരണം നടപ്പാക്കണം. കോൺഗ്രസ് 2006ൽ അതിനുവേണ്ടി ശ്രമിച്ചു. അതിനുശേഷമാണ് വ്യവസായം ബി.ജെ.പിയുടെ ഒപ്പം ചേർന്നതും കോൺഗ്രസിനെ എതിർത്തതും. അന്നത്തെ യോഗത്തിൽ പങ്കെടുത്തവരിൽ ഒരാളായിരുന്നു ഞാൻ.
പട്ടികജാതിക്കാരും പട്ടികവർഗക്കാരും ഈ നാടിെൻറ ഭാഗമാണ്, അവർ കൂടിയാണ് ഈ നാടിെൻറ വികസനത്തിനുപിന്നിലുള്ളത്. പിന്നാക്കവിഭാഗക്കാരെ പ്രതിനിധാനംചെയ്യുന്നയാളെന്ന നിലക്ക് എനിക്ക് പറയാനുള്ളത് 50 ശതമാനം സംവരണം ഏർപ്പെടുത്തണം എന്നാണ്. ദലിതർക്കും ആദിവാസികൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും സ്വകാര്യ മേഖലയിൽ ജോലി നൽകിയില്ലെങ്കിൽ സ്വകാര്യമേഖല ഒന്നാകെ തകർന്നുപോവുമെന്നാണ് എനിക്ക് പറയാനുള്ളത്.
നിങ്ങളുടെ മാളുകളെല്ലാം വെറും ഷോ പീസുകൾ മാത്രമായിത്തീരും. വെറും മൂന്ന് ശതമാനം ആയിട്ടുള്ളവർക്ക് ഉൽപന്നങ്ങളെല്ലാം വാങ്ങാനാവുമോ? അങ്ങനെ വ്യവസായ വികസനം നിന്നുപോവും. ഇന്നത്തെ ഇന്ത്യൻ വ്യവസായിക മേഖല ദേശവിരുദ്ധമാണ്. കാരണം, അവർ മെറിറ്റിെൻറ പേരുപറഞ്ഞ് എസ്.സി, എസ്.ടിക്കാരെയോ ഒ.ബി.സിക്കാരെയോ ജോലിക്കു നിയമിക്കുന്നില്ല. അവർ പറഞ്ഞുകൊണ്ടിരിക്കുന്ന മെറിറ്റ് ബിസിനസ് എന്താണ്?
ഒരിക്കൽ ഞാൻ അർണബ് ഗോസ്വാമിയോടു പറഞ്ഞു നിങ്ങളുടെ ഇംഗ്ലീഷ് അല്ലാതെ നിങ്ങൾക്ക് മെറിറ്റ് ആയി മറ്റൊന്നുമില്ല. നിങ്ങൾ ഒരിക്കലെങ്കിലും ഭൂമി കിളച്ചിട്ടുണ്ടോ, ഒരു മൺകലമെങ്കിലും നിർമിച്ചിട്ടുണ്ടോ? നിങ്ങളുടെ വ്യവസായിക മെറിറ്റ് എന്താണ്? ഉന്നതജാതിക്കാർ നയിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ വ്യവസായിക രംഗത്തിന് ചൈനീസ് വ്യവസായിക മേഖലയുടെ പത്തിലൊന്ന് ശതമാനം പോലും മത്സരശേഷിയില്ല. ദലിതരും താഴ്ന്ന ജാതിക്കാരുമില്ലാതെ എങ്ങനെയാണ് ഒരു വ്യവസായിക മേഖല കാര്യപ്രാപ്തമാവുന്നത്? ഞങ്ങൾ വ്യവസായ രംഗത്തേക്കെത്തിയാൽ ചൈനയുടെ പ്രതിഭയുമായി മത്സരിക്കാൻ കഴിയുമെന്ന് എനിക്കു പറയാനാവും. കാരണം, ചരിത്രപരമായി ഈ ശേഷി ആർജിച്ചവരാണ് ഞങ്ങൾ. ചുരുക്കിപ്പറഞ്ഞാൽ താഴ്ന്ന ജാതിക്കാർക്ക് അവസരം കൊടുക്കാത്ത ഇന്ത്യൻ വ്യവസായിക രംഗം ദേശവിരുദ്ധമാണ് എന്നേ എനിക്ക് പറയാനുള്ളൂ. എന്നാൽ ഇതിനു പകരം ഞങ്ങൾ എന്നെന്നും അതിർത്തി കാക്കേണ്ടവരായി മാറുകയാണ്. ആര്യ^വൈശ്യ സംവാദത്തിൽ അവർ പറഞ്ഞത് ഞങ്ങൾ യുദ്ധം ചെയ്യാൻ പോവില്ലെന്നാണ്.
അതിർത്തിയിലുള്ളവരെല്ലാം സാധാരണ താഴ്ന്ന ജാതിക്കാരാണ്. അവരുടെ മക്കൾക്കൊന്നും സംവരണത്തിൽ ജോലികിട്ടുന്നില്ല. ഐ.എ.എസ് ഓഫിസർമാരുടെയും ഐ.പി.എസ് ഓഫിസർമാരുടെയും സഹോദരങ്ങൾക്ക് ഉന്നത കമ്പനികളിൽ ഉന്നത ജോലികൾ കിട്ടുമ്പോൾ സാധാരണക്കാരായ പട്ടാളക്കാരുടെ മക്കൾക്ക് ഇതെല്ലാം നിഷേധിക്കപ്പെടുന്നു. സാധാരണ പൊലീസുകാരും ഞങ്ങളുടെ രക്തമാണ്. ഈ രാജ്യത്തെ കെട്ടിപ്പടുക്കുന്ന പട്ടികജാതി, പട്ടികവർഗ, പിന്നാക്കവിഭാഗക്കാരെ ബഹുമാനിക്കാത്ത വ്യവസായിക മേഖല തീർത്തും ദേശവിരുദ്ധമാണ്. എസ്.സി, എസ്.ടി, ഒ.ബി.സിക്കാരെ പഠനത്തിനനുവദിക്കാത്ത സർവകലാശാലകളും ദേശവിരുദ്ധമായി പ്രഖ്യാപിക്കേണ്ടതുണ്ട്. അവിടെ ഉന്നതസ്ഥാനങ്ങളിലിരിക്കുന്ന ആളുകളൊന്നും ഞങ്ങളിലാരെയും തിരഞ്ഞെടുക്കില്ല, ഞങ്ങളിൽപെട്ടവർ എത്രയധികം പ്രതിഭകളാണെങ്കിൽപോലും.
അംബേദ്കറിസവും കമ്യൂണിസവും തമ്മിൽ ഒരുമിച്ചു പ്രവർത്തിക്കേണ്ടതിെൻറ ആവശ്യകത താങ്കൾ മുമ്പ് വ്യക്തമാക്കി. ഇതിെൻറ അടിസ്ഥാനത്തിലാണല്ലോ തെലങ്കാനയിലെ പുതിയ രാഷ്ട്രീയ പരീക്ഷണങ്ങൾ നടക്കുന്നത്..?
അംബേദ്കറിസവും കമ്യൂണിസവും തമ്മിൽ സമാനതകൾ ഒരുപാടുണ്ട്. അംബേദ്കർ ജാതി ഇല്ലാതാക്കാൻ ശ്രമിച്ചപ്പോൾ മാർക്സ് ശ്രമിച്ചത് വർഗവ്യവസ്ഥ ഇല്ലാതാക്കാനാണ്. ജാതി എല്ലാവരുടെയും രക്തത്തിലാണെങ്കിൽ വർഗം ശരീരത്തിനുപുറത്താണ്. വർഗവ്യവസ്ഥ ഇല്ലാതാക്കാനാവുമെങ്കിൽ ജാതിവ്യവസ്ഥ പെട്ടെന്ന് തുടച്ചുനീക്കാൻ കഴിയില്ല. അതുകൊണ്ടാണ് അംബേദ്കർ ഇന്ന് കൂടുതൽ പ്രസക്തനാവുന്നത്. അംബേദ്കറും മാർക്സും ഒരു പ്ലാറ്റ്ഫോമിൽ വരേണ്ടവരാണ്. തെലങ്കാനയിൽ ഇടതുപക്ഷത്തോടൊപ്പം ചേർന്ന് ഞങ്ങളിത് പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. തെലങ്കാന മാസ്(ടി.മാസ്) എന്ന പാർട്ടിയുടെ ഭാഗമാണ് ഞാൻ. അതിലൊരു മുഖ്യസ്ഥാനം വഹിക്കുന്നു. സാമൂഹികവും സാമ്പത്തികവും ഒരു പരിഷ്കരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രാഷ്ട്രീയപരമായ, തെരഞ്ഞെടുപ്പിലൂടെ പ്രവർത്തനം കാഴ്ചവെക്കുന്ന ഒരു മുന്നേറ്റമല്ല. എന്നാൽ ജനുവരി 25ന് സി.പി.എം നേതൃത്വത്തിൽ ആദ്യമായി ഒരു മുന്നേറ്റമുണ്ടായി. ബഹുജൻ െലഫ്റ്റ് ഫ്രണ്ട്(ബി.എൽ.എഫ്) എന്നാണ് ഈ മുന്നേറ്റത്തിെൻറ പേര്. ഇന്ത്യയിലുടനീളം സി.പി.എം, സി.പി.ഐ, ഫോർവേഡ് ബ്ലോക്ക്, മറ്റു സോഷ്യലിസ്റ്റ് പാർട്ടികളുൾെപ്പടെയുള്ള ഇടത് പാർട്ടികളുണ്ട്. എന്നാൽ ഫുലെ-അംബേദ്കർ-മാർക്സ് സഖ്യം ഇതുവരെയില്ല. ഇൗ പരീക്ഷണമാണ് തെലങ്കാനയിൽ ആരംഭിച്ചത്. സമ്മേളനത്തോട് അനുബന്ധിച്ച് തെലങ്കാനയിലെല്ലാം ഫുലെ, അംബേദ്കർ, കാൾ മാർക്സ് കട്ടൗട്ടുകൾ നിറഞ്ഞു. ഇതൊരു മാതൃകയാവും. അവർ തെരഞ്ഞെടുപ്പിൽ മത്സരിക്കും, ഒപ്പമുള്ളവർ പിന്തുണക്കും. സി.പി.എമ്മിെൻറ നിലവിലെ ദേശീയ സ്ഥിതിയെ കണക്കിലെടുക്കാത്ത ഒരു പ്രവർത്തനമായിരിക്കും അത്. നിലവിലെ രാഷ്ട്രീയാവസ്ഥയിൽ ഒരു മൂന്നാം ബദലായിട്ടായിരിക്കും ദലിത് ബഹുജൻ പാർട്ടി പ്രവർത്തിക്കുക; കോൺഗ്രസുമായി ചേർന്നിട്ടല്ല. ഈ മുന്നേറ്റം ഇടത് ബഹുജന ഐക്യത്തിന് ഒരു മാതൃകയായിരിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ടി.മാസ്-ലാൽ നീൽ യൂനിറ്റി സിന്ദാബാദ് എന്നാണ് അതിെൻറ മുദ്രാവാക്യം. തെലങ്കാന മാസ് പ്രവർത്തനം തുടങ്ങി ആറുമാസത്തിനകം ഓരോ ജില്ലയിലും ജനകീയമായ പോരാട്ടങ്ങളും മുന്നേറ്റങ്ങളും നടന്നുവരുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. താരതമ്യേന പുതിയ സംസ്ഥാനമായ തെലങ്കാനയിൽ എസ്.സി, എസ്.ടി, ഒ.ബി.സി ജനസംഖ്യ കൂടുതലാണ്-92 ശതമാനം. സി.പി.എം നേതൃത്വത്തിൽ തുടങ്ങിയ ഈ മുന്നേറ്റത്തിൽ പല പിന്നാക്ക പാർട്ടികളും ബഹുജന പാർട്ടികളും മുസ്ലിം പാർട്ടികളും ഉൾച്ചേരുന്നു. ഈ കൂട്ടായ്മ ഒരു റാഡിക്കൽ ആയ മാറ്റം കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. അംബേദ്കറിനെ ഒരർഥത്തിൽ ബി.ജെ.പി.യും മറ്റൊരർഥത്തിൽ കോൺഗ്രസും കൂട്ടുപിടിക്കുന്നുണ്ടെങ്കിലും ഇടതുപക്ഷം മാർക്സിസവുമായി സംയോജിപ്പിച്ചുള്ള അംബേദ്കറിസത്തിെൻറ ഉദ്ഗ്രഥനത്തിെൻറ ശക്തിയും ഫലപ്രാപ്തിയും വേറിട്ടതാണ്. കേരള മാതൃക ഇന്ത്യയൊട്ടാകെ പിന്തുടരേണ്ടതിെൻറ ആവശ്യകത വ്യക്തമാക്കുന്നതിനായി ടി.മാസ് ഒരു പ്രചാരണ കാമ്പയിനും നടത്തുന്നതായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.